Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര്‍ 30

3270

റബീഉല്‍ അവ്വല്‍ 04

എം. സാദുല്ല

പി.കെ അബ്ദുര്‍റഹ്മാന്‍, വിരാജ്പേട്ട

മംഗലാപുരത്തെ മുതിര്‍ന്ന ജമാഅത്ത് അംഗവും സന്മാര്‍ഗ കന്നഡ വാരികയുടെ പ്രസാധകനും ഗ്രന്ഥകര്‍ത്താവുമായ എം. സാദുല്ല സാഹിബി(76)ന്റെ വിയോഗം മേഖലയിലെ പ്രസ്ഥാനത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിന് കനത്ത നഷ്ടമാണ്. കഴിഞ്ഞ ആഗസ്റ്റ് 22-നായിരുന്നു വിയോഗം.
ഇസ്സുദ്ദീന്‍ മൗലവിയും കെ. മൊയ്തു മൗലവിയുമൊക്കെ ദക്ഷിണ കന്നഡ ജില്ലയില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വിത്തു പാകിക്കൊണ്ടിരുന്ന കാലത്തു തന്നെ സാദുല്ല സാഹിബ് പ്രസ്ഥാനത്തെ പരിചയപ്പെട്ടിരുന്നു. 1972-73 കാലങ്ങളില്‍ മര്‍ഹൂം സയ്യിദ് യൂസുഫ് സാഹിബ് മുഖേനയാണ് പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. 1976-ല്‍ ജമാഅത്ത് അംഗത്വം നേടി. കന്നഡ ഭാഷയില്‍ പ്രസ്ഥാന ജിഹ്വയായ സന്മാര്‍ഗ വാരിക 1978-ല്‍ തുടങ്ങിയപ്പോള്‍ മുതല്‍ മരണം വരെ അതിന്റെ പ്രസാധകനായിരുന്നു. ഇബ്‌റാഹീം സഈദ് സാഹിബുമായി ചേര്‍ന്ന് 1988-ല്‍ ഇസ്‌ലാമിക പ്രസിദ്ധീകരണാലയമായ ശാന്തിപ്രകാശനക്ക് തുടക്കം കുറിച്ചു. 25 വര്‍ഷക്കാലം ജമാഅത്ത് ഗ്രന്ഥ രചനാ വിഭാഗത്തിന്റെ ഉത്തരവാദിത്വവും ശാന്തിപ്രകാശനയുടെ സെക്രട്ടറി സ്ഥാനവും വഹിച്ചു. ഈ കാലയളവില്‍ ലോക പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്‍, ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയടക്കം മുപ്പതിലധികം ഗ്രന്ഥങ്ങള്‍ ഉര്‍ദുവില്‍ നിന്ന് കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തു.
പത്തോളം ഗ്രന്ഥങ്ങള്‍ സ്വന്തമായി രചിച്ചിട്ടുണ്ട്. നിരവധി ഐ.പി.എച്ച് സാഹിത്യങ്ങളും കന്നഡയിലേക്ക് തര്‍ജമ ചെയ്തു. മുസ്ലിം എഴുത്തുകാരുടെ കൂട്ടായ്മയായ മുസ്ലിം ലേഖകര സംഘത്തിന്റെ തുടക്കക്കാരില്‍ ഒരാളായി. സംഘത്തിന്റെ ട്രഷററായി 25 വര്‍ഷം സേവനമനുഷ്ഠിച്ചു. മംഗളൂരുവിലെ എ.ആര്‍.കെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുദ്രോളിയിലെ അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ്യ എന്നിവയുടെ ചെയര്‍മാനുമായിരുന്നു.
മംഗളൂരുവിലെ ഹിദായത്ത് സെന്ററിലുള്ള ജമാഅത്തിന്റെയും സന്മാര്‍ഗയുടെയും ഓഫീസ് ജോലികളും സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്തിരുന്ന സാദുല്ലാ സാഹിബിന്റെ ഓഫീസ് നിര്‍വഹണം മര്‍ഹൂം അബ്ദുല്‍ അഹദ് തങ്ങളെ ഓര്‍മിപ്പിക്കും വിധമായിരുന്നു(ഇരുവരുടെയും സേവനങ്ങള്‍ അല്ലാഹു പ്രതിഫലാര്‍ഹമാക്കി കൊടുക്കട്ടെ- ആമീന്‍)
പേരിനെ അന്വര്‍ഥമാക്കുമാറ് തികച്ചും സാത്വികമായിരുന്നു സാദുല്ലാ സാഹിബിന്റെ ജീവിതവും. ലളിത ജീവിതത്തിനും വിനയത്തിനും ജമാഅത്ത് വൃത്തത്തില്‍ തന്നെ അദ്ദേഹം മുന്നിലായിരുന്നു. സുഹ്‌റയാണ് ഭാര്യ. എസ്.ഐ.ഒ. മുന്‍ അഖിലേന്ത്യാ സെക്രട്ടറി എം. ഷൗക്കത്തലി, ജമാഅത്ത് വനിതാ വിഭാഗം മുന്‍ സംസ്ഥാന ഉപാധ്യക്ഷ ഷമീറാ ജഹാന്‍, ഫോര്‍വേര്‍ഡ് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ മറിയം ഷഹീറ എന്നിവരെ കൂടാതെ ഷാഹിദ് റഹ്മാന്‍, സുജാദ് അഹ്മദ്, ഷഫീഉ റഹ്മാന്‍ എന്നിവര്‍ മക്കളാണ്. ജമാഅത്ത് ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് ജാമാതാവാണ.്

 

ടി.എം മക്കാര്‍

മൂവാറ്റുപുഴയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യകാലം മുതലുള്ള സഹകാരിയായിരുന്നു ടി.എം മക്കാര്‍ (90). 'മണിയന്‍ മക്കാര്‍' എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രദേശത്തെ ക്രൈസ്തവ പുരോഹിതന്‍ 'മണി' എന്നാണ് വിളിച്ചിരുന്നത്. ബീഡി തെറുപ്പിന് ശേഷം ടാക്‌സി ഡ്രൈവറായി ജീവിതം ആരംഭിച്ചു. നിര്‍മലാ കോളേജ്, കോതമംഗലം അരമന തുടങ്ങിയ ക്രിസ്തീയ സ്ഥാപനങ്ങളിലെ ടാക്‌സി ഓട്ടം കൂടുതലും 'മണി'ക്കായിരുന്നു. ഈ അര്‍ഥത്തില്‍ പ്രിന്‍സിപ്പല്‍മാര്‍, പുരോഹിതന്മാര്‍ എന്നിവരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു.
കേരളാ കോണ്‍ഗ്രസ് രൂപവത്കരണ ഘട്ടത്തില്‍ സ്ഥാപക ചെയര്‍മാനായിരുന്ന കെ.എം ജോര്‍ജ്, പി.ജെ ജോസഫ് എന്നിവരുടെ കുടുംബങ്ങളുമായി നല്ല ബന്ധത്തിലായിരുന്നു. പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. പഴയ സൗഹൃദങ്ങള്‍ നിലനിര്‍ത്തി. മൂവാറ്റുപുഴയിലെ ആദ്യകാല പ്രസ്ഥാന പ്രവര്‍ത്തകരായ പൈനായില്‍ മുഹമ്മദ് സാഹിബ്, കെ. അബ്ദുസ്സലാം മൗലവി, പൈനായില്‍ യൂസുഫ് സാഹിബ്, ഷംസുദ്ദീന്‍ മൗലവി, എം.ഐ.ഇ ട്രസ്റ്റ് ഭാരവാഹികളായ ടി.എച്ച് ഇബ്‌റാഹീം കരീം, കെ.കെ അലിക്കുഞ്ഞ്, മാലിക് സാര്‍ തുടങ്ങിയവരുമായി നല്ല ബന്ധത്തിലായിരുന്നു. പ്രസ്ഥാന ഘടനയില്‍ ഇല്ലാതിരുന്നപ്പോഴും പൊതുപരിപാടികളില്‍ നന്നായി സഹകരിച്ചു. ഒരിക്കല്‍ കിഴക്കേക്കരയില്‍ കെ. അബ്ദുസ്സലാം മൗലവി പ്രസംഗിക്കാന്‍ വന്നപ്പോള്‍ ചിലര്‍ തടസ്സം നിന്നു. ഉടനെ മണിയന്‍ മക്കാര്‍ ഇടപെടുകയും, അബ്ദുസ്സലാം മൗലവി ഇവിടെ പ്രസംഗിച്ചേ പോകൂ എന്ന് ഉച്ചത്തില്‍ പറയുകയും തടയാന്‍ ശ്രമിച്ചവര്‍ പിരിഞ്ഞുപോവുകയും ചെയ്തു. 1975 മുതല്‍ പ്രബോധനം വരിക്കാരനായിരുന്നു. കിഴക്കേക്കര മങ്ങാട്ട് മഹല്ല് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എം.പിമാര്‍, എം.എല്‍.എമാര്‍, പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. 4 പെണ്‍മക്കളും ഒരു മകനുമുണ്ട്.


വി.എം മുഹമ്മദ്


പി.പി മുഹമ്മദ്  കോയ

കോഴിക്കോട് ജില്ലയില്‍ മൂഴിക്കല്‍ ഘടകത്തിലെ  സജീവ പ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ ആഗസ്റ്റ് 12-ന് വിടവാങ്ങിയ പി.പി മുഹമ്മദ് കോയ. കുടുംബത്തിനു മാത്രമല്ല നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു.
സ്‌നേഹം, കരുണ, ദയ, വിനയം, അനുകമ്പ തുടങ്ങിയ  ഗുണവിശേഷങ്ങള്‍ ഒത്തിണങ്ങിയ വ്യക്തിത്വം. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പെരുമാറ്റം ഹൃദ്യവും സൗമ്യവുമായിരിക്കും.  പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ മനസ്സിനെ അലട്ടിയിരുന്നുവെങ്കിലും പുഞ്ചിരിച്ച് സലാം പറഞ്ഞു കൊണ്ട് വീട്ടിലേക്ക് കയറി വരികയെന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്ന് ഭാര്യ ഓര്‍ക്കുന്നു.
ഒരു വെള്ളിയാഴ്ച കോഴിക്കോട് നഗരത്തിനടുത്ത് മലയാളത്തില്‍ ഖുത്വ്ബ നടത്തപ്പെടുന്ന പള്ളിയില്‍ അദ്ദേഹമെത്തി. ഖത്വീബ് എത്താന്‍ വൈകിയപ്പോള്‍ ആരെങ്കിലും ഖുത്വ്ബ നിര്‍വഹിക്കാന്‍ മുന്നോട്ടു വരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. അതു കേട്ട് സ്വഫ്ഫില്‍ നിന്ന് എഴുന്നേറ്റ് വന്ന് അദ്ദേഹം ഖുത്വ്ബ നിര്‍വഹിച്ചു. അതിന് മുമ്പോ ശേഷമോ അദ്ദേഹം ഖുത്വ്ബ നടത്തിയതായി അറിവില്ല. അവസാന കാലത്ത് ശാരീരികമായി ചെറിയ പ്രയാസം അനുഭവപ്പെടുന്ന ഘട്ടത്തില്‍ കുടുംബങ്ങളോടൊപ്പം ഒരു കല്യാണത്തില്‍ പങ്കെടുത്ത് മടങ്ങി വരാന്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ എത്തിയപ്പോള്‍ ഒരു അന്ധന്‍ മറ്റൊരു ലക്ഷ്യസ്ഥാനത്തേക്ക് വഴി ചോദിച്ചു. കുടുംബക്കാരെ ബസ്സ്റ്റാന്റില്‍ നിര്‍ത്തി ആ മനുഷ്യനെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു കൊടുത്ത ശേഷം അദ്ദേഹം തിരിച്ച് സ്റ്റാന്റിലെത്തുകയായിരുന്നു. തന്റെ അവശതകള്‍ മറന്ന് മറ്റുള്ളവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങും. കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരനായി സേവനമനുഷ്ഠിക്കുന്നതിനിടയില്‍ കുവൈത്തില്‍ പ്രവാസ ജീവിതവും നയിച്ചു. അന്ന് അവിടുത്തേയും സജീവ പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: സുലൈഖ. മക്കള്‍: സബീറ, യാസിര്‍, നിസാറ, ജസീറ.
അശ്‌റഫ് വി. മൂഴിക്കല്‍


കുന്നക്കാട്ട് 
ബീരാന്‍ കുട്ടി

പുത്തനത്താണി ഏരിയയിലെ കന്മനം പ്രാദേശിക ജമാഅത്തിലെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു കുന്നക്കാട്ട് ബീരാന്‍ കുട്ടി (84). വളവന്നൂരിലെ കോയക്കുട്ടി മൗലവി, കന്മനം വി. മമ്മി (അബ്ദുല്‍ മുഹൈമിന്‍) എന്നിവരുമായുള്ള വ്യക്തിബന്ധത്തിലൂടെയാണ് ബീരാന്‍ കുട്ടി സാഹിബ് ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്.
പറവന്നൂരിലെ വീടിനടുത്തുള്ള ഷെഡില്‍ ബീഡി തെറുപ്പായിരുന്നു ആദ്യകാല ജോലി. വരമ്പനാലയിലെ തുണിക്കടയില്‍നിന്ന് ജോലി കഴിഞ്ഞ് വരുന്ന മമ്മി സാഹിബ് നല്‍കുന്ന പ്രബോധനം വായിച്ചാണ് പ്രസ്ഥാനത്തെ അടുത്തറിഞ്ഞത്. ഖുര്‍ആന്‍ പഠന പാരായണങ്ങളില്‍ നിഷ്ഠ പുലര്‍ത്തി. മാധ്യമം അരിച്ചുപെറുക്കി വായിക്കുക അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഒരു ദിവസത്തെ പത്രം വായിച്ചു തീര്‍ത്ത ശേഷമേ പിറ്റേ ദിവസത്തെ പത്രം വായിക്കുമായിരുന്നുള്ളൂ.
എത്ര ബുദ്ധിമുട്ടുണ്ടായാലും പ്രസ്ഥാന പരിപാടികളില്‍ പങ്കെടുക്കുക എന്നത് അദ്ദേഹത്തിന് ഹരമായിരുന്നു. ശാരീരിക അവശതകള്‍ ഉണ്ടായിരിക്കെത്തന്നെ ഹൈദരാബാദില്‍ നടന്ന ജമാഅത്ത് അംഗങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയുായി.
പുത്തനത്താണിയില്‍ ഈസ്റ്റേണ്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനം നടത്തിയിരുന്നു. കടയില്‍ വരുന്നവര്‍ക്കും താന്‍ മനസ്സിലാക്കിയ അറിവ് പകര്‍ന്നു കൊടുക്കാന്‍ ശ്രദ്ധിച്ചു.
മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ചാവക്കാട് ഭാഗത്തും ജമാഅത്തെ ഇസ്‌ലാമിയെ പരിചയപ്പെടുത്തുകയും ജീവസന്ധാരണത്തിനു വേണ്ടി സാഹിത്യങ്ങള്‍ വില്‍പന നടത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ ചമ്രവട്ടത്ത് എത്തിയപ്പോള്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണനെ കാണുകയും ഇസ്‌ലാമിനെയും ഐ.പി.എച്ചിനെയും അദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. പുസ്തകങ്ങളുമായുള്ള ഈ സാഹസിക യാത്ര കണ്ട് സി.ആര്‍ അത്ഭുതപ്പെട്ടു. ഒരു തവണ കന്മനം കാര്‍കുന്‍ ഹല്‍ഖാ നാസിമായി സേവമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ഫാത്തിമക്കുട്ടി. മൂന്ന് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്.
ടി. ഇബ്‌റാഹീംകുട്ടി, കന്മനം

പരേതരെ അല്ലാഹു മഗ്ഫിറത്തും
മര്‍ഹമത്തും സ്വര്‍ഗത്തില്‍ ഉന്നത
സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-19-22

ഹദീസ്‌

'നായകളും ഒരു സമുദായമാണ്'
അബ്ദുല്ലത്വീഫ് കൊടുവള്ളി