Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര്‍ 30

3270

റബീഉല്‍ അവ്വല്‍ 04

പണ്ഡിത സഹവാസം മദ്‌റസ മുതല്‍ പള്ളിദര്‍സ് വരെ

ഇ.എന്‍ മുഹമ്മദ് മൗലവി /  സദ്‌റുദ്ദീന്‍ വാഴക്കാട്  [email protected]

അറിവടയാളങ്ങള്‍-2 /

ഒരു കാലഘട്ടത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ പാരമ്പര്യ ദീനീ വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്ന പള്ളിദര്‍സുകളിലായിരുന്നു എന്റെയും ദീനീ പഠനത്തിന്റെ തുടക്കം. അടിസ്ഥാനപരമായി നിളാമിയ്യ പാഠ്യപദ്ധതിയാണ് പള്ളിദര്‍സുകള്‍ പിന്തുടര്‍ന്നിരുന്നത്. ഈ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പിന്നീട് പറയാം. 
പള്ളി ദര്‍സുകളിലെ പഠനം നേടിത്തരുന്ന വൈജ്ഞാനിക അടിത്തറയും കിതാബീ പരിജ്ഞാനവും ഇസ്‌ലാമിക നവോത്ഥാന ചിന്തകളുടെ വെളിച്ചത്തില്‍ വിവേചിച്ചെടുക്കാന്‍ സാധിച്ചാല്‍ ഇരട്ടി നേട്ടങ്ങള്‍ക്ക് കാരണമാകും. കേരളത്തില്‍ ഉയര്‍ന്നുവന്ന പ്രഗല്‍ഭരായ പല പണ്ഡിതന്മാരും ഇതിന്റെ ഉദാഹരണങ്ങളാണ്. കെ. മൊയ്തു മൗലവി, കെ.സി അബ്ദുല്ല മൗലവി, ഇസ്സുദ്ദീന്‍ മൗലവി, കെ.എം മൗലവി, എം.സി.സി സഹോദരന്‍മാര്‍ തുടങ്ങി ഏറെപ്പേരെ ഈ ഗണത്തില്‍ എണ്ണാനാകും. ഇല്‍മിനെ തജ്ദീദിലേക്ക് ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന മാറ്റവും നേട്ടവുമാണ് ഇവരുടെ ചരിത്രത്തില്‍ നാം കാണുന്നത്. 

മദ്‌റസയിലെ പ്രാഥമിക പാഠങ്ങള്‍
ചെറുവാടി മദ്‌റസയിലെ മുദര്‍രിസായിരുന്ന കുഞ്ഞാപ്പ ഹാജി വഴിവാണിഭക്കാരന്‍ കൂടിയായിരുന്നു. വാഴക്കാട് ദാറുല്‍ ഉലൂമിന്റെ സന്തതിയായ അദ്ദേഹമാണ് എന്റെ ആദ്യത്തെ ഉസ്താദ്. ചെറുവാടി സ്വദേശിയായ അദ്ദേഹം രാവിലെ മദ്‌റസയില്‍ പഠിപ്പിക്കും, ശേഷം വീടുവീടാന്തരം കയറിയിറങ്ങി കച്ചവടം ചെയ്യും. അല്ലറ ചില്ലറ വീട്ടു സാധനങ്ങള്‍, വലിയ കുട്ടയില്‍ ചുമന്ന് കൊണ്ടുപോയാണ് വില്‍ക്കുക. മദ്‌റസയുടെ മേല്‍നോട്ടം എന്റെ വാപ്പ, ഏഴിമല അഹ്മദ് മുസ്‌ലിയാര്‍ക്ക് തന്നെയായിരുന്നെങ്കിലും, ആദ്യ പാഠങ്ങള്‍ എനിക്ക് ചൊല്ലിത്തന്നത് ഉസ്താദ് കുഞ്ഞാപ്പ ഹാജിയാണ്. ഖുര്‍ആനും ചരിത്രവും കഥകളും അദ്ദേഹം പഠിപ്പിച്ചതോര്‍ക്കുന്നു. സ്റ്റേജില്‍ ഫാതിഹ പാരായണം ചെയ്യാന്‍ എന്നെ പരിശീലിപ്പിച്ചതും അദ്ദേഹം തന്നെ. ഹദീസ് പണ്ഡിതനും കൊണ്ടോട്ടിയിലെ അറിയപ്പെടുന്ന മുദര്‍രിസുമായിരുന്ന വൈത്തല മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ക്ക് ചെറുവാടിയില്‍ അന്നൊരു സ്വീകരണം നല്‍കിയിരുന്നു. പള്ളിയുടെ പൂമുഖത്തായിരുന്നു സ്റ്റേജ്. പരിപാടിയുടെ തുടക്കത്തില്‍ ഫാതിഹ ഓതാന്‍ എന്നെയാണ് ഉസ്താദ് കുഞ്ഞാപ്പ ഹാജി തെരഞ്ഞെടുത്തത്. എനിക്കന്ന് ഏഴോ, എട്ടോ വയസ്സാണ് പ്രായം.
ചെറുവാടി മദ്‌റസയിലെ ഒരു വര്‍ഷത്തെ പ്രാഥമിക പഠനത്തിനു ശേഷം ഞാന്‍ പള്ളിദര്‍സിലേക്ക് മാറി. ചുള്ളിക്കാപറമ്പ് ദര്‍സില്‍  അധ്യാപകനായിരുന്ന വാപ്പയുടെ അടുത്താണ് കിതാബുകള്‍ ഓതാന്‍ തുടങ്ങിയത്. രണ്ട് വര്‍ഷം അവിടെ പഠിച്ചു. ചെറുവാടി സ്‌കൂളില്‍ മൂന്നാം തരം പൂര്‍ത്തിയാക്കിയതോടെ, സ്‌കൂള്‍ പഠനം അവസാനിപ്പിച്ചു. അരീക്കോടിനടുത്ത പറപ്പൂരിലെ പള്ളിയില്‍ വാപ്പ ദര്‍സ് ആരംഭിക്കുന്നത് ഈ ഘട്ടത്തിലാണ്. പറപ്പൂരിലേക്കുള്ള യാത്രയില്‍ വാപ്പ എന്നെയും കൂടക്കൂട്ടി. നാല് വര്‍ഷത്തോളം വാപ്പയുടെ ശിഷ്യനായി അവിടെ കഴിഞ്ഞു. അറബി വ്യാകരണഗ്രന്ഥമായ അല്‍ഫിയ, കര്‍മശാസ്ത്ര കൃതിയായ ഫത്ഹുല്‍ മുഈന്‍, ഖുലാസ്വത്തുല്‍ ഹിസാബ്, മിര്‍ഖാത്ത്, അദ്കിയ, കിഫായത്തുല്‍ അവാം, മുര്‍ശിദുത്ത്വുല്ലാബ് തുടങ്ങിയ കിതാബുകളെല്ലാം വാപ്പയില്‍ നിന്ന് ഓതിപ്പഠിച്ചു. മിര്‍ഖാത്ത് തര്‍ക്കശാസ്ത്ര ഗ്രന്ഥമാണ്. അദ്കിയ, കിഫായത്തുല്‍ അവാം തുടങ്ങിയവ ബൈത്തുകളും. ഇഹ്‌യാ ഉലൂമിദ്ദീനെപ്പോലെ, അതിനു താഴെ നില്‍ക്കുന്ന സംസ്‌കരണ പ്രധാനമായ കൃതിയാണ് മുര്‍ശിദുത്ത്വുല്ലാബ്. എന്റെ ഇല്‍മിയായ അടിത്തറ രൂപപ്പെട്ട ഘട്ടമായിരുന്നു അത്. 

പള്ളിദര്‍സുകളുടെ കാലം
അക്കാലത്തെ പ്രഗല്‍ഭ പണ്ഡിതനായിരുന്നു ഇമ്പിച്ചാലി മുസ്‌ലിയാര്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായിരുന്ന അദ്ദേഹം, കൊടുവള്ളിക്കടുത്ത പൂനൂര്‍ കോളിക്കല്‍ പ്രദേശത്ത് പള്ളിയില്‍ മുദര്‍രിസായിരുന്നു. പൂനൂരിലെ വലിയ ദീനീ സ്‌നേഹിയായിരുന്ന അബൂബക്കര്‍ ഹാജിയുടെ സ്വന്തം ദര്‍സായിരുന്നു അത്. ഈ മേഖലയിലെ കോണ്‍ക്രീറ്റ് ഇട്ട ആദ്യത്തെ പള്ളി അദ്ദേഹം നിര്‍മിച്ചതാണ്. കോളിക്കല്‍ ദര്‍സില്‍ ഞാന്‍ രണ്ട് വര്‍ഷം ഇമ്പിച്ചാലി മുസ്‌ലിയാരുടെ ശിഷ്യനായി. ഒരു ഘട്ടത്തില്‍, പൂനൂരിലെ ദര്‍സ് നിര്‍ത്തി അദ്ദേഹം സ്വദേശമായ കുറ്റിക്കാട്ടൂരില്‍ തിരിച്ചെത്തി, അവിടെ രണ്ട് പള്ളികളില്‍ അഞ്ച് മാസം വീതം ദര്‍സ് നടത്തുകയുണ്ടായി. രണ്ട് ജുമുഅത്ത് പള്ളികളിലായിരുന്നു ദര്‍സ്. ഒന്ന് മാണിയമ്പലം പള്ളി, മറ്റൊന്ന് കണിയാത്ത് പള്ളി.
ഒരു വര്‍ഷം ഞാന്‍ അവിടെ പഠിച്ചു. പില്‍ക്കാലത്ത് ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പലായിരുന്ന, കുറ്റിക്കാട്ടൂര്‍ സ്വദേശി അബുസ്സ്വലാഹ് മൗലവിയുടെ തറവാട്‌വീട് ഇവിടെയായിരുന്നു. റൗദത്തുല്‍ ഉലൂമില്‍ അധ്യാപകനായ ശേഷം അദ്ദേഹം ഫറോക്ക് കോളേജിലേക്ക് താമസം മാറ്റുകയുണ്ടായി. 
താനൂരില്‍ മുദര്‍രിസായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ശിഷ്യനായിരുന്നു കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍. ഓമച്ചപ്പുഴ പള്ളിദര്‍സില്‍ മുദര്‍രിസായിരുന്ന മുഹമ്മദ് മുസ്‌ലിയാരുടെ കീഴിലായിരുന്നു എന്റെ തുടര്‍പഠനം. ഓമച്ചപ്പുഴയുടെ തൊട്ടടുത്താണ് കരിങ്കപ്പാറ. ഉര്‍ദു ഭാഷയില്‍ പ്രാവീണ്യമുണ്ടായിരുന്ന കുഞ്ഞഹമ്മദ് ഹാജി എന്ന പണ്ഡിതനുണ്ടായിരുന്നു അവിടെ. ദര്‍സ് വിട്ട്, വൈകുന്നേരങ്ങളില്‍ കരിങ്കപ്പാറയില്‍ പോയി ഞാന്‍ ഉര്‍ദു പഠിക്കാന്‍ തുടങ്ങി. ഓമച്ചപ്പുഴയിലും കരിങ്കപ്പാറയിലുമായി ഒരു വര്‍ഷം പഠിച്ചു. എ.ആര്‍ നഗറിലെ വി.എം അബ്ദുര്‍റഹ്മാന്‍ എന്റെ ജൂനിയറായി അക്കാലത്ത് അവിടെയു്. പിന്നീടാണ് ഞാന്‍ പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളേജില്‍ ചേരുന്നത്. പ്രഗല്‍ഭ പണ്ഡിതനായിരുന്ന കെ.കെ അബ്ദുല്ലാ മുസ്‌ലിയാരായിരുന്നു സ്ഥാപനത്തിന്റെ മേധാവി.
വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠിച്ച അദ്ദേഹം, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ശിഷ്യനാണ്. പൊന്നാനിക്ക് ശേഷം അബ്ദുല്ലാ മുസ്‌ലിയാര്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ തലവനാവുകയുണ്ടായി. 
പൊന്നാനി മഊനത്തിലെ സിലബസ് അനുസരിച്ച് എനിക്ക് കാര്യമായൊന്നും പഠിക്കാനുണ്ടായിരുന്നില്ല. അവിടെ മുതിര്‍ന്ന ക്ലാസുകളില്‍ പഠിപ്പിച്ചിരുന്ന കിതാബുകള്‍ പോലും ഞാന്‍ നേരത്തെ പള്ളിദര്‍സുകളില്‍ പഠിച്ചതാണ്. ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ ഉപരിപഠനം നടത്തണം എന്നൊരു മോഹവും എന്റെ മനസ്സിലുണ്ട്. ഇതിന് പഠനത്തില്‍ കുറച്ചു കൂടി വേഗത ആവശ്യമാണെന്നും ബോധ്യപ്പെട്ടു. അതോടെ പൊന്നാനി വിട്ട് ഞാന്‍ തിരൂരിലേക്ക് ദര്‍സ് മാറി. തിരൂരിനടുത്ത തലക്കടത്തൂരില്‍ അക്കാലത്തെ പ്രമുഖ പണ്ഡിതന്‍ വാപ്പു മുസ്‌ലിയാര്‍ ദര്‍സ് നടത്തുന്നുണ്ടായിരുന്നു. നെല്ലിക്കുത്ത് സ്വദേശിയായ അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് മുഹ്‌യിദ്ദീന്‍ എന്നാണെങ്കിലും വാപ്പു മുസ്‌ലിയാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാരുടെ അടുത്ത ബന്ധുവായ വാപ്പു മുസ്‌ലിയാര്‍ വേലൂര്‍ ബാഖിയാത്തില്‍ നിന്നാണ് ബിരുദമെടുത്തത്. ശേഷം ദീര്‍ഘകാലം സൂറത്തില്‍ അധ്യാപകനായി. അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹത്തിന് വൈദ്യവും അറിയാമായിരുന്നു. ഇബ്‌നു സീനയുടെ വിഖ്യാത വൈദ്യശാസ്ത്ര ഗ്രന്ഥമായ അല്‍ഖാനൂനു ഫിത്ത്വിബ്ബിന്റെ ചില ഭാഗങ്ങള്‍ അക്കാലത്ത് ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കുകയുണ്ടായി.
ഒരു വര്‍ഷമാണ് ഞാന്‍ വാപ്പു മുസ്‌ലിയാരുടെ ദര്‍സില്‍ പഠിച്ചത്. ദയൂബന്ദിലെ പ്രവേശനം മുന്‍നിറുത്തിയുള്ള പരിശീലനം ഇതില്‍ പ്രധാനമായിരുന്നു. തഫ്‌സീര്‍ ബൈദാവി, സ്വഹീഹുല്‍ ബുഖാരി തുടങ്ങിയ ഗ്രന്ഥങ്ങളും അദ്ദേഹത്തില്‍ നിന്നാണ് ഓതിയത്. മദ്‌റസത്തുല്‍ ഫലാഹ് എന്നാണ് ഈ ദര്‍സ് അറിയപ്പെട്ടിരുന്നത്. എനിക്ക് ദയൂബന്ദില്‍ ചേരാനായി മദ്‌റസത്തുല്‍ ഫലാഹിന്റെ സര്‍ട്ടിഫിക്കറ്റും അദ്ദേഹം തന്നു. ഹൃദ്യമായ സമീപനം വാപ്പു മുസ്‌ലിയാരുടെ സവിശേഷതയായിരുന്നു. ചില യാത്രകളിലൊക്കെ അദ്ദേഹം എന്നെ കൂടെ കൂട്ടുമായിരുന്നു. 
വാപ്പു മുസ്‌ലിയാര്‍ക്ക് മക്കളുണ്ടായിരുന്നില്ല. നല്ല പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ ശേഖരത്തില്‍ നിരവധി ഗ്രന്ഥങ്ങളുണ്ടായിരുന്നു. പലതിലും അദ്ദേഹം ഹാശിയ (കിതാബിന്റെ ഭാഗത്തു തന്നെ രേഖപ്പെടുത്തുന്ന വിശദീകരണം) എഴുതുകയും ചെയ്തിട്ടുണ്ട്. ഈ കിതാബുകളെല്ലാം നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ക്ക് കിട്ടിയിട്ടുണ്ടാകണം. 
അക്കാലത്ത് ദീനീ ബോധമുള്ള മുസ്‌ലിംകള്‍ പൊതുവിലും മുസ്‌ലിയാക്കന്‍മാരും ദര്‍സ് വിദ്യാര്‍ഥികളും വിശേഷിച്ചും തല മുണ്ഡനം ചെയ്യുകയായിരുന്നു പതിവ്. തലമുടി നീട്ടി വളര്‍ത്തുക ദീനീ സംസ്‌കാരത്തിന് ചേരാത്തതായാണ് മനസ്സിലാക്കിയിരുന്നത്. പക്ഷേ, വാപ്പു മുസ്‌ലിയാര്‍ തല മുണ്ഡനം ചെയ്യാറുണ്ടായിരുന്നില്ല.
ഇബ്‌നു ഉമറില്‍ നിന്നുള്ള ഒരു നിവേദനത്തിന്റെ അടിസ്ഥാനത്തിലോ മറ്റോ ആണ് തല മുണ്ഡനം ചെയ്തിരുന്നത് എന്നാണ് മനസ്സിലാകുന്നത്. മാത്രമല്ല, വലിയ അശുദ്ധി (ജനാബത്ത്) ഉണ്ടായിരിക്കെ, കുളിച്ച് ശുദ്ധിയാകുന്നിനു മുമ്പ് തലമുടി കൊഴിഞ്ഞു പോയാല്‍, കുളിച്ചാലും അയാളുടെ അശുദ്ധി (ജനാബത്ത്) നിലനില്‍ക്കും എന്നൊരു മസ്അല പൗരാണികരില്‍ ചിലര്‍ക്കുണ്ടത്രെ! ഇതിന്റെയെല്ലാം പിന്‍ബലത്തിലാകണം കേരളത്തില്‍ മുമ്പു കാലങ്ങളില്‍ തല മുണ്ഡനം ചെയ്യല്‍ ദീനീ അടയാളമായി പരിഗണിക്കപ്പെട്ടത്. ശരീരത്തില്‍ നിന്ന് കൊഴിഞ്ഞു പോയതൊക്കെ ശരീരത്തിലേക്ക് തന്നെ മടക്കപ്പെടും എന്നൊരു കാഴ്ചപ്പാടുമുണ്ടല്ലോ! കുട്ടിക്കാലം മുതല്‍, വാപ്പയുടെ സാന്നിധ്യത്തില്‍ തന്നെ ഞാന്‍ മുടി വളര്‍ത്തിയിരുന്നു. പക്ഷേ, വാപ്പ അത് വിലക്കിയിരുന്നില്ല.
യഥാര്‍ഥത്തില്‍, ഇസ്‌ലാമില്‍ തല മുണ്ഡനം ചെയ്യണമെന്ന പ്രാമാണികമായ യാതൊരു വിധിയും ഇല്ലാതെയാണ് അത്തരമൊരു പ്രചാരണം നടന്നിരുന്നത്. എന്നല്ല, സ്ഥിരമായി തല മുണ്ഡനം ചെയ്യുന്നത് നബിചര്യക്ക് വിരുദ്ധമായ പുത്തനാചാരം (ബിദ്അത്ത്) ആണെന്ന അഭിപ്രായം പ്രമുഖ പണ്ഡിതന്‍മാര്‍ക്കും മദ്ഹബുകള്‍ക്കും ഉണ്ട് താനും. ബിദ്അത്തുകാരുടെ ലക്ഷണമായാണ് മുടി മുണ്ഡനത്തെ പലരും എണ്ണിയിട്ടുള്ളത്. എന്നിട്ടും, മുടി മുണ്ഡനം ചെയ്യല്‍ ദീനീ നിയമമായും, മുടി വളര്‍ത്തല്‍ കുറ്റകരമായും ഒരു വിഭാഗത്തിനിടയില്‍ അക്കാലത്ത് പരിഗണിക്കപ്പെട്ടു. മുഹമ്മദ് നബി (സ) ഹജ്ജിലും ഉംറയിലും മാത്രമേ തല മുണ്ഡനം ചെയ്തിരുന്നുള്ളൂ; അല്ലാത്ത സമയത്ത് മുടി മുണ്ഡനം ചെയ്തിരുന്നില്ല. ആയതിനാല്‍, ആരാധനാപരമായ (തഅബ്ബുദി) മാനത്തോടെ തല മുണ്ഡനം ചെയ്യുന്നത് പുത്തനാചാരം (ബിദ്അത്ത്) ആണെന്ന് ഇബ്‌നുല്‍ ഖയ്യിമിനെപ്പോലുള്ള പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തല മുണ്ഡനം ബിദ്അത്തിന്റെ ലക്ഷണമാണെന്ന് പറയുന്ന ഒരു ഹദീസ് തന്നെയുണ്ട്. 'അബൂസഈദില്‍ ഖുദ്‌രി നിവേദനം ചെയ്യുന്നു. മുഹമ്മദ് നബി (സ) പറഞ്ഞു: പൗരസ്ത്യഭാഗത്തു നിന്ന് ഒരു കൂട്ടര്‍ രംഗത്ത് വരും. അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യും. പക്ഷേ, അതവരുടെ തൊണ്ടക്കുഴിക്കപ്പുറം കടക്കുകയില്ല. വില്ലില്‍ നിന്ന് അമ്പ് തെറിച്ച് പോകുന്നതു പോലെ അവര്‍ ദീനില്‍ നിന്ന് തെറിച്ച് പോകും. ഉരുവില്‍ നിന്ന് ശരം വില്ലിലേക്ക് മടങ്ങും വരെ അവര്‍ ദീനിലേക്കും തിരിച്ചു വരില്ല. നബിയോട് ചോദിച്ചു: 'എന്താണ് അവരുടെ അടയാളം?' നബി (സ) പറഞ്ഞു: തല മുണ്ഡനം ചെയ്യലാണ് അവരുടെ അടയാളം'' (സ്വഹീഹുല്‍ ബുഖാരി 7123, അഹ്മദ് 3/64, അബൂയഅ്‌ലാ 1193).
ബിദ്അത്തുകാരുടെ ലക്ഷണം എന്ന അര്‍ഥത്തില്‍, 'സീമാഹും അത്തഹ്‌ലീഖ്' എന്നാണ് ഹദീസിലെ പ്രയോഗം. 'ഹല്‍ഖ ചേരലാണ് ബിദ്അത്തുകാരുടെ ലക്ഷണം' എന്ന് ഈ പ്രയോഗം വെച്ച് അക്കാലത്ത് മുസ്‌ലിയാക്കന്മാരില്‍ ചിലര്‍ പറയാറുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ഹല്‍ഖാ യോഗത്തെയാണ് അവര്‍ ഉദ്ദേശിച്ചിരുന്നത്. ഇതു സംബന്ധിച്ച് അക്കാലത്ത്, ചെറുവാടി ഒതയോത്ത് പള്ളിദര്‍സില്‍ നടന്ന ഒരു ചര്‍ച്ചക്കിടയില്‍, കൊളപ്പുറം എ.ആര്‍ നഗര്‍ സ്വദേശിയും  എന്റെ ശിഷ്യനുമായിരുന്ന മൊയ്തീന്‍ സംശയം ഉന്നയിക്കുകയുണ്ടായി. തല മുണ്ഡനം ചെയ്യല്‍ ബിദ്അത്തുകാരുടെ ലക്ഷണമാണെന്ന് മുഹ്‌യിദ്ദീന്‍ ശൈഖ് ഗുന്‍യത്തുത്ത്വാലിബീന്‍ എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ടെന്ന് ഞാന്‍ മറുപടി പറഞ്ഞു. അന്ന്, വാഴക്കാട് ദാറുല്‍ ഉലൂമില്‍ പോയി ആ കിതാബ് പരിശോധിച്ച മൊയ്തീന്ന് ഇത് സത്യമാണെന്ന് ബോധ്യപ്പെട്ടു. അതോടെയാണ് അദ്ദേഹം മാറിച്ചിന്തിച്ച് തുടങ്ങിയതും, പിന്നീട് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകനാകുന്നതും. ഡോ. അബ്ദുല്‍ വാസിഇന്റെ പിതാവാണ് മര്‍ഹൂം മൊയ്തീന്‍. അദ്ദേഹത്തിന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. 
(തുടരും)
70257 86574
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-19-22

ഹദീസ്‌

'നായകളും ഒരു സമുദായമാണ്'
അബ്ദുല്ലത്വീഫ് കൊടുവള്ളി