ഭൂമിയില്‍ സ്വര്‍ഗം പൂക്കാന്‍ മുഹമ്മദ് നബിയുടെ ജീവിതപാഠങ്ങള്‍
ദൈവം ആദമിനെ സൃഷ്ടിച്ചു; ഹവ്വയെയും. പിശാച് ഇരുവരെയും ചതിച്ചു. ആദമും ഹവ്വയും ഭൂമിയിലേക്ക് വന്നു. അവര്‍ ഇണകളായി ജീവിച്ചു. നോക്കൂ, ഭൂമിയിലെ ആദ്യ മനുഷ്യന്‍ ജീവിക്കുന്നത് കുടുംബമായിട്ടാണ്. കുടുംബം ദൈവികമായ ഒരു ജീവിതസംവിധാനമാണ്.
ഭൗതികവും വൈകാരികവുമായ സുരക്ഷിതത്വമാണ് കുടുംബം മനുഷ്യന് നല്‍കുന്ന ഒന്നാമത്തെ വാഗ്ദാനം. കുടുംബമുള്ള ഒരു മനുഷ്യന് തന്റെ വീടാണ് എവിടെപ്പോയാലും മടങ്ങിച്ചെല്ലാനുള്ള ഇടം. അവിടെ അവന്‍ /അവള്‍ സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യന്റെ ജൈവിക പ്രേരണകള്‍ അവിടെയാണ് പൂര്‍ണതയിലെത്തുന്നത്. 'സമ്മിലൂനീ' എന്ന ഭയത്തെ അവിടെയാണ് ഖദീജയെന്ന കരുതല്‍ ചേര്‍ത്തുപിടിച്ചത്. 'പരസ്പരം വസ്ത്രങ്ങളാകൂ' എന്നാണ് ഇണകളോട് ഖുര്‍ആനിന്റെ നിര്‍ദേശം. അനോന്യം ന്യൂനതകള്‍ മറയ്ക്കുന്നവരാവുക. വസ്ത്രം പോലെ പരസ്പരം ചേര്‍ന്ന് നില്‍ക്കുക. കുടുംബം വ്യക്തി സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു എന്ന പറച്ചിലുകള്‍ മനുഷ്യന്റെ പ്രകൃതിപരതയെയാണ് നിഷേധിക്കുന്നത്.
ചരിത്രം പരിശോധിച്ചാലറിയാം, മുഹമ്മദ് നബിയെ കുറിച്ച് ഏറ്റവും ആധികാരികമായി സംസാരിക്കുന്നത് അവിടുത്തെ ഭാര്യമാരാണ്. അദ്ദേഹത്തിന്റെ ഒന്നാം കര്‍മമണ്ഡലം സ്വന്തം വീടായിരുന്നു. ആദ്യ പ്രബോധിതര്‍ കുടുംബമായിരുന്നു. കുടുംബ ജീവിതത്തിന്റെ ഓരോ സൂക്ഷ്മ തലങ്ങളെ കുറിച്ചും ഹദീസുകള്‍ വളരെ വിശദമായി സംസാരിക്കുന്നുണ്ട്. റസൂലിന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിറഞ്ഞുനില്‍ക്കുന്നതായി കാണാം.
ഹുസൈന്‍ (റ) പറയുന്നു: ''ഞാനെന്റെ പിതാവിനോട് റസൂലിന്റെ കുടുംബജീവിതത്തെക്കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞു: നബി (സ) വീട്ടില്‍ വന്നാല്‍ സമയം മൂന്നായി ഭാഗിക്കും. ഒരു ഭാഗം ഇബാദത്തിന്, ഒരു ഭാഗം വീട്ടുകാര്‍ക്ക്, ഒരു ഭാഗം സ്വന്തം ആവശ്യത്തിന്. സ്വന്തത്തിനുള്ള സമയത്തിന്റെ പകുതിയും ജനങ്ങളുടെ ക്ഷേമത്തിനായിരിക്കും വിനിയോഗിക്കുക.''
കുടുംബനിരാസത്തിന്റെ പുതിയ ലിബറല്‍ കാലത്ത് നബി (സ) പ്രസക്തനാകുന്നത് കുടുംബ ജീവിതത്തിന്റെ പ്രചാരകന്‍ എന്ന നിലക്ക് കൂടിയാണ്. ആഇശ (റ) പറയുന്നുണ്ട്, നബി (സ) വീട്ടിലുണ്ടായിരുന്നപ്പോഴൊക്കെ വീട്ടുജോലികളില്‍ അവരെ സഹായിക്കാറുണ്ടായിരുന്നു എന്ന്. അടുക്കളകളിലെ പുരുഷപങ്കാളിത്തത്തെ കുറിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലിരുന്ന് സിനിമയെടുത്തും ലേഖനങ്ങളെഴുതിയും ചര്‍ച്ച ചെയ്യുന്നവരാണ് നാം. ഓര്‍ത്തു നോക്കൂ: ഏഴാം നൂറ്റാണ്ടില്‍ ഒരു പ്രവാചകന്‍ ഭക്ഷണം പാകം ചെയ്യാന്‍ ഭാര്യയെ സഹായിക്കുന്നു. മുഹമ്മദ് നബി(സ)യുടേത് കേവലം ഒരു പ്രബോധന ദൗത്യം മാത്രമായിരുന്നില്ലല്ലോ. മദീനയെന്ന രാഷ്ട്രത്തിന്റെ തലവന്‍, വഹ്യ് ഇറക്കപ്പെട്ട പ്രവാചകന്‍, ഒരു തലമുറയുടെ മുഴുവന്‍ ധാര്‍മിക ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ട മാര്‍ഗദര്‍ശകന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഒരു മനുഷ്യനെ കുറിച്ചാണ് പത്‌നി ഇങ്ങനെ സംസാരിക്കുന്നത് എന്നത് അതിശയിപ്പിക്കുന്നതാണ്.
ഇസ്ലാമിലെ ദാമ്പത്യമെന്നത് കേവലം ലൈംഗിക പൂര്‍ത്തീകരണ ഉപാധിയല്ല, പകരം പരലോകത്തോളം എത്തേണ്ട പാവനമായ സംവിധാനം കൂടിയാണ്. ഖുര്‍ആന്‍ പറയുന്നു: 'വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നരകാഗ്‌നിയില്‍ നിന്ന് കാത്തുരക്ഷിക്കുക.' ദൈവഭയമാണ് മുസ്‌ലിമിനെ മുന്നോട്ട് നയിക്കുന്ന പ്രചോദനം. എന്നാല്‍, ഒരു മുസ്‌ലിമിന്റെയും ജീവിതം ദൈവശിക്ഷയില്‍ നിന്ന് സ്വയം രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഒതുങ്ങുന്നില്ല. അവന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അല്ലാഹുവിന്റെ ഇഷ്ടദാസരാക്കാന്‍ അവന്‍ പരമാവധി ശ്രമിക്കേണ്ടതുണ്ട്.
ഏതാണ്ട് എല്ലാ പ്രവാചകന്മാരുടെയും ചരിത്രം വിശദീകരിക്കുന്നിടത്ത് ഖുര്‍ആന്‍ അവരുടെ കുടുംബങ്ങളെ കൂടി പരാമര്‍ശിച്ചതായി കാണാം. മകന്‍ മുങ്ങി മരിക്കാന്‍ പോവുന്ന സമയത്ത് നൂഹ് (അ) പറയുന്നുണ്ട്: 'നാഥാ, അവന്‍ എന്റെ അഹ്ലില്‍ (കുടുംബത്തില്‍) പെട്ടവനാണല്ലോ.' പക്ഷേ, അതിനു അല്ലാഹു മറുപടി പറയുന്നത്, 'നൂഹേ അവന്‍ നിന്റെ അഹ്ലില്‍ പെട്ടവനല്ല, അവന്‍ ദുഷിച്ച മാര്‍ഗത്തിലാകുന്നു' എന്നാണ്. അഹ്ല്‍ കേവലം ജീവശാസ്ത്രപരമായ ബന്ധമല്ല. മറിച്ച്, രക്തബന്ധത്തോടൊപ്പം സന്മാര്‍ഗത്തിലാവുകയും കൂടിയാണെന്ന് ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നു.
കുടുംബാംഗങ്ങള്‍ക്ക് പരസ്പരമുള്ള ഉത്തരവാദിത്വങ്ങളും അവകാശങ്ങളും നബി (സ) വളരെ വിശദമായി വേര്‍തിരിച്ച് പഠിപ്പിക്കുന്നുണ്ട്. ഭര്‍ത്താവിനും ഭാര്യക്കും പരസ്പരമുള്ള ഉത്തരവാദിത്വങ്ങള്‍, മക്കള്‍ക്ക് മാതാപിതാക്കളോടും മാതാപിതാക്കള്‍ക്ക് തിരിച്ചുമുള്ള ബാധ്യതകള്‍, സഹോദരങ്ങളോടുള്ള കടമകള്‍. ഗര്‍ഭസ്ഥ ശിശുവിന് പോലും ഇസ്‌ലാമില്‍ അവകാശങ്ങളുണ്ട്. ഇവയെല്ലാം ബോധപൂര്‍വം നിര്‍വഹിക്കപ്പെടുമ്പോഴാണ് മാതൃകാ കുടുംബങ്ങളും ആരോഗ്യമുള്ള സമൂഹവുമുണ്ടാവുന്നത്. 'നിങ്ങളില്‍ ഓരോരുത്തരും ഭരണാധികാരിയാണ്; തന്റെ ഭരണീയരെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും' എന്നതാണ് റസൂലിന്റെ താക്കീത്. ഓരോ മനുഷ്യനും സ്വതന്ത്ര വ്യക്തികളായിരിക്കെ തന്നെ ചുറ്റുമുള്ളവരുടെ അവകാശങ്ങളോട് നീതി പുലര്‍ത്താനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. 'കുടുംബ ബന്ധം മുറിക്കുന്നവന്‍ എന്നില്‍ പെട്ടവനല്ലെ'ന്ന വാക്കിന് എന്തൊരു മൂര്‍ച്ചയാണ്!
റസൂലിന്റെ കുടുംബജീവിതം പുതിയ കാലത്തും ഏറെ പ്രസക്തമാണ്. അവിടെ പ്രേമസല്ലാപങ്ങളില്‍ ഏര്‍പ്പെടുന്നൊരു ഭര്‍ത്താവുണ്ട്. സ്‌നേഹം ചൊരിയുന്നൊരു പിതാവുണ്ട്. പേരക്കുട്ടിയുടെ കൂടെ കളിക്കുന്നൊരു വല്യുപ്പയുണ്ട്.
'ദുനിയാവില്‍ എനിക്കേറ്റവും ഇഷ്ടം എന്റെ ആഇശയെയാണെ'ന്ന് ഒരു സദസ്സിനു മുമ്പാകെ പ്രഖ്യാപിക്കുന്നുണ്ട് ആ ഭര്‍ത്താവ്. 'ഫാത്വിമാ, എന്റെ കരളിന്റെ കഷണമേ' എന്ന വിളിയില്‍ ഒരു പിതാവിന് സാധ്യമായ വാത്സല്യം മുഴുവനുണ്ട്. ഇബ്‌നു അബ്ബാസ് (റ) പറഞ്ഞുതരുന്നു, റസൂലുല്ലാഹി ഹസനെ(റ)യും ഹുസൈ(റ)നെയും തിരുചുമലില്‍ ഏറ്റാറുണ്ടായിരുന്നു. ഒരിക്കല്‍ അത് കണ്ടുനിന്ന ഒരാള്‍ പറഞ്ഞു: നിങ്ങള്‍ കയറിയിരിക്കുന്ന വാഹനം എത്ര മഹത്വമുള്ളതാണ്! ഇതു കേട്ട് നബി (സ) കൂട്ടിച്ചേര്‍ത്തുവത്രെ: 'വാഹനപ്പുറത്തുള്ളവരും എത്ര ശ്രേഷ്ഠരാണ്!'
വിവാഹമോചനങ്ങളും കുടുംബപ്രശ്‌നങ്ങളും ഏറി വരുന്നൊരു കാലത്ത് ലോകം അന്വേഷിക്കുന്നൊരു കുടുംബ മാതൃക നബിജീവിതം നമുക്ക് കാണിച്ചു തരുന്നു. 'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ തന്റെ ഭാര്യയോട് നന്നായി പെരുമാറുന്നവനാണ്. നിങ്ങളില്‍ നിന്ന് ഭാര്യമാരോട് ഏറ്റവും നന്നായി പെറുമാറുന്നവന്‍ ഞാനാണ്' (ഇബ്നു മാജ) എന്ന് പ്രഖ്യാപിക്കുന്നുണ്ട് പ്രവാചകന്‍. കുടുംബ ജീവിതത്തെ വെറുക്കുന്നിടത്തേക്ക് പുതുതലമുറയെ എത്തിക്കുന്ന കാരണങ്ങള്‍ പലപ്പോഴും നമ്മുടെയൊക്കെ വീടകങ്ങള്‍ തന്നെയാണ്. ഇണകളാവുന്നതിനു പകരം ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവളുമായും, വാപ്പക്കും ഉമ്മക്കും പകരം കര്‍ക്കശക്കാരായ അധികാരികളായും നമ്മില്‍ പലരും നമ്മള്‍ പോലുമറിയാതെ പരിവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ഇമ്പമില്ലെങ്കില്‍ പിന്നെ കുടുംബമെന്തിനാണ്!
ഒമ്പത് ഭാര്യമാരില്‍ ഒരാള്‍ പോലും റസൂലിനെ കുറിച്ച് ഒരു പരാതി പോലും പറഞ്ഞിട്ടില്ല. ഒരിക്കല്‍ പോലും റസൂല്‍ അവരോട് ഒച്ചയുയര്‍ത്തുകയോ കലഹിക്കുകയോ ചെയ്തിട്ടില്ല. അവര്‍ക്കുള്ള സമയം മാറ്റിവെക്കാതെ റസൂല്‍ ഇബാദത്ത് പോലും ചെയ്തിട്ടില്ല. ആഇശ (റ) പറയുന്നു: ''നബി(സ)യുടെ ഭാര്യമാരില്‍ നിന്നോ അനുചരന്മാരില്‍ നിന്നോ ആരെങ്കിലും അദ്ദേഹത്തെ വിളിച്ചാല്‍ 'ലബ്ബൈക്ക' (ഞാന്‍ നിങ്ങളുടെ വിളിക്ക് ഉത്തരം നല്‍കുന്നു) എന്ന് പറയുമായിരുന്നു.'' ആ റസൂലിനെയാണ് നമ്മള്‍ പിന്തുടരുന്നത്. ആ സാമീപ്യമാണ് നമ്മള്‍ കൊതിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും നമ്മുടെ കുടുംബങ്ങളില്‍ നമ്മുടെ സ്ഥാനം എവിടെയാണ്?
ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന മനോഹരമായ ഒരു പ്രാര്‍ഥന ഇങ്ങനെയാണ്: 'ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കേണമേ. ഞങ്ങളെ നീ സൂക്ഷ്മതയുള്ളവരുടെ നേതാവാക്കേണമേ.'
ഈമാനുള്ള കുടുംബം ഭൂമിയിലെ സ്വര്‍ഗമാണെന്ന് നബിവചനം.
ഒളപ്പമണ്ണ എഴുതുന്നു:
'ഒക്കെയും കണ്ട് മടങ്ങുമ്പോഴല്ലോ
മക്കളേ നിങ്ങള്‍ അറിഞ്ഞിടുന്നൂ,
നാടായ നാടാകെ കണ്ടുവെന്നാകിലും
വീടാണു ലോകം, വലിയ ലോകം.'
90722 95332
Comments