കൂറ് സ്വന്തത്തോട് മാത്രം
ഗോവ നിയമസഭയിലെ 11 കോണ്‍ഗ്രസ് അംഗങ്ങളില്‍ എട്ട് പേരും കൂറുമാറി നിയമസഭാ കക്ഷിയെ അപ്പാടെ ഭരണകക്ഷിയായ ബി.ജെ.പിയില്‍ ലയിപ്പിച്ചത്, കൂറുമാറ്റം മൊത്തം തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതുമയുള്ള വാര്‍ത്തയല്ലെന്നിരിക്കെ, ഗോവ സംസ്ഥാനം നിലവില്‍ വന്നതു മുതല്‍ കൂറുമാറ്റം അലിഖിത കീഴ്‌വഴക്കമാണെന്നതു കൊണ്ട് അത്ഭുതപ്പെടാനൊന്നുമില്ല. പലതവണ കൂറുമാറിയവരാണ് ഏതാണ്ടെല്ലാവരും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ സംബന്ധിച്ചേടത്തോളം ഇത് വെറും 'താമര വിരിയിക്കു'ന്ന ഏര്‍പ്പാടാണ്. പണവും പദവികളും ഓഫര്‍ നല്‍കി, അല്ലെങ്കില്‍ ഇ.ഡി റെയ്ഡ് ഭീഷണി മുഴക്കി ഇതര പാര്‍ട്ടി ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ കൂറുമാറ്റി ഭരണം പിടിച്ചെടുക്കുക ഹിന്ദുത്വ പാര്‍ട്ടിയുടെ സ്ഥിരം അജണ്ടയാണ്. ജനാധിപത്യത്തെ ഇവ്വിധം അര്‍ഥശൂന്യമാക്കുന്ന മറ്റൊരു പാര്‍ട്ടിയും ഇന്ത്യയിലില്ല. എന്നുവെച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും തെളിഞ്ഞ വെള്ളത്തില്‍ മുങ്ങാന്‍ യോഗ്യരല്ല. അധികാരവും പണവും കൈയിലിരുന്ന കാലത്ത് സാധ്യമായ തോതില്‍ ഇക്കളി പുറത്തെടുത്തവരാണവരും. 'ആയാറാം ഗയാറാം' പ്രയോഗം ദേശീയ രാഷ്ട്രീയത്തെ മലീമസമാക്കിയപ്പോഴായിരുന്നു കൂറുമാറ്റ നിരോധന നിയമം പാര്‍ലമെന്റിന് പാസാക്കേണ്ടി വന്നത്. 1985-ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ 102-ാം വകുപ്പ് ഭേദഗതി ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂറുമാറ്റ നിരോധനനിയമം പ്രാബല്യത്തില്‍ വന്നത്. അതു പ്രകാരം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചതിനു ശേഷം, ആ പാര്‍ട്ടിയിലെ തന്റെ അംഗത്വം സ്വമേധയാ രാജിവെക്കുകയോ, ആ രാഷ്ട്രീയ പാര്‍ട്ടിയുടെ നിര്‍ദേശത്തിനു വിരുദ്ധമായി സഭയുടെ വോട്ടിങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയോ, വോട്ടു ചെയ്യുകയോ ചെയ്താല്‍ ആ അംഗത്തിന് തന്റെ സഭാംഗത്വം നഷ്ടപ്പെടും. അതിനെ തുടര്‍ന്ന് അയാള്‍ തല്‍സ്ഥാനത്ത് തുടരുന്നതില്‍നിന്ന് അയോഗ്യനായി മാറും. ഈ നിയമം 2003-ല്‍ ഭേദഗതി ചെയ്ത് ശക്തിപ്പെടുത്തിയെങ്കിലും അതൊന്നും ജനപ്രതിനിധികള്‍ കൂറുമാറുന്നതിനു തടസ്സമാകുന്നില്ല.
കൂറുമാറ്റ നിയമം സംബന്ധിച്ച 2004-ലെ കോടതിവിധി പ്രകാരം ഒരു പാര്‍ട്ടി പിളര്‍ന്നാല്‍ മൂന്നില്‍ രണ്ടു സഭാംഗങ്ങള്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയോ, മറ്റൊരു പാര്‍ട്ടിയുമായി ചേര്‍ന്നു മൂന്നാമതൊരു പാര്‍ട്ടി ഉണ്ടാക്കുകയോ ചെയ്താല്‍ കൂറുമാറ്റ നിയമം ബാധകമല്ല. ലോക്‌സഭാംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ലോക്‌സഭാ സ്പീക്കറും, രാജ്യസഭാ അംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നത് രാജ്യസഭാ ചെയര്‍മാനും ആണ്. ഏറ്റവുമൊടുവില്‍ ഗോവ നിയമസഭയിലെ 11 കോണ്‍ഗ്രസ് അംഗങ്ങളില്‍ എട്ട് പേരും ബി.ജെ.പിയിലേക്ക് കൂറുമാറിയതു കൊണ്ട് അവര്‍ക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. എല്ലാം നന്നായി പഠിച്ച ബി.ജെ.പി, കോണ്‍ഗ്രസ് ആരോപിക്കും പ്രകാരം ആളോഹരി 40 കോടി വീതം 320 കോടി മുതല്‍ മുടക്കിയാണ് ഗോവാ ഭരണം ഭദ്രമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ്സിനാവട്ടെ ഇതൊട്ടും ഞെട്ടലുളവാക്കുന്ന സംഭവവുമല്ല. 2014-ല്‍ ആദ്യതവണ നരേന്ദ്രമോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം 2022 വരെയുള്ള കാലയളവില്‍ കോണ്‍ഗ്രസുകാരായ 181 ജനപ്രതിനിധികളാണ് ബി.ജെ.പിയിലേക്ക് മാത്രം കൂറുമാറിയത്. അവശേഷിക്കുന്ന എട്ട് പേര്‍ മറ്റു പാര്‍ട്ടികളിലേക്കും. മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം കൃഷ്ണ, മുന്‍ യു.പി മുഖ്യമന്ത്രി ജഗദാംബിക പാല്‍, മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ, ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, നിലവിലെ അരുണാചല്‍ മുഖ്യമന്ത്രി പ്രേമഖണ്ഡു, മുന്‍ യു.പി കോണ്‍ഗ്രസ് പ്രസിഡന്റ് റീത്ത ബഹുഗുണ ജോഷി, ഇപ്പോഴത്തെ കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങി ഒട്ടേറെ 'മഹാന്മാര്‍' പട്ടികയിലുണ്ട്. രാജീവ് ഗാന്ധിക്ക് ശേഷം പി.വി നരസിംഹറാവു പ്രധാനമന്ത്രിയും സീതാറാം കേസരി കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന നാളുകളില്‍ കോണ്‍ഗ്രസ്സില്‍നിന്ന് ബി.ജെ.പിയിലേക്ക് കുത്തൊഴുക്ക് തന്നെയായിരുന്നു. സോണിയ ഗാന്ധി എ.ഐ.സി.സി അധ്യക്ഷപദം ഏറ്റെടുത്തതോടെയാണ് കാവിയിലേക്കുള്ള ഒഴുക്കിന് തടസ്സം നേരിട്ടത്. ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസ് ദുര്‍ബലമാവുകയും നേതൃശൂന്യത മുമ്പൊരിക്കലും ഇല്ലാത്തവിധം പാര്‍ട്ടിയില്‍തന്നെ പ്രശ്‌നമാവുകയും ഭരണം രണ്ട് സംസ്ഥാനങ്ങളിലൊതുങ്ങുകയും ചെയ്ത സാഹചര്യത്തില്‍ പുറത്തേക്കുള്ള ചാട്ടം അപ്രതിരോധ്യമായിത്തീര്‍ന്നത് സ്വാഭാവികമാണ്.
കൂറൂമാറ്റം തീര്‍ത്തും അധാര്‍മികവും ജനവഞ്ചനയുമാണെന്ന കാര്യത്തില്‍ സംശയമേ ഇല്ല. ഒരു പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കുകയും മുഖ്യ ശത്രുവായി മറ്റൊരു പാര്‍ട്ടിയെ പ്രഖ്യാപിക്കുകയും സ്വന്തം പാര്‍ട്ടിയുടെ മാനിഫെസ്റ്റോയുടെ ബലത്തില്‍ ജനങ്ങളുടെ വോട്ട് തേടുകയും ചെയ്ത ജനപ്രതിനിധി അവസരം വന്നപ്പോള്‍ മുഖ്യ ശത്രുവായി കണ്ട പാര്‍ട്ടിയിലേക്ക്, പണത്തിനും പദവികള്‍ക്കും വേണ്ടി കൂറുമാറുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണ്, വഞ്ചനയാണ്, ജനഹിതത്തെ അട്ടിമറിക്കലാണ്. മൊത്തം എം.എല്‍.എമാരില്‍ മൂന്നില്‍ രണ്ട് പാര്‍ട്ടി മാറിയാല്‍ അത് പിളര്‍പ്പായാണ് കണക്കാക്കുകയെന്നും അതിനു കൂറുമാറ്റം എന്ന് പേരില്ലെന്നും വാദിക്കുന്നത് സാങ്കേതികമായി ശരിയായിരിക്കാം. എങ്കിലും തങ്ങള്‍ക്ക് വോട്ട് നല്‍കി ജയിപ്പിച്ച സമ്മതിദായകരുടെ ഹിതമാരാഞ്ഞല്ല ഒരിക്കലും ഈ മാറ്റം സംഭവിക്കുന്നത്. അതിനാല്‍ രാജിവെച്ച് പുതിയ ജനവിധി തേടുന്നതാണ് ജനാധിപത്യത്തിന്റെ താല്‍പര്യം. പക്ഷേ, അത്തരമൊരു വ്യവസ്ഥ നിലവിലില്ലാത്തതു കൊണ്ട്, അധികാരവും പണവും യഥേഷ്ടം ഉപയോഗിക്കാന്‍ കഴിയുന്ന ബി.ജെ.പിയെ പോലുള്ള പാര്‍ട്ടികള്‍ക്ക് ജനപ്രതിനിധികളെ വിലക്കെടുക്കാനും ജനഹിതം അട്ടിമറിക്കാനും സാധിക്കുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച, എ.ഐ.സി.സിയില്‍ ഉന്നത പദവിയിലിരുന്ന ജ്യോതിരാദിത്യ സിന്ധ്യക്ക്, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വരികയും മധ്യപ്രദേശില്‍ തനിക്ക് മുഖ്യമന്ത്രിസ്ഥാനം ലഭിക്കുകയില്ലെന്നുറപ്പാവുകയും ചെയ്തപ്പോഴാണ് ബി.ജെ.പിക്ക് സ്വയം വിറ്റത്. ഇപ്പോള്‍ ഗോവയില്‍ കൂറുമാറിയ മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് രാഹുലിന്റെ സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ ചെന്ന് ഈശ്വരനെ മുന്‍നിറുത്തി, താന്‍ ജയിച്ചാല്‍ കൂറുമാറില്ലെന്ന് പ്രതിജ്ഞ ചെയ്തയാളാണ്. പക്ഷേ, കൂറുമാറിയതും ദൈവത്തിന്റെ അനുമതിയോടെയാണത്രെ! ഇവരുടെയൊക്കെ ദൈവം കറന്‍സിക്കെട്ടും മന്ത്രിസ്ഥാനവുമാണെന്ന് പറയേണ്ടതില്ലല്ലോ. കൂറൂമാറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഹിന്ദുത്വ പാര്‍ട്ടിയാണെന്നിരിക്കെ ഈ ഭരണം തുടരുവോളം കൂറുമാറ്റ നിയമത്തില്‍ ജനാധിപത്യത്തിന്റെ ചൈതന്യം പ്രതിഫലിപ്പിക്കുന്ന ഒരു ഭേദഗതിയും പ്രതീക്ഷിക്കേണ്ടതില്ല. സത്യത്തില്‍ കൂറുമാറ്റം ഇവിടെ നടക്കുന്നില്ലെന്നതാണ് ശരി. കൂറുമാറ്റക്കാര്‍ക്ക് പണ്ടേ കൂറ് ജനങ്ങളോടോ സ്വന്തം പാര്‍ട്ടിയുടെ ആദര്‍ശത്തോടോ ഒന്നുമല്ല, സ്വന്തത്തോട് മാത്രമാണ്. പാര്‍ട്ടിയിലും പാര്‍ട്ടി സര്‍ക്കാറുകളിലും ലഭിക്കാവുന്ന സകല പദവികളും കൈവന്നശേഷം ജീവിത സായാഹ്നത്തില്‍ പുതിയ തലമുറക്കു വേി സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് മാറേണ്ടി വന്നപ്പോള്‍ നേതൃത്വത്തെയും പാര്‍ട്ടിയെയും തള്ളിപ്പറഞ്ഞു മറുകണ്ടം ചാടിയ മഹാന്മാര്‍ കേരളത്തിന് പോലും അപരിചിതരല്ലല്ലോ. സ്വന്തത്തോട് മാത്രമാണ് തന്റെ കൂറെന്നതിന് ഇതില്‍പരം തെളിവ് വേണ്ടതില്ല. യശശ്ശരീരനായ മൗലാനാ അബുല്‍ കലാം ആസാദ് ഒരിക്കല്‍ രോഷാകുലനായി പറഞ്ഞുവത്രേ: ''ഈ സമുദായത്തില്‍ എല്ലാവരും വില്‍ക്കപ്പെട്ടവരാണ്. ആരെങ്കിലും വില്‍ക്കപ്പെടാതെ ബാക്കിനില്‍ക്കുന്നുണ്ടെങ്കില്‍ അത് വില തികയാത്തതു കൊണ്ടാണ്.'' നമ്മുടെ രാഷ്ട്രീയ നേതാക്കളെ സംബന്ധിച്ചേടത്തോളം അതാണ് ശരി. മൃദു ഹിന്ദുത്വ ഭൂമികയില്‍ ജയിച്ചു കയറിയവര്‍ തീവ്ര ഹിന്ദുത്വത്തിലേക്ക് കടന്നുകയറുക സമയത്തിന്റെ മാത്രം പ്രശ്‌നമാകുന്നു; നോട്ടിന്‍ കെട്ടും സ്ഥാനമാനങ്ങളും വെച്ചുനീട്ടുമ്പോള്‍ വിശേഷിച്ചും.
Comments