Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 11

3239

1443 റജബ് 10

ഉത്തമ സ്വഭാവങ്ങള്‍ പരിചയപ്പെടുത്തുന്ന കൃതി

കെ.എം അശ്‌റഫ് ശാന്തപുരം

ദിനേനയെന്നോണം നിരവധി ഉദ്‌ബോധന ഭാഷണങ്ങള്‍ക്ക് ചെവിയോര്‍ക്കുന്നവരാണ് നാം. പലപ്പോഴും ഇത്തരം സദസ്സുകള്‍  വിരസതയുടെ ഇടങ്ങളായി മാറുന്നുവെന്ന പരാതികള്‍ പരക്കെയുണ്ട്. പ്രഭാഷകരുടെ കഴിവുകേടുകളല്ല, ഉള്ളടക്കമാണ് ഈ മടുപ്പിന്റെ മുഖ്യ ഹേതു. വിവരപ്പുതുക്കങ്ങളില്ലാത്ത, ചര്‍വിത ചര്‍വണം ചെയ്യപ്പെട്ട കഥകളും ഉദ്ധരണികളും മാത്രമുള്ള വിവരണങ്ങള്‍ എങ്ങനെ വിരസമാവാതിരിക്കും! വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാത്തതാണ് യഥാര്‍ഥ പ്രശ്‌നം. മിമ്പറില്‍ കയറിയതിനു ശേഷം, ഇന്നെന്തു പറയാം എന്നാലോചിക്കുന്ന, ഒരു തുണ്ടു കടലാസില്‍ എഴുതിയ ആയത്തോ ഹദീസോ ഉണ്ടങ്കില്‍ അതുതന്നെ ധാരാളമെന്ന് കരുതുന്ന ധീര പരാക്രമികളും വിരളമല്ല.
യഥാര്‍ഥത്തില്‍ ഈ സുമനസ്സുകളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവരിലധികപേരും ഈയൊരു ധര്‍മം പ്രഫഷണലായി സ്വീകരിച്ചവരല്ല. ജീവിതത്തിന്റെ  രണ്ടറ്റം മുട്ടിക്കാനോടുന്ന ഒട്ടനവധി തിരക്കുകള്‍ക്കിടയില്‍, ഒരു സദസ്സിനെ അഭിമുഖീകരിക്കാനുള്ള ധൈര്യമുണ്ടെന്ന പിന്‍ബലത്തില്‍ കനത്ത സമ്മര്‍ദങ്ങളാല്‍ ഈ സാഹസങ്ങള്‍ക്ക് മുതിര്‍ന്നവരാണ്.
പ്രഭാഷണങ്ങളുടെ ഉള്ളടക്കം കനപ്പെട്ടതും ആസ്വാദ്യകരവുമാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനം, ഒരു ഖുത്വ്ബ കിറ്റ് (വിഷയ സംബന്ധിയായി പരതാന്‍ പറ്റുന്ന പുസ്തകങ്ങളുടെ ഒരു ശേഖരം) ഉണ്ടാവുകയെന്നതാണ്. പ്രമുഖരായ പല പ്രഭാഷകരും ഇത്തരം പുസ്തക ശേഖരം കരുതി വെച്ചവരാണ്. മര്‍ഹൂം  കെ.ടി അബ്ദുര്‍റഹീം സാഹിബ്, അബൂബക്‌റില്‍ ജസാഇരിയുടെ 'മിന്‍ഹാജുല്‍ മുസ്‌ലിമും'  മുഹമ്മദുല്‍ ഗസ്സാലിയുടെ 'ഖുലുഖുല്‍   മുസ്‌ലിമും' കരുതി വെക്കണമെന്ന് നിര്‍ദേശിച്ചത് ഓര്‍മയില്‍ നില്‍ക്കുന്നു. അറബി ഭാഷയറിയുന്നവരെ സംബന്ധിച്ചേടത്തോളം നിരവധി സൈറ്റുകളും ആപ്പുകളും ലഭ്യമാണെന്നിരിക്കെ ഇതു പ്രസക്തമാവണമെന്നില്ല. എന്നാല്‍  ഭാഷയില്‍ പ്രാഥമികമായ വിവരം മാത്രമുള്ളവരെ സംബന്ധിച്ചേടത്തോളം ഈ 'കിറ്റ്' അനിവാര്യമാണ്. വിശ്വാസം, സ്വഭാവ ഗുണങ്ങള്‍, ആരാധനകള്‍, ചരിത്രം തുടങ്ങി ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് നര്‍മോപദേശ കഥകള്‍ വരെ ഈ ശേഖരത്തിലാവാം. അറബി മൂലങ്ങള്‍ ഹര്‍കത്തോടു കൂടിയുള്ളവയാണങ്കില്‍ പ്രമാണങ്ങള്‍ തെറ്റുകൂടാതെ ഉദ്ധരിക്കാന്‍ ഏറെ സഹായകമാവും. മലയാളത്തിലെ നിരവധി ഇസ്‌ലാമിക പ്രസിദ്ധീകരണാലയങ്ങള്‍ ഈ ശ്രേണിയില്‍ പെട്ട ഒട്ടു വളരെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്പോഴിങ്ങനെ  കുറിക്കാന്‍ കാരണം  ഹൈദരലി ശാന്തപുരം രചിച്ച 'മുസ്ലിം സ്വഭാവം' (പ്രസാധനം: ഐ.പി എച്ച്, പേജ്: 152) എന്ന ഗ്രന്ഥം കൈകളിലെത്തിയതാണ്. നടേ സൂചിപ്പിച്ച പ്രഭാഷകരുടെ ശേഖരത്തിലേക്ക് തികച്ചും മുതല്‍ക്കൂട്ടായ കൃതി. പതിനാറു തലവാചകങ്ങളിലായി, ഒരു മുസ്ലിമിന് അനിവാര്യമായും ഉണ്ടാകേണ്ട ഉത്തമ സ്വഭാവങ്ങള്‍ സുഗ്രാഹ്യമായ ഭാഷയില്‍ ലളിതമായ ശൈലിയില്‍ പ്രതിപാദിച്ചിരിക്കുന്നു. ഓരോ വിഷയങ്ങള്‍ക്കും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പിന്‍ബലമുള്ള അവതരണങ്ങള്‍. അറബി മൂലങ്ങള്‍ക്ക് 'ഹറകത്തുകള്‍' നല്‍കിയിട്ടുണ്ട്. പ്രഭാഷകര്‍ മാത്രമല്ല, ഏതൊരു മുസ്‌ലിമും വായിച്ചു പകര്‍ത്തേണ്ടുന്ന  കാര്യങ്ങള്‍. ഗ്രന്ഥകാരന്റെ എഴുത്തുകള്‍ക്ക് കൂടുതല്‍ സാദൃശ്യം  കെ.സി അബ്ദുല്ല മൗലവിയുടെ എഴുത്തുകളോടാണ്. ഖുര്‍ആന്‍/ഹദീസ് വാക്യങ്ങളെ ആശയതലത്തില്‍ പരാവര്‍ത്തനം നടത്തി, അവയുടെ അറബി ടെക്സ്റ്റ്  ഉദ്ധരിക്കുന്ന ആ രീതി തന്നെയാണ് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നതിന് ഉപകാരപ്പെടുക.
സല്‍സ്വഭാവത്തിന്റെ സദ്ഫലങ്ങള്‍, കാരുണ്യം, സത്യസന്ധത, ആരാധനാ കര്‍മങ്ങളുടെ ലക്ഷ്യങ്ങള്‍, പാപമുക്തി, ആഹാര കാര്യങ്ങളിലും സദസ്സിലും പാലിക്കേണ്ട മര്യാദകള്‍, വിശ്വാസി ഒഴിവാക്കേണ്ട നാശഹേതുവായ അസൂയ, പരദൂഷണം തുടങ്ങിയ നീചവൃത്തികളുടെ അപകടങ്ങള്‍ എന്നിത്യാദി വിഷയങ്ങളാണ്  കൃതിയുടെ ഉള്ളടക്കം.
1998-ല്‍ ഐ പി.എച്ച് പ്രസിദ്ധീകരിച്ച, ഗ്രന്ഥകാരന്റെ തന്നെ രചനയായ 'സംസ്‌കരണ ചിന്തകളു'ടെ തുടര്‍ച്ചയാണ് ഈ കൃതി എന്നു പറയാം.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-32-37
ടി.കെ ഉബൈദ്‌

ഹദീസ്‌

നല്ലതിലേക്ക് വഴികാട്ടുന്നതും പുണ്യം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌