Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 11

3239

1443 റജബ് 10

ഹിജാബ് നിരോധനം അവകാശ ധ്വംസനമാണ്‌

സഈദ് പൂനൂര്‍

കേരളത്തിലെ മുസ്ലിംസ്ത്രീകളെ നിരന്തരം പ്രശ്നവല്‍ക്കരിച്ച് പ്രതിരോധത്തിലാക്കുകയെന്നത് ആസൂത്രിത നീക്കമാണ്. ഹിജാബ്, പര്‍ദ, വിവാഹപ്രായം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങള്‍ ഓരോന്നായി കത്തിച്ചു നിര്‍ത്തി അതിന്റെ പുകമറയില്‍ അള്‍ട്രാ ഫെമിനിസം കടത്തിവിടാനും കപട മതേതരത്വം ചമയാനുമുള്ള വ്യഗ്രതയാണ് നാം കാണുന്നത്.
കാലങ്ങളായി അതിന് കാര്‍മികത്വം വഹിക്കുന്ന ഇടതുപക്ഷം,  നിയമസംവിധാനങ്ങള്‍ വരെ ഉപയോഗപ്പെടുത്തി 'ഭംഗിയായി' അക്കാര്യങ്ങള്‍ നിര്‍വഹിച്ചു പോരുന്നുമുണ്ട്. അതില്‍ ഒടുവിലത്തേതാണ് ഹിജാബ് ധരിച്ച് ഒരാള്‍ക്ക് എസ്.പി കേഡറ്റാകാനാവില്ലെന്ന സര്‍ക്കാര്‍ ഉത്തരവ്. സെക്യുലറിസത്തെ ബാധിക്കും എന്നാണ് സര്‍ക്കാറിന്റെ ന്യായം.
ഉത്തരവില്‍ gender-neutral uniforms എന്ന് മാത്രം ബോള്‍ഡാക്കി with no religious obligation എന്ന് പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷം ഉയര്‍ത്തുന്ന gender- neutral വാദങ്ങളുടെ വ്യാപ്തി മനസ്സിലാക്കാന്‍ ഈ ഉത്തരവ് സഹായകമാണ്.
സ്‌കൂളിലെ ഒരു കോ കരിക്കുലര്‍ ആക്ടിവിറ്റിയില്‍ ഒരു വിദ്യാര്‍ഥിക്ക് പങ്കെടുക്കണമെങ്കില്‍ അടിസ്ഥാനപരമായ മതാചാര ചിട്ടകള്‍ (Essential Religious Practice) പോലും ഉപേക്ഷിക്കണം എന്നു വരുന്നത് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വെക്കുന്ന മതേതരത്വ സങ്കല്‍പ്പത്തോട് ചേര്‍ന്നു നില്‍ക്കുന്നതല്ലെന്നു മാത്രമല്ല ഭരണഘടന  ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള  മൗലികാവകാശത്തിന്റെ ലംഘനം കൂടിയാണ്.
ഇതൊരു പോലീസ് സേനയുമായി ബന്ധപ്പെട്ട നിലപാടാണ് എന്നതാണ് സര്‍ക്കാറിന്റെ  വാദം. ശരിയാണെന്നു തോന്നാം. സേനയില്‍ എന്തൊക്കെ നടക്കുന്നു, എന്തൊക്കെ അനുവദിക്കുന്നു എന്നതൊക്കെ മാറ്റിവെച്ചാലും ലോകത്ത് തന്നെ വിവിധ ജനാധിപത്യ രാജ്യങ്ങള്‍ പോലീസ് സേനയിലും സൈന്യത്തിലുമൊക്കെ വിശ്വാസ സ്വാതന്ത്ര്യം യൂനിഫോമില്‍ അനുവദിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചു കഴിഞ്ഞ  കാലമാണിത്. ഇന്ത്യയില്‍ തന്നെ അത്തരം സേനാ വിഭാഗങ്ങളുണ്ട്. ദേശീയ ഗാനം ചൊല്ലുന്ന സമയത്ത് വരെ ഇളവനുവദിക്കാന്‍ സാധ്യമാകുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്.
മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകള്‍ ഇന്ത്യയിലുണ്ട് എന്നിരിക്കെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന് തലയും കൈയും മറച്ചുള്ള യൂനിഫോം അനുവദിക്കില്ല എന്ന സര്‍ക്കാര്‍ തീരുമാനം മൗലികാവകാശങ്ങളുടെ ലംഘനമാണ്. മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന വാദവും ബാലിശമാണ്. ഇന്ത്യന്‍ ആര്‍മിയില്‍ മതപരമായ വസ്ത്രം ധരിക്കുന്ന ധാരാളം  സിഖ് സൈനികരുണ്ട്. സിഖ് റെജിമെന്റ് എന്ന പേരില്‍ ഒരു റെജിമെന്റ് തന്നെയുണ്ട് ഇന്ത്യന്‍ ആര്‍മിയില്‍. മതപരമായ വസ്ത്രം ധരിക്കണമെന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന എസ്.പി.സിയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ലന്ന് മാത്രമല്ല അതിനെ മതേതരത്വത്തിന്റെ ലേബലൊട്ടിക്കുന്നത് എന്തു മാത്രം പ്രഹസനമാണ്!
യൂനിഫോമിന്റെ സാങ്കേതികത്വം പറഞ്ഞു അനുവദിക്കില്ലെന്ന് പറഞ്ഞാല്‍ ഒരു വാദത്തിനു സമ്മതിക്കാം. പക്ഷേ, ഹിജാബ് അനുവദിച്ചാല്‍ മതേതരത്വം ഇല്ലാതാവുമെന്നതിന്റെ ലോജിക് മനസ്സിലാവുന്നില്ല.
നെറ്റിയില്‍ പൊട്ടുതൊടാം, കഴുത്തില്‍ കുരിശുമാലയിടാം, പരേഡ് നടത്തുമ്പോള്‍ അത്യുച്ചത്തില്‍ 'സ്വാമിയേ ശരണമയ്യപ്പാ' എന്ന് ശരണം വിളിക്കാം, വേണമെങ്കില്‍ 'ജയ് ശ്രീരാ'മും വിളിക്കാം, റിപ്പബ്ലിക് ദിനപരേഡുകളില്‍ ഹിന്ദുപുരാണങ്ങളുടെ മാത്രം പ്ലോട്ടുകളും അണിനിരത്താം. പക്ഷേ യൂനിഫോമിനൊപ്പം സ്റ്റുഡന്റ് പോലീസിലെ ഒരു പെണ്‍കുട്ടി തലയില്‍ തട്ടം ധരിച്ചാല്‍ മതേതര കേരളത്തിന്റെ സെക്യുലറിസം തകര്‍ന്ന് തരിപ്പണമായിപ്പോകുമത്രെ..!
ഇന്ത്യന്‍ സെക്യുലറിസത്തെ കുറിച്ചുള്ള സംവാദങ്ങളില്‍ ഇടതുപക്ഷ ഭരണകൂടത്തിനു മത ചിഹ്നങ്ങള്‍ മതേതരത്വത്തിനു ഭീഷണിയാണ് എന്ന നിലപാടുണ്ടോ?
വനിതാ മതില്‍ പണിയാനും ഭക്ഷണപ്പൊതി വിളമ്പാനും ഞങ്ങളിലുള്ളത് മാനവരക്തം എന്നു പാടാനും ഉപയോഗിച്ച അതേ ഹിജാബും പര്‍ദയും എത്ര പെട്ടെന്നാണ് ഈ നാട്ടിലെ മതേതരത്വത്തെ തകര്‍ക്കുന്ന വിലക്കപ്പെട്ട ഒന്നായി മാറിയത്!
സ്റ്റുഡന്റ് പോലീസില്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമുപയോഗിച്ച് ഹിജാബ് ധരിച്ചാല്‍ അത് മതേതരത്വത്തെ തകര്‍ക്കലും, അതേസമയം കേഡറ്റുകള്‍ 'സ്വാമിയേ ശരണമയ്യപ്പ' വിളിച്ചു പരേഡ് പ്രാക്ടീസ് ചെയ്താല്‍ അത് മതേതരത്വത്തെ സംരക്ഷിക്കലുമാണത്രേ.
മിലിട്ടറി ഫോഴ്സിനകത്ത് അമേരിക്കയില്‍ ഹിജാബും തലപ്പാവും താടിയും വെക്കാം (New Military Policy 2020), യു.കെയില്‍ ഹിജാബും തലപ്പാവും മത ചിഹ്നങ്ങളുമാവാം (Equality Act 2010), 
ന്യൂസിലാന്റില്‍ പോലീസില്‍ ഹിജാബ് ധരിക്കാം (2020), ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് സിഖ് തലപ്പാവും താടിയുമാകാം, മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് എസ്.പി കേഡറ്റില്‍ ഹിജാബ് പാടില്ല!
കെ.റെയില്‍ എന്തിനെന്ന് ചോദിക്കുമ്പോള്‍ ദുബൈയിലേക്കും ജപ്പാനിലേക്കും നോക്കൂ എന്ന് മറുപടി പറയുന്ന ഇടതുപക്ഷം, സ്റ്റുഡന്റ് പോലീസ് കേഡറ്റില്‍ ഹിജാബ് അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോള്‍ യു.കെ, യു.എസ്, ന്യൂസിലാന്റ്്, സിഖ് പട്ടാളക്കാര്‍ എന്നിവിടങ്ങളിലെ ഹിജാബ്, തലയില്‍ കെട്ട് നിയമങ്ങള്‍ നോക്കൂ എന്ന് പറയുന്നത് കേട്ടില്ല.
പുരോഗമനത്തിന്റെ അളവുകോല്‍ യൂറോ കേന്ദ്രീകൃത സര്‍ക്കിളില്‍ കൊണ്ട് നാട്ടുന്നവര്‍ ഈ വിഷയത്തില്‍ യൂറോപ്പിലേക്ക് നോക്കാന്‍ പറയില്ല.
മതനിഷേധത്തില്‍ അധിഷ്ഠിതമായ പാശ്ചാത്യ സെക്യുലറിസത്തില്‍നിന്ന് വ്യത്യസ്തമായി മതങ്ങളെ ചേര്‍ത്ത് പിടിച്ചു കൊണ്ടുള്ള സെക്യുലര്‍ രീതിയാണ് ഇന്ത്യയിലുള്ളത്. മതങ്ങളെ ഉള്‍ക്കൊള്ളുന്ന, ഹിജാബിട്ട പോലീസ് അംഗങ്ങളെ സ്വാഗതം ചെയ്ത് കൊണ്ട് എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ പാശ്ചാത്യര്‍ ശ്രമങ്ങള്‍ ആരംഭിക്കുമ്പോള്‍ ഇവിടെ നമ്മള്‍ തിരിച്ച് പാശ്ചാത്യര്‍ കൈവിട്ട സിദ്ധാന്തങ്ങളിലേക്ക് തിരിച്ചുപോകുന്നു! മതവസ്ത്രങ്ങള്‍ സേനയുടെ 'മതേതര' നിലപാടിന് തിരിച്ചടിയാണെങ്കില്‍ ആ മതേതരത്വം  പുനര്‍നിര്‍വചിക്കപ്പെടേണ്ടതുണ്ട്.
പൊതുസ്ഥലത്ത് ഹിജാബ് ധരിക്കുന്നത്   ഫ്രാന്‍സ് അടക്കമുള്ള ചുരുക്കം രാജ്യങ്ങളില്‍ തര്‍ക്കവിഷയമാണ്. പൊതുജീവിതത്തില്‍നിന്ന് മതത്തെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്ന മതേതരത്വത്തിന്റെ കര്‍ശനമായ മാതൃകയാണ് ഫ്രാന്‍സ് പിന്തുടരുന്നത് എന്നത് തന്നെയാണ് അതിന്റെ കാരണം. 2004-ല്‍ ഹിജാബ് ഉള്‍പ്പെടെയുള്ള പ്രമുഖ മതചിഹ്നങ്ങള്‍ സ്‌കൂളുകളില്‍നിന്ന് നിരോധിച്ചതും 2011-ല്‍ പൊതു ഇടങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ബുര്‍ഖ നിരോധിച്ചതും അതിന്റെ ഭാഗമായിരുന്നു. എന്നാല്‍ അതേസമയം ഇന്ത്യന്‍ മതേതരത്വത്തിന്റെ  മാതൃക വ്യത്യസ്തമാണ്. പൊതു ഇടങ്ങളില്‍നിന്ന് മതത്തെ തുടച്ചുനീക്കുന്നതിന് പകരം എല്ലാ വിശ്വാസങ്ങള്‍ക്കും തുല്യ ബഹുമാനം നല്‍കാന്‍ അത് ശ്രമിക്കുന്നുണ്ട്. അതിനാല്‍ ഹിജാബ് നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കം  ഇന്ത്യന്‍ നിയമപ്രകാരം ന്യായീകരിക്കാനാവില്ല.
മതേതരത്വത്തെ കുറിച്ചുള്ള പാശ്ചാത്യ വീക്ഷണങ്ങളുടെ അടിസ്ഥാനം തന്നെ അത് മതങ്ങളെ വ്യക്തിജീവിതത്തിലേക്ക് താഴ്ത്തിക്കെട്ടുന്നു എന്നതായിരുന്നു. എന്നാല്‍ മതങ്ങള്‍ ആഗോള സമൂഹങ്ങളില്‍ നിര്‍വഹിക്കുന്ന വലിയ പങ്കിനെ കുറിച്ചുള്ള പഠനങ്ങള്‍ അടുത്ത കാലത്തായി പുറത്തുവരുന്നുണ്ട്. 2007-ല്‍ പ്രസിദ്ധീകരിച്ച ചാള്‍സ് ടൈലറുടെ അ ടലരൗഹമൃ അഴല എന്ന കൃതി ഇതില്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്. മതം മുഖ്യധാരയില്‍ നിലനില്‍ക്കുന്ന സമൂഹങ്ങള്‍ക്ക് ആധുനികതയെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്ന പാശ്ചാത്യ  വീക്ഷണത്തെ അദ്ദേഹം തിരുത്തിയെഴുതി.
വ്യത്യസ്ത  ഭൂമിശാസ്ത്ര -സാമൂഹിക- രാഷ്ട്രീയ-സാംസ്‌കാരിക ചുറ്റുപാടുകളിലെ മുസ്‌ലിം സ്ത്രീയുടെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ടു നിരവധി അക്കാദമിക പഠനങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. അത്തരമൊരു പുസ്തകമാണ് 2012-ല്‍ വണ്‍വേര്‍ഡ് പബ്ലിക്കേഷന്‍സ് പ്രസിദ്ധികരിച്ച The Islamic Veil : Beginner's Guide. അമേരിക്കയിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂനിവേഴ്‌സിറ്റിയില്‍ റിലീജ്യസ് സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രഫസറായ എലിസബത്ത് ബുകാര്‍ (Elizabeth Bucar) ആണ് രചയിതാവ്. ബുകാറിനെ ഈ പുസ്തകത്തിന്റെ രചനയിലേക്ക് എത്തിച്ചത് പ്രധാനമായും രണ്ട് കാരണങ്ങളാണ്.  ഒന്ന്: ഇന്ന് ലോകത്ത് നടക്കുന്ന സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ പ്രഥമ സ്ഥാനത്താണ് മുസ്‌ലിം സ്ത്രീയുടെ വേഷം. അതുകൊണ്ടുതന്നെ ഈ വിഷയം ഗൗരവപരമായ സംവാദത്തിനു വിധേയമാകേണ്ടതുണ്ട്. രണ്ട്: മുസ്‌ലിം സ്ത്രീകള്‍ വസ്ത്രത്തോട് സ്വീകരിക്കുന്ന വ്യത്യസ്ത സമീപനങ്ങളെ അടയാളപ്പെടുത്താനുള്ള ശ്രമം. മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണത്തെ മതേതരത്വത്തിന്റെ വൈവിധ്യങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തരുതെന്നാണ് എലിസബത്ത് ബുകാറിന്റെ വാദം.

സ്റ്റുഡന്റ് പോലീസ് കേഡറ്റും 
ഹിജാബും

സ്റ്റുഡന്റ് പോലീസ് കേഡറ്റില്‍  മുസ്്‌ലിം പെണ്‍കുട്ടിയുടെ ആവശ്യം, തന്റെ തലമുടി മറയുന്ന രീതിയില്‍   മഫ്ത കൊണ്ട് തല മറച്ച്  അതിന് മുകളില്‍ തൊപ്പി വെക്കാന്‍ അനുവദിക്കണമെന്നാണ്. പക്ഷേ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയപ്പോള്‍ തല മറയ്ക്കുന്ന മഫ്തയെ, ശരീരം മൊത്തം മറയ്ക്കുന്ന പര്‍ദ എന്ന രീതിയില്‍ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് സൈബര്‍ സഖാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. പരാതിക്കാരി ആവശ്യപ്പെട്ട പോലെയുള്ള മഫ്ത യൂനിഫോമിറ്റി ഇല്ലാതാക്കുമെന്ന് സാങ്കേതികമായി വാദിക്കാമെങ്കിലും  മഫ്ത  സെക്യൂലറിസത്തെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ മറുപടിയായി പറഞ്ഞിട്ടുള്ളത്. എന്‍.സി.  സി പരേഡില്‍ ശരണം വിളിക്കുമ്പോഴും പോലീസ് സ്റ്റേഷനില്‍ പൂജ നടത്തുമ്പോഴും പുതിയ സര്‍ക്കാര്‍ പദ്ധതികള്‍ ആരംഭിക്കുന്നതിന് മുമ്പ് ഭൂമി പൂജ നടത്തുമ്പോഴും തകര്‍ന്നു വീഴാത്ത ഏത് സെക്യൂലറിസമാണ് ഇപ്പോള്‍ മാത്രമായി തകര്‍ന്നു വീഴുന്നതെന്ന് മനസ്സിലാവുന്നില്ല. ഇടതുപക്ഷ സര്‍ക്കാറിന്റെ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ തീരുമാനമെടുക്കണമെന്ന്  ആ വിദ്യാര്‍ഥിനി മുഖ്യമന്ത്രിയോടും അപേക്ഷിച്ചിരുന്നു.  വനിതാ മതിലില്‍ പര്‍ദയിട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കുമ്പോഴും പൊതുയിടങ്ങളില്‍ അവരുടെ വസ്ത്രങ്ങള്‍ സെക്യുലര്‍ സ്പേസിന് വിള്ളല്‍ വീഴ്ത്തുന്നുണ്ടെങ്കില്‍ ആ സെക്യുലര്‍ സങ്കല്‍പ്പം എത്ര അബദ്ധമാണ്! അതിനെ ഭരണകൂടം എങ്ങനെ വ്യഖ്യാനിക്കുന്നു എന്നത് ആ ഭരണകൂടത്തിന്റെ രാഷ്ട്രീയമാണ്. സര്‍ക്കാറിനെ ന്യായീകരിക്കാന്‍ ഇറങ്ങുന്നവര്‍ അവരവരുടെ മതേതര സങ്കല്‍പ്പം എത്ര ജനാധിപത്യ വിരുദ്ധവും സങ്കുചിതവുമാണ് എന്നാലോചിക്കുന്നത് നല്ലതാണ്.
ഈ ഉത്തരവിറക്കുന്നതിനു പകരം പരാതിക്കാരിയോട് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാനാണ് പലവുരു ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. സര്‍ക്കാര്‍ നിലപാട് വ്യക്തമായ സ്ഥിതിക്ക് ഭരണഘടനാ രൂപീകരണ  അസംബ്ലിയിലെ ചര്‍ച്ചകളുടെ കാലം തൊട്ട് നടക്കുന്ന മതേതരത്വത്തെ കുറിച്ചുള്ള സംവാദങ്ങള്‍ തുടരുന്ന തരത്തില്‍ ഈ നിയമ-അവകാശ-രാഷ്ട്രീയ പോരാട്ടം തുടരേണ്ടതുണ്ട്. നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് പരാതിക്കാരിയും കുടുംബവും തീരുമാനിച്ചിട്ടുള്ളത്. തങ്ങളുടെ മതേതരത്വമെന്താണെന്ന് ഭരണകൂടവും വ്യക്തമാക്കട്ടെ.
കര്‍ണാടകയിലെ ഉഡുപ്പിയിലും സര്‍ക്കാര്‍ ഗേള്‍സ് യൂനിവേഴ്സിറ്റി കോളേജിലെ  ആറ് മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഇക്കഴിഞ്ഞ മൂന്നാഴ്ചയായി  പ്രവേശനം നിഷേധിച്ചിരിക്കുന്നു. ശിരോവസ്ത്രം സ്ഥാപനത്തിന്റെ ഡ്രസ്‌കോഡ് ലംഘനമാണെന്നാണ് കോളേജിന്റെ വാദം. ക്ലാസില്‍ പ്രവേശിക്കണമെങ്കില്‍ ഹിജാബ് ധരിക്കുന്നത് ഒഴിവാക്കാനാണ് പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. അവിടെ പക്ഷേ മതേതരത്വം പറഞ്ഞ് വെള്ള പൂശിയില്ലെന്ന് മാത്രം.

ജുഡീഷറിയും ഭരണഘടനയും 
അവകാശവും

നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമായി ആമുഖത്തില്‍ പറയുന്നത്. ആര്‍ട്ടിക്ക്ള്‍ 25 പ്രകാരം, ഒരോരുത്തര്‍ക്കും താന്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും ആ വിശ്വാസം പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നു. ഒപ്പം മതസമൂഹങ്ങളുടെയും വിവിധ ജനവിഭാഗങ്ങളുടെയും ആചാരങ്ങളും സംസ്‌കാരവും സംരക്ഷിക്കപ്പെടണമെന്നാണ് ഭരണഘടനയുടെ താല്‍പര്യം. സിഖ് സമുദായം വിശ്വാസത്തിന്റെ ഭാഗമായി കരുതുന്ന അവരുടെ കത്തി കൊണ്ടുനടക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് പ്രത്യേകം എടുത്ത് പറഞ്ഞ് ആര്‍ട്ടിക്ക്ള്‍ 25 നല്‍കുന്ന വിശാലമായ സ്വാതന്ത്ര്യം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല നിരവധി കോടതി വിധികള്‍ മതവിശ്വാസത്തിന്റെ ഭാഗമായുള്ള വസ്ത്ര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.
ഭക്ഷണത്തിനുള്ള അവകാശവും പാര്‍പ്പിടത്തിനുള്ള അവകാശവും സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ (ICESCR) ആര്‍ട്ടിക്ക്ള്‍ 11 പ്രകാരം അംഗീകരിക്കപ്പെട്ട മതിയായ ജീവിത നിലവാരത്തിനുള്ള അവകാശത്തിന്റെ ഭാഗമാണ് മതപരമായ വസ്ത്രാവകാശം. സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ (UDHR) ആര്‍ട്ടിക്ക്ള്‍ 25 പ്രകാരവും ഹിജാബ് അടക്കമുള്ള വസ്ത്രത്തിനുള്ള അവകാശം ഭരണകൂടത്തിന് തടയാനാവില്ല.
വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് സമാനമായ കേസുകള്‍ കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഇതിനകം വന്നിട്ടുണ്ട്. അഖിലേന്ത്യ പ്രീ-മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റിന്റെ കോഡുമായി ബന്ധപ്പെട്ടതായിരുന്നു അത്. ഇതിന് മറുപടിയായി 2015-ലും 2016-ലും വിദ്യാര്‍ഥികള്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രണ്ടുതവണയും വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ കോടതി അനുമതി നല്‍കുകയാണ് ചെയ്തത്. ഈ രീതിയിലുള്ള വസ്ത്രധാരണത്തിലും കബളിപ്പിക്കാനുള്ള സാധ്യത എന്ന നിയമപരമായ ആശങ്കകള്‍ ഉണ്ടാകുമെന്നതിനാല്‍ ഒരു വനിതാ ഇന്‍വിജിലേറ്റര്‍ക്ക് ഉദ്യോഗാര്‍ഥികളെ പരിശോധിക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇത് സുഗമമായി നടത്തുന്നതിനായി പരീക്ഷയുടെ നിശ്ചിത സമയത്തിന്റെ അരമണിക്കൂര്‍ മുമ്പ് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
2015-ല്‍ കേരള ഹൈക്കോടതി സമാനമായ മറ്റൊരു കേസ് പരിഗണിക്കുകയും അതേ നിഗമനത്തില്‍ എത്തുകയും ചെയ്തു. ഇന്ത്യയെ പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്ത്, 'ഒരു പത്യേക ഡ്രസ്സ് കോഡ് പിന്തുടരണമെന്ന് നിര്‍ബന്ധിക്കാനാവില്ല എന്നും അത് പാലിക്കാത്തത് കൊണ്ട് മാത്രം ഒരു വിദ്യാര്‍ഥിയെ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കാന്‍ കഴിയില്ല' എന്നുമാണ് കോടതി നിരീക്ഷിച്ചത്. ഇത്തരത്തിലുള്ള വസ്ത്രധാരണം പൊതുക്രമത്തിനോ ധാര്‍മികതക്കോ ആരോഗ്യത്തിനോ ഒന്നും കോട്ടം വരുത്തുന്നില്ലെന്നും, ഭരണഘടന ഉറപ്പ് നല്‍കുന്ന മറ്റു മൗലികാവകാശങ്ങളെ തടസ്സപ്പെടുത്തുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
സുപ്രീംകോടതി വിധിയെ കൊല്‍ക്കത്തയിലെ പശ്ചിമ ബംഗാള്‍ നാഷ്‌നല്‍ യൂനിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സിലെ നിയമ പ്രഫസറായ വിജയ് കിഷോര്‍ തിവാരി വിശദീകരിക്കുന്നത് ഇങ്ങനെയാണ്: 'ഒരു വ്യക്തി തന്റെ മതം അനുശാസിക്കുന്ന ഒരു പ്രത്യേകതരം വസ്ത്രം ധരിക്കണമെന്ന് കരുതുന്നുവെങ്കില്‍, ഭരണഘടന അയാള്‍ക്ക് ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ തന്നെയാണ് അത് വരിക. അത് ധരിക്കാന്‍ അനുവദിക്കണമെന്നത് ജനാധിപത്യ സാമൂഹിക കരാറിന്റെ ഭാഗമാണ്; ആരോഗ്യവും പൊതുനയവും ഒന്നും തന്നെ ഇവിടെ ലംഘിക്കപ്പെടുന്നില്ല.'  
എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ അനുഷ്ഠാന, സാംസ്‌കാരിക സ്വാതന്ത്ര്യമുണ്ട് എന്നു വിശദീകരിക്കുന്ന കൂട്ടത്തില്‍, സിഖ് സമൂഹത്തിന് അവരുടെ കൃപാണം കൊണ്ടു നടക്കാനുള്ള അവകാശം അവരുടെ മതകീയ അവകാശത്തില്‍ പെട്ടതാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കൃപാണം  മൂര്‍ച്ചയുള്ള ഒരു ആയുധമാണ്. അത് മതവിശ്വാസത്തിന്റെ ഭാഗമെന്ന നിലയില്‍ കൊണ്ടുനടക്കാനുള്ള അവകാശമുണ്ട്. മൂര്‍ച്ചയുള്ള ഒരായുധത്തിന് പോലും മത വിശ്വാസത്തിന്റെ പേരില്‍ വലിയ ബഹുമാനവും ആദരവും കല്‍പിക്കുകയും, അനുവാദം നല്‍കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ പക്ഷെ മുസ്ലിം പെണ്‍കുട്ടികളുടെ വിശ്വാസത്തിന്റെ ഭാഗമായ ഹിജാബ് മതേതരത്വത്തിന്റെ പുറത്തു നിര്‍ത്തുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.

കപട മതേതരത്വ - പുരോഗമനം

കഴിഞ്ഞ സീസണില്‍  'കത്തുന്ന വേനലില്‍ കറുത്ത പര്‍ദക്കുള്ളില്‍' എന്ന ലേഖനം കൊടുത്തു മുസ്ലിം പെണ്‍കുട്ടികളെ 'വിമോചിപ്പിക്കാന്‍' ലെഫ്റ്റ് - ലിബറല്‍  മാധ്യമങ്ങള്‍ സമരം ചെയ്തിരുന്നു. കോഴിക്കോട്ടുനിന്നിറങ്ങുന്ന എല്ലാ ലിബറല്‍ ഇടതു പ്രസിദ്ധീകരണങ്ങളിലും മുറതെറ്റാതെ വെളിച്ചം കാണുന്ന ലേഖനങ്ങള്‍ മുസ്ലിംപെണ്ണിന്റെ കണ്ണീരിനെക്കുറിച്ചായിരിക്കും.
ഇതര സമുദായത്തില്‍ കണ്ണീരൊഴുക്കുന്ന സ്ത്രീകളുടെ അത്ര വരില്ല ദാനധര്‍മങ്ങളും കൂട്ടുസംഗമങ്ങളും സാര്‍വത്രികമായ മുസ്ലിംസമൂഹത്തില്‍.  ആജീവനാന്തം വിവാഹം നിഷേധിക്കപ്പെട്ടു പര്‍ദയ്ക്കുള്ളില്‍ തീരുന്ന കന്യാസ്ത്രീകളും ജാതിയും നക്ഷത്രവും മൂലം വിവാഹജീവിതം നിഷേധിക്കപ്പെടുന്ന ഹൈന്ദവ (പ്രത്യേകിച്ചു കീഴാള) യുവതികളും ഈ എഴുത്തുകാരുടെ വിഷയമാകുന്നില്ല.  മുസ്ലിം സ്ത്രീകള്‍ തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് മതത്തെ ജീവിതത്തില്‍ അണിയുന്നതെന്നു വിമര്‍ശകര്‍ അറിയണം.
വിമര്‍ശകര്‍ വാഗ്ദാനം ചെയ്യുന്ന മാനസിക സമാധാനത്തേക്കാളും ആത്മാനന്ദത്തേക്കാളും വലിയ ആനന്ദവും സമാധാനവും വിമര്‍ശകരുടെ കണ്ണിലെ 'ഇരകള്‍' അനുഭവിക്കുന്നുണ്ട്. രോഗികള്‍ വൈദ്യനു മരുന്നു നിര്‍ദേശിക്കുന്ന വൈരുധ്യമാണിവിടെ സംഭവിക്കുന്നത്.
അടിച്ചമര്‍ത്തപ്പെട്ട മുസ്ലിം പെണ്‍കുട്ടികളെ ഉദാഹരിക്കാന്‍ ശാരദക്കുട്ടി  'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ മൈമൂനയെയും, ഉറൂബിന്റെ ഉമ്മാച്ചുവിനെയുമൊക്കെ ഉദാഹരിച്ചു. അവരെപ്പോലെ മതാതീതമായി ഗാര്‍ഹിക, സാമൂഹിക വ്യവസ്ഥക്കെതിരെ പടപൊരുതാനാണ് അവര്‍ മുസ്ലിം പെണ്‍കുട്ടികളെ ഉപദേശിക്കുന്നത്. കറുപ്പ് ചൂടിനെ ആഗിരണം ചെയ്യുന്നതാകയാല്‍ കറുത്ത പര്‍ദ ധരിച്ച് മുസ്ലിം സ്ത്രീകളെല്ലാം മതാധികാരത്തിന്റെ ചൂടില്‍ എരിയുകയാണെന്നാണ് മുമ്പ് ഒരു 'മതേതര ബുദ്ധിജീവി' എഴുതിയത്. ലോകത്തെങ്ങുമുള്ള പുരുഷ എക്സിക്യൂട്ടീവുകള്‍ കറുത്ത കോട്ടാണ് ധരിക്കുന്നതെന്ന യാഥാര്‍ഥ്യം അയാള്‍ മനഃപൂര്‍വം വിസ്മരിക്കുകയായിരുന്നു. പര്‍ദ ധരിച്ചാല്‍ അള്‍സേഷ്യന്‍ പട്ടി കടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളത്തിലെ ഒരു ദേശീയ പത്രം എഴുതിയിരുന്നു. ഈ അസഹിഷ്ണുതയുടെ ഭാഗം തന്നെയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റിലും കര്‍ണാടക കോളേജുകളിലും ഏതാനും വര്‍ഷം മുമ്പ് കേരളത്തിലെ ആലുവ നിര്‍മല ഹൈസ്‌കൂളിലും കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിലുമെല്ലാം നാം  കണ്ടത്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-32-37
ടി.കെ ഉബൈദ്‌

ഹദീസ്‌

നല്ലതിലേക്ക് വഴികാട്ടുന്നതും പുണ്യം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌