Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 11

3239

1443 റജബ് 10

എം.പി അബ്ദുല്ല ഹാജി

ഒ.ടി മുഹ്‌യിദ്ദീന്‍ വെളിയങ്കോട്‌

അദ്ദേഹം പള്ളിയിലേക്ക് ജമാഅത്ത് നമസ്‌കാരത്തിന് വരുമ്പോള്‍ വഴിയിലിരിക്കുന്ന യുവാക്കളെ സമീപിച്ചു നമസ്‌കാരത്തിന്റെയും ജമാഅത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുകയും പള്ളിയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്യുമായിരുന്നു. ഇത് പതിവാക്കിയപ്പോള്‍ അദ്ദേഹത്തെ കാണുമ്പോള്‍ യുവാക്കള്‍ മാറിക്കളയാന്‍ തുടങ്ങി. ഈയിടെ വെളിയങ്കോട് വെസ്റ്റ് മഹല്ലില്‍ അന്തരിച്ച എം.പി അബ്ദുല്ലഹാജിയെ മഹല്ല് ഖബ്‌റിസ്ഥാനില്‍ മറമാടിയ ശേഷം അടുത്ത ഗൃഹാങ്കണത്തില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ പ്രസംഗിക്കവെ ഗൃഹനാഥന്‍ അനുസ്മരിച്ചതാണ് മുകളിലുദ്ധരിച്ചത്. വെളിയങ്കോട് സൗത്ത് കാര്‍കുന്‍ ഹല്‍ഖാ അംഗമായ അബ്ദുല്ലഹാജി അഗതികളുടെയും അശരണരുടെയും അത്താണിയായിരുന്നു. അനുസ്മരണയോഗത്തില്‍ പ്രസംഗിച്ച മഹല്ല് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍  തുടങ്ങിയ പ്രമുഖര്‍ ചൂണ്ടിക്കാട്ടിയത് ഈ മഹല്ലില്‍ ഇദ്ദേഹത്തെപ്പോലൊരു ഉദാരമതി ഉണ്ടായിട്ടില്ലെന്നാണ്. ഹല്‍ഖയുടെയും ഏരിയയുടെയും ഏത് സംരംഭത്തിനും സാമ്പത്തിക കണ്‍വീനറായി നിശ്ചയിക്കുക അദ്ദേഹത്തെയായിരുന്നു.
അബ്ദുല്ല ഹാജി മുസ്‌ലിം ലീഗിലൂടെയാണ് പൊതുരംഗത്തെത്തിയത്. പ്രവാസ ജീവിതത്തില്‍ ഷാര്‍ജയില്‍ 1997-ല്‍ ഗ്രീന്‍ഹൗസ് സ്ഥാപിച്ചു. അവിടുത്തെ ഒരു ഗ്രോസറിയില്‍ പങ്കാളിയായിരുന്ന ഹാജി ആദ്യമായി അവിടെയെത്തുന്ന മലയാളികള്‍ക്ക് താമസം, ഭക്ഷണം, ഫോണ്‍ സൗജന്യമായി നല്‍കി താങ്ങായി വര്‍ത്തിച്ചു. നാട്ടിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്ത് സ്ഥാപിച്ച അന്‍വാറുല്‍ ഇസ്‌ലാം വെളിയങ്കോട് വെസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. അണ്ടത്തോട് തഖ്‌വാ യതീംഖാനയുടെ യു.എ.ഇ പ്രസിഡന്റായിരുന്നു. വെളിയങ്കോട് വെസ്റ്റിലെ 'കാരുണ്യതീരം' ഉപദേശക സമിതിയംഗം, വെളിയങ്കോട് പെയ്ന്‍ ആന്റ് പാലിയേറ്റീവ് ഉപദേഷ്ടാവ്, കെ.എം.എസ് ചാരിറ്റബ്ള്‍ സൊസൈറ്റി ചെയര്‍മാന്‍, വെളിയങ്കോട് ഐ.എസ്.ടി ട്രഷറര്‍, വെളിയങ്കോട് മസ്ജിദുല്‍ ഫുര്‍ഖാന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വന്നിരുന്നു.
ബാബരി മസ്ജിദ് കൈയേറ്റം കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാര്‍ പ്രതിരോധിക്കാത്തതില്‍ പ്രതിഷേധിച്ചു സഖ്യകക്ഷിയായ മുസ്‌ലിം ലീഗ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ ഇബ്‌റാഹീം സുലൈമാന്‍ സേട്ട് ഐ.എന്‍.എല്‍ രൂപീകരിച്ചപ്പോള്‍ അബ്ദുല്ല ഹാജി അതില്‍ അണി ചേര്‍ന്നു.
മുപ്പത് വര്‍ഷം മുമ്പ് ഷാര്‍ജയിലായിരിക്കെ വട്ടേക്കാട് മുഹമ്മദ് സാഹിബ് മുഖേന ഹാജി ജമാഅത്തെ ഇസ്‌ലാമിയിലേക്ക് കടന്നുവന്നു. 27 വര്‍ഷമായി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ താമസമാക്കിയിട്ട്. തുടര്‍ന്നുള്ള ജീവിതം പ്രസ്ഥാനത്തിന് സമര്‍പ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായി.
കുറച്ചുകാലമായി പ്രാദേശിക അമീറിനെ കാണുമ്പോഴെല്ലാം തനിക്ക് വേണ്ടി പ്രര്‍ഥിക്കണമെന്നും തന്റെ കുടുംബത്തെ ചേര്‍ത്തു നിര്‍ത്തണമെന്നും വിശിഷ്യ മകനെ ചേര്‍ത്ത് പിടിക്കണമെന്നും വസ്വിയ്യത്ത് ചെയ്യുമായിരുന്നു. മകന്‍ ബിലാല്‍ സോളിഡാരിറ്റി പ്രവര്‍ത്തകനാണ്. മറ്റു മക്കള്‍: സുമയ്യ, സല്‍മ, റസിയ, ഫാത്വിമ. ഭാര്യ: ഹഫ്‌സ്വ.

ബീഫാത്വിമ ടീച്ചര്‍

സിറാജുദ്ദീന്‍ ഇബ്‌നു ഹംസ

ബീഫാത്വിമ ടീച്ചര്‍ നാഥനിലേക്ക് യാത്രയായി. കോഴിക്കോട് കളന്‍തോട് പ്രദേശത്ത് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ജാതി മത ഭേദമന്യേ തിങ്ങി നിറഞ്ഞ സദസ്സും സംസാരിച്ചവര്‍ക്ക് ഗദ്ഗദത്താല്‍ വാക്കുകള്‍ മുറിഞ്ഞ് പോയതും ടീച്ചറുടെ പ്രദേശത്തെ സ്വാധ്വീനം വിളിച്ചോതുന്നു. വാഴക്കാട് ദാറുല്‍ ഉലൂമില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി അധ്യാപന ജോലിയില്‍ പ്രവേശിച്ച ടീച്ചര്‍ ശിഷ്യഗണങ്ങളുടെ കണ്ണിലുണ്ണിയായി മാറിയത് യാദൃഛികമല്ല. ജോലിയുടെയും മറ്റും  ജീവിത തിരക്കുകള്‍ക്കിടയിലും പ്രസ്ഥാന പ്രവര്‍ത്തനം തപസ്യയായി കൊണ്ട് നടന്ന ടീച്ചര്‍ വനിതാ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
റിട്ടയര്‍മെന്റിന് ശേഷം പ്രസ്ഥാന പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ സജീവമാകാന്‍ തീരുമാനിച്ചു കാത്തിരുന്ന ടീച്ചര്‍ പക്ഷെ അധ്യാപന വൃത്തിയില്‍ നിന്ന് വിരമിച്ചതോടെ രോഗത്തിന്റെ പിടിയിലമര്‍ന്നത് സര്‍വ ശക്തന്റെ വിധി. രോഗത്തിന്റെ അവശതകള്‍ക്കിടയിലും അവര്‍ ഇസ്‌ലാമിക പ്രസ്ഥാനമാര്‍ഗത്തില്‍ തന്നാലാവുന്ന പ്രവര്‍ത്തനങ്ങളില്‍ നിരതയായി. ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലായിരിക്കെ ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ സമ്മേളനത്തിന് ഹൈദറാബാദില്‍ പോകണമെന്ന നിര്‍ബന്ധത്തെ മറികടക്കാന്‍ നേതൃത്വം അങ്ങോട്ട് വിളിച്ച് ലീവ് അനുവദിച്ച് കൊടുത്തതും, ഇഹ്തിസാബി യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കാന്‍ അനുവാദം നല്‍കിയിട്ടും പരമാവധി പങ്കെടുത്തതും ഇതിന്റെ ഒട്ടനവധി ഉദാഹരണങ്ങളില്‍ ചിലത് മാത്രം. നമുക്ക് പിന്തുടരാന്‍ ഏറെ മാതൃകകള്‍ ഇവിടെ ബാക്കി വെച്ചാണ് അവര്‍ അല്ലാഹുവിലേക്ക് യാത്രയായത്. കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ പല ഇടപെടലുകളും ടീച്ചര്‍ നടത്തിയിട്ടുണ്ട്. സക്കാത്തിന്റെയും സ്വദഖയുടെയും വിഹിതം കുടുംബത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൃത്യമായി എത്തിച്ചു കൊടുക്കുക പതിവായിരുന്നു.

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും, 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-32-37
ടി.കെ ഉബൈദ്‌

ഹദീസ്‌

നല്ലതിലേക്ക് വഴികാട്ടുന്നതും പുണ്യം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌