Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 11

3239

1443 റജബ് 10

രോഗ പീഡകള്‍ തളര്‍ത്താത്ത കര്‍മയോഗി

കെ.എം ബഷീര്‍, ദമാം, സുഊദി അറേബ്യ

ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് നമ്മെ വിട്ടുപിരിഞ്ഞ വി.കെ ജലീല്‍ സാഹിബ്. ഇസ്‌ലാമിക പ്രസ്ഥാനത്തോടൊപ്പം തന്നെ പേരു ചേര്‍ത്തുപറയുന്ന വി.കെ ഇസ്സുദ്ദീന്‍ മൗലവിയുടെ മകന്‍ അങ്ങനെ ആവാതിരിക്കാന്‍ തരമില്ല. ഇസ്‌ലാമിക പ്രസ്ഥാനത്തെ കേരളത്തില്‍ നട്ടുവളര്‍ത്തുന്നതില്‍ അശ്രാന്ത പരിശ്രമം നടത്തിയ നേതാക്കളില്‍ പ്രമുഖനായ വി.കെ ഇസ്സുദ്ദീന്‍ മൗലവിയുടെയും പി.എന്‍ ഉമ്മാത്തു കുട്ടിയുടെയും മകനായി 1951 മെയ് 12-നാണ് അദ്ദേഹത്തിന്റെ ജനനം. പിതാവിന്റെ തട്ടകമായിരുന്ന ആലിയാ അറബിക് കോളേജിലെ പ്രാഥമിക പഠനത്തിന് ശേഷം ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍നിന്നു പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്നു പ്രസ്ഥാന പ്രവര്‍ത്തന രംഗത്ത് സജീവമായി. പഠന കാലത്ത് തന്നെ ജമാഅത്തിന്റെ ആശീര്‍വാദത്തില്‍ രൂപീകരിച്ച ഐഡിയല്‍ സ്റ്റുഡന്റ്‌സ് ലീഗ് (ഐ.എസ്.എല്‍) എന്ന വിദ്യാര്‍ഥി സംഘടനയുടെ മലപ്പുറം ജില്ലാ പ്രസിഡന്റായും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ശാന്തപുരം പഠനം കഴിഞ്ഞ ഉടനെ പ്രബോധനം പത്രാധിപ സമിതിയില്‍ അംഗമാകാന്‍ കഴിഞ്ഞു, കൃതഹസ്തനായ ആ എഴുത്തുകാരന്. ഇടക്കാലത്ത് തന്റെ ഇസ്‌ലാമിക വ്യക്തിത്വ രൂപീകരണത്തിന് വലിയ പങ്ക് വഹിച്ച ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും ലഭിച്ചു.
മലര്‍വാടി ബാലമാസികയുടെ നടത്തിപ്പിലും തന്റേതായ പങ്ക് വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ചരിത്രാംശം ഏറെയുള്ള ഖദീജ തിരുനബിയുടെ പ്രഭാവലയത്തില്‍, ഹസ്രത് ഉമ്മു അയ്മന്‍, മുഹാജിര്‍, ഇസ്സുദ്ദീന്‍ മൗലവിയുടെ നാടുംവീടും എന്റെ ഓര്‍മകളും എന്നീ കൃതികളും സ്മരണകള്‍ സംഭവങ്ങള്‍, ഇസ്‌ലാം വാളിന്റെ തണലിലോ എന്നീ വിവര്‍ത്തന കൃതികളും അദ്ദേഹത്തിന്റേതായി കൈരളിക്ക് ലഭിച്ചിട്ടുണ്ട്.
1982-ലാണ് ജോലി ആവശ്യാര്‍ഥം അദ്ദേഹം ജിദ്ദയില്‍ എത്തുന്നത്. ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ ജിദ്ദയില്‍ പിച്ചവെച്ച് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. പണ്ഡിതനും ചിന്തകനും പ്രഭാഷകനുമായ വി.കെ ജലീല്‍ സാഹിബിന്റെ സാന്നിധ്യം പ്രസ്ഥാന വളര്‍ച്ചക്ക് വലിയ മുതല്‍ക്കൂട്ടായി. ഇസ്‌ലാമിക പ്രസ്ഥാനത്തിന് പൊതുസമൂഹത്തില്‍, പ്രത്യേകിച്ച് അഭ്യസ്തവിദ്യരില്‍ സ്വീകാര്യത ഉണ്ടാക്കിയെടുക്കുന്നതില്‍ അദ്ദേഹം ഏറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. 1982 മുതല്‍ 2004 വരെ ജിദ്ദയില്‍ ഉണ്ടായിരുന്ന കാലത്ത് ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നേതൃപരമായ പങ്ക് വഹിച്ചുകൊണ്ട് സജീവ സാന്നിധ്യമായി അദ്ദേഹം നിറഞ്ഞുനിന്നു.
പണ്ഡിതന്‍, എഴുത്തുകാരന്‍, വാഗ്മി, നേതൃ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന നേതാവ് എന്നീ നിലകളിലൊക്കെ രണ്ട് പതിറ്റാണ്ടിലേറെ കാലം അദ്ദേഹത്തെ അനുഭവിക്കാന്‍ ജിദ്ദയിലെ പൊതുസമൂഹത്തിനും അദ്ദേഹം നിലകൊണ്ട പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്കും ഭാഗ്യം ലഭിച്ചു. വൈജ്ഞാനികമായ ആഴവും പരപ്പും പ്രകടമാകുന്ന അദ്ദേഹത്തിന്റെ പഠനക്ലാസുകള്‍ കേള്‍ക്കാന്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ധാരാളം പേര്‍ സ്ഥിരമായി എത്തിച്ചേരുമായിരുന്നു. പ്രസ്ഥാന പ്രവര്‍ത്തന വ്യാപനത്തില്‍ അദ്ദേഹത്തിന്റെ പഠന ക്ലാസുകള്‍ക്ക് വലിയ പങ്കുണ്ട്. ജിദ്ദയിലെ പ്രവാസി മലയാളികള്‍ക്ക് ആത്മീയവും ബൗദ്ധികവുമായ നേതൃത്വം നല്‍കിയവരുടെ മുന്‍നിരയില്‍ തന്നെ ജലീല്‍ സാഹിബ് ഉണ്ടായിരുന്നു.
ജിദ്ദയിലെ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയിരുന്ന കാലത്ത് പ്രസ്ഥാന വ്യാപനത്തിന് സഹായകമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ജിദ്ദയിലെ അഭ്യസ്തവിദ്യരെയും വിദ്യാഭ്യാസ വിചക്ഷണരെയും ബിസിനസ് രംഗത്തെ പ്രമുഖരെയും കൂട്ടിയിണക്കി അസംബ്ലി ഫോര്‍ എജുക്കേഷന്‍, ഗൈഡന്‍സ് ആന്റ് സര്‍വീസസ് (എയ്ജസ്) എന്ന പൊതുവേദി രൂപീകരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്. ഈ വേദിയുടെ ആഭിമുഖ്യത്തില്‍ ശ്രദ്ധേയമായ നിരവധി ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടുകയുണ്ടായി. ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ കുലപതി കുല്‍ദീപ് നയ്യാര്‍ അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സാഹിത്യ സാംസ്‌കാരിക പരിപാടികള്‍ നടത്താന്‍ ഈ വേദിക്ക് സാധിച്ചതിന് പിന്നില്‍ വി.കെ ജലീല്‍ സാഹിബിന്റെ നേതൃ സാന്നിധ്യമായിരുന്നു മുഖ്യപങ്ക് വഹിച്ചത്. അക്കാലത്ത് അത്തരം പരിപാടികള്‍ നടത്തുക ഏറെ ശ്രമകരമായിരുന്നു. 'എയ്ജസു'മായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ തന്റെ വ്യക്തി ബന്ധങ്ങളിലൂടെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അനുഭാവികളോ സഹയാത്രികരോ ആക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കു ആസ്ഥാനം വേണമെന്ന അഭിപ്രായക്കാരനായിരുന്ന അദ്ദേഹം ഒന്നിലധികം കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും അവിടത്തെ താമസക്കാര്‍ക്കു ഇസ്‌ലാമിക ശിക്ഷണ ശീലങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
മലയാളി മുസ്‌ലിം കുടുംബങ്ങള്‍ നേരിട്ട വലിയ പ്രശ്‌നമായിരുന്നു കുട്ടികളുടെ മത വിദ്യാഭ്യാസം. ഏറെ പരിമിതികളോടെയാണെങ്കിലും കുട്ടികളുടെ മത പഠനത്തിന് സാധ്യമാകുന്ന സൗകര്യം ഒരുക്കുന്നതിനും വി.കെ ജലീല്‍ സാഹിബ് നേതൃത്വം നല്‍കി. മലയാളി ഹാജിമാര്‍ക്കു സഹായങ്ങള്‍ ചെയ്തുകൊടുക്കാനും ഹജ്ജ് നിര്‍വഹിക്കാനാവശ്യമായ മാര്‍ഗദര്‍ശനങ്ങള്‍ നല്‍കാനുമായി ജിദ്ദയില്‍ നിലവില്‍ വന്ന കേരള ഹജ്ജ് ഗ്രൂപ്പിന്റെ രൂപീകരണത്തിനും അദ്ദേഹം നേതൃത്വം നല്‍കി.
ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും ഉപയോഗപ്പെടുന്ന തരത്തില്‍ യുവാക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍ അതീവ താല്‍പര്യം കാണിച്ച അദ്ദേഹം ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ (ഐ.വൈ.എ) എന്ന പേരില്‍ അവരെ പ്രത്യേകം സംഘടിപ്പിച്ചു. യുവാക്കളിലൊരാളെപ്പോലെ അവരെ ചേര്‍ത്ത് പിടിച്ചു. വിശ്വാസത്തിന്റെ തെളിമയിലും മൂല്യങ്ങളുടെ അടിത്തറയിലും കൃത്യമായ ദിശാബോധം നല്‍കി അവരെ വളര്‍ത്തിക്കൊണ്ടു വന്നു. യുവാക്കളുടെ സര്‍ഗ വാസനകളും കലാ കായിക കഴിവുകളും പരിപോഷിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. ജനസേവന പ്രവര്‍ത്തനങ്ങളും വൈജ്ഞാനിക പരിപാടികളും സംഘടിപ്പിച്ച് യുവാക്കള്‍ക്ക് പ്രചോദനമായി നില കൊണ്ടു. ഐ.വൈ.എയുടെ കീഴില്‍ സാഹിത്യ സദസ്സുകളും സംഗീതരാവും സര്‍ഗനിശയും കായിക മത്സരങ്ങളും സംഘടിപ്പിച്ചു. യുവാക്കളുടെ ബഹുമുഖ കഴിവുകള്‍ വളര്‍ത്തിയെടുക്കാനുതകുന്ന പരിപാടികളുമായി മാര്‍ഗദര്‍ശിയായി പിതാവിനെ പോലെ ഒപ്പം നിന്നു. ഐ.വൈ.എയുടെ കീഴില്‍ പ്രസിദ്ധീകരിച്ചിരുന്ന 'സന്ദേശം' ഇന്‍ലന്റ് മാഗസിന് പ്രചോദനവും അദ്ദേഹം തന്നെ. എം.എന്‍ കാരശ്ശേരിയാണ് 'സന്ദേശ'ത്തിന്റെ പ്രഥമ ലക്കം പ്രകാശനം ചെയ്തത്. മാസികയായി പ്രസിദ്ധീകരിച്ചിരുന്ന 'സന്ദേശ'ത്തിന് അഞ്ഞൂറോളം വരിക്കാര്‍ ഉണ്ടായിരുന്നു. വനിതാ ശാക്തീകരണവും അദ്ദേഹം പ്രത്യേകം ശ്രദ്ധയൂന്നിയ മേഖലയാണ്.
സാധാരണക്കാരെയും പണ്ഡിതരെയും അഭ്യസ്തവിദ്യരെയും ഒരുപോലെ ആകര്‍ഷിച്ച പണ്ഡിതനും എഴുത്തുകാരനും സര്‍വോപരി ജനകീയനുമായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞു സ്വയം സഹായിക്കുന്നതിലും മുന്‍പന്തിയിലുണ്ടായിരുന്നു.
പ്രവാസം അവസാനിപ്പിച്ച് 2004-ല്‍ നാട്ടിലേക്ക് മടങ്ങിയ ശേഷം പലവിധ രോഗ പീഡകള്‍ അലട്ടിക്കൊണ്ടിരിക്കുമ്പോഴും അടങ്ങിയിരിക്കുകയായിരുന്നില്ല ആ കര്‍മയോഗി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ്, പ്രാദേശിക ജമാഅത്ത് അമീര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ഐ.പി.എച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ലേഖനമെഴുത്തിലും പുസ്തകരചനയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. തന്റെ പിതാവിനെക്കുറിച്ചുള്ള ഓര്‍മപുസ്തകം (ഇസ്സുദ്ദീന്‍ മൗലവിയുടെ നാടുംവീടും എന്റെ ഓര്‍മകളും) എഴുതിയത് ഈ കാലത്താണ്.
ജിദ്ദയിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ സഹപ്രവര്‍ത്തകനായിരുന്ന വി.കെ അബ്ദുസാഹിബിനെ കുറിച്ച അനുസ്മരണ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തില്‍ മുഴുകിയിരിക്കവെയാണ് അദ്ദേഹം അല്ലാഹുവിന്റെ സവിധത്തിലേക്ക് യാത്രയായത്. ഭാര്യ: കെ.എം ഫാത്വിമ സുഹ്‌റ. മക്കള്‍: ശമീം ഇസ്സുദ്ദീന്‍, ശഫീഖ് ഇസ്സുദ്ദീന്‍, നസീം ഇസ്സുദ്ദീന്‍, നഈം ഇസ്സുദ്ദീന്‍, ഡോ. ജസീല. അല്ലാഹു അദ്ദേഹത്തിന് പരലോക വിജയം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-32-37
ടി.കെ ഉബൈദ്‌

ഹദീസ്‌

നല്ലതിലേക്ക് വഴികാട്ടുന്നതും പുണ്യം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌