Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 11

3239

1443 റജബ് 10

ആ നെറ്റിത്തടത്തില്‍ അപ്പോഴും വിയര്‍പ്പ് പൊടിഞ്ഞിരുന്നു

വി.എ കബീര്‍

ഇതെഴുതാന്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ വന്നത് സിറിയന്‍ സ്വാതന്ത്ര്യ സമര സേനാനിയും അഗാധ പണ്ഡിതനും ഇഖ്‌വാന്‍ ബുദ്ധിജീവിയുമായ ഡോ. മുസ്തഫസ്സിബാഇയെയാണ്. 49-ാം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. അദ്ദേഹം ഈ ലോകത്തോട് വിടവാങ്ങുന്നത് പക്ഷാഘാതത്തിന് ഇരയായി ശയ്യാവലംബിയായാണ്. 'ജീവിതം എന്നെ പഠിപ്പിച്ചത്' (ഹാകദാ അല്ലമത്‌നീ അല്‍ ഹയാത്ത്) എന്നൊരു കൃതിയുണ്ട് അദ്ദേഹത്തിന്. അദ്ദേഹം അതില്‍ എഴുതിയ ഒരു വരി ശ്രദ്ധേയമാണ്. ''ദൈവമേ, നീ എന്റെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ത്തിയെങ്കിലും തൂലിക പിടിക്കുന്ന എന്റെ വലംകൈ ഭാഗത്തിന്റെ ചൈതന്യം നിലനിര്‍ത്തിയല്ലോ. അതിന് നിനക്ക് എന്റെ ആയിരമായിരം സ്തുതികള്‍.'' ആ അവസ്ഥയിലും ജീവിതത്തെ കര്‍മോത്സവമാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ തൂലിക വെള്ളത്താളുകളെ പ്രണയിച്ചുകൊണ്ടേയിരുന്നു. കഴിഞ്ഞ ജനുവരി 30-ന് അല്ലാഹുവിലേക്ക് യാത്രയായ വി.കെ ജലീലും ഒരര്‍ഥത്തില്‍ അവസാനം വരെ ആ ഒരവസ്ഥയിലായിരുന്നു. പ്രമേഹം ശരീരത്തെ നാനാ വിധേന ആക്രമിക്കുമ്പോഴും ആ മനസ്സ് അവിരാമം വിശ്രമമില്ലാതെ കര്‍മനിരതമായിക്കൊണ്ടിരുന്നു. അചുംബിതമായ ആശയങ്ങളില്‍ വിഹരിക്കുകയും കൈ ഫോണില്‍ അതൊക്കെ കുറിച്ചിടുന്നതില്‍ ആനന്ദം അനുഭവിക്കുകയുമായിരുന്നു സ്മര്യപുരുഷന്‍. കണ്ണുകള്‍ നിസ്സഹകരിക്കുമ്പോഴും വായനയുടെ ലോകത്ത് നിന്ന് പുറത്ത് പോകാന്‍ ജലീല്‍ കൂട്ടാക്കിയില്ല. സഹപാഠികളും സുഹൃത്തുക്കളും ജലീലിന്റെ വലിയ സമ്പാദ്യമായിരുന്നു. എന്‍.എം ബഷീര്‍, എം.കെ മുഹമ്മദ് തുടങ്ങിയ സഹപാഠികള്‍ എന്നും പ്രഭാതത്തില്‍ ഫോണിലൂടെ ദിനപത്രം വായിച്ചു കൊടുത്തു. അങ്ങനെയാണ്, വീട്ടില്‍ ഒറ്റപ്പെട്ടു കഴിയുമ്പോഴും ചുറ്റും നടക്കുന്ന വാര്‍ത്തകളെയും ലോകത്തെയും അറിഞ്ഞുകൊണ്ടിരുന്നത്. കൈ ഫോണ്‍ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തി ഇസ്‌ലാമിക പ്രസ്ഥാനത്തോടും പ്രസ്ഥാന പ്രവര്‍ത്തകരോടും ഒപ്പം ഓരോ നിമിഷവും പങ്കിട്ടെടുത്തു. എല്ലാ രാത്രിയും ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു. അതില്‍ ലോക സംഭവങ്ങള്‍ കടന്നുവരും. മുസ്‌ലിം ലോകത്തിലെ ചലനങ്ങള്‍, ഇസ്‌ലാമിക പ്രസ്ഥാനവും പ്രസ്ഥാന പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പുസ്തകങ്ങള്‍, പിന്നെ ഭൂതകാല ഗൃഹാതുരതകള്‍ ഇതൊക്കെയായിരുന്നു സംഭാഷണ വിഷയങ്ങള്‍. ഇതിലൂടെ ജലീല്‍ തന്നെത്തന്നെ പ്രാസ്ഥാനികമായി നിരന്തരം പുതുക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതിലൂടെയാണ് ആ സുഹൃത്ത് വര്‍ത്തമാനകാലത്തില്‍ തന്നെ പ്രതിഷ്ഠിച്ചുകൊണ്ടിരുന്നത്. എന്നും അപ്‌ഡേറ്റ് ആയി നിലനില്‍ക്കാന്‍ കണ്ടെത്തിയ വഴി അതായിരുന്നു.
ഈ രാത്രികാല സംഭാഷണങ്ങളിലൂടെയാണ് 'ഖദീജ ബീവി'യും 'മദീനയിലെ ഏടുകളു'മൊക്കെ വികസിച്ചുവന്നത്. അതൊന്നും സാമ്പ്രദായിക രചനകളല്ലെന്ന് ഓര്‍ക്കണം. അസാധാരണമായ നിരീക്ഷണപാടവത്തിന്റെയും അചുംബിതമായ ആശയങ്ങളുടെയും മനോജ്ഞമുദ്രകളാല്‍ സമ്പുഷ്ടമാണ് ഈ രചനകള്‍. 'ഉമ്മു അയ്മനാ'കട്ടെ മറ്റേതെങ്കിലും രചനകളാകട്ടെ അതിസൂക്ഷ്മമായ ജീവിതപരിസരങ്ങളിലേക്ക് ഊളിയിട്ട ആ തൂലിക അനന്യമായ മുത്തുകളുമായി പൊങ്ങിവരുന്നത് കാണാം. ചരിത്രത്തില്‍ നമ്മള്‍ കൂടുതല്‍ ആലോചിക്കാതെ വായിച്ചു തള്ളാറുള്ള കഥാപാത്രങ്ങളില്ലേ? അത്തരം ചില കഥാപാത്രങ്ങള്‍ ഞങ്ങളുടെ നിശാസംഭാഷണങ്ങളില്‍ കടന്നുവരാറുണ്ടായിരുന്നു. മലയാളികള്‍ ഇതേവരെ കണ്ടിട്ടില്ലാത്ത ഖദീജ ബീവിയെ ആവിഷ്‌കരിച്ചപ്പോള്‍ ഒരിക്കല്‍ ഈയുള്ളവന്‍ ചോദിച്ചു: 'വിശ്വാസികളുടെ മാതാക്കള്‍  ഏതാണ്ടെല്ലാവരുടെയും ജീവിത കഥകള്‍ സാമാന്യമായെങ്കിലും ആവിഷ്‌കൃതമായപ്പോള്‍ നബിപത്‌നിമാര്‍ക്ക് അസൂയ ജനിപ്പിച്ച, ഈജിപ്തില്‍നിന്ന് വന്ന അതിസുന്ദരിയായ മേരിയുടെ ജീവിതം എന്തേ പ്രാന്തവത്കരിക്കപ്പെട്ടുപോയി?' 'അവരുടെ കൂടെ വന്ന ശീമോന്റെ പുത്രി സീരിന്റെ ജീവിതവും'- അപ്പോള്‍ ജലീല്‍ കൂട്ടിച്ചേര്‍ത്തു. കപടന്മാരുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സുലൂല്‍ തുടങ്ങി പല കഥാപാത്രങ്ങളും ഞങ്ങളുടെ സംഭാഷണത്തില്‍ വന്നു. അന്നേരം കൃതജ്ഞതാപൂര്‍വം ജലീല്‍ അനുസ്മരിച്ചത് അന്തരിച്ച കെ. ജമാല്‍ മുഹമ്മദിനെയാണ്. ജമാല്‍ അപൂര്‍വ വിവരങ്ങളടങ്ങിയ പല അറബി പുസ്തകങ്ങളും തേടിപ്പിടിച്ച് കൊണ്ടുകൊടുക്കാറുണ്ടായിരുന്നുവത്രെ. 
ജലീലിന് കുറേ കൂടി ആരോഗ്യം ലഭിച്ചിരുന്നെങ്കില്‍ ഇസ്‌ലാമിക കൈരളി എത്ര ഭാഗ്യവതിയായേനെ എന്ന് ആലോചിച്ചു പോവുകയാണ്. എങ്കിലും നബി മുന്നറിയിപ്പ് നല്‍കിയ പലരും വഞ്ചിതരാകുന്ന രണ്ട് അനുഗ്രഹങ്ങളില്‍ താന്‍ കബളിതനായിട്ടില്ലെന്ന് എന്റെ സ്‌നേഹിതന് അഭിമാനിക്കാം. ആരോഗ്യത്തെയും വിശ്രമത്തെയും കുറിച്ചായിരുന്നു പ്രവാചകന്റെ ഈ മുന്നറിയിപ്പ്. ആരോഗ്യം ക്ഷയിച്ചു കൊണ്ടിരുന്നപ്പോഴും വിശ്രമ ജീവിതം അവസാനം വരെ പ്രയോജനപ്പെടുത്തി എന്നതാണ് ജലീലിന്റെ ജീവിത സാഫല്യം. അന്തിമമായി വിടപറുമ്പോഴും വിശ്വാസിയുടെ ലക്ഷണമായി നബി പറഞ്ഞ വിയര്‍പ്പ് തുള്ളികള്‍ ആ നെറ്റിത്തടത്തിലുണ്ടായിരുന്നു.
വിശ്രമവേളകള്‍ മാത്രമല്ല തീക്ഷ്ണ യൗവനവും പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു ആ ജീവിതം എന്ന് കൂടി പറയേണ്ടതുണ്ട്. സംഘാടനം ആ ജീനില്‍ തന്നെ അലിഞ്ഞുചേര്‍ന്നതായിരുന്നു. ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ തുടക്കത്തിലേ അതിന്റെ സഹയാത്രികനായി ജലീലുണ്ട്. പരേതനായ പൂവഞ്ചേരി മുഹമ്മദ് ഐഡിയല്‍ സ്റ്റുഡന്റ്‌സ് ലീഗ് (ഐ.എസ്.എല്‍) സംഘടിപ്പിക്കുന്ന കാലത്ത് ജലീല്‍ മലപ്പുറം ജില്ലയിലെ ഭാരവാഹിയായിരുന്നു എന്നാണ് ഓര്‍മ. തൂത്തുന്‍ജി പങ്കെടുത്ത മാനാഞ്ചിറയിലെ പ്രഥമ ഐ.എസ്.എല്‍ സമ്മേളനം നടക്കുമ്പോള്‍ എന്‍.കെ അഹ്മദിന്റെയും ശൈഖ് മുഹമ്മദ് കാരകുന്നിന്റെയും കൂടെ ഓടി നടക്കുന്നവരുടെ കൂട്ടത്തില്‍ ജലീലിനെയും കണ്ടിരുന്നു. അന്ന് മാനാഞ്ചിറയില്‍ സമ്മേളനം നടത്തുന്നതിന് ടി.കെ സാഹിബ് ഒട്ടും അനുകൂലമല്ലായിരുന്നു. അത്രയും വിശാലമായ മൈതാനത്ത് പങ്കെടുക്കുന്ന ജനം ശുഷ്‌കമായാല്‍ പരിഹാസ്യമാകുമെന്നായിരുന്നു ടി.കെയുടെ പേടി. സമ്മേളനത്തിന്റെ പോസ്റ്റര്‍ അച്ചടിച്ച ശേഷമായിരുന്നു ഈ വിലക്ക്. ആകപ്പാടെ അസ്വസ്ഥനായ ജലീല്‍ സങ്കടവുമായി സമീപിച്ചത് എ.ആറിനെയായിരുന്നു. എ.ആര്‍ അത് സമര്‍ഥമായി പരിഹരിച്ചു കൊടുത്തു. മാനാഞ്ചിറയുടെ മൂലക്ക് മറച്ചു കെട്ടിയാണ് സമ്മേളനം. അതോടെ ടി.കെക്ക് സമ്മതമായി. എന്നാല്‍ സമ്മേളനം നടക്കുമ്പോള്‍ മാനാഞ്ചിറ മൈതാനം ടി.കെയുടെ പേടിയെയും കവച്ചുവെച്ചു നിറഞ്ഞുകവിയുകയായിരുന്നു.
ഞാന്‍ ശാന്തപുരത്ത് പഠിക്കുമ്പോള്‍ ജലീല്‍ രണ്ട് വര്‍ഷം എന്റെ ജൂനിയറായിരുന്നു. മെലിഞ്ഞു കൊലുന്നനെയുള്ള ഒരു പയ്യന്‍. അന്ന് ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് പ്രബോധനത്തില്‍നിന്ന് ഓരോരുത്തരായി ഗള്‍ഫിലേക്ക് പറക്കാന്‍ തുടങ്ങിയപ്പോഴാണ് ജലീല്‍ പ്രബോധനത്തില്‍ വരുന്നത്. അവിടത്തെ വരണ്ടതും ശുഷ്‌കവുമായ അന്തരീക്ഷം അതോടെ വീണ്ടും പച്ചപ്പ് വീണ്ടെടുത്തു. എ.ആറും ഒ. അബ്ദുല്ല സാഹിബുമുണ്ടായിരുന്നപ്പോള്‍ ഫലിതം ജന്മസിദ്ധമായിരുന്ന അവര്‍ ഡസ്‌കും തീന്‍മേശകളും പ്രസന്നമാക്കിയിരുന്നു. അവര്‍ ഖത്തറിലേക്ക് ചേക്കേറിയതില്‍ പിന്നെ വി.കെ അലി സാഹിബാണ് ആ വിടവ് നികത്തിയത്. അലി സാഹിബും ഗള്‍ഫിലേക്ക് വിദ്യയുടെ മറവില്‍ മന്ന തേടി പോയതോടെ ഇവന്‍ വെള്ളിമാട്കുന്നിലെ പ്രസ്ഥാന ഊഷരതയില്‍ തീര്‍ത്തും ഒറ്റപ്പെട്ടു വീര്‍പ്പ് മുട്ടുകയായിരുന്നു. ഗള്‍ഫിലേക്ക് പറക്കാനുള്ള ആ 'വിദ്യ' ഇവന് വിധിക്കപ്പെട്ടതല്ലാത്തതിനാല്‍ വിദ്യാവ്യസനിയായി കഴിയാനായിരുന്നു വിധി. ആ വിടവിലേക്കാണ് ജലീല്‍ പിന്നീട് കയറിവന്നത്. പിതാവ് ഇസ്സുദ്ദീന്‍ മൗലവിയെ പോലെ തന്നെ കൂര്‍മബുദ്ധിയാലും നര്‍മ ബുദ്ധിയാലും അനുഗൃഹീതനായിരുന്നു ഈ പ്രിയ പുത്രന്‍. ആ നര്‍മോക്തികള്‍ ചിരിപ്പിക്കുകയല്ലാതെ ആരെയും വേദനിപ്പിച്ചിരുന്നില്ല. പരേതനായ ഒ. മുഹമ്മദ് സാഹിബായിരുന്നു അന്ന് ഞങ്ങളുടെ മാനേജര്‍. കലക്ടറേറ്റില്‍നിന്ന് അടുത്തൂണ്‍ പറ്റി പിരിഞ്ഞുവന്നതായിരുന്നു അദ്ദേഹം. കര്‍ക്കശമായ ചില ചിട്ടകള്‍ അദ്ദേഹം കൊണ്ടുവന്നിരുന്നു. വല്ലാതെ ഞങ്ങളെ മുറുക്കാന്‍ ശ്രമിക്കുമ്പോള്‍ ജലീല്‍ പറയും: 'താഗൂത്തിന് പോലും വേണ്ടാതായതിനാലല്ലേ നിങ്ങള്‍ ഇവിടെ വന്നത്?' അത് കേള്‍ക്കുമ്പോള്‍ ഒ.എം ചിരിക്കുകയല്ലാതെ ഒട്ടും മുഷിയുമായിരുന്നില്ല. മാനേജര്‍ -കീഴ് ജീവനക്കാര്‍ എന്നതിലുപരിയുള്ള ഒരു സൗഹൃദ ബന്ധമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. അതിനുള്ള ഒരു 'കെമികം' ഞങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു.
ഇസ്സുദ്ദീന്‍ മൗലവിയുടെ എല്ലാ ഗുണങ്ങളും ഈ സത്പുത്രന്‍ അനന്തരമെടുത്തിരുന്നു; അധികമായി എഴുത്ത് കലയുടെ അതീവ ഹൃദ്യമായ ശില്‍പ സൗന്ദര്യവും.
പ്രബോധനത്തില്‍ ജലീലിന്റെ സാന്നിധ്യം വലിയ ആശ്വാസമായിരുന്നു. വിശ്വസിച്ചു ചുമതല ഏല്‍പിക്കാമെന്നതായിരുന്നു എടുത്ത് പറയേണ്ട സംഗതി. എഴുത്തിലോ ശൈലിയിലോ ഒരവിവേകവും വിനയായി മാറുകയില്ല. അത്തരം അപാകങ്ങള്‍ വേഗം കണ്ണില്‍ പെടുകയും ചെയ്യും. മാറ്ററുകള്‍ വെടിപ്പായി എഡിറ്റ് ചെയ്യും. പ്രാസഭ്രമക്കാരനായ ഒരു എഴുത്തുകാരനുണ്ടായിരുന്നു. നിരന്തരം വരുന്ന അയാളുടെ മാറ്ററുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതിലുള്ള നിസ്സഹായത ഞങ്ങളെയും അലട്ടാതെയല്ല. ജലീല്‍ ഒരിക്കല്‍ അയാളുടെ ഒരു ദീര്‍ഘകാണ്ഡം സര്‍ജറി ചെയ്തു. 'നിഷ്‌കൃഷ്ട നീതിയുടെ നിസ്തുല നിദര്‍ശനം' എന്നായിരുന്നു അതിന്റെ ശീര്‍ഷകം. പേജുകള്‍ കവിയുന്ന മാറ്റര്‍ മാറ്റി എഴുതി രണ്ടില്‍ ചുരുക്കി. 'നീതി' എന്ന ശീര്‍ഷകമിട്ട് കൊണ്ട് വന്ന് ചോദിച്ചു: 'ഇപ്പോള്‍ എങ്ങനെയുണ്ട്?' ജാരസന്താനമാണെങ്കിലും കൊള്ളാം എന്ന് ഞാന്‍ ചിരിച്ചു.
ശുദ്ധാത്മാക്കളായ ചില ജമാഅത്തുകാരുണ്ട്. എപ്പോഴും ഭൂതകാലത്തില്‍ ജീവിക്കുന്നവര്‍. പഴയ പ്രബോധനം പാക്ഷികത്തില്‍ വന്ന പ്രസ്ഥാന ലേഖനങ്ങള്‍ ടാബ്ലോയിഡില്‍് പുനര്‍ജനിക്കണമെന്നാണ് അവരുടെ കലശലായ ആഗ്രഹം. പ്രസ്ഥാനം വികസിക്കുമെന്നോ അതിനനുസരിച്ചു ചിന്താ വികാസവും ആശയ വിപുലനവും ആവശ്യമായി വരുമെന്നോ അവരുടെ ആലോചനാ വിഷയമാകില്ല. അക്കൂട്ടത്തില്‍ 'കാര്യമാത്ര പ്രസക്തനായ' ഒരാള്‍ പാക്ഷികത്തിലെ മാറ്റര്‍് സ്വന്തം ഭാഷയില്‍ പകര്‍ത്തി തുടരെത്തുടരെ കൊണ്ടുവരാന്‍ തുടങ്ങി. കംബോസിംഗിന് കൊടുക്കാതെ എല്ലാം ഒരു മൂലക്ക് മാറ്റി വെക്കുകയായിരുന്നു ഞാന്‍. അദ്ദേഹം സ്വയം പിന്‍വാങ്ങുമെന്ന് കരുതിയത് തെറ്റി. ഇത് പിന്നെയും തുടര്‍ന്നപ്പോള്‍ സഹതാപം തോന്നി ഒന്നെടുത്ത് കമ്പോസിംഗിന് കൊടുത്തു. അതിന്റെ ഫ്രൂഫ് കിട്ടിയപ്പോള്‍ ജലീല്‍ അതുമായി മുന്നിലെത്തി: 'എന്താണ് ഭായി നിങ്ങള്‍ ഈ കാട്ടുന്നത്?' 'എന്താ, ഇത് ഞാനും നീയും ഉണ്ടാക്കിയ കടലാസല്ല. അവരൊക്കെ ഉണ്ടാക്കിയതാണ്. ഒരു ലേഖനം അങ്ങനെയുള്ളവരുടെ പേരിലും വന്നാല്‍ നമുക്കെന്താ ചേതം?' എന്റെ ഭാഷ ജലീലിന് മനസ്സിലായി കാണും. ഒന്നും മിണ്ടാതെ അതുമായി സീറ്റിലേക്ക് പിന്‍വാങ്ങി. ഫലം മറ്റൊരു ജാരസന്താനത്തിന്റെ ജനനം. ഏതായാലും പിന്നീട് ആ സുഖക്കേട് ആവര്‍ത്തിച്ചില്ല.
അധികകാലമൊന്നും വേണ്ടിവന്നില്ല ജലീലും മന്ന തേടി സുഊദിയിലേക്ക് പോയി. എന്റെ വലം കൈയും പോയി. ഗള്‍ഫ് ജലീലിന്റെയും സ്വപ്‌നഭൂമിയായിരുന്നു. ജീവിതം കര പറ്റണമെങ്കില്‍ മറ്റൊരു വഴിയില്ലായിരുന്നു അന്ന്. ഞങ്ങളുടെ സായാഹ്ന സവാരിയില്‍ ഗള്‍ഫ് നിത്യ സംസാര വിഷയമായിരുന്നു. ഒരിക്കല്‍ മാനാഞ്ചിറയുടെ പാര്‍ശ്വങ്ങളിലൂടെ ഉബൈദടക്കമുള്ള ഞങ്ങള്‍ ത്രിമൂര്‍ത്തികള്‍ നടക്കുമ്പോള്‍ എനിക്കൊരു തമാശ തോന്നി. അക്കാലത്ത് കൈനോട്ടക്കാരുടെ സ്ഥിരം സങ്കേതമായിരുന്നു അത്. ഞാന്‍ ജലീലിനോട് പറഞ്ഞു: 'ഡേയ്, ഗള്‍ഫിലേക്ക് ഭാഗ്യ രേഖയുണ്ടോ എന്ന് നോക്ക്.' ജലീല്‍ ഉടനെ അയാളുടെ മുന്നിലിരുന്ന് കൈ വിടര്‍ത്തി. അയാളുടെ മുഖത്ത് ഒരു ഇരയെ കിട്ടിയ സന്തോഷം. അയാള്‍ ചറപറാ വാചാലനായി. ജലീല്‍ ഒരു രൂപ എടുത്ത് നീട്ടി. അമ്പത് പൈസ ബാക്കി കൊടുക്കാനില്ലാതെ അയാള്‍ ദയനീയമായി ഞങ്ങളുടെ നേരെ നോക്കി. അപ്പോള്‍ ജലീലിന്റെ കുസൃതി ഉണര്‍ന്നു: 'ന്നാ പിന്നെ അയ്‌നും കൂടി അങ്ങട്ട് പറഞ്ഞാളി.' ജലീല്‍ വീണ്ടും അയാളുടെ മുന്നില്‍ കുത്തിയിരുന്നു. സത്യം പറഞ്ഞാല്‍ അയാള്‍ക്കും ചിരി വരുന്നുണ്ടായിരുന്നു. അയാളുടെ സംസാരത്തിന്റെ കെട്ടഴിഞ്ഞപ്പോള്‍ ഗള്‍ഫിലേക്കുള്ള ഭാഗ്യ രേഖ മാത്രമല്ല സ്വര്‍ഗത്തിലേക്കുള്ള ഭാഗ്യരേഖയും തെളിഞ്ഞുവന്നു. ഒരു രൂപക്ക് ഒരു ഫലിതം ആസ്വദിച്ച സംതൃപ്തിയില്‍ ഞങ്ങള്‍ നടത്തം തുടര്‍ന്നു.
ജലീലിനെ പോലെ പിന്നെ ഞാനും ഗള്‍ഫിലെത്തി. മുന്‍കൂട്ടി ഒരു പ്ലാനുമില്ലാതെ പടച്ചവന്‍ തന്നെ നേരിട്ട് എടുത്തുകൊണ്ടുപോവുകയായിരുന്നു. ഖത്തറില്‍ ഞാന്‍ മുരടിക്കുമ്പോള്‍ ജലീല്‍ സുഊദിയില്‍ വളരുകയായിരുന്നു. കേരള ഇസ്‌ലാമിക് ഗ്രൂപ്പി(കെ.ഐ.ജി)ന്റെ അടിത്തറയും മേല്‍ക്കൂരയും വികസിപ്പിക്കുന്നതില്‍ ജലീല്‍ വലിയ പങ്ക് വഹിക്കുകയുണ്ടായി. ഇസ്സുദ്ദീന്‍ മൗലവിയുടെ സംഘാടന ജീന്‍ ജലീലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രകടമായി കാണാം. ഓരോരുത്തരുടെയും മനഃശാസ്ത്രമനുസരിച്ച് പെരുമാറാനുള്ള രസതന്ത്രം നല്ല വശമായിരുന്നു ജലീലിന്. എല്ലാ വിഭാഗങ്ങളെയും തന്റെ വ്യക്തി പ്രഭാവത്തിലൂടെ ആകര്‍ഷിക്കാന്‍ ജലീലിന് കഴിഞ്ഞിരുന്നു. സംഘടനാ ലേബല്‍ ഇഷ്ടപ്പെടാത്ത ബിസിനസ് ഗ്രൂപ്പുകള്‍ക്ക് വരെ പ്രത്യേക പഠനവേദികളുണ്ടാക്കാന്‍ സാധിച്ചിരുന്നു എന്നാണറിവ്. അതുവഴി അവശ്യ സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് അവരുടെ സഹായം ലഭ്യമാക്കാനും സാധിക്കുകയുണ്ടായി.
കെ.സി അബ്ദുല്ല മൗലവിക്ക് ജലീലിനോട് പ്രത്യേക സ്‌നേഹം തന്നെയുണ്ടായിരുന്നു. പ്രഥമ ഘട്ടത്തില്‍ തന്നെ മാധ്യമം പത്രം പ്രസിസന്ധി നേരിട്ടപ്പോള്‍ ജിദ്ദ സന്ദര്‍ശിച്ച കെ.സിയുടെ മുന്നില്‍ ജലീലാണ് ഒരു പദ്ധതി സമര്‍പ്പിച്ചത്. അത് ഫലം ചെയ്യുകയും ചെയ്തു. അതിന്റെ കടപ്പാട് കെ.സി സദാ മനസ്സില്‍ സൂക്ഷിച്ചിരുന്നു. മാധ്യമവുമായി ബന്ധപ്പെട്ട എന്തെങ്കിലും യോഗം നടക്കുകയാണെങ്കില്‍ ജലീല്‍ നാട്ടിലുണ്ടെങ്കില്‍ കെ.സി അതിലേക്ക് വിളിപ്പിക്കുമായിരുന്നു.
ഇസ്സുദ്ദീന്‍ മൗലവിക്ക് ജലീലിനോട് പുത്ര വാത്സല്യത്തിലുപരി ബഹുമാനമായിരുന്നു. ജലീല്‍ സാഹിബ് എന്നാണ് ഈ മകനെ അദ്ദേഹം വിളിച്ചിരുന്നത്. ആ വിളിക്കും ബഹുമതിക്കും അര്‍ഹനുമായിരുന്നു ജലീല്‍.
വി.കെ അബ്ദുവിന്റെ സ്മരണിക ഒരുക്കുന്നതില്‍ വ്യാപൃതനായിരിക്കെയാണ് മരണം ഈ പ്രിയ സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോയത്. അബ്ദുവിനെയും അബ്ദുവിന്റെ സേവനങ്ങളെയും പ്രസ്ഥാനത്തിന് ലഭ്യമാക്കിയതിലും ജലീലിന്റെ പങ്ക് അവിസ്മരണീയമാണ്. അബ്ദു സ്മരണിക പുറത്ത് വരുന്നത് കാത്തുനില്‍ക്കാതെ ജലീല്‍ പോയി. രണ്ട് പേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ, നമ്മെയും.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-32-37
ടി.കെ ഉബൈദ്‌

ഹദീസ്‌

നല്ലതിലേക്ക് വഴികാട്ടുന്നതും പുണ്യം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌