Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 11

3239

1443 റജബ് 10

മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുമ്പോള്‍

ന്യൂദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് ആന്റ് റിസ്‌ക്‌സ് അനാലിസിസ് ഗ്രൂപ്പ് '2021-ല്‍ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം' എന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നു. ആരെയും ഉത്കണ്ഠപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് ആറ് പത്രപ്രവര്‍ത്തകരാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ 121 മാധ്യമ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുകയുമുണ്ടായി. 108 പത്രപ്രവര്‍ത്തകരെങ്കിലും അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. മുമ്പൊക്കെ പലതരം മാഫിയാ സംഘങ്ങളായിരുന്നു പത്രപ്രവര്‍ത്തകരുടെ ജീവന് ഏറ്റവും വലിയ ഭീഷണി സൃഷ്ടിച്ചിരുന്നത്. തങ്ങളുടെ അധോലോകങ്ങളെക്കുറിച്ച് തുറന്നെഴുതുന്നത് മാഫിയാ സംഘങ്ങള്‍ ഇഷ്ടപ്പെടുകയില്ലല്ലോ. ഇന്ത്യയിലെ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ച കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന ഒരു പ്രധാന കാര്യം, ഗവണ്‍മെന്റ് നയങ്ങളെ വിമര്‍ശിക്കുന്ന മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരുമാണ് കൂടുതല്‍ ആക്രമണങ്ങള്‍ക്കിരയാവുന്നത് എന്നതാണ്. ആക്രമിക്കുന്നത് ഏതെങ്കിലും ഗുണ്ടാ സംഘങ്ങളാകാമെങ്കിലും, അതിന്റെ പിന്നില്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍ തന്നെയാവാമെന്നതാണ് ഇതില്‍നിന്ന് വ്യക്തമാവുക. അതിനാല്‍ തന്നെ അന്വേഷണം വഴിപാട് പോലെ വളരെ വൈകി തുടങ്ങുകയും സാങ്കേതിക കുരുക്കുകളില്‍ പാതിവഴിയില്‍ നിലച്ചുപോവുകയും ചെയ്യുന്നു. ഉത്തര്‍ പ്രദേശിലും ത്രിപുരയിലും ജമ്മു-കശ്മീരിലുമാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ ഉണ്ടായിരിക്കുന്നത് എന്നതില്‍നിന്ന് തന്നെ മാധ്യമ സ്വാതന്ത്ര്യത്തെ ആരാണ് കൂടുതല്‍ ഭയപ്പെടുന്നത് എന്ന് വ്യക്തമാകും.
ഇത് മാത്രമല്ല സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നേരിടുന്ന ഭീഷണി. ഗവണ്‍മെന്റ് നയങ്ങളെ വിമര്‍ശിക്കുന്ന മാധ്യമ സ്ഥാപനങ്ങളെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെയും കയറൂരിവിട്ട് റെയ്ഡ് ചെയ്യിക്കുന്നതും പതിവാണ്. മറ്റൊരു ആയുധമാണ്, മലയാളത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്ന മീഡിയാ വണ്‍ ചാനലിനെതിരെ പ്രയോഗിച്ചിരിക്കുന്നത്. ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കുക. ചാനലുകള്‍ക്ക് പത്ത് വര്‍ഷത്തേക്കാണ് ലൈസന്‍സ് നല്‍കുക. സാധാരണഗതിയില്‍ സമയപരിധി കഴിഞ്ഞാല്‍ പുതുക്കി നല്‍കും. പുതുക്കി നല്‍കുന്നില്ലെങ്കില്‍ അതിന് വ്യക്തമായ കാരണങ്ങളുണ്ടായിരിക്കണം. ആ കാരണങ്ങള്‍ ചൂണ്ടിക്കാട്ടുകയും പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യാം.
പക്ഷേ മീഡിയാ വണ്ണിന്റെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല. ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കാനുള്ള കാരണമെന്തെന്ന് ഇതെഴുതുന്നത് വരെയും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. അവ എന്തൊക്കെയെന്ന് തുറന്ന് പറയേണ്ട ബാധ്യത ഭരണകൂടത്തിന് ഉണ്ടെങ്കിലും, കോടതിയില്‍ പോലും അത് പരസ്യമായി വെളിപ്പെടുത്താനാകില്ല എന്ന നിലപാടിലാണ് കേന്ദ്ര ആഭ്യന്തര വകുപ്പ്. കോടതിക്ക് മുദ്ര വെച്ച കവറില്‍ രേഖകള്‍ നല്‍കുമെന്നും പറഞ്ഞിരിക്കുന്നു.
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരം പരാതികളോ ആരോപണങ്ങളോ ചാനലിനെതിരെ ഉയര്‍ന്നു വന്നിട്ടില്ലെന്നിരിക്കെ, ഭരണകൂട ഇംഗിതത്തിന് വഴങ്ങാതെ ആര്‍ജവമുള്ള നിലപാടെടുക്കുന്നു എന്നത് തന്നെയാണ് ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കാനുള്ള യഥാര്‍ഥ കാരണം. ഇത് രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും പൊതുസമൂഹവും തിരിച്ചറിഞ്ഞ് ശക്തമായി പ്രതികരിക്കുകയുണ്ടായി. കേരളത്തില്‍നിന്നുള്ള മുഴുവന്‍ എം.പിമാരും കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രിയെ കണ്ട് മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഈ നടപടിയില്‍നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇന്ന് മീഡിയാ വണ്ണെങ്കില്‍, നാളെ സ്വതന്ത്ര നിലപാടെടുക്കുന്ന ഏത് മാധ്യമ സ്ഥാപനത്തിനും ഈ ഗതി വരാം. ഇത് മനസ്സിലാക്കി മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ശക്തമായ സുരക്ഷാ കവചമൊരുക്കേണ്ടിയിരിക്കുന്നു.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-32-37
ടി.കെ ഉബൈദ്‌

ഹദീസ്‌

നല്ലതിലേക്ക് വഴികാട്ടുന്നതും പുണ്യം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌