കവിത തുളുമ്പുന്ന പുല്ലാങ്കുഴല്‍
ഞാന്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയയില്‍ പഠിപ്പിനെത്തിയ കാലം. പത്താംതരം കഴിഞ്ഞ് നഗര വിസ്മയങ്ങളിലേക്ക് നീന്തി മറയാന്‍ വ്രതം നോറ്റിരുന്ന എന്നെയും സുഹൃത്തുക്കളെയും ചേന്ദമംഗല്ലൂരിന്റെ കുഗ്രാമ സൈകതത്തിലേക്ക് തടവുകാരായിപ്പിടിച്ചത് കെ.സി അബ്ദുല്ല മൗലവി നേരിട്ടാണ്. എന്നിട്ട് ഞങ്ങളെ പന്തിയില്‍ പോറ്റി ചട്ടം പഠിപ്പിക്കുവാന്‍ ഒരു പാപ്പാനും. നാടും കാടും ആന വൈദ്യവും പഠിച്ച ജമാല്‍ മലപ്പുറം. അദ്ദേഹത്തിന്റെ ജ്ഞാന വൈഭവം പെട്ടെന്ന് തന്നെ ഞങ്ങളെ മറ്റൊരു ലോകത്തെത്തിച്ചു. പതിയേ ഞങ്ങളൊക്കെയും ഇസ്‌ലാഹിയയുടെ മഹാസരസ്സില്‍ അലിഞ്ഞു മറഞ്ഞു.
ഒരു നാള്‍ അപരാഹ്നത്തില്‍ ജമാല്‍ സാഹിബ് ഞങ്ങളെ വിളിച്ചുകൂട്ടി പറഞ്ഞു. ഇന്നൊരു പ്രഭാഷണമുണ്ട്. ഏഴു മണിക്കെല്ലാവരും സദസ്സ് കൂടണം. ഇത്തരം സദസ്സുകള്‍ ഞങ്ങള്‍ക്കാവേശമാണ്. ചിന്തയുടെ പൊന്‍ പ്രസരങ്ങള്‍ ഞങ്ങള്‍ക്കന്ന് സാധ്യമാവും. മഷി തുളുമ്പുന്ന ഫൗണ്ടെന്‍ പേനയും കടലാസുമായി ഞങ്ങളിരുന്നു. ജമാല്‍ സാഹിബ് സദസ്സിലേക്ക് കയറി. അനുയാത്രികനായി ഒരു കൊലുന്നു പയ്യനും. ഇസ്തിരിവെച്ച് പൊള്ളിച്ചു വൃത്തി മെഴുകിയ മുണ്ടും കുപ്പായവും. നീട്ടി വളര്‍ത്തിയ മുടിനാരുകള്‍ ചിതമായി ഒതുങ്ങിയുറങ്ങുന്നു.
ഉണ്ടക്കണ്ണുകളില്‍ കാര്യ ബോധ്യങ്ങളുടെ തീക്ഷ്ണത ജ്വലിച്ചു നില്‍ക്കുന്നു. ശബ് ദഗാംഭീര്യമുള്ള അയാള്‍ ഉറച്ച സ്വരത്തില്‍ സ്ഫുടതയോടെ ദീര്‍ഘത്തില്‍ സംസാരിച്ചു. ഇപ്പോഴും സ്മൃതിയിലുണ്ടാ തുടക്കവാക്യം: 'ജനിമൃതിയില്‍ ബന്ധിതമാണ് മനുഷ്യജീവിതം. ജനിയില്‍ നിന്നും മൃതിയിലേക്ക് ജീവിതമാകുന്ന നൂല്‍പാലത്തിലൂടെ നാം നടന്നു പോകുന്നു.' പിന്നീട് അനര്‍ഗളമായി ആ വാഗ്‌ധോരണി ഒഴുകിപ്പരന്നു.
ദൈവ വിശ്വാസത്തില്‍ ഗാഢമാവുമ്പോഴും അതിന്റെ ജനാധിപത്യ സ്വരങ്ങളെ പരസ്‌നേഹത്തിന്റെ വ്യഞ്ജനങ്ങളോട് ചേര്‍ത്തുള്ള ആ പ്രഭാഷണത്തോടെയാണ് ആകാശീയ സിദ്ധാന്തങ്ങള്‍ക്ക് ഭൂമിയില്‍ നിയോഗമുണ്ടെന്ന ഒരു തീര്‍പ്പിലെത്തിയത്. ഏറെ ആത്മവിശ്വാസത്തോടെയാണ് അന്ന് ഞങ്ങള്‍ തിരിച്ചിറങ്ങിയത്. ജമാല്‍ സാഹിബ് പ്രഭാഷകനെ പരിചയപ്പെടുത്തിയിരുന്നു. 'ഇത് വി.കെ ജലീല്‍. എന്നെപ്പോലെ ശാന്തപുരം ഉല്‍പ്പന്നം. ഇപ്പോള്‍ പ്രബോധനം വാരികയുടെ സഹ പത്രാധിപര്‍.' പ്രബോധനത്തില്‍ വി.കെ ജലീല്‍ എഴുതുന്ന ലേഖനങ്ങളൊക്കെയും ഞങ്ങള്‍ സാകൂതം ശ്രദ്ധിക്കാറുണ്ട്. അപ്പോഴൊന്നും ഇയാള്‍ ഇത്രേം ചെറുപ്പമാണെന്നൊന്നും ഞങ്ങള്‍ കരുതിയിരുന്നില്ല. ഞങ്ങള്‍ക്കന്ന് ശാന്തപുരത്തോട് അസൂയ തോന്നി.
അന്നാണ് വി.കെ ജലീലിനെ ആദ്യമായി കാണുന്നത്. കാലം ഒഴുകിപ്പരന്നു പോയി. വി.കെ പ്രവാസിയായി. പ്രവാസരാശി യോഗമാകാത്ത ഞാന്‍ നാട്ടിലും. ഞങ്ങള്‍ പരസ്പരം വായനക്കാര്‍ മാത്രമായി. ആയിടെ പ്രിയഗുരു ജമാല്‍ സാഹിബ് അറേബ്യയില്‍ വെച്ച് ഭൂമി ഉപേക്ഷിച്ചു പോയി. അന്ന് മലപ്പുറത്തു വെച്ചൊരു അനുശോചനം നടന്നു. അതില്‍ വീണ്ടും വി.കെയെ കണ്ടു. നീണ്ട ഇടവേള. അപ്പോഴും ഞങ്ങള്‍ പരസ്പരം വായനക്കാര്‍.
വി.കെ, ആത്മകഥാ കുറിപ്പും പടിഞ്ഞാറ്റുമുറി ദേശചരിത്രവും തയാറാക്കുന്ന വിവരം സുഹൃത്ത് ചിറ്റടി അബ്ദുര്‍റഹ്മാന്‍ പറഞ്ഞറിയാം. കേവലമായ ഒരറിവ്. ഒരുനാള്‍ സംരക്ഷിത പേരുകളില്‍ നിന്നല്ലാതൊരു ഫോണ്‍ വിളി. മറുതലയില്‍ നിന്നൊരു ഇടറിയ ശബ്ദം. 'ഞാന്‍ വി.കെ ജലീല്‍. ഒരു ചെറിയ സഹായം വേണം. ഞാന്‍, എന്റെയും പിതാവ് ഇസ്സുദ്ദീന്‍ മൗലവിയുടെയും പടിഞ്ഞാറ്റുമുറിയുടെയും സംക്ഷിപ്ത ചരിത്രം തയാറാക്കിയിട്ടുണ്ട്. അതൊന്നു വായിച്ച് ഒരു കുറിപ്പ് തയാറാക്കി സഹായിക്കണം. പുസ്തകം ഞാന്‍ തപാല്‍ ചെയ്തിട്ടുണ്ട്.' അതൊരു സൗഹൃദത്തിന്റെ തിരിച്ചു പിടിക്കലായി. 'വൈരം കൈയിലുള്ളപ്പോള്‍ എന്തിനാണ് വി.കെ, വെള്ളി കൊണ്ട് വ്യാപാരത്തിനിറങ്ങുന്നത്' എന്ന് വെറുതേ പറഞ്ഞു നോക്കി. പക്ഷെ, അദ്ദേഹം സമ്മതിച്ചില്ല. അതൊരു നിമിത്തമാകാം. പ്രാദേശിക വാമൊഴി ചരിത്രാഖ്യാനത്തിന്റെ ചിതമാര്‍ന്നൊരു രേഖയാണാ പുസ്തകം. അദ്ദേഹം ഞങ്ങളുടെ സൗഹൃദത്തിന് ഏത് രോഗപീഡയിലും കാവല്‍ നിന്നു. എന്നും അതിജീവിക്കുകയും അതിവര്‍ത്തിക്കുകയും ചെയ്യുന്ന ഹൃദ്യതയായി സൗഹൃദം പൂത്തു നിന്നു.
പിന്നീട് രണ്ട് പുസ്തകങ്ങള്‍ കൂടി പ്രസാധിതമായി. ഒന്ന് ഖദീജ ബീവിയെ പ്രതി; മറ്റൊന്ന് മദീനയിലെ വര്‍ണക്കാഴ്ച്ചകള്‍. ഖദീജ പൂര്‍ത്തിയാക്കിയ ശേഷം എഴുതിയതത്രയും എനിക്കയച്ചു തന്നു. അഭിപ്രായം കേട്ട ശേഷമേ പ്രസാധനാലയത്തിനയച്ചുള്ളൂ. അതില്‍ ഖദീജ ഏഴഴകില്‍ നമ്മെ വിസ്മയിപ്പിക്കുന്നു. ധ്രുവദീപ്തിയോടെ, പ്രിയത്തോടെ സര്‍വ ഉദ്വേഗങ്ങളും വിഹ്വലതകളും ഏറ്റെടുക്കുന്ന ഖദീജ. പ്രസാധിത പുസ്തകം അയച്ചുതന്നു. അടുത്ത വിളി മറ്റൊരു സംരംഭമറിയിക്കാനായിരുന്നു. 'പ്രവാചക ജീവിതത്തിലെ യസ്‌രിബ് എന്റെ അനുഭൂതി ലോകമാണ് മാഷേ, ഇത്തിരി ഞാന്‍ നേരത്തേ എഴുതിയതാണ്. ബാക്കി കൂടെ എഴുതണം. ശരിയാവില്ലേ?' അദ്ദേഹം എഴുതി. ഓരോ അധ്യായം എഴുതിത്തീര്‍ത്താലുടന്‍ അയച്ചുതരും. വി.കെക്ക് വേണ്ടത് വിമര്‍ശനമാണ്. പാഠ പ്രദേശം ഞാന്‍ തൊടാറില്ല. കാരണമത് എനിക്കറിയാത്ത ചന്ദ്രമണ്ഡലമാണ്. ആശയം പൊതിഞ്ഞ ഭാഷ ചികയും; പടുനിരീക്ഷണം കൈമാറും. വി.കെക്ക് സന്തോഷം. മനോഹരമാണ് വി.കെ യുടെ ഭാഷ. കവിത തുളുമ്പുന്ന ഒരു പുല്ലാങ്കുഴലാണദ്ദേഹം. മാനസസരസ്സില്‍ നീന്താനിറങ്ങുന്ന അരയന്നപ്പിടകളുടെ ദൃശ്യവശ്യതയാണവയ്ക്ക്.
ഒരു ദിവസത്തെ ദീര്‍ഘ സംഭാഷണത്തിലാണ് തന്റെ എഴുത്ത് കോലം വി.കെ പറയുന്നത്. 'എനിക്ക് മാഷേ കൈ കൊണ്ട് എഴുതാന്‍ പറ്റില്ല. പ്രമേഹ രൂക്ഷത സന്ധി ബന്ധങ്ങളെയപ്പാടെ വഴങ്ങാ പരുവമാക്കിക്കളഞ്ഞു. ഒരക്ഷരം പോലുമെഴുതാന്‍ മേല. ഫോണില്‍ പറയുകയാണ് പതിവ്. അത് എഴുതിക്കാട്ടും. അതില്‍ ധാരാളം അക്ഷരത്തെറ്റുകള്‍ കടന്നു വരും. അത് തിരുത്തുക സാഹസമാണ്, വളരെ ബുദ്ധിമുട്ടാണ്.'
ശസ്ത്രക്രിയക്ക് പോകുമ്പോള്‍ യാത്ര പറഞ്ഞു.. തിരിച്ചെത്തിയപ്പോള്‍ വീണ്ടും സൗഹൃദം വിനിമയമായി. ഒരു രാവും പകലും മുഴുവനായി നമുക്ക് 'ഇസ്സുദ്ദീനി'ലിരുന്ന് വര്‍ത്തമാനം പറയണമെന്ന ആഗ്രഹം ബാക്കിയായി.
Comments