Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 11

3239

1443 റജബ് 10

ഫെബ്രുവരി ശഹാദത്തിന്റെ സുഗന്ധം നിറഞ്ഞ മാസം

സി.ടി സുഹൈബ്

1922  ഫെബ്രുവരി 22  അതിരാവിലെ കോയമ്പത്തൂര്‍ ജയിലില്‍  പതിവിലും കൂടുതല്‍ ജാഗ്രതയും നിശ്ശബ്ദതയും നിറഞ്ഞ് നിന്നു. അന്നാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ചെറുത്തു നില്‍പ്പു കൊണ്ട് പൊറുതിമുട്ടിച്ച മലബാറിലെ വിപ്ലവകാരികളുടെ നേതാവ് ആലി മുസ്‌ലിയാരെ തൂക്കിലേറ്റുന്നത്. ഭീകരമായ മര്‍ദനങ്ങളേറ്റിട്ടും   മുഖത്ത് തിളങ്ങുന്ന ഈമാനിന്റെ തെളിച്ചത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. പടച്ചവന് മുന്നിലല്ലാതെ മറ്റൊരാളുടെ മുന്നിലും കുനിക്കാത്ത ശിരസ്സ് തൂക്ക് കയറിന് മുന്നിലും ഉയര്‍ന്ന് തന്നെ നിന്നു.
പൊന്നാനിയിലെ ദര്‍സ് പഠനം കഴിഞ്ഞ് പരിശുദ്ധ മക്കയില്‍ വര്‍ഷങ്ങളോളം താമസിച്ച്  വൈജ്ഞാനിക ആത്മീയക്കരുത്തുമായി തിരിച്ചെത്തിയ ആലി മുസ്‌ലിയാര്‍ പലയിടങ്ങളില്‍ ദര്‍സ് നടത്തി. എത്തിച്ചേര്‍ന്ന ഇടങ്ങളിലെല്ലാം  മുസ്‌ലിയാര്‍ ജന ഹൃദയങ്ങളെ ആകര്‍ഷിച്ചു. 1894-ല്‍ മണ്ണാര്‍ക്കാട് വെച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പള്ളിക്കുറുപ്പ് പോരാട്ടത്തില്‍ സഹോദരന്‍ മമ്മദ് കുട്ടി രക്തസാക്ഷിയായതോടെയാണ് അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ മൈതാനത്ത് ആലി മുസ്‌ലിയാര്‍ സജീവമാകുന്നത്. രാഷ്ട്രീയ സാമൂഹിക ബോധമുള്ള അദ്ദേഹം ജാതിവിരുദ്ധ, ജന്‍മിത്വവിരുദ്ധ നിലപാടുകള്‍ കൊണ്ട് സാധാരണക്കാരുടെ നേതാവായി ഉയര്‍ന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടത്തിന്റെ നായകനായി. തിരൂരങ്ങാടിയുടെ സുല്‍ത്താനായി. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ പതറിപ്പോയ ബ്രിട്ടീഷുകാര്‍ പോരാട്ടത്തിന് ആത്മീയ നേതൃത്വം നല്‍കിയ ആലി മുസ്‌ലിയാരെ ഹിറ്റ് ലിസ്റ്റില്‍ ഒന്നാമതായി ചേര്‍ത്തു. ഏത്  നിമിഷവും പിടികൂടപ്പെടാമെന്ന നിലയായി. മുസ്‌ലിയാരെ സംരക്ഷിക്കാന്‍ ജനങ്ങള്‍ കൂട്ടമായി തിരൂരങ്ങാടിയില്‍ വന്നു തുടങ്ങി. ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന പ്രഖ്യാപനവുമായി പള്ളിയില്‍ 114 അനുയായികള്‍ക്കൊപ്പം തമ്പടിച്ച ആലി മുസ്‌ലിയാര്‍ക്ക് നേരെ  1921 ആഗസ്റ്റ് 31-ന് വെടിവെപ്പ് തുടങ്ങി. പള്ളിയില്‍ നിന്നും തിരിച്ചും വെടിയുണ്ടകള്‍ പാഞ്ഞു. മണിക്കൂറുകള്‍ നീണ്ട പോരാട്ടം, സര്‍വായുധ സജ്ജരായ ബ്രിട്ടീഷ് പടക്കു മുന്നില്‍ പരമാവധി പിടിച്ച് നിന്ന ശേഷം പള്ളി തകര്‍ക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ആലി മുസ്‌ലിയാരും ശേഷിച്ച അനുയായികളും കീഴടങ്ങുകയായിരുന്നു. കോഴിക്കോട് വിചാരണാ പ്രഹസനം നടത്തി, ബ്രിട്ടീഷ് ചക്രവര്‍ത്തിക്കെതിരെ യുദ്ധം ചെയ്‌തെന്ന കുറ്റം ചുമത്തി വധശിക്ഷ വിധിച്ച്  കോയമ്പത്തൂരിലേക്ക് കൊണ്ടു പോവുകയായിരുന്നു. ശഹീദ് ആലി മുസ്‌ലിയാര്‍  ഈ ലോകം വിട്ടു പോയിട്ട് നൂറ് വര്‍ഷം പിന്നിടുമ്പോഴും പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ആത്മീയ പ്രഭാവമായി ഇവിടെ നിറഞ്ഞ് നില്‍പ്പുണ്ട്.

* * *
1949 ഫെബ്രുവരി 12-ന് കയ്‌റോവിലെ ജംഇയ്യത്തു ശുബ്ബാനില്‍  മുസ്‌ലിമീന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ മന്ത്രി സാകി അല്‍ പാഷയുടെ പ്രതിനിധികളെയും കാത്തിരിക്കുകയായിരുന്നു ഇമാം ഹസനുല്‍ ബന്നയും അബ്ദുല്‍ കരീം മന്‍സൂറും. എത്താമെന്നേറ്റ സമയവും  കഴിഞ്ഞ് നേരമിരുട്ടിയപ്പോള്‍ അവര്‍ പുറത്തിറങ്ങാന്‍ തീരുമാനിച്ചു. തെരുവ് അസാധാരണമാം വിധം വിജനമായിരുന്നു. ടാക്‌സി കാത്ത് നിന്ന ഹസനുല്‍ ബന്നയുടെ നെഞ്ചിലേക്ക് ഇരുട്ടിന്റെ നിശ്ശബ്ദതയെ ഭേദിച്ചെത്തിയ വെടിയുണ്ടകള്‍ തുളച്ച് കയറി. രക്തം വാര്‍ന്ന് തുടങ്ങിയ അദ്ദേഹത്തെ ഹോസ്പിറ്റലിലേക്കെത്തിക്കാനെത്തിയ ആംബുലന്‍സ്  കൊലയാളികള്‍ തടഞ്ഞു വെച്ചു. രക്തസാക്ഷിയായ ഇമാം ബന്നായുടെ  ഭൗതിക ശരീരം കാണുന്നതില്‍ നിന്ന് പോലും ജനങ്ങളെ ഭരണകൂടം വിലക്കി. ഫാറൂഖ് രാജാവും പ്രഭൃതികളും വിചാരിച്ചത് അത്  വിപ്ലവത്തിന്റെ അന്ത്യമായിരിക്കുമെന്നാണ്. പക്ഷേ,  അവരേറെ വൈകിപ്പോയിരുന്നു. 1928-ല്‍ വിരലിലെണ്ണാവുന്ന ആളുകളെയും കൂടെ കൂട്ടി ബന്ന തുടങ്ങി വെച്ച ഇഖ് വാന്‍, കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ വിപ്ലവത്തിന്റെ  വേനലും ശൈത്യവും കടന്ന് അറബ് ലോകത്തുടനീളം വസന്തത്തിന്റെ പരിമളം പരത്തി.
സൈനികമായി കീഴടക്കിയ മുസ്‌ലിം നാടുകളില്‍ സാമ്രാജ്യത്വം സാംസ്‌കാരിക മേധാവിത്വം കൂടി നേടിയപ്പോള്‍ മുസ്‌ലിംകള്‍ക്ക് കൈമോശം വന്ന് പോയത് ഇസ്‌ലാമിന്റെ സാമൂഹിക വിമോചക മുഖമാണ്. ഒരു കൂട്ടര്‍  അനുഷ്ഠാന മതത്തിലേക്ക് മാത്രമായി ചുരുങ്ങിയപ്പോള്‍ മറ്റൊരു കൂട്ടര്‍ ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ പ്രത്യക്ഷാലങ്കാരങ്ങളില്‍ കണ്ണു മഞ്ഞളിച്ച് ഇസ്‌ലാമിനെ കുറിച്ച അപകര്‍ഷത പേറുന്നവരായി മാറി. ഖിലാഫത്തിന്റെ ആസ്ഥാനത്ത് ബാങ്ക് വിളി പോലും കേള്‍ക്കാതായ കാലം. ബന്നയുടെ മനസ്സ് അസ്വസ്ഥപ്പെട്ടു. ദീനിന്റെ ആത്മീയ സാമൂഹിക കാഴ്ചപ്പാടുകളെ സമഗ്രമായവതരിപ്പിച്ച് തെരുവുകളിലും പള്ളികളിലും ഗ്രാമങ്ങളിലും പട്ടണങ്ങളിലും അദ്ദേഹം ഓടി നടന്നു. അതൊരു കൊച്ചു സംഘമായി രൂപപ്പെട്ടു. പതിയെ ഈജിപ്തിന്റെ മുക്കിലും മൂലയിലും ഇഖ്‌വാനും ബന്നയുമായി ചര്‍ച്ചാ വിഷയം. ഉസ്താദ് ബന്നയുടെ സംസാരത്തിലും വ്യക്തിത്വത്തിലും പതിനായിരങ്ങള്‍ ആകൃഷ്ടരായി. ഭരണകൂടത്തിന് പോലും ഇഖ്‌വാനെ പിന്തുണക്കാതിരിക്കാനാവാതെ വന്നു. ഫലസ്ത്വീന്‍ വിമോചന പോരാട്ടത്തിനായി ഇസ്രയേലിനെതിരെ യുദ്ധം ചെയ്യാന്‍ പോയ ഇഖ്‌വാന്‍കാരുടെ ധീരതയും സമര്‍പ്പണവും പ്രസ്ഥാനത്തിന്റെയും ബന്നയുടെയും സ്വീകാര്യത പതിന്‍മടങ്ങ് വളര്‍ത്തിയപ്പോള്‍ ഫാറൂഖ് രാജാവിന്റെ മനസ്സ് മാറാന്‍ തുടങ്ങി. ഈജിപ്തും കടന്ന് ഇഖ്‌വാന്‍ മറ്റു മുസ്‌ലിം രാജ്യങ്ങളിലും നിലയുറപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ സാമ്രാജ്യത്വ ശക്തികള്‍ ഗൂഢാലോചന മെനഞ്ഞു. അതാണ് 1949 ഫെബ്രുവരി 12-ന് വെടിയുണ്ടകളുടെ രൂപത്തില്‍ ബന്നയെ തേടിയെത്തിയത്.
ഉസ്താദ് ശഹീദ് ഹസനുല്‍ ബന്ന കൊളുത്തിയ വിളക്ക് ഇന്ന് ചെറുതും വലുതുമായ സംഘങ്ങളിലൂടെ എഴുപതില്‍ പരം രാജ്യങ്ങളില്‍ വെളിച്ചം വിതറി  ജ്വലിച്ച് നില്‍പ്പുണ്ട്. അദ്ദേഹം തന്നെ പറഞ്ഞത് പോലെ ''ഇന്നലെകളിലെ സ്വപ്‌നങ്ങളായിരുന്നു ഇന്നിന്റെ യാഥാര്‍ഥ്യങ്ങള്‍; ഇന്നത്തെ കിനാവുകള്‍ നാളത്തെ യാഥാര്‍ത്ഥ്യങ്ങളായിരിക്കും.''

*   *  *
1965 ഫെബ്രുവരി 21. കുളിര് കോരുന്ന അതി ശൈത്യം വകവെക്കാതെ  മാന്‍ഹാട്ടണിലെ ഔഡുബോണ്‍ ഹാളിലേക്കൊഴുകിയെത്തിയ സദസ്സ് ഒരാളിലേക്ക് മാത്രം ഉറ്റുനോക്കി. ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ-അമേരിക്കന്‍ യൂനിറ്റി സംഘടിപ്പിക്കാറുള്ള വാരാന്ത യോഗം അന്ന് പതിവിലും പ്രൗഢമായിരുന്നു. വര്‍ണവെറിയുടെ മലിനമനസ്സുകളെയും അധികാരത്തെയും ചോദ്യം ചെയ്യുന്ന ഉറച്ച ശബ്ദം  നിശ്ശബ്ദതയില്‍ കൂടുതല്‍ ഗംഭീരമായി മുഴങ്ങി. ഇടക്കൊന്ന് അശാന്തമായ സദസ്സിനെ അഭിമുഖീകരിച്ച് സംസാരം തുടരവെ പൊടുന്നനെ സദസ്സില്‍ വെടിയൊച്ചകള്‍ മുഴങ്ങി.. എന്താണ് സംഭവിക്കുന്നതെന്ന് സദസ്സ് പകച്ച് നില്‍ക്കെ കൈത്തോക്കുമായൊരാള്‍ വേദിക്കരികിലെത്തി ആ വലിയ ശരീരത്തിലേക്ക് തുരുതുരാ വെടിയുതിര്‍ത്തു.. അനീതിക്കെതിരെ നീട്ടിയ കരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തന്നെ ആ ചരിത്ര പുരുഷന്‍ പിറകിലേക്ക് മറിഞ്ഞ് വീണു. നാല്‍പതാം വയസ്സില്‍ ആ  ശരീരം  നിശ്ശബ്ദമായെങ്കിലും ആ ശബ്ദങ്ങള്‍ ഇന്നും പോരാട്ടത്തിന്റെ ഇടങ്ങളില്‍ വാചാലമാണ്. പതിറ്റാണ്ടുകള്‍ പിന്നിട്ടാലും മാല്‍കം എക്‌സ് എന്ന നാമവും പോരാട്ടവും ജ്വലിച്ച് നില്‍ക്കുക തന്നെ ചെയ്യും.
ആറ് വയസ്സുള്ളപ്പോള്‍ പിതാവ് കൊല്ലപ്പെടുന്നു. പതിമൂന്നാം വയസ്സില്‍ മാതാവ് മനോരോഗിയായി ഹോസ്പിറ്റലിലാകുന്നു. അനാഥാലയത്തില്‍ വളര്‍ന്ന മാല്‍കം പിന്നീട്  മോഷണക്കുറ്റത്തിന് അറസ്റ്റിലാകുന്നു. ജയിലില്‍ വെച്ച് 'നാഷന്‍ ഓഫ് ഇസ്‌ലാമി'ല്‍ ആകൃഷ്ടനായ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ച് കറുത്തവരുടെ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായി മാറുന്നു. പിന്നീടുള്ള യാത്രകളിലെവിടെയോ വെച്ച് 'നാഷന്‍ ഓഫ് ഇസ്‌ലാമി'ന്റെ വഴി തെറ്റാണെന്ന് മനസ്സിലാക്കി ശരിയായ ഇസ്‌ലാമിന്റെ പാതയിലേക്ക് യാത്ര ചെയ്യുന്നു. ഒടുവിലെത്തിച്ചേര്‍ന്ന വഴിയില്‍ അദ്ദേഹം മുന്നോട്ട് പോകുന്നത് ഭീഷണിയാണെന്ന് മനസ്സിലാക്കിയവര്‍ വെടിയുണ്ടകള്‍ കൊണ്ട് ആ ശബ്ദത്തെ അടച്ചുകളഞ്ഞു. 'എല്ലാ മനുഷ്യരുടെയും സാഹോദര്യത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ എന്നെ സഹോദരനായി കാണാന്‍ കഴിയാത്തവരോട് അങ്ങോട്ട് സാഹോദര്യം കാണിക്കാന്‍ ഞാന്‍ തയാറല്ല. സാഹോദര്യം ടു വേ സ്ട്രീറ്റ് ആണ് എന്ന് പറഞ്ഞ മാല്‍കം എക്‌സ് വെള്ള വംശീയതക്കെതിരായ പോരാട്ടത്തില്‍ ഇന്നും ഊര്‍ജമായി  ജ്വലിച്ച് നില്‍ക്കുന്നുണ്ട്.
ശഹീദ് അല്‍ ഹാജ് മലിക് ഷഹ്ബാസ്, സാഹോദര്യത്തിന്റെ  പോരാളികളെയും കാത്ത് പറുദീസയില്‍  ബിലാലിന്റെ കൈ പിടിച്ച്  കാത്തിരിക്കുന്നുണ്ടാകണം.


* * *
2010 ഫെബ്രുവരി 11. മുംബൈയിലെ കുര്‍ളയിലെ ടാക്‌സിമന്‍സ് കോളനിയിലെ ഓഫീസിലേക്ക് മൂന്ന് പേര്‍ കയറി വരുന്നു. ഒരു കേസിന്റെ കാര്യം സംസാരിക്കാനെന്നും പറഞ്ഞ് യുവ അഭിഭാഷകന്റെ  കാബിനിലേക്ക് കയറിയ അവര്‍  അദ്ദേഹത്തിന് നേരെ തുരുതുരാ  നിറയൊഴിക്കുന്നു. അന്ന് വെടിയുണ്ടകളേറ്റ് വീണുപോയത്  32 വയസ്സ് മാത്രം പ്രായമുള്ള ഷാഹിദ്  ആസ്മി എന്ന ധീരനായ അഡ്വക്കേറ്റായിരുന്നു.
തനിക്ക് നേരെ ഏത് നിമിഷവും പാഞ്ഞ് വന്നേക്കാവുന്ന വെടിയുണ്ടകളെ  അദ്ദേഹം പ്രതീക്ഷിച്ചിട്ടുണ്ടാവണം. കാരണം താന്‍ ഏറ്റെടുത്ത പോരാട്ടം അത്ര നിസ്സാരമായിരുന്നില്ലല്ലോ.
ഒരു സമുദായത്തെ മുഴുവന്‍ പൈശാചികവല്‍ക്കരിച്ച്, ഭീകരവാദവും തീവ്രവാദവും ആരോപിച്ച്  അതിലെ ചെറുപ്പക്കാരെ  പലരെയും വേട്ടയാടി കല്‍ത്തുറുങ്കില്‍ തള്ളുന്ന സ്റ്റേറ്റ് സ്‌പോണ്‍സേഡ് ഭീകരതക്കെതിരായിരുന്നു ഷാഹിദിന്റ പോരാട്ടം.
തന്റെ മുന്നില്‍ വരുന്ന ഓരോ 'ഭീകരവാദി'യിലും തന്നെ തന്നെയായിരുന്നു ഷാഹിദ് കണ്ടത്. 15 വയസ്സുള്ളപ്പോഴാണ്, ബാബരി തകര്‍ക്കപ്പെട്ട ശേഷമുള്ള കലാപത്തില്‍ പങ്കെടുത്തെന്ന് ആരോപിച്ച് ഷാഹിദ് അറസ്റ്റ് ചെയ്യപ്പെടുന്നത്. കുറ്റം സമ്മതിക്കാന്‍ ഭീകര മര്‍ദനങ്ങളാണ് വിദ്യാര്‍ഥിയായ ഷാഹിദ് നേരിട്ടത്. ആറ് വര്‍ഷത്തെ ജയില്‍ വാസത്തിനൊടുവില്‍ നിരപരാധിയാണെന്ന് വിധിച്ച് കോടതി വെറുതെ വിടുമ്പോള്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമായിരുന്നു ഭരണകൂട തിരക്കഥയില്‍ അവന് നഷ്ടമായത്. പക്ഷേ തോറ്റ് കൊടുക്കാന്‍ തയാറായിരുന്നില്ല ഷാഹിദ്. ഇനിയും  കള്ളക്കേസുകളും ജയിലറയും തന്നെ തേടി വരുമെന്നറിഞ്ഞിട്ടും,  തന്നെപ്പോലെ ഭീകര മുദ്രകള്‍ ചാര്‍ത്തി കള്ളക്കേസില്‍ അകത്താക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാരുടെ മോചനത്തിനായി ശിഷ്ട ജീവിതം മാറ്റി വെക്കുകയായിരുന്നു.
നിയമം പഠിച്ച് വക്കീലായി. മറ്റുള്ളവര്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന കേസുകള്‍ സധൈര്യം ഏറ്റെടുത്തു. മുബൈ പോലീസിന്റെ പല ഹൈ പ്രൊഫൈല്‍ കേസുകളും കെട്ടിച്ചമച്ചതാണെന്ന ഉറച്ച ബോധ്യത്തില്‍ തന്നെ അതിലെ ഇരകള്‍ക്കായി ശക്തമായി ഷാഹിദ് രംഗത്തിറങ്ങി. 2002-ല്‍ 
പോട്ട പ്രകാരം അറസ്റ്റിലായ  ആരിഫ് പന്‍വാലയുടേയും  മറ്റ് എട്ടു പേരുടെയും നിരപരാധിത്വം തെളിയിച്ച് അവരെ ജയില്‍ മോചിതനാക്കിയതോടെ ഷാഹിദിന് ഒരു പേര് വീണു - The Lawyer Terrorist
, അഭിഭാഷകനായ ഭീകരവാദി!  ഇതും ഇതിലപ്പുറവും പ്രതീക്ഷിച്ചിറങ്ങിയ ഷാഹിദിനെ പക്ഷേ  ഇതൊന്നും ഒട്ടും തളര്‍ത്തിയില്ല.
ഒട്ടും എളുപ്പമായിരുന്നുന്നില്ല മുന്നോട്ടുള്ള വഴികള്‍. കോടതിക്കുള്ളിലും പുറത്തും നിരന്തരമായി ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയനായി. കൊന്നു കളയുമെന്ന ഭീഷണി കോളുകള്‍ വന്നു തുടങ്ങി. താന്‍ ആരോടാണ് പോരാടുന്നതെന്നറിയാവുന്ന ഷാഹിദിന് ഈ വഴിയില്‍ കൊടുക്കേണ്ടി വരുന്നത് സ്വന്തം ജീവന്‍ തന്നെയായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സഹോദരന്‍ ഖാലിദിനോട് പറഞ്ഞതിങ്ങനെയായിരുന്നു 'ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ കൊല്ലപ്പെടും. ഏജന്‍സി എന്റെ പിന്നാലെതന്നെയുണ്ട്. വസ്തുതകള്‍ എന്നിലൂടെ പുറത്തുവരുന്നത് അവര്‍ക്ക് പിടിക്കുന്നില്ല.'
ഭരണകൂടവും സംവിധാനങ്ങളും വേട്ട തുടരുമ്പോള്‍ സത്യം തുറന്ന് പറയുന്നവര്‍ക്കും  നീതിക്ക് വേണ്ടി പോരാടുന്നവര്‍ക്കും കൊടുക്കേണ്ടി വരുന്നത് സ്വന്തം ജീവനും ജീവിതവുമായിരിക്കുമെന്ന് ഓര്‍മപ്പെടുത്തുകയാണ് ഷാഹിദ് ആസ്മിയുടെ ശഹാദത്ത് ദിനം.
* * *
 ഉഹ്ദിലെ രക്തസാക്ഷികളെ കുറിച്ച് റസൂലുല്ലാഹി (സ) പറയുന്നുണ്ട്.  അവരുടെ റൂഹുകളെ അല്ലാഹു പച്ച നിറമുള്ള പക്ഷികളില്‍ സന്നിവേശിപ്പിച്ചു. സ്വര്‍ഗത്തിലെ ആറുകളില്‍ നിന്ന് വെള്ളം കുടിച്ചും തോപ്പുകളില്‍നിന്ന് പഴങ്ങള്‍ കഴിച്ചും അവരങ്ങനെ  പാറി നടന്നു. അര്‍ശിനരികില്‍ തൂക്കിയിട്ടിരിക്കുന്ന സ്വര്‍ണ വിളക്കുകള്‍ക്കരികില്‍ അവര്‍ ചെന്നിരുന്നു. അവര്‍ക്ക് ലഭിച്ച ഹൃദ്യമായ ഭക്ഷണവും പാനീയങ്ങളും സുന്ദര വര്‍ത്തമാനങ്ങളും അനുഭവിക്കുമ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് കിട്ടിയ ആദരവിനെയും സൗഭാഗ്യങ്ങളെയും കുറിച്ച്  ഇഹലോകത്തുള്ള സഹോദരങ്ങളെ ആരാണ് അറിയിക്കുക. അത് അവര്‍ പോരാട്ടത്തിന്റെ വഴികളില്‍ നിന്ന് മാറാതെ ഉറച്ച് നില്‍ക്കാനും നിഷ്‌ക്രിയരാവാതിരിക്കാനും പ്രചോദനമായേനെ. അന്നേരം അല്ലാഹു പറഞ്ഞു: ഞാന്‍ അവരെ ഇക്കാര്യമറിയിക്കാം.
'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ കരുതരുത്. അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് വിഭവങ്ങള്‍  നല്‍കപ്പെട്ടു കൊണ്ടേയിരിക്കുന്നു..അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കു നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു' (3:169,170).

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-32-37
ടി.കെ ഉബൈദ്‌

ഹദീസ്‌

നല്ലതിലേക്ക് വഴികാട്ടുന്നതും പുണ്യം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌