Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 11

3239

1443 റജബ് 10

ഭരണാധികാരിയും ചോദ്യങ്ങള്‍ നേരിടേണ്ടതുണ്ട്‌

പി.കെ ജമാല്‍

ഭരണ നിര്‍വഹണം അഴിമതിമുക്തമാക്കാന്‍ ഓരോ രാജ്യവും ഏര്‍പ്പെടുത്തിയ സംവിധാനങ്ങളെക്കുറിച്ച് ചരിത്രത്തില്‍ വായിക്കാം. കൈക്കൂലി, കോഴ, പൊതുമുതല്‍ കവര്‍ച്ച തുടങ്ങി ഉദ്യോഗസ്ഥരും ഭരണാധികാരികളും നടത്തുന്ന അഴിമതിക്കും കൊള്ളക്കുമെതിരെ ജാഗരൂകരായി നിലകൊള്ളുന്ന പൊതുജനത്തിന്റെ അവസാനത്തെ ആശ്രയവും അവലംബവുമാകുന്നു ഇത്തരം ജാഗ്രത്തായ സംവിധാനങ്ങള്‍. പാര്‍ലമെന്റോ ഗവണ്‍മെന്റോ സ്വതന്ത്ര ചുമതല നല്‍കി നിയമിക്കുന്ന ഓംബുഡ്‌സ്മാന്‍, ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും അഴിമതിയും അവര്‍ക്കെതിരെ ഉയരുന്ന ആവലാതികളും ആരോപണങ്ങളും അന്വേഷിച്ച് നടപടിയെടുക്കുന്നു. പൊതു-സ്വകാര്യ മേഖലകളിലെ ആവലാതികള്‍ അന്വേഷിക്കാന്‍ 1962-'64 കാലത്ത് സന്താനം കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം ഇന്ത്യയില്‍ നിലവില്‍ വന്ന സംവിധാനമായിരുന്നു ചീഫ് വിജിലന്‍സ് ഓഫീസര്‍ നിയമനം. ഇന്ത്യയില്‍ ഓംബുഡ്‌സ്മാന്‍ അറിയപ്പെടുന്നത് 'ലോക് പാല്‍', 'ലോകായുക്ത' എന്നീ പേരുകളിലാണ്. 1966 ജനുവരിയില്‍ മൊറാര്‍ജി ദേശായിയുടെ അധ്യക്ഷതയില്‍ രൂപവത്കരിക്കപ്പെട്ട ഭരണ പരിഷ്‌കാര കമീഷനാണ് കേന്ദ്ര തലത്തില്‍ ലോക്പാലും സംസ്ഥാന തലത്തില്‍ ലോകായുക്തയും പ്രവര്‍ത്തിക്കണമെന്ന് ശിപാര്‍ശ ചെയ്തത്. 1968 മുതല്‍ ലോക്‌സഭയിലും രാജ്യസഭയിലും നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് നിരവധി ഭേദഗതികള്‍ അംഗീകരിച്ച് 2013 ഡിസംബര്‍ 18-നാണ് ലോക്‌സഭ ലോക്പാല്‍ ബില്‍ പാസ്സാക്കിയത്. 1970 മുതല്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ലോകായുക്ത സംവിധാനം ഉണ്ടാക്കി തുടങ്ങിയിരുന്നു. 1998 നവംബര്‍ 15-നാണ് കേരള ലോകായുക്ത കര്‍മപഥത്തില്‍ വന്നത്. അഴിമതി നിര്‍മാര്‍ജനമാണ് ലോകായുക്തയുടെ ദൗത്യം.
ഭരണാധികാരികളുടെയും തല്‍പരകക്ഷികളുടെയും സ്വാധീനങ്ങള്‍ക്കും കൈകടത്തലിനും ഇരയാവാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും നടപടികള്‍ കൈക്കൊള്ളാനും സാധിക്കുമ്പോള്‍ മാത്രമാണ് ഇത്തരം സംവിധാനങ്ങള്‍ക്ക് അവയുടെ ദൗത്യം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുക.
ഇന്ത്യാ രാജ്യം സ്വതന്ത്രമായ ഉടനെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ആഗ്രഹം പ്രകടിപ്പിച്ചത്, രാജ്യത്ത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരിയായിരുന്ന ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഭരണ മാതൃക നിലനിന്ന് കാണാനാണ്. നീതിനിഷ്ഠമായ ഭരണത്തിന്റെ ഉജ്ജ്വല മാതൃക കാഴ്ചവെക്കാന്‍ സാധിച്ചതാണ് ഉമറി(റ)ന്റെ വിജയം. സി.ഇ 634 മുതല്‍ 644 വരെയുള്ള ഉമറിന്റെ ഭരണകാലത്ത് പരിചയപ്പെടുത്തപ്പെട്ട ഓംബുഡ്‌സ്മാന്‍ സംവിധാനമാണ് 'ദീവാനുല്‍ മളാലിം.' അക്രമങ്ങള്‍ക്കും അന്യായങ്ങള്‍ക്കും അഴിമതിക്കുമെതിരെ ആര്‍ക്കും ആവലാതിപ്പെടാവുന്ന ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയായിരുന്നു ഇത്. തന്റെ കീഴിലെ ഗവര്‍ണര്‍മാരോടും ഉദ്യോഗസ്ഥരോടും 'മിന്‍ അയ്‌ന ലക ഹാദാ' (നിങ്ങള്‍ ഇത് എങ്ങനെ സമ്പാദിച്ചതാണ്) എന്ന് ഉമര്‍ ചോദിക്കുമായിരുന്നു. ഈ ചോദ്യം ഉമറിനെ പഠിപ്പിച്ചത് നീതിനിഷ്ഠയോടെ ഭരണം നടത്തിയ മുഹമ്മദ് നബിയാണ്. ഭരണാധികാരികളോട് ഭരണീയരും ഈ ചോദ്യം ചോദിച്ചു. തങ്ങള്‍ക്കെതിരില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍, ചോദ്യകര്‍ത്താവിനെതിരില്‍ നടപടിയെടുക്കാനോ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി രക്ഷപ്പെടാനോ അല്ല അന്നത്തെ ഭരണാധികാരികള്‍ ശ്രമിച്ചത്. വ്യക്തമായും കൃത്യമായും മറുപടി നല്‍കിയാണ് ഉമറിനെ പോലുള്ള ഭരണാധികാരികള്‍ ഓരോ ചുവടും മുന്നോട്ടു വെച്ചത് എന്ന് ചരിത്രം വ്യക്തമാക്കിത്തരുന്നു. അന്ന് നിലനിന്ന സംശുദ്ധവും സുതാര്യവുമായ ഭരണത്തിന്റെ ചില രേഖാ ചിത്രങ്ങള്‍ നമുക്ക് കാണാം.

* * * * *
ഉദ്യോഗസ്ഥന്മാര്‍ തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണ വേളയില്‍ എങ്ങനെ പെരുമാറണം? അവരുടെ വിഹിതവും അവിഹിതവുമായ സമ്പാദ്യമെന്ത്? തങ്ങള്‍ വഹിക്കുന്ന പദവിയുടെയും ഉദ്യോഗത്തിന്റെയും ആനുകൂല്യം ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന നേട്ടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും? ഇസ്‌ലാം ഇതിന് വ്യക്തമായ ചട്ടങ്ങളും നിയമങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ സംബന്ധിച്ച് നയം വ്യക്തമാക്കി നബി (സ) പ്രഖ്യാപിച്ചു: ''നാം ഒരാളെ ഉദ്യോഗത്തില്‍ നിയമിച്ചാല്‍ അയാള്‍ക്ക് ന്യായമായ വേതനം നല്‍കും. അതില്‍ കൂടുതല്‍ അയാള്‍ വല്ലതും കൈപ്പറ്റുകയോ വിനിമയം നടത്തുകയോ ചെയ്താല്‍ അത് വഞ്ചനയാണ്'' (അബൂദാവൂദ്).
ഉദ്യോഗസ്ഥന്റെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും നിര്‍ണയിച്ചു നല്‍കി റസൂല്‍. ''നമ്മുടെ ഉദ്യോഗസ്ഥന് ഇണയെ സ്വന്തമാക്കാം, പരിചാരകന്‍ ഇല്ലെങ്കില്‍ ഒരു പരിചാരകനെ വെക്കാം, പാര്‍ക്കാന്‍ വസതിയില്ലെങ്കില്‍ ഒരു വീടാവാം, സഞ്ചരിക്കാന്‍ വാഹനം ഇല്ലെങ്കില്‍ ഒരു വാഹനവും അയാള്‍ക്ക് സ്വീകരിക്കാം. ഇതില്‍ അപ്പുറം വല്ലതും സ്വീകരിക്കുകയോ കൈക്കലാക്കുകയോ ചെയ്താല്‍ അത് അഴിമതിയായി കണക്കാക്കും, പൊതുസ്വത്ത് അപഹരിച്ചതായി ഗണിക്കും'' (അഹ്മദ്).
ഔദ്യോഗിക പദവികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യരുത്. അത് ചൂഷണമാണ്. ഔദ്യോഗിക ജീവിത കാലയളവില്‍ ലഭിക്കുന്ന പാരിതോഷികങ്ങള്‍, സംഭാവനകള്‍ തുടങ്ങിയവയെല്ലാം പൊതു ഖജനാവിലേക്ക് മുതല്‍ക്കൂട്ടേണ്ടതാണെന്നാണ് പ്രവാചകന്റെ വ്യക്തമായ നിര്‍ദേശം. അസ്ദ് ഗോത്രത്തിലെ ഒരാളെ നബി (സ) ഉദ്യോഗത്തില്‍ നിയമിച്ചു. ഇബ്‌നുല്ലുതബിയ്യ എന്ന് പേര്‍. സ്വദഖ പിരിച്ചുകൊണ്ടുവരലാണ് ചുമതല. കുറെയേറെ വിഭവങ്ങളുമായി തിരിച്ചെത്തിയ അയാള്‍ നബിയുടെ മുന്നില്‍ കണക്ക് സമര്‍പ്പിച്ചു പറഞ്ഞു: ''ഈ വിഭവങ്ങളൊക്കെ നിങ്ങള്‍ക്കുള്ളതാണ്. മാറ്റിവെച്ച വിഭവങ്ങള്‍ എനിക്ക് സമ്മാനമായി ലഭിച്ചതാണ്, അത് എനിക്ക് അവകാശപ്പെട്ടതാണ്.'' ഈ വാക്കുകള്‍ നബിയെ വേദനിപ്പിക്കുകയും ക്ഷുഭിതനാക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞതിങ്ങനെ: ''അല്ലാഹു നമ്മെ ഏല്‍പിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ നാം ചില ആളുകളെ ചുമതലപ്പെടുത്തും. അവരുടെ കഥ കേള്‍ക്കണോ? അവര്‍ വന്നിട്ട് പറയും: 'ഇത് നിങ്ങള്‍ക്ക് ഉള്ളത്, ഇത് എനിക്ക് സമ്മാനവും പാരിതോഷികവുമായി കിട്ടിയത്.' അത്തരക്കാര്‍ അവരുടെ ഉപ്പയുടെയോ ഉമ്മയുടെയോ ഭവനത്തിലിരിക്കട്ടെ. എന്നിട്ട് നോക്കട്ടെ ഈ സമ്മാനങ്ങളൊക്കെ തങ്ങള്‍ക്ക് ലഭിക്കുമോ, ലഭിക്കില്ലേ എന്ന്'' (മുസ്‌ലിം).
വളരെ കൃത്യമാണ് നബിയുടെ നിരീക്ഷണം. ഉദ്യോഗത്തിന്റെ ബലത്തിലും തണലിലും ലഭിക്കുന്ന ആനുകൂല്യങ്ങളും വരുമാനങ്ങളും അവിഹിത സമ്പാദ്യമായാണ് കണക്കാക്കുക. അവയെല്ലാം പൊതു ഖജനാവില്‍ മുതല്‍ക്കൂട്ടേണ്ടതാണെന്നാണ് നബി ആജ്ഞാപിക്കുന്നത്.

* * * * *
ഭരണ ഭാരം ഏറ്റെടുത്ത അബൂബക്ര്‍ സിദ്ദീഖ് (റ) നയം വ്യക്തമാക്കുന്നു: ''ജനങ്ങളേ, നിങ്ങളുടെ ഭരണഭാരം എന്നില്‍ ഏല്‍പിക്കപ്പെട്ടിരിക്കുകയാണ്. നിങ്ങളെക്കാള്‍ മികവൊന്നും എനിക്ക് അവകാശപ്പെടാനില്ല. ഞാന്‍ സത്യപാതയിലൂടെ ചരിക്കുമ്പോള്‍ എന്നെ നിങ്ങള്‍ സഹായിക്കുക. അസത്യ മാര്‍ഗത്തിലൂടെയാണ് എന്റെ പ്രയാണമെങ്കില്‍ നിങ്ങള്‍ എന്നെ ശരിയായ പാതയിലേക്ക് തിരിച്ചു കൊണ്ടുവരണം. നിങ്ങളില്‍ ദുര്‍ബലനാണ് എന്റെ അടുക്കല്‍ ഏറ്റവും ശക്തന്‍. അയാള്‍ക്ക് ഞാന്‍ അയാളുടെ അവകാശം വാങ്ങി നല്‍കും. നിങ്ങളില്‍ ശക്തന്‍ എന്റെ അടുക്കല്‍ ദുര്‍ബലനാണ്. അയാളില്‍നിന്ന് ഞാന്‍ അവകാശം നേടിക്കൊടുക്കും.''

* * * * *
മരണാസന്ന വേളയില്‍ അബൂബക്ര്‍ മകള്‍ ആഇശ(റ)യുടെ നേരെ തിരിഞ്ഞ്: ''മകളേ, മുസ്‌ലിംകളുടെ ഭരണ ചുമതല നമുക്കായിരുന്നു. നാം നമുക്ക് വേണ്ടി പൊതുമുതലില്‍നിന്ന് ഒരു ദീനാറോ ദിര്‍ഹമോ എടുത്തിട്ടില്ല. സാധാരണ പൗരന്മാര്‍ കഴിക്കുന്ന ആഹാരമാണ് നാം കഴിച്ചത്. അവര്‍ ഉടുക്കുന്ന പരുക്കന്‍ വസ്ത്രം തന്നെ നമ്മളും ഉടുത്തു. പൊതുമുതല്‍ ഒന്നും നമ്മുടെ പക്കല്‍ ഇല്ല. എനിക്കാകെയുള്ളത് ഈ നില്‍ക്കുന്ന നീഗ്രോ അടിമയും ഈ മെലിഞ്ഞ ഒട്ടകവും ഈ കാണുന്ന ദ്രവിച്ച കമ്പിളിപ്പുതപ്പുമാണ്. ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ അവ ഉമറിന് അയച്ചു കൊടുക്കണം.'' മരണ പിറ്റേന്ന് ഇവ ഉമറിന് തിരിച്ചേല്‍പിക്കാന്‍ ചെന്ന ആഇശയുടെ മുന്നില്‍ വെച്ച് ഉമര്‍: 'അങ്ങേക്ക് ശേഷം വരുന്നവരെ കുഴക്കിക്കളഞ്ഞല്ലോ അബൂബക്‌റേ അങ്ങ്?'

* * * * *
ഭരണഭാരം ഏറ്റെടുത്ത ഉമര്‍ നയം വ്യക്തമാക്കി: ''അല്ലാഹുവിന്റെ സമ്പത്തില്‍നിന്ന് ഉമറിന് അനുവദനീയമായത് രണ്ട് വസ്ത്രമാണ്. ശൈത്യകാലത്തേക്ക് ഒരു വസ്ത്രം. ഉഷ്ണകാലത്തേക്ക് ഒരു വസ്ത്രം. പിന്നെ ഹജ്ജിനും ഉംറക്കും വേണ്ടി ഇഹ്‌റാം വസ്ത്രവും. എനിക്കും എന്റെ കുടുംബത്തിനുമുള്ള ആഹാരത്തെക്കുറിച്ച് പറഞ്ഞാല്‍ ഖുറൈശികളില്‍ പെട്ട ഒരാള്‍ക്ക്- അയാള്‍ പരമ ദരിദ്രനുമല്ല, അതി സമ്പന്നനുമല്ല- നല്‍കാവുന്ന വിഭവം എനിക്കും അവകാശപ്പെട്ടതാണ് നല്‍കുക. പിന്നെ ഞാനും ഈ രാജ്യത്തെ ഒരു പൗരനാണല്ലോ. അവരെ ബാധിക്കുന്ന വിപത്തുകളൊക്കെ എന്നെയും ബാധിക്കും. പൊതു മുതല്‍ കൈകാര്യം ചെയ്യുമ്പോള്‍, അനാഥ കുട്ടികളുടെ മുതല്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് ഞാന്‍ സ്വീകരിക്കുക. എനിക്ക് സാമ്പത്തിക സൗകര്യമുണ്ടെങ്കില്‍ അതില്‍ ഒരു കാശ് പോലും ഞാന്‍ തൊടില്ല. ഇനി ദാരിദ്ര്യം കാരണം ആവശ്യമായി വരികയാണെങ്കില്‍ മിതമായ പ്രതിഫലം പറ്റും.'' ഇത് കേട്ട അലി (റ): ''താങ്കള്‍ക്കും കുടുംബത്തിനും ജീവിക്കാനാവശ്യമായ വേതനം പൊതുഖജനാവില്‍നിന്ന് പറ്റാം. അതല്ലാത്തതൊന്നും താങ്കള്‍ക്ക് അനുവദനീയമല്ല.'' 
''ഞാനും അത് തന്നെയാണ് ഉദ്ദേശിച്ചത്''- ഉമര്‍.

* * * * *
നിയമനം നല്‍കി ഉദ്യോഗസ്ഥരെ യാത്രയാക്കുമ്പോള്‍ ഭരണാധികാരിയായ ഉമര്‍ നല്‍കുന്ന നിര്‍ദേശം: ''ജനങ്ങളുടെ രക്തം ചിന്താനല്ല നാം താങ്കളെ നിയോഗിക്കുന്നത്. അവരുടെ അഭിമാനം ക്ഷതപ്പെടുത്താനുമല്ല. നാം നിങ്ങളെ നിയോഗിക്കുന്നത് ജനങ്ങളില്‍ നമസ്‌കാരം നിലനിര്‍ത്താനും അവര്‍ക്കിടയില്‍ ന്യായമായ വിധത്തില്‍ വിഭവങ്ങള്‍ വിതരണം നടത്താനും അവര്‍ക്കിടയില്‍ ഉളവാകുന്ന പ്രശ്‌നങ്ങളില്‍ നീതിയോട് കൂടി വിധിതീര്‍പ്പ് ഉണ്ടാക്കാനുമാണ്. ഉദ്യോഗസ്ഥന്‍ മേത്തരം വിദേശിക്കുതിരികളെ യാത്രക്ക് ഉപയോഗിക്കരുത്. മൃദുല വസ്ത്രം ധരിക്കരുത്, ഉമിയും തവിടും നീക്കിയ ധാന്യങ്ങള്‍ ആഹരിക്കരുത്, ജനങ്ങള്‍ ആവലാതികളുമായി വരുമ്പോള്‍ അവരുടെ നേരെ വാതിലുകള്‍ കൊട്ടിയടക്കരുത്.''

* * * * *
ജനക്ഷേമ തല്‍പരനായ ഉമര്‍ സായാഹ്നങ്ങളില്‍ മൃഗങ്ങള്‍ക്കായി നീക്കിവെച്ച മേച്ചില്‍പ്പുറങ്ങളും സന്ദര്‍ശിക്കും. ഒരു ദിനം തടിച്ചുകൊഴുത്ത ഒരൊട്ടകം ഉമറിന്റെ ശ്രദ്ധയില്‍ പെട്ടു: ''ആരുടേതാണ് തടിച്ചു കൊഴുത്ത് മിനുങ്ങിയ ഈ ഒട്ടകം?'' ഉമര്‍. ''അത്, അമീറുല്‍ മുഅ്മിനീന്‍, അങ്ങയുടെ മകന്‍ അബ്ദുല്ലയുടേതാണ്.''
ഉമര്‍ തലതാഴ്ത്തി വീട്ടിലേക്ക് നടന്നു. മകന്‍ അബ്ദുല്ലയെ വിളിച്ചു: ''നിന്റേതാണോ പൊതു മേച്ചിലിടത്തില്‍ കണ്ട തടിച്ചുകൊഴുത്ത് മിനുങ്ങിയ ആ ഒട്ടകം?''
''അതെ അമീറുല്‍ മുഅ്മിനീന്‍, എല്ലാ പൗരന്മാര്‍ക്കും നല്‍കിയ പോലെ എനിക്കും നല്‍കിയിരുന്നല്ലോ മെലിഞ്ഞ ഒരു ഒട്ടകത്തെ. ഞാന്‍ അതിനെ നമ്മുടെ മേച്ചില്‍പ്പുറങ്ങളില്‍ വിട്ട് തീറ്റിച്ച് ഈ നിലയിലാക്കി.''
ക്ഷുഭിതനായ ഉമര്‍: ''കൊള്ളാം. നീ നിന്റെ ഒട്ടകത്തെ പൊതുമേച്ചില്‍പ്പുറങ്ങളില്‍ വിടും. ജനങ്ങള്‍ പറയും: 'അമീറുല്‍ മുഅ്മിനീന്‍ ഉമറിന്റെ പുത്രന്‍ അബ്ദുല്ലയുടെ ഒട്ടകമാണ്. അത് ഇഷ്ടം പോലെ പുല്ലും വെള്ളവും കഴിച്ചുകൊള്ളട്ടെ, അതിനെ നിര്‍ബാധം മേയാന്‍ വിട്ടേക്കുക.' അങ്ങനെയല്ലേ നിന്റെ ഒട്ടകം ഇങ്ങനെ തടിച്ചു ചീര്‍ത്തത്? നീ ഭരണത്തിന്റെ ആനുകൂല്യം അനുഭവിക്കുകയാണ്.'' അബ്ദുല്ല എതിര്‍ത്തപ്പോള്‍ ഉമര്‍: ''കൂടുതല്‍ പറയേണ്ട. അമീറുല്‍ മുഅ്മിനീന്‍ ഉമറിന്റെ തണല്‍പറ്റി നിങ്ങള്‍ ജീവിക്കേണ്ട. ആ ഒട്ടകത്തെ വിറ്റിട്ട് മുതല്‍ നിനക്കെടുക്കാം. ലാഭം മുസ്‌ലിംകളുടെ പൊതു ബൈത്തുല്‍ മാലില്‍ അടക്കണം.'' അതൊരു ഉഗ്ര ശാസനയായിരുന്നു.

* * * * *
ഉമറിന്റെ മക്കളായ അബ്ദുല്ലയും ഉബൈദുല്ലയും ബസ്വറയില്‍നിന്ന് മദീനയിലേക്ക് തിരിച്ചുപോകുമ്പോള്‍ ബസ്വറ ഗവര്‍ണറായ അബൂമൂസല്‍ അശ്അരി: ''നിങ്ങള്‍ മദീനയിലേക്ക് പോകുമ്പോള്‍  സകാത്ത്, സ്വദഖ, ജിസ്‌യ ഇനങ്ങളില്‍ ബൈത്തുല്‍ മാലില്‍ അടക്കേണ്ട തുകയും തരാം. ഈ തുക ഉപയോഗിച്ച് ഇറാഖില്‍നിന്ന് ചരക്കടുത്ത് മദീനയില്‍ വിറ്റാല്‍ നല്ല ലാഭമുണ്ടാകും. ലാഭം നിങ്ങള്‍ക്ക് എടുക്കാം. തുക ബൈത്തുല്‍മാലില്‍ അടക്കുകയും ചെയ്യാം.''
ഇരുവരും ചരക്കെടുത്ത് മദീനയില്‍ വിറ്റ് നല്ല ലാഭം ഉണ്ടാക്കി. വിവരമറിഞ്ഞ ഉമര്‍: ''അബൂമൂസല്‍ അശ്അരി സൈനികര്‍ക്ക് എല്ലാവര്‍ക്കും ഇങ്ങനെ പണം വായ്പ നല്‍കുകയുണ്ടായോ?''
മക്കള്‍: ''നഷ്ടം വന്നിരുന്നെങ്കില്‍ ഞങ്ങള്‍ നികത്തുമായിരുന്നല്ലോ.''
ഉമര്‍: ''അല്ല, നിങ്ങള്‍ ഉമറിന്റെ മക്കള്‍ എന്ന ആനുകൂല്യം പറ്റുകയായിരുന്നു... ലാഭവും മുതലും ബൈത്തുല്‍മാലില്‍ അടക്കണം.''
സദസ്സിലുണ്ടായിരുന്ന സ്വഹാബി പ്രമുഖര്‍: ''അത് നീതിയല്ല ഉമറേ. നിങ്ങളുടെ മക്കളാണെന്ന് വെച്ച് അവരോട് അക്രമം പ്രവര്‍ത്തിക്കരുത്. നമുക്ക് അത് 'ഖറാജ്' ആയി കണക്കാക്കി ലാഭത്തില്‍ പകുതി അവരെടുക്കട്ടെ. മുതലും പകുതി ലാഭവും ബൈത്തുല്‍മാലില്‍ അടക്കട്ടെ.''

* * * * *
റോമാ ചക്രവര്‍ത്തിയുടെ ദൂതന്‍ ഉമറിനെ സന്ദര്‍ശിക്കാന്‍ വന്നു. ദൂതന്‍ തിരിച്ചുപോകുമ്പോള്‍ ഉമറിന്റെ പത്‌നി ഉമറിനോട് കാശ് വാങ്ങി സുഗന്ധ ദ്രവ്യങ്ങള്‍ രാജ്ഞിക്ക് സമ്മാനമായി കൊടുത്തയച്ചു. കുറച്ചു മാസങ്ങള്‍ക്ക് ശേഷം, രാജ്ഞി കുറേ സ്വര്‍ണാഭരണങ്ങള്‍ ഉമറിന്റെ പത്‌നിക്ക് സമ്മാനമായി അയച്ചു കൊടുത്തു. മനോഹരമായ സ്വര്‍ണാഭരണങ്ങള്‍ ഉമറിന്റെ മുന്നില്‍ നിരത്തിയ പത്‌നിയോട് അദ്ദേഹം: ''ഇവ മുഴുവന്‍ വിറ്റ തുക ബൈത്തുല്‍ മാലില്‍ അടക്കുക. മുമ്പ് സമ്മാനമായി സുഗന്ധ ദ്രവ്യം കൊടുത്തയക്കാന്‍ മുടക്കിയ ദീനാറുകളുണ്ടല്ലോ. അത് മാത്രം നീ എടുക്കുക. അത് മാത്രമാണ് നിനക്ക് അവകാശപ്പെട്ടത്.''

* * * * *
ഒരുദിനം പ്രസംഗ മധ്യേ ഉമര്‍: ''ജനങ്ങളേ, നിങ്ങള്‍ കേള്‍ക്കണം, അനുസരിക്കണം.'' 
സദസ്സില്‍നിന്ന് സല്‍മാനുല്‍ ഫാരിസി: ''കേള്‍ക്കുകയുമില്ല, അനുസരിക്കുകയുമില്ല.''
ഉമര്‍: ''കാരണമെന്താണ് സല്‍മാന്‍?''
സല്‍മാന്‍: ''ഞങ്ങള്‍ക്കും താങ്കള്‍ക്കും ഒരേ അളവില്‍ അല്ലേ തുണി വീതിച്ചു കിട്ടിയത്? പിന്നെ എങ്ങനെ താങ്കളുടെ വസത്രത്തിന് ഇത്ര നീളം വന്നു? അതിന് മറുപടി പറഞ്ഞിട്ട് മതി പ്രസംഗം.''
ഉമര്‍ മകന്‍ അബ്ദുല്ലയെ നോക്കി: ''അബ്ദുല്ലാ, സല്‍മാന് പറഞ്ഞു കൊടുക്കൂ.''
അബ്ദുല്ല: ''ശരിയാണ്. വീതിച്ചു കിട്ടിയ തുണി എന്റെ പിതാവിന് വലിപ്പം പോരാഞ്ഞതിനാല്‍ എന്റെ ഓഹരി തുണി ഞാന്‍ പിതാവിന് നല്‍കി. അറിയാമല്ലോ അദ്ദേഹത്തിന് നല്ല നീളമാണ്.''
സല്‍മാന്‍: ''ശരി, ഇനി പറഞ്ഞ് കൊള്ളുക. കേള്‍ക്കാം, അനുസരിക്കാം.''

* * * * *
ഭരണാധികാരിയും ഭരണീയരും എന്ത് സമ്പാദിച്ചു, എങ്ങനെ സമ്പാദിച്ചു എന്ന് കൃത്യമായ വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥരായിരുന്നു. ഉമറിന്റെ ഭരണം സുതാര്യമായിരുന്നു, സംശുദ്ധമായിരുന്നു. അധികാരത്തിന്റെ ധാര്‍ഷ്ട്യം പിടിപെടാത്ത വിനയവും എളിമയും. ദൈവത്തിന്റെ സന്നിധിയില്‍ എല്ലാവരും തുല്യരാണെന്ന വിചാരം. നാളെ ദൈവത്തിന്റെ കോടതിയില്‍ മറുപടി പറയേണ്ടിവരുമെന്ന ചിന്ത. നിയമങ്ങളും ചട്ടങ്ങളും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിത്തിരുത്തിയില്ല, ഭേദഗതി ചെയ്തില്ല. അതായിരുന്നു ഗാന്ധിജി സ്വപ്‌നം കണ്ട ഇന്ത്യ.
(ഉദ്ധരിച്ച സംഭവങ്ങള്‍ക്ക് അവലംബം: അഖ്ബാറു ഉമര്‍- ശൈഖ് അലി ത്വന്‍ത്വാവി).
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-32-37
ടി.കെ ഉബൈദ്‌

ഹദീസ്‌

നല്ലതിലേക്ക് വഴികാട്ടുന്നതും പുണ്യം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌