Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 11

3239

1443 റജബ് 10

ഹാശിര്‍ ഫാറൂഖി- ഒരു കാലഘട്ടത്തിന്റെ ചരിത്രം

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

പത്രപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള വാര്‍ത്താവിനിമയ മേഖലകള്‍ ന്യായവും മാന്യവുമായ പോരാട്ട(ജിഹാദ്)ത്തിന്റെ മേഖലയാണ്. രാഷ്ട്രീയ മേഖല തെമ്മാടികളുടെ അവസാന സങ്കേതമാണെന്ന് പലരും പറഞ്ഞു പരത്തിയതിനാല്‍ മാന്യന്മാര്‍ ആ മേഖലയോട് അകലം പാലിക്കുകയും അങ്ങോട്ട് കടന്നുചെല്ലാന്‍ അറപ്പും വെറുപ്പും കാണിക്കുകയും ചെയ്യുക വഴി പ്രസ്തുത മേഖല കൂടുതല്‍ മോശമായിത്തീരുകയാണുണ്ടായത്. ഇതുപോലെ ജേര്‍ണലിസം ജീര്‍ണതകള്‍ നിറഞ്ഞതാണെന്നാണ് സംസാരം. പത്രപ്രവര്‍ത്തന മേഖലയില്‍നിന്ന് അകന്നുകഴിയാന്‍ പലരും ചിന്തിക്കുന്നത് ഈ പ്രചാരവേല കാരണമാണ്. അങ്ങനെ വരുമ്പോള്‍ പ്രസ്തുത രംഗവും അധര്‍മകാരികളുടെ കൈയിലൊതുങ്ങും. ഇങ്ങനെ ഒളിച്ചോട്ടങ്ങളും മാറിനില്‍ക്കലും ഒട്ടും രചനാത്മകമല്ല. ആധുനിക കാലത്ത് സുപ്രധാന മേഖലകളോട് അകല്‍ച്ച പുലര്‍ത്തി വിശുദ്ധരായി മാറിനില്‍ക്കുന്നത് ഫലത്തില്‍ അധര്‍മകാരികള്‍ക്ക് അനുകൂലാന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കലാണ്. സാക്ഷാല്‍ ജിഹാദ് ഇക്കാലത്ത് വളരെ അനിവാര്യമായ മേഖലകളിലേക്ക്, ഉള്‍ക്കരുത്തോടെയും ഉള്‍ക്കാഴ്ചയോടെയും കടന്നു ചെന്ന് തങ്ങളാലാകുന്ന രചനാത്മക സ്വാധീനം ചെലുത്താന്‍ പ്രേരണ നല്‍കുന്ന മുഹമ്മദ് മുസ്‌ലിം സാഹിബിന്റെ ചരിത്രം മനോഹരമായി പരിചയപ്പെടുത്തിയ ബഹുമാന്യനായ വി.എ കബീര്‍, ഹാശിര്‍ ഫാറൂഖിയെ പറ്റി എഴുതിയത് വളരെ താല്‍പര്യത്തോടെയാണ് വായിച്ചത്. ഇത്തരം ലേഖനങ്ങള്‍ ചരിത്ര രേഖയാണ്. 
സെലക്ടീവ് ഡിമന്‍ഷ്യ വ്യാപകമായ ഇക്കാലത്ത് സത്യശുദ്ധവും പ്രചോദനാത്മകവുമായ ഓര്‍മകളെ ജ്വലിപ്പിച്ചു നിര്‍ത്തല്‍ ഒരു ജിഹാദാണ്. സ്മൃതി നാശം വന്നുഭവിക്കുന്നതിന് മുമ്പേ സ്മൃതികള്‍ കൈമാറ്റം ചെയ്യപ്പെടണം. ഗതകാലത്ത് 'പ്രബോധന'ത്തിന്റെ താളുകളില്‍ പ്രത്യക്ഷപ്പെട്ട ചരിത്രമൂല്യമുള്ള പല ലേഖനങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ചരിത്ര രേഖകള്‍ വസ്തുനിഷ്ഠമായി, കഴിയുന്നത്ര സത്യസന്ധമായി സൂക്ഷിക്കാന്‍ ശ്രദ്ധ ചെലുത്തണം. ഇക്കാര്യത്തിലെ അശ്രദ്ധയും ഉദാസീനതയും കാരണം പലതും നഷ്ടപ്പെട്ടിട്ടുണ്ട്. 


ഉപരാഷ്ട്രപതിയുടേത് നയം മാറ്റമോ ചുവട് മാറ്റമോ?

റഹ്മാന്‍ മധുരക്കുഴി

എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വഴികളാണെന്നും ഇതര മതങ്ങളോട് കാണിക്കുന്ന വിദ്വേഷം രാജ്യത്തോട് കാണിക്കുന്ന കുറ്റകൃത്യമാണെന്നും ചവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ 150-ാം വാര്‍ഷിത്തോടനുബന്ധിച്ച് മാന്നാനത്ത് നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രസ്താവിക്കുകയുണ്ടായി. ഇസ്‌ലാം-ക്രൈസ്തവ മതങ്ങളിലുള്ളവരോടും ദലിതുകളോടും രാജ്യം ഭരിക്കുന്ന സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ, ഹിന്ദുത്വ തീവ്രവാദികള്‍ അനുവര്‍ത്തിക്കുന്ന കൊടിയ വിദ്വേഷ ജന്യമായ അതിക്രമങ്ങള്‍ അരങ്ങ് തകര്‍ത്തുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാല പശ്ചാത്തലത്തില്‍ ഉപരാഷ്ട്രപതിയുടെ ഈ തുറന്ന് പറച്ചലിന് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്.
മമ വര്‍മാനുവര്‍ത്തന്തേ
മനുഷ്യാ പാര്‍ഥ സര്‍വശ്യം
(മനുഷ്യന്‍ ഏത് വിധത്തിലാണെങ്കിലും എന്റെ മാര്‍ഗം തന്നെയാണ് പിന്തുടരുന്നത്) എന്ന് ഭഗവത് ഗീത പറയുന്നതിന്റെ തത്ത്വം തന്നെയാണ്, 'എല്ലാ മതങ്ങളും ദൈവത്തിങ്കലേക്കുള്ള വഴികളാ'ണെന്ന ഉപരാഷ്ട്രപതിയുടെ പ്രഖ്യാപനവും ഉദ്‌ഘോഷിക്കുന്നത്. ഇന്ത്യയിലേക്ക് കടന്നുവന്ന ഇസ്‌ലാം-ക്രൈസ്തവ മതവിശ്വാസികളെ സഹര്‍ഷം സ്വാഗതം ചെയ്യാന്‍ ഹിന്ദു സമൂഹത്തിന് പ്രചോദനമായതും ഗീത ഉദ്‌ഘോഷിക്കുന്ന ഈ സഹിഷ്ണുതാപരമായ മത ദര്‍ശനം തന്നെയാവാം. 'ഞാന്‍ ചെയ്യുന്നത് കഴിഞ്ഞ കാലത്ത് ഉണ്ടായിട്ടുള്ള സര്‍വ മതങ്ങളെയും അംഗീകരിക്കുകയാണ്. അവയില്‍ കൂടെ ഞാന്‍ ഈശ്വരനെ ഭജിക്കുന്നു'വെന്ന് സ്വാമി വിവേകാനന്ദന്‍ ഉദ്‌ഘോഷിച്ചതും (വിവേകാനന്ദ സാഹിത്യ സര്‍വസ്വം, ഭാ: 2, പേജ് 448) ഈ പരിപ്രേക്ഷ്യത്തില്‍ തന്നെ.
എന്നാല്‍, ഉപരാഷ്ട്രപതി, 'രാജ്യത്തോട് കാണിക്കുന്ന കുറ്റകൃത്യ'മെന്ന് പ്രഖ്യാപിച്ച ഇതര മത വിദ്വേഷത്തിന്റെ ഭീകര രൂപമാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘ് പരിവാരവും അതിന്റെ രാഷ്ട്രീയ വേദിയായ ബി.ജെ.പിയും ഇവിടെ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായാണ് മുസ്‌ലിം-ക്രൈസ്തവ സമൂഹങ്ങളെ അവര്‍ നോക്കിക്കാണുന്നത്. വൈദേശിക മതങ്ങള്‍ ഭാരതാംബയുടെ കണ്ണിലെ കരടുകളാണെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അവര്‍ ബാബരി മസ്ജിദ് തല്ലിത്തകര്‍ത്തു. മുസ്‌ലിംകളുടെ ജുമുഅ പ്രാര്‍ഥന തടയുന്നു. ജയ് ശ്രീറാം വിളിക്കാന്‍ മുസ്‌ലിംകളെ നിര്‍ബന്ധിക്കുകയും കൂട്ടാക്കാത്തവരെ തല്ലിച്ചതക്കുകയും ചെയ്യുന്നു. ഗോമാംസം കൈയില്‍ വെച്ചുവെന്നോ, ഗോവിനെ കശാപ്പ് ചെയ്തുവെന്നോ ആരോപിച്ച് മുസ്‌ലിംകളെ തല്ലിക്കൊല്ലുന്നു. മുസ്‌ലിം വീടുകള്‍് അഗ്നിക്കിരയാക്കുന്നു. അവരെ കൂട്ടക്കൊല ചെയ്യുന്നു. ദല്‍ഹിയില്‍, ത്രിപുരയില്‍, ഗുജറാത്തില്‍, മുസഫര്‍ നഗറില്‍, ഹഹിദ്വാറില്‍, സര്‍വത്ര വംശഹത്യ നടത്തിയതും മറ്റാരുമല്ല. മുസ്‌ലിം മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് സ്വാധി പ്രാചിയെ പോലുള്ളവര്‍ പരസ്യ പ്രസ്താവന നടത്തുന്നു. സ്വാധി പ്രാചി, സാക്ഷി മഹാരാജ്, യോഗി ആദിത്യ നാഥ് തുടങ്ങിയ സംഘ് പരിവാര്‍ ക്യാമ്പിലെ പ്രമുഖര്‍ അന്യമത വിദ്വേഷ വിഷം തുപ്പി നടക്കുന്നു. മുസ്‌ലിംകളെ നാടുകടത്താനായി പൗരത്വ നിഷേധ ബില്ല് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ദലിതുകളെ പീഡിപ്പിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്നത് ഹോബിയാക്കി മാറ്റിയിരിക്കുകയാണ്. സ്വമേധയായുള്ള മതം മാറ്റം പോലും നിര്‍ബന്ധിത മാറ്റമെന്നാരോപിച്ച് അവര്‍ക്ക് കടുത്ത ശിക്ഷ വിധിക്കുന്നു. ക്രൈസ്തവ ചര്‍ച്ചുകള്‍ തകര്‍ക്കുകയും ക്രിസ്തു മതക്കാരെ പീഡിപ്പിക്കുകയും ചെയ്യുന്നു. ഐക്യ രാഷ്ട്ര സഭയുടെ പോലും നിശിത വിമര്‍ശനത്തിന് ഇടയാക്കിയ മനുഷ്യാവകാശ ലംഘനങ്ങളുടെ വഴിവിട്ട ചെയ്തികളാണ് ഉപരാഷ്ട്രപതിയുടെ സര്‍ക്കാര്‍ കുറച്ചുകാലമായി ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇതര മതങ്ങളോട് വിദ്വേഷം കാണിക്കുന്നവര്‍, സ്‌നേഹം, പ്രേമം എന്നൊക്കെ വിളിച്ചു പറയുന്നതിനെന്തര്‍ഥമാണുള്ളതെന്ന് സ്വാമി വിവേകാനന്ദന്‍ ചോദിച്ചത് വെറുതെയാണോ? രാജ്യത്തോട് കാണിക്കുന്ന കുറ്റകൃത്യമെന്ന് ഉപരാഷ്ട്രപതി വിശേഷിപ്പിച്ച ഈദൃശങ്ങളായ ഇതര മതവിദ്വേഷ പ്രേരിതമായ ക്രൂരകൃത്യങ്ങള്‍ സ്വന്തം ക്യാമ്പില്‍ പെട്ടവര്‍ അവിരാമം ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ അവക്കെതിരെ ചൂണ്ടുവിരല്‍ അനക്കാന്‍ സന്നദ്ധമാവാതിരുന്ന ഉപരാഷ്ട്രപതി, 'എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വഴികളാണെന്നും ഇതര മതങ്ങളോട് വിദ്വേഷം അരുതെന്നും' ഇപ്പോള്‍ ബുദ്ധി ഉപദേശിക്കുന്നത്, അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള തന്ത്രത്തിന്റെ ഭാഗമായാണെന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ? ഉപരാഷ്ട്രപതിയുടേത് നയം മാറ്റമല്ല, ചുവട് മാറ്റം മാത്രം എന്ന് ധരിക്കുന്നതല്ലേ ബുദ്ധി? 

കെ. റയിലും 
നവ ലിബറലിസവും

പി.വി മുഹമ്മദ്, ഈസ്റ്റ് മലയമ്മ

'നവ ലിബറല്‍ അജണ്ടകളെ തുറന്നു കാണിച്ചേ മതിയാവൂ' മുഖവാക്ക് (2022 ജനുവരി 21) വായിച്ചു. 30 വര്‍ഷങ്ങളായി ഇന്ത്യാ രാജ്യം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന നവ ലിബറലിസം നമ്മുടെ കാലത്തെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായി വളര്‍ന്നിരിക്കുന്നു. സാധാരണക്കാര്‍ക്ക് മനസ്സിലാവാത്ത, രാഷ്ട്രീയ നേതാക്കന്മാര്‍ കൈവശം വെച്ചുകൊണ്ടിരിക്കുന്ന നവ ലിബറലിസം ഒരു ഇറക്കുമതി ചരക്കാണ്. അതില്‍ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം വര്‍ധിച്ചുകൊേണ്ടയിരിക്കും. ഫ്യൂഡല്‍ ദുഷ് പ്രഭുത്വത്തിലേക്കും മുതലാളിത്തത്തിലേക്കും അത് ഇന്ത്യാ രാജ്യത്തെ കൊണ്ടുപോകുന്നു. സമ്മിശ്ര ധനതത്ത്വ ശാസ്ത്രത്തില്‍ വളര്‍ച്ച പ്രാപിക്കുകയും സാധാരണക്കാര്‍ക്ക് താങ്ങാവുകയും ചെയ്ത കുടില്‍ വ്യവസായങ്ങളെയും മറ്റു ജീവനോപാധികളെയും നിലനിര്‍ത്താന്‍ ഭരണകൂടം ഒന്നും ചെയ്യുന്നില്ല. കെ. റെയില്‍ ഇന്നത്തെ ചര്‍ച്ചാ വിഷയമാണ്. ഒട്ടേറെ പഠനങ്ങള്‍ നടക്കേണ്ടതുണ്ട് പദ്ധതി നടപ്പാക്കുന്നതിന് മുമ്പ്. ജനങ്ങളുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും മനസ്സിലാക്കാന്‍ അധികൃതര്‍ക്ക് കഴിയണം. നവലിബറലിസത്തിലെ ഹിഡന്‍ അജണ്ടയിലേക്ക് സൂചന നല്‍കുന്നുണ്ട് മുഖവാക്ക്. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-32-37
ടി.കെ ഉബൈദ്‌

ഹദീസ്‌

നല്ലതിലേക്ക് വഴികാട്ടുന്നതും പുണ്യം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌