ഗെയിം
യാസീന്‍ വാണിയക്കാട്
നമുക്ക്
ആരും കളിക്കാത്തൊരു
ഗെയിം കളിക്കാം
നിന്റെ കൈയില്‍ തോക്ക്
എന്റെ കൈയില്‍ ലഘുലേഖ
നീ കാഞ്ചി വലിക്കാന്‍
ദിനേന ശീലിക്കുമ്പോള്‍
അക്ഷരങ്ങള്‍ കോര്‍ത്ത്
ചന്തമുള്ള, കനലുള്ള
വാക്യമുണ്ടാക്കുന്നു ഞാന്‍.
നിന്റെ ഓരോ പേശിയിലും
ദേശസ്‌നേഹി എന്ന ടാറ്റൂ!
ഏറെ മിഴിവോടെ തിളങ്ങുന്നു
എന്റെ മുതുകില്‍
ദേശദ്രോഹി എന്ന ചാപ്പ.
ലാത്തിയടിപ്പാടുകള്‍
വില്ലുപോലെ വളച്ച്
ഞാനീ രാജ്യത്തിന്റെ
ഭൂപടം വരയ്ക്കുന്നു
വെറുപ്പുകള്‍ കൂട്ടിത്തുന്നി
നീ അണിയിക്കുന്നു
രാജ്യത്തിനൊരു തലപ്പാവ്.
നിന്റെ ഭക്ഷണത്തളികയില്‍
നിലവിളി മുഴക്കം
നിലക്കാത്ത തലയോട്ടികള്‍
ജയില്‍ വളപ്പിലെ
പച്ചരിച്ചോറില്‍ എന്റെ വിരലുകള്‍
ഇന്ത്യ എന്ന് കോറുന്നു.
വരൂ, ആരും കളിക്കാത്തൊരു
ഗെയിം കളിക്കാം നമുക്ക്
നീതിദേവതയുടെ ജഡമടിഞ്ഞ
ഈ കരയിലിരുന്ന്.
Comments