Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 11

3239

1443 റജബ് 10

ആ സിദ്ധാന്തങ്ങള്‍ ശാസ്ത്രീയമല്ല

എം.എം അക്ബര്‍

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം: സിദ്ധാന്തവും പ്രയോഗവും - 4

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നിര്‍ബന്ധിക്കുന്നതെന്തിന് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്ന സിദ്ധാന്തങ്ങളൊന്നും ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടതല്ലെന്നതാണ് അതിന്നെതിരെയുള്ള രണ്ടാമത്തെ ന്യായം. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തിരിച്ചറിയാന്‍ കഴിയാത്ത വസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട്  ഹെറ്ററോ നോര്‍മേറ്റിവിറ്റി തകര്‍ക്കപ്പെടുന്നതാണ് മാനവികമെന്ന ആശയത്തിന് ഉപോല്‍ബലകമായി ഉദ്ധരിക്കപ്പെടുന്ന ജെന്‍ഡര്‍ തിയറിക്കോ  ക്വിയര്‍ തിയറിക്കോ യാതൊരുവിധ ശാസ്ത്രീയമായ അടിത്തറകളുമില്ല. അശാസ്ത്രീയമായ പരികല്‍പനകളാല്‍ സ്ഥാപിക്കപ്പെട്ട ഈ ആശയത്തിന് വേണ്ടി അടുത്ത തലമുറയുടെ ധാര്‍മികതയെ തകര്‍ക്കുന്നത് ന്യായീകരിക്കാനാവില്ല.
അവയവങ്ങള്‍ ലിംഗത്തെ മാത്രമാണ് വെളിപ്പെടുത്തുന്നതെന്നും ലിംഗത്വം ഓരോരുത്തരുടെയും മനസ്സാണ് തീരുമാനിക്കുന്നത് എന്നും പറയുന്ന ജെന്‍ഡര്‍ തിയറിക്ക് എന്ത് ശാസ്ത്രീയമായ അടിത്തറയാണുള്ളത്? സെക്‌സും ജെന്‍ഡറും രണ്ടാണെന്നും സെക്‌സ് തീരുമാനിക്കുന്നത് ജീവശാസ്ത്രമാണെങ്കില്‍ ജെന്‍ഡര്‍ ഒരു സാമൂഹികനിര്‍മിതിയാണെന്നുമുള്ള സിദ്ധാന്തമുണ്ടാകുന്നത് തന്നെ തികച്ചും അശാസ്ത്രീയമായ പരികല്‍പനകളില്‍ നിന്നാണ്. ഫെമിനിസ്റ്റ് ദാര്‍ശനികയായ സിമോണ്‍ ഡി ബുവ്വെയുടെ 1949-ല്‍ പുറത്തിറങ്ങിയ ഠവല ടലരീിറ ടലഃ ലെ 'ഒരാളും സ്ത്രീയായി ജനിക്കുകയല്ല, അങ്ങനെ ആയിത്തീരുകയാണ് ചെയ്യുന്നത്' (One is not born, but rather becomes a woman) എന്ന ആശയത്തില്‍ ആകൃഷ്ടനാവുകയും, അത് സ്ഥാപിക്കാനായി ഗവേഷണങ്ങള്‍ നടത്തുകയും ചെയ്ത  സൈക്കോളജിസ്റ്റും സെക്സോളജിസ്റ്റുമായ ന്യൂസിലാന്‍ഡുകാരന്‍ ഡോ: ജോണ്‍ വില്യം മണിയാണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. കുട്ടികള്‍ ജനിക്കുന്നത് ലിംഗത്വമില്ലാതെയാണെന്നും (Gender-Neutral) പരിസ്ഥിതിയും സാഹചര്യങ്ങളും വളര്‍ത്തുരീതികളുമാണ് അവരുടെ ലിംഗത്വം നിര്‍ണയിക്കുന്നത് എന്നും കരുതുകയും അതിന്നായി ഗവേഷണങ്ങള്‍ നടത്തുകയും ചെയ്തയാളാണ് ഡോ. ജോണ്‍ മണി. തന്റെ വാദം സ്ഥാപിക്കാനായി തന്റെയടുത്തെത്തുന്ന രോഗികളില്‍ തെറ്റായ പരീക്ഷണങ്ങളും അവക്ക് തെറ്റായ വ്യാഖ്യാനങ്ങളും  നടത്തി കുപ്രസിദ്ധനായിത്തീര്‍ന്ന വ്യക്തി. സെക്‌സ് ഒരാളുടെ ജീവശാസ്ത്രം മാത്രമാണ് തീരുമാനിക്കുന്നത് എന്നും,  അയാളുടെ സമൂഹവും ചുറ്റുപാടുകളുമാണ്  ജെന്‍ഡര്‍ നിര്‍മിക്കുന്നതെന്നുമുള്ള തന്റെ സിദ്ധാന്തം സ്ഥാപിക്കാനായി തന്റെ പഠനങ്ങളില്‍ അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് ഡേവിഡ് റീമറുടെ കഥയാണ്. സാമൂഹികനിര്‍മിതിയാണ് ജെന്‍ഡര്‍ എന്ന് സ്ഥാപിക്കാനായി അദ്ദേഹം മെനഞ്ഞ ആ കഥയുടെ പരിസമാപ്തിയെന്ത് എന്നറിഞ്ഞാല്‍ തന്നെ ജെന്‍ഡര്‍ പൊളിറ്റിക്‌സ് അടുത്ത തലമുറയെ കൊണ്ടുചെന്നെത്തിക്കുക എത്ര വലിയ ദുരന്തത്തിലേക്കാണ് എന്ന് മനസ്സിലാവും.
1965 ആഗസ്റ്റ് 22-ന് ഒന്റാരിയോയിലെ വിന്നിപെഗില്‍ റോണ്‍ റീമര്‍- ജാനെറ്റ് ദമ്പതികള്‍ക്ക് ജനിച്ച ഇരട്ടക്കുട്ടികളിലൊരാളായിരുന്നു ബ്രൂസ് പീറ്റര്‍ റീമര്‍. ജനിച്ച് ആറ് മാസമായപ്പോള്‍ ബ്രൂസിനും ഇരട്ടസഹോദരന്‍ ബ്രിയാനിനും ലിംഗത്തിന്റെ അഗ്രചര്‍മ്മം പിന്നോട്ട് വലിയാത്ത പ്രയാസമുണ്ടായി (Phimosis). ഇതിന്ന് പരിഹാരമായി 1966 ഏപ്രില്‍ 27-ന് രണ്ട് പേരെയും പരിച്ഛേദന ചെയ്തു.  ബ്രൂസിന്റെ അഗ്രചര്‍മം ഛേദിച്ചപ്പോള്‍ അബദ്ധത്തില്‍ ലിംഗത്തിന്റെ സിംഹഭാഗവും മുറിഞ്ഞുപോയി. 1967-ല്‍ ഇതിന് ചികിത്സ തേടി റീമറുടെ മാതാപിതാക്കള്‍  മേരിലാന്റിലെ ജോണ്‍സ് ഹോപ്‌സ്‌കിന്‍സ് ഹോസ്പിറ്റലില്‍ മനഃശാസ്ത്രജ്ഞനും ലൈംഗികശാസ്ത്രജ്ഞനുമായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ഡോ. ജോണ്‍ മണിയെ സമീപിച്ചു. പരിസ്ഥിതിയും സാഹചര്യങ്ങളും വളര്‍ത്തുരീതികളുമാണ് ഒരാളുടെ ലിംഗത്വം നിര്‍ണയിക്കുന്നതെന്ന തന്റെ സിദ്ധാന്തം തെളിയിക്കാന്‍ പറ്റിയ അവസരമായി ജോണ്‍ മണി ഇതിനെ കണ്ടു. റീമറെ ഒരു പെണ്‍കുട്ടിയാക്കി വളര്‍ത്തിയാല്‍ അതായിരിക്കും നല്ലത് എന്ന് അദ്ദേഹം ആ മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു. മാതാപിതാക്കളുടെ അനുമതിയോടെ ജോണ്‍സ് ഹോപ്‌സ്‌കിന്‍സ് ഹോസ്പിറ്റലിലെ വിദഗ്ധര്‍ റീമറുടെ ലിംഗവും വൃഷണവുമെല്ലാം സര്‍ജറിയിലൂടെ നീക്കം ചെയ്തു. പിന്നെയവര്‍ ചെയ്തത് ആ ശരീരത്തില്‍  ഒരു യോനീ നാളവും അപൂര്‍ണയോനിയുമെല്ലാം വെച്ചുപിടിപ്പിക്കുകയും മൂത്രമൊഴിക്കാനായി അടിവയറ്റില്‍ ഒരു ദ്വാരമുണ്ടാക്കുകയുമായിരുന്നു. അങ്ങനെ ആണ്‍ശരീരവുമായി ജനിച്ച റീമര്‍ ശിശുവായിരിക്കുമ്പോള്‍ തന്നെ പെണ്ണായി പരിഗണിക്കപ്പെടാനാരംഭിച്ചു.
ഡോ. ജോണ്‍ മണിയുടെ നിര്‍ദേശപ്രകാരം  മാതാപിതാക്കള്‍ റീമറിന് ബ്രെന്‍ഡ എന്ന പേര് നല്‍കുകയും അദ്ദേഹത്തെ പെണ്‍കുട്ടിയെപ്പോലെ വളര്‍ത്താനാരംഭിക്കുകയും ചെയ്തു. കൗമാരത്തിലെത്തിയപ്പോള്‍ അദ്ദേഹത്തില്‍ ഈസ്ട്രജന്‍ കുത്തി വെക്കുകയും കൃത്രിമമായി മുല വളര്‍ത്തുകയും ചെയ്തു. താനൊരു ആണ്‍കുട്ടിയാണെന്ന സത്യം റീമറെ അറിയിക്കാതെയാണ് വളര്‍ത്തിയത്. അദ്ദേഹത്തെയും ഇരട്ടസഹോദരനെയും ഇടയ്ക്കിടക്ക് ഡോ. ജോണ്‍ മണി പരിശോധിക്കുകയും ജീവശാസ്ത്രപരമായി പൂര്‍ണമായ പെണ്ണാകുവാന്‍ എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം നല്‍കിക്കൊണ്ട് തന്നെ റീമറെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. ഒരേ രൂപത്തിലുള്ള ഇരട്ടകളായതിനാല്‍ (Identical Twins) രണ്ട് പേരുടെയും ജനിതകം ഒന്ന് തന്നെയാണെങ്കിലും വ്യത്യസ്ത ബോധത്തോടെ വളര്‍ത്തിയാല്‍ ഒരാള്‍ ആണും മറ്റെയാള്‍ പെണ്ണുമായിത്തീരുമെന്ന് തെളിയിച്ച് ജെന്‍ഡര്‍ സാമൂഹികനിര്‍മിതിയാണെന്ന തന്റെ സിദ്ധാന്തം തെളിയിക്കാമെന്നാണ് ജോണ്‍ മണി കരുതിയത്.
റീമര്‍ സഹോദരങ്ങളിലേക്ക് വ്യത്യസ്തമായ ലൈംഗികാഭിനിവേശങ്ങളും കുത്തി വെക്കാന്‍ ജോണ്‍ മണി ശ്രമിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് തന്റെ ക്ലിനിക്കിലെത്തുന്ന കൗമാരക്കാരായ ഇരട്ട സഹോദരന്മാരോട് അവരുടെ ലിംഗങ്ങള്‍ പരസ്പരം പരിശോധിക്കുവാനും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പോലെയുള്ള ചില വ്യായാമങ്ങള്‍ ചെയ്യുവാനും അദ്ദേഹം  ആവശ്യപ്പെട്ടു. കൃത്രിമയോനിയുമായി ജീവിക്കുന്ന റീമര്‍ക്ക് യഥാരൂപത്തിലുള്ള സുരതക്രിയക്ക്  കഴിയില്ലെങ്കിലും ഒരാള്‍ മറ്റൊരാളുടെ മുകളില്‍ കിടന്ന് അതേപോലെയെല്ലാം ചെയ്യാന്‍ മണി അവരെ നിര്‍ബന്ധിച്ചു. ചെയ്യാന്‍ മടി കാണിക്കുമ്പോള്‍  അവരെ മാനസികമായി പീഡിപ്പിച്ചു. രതിക്രീഡകളെന്ന് തോന്നിപ്പിക്കുന്ന സഹോദരങ്ങളുടെ ചെയ്തികള്‍ അദ്ദേഹം ഫോട്ടോയെടുത്ത് സൂക്ഷിച്ചു. ഇവയെല്ലാം വെച്ചുകൊണ്ട് ജോണ്‍- ജോയാന്‍ കേസ് (John/Joan Case) എന്ന പേരില്‍ മണി തന്റെ ഗവേഷണങ്ങള്‍ പ്രസിദ്ധീകരിച്ചു. ജെന്‍ഡര്‍ സാമൂഹികനിര്‍മിതിയാണെന്നും ഒരു ജെന്‍ഡറില്‍ നിന്ന് മറ്റൊരു ജെന്‍ഡറിലേക്ക് മാറുക സ്വാഭാവികമാണെന്നുമുള്ള(Gender Fluidity) തന്റെ സിദ്ധാന്തത്തിന് (Gender Theory) ഉപോല്‍ബലകമായി അദ്ദേഹം വ്യാഖ്യാനിച്ചത് റീമര്‍ സഹോദരങ്ങളുടെ അനുഭവവിവരണങ്ങളുടെ അടിസ്ഥാനത്തില്‍ ജോണ്‍ മണിയുണ്ടാക്കിയ ജോണ്‍- ജോയാന്‍ കേസിനെയാണ്.
ജെന്‍ഡര്‍ തിയറിയിലേക്ക് നയിച്ച ഡോ. മണിയുടെ ഗവേഷണങ്ങളുടെ  വസ്തുതയെന്തായിരുന്നുവെന്നറിഞ്ഞാല്‍ എത്രമാത്രം മനുഷ്യത്വവിരുദ്ധമാണ് ഈ സിദ്ധാന്തമെന്ന വസ്തുത ബോധ്യപ്പെടും. എത്ര വലിയ ദുരന്തത്തിലേക്കാണ് യുവതലമുറയെ ഇവര്‍ കൊണ്ടുപോകുന്നതെന്ന് മനസ്സിലാക്കാന്‍ തന്റെ സ്വത്വമെന്താണെന്ന് ബോധ്യപ്പെട്ട ശേഷം ഡോ. മണിയുടെ ഗവേഷണാഭാസങ്ങളെക്കുറിച്ച് റീമര്‍ തന്നെ വെളിപ്പെടുത്തിയ വസ്തുതകള്‍ തന്നെ മതിയാകും. പെണ്ണാണെന്ന് കരുതി ജീവിച്ചിരുന്ന കുട്ടിക്കാലത്ത് താന്‍ വല്ലാത്ത ലിംഗത്വ അസ്വാസ്ഥ്യം (Gender Dysphoria) അനുഭവിച്ചിരുന്നതായി റീമര്‍ പിന്നീട് വെളിപ്പെടുത്തി. പെണ്ണാണെന്ന് വീട്ടുകാരും സമൂഹവും വിളിച്ചിട്ടും തനിക്കുള്ളില്‍ സ്വയം പുരുഷനാണെന്ന ബോധമാണുണ്ടായിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ശാരീരിക ലിംഗത്തിന് വിരുദ്ധമായി  മനസ്സ് പ്രവര്‍ത്തിക്കുന്ന അസുഖമാണ് ജെന്‍ഡര്‍ ഡിസ്ഫോറിയ. താന്‍ പുരുഷനായിരുന്നിട്ടും തന്നെ പെണ്ണാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന ഡോ. മണിയുടെ അടുക്കല്‍ ഇനി തന്നെ  കൊണ്ടുപോയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ തന്റെ പതിമൂന്നാമത്തെ വയസ്സില്‍ അദ്ദേഹം ഭീഷണിപ്പെടുത്തി. നിരന്തരമായി പെണ്‍ഹോര്‍മോണുകള്‍ കുത്തിക്കയറ്റുകയും ദിവസേന സ്ത്രീവസ്ത്രങ്ങള്‍ ഉടുപ്പിക്കുകയും വനിതയാണ് നീയെന്ന് സമൂഹവും വീട്ടുകാരുമെല്ലാം ആവര്‍ത്തിക്കുകയും ചെയ്തിട്ടും താന്‍ ഒരു പെണ്ണാണെന്ന് തനിക്ക് ചെറുപ്പത്തിലൊന്നും തോന്നിയിട്ടേയില്ലെന്ന് പറയുന്നത് റീമര്‍ തന്നെയാണ്; ആണവയവങ്ങളൊന്നുമില്ലെങ്കിലും ആണ്‍കുട്ടിയാണ് താന്‍ എന്ന് തന്നെ അദ്ദേഹം കരുതി. പെണ്‍ഹോര്‍മോണുകളൊന്നും അദ്ദേഹത്തില്‍ പെണ്മനസ്സുണ്ടാക്കിയില്ല. ശരീരം പെണ്ണിന്റേതായിട്ടു പോലും അദ്ദേഹത്തിനൊരിക്കലും താനൊരു പെണ്ണാണെന്ന് തോന്നിയില്ല.
സ്ത്രീയാക്കുവാന്‍ വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അവസാനം, 1980-ല്‍ അദ്ദേഹത്തിന്റെ പതിനഞ്ചാമത്തെ വയസ്സില്‍, പിതാവ് റീമറോട്  സത്യം തുറന്നു പറഞ്ഞു. ആണ്‍കുട്ടിയായി ജനിച്ചതു മുതല്‍ പെണ്‍കുട്ടിയാക്കാന്‍ ഡോ: ജോണ്‍ മണി ചെയ്ത വിക്രിയകള്‍ വരെയുള്ള കഥകള്‍ കേട്ടപ്പോള്‍ തനിക്ക് തന്റെ ആണ്‍സ്വത്വം തിരിച്ചു പിടിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിന് കഴിയാത്തതില്‍ മനംനൊന്ത് തന്റെ ഇരുപതുകളുടെ തുടക്കത്തില്‍ രണ്ട് തവണ അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചു. തന്റെ ഇരുപത്തിയൊന്നാം വയസ്സു മുതല്‍ അദ്ദേഹം തിരിച്ച് ആണാകാന്‍ വേണ്ടിയുള്ള തീവ്രമായ പരിശ്രമങ്ങളാരംഭിച്ചു; സ്തനങ്ങള്‍  സര്‍ജറിയിലൂടെ മുറിച്ച് മാറ്റി; പുരുഷലിംഗം വെച്ചുപിടിപ്പിക്കാനുള്ള സര്‍ജറി ചെയ്തു. നിരന്തരമായി ടെസ്റ്റസ്റ്റോറോണ്‍ ഹോര്‍മോണ്‍ കുത്തി വെച്ചു; തന്റെ പെണ്‍പേര് മാറ്റി ഡേവിഡ് റീമെര്‍ എന്ന പേര് സ്വീകരിച്ചു. 1990 സെപ്റ്റംബര്‍ 22-ന്, തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ മൂന്ന് മക്കളുടെ മാതാവായ ജെയിന്‍ ഫോന്റൈനിനെ വിവാഹം ചെയ്തു. പ്രശ്‌നകലുഷിതമായിരുന്നുവെന്ന് ഡേവിഡ് റീമെര്‍ വിശേഷിപ്പിച്ച ആ വൈവാഹികജീവിതം വിജയം കണ്ടില്ല. 2004 മെയ് 2-ന്  ഭാര്യ വിവാഹമോചനമാവശ്യപ്പെട്ടു; രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഒരു തോക്കുപയോഗിച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു. ഡേവിഡ് റീമറോടൊപ്പം  ഡോ. മണിയുടെ ജെന്‍ഡര്‍ പരീക്ഷണങ്ങള്‍ക്ക്  വിധേയനായ ഇരട്ട സഹോദരനും  വിഷാദരോഗിയാവുകയും മരുന്ന് ഓവര്‍ ഡോസായി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മരണപ്പെടുകയും ചെയ്തിരുന്നു.
(ഡേവിഡ് റീമറുടെ ചരിത്രമറിയേണ്ടവര്‍ക്ക് ആആഇ 2004-ല്‍ പുറത്തിറക്കിയ Dr. Money and the Boy with No Penis, (written by Sanjida O'Connell), 2000-ത്തില്‍ പുറത്തിറക്കിയ The Boy Who Was Turned Into a Girl (Directed by Andrew Cohen) എന്നീ ഡോക്യുമെന്ററികള്‍ കാണാവുന്നതാണ്; ജോണ്‍ കൊളാപിന്റോ എഴുതിയ As Nature Made Him: The Boy who was Raised as a Girl (New York: HarperCollins Publishers, 2000) എന്ന പുസ്തകവും അദ്ദേഹം സ്ലേറ്റ് മാഗസിനില്‍ 2004 ജൂണ്‍ മൂന്നിന് എഴുതിയ Gender Gap-What were the Real Reasons behind David Reimer's Suicide എന്ന ലേഖനവും വിഷയം പഠിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകും)
ഡേവിഡ് റീമറുടെ അനുഭവങ്ങള്‍ ലോകത്തോട് പറഞ്ഞത് അദ്ദേഹം തന്നെയായിരുന്നു. ഹവായ് സര്‍വകലാശാലയിലെ ലൈംഗികശാസ്ത്രജ്ഞനായ മില്‍ട്ടണ്‍ ഡയമണ്ടിനോട് പ്രയാസങ്ങളും ദുരിതങ്ങളും അപമാനവും മാത്രം നല്‍കിയ തന്റെ അനുഭവങ്ങള്‍ 1997-ല്‍ അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍ അതൊന്നും ലോകം അറിയുമായിരുന്നില്ല. അദ്ദേഹം ആത്മഹത്യ ചെയ്തത് തന്റെ പീഡാനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ദുരിതപൂര്‍ണവും അപമാനകരവുമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട അദ്ദേഹം അവ തുറന്നു പറയാതെയാണ് മരണപ്പെട്ടതെങ്കില്‍ ജെന്‍ഡര്‍ തിയറിക്ക് അനുകൂലമായ വലിയ തെളിവായി അദ്ദേഹത്തെ നിരന്തരമായി ഉദ്ധരിക്കുകയും അത് സ്ഥാപിക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യുമായിരുന്നു. മില്‍ട്ടണ്‍ ഡയമണ്ടിനോട് നാം കൃതജ്ഞത പ്രകടിപ്പിക്കണം. അദ്ദേഹമാണല്ലോ റീമറുടെ യഥാതഥമായ അനുഭവങ്ങള്‍ തുറന്നു പറയാന്‍ അവസരമുണ്ടാക്കിയത്. അല്ലെങ്കില്‍ ജെന്‍ഡര്‍ തിയറിക്കും ക്വിയര്‍ തിയറിക്കും ജെന്‍ഡര്‍ ഫ്‌ലൂയിഡിറ്റിക്കുമെല്ലാം ഉള്ള തെളിവായി ജോണ്‍- ജോയാന്‍ കേസ് നമ്മുടെ പാഠപുസ്തകങ്ങളില്‍ പരിലസിക്കുമായിരുന്നു. ആര്‍ക്കും എപ്പോഴും ലിംഗമാറ്റം സംഭവിക്കാമെന്നതിന് തെളിവായി നമ്മുടെയെല്ലാം മക്കള്‍ക്ക് സ്‌കൂള്‍ ക്ലാസുകളില്‍ വെച്ച് തന്നെ അതെല്ലാം പഠിക്കേണ്ടി വരുമായിരുന്നു!
അടുത്ത തലമുറക്ക് വിഷാദരോഗം മാത്രം പ്രദാനം ചെയ്യുന്നതാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ് എന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഡോ. ജോണ്‍ മണിയുടെ ഗവേഷണാഭാസങ്ങള്‍. ആ ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ രൂപം കൊണ്ടതാണ് ജെന്‍ഡര്‍ തിയറി. യഥാര്‍ഥത്തില്‍ ജെന്‍ഡര്‍ തിയറിക്ക് വിരുദ്ധമായ ഫലമല്ലേ ഡോ. ജോണ്‍ മണിയുടെ ഗവേഷണങ്ങള്‍ നല്‍കുന്നത് എന്നൊന്നും ചോദിക്കാന്‍ ലിബറലിസത്തിന്റെ ലഹരി മൂത്തവര്‍ക്ക് കഴിയില്ല. അങ്ങനെ ആരെങ്കിലും ചോദിച്ചാല്‍ അവരെ ഹോമോഫോബിക്കുകള്‍ എന്നും ട്രാന്‍സ് ഫോബിക്കുകള്‍ എന്നും വിളിച്ച് സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തും. പെണ്ണാണെന്ന് കരുതി ജീവിച്ചിരുന്ന കുട്ടിക്കാലത്ത് ഡേവിഡ് റീമെര്‍ അനുഭവിച്ച  ജെന്‍ഡര്‍ ഡിസ്ഫോറിയ;  പെണ്ണാണെന്ന് വീട്ടുകാരും സമൂഹവും വിളിച്ചിട്ടും അദ്ദേഹത്തിനുള്ളിലുണ്ടായിരുന്ന പുരുഷനാണെന്ന ബോധം; പുരുഷനായിരുന്നിട്ടും തന്നെ പെണ്ണാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന ഡോ. മണിയോടുള്ള വെറുപ്പ്; നിരന്തരമായി പെണ്‍ഹോര്‍മോണുകള്‍ കുത്തിക്കയറ്റി മുലയടക്കമുള്ള സ്‌ത്രൈണചിഹ്നങ്ങള്‍ ശരീരത്തിലുണ്ടാക്കിയിട്ടും അദ്ദേഹത്തില്‍ താന്‍ പെണ്ണാണെന്ന ബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്ന പരാജയം; ദിവസേന സ്ത്രീവസ്ത്രങ്ങള്‍ ഉടുപ്പിക്കുമ്പോള്‍ അതിലൊന്നും താല്‍പര്യം തോന്നാത്ത പ്രകൃതം. ഇതെല്ലാം ജെന്‍ഡര്‍ തിയറി തെറ്റാണെന്നതിനുള്ള തെളിവുകളാണ്.
അനുകൂലമായി ഉദ്ധരിക്കപ്പെട്ട 'പരീക്ഷണമൃഗം' സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍,  തന്നെ പീഡിപ്പിച്ചുകൊണ്ട് നിര്‍മിച്ചെടുത്ത സിദ്ധാന്തം തെറ്റാണെന്ന് ഉറക്കെ പറഞ്ഞതാണ് ഡേവിഡ് റീമറുടെ തുറന്നു പറച്ചിലില്‍ നാം കാണുന്നത്. തെളിവ് തന്നെ ജീവനോടെ വന്ന് താന്‍ തെളിവില്ലെന്ന് ഉറക്കെ പറഞ്ഞ സന്ദര്‍ഭങ്ങള്‍ ശാസ്ത്ര ചരിത്രത്തിലെ അപൂര്‍വതകളിലൊന്നാണ്. എന്നിട്ടും ആ സിദ്ധാന്തം ശരിയാണെന്ന്  ശാസ്ത്രത്തിന്റെ ലേബലുമൊട്ടിച്ച് ഇന്നും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജെന്‍ഡര്‍ തിയറി തെറ്റാണെന്നതിന് എന്താണ് തെളിവ് എന്ന ചോദ്യത്തിനുള്ള ഉത്തരം അവര്‍ ഉന്നയിച്ച തെളിവ് തന്നെയാണ് അത് തെറ്റാണെന്നതിനുള്ള തെളിവ് എന്നതാണ്. അത് ഉറക്കെ പറയേണ്ടത് ശാസ്ത്രജ്ഞരാണ്. പക്ഷെ അവര്‍ക്കത് പറയാനാകില്ല. പറഞ്ഞാല്‍ അവര്‍ വേട്ടയാടപ്പെട്ടും; അത്രയ്ക്കും ശക്തമാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ്. ജെന്‍ഡര്‍ തിയറി തെറ്റാണെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ക്വിയര്‍ തിയറിയും തെറ്റാണ്. ജെന്‍ഡര്‍ തിയറിക്കോ ക്വിയര്‍ തിയറിക്കോ ശാസ്ത്രീയമായ അടിത്തറകളൊന്നുമില്ലെങ്കിലും അവ ആവര്‍ത്തിച്ചുകൊണ്ട് ശാസ്ത്രീയമാക്കുന്നതിന്റെ പേരാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ്.  ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത സിദ്ധാന്തങ്ങളുടെ പരീക്ഷണത്തിന്  നമ്മുടെ അടുത്ത തലമുറയെ ഉപയോഗിക്കുന്നത് അപകടകരമായ സാമൂഹികദുരന്തത്തിന് കാരണമാകും എന്നതാണ്  ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനെ  എതിര്‍ക്കുന്നവര്‍ക്കുള്ള രണ്ടാമത്തെ ന്യായം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കിക്കൊണ്ട്  ഹെറ്ററോ നോര്‍മേറ്റിവിറ്റി തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയെന്നാല്‍ ജെന്‍ഡര്‍ പൊളിറ്റിക്‌സിന് ഓശാന പാട്ടുകയെന്നര്‍ഥം. അടുത്ത തലമുറയെ ആണും പെണ്ണും കെട്ടവരാക്കുകയും വിഷാദരോഗികളാക്കുകയും ലിംഗത്വ അസ്വാസ്ഥ്യമുള്ളവരാക്കുകയും ചെയ്യാന്‍ കൂട്ടുനില്‍ക്കേണമോ എന്ന ചോദ്യത്തിന് നാടിനെയും നാട്ടുകാരെയും സ്‌നേഹിക്കുന്നവര്‍ക്കെല്ലാം 'വേണ്ട' എന്ന ഉത്തരമേ പറയാനാകൂ. 
(തുടരും)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-32-37
ടി.കെ ഉബൈദ്‌

ഹദീസ്‌

നല്ലതിലേക്ക് വഴികാട്ടുന്നതും പുണ്യം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌