നീ പോയതില്‍പ്പിന്നെ
നീ പാടിയ പടപ്പാട്ട്
ഒറ്റയാകുന്നു
ഏറ്റുപാടാന്‍ ആരുമില്ലാതാകുന്നു
നീ പിടിച്ച കൊടി
കൈച്ചേറ് വഴുക്കുന്നു
ഏറ്റുപിടിക്കാന്‍ കൈകളില്ലാതാകുന്നു
നീ അന്തിയുറങ്ങിയ ജയില്‍
കാലിയാകുന്നു
വിപ്ലവങ്ങള്‍ രാജിയാകുന്നു
നീ ചൂണ്ടിയ വിരലറ്റുവീഴുന്നു
ചൂണ്ടാനൊരു വിരല്‍
ഉയിര്‍ക്കാതാകുന്നു
നീ കൊളുത്തിയ ദീപം
കാറ്റിനൊപ്പം ഇറങ്ങിപ്പോകുന്നു
തമസ്സ് സാമ്രാജ്യം പണിയുന്നു
നീ കോറിയ വരകളില്‍
കാലം നര പടര്‍ത്തുന്നു
രക്തമിറ്റിച്ച തൂലിക ഒറ്റയാകുന്നു
നീ വിയര്‍പ്പിറ്റിച്ച നിലങ്ങളില്‍
അരിമണികള്‍ ഓര്‍മയാകുന്നു
മഹാസൗധങ്ങള്‍ ബാക്കിയാകുന്നു
നീ വിയര്‍പ്പാറ്റിയ തണലുകളില്‍
വെയില് കൂര പണിയുന്നു
മഴു തട്ടിയ നീറ്റല്‍ നിലവിളിയാകുന്നു
നീ മുങ്ങിനിവര്‍ന്ന പുഴയില്‍
ഒഴുക്ക് ഓര്‍മ്മയാകുന്നു
കര ഏകാകിയാകുന്നു
നീ ചവിട്ടിയ മണ്ണില്‍
കാല്‍പാടുകള്‍ ബാക്കിയാകുന്നു
ഒരു കാലും അതുവഴി വരാതാകുന്നു
ഒരാളെങ്കിലും ഇതുവഴി
വരാതിരിക്കില്ലെന്ന്
തെരുവ് ഒറ്റയ്ക്ക് തൊണ്ടകാറുന്നു:
ഇങ്ക്വിലാബ് സിന്ദാബാദ്.....
Comments