ത്രിപുരയിലെ വംശഹത്യയും അയല്‍നാടുകളിലെ മതന്യൂനപക്ഷങ്ങളും
ബംഗ്ലാദേശില്‍ ഒരിടത്ത് പൂജാമണ്ഡപത്തില്‍ ഖുര്‍ആന്റെ കോപ്പി ഏതോ കുബുദ്ധികള്‍ കൊണ്ടുവെച്ചതിനെ ചൊല്ലി ദുര്‍ഗാപൂജയോടനുബന്ധിച്ച് അവിടത്തെ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവം അരങ്ങേറുകയുണ്ടായി. ബംഗ്ലാദേശ് സര്‍ക്കാറും അവിടത്തെ ഭൂരിപക്ഷ സമൂഹമായ മുസ്‌ലിംകളും ഈ ഖാദുക സംഭവത്തെ നിശിതമായി വിമര്‍ശിക്കുന്നവരാണ്. മുസ്‌ലിം സമൂഹം, ഹൈന്ദവ ആഘോഷങ്ങളെ സഹിഷ്ണുതയോടും സൗഹൃദ മനോഭാവത്തോടും നോക്കിക്കാണുന്നവരാണ് എന്നതിന്റെ അനിഷേധ്യ ദൃഷ്ടാന്തമാണ് 32000-ത്തോളം ദുര്‍ഗാപൂജ ആഘോഷം ബംഗ്ലാദേശില്‍ നടന്നുവെന്ന വാര്‍ത്ത (ദേശാഭിമാനി 18-10-21). ബഹുദൈവ വിശ്വാസികള്‍ ആരാധിക്കുന്ന ആരാധ്യന്മാരെ ഒരിക്കലും നിങ്ങള്‍ ശകാരിച്ചുപോകരുതെന്ന വിശുദ്ധ ഖുര്‍ആന്റെ ആഹ്വാനം ശിരസ്സാവഹിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ അതിവേഗം പുനര്‍നിര്‍മിച്ചുകൊടുത്ത ചരിത്രമാണ് ബംഗ്ലാദേശിന് പറയാനുള്ളത്. ഇന്ത്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ ബംഗ്ലാദേശിലെ ഒരുകൂട്ടം തീവ്രവാദികള്‍ ചില ക്ഷേത്രങ്ങള്‍ തകര്‍ത്തപ്പോള്‍ (പ്രതിഷേധസൂചകമായി) മതേതര ഇന്ത്യയില്‍നിന്നും വ്യത്യസ്തമായി അവയത്രയും സര്‍ക്കാര്‍ നിര്‍മിച്ചുകൊടുക്കുകയാണ് ചെയ്തത്. ''ബംഗ്ലാദേശില്‍ തകര്‍ക്കപ്പെട്ട എല്ലാ ക്ഷേത്രങ്ങളും പുനര്‍നിര്‍മിക്കപ്പെട്ടു. കേടുപാടുകള്‍ക്കിരയായവ റിപ്പയര്‍ ചെയ്തു'' (സണ്‍ഡേ വാരിക, 1993 ജൂണ്‍ 20).
എന്നാല്‍, അധിക്ഷേപാര്‍ഹമായ ഈ സംഭവം മറയാക്കി ത്രിപുരയിലെ ഹിന്ദുത്വ ഭീകരര്‍ മുസ്‌ലിം ആരാധനാലയങ്ങള്‍ തകര്‍ക്കുകയും മുസ്‌ലിം വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. അക്രമ ചെയ്തികള്‍ക്കു നേരെ പോലീസ് നിഷ്‌ക്രിയമായാണ് പ്രവര്‍ത്തിച്ചതെന്നും അക്രമികള്‍ക്ക് സഹായകമായി പെരുമാറിയെന്നുമുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയ അഭിഭാഷകര്‍ക്കെതിരെ പോലീസ് യു.എ.പി.എ ചുമത്തുകയാണ് ചെയ്തത്. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷം അരക്ഷിതരാണെന്ന് വിളിച്ചുകൂവി തങ്ങളുടെ ക്രൂരകൃത്യങ്ങളെ ന്യായീകരിക്കുകയാണ് ഹിന്ദുത്വര്‍.
ഈ സന്ദര്‍ഭത്തില്‍, ബംഗ്ലാദേശടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷ നാടുകളില്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും അവര്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നതിന് വസ്തുതാപരമായ തെളിവുകളുണ്ടോ എന്ന പരിശോധന പ്രസക്തമാണ്. മുസ്‌ലിം നാടുകളില്‍ ശീഈ -സുന്നി സംഘട്ടനങ്ങള്‍ നടക്കാറുണ്ടെങ്കിലും അവിടങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ സര്‍ക്കാറോ പൊതു സമൂഹമോ പീഡനങ്ങള്‍ അഴിച്ചുവിടാറില്ലെന്നതാണ് യാഥാര്‍ഥ്യം. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകാണാറില്ല.
മുസ്‌ലിംകള്‍ 14 നൂറ്റാണ്ടോളം അടക്കിഭരിച്ച ഈജിപ്തില്‍ ഇപ്പോഴും ഒമ്പത് ശതമാനം ക്രിസ്ത്യാനികളുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ജൂത മതക്കാരുള്ള രണ്ടാമത്തെ രാജ്യം ഇറാനാണ്. മസ്‌കത്ത്, ബഹ്‌റൈന്‍, ദുബൈ എന്നീ ഗള്‍ഫ് നാടുകളിലെ ഹിന്ദുക്കളായ സിന്ധികള്‍ക്ക് അവിടങ്ങളിലെ ഭരണാധിപന്മാര്‍ പ്രത്യേക പരിഗണനകള്‍ കൊടുത്തു പോരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്, നമ്മുടെ രാജ്യത്ത് മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ നിരന്തര കുരിശുയുദ്ധം നടത്തുന്ന സംഘ് പരിവാറിന്റെ ഔദ്യോഗിക ജിഹ്വയായ കേസരി (16-4-1986) വാരിക തന്നെയാണ്. ദുബൈ ശൈഖ് ഹിന്ദുക്കള്‍ക്ക് വേണ്ടുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചുപോന്നു (കേസരി 5-1-1986). 'ഇന്തോനേഷ്യയില്‍ ഇസ്‌ലാം, ക്രിസ്തുമതം, ബുദ്ധമതം, ഹിന്ദു ധര്‍മം തുടങ്ങിയ നാല് മതങ്ങള്‍ക്കും സര്‍ക്കാര്‍ തുല്യമായ അംഗീകാരവും പ്രോത്സാഹനവും നല്‍കുന്നു'വെന്ന് തുറന്നു സമ്മതിക്കുന്നതും കേസരി (7-6-1987) തന്നെ.
'ഹിന്ദുക്കളുടെ ഉത്സവമായ തൈപ്പൂയം ദേശീയ അവധിയായി പ്രഖ്യാപിക്കുകയും ഹിന്ദു സമുദായത്തിനായി ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു മലേഷ്യന്‍ പ്രധാനമന്ത്രി' എന്നാണ് മലയാള മനോരമ (21-1-2008) റിപ്പോര്‍ട്ട് ചെയ്തത്. 'നൂറ് ശതമാനം ഇസ്‌ലാമിക രാജ്യമായ ഒമാനില്‍ മഹാ രാജാവിന്റെ സംരക്ഷകര്‍ ഹിന്ദുക്കളായ ഗുജറാത്തികളാണെന്ന് മാത്രമല്ല, ഒമാനില്‍ ക്ഷേത്രങ്ങളുണ്ട്, ഹൈന്ദവ പ്രഭാഷണങ്ങള്‍ ഞാന്‍ തന്നെ കേട്ടിട്ടുണ്ട്' (മാതൃഭൂമി, 29-4-2002). ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ വാക്കുകളാണ് ഇവിടെ മാതൃഭൂമി ഉദ്ധരിച്ചത്.
'ബംഗ്ലാദേശ് ഹിന്ദുമത ക്ഷേമ ട്രസ്റ്റ് ബോര്‍ഡിന്റെ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ജനറല്‍ ഇര്‍ശാദ്, ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച വാര്‍ത്ത വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന അശോക് സിംഗാള്‍ അതിശയത്തോടും സന്തോഷത്തോടും സ്വാഗതം ചെയ്തു'വെന്നായിരുന്നു കേസരി വാരിക (1984 സെപ്റ്റംബര്‍ 16) അന്ന് റിപ്പോര്‍ട്ട് ചെയ്തത്.
മതേതര രാഷ്ട്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത് നിന്നും വ്യത്യസ്തമായ ചിത്രമാണ് അയല്‍ രാഷ്ട്രങ്ങളായ പാകിസ്താനും ബംഗ്ലാദേശും കാഴ്ചവെക്കുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ പ്രതിഷേധസൂചകമായി ആ രാഷ്ട്രങ്ങളിലെ തീവ്ര ചിന്താഗതിക്കാര്‍ അവിടത്തെ ക്ഷേത്രങ്ങള്‍ തകര്‍ത്തപ്പോള്‍ അവയത്രയും പുനര്‍നിര്‍മിച്ചുകൊടുക്കുകയാണ് പാകിസ്താന്‍ ഭരണകൂടവും ബംഗ്ലാദേശ് ഭരണകൂടവും ചെയ്തത്. പ്രസ്തുത നടപടി സണ്‍ഡേ വാരിക അന്ന് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: ''കലാപവേളയില്‍ കേടു വരുത്തപ്പെട്ട ക്ഷേത്രങ്ങള്‍ ഇപ്പോള്‍ കേടുപാടുകള്‍ തീര്‍ക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്യുന്നുണ്ട്. കലാപത്തിന് മുമ്പുണ്ടായിരുന്ന അതേ രൂപത്തില്‍ തന്നെയാണ് പുനര്‍നിര്‍മിക്കുന്നത്. റാവല്‍പിണ്ടിയിലെ കബഡി ബസാറിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ അവസാന മിനുക്കു പണികള്‍ പുരോഗമിച്ചുവരികയാണ്. നിരവധി കെട്ടിട നിര്‍മാണ തൊഴിലാളികള്‍ രാപ്പകല്‍ഭേദമന്യേ ക്ഷേത്ര പുനര്‍ നിര്‍മാണ ജോലികളിലേര്‍പ്പെട്ടിരിക്കുന്നു. ഏതാനും ആഴ്ചകള്‍ക്കകം ക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠ നടക്കും'' (സണ്‍ഡേ 1993 ജൂണ്‍ 20-26). ''ബംഗ്ലാദേശില്‍ തകര്‍ക്കപ്പെട്ട എല്ലാ ക്ഷേത്രങ്ങളും പുനര്‍നിര്‍മിക്കപ്പെട്ടു. കേടുപാടുകള്‍ക്കിരയായവ റിപ്പയര്‍ ചെയ്തു'' (അതേ വാരിക).
Comments