വിവാഹ പ്രായമുയര്ത്തല് പിന്നില് രാഷ്ട്രീയ താല്പര്യങ്ങള്
2021 അവസാനിക്കുമ്പോള് കടന്നുപോകുന്ന ഈ വര്ഷം ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഒട്ടും ശുഭകരമായ ചിത്രമല്ല നല്കുന്നത്. പ്രതിക്കൂട്ടിലുള്ളത് കേന്ദ്ര ഭരണകൂടം തന്നെയാണ്. ഭൂരിപക്ഷത്തിന്റെ തിണ്ണ ബലത്തില് പാര്ലമെന്റിന്റെ ഇരുസഭകളിലും യാതൊരു ചര്ച്ചയും കൂടാതെ ബില്ലുകള് അവതരിപ്പിക്കുകയും നിയമമാക്കുകയുമായിരുന്നു. പൗരന്മാരുടെ മൗലികാവകാശങ്ങളെ തന്നെ ചോദ്യം ചെയ്യുന്ന വ്യവസ്ഥകള് ബില്ലില് ഉള്പ്പെടുത്തിയാലും അതേക്കുറിച്ച് സംസാരിക്കാന് പോലും പ്രതിപക്ഷത്തെ അനുവദിക്കുന്നില്ല. ഒന്നുകില് പാര്ട്ടി താല്പര്യം, അല്ലെങ്കില് കോര്പറേറ്റ് താല്പര്യം, ഇതേ കേന്ദ്രം ഭരിക്കുന്ന കക്ഷി നോക്കുന്നുള്ളൂ. ഇന്ത്യയുടെ നട്ടെല്ലായ കര്ഷക സമൂഹത്തെ മാരകമായി ബാധിക്കുന്ന മൂന്ന് ബില്ലുകള് നിയമമാക്കിയത് കോര്പറേറ്റ് താല്പ്പര്യം മാത്രം മുന്നില് വെച്ചായിരുന്നു. കര്ഷകരുടെ ആകുലതകള്ക്കും ആശങ്കകള്ക്കും പുല്ലുവില കല്പ്പിച്ചില്ല. ഒടുവില് അതിശക്തമായ കര്ഷക പ്രക്ഷോഭത്തിന് മുന്നില് കേന്ദ്രത്തിന് മുട്ടുമടക്കേണ്ടി വന്നു. വേണ്ടത്ര ആലോചനയോ പഠനമോ ഇല്ലാതെ ഇത്തരം ബില്ലുകള് പാസ്സാക്കരുതെന്നാണ് കേന്ദ്ര ഗവണ്മെന്റ് ഇതില്നിന്ന് പഠിക്കേണ്ടിയിരുന്ന പാഠം. പക്ഷേ അതിന്റെ യാതൊരു ലക്ഷണവും കേന്ദ്രത്തിന്റെ പിന്നീടുള്ള നീക്കങ്ങളിലും കാണാനില്ല. വോട്ടര്മാരുടെ തിരിച്ചറിയല് കാര്ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കം അതിലൊന്നാണ്. അവിടെയും ചര്ച്ചയില്ല, പ്രതിപക്ഷ നേതാക്കള് ഉയര്ത്തുന്ന മര്മപ്രധാനമായ വിമര്ശങ്ങള് കേള്ക്കാന് പോലും സന്മനസ്സ് കാണിക്കുന്നില്ല.
ഈ ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പാര്ലമെന്റില് അവതരിപ്പിച്ച ബാലവിവാഹ നിരോധന ഭേദഗതി ബില്. സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്നിന്ന് ഇരുപത്തിയൊന്നായി ഉയര്ത്താനാണ് ബില് ലക്ഷ്യമിടുന്നത്. പ്രതിപക്ഷ നേതാക്കള്ക്ക് മറുത്തൊന്നും പറയാന് അവസരം നല്കാത്ത വിധം സപ്ലിമെന്ററി അജണ്ടയായി സമര്പ്പിച്ചു കൊണ്ടാണ് പാര്ലമെന്റില് അവതരിപ്പിച്ചത്. ഉടനെ അത് പരിശോധനക്കായി പാര്ലമെന്റിന്റെ സ്ഥിരം സമിതിക്ക് വിടുകയും ചെയ്തു. സംസാരിക്കാന് അവസരം നല്കാത്തതില് പ്രതിഷേധിച്ച് പാര്ലമെന്റിലെ ചില പ്രതിപക്ഷ അംഗങ്ങള് ബില്ലിന്റെ കോപ്പികള് ചീന്തിയെറിയുക വരെ ചെയ്തു.
ബില്ലവതരണ വേളയില് മന്ത്രി കുറേ ന്യായങ്ങള് നിരത്തുകയുണ്ടായി. ഒറ്റ നോട്ടത്തില് ശരിയാണല്ലോ എന്ന് തോന്നാമെങ്കിലും സംഭവ യാഥാര്ഥ്യങ്ങള് മറ്റൊരു ചിത്രമാണ് നല്കുന്നത്. മിക്ക ലോക രാഷ്ട്രങ്ങളിലും - അവയില് പലതും വികസിത രാഷ്ട്രങ്ങളാണ് - സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ട് തന്നെയാണ്. അക്കാര്യത്തില് ലോക രാഷ്ട്രങ്ങള്ക്കിടയില് സമവായമുണ്ടെന്നു പോലും പറയാം. അവരൊന്നും വിവാഹപ്രായം ഉയര്ത്തുന്നതിനെക്കുറിച്ച് എന്തെങ്കിലും ചര്ച്ച നടത്തുന്നതായി അറിയില്ല. 18-ാം വയസ്സില് വോട്ടവകാശം ലഭിക്കുന്ന പെണ്കുട്ടിക്ക് വിവാഹം കഴിക്കണമെങ്കില് 21 വരെ കാത്തിരിക്കണമെന്ന ന്യായവും ആര്ക്കും പിടികിട്ടിയിട്ടില്ല. വിവാഹപ്രായം ഉയര്ത്തുന്നതോടെ മാതൃത്വത്തിന്റെ പ്രായം ഉയരുമെന്നും ജനനനിരക്ക് താഴുമെന്നും അങ്ങനെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുമെന്നുമാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. പക്ഷേ ഇന്ത്യയില്നിന്ന് ലഭിക്കുന്ന സ്ഥിതിവിവര കണക്കുകള് ഈ വാദത്തെ പിന്തുണക്കുന്നില്ല. അമ്മമാരുടെയും ശിശുക്കളുടെയും ആരോഗ്യ പ്രശ്നങ്ങള് വിവാഹപ്രായം ഉയര്ത്താത്തത് കൊണ്ടാണെന്ന് ഒരു പഠന റിപ്പോര്ട്ടും ചൂണ്ടിക്കാണിക്കുന്നില്ല. പട്ടിണിയും പോഷകാഹാരക്കുറവുമാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്. അതിന് പരിഹാരം കാണാതെ വിവാഹപ്രായം ഉയര്ത്തിയത് കൊണ്ട് എന്ത് പ്രയോജനം! കണക്കുകളൊക്കെ കാണിക്കുന്നത്, വിവാഹം നേരത്തേ നടക്കുന്ന സംസ്ഥാനങ്ങളില് വരെ ജനനനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ്. മന്ത്രി പറഞ്ഞ ന്യായങ്ങളെയൊന്നും കണക്കുകള് പിന്തുണക്കുന്നില്ല എന്നര്ഥം. പ്രജനനം വൈകുമ്പോള് അമ്മമാര്ക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും ഇപ്പോള് ചര്ച്ചയാകുന്നുണ്ട്. രാജ്യത്തിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന മറ്റൊരു തലം കൂടിയുണ്ട് ഇതിന്. യുവാക്കള് ധാരാളമുണ്ട് എന്നതാണ് ഇല്ലായ്മകള്ക്കിടയിലും നമ്മുടെ യഥാര്ഥ ശക്തി. യുവ മനുഷ്യവിഭവത്തിന് പകരംവെക്കാന് മറ്റൊന്നില്ല. ജനസംഖ്യാ നിയന്ത്രണം അടിച്ചേല്പ്പിച്ച നാടുകളിലൊക്കെ ഇന്ന് കൂടുതലുള്ളത് യുവാക്കളല്ല, വൃദ്ധന്മാരാണ്. അതില് വിഹ്വലരായി ചൈന പോലുള്ള രാജ്യങ്ങള് ജനന നിയന്ത്രണ നയങ്ങള് തന്നെ തിരുത്തിക്കൊണ്ടിരിക്കുമ്പോഴാണ് റിവേഴ്സ് ഗിയറില് നമ്മുടെ സഞ്ചാരം. സമീപ ഭാവിയില് നമ്മുടെ പൗരസഞ്ചയത്തിന്റെ പ്രകൃതം തന്നെ മാറ്റിക്കളയാന് ഇത്തരം നിയമങ്ങള്ക്കാവും.
മത വിശ്വാസങ്ങളുമായും ഗോത്രാചാരങ്ങളുമായും ബന്ധപ്പെട്ടും ഒട്ടനവധി പ്രശ്നങ്ങള് ഉയര്ന്നുവരാന് സാധ്യതയുണ്ട്. മുസ്ലിം വ്യക്തിനിയമത്തെ ഉന്നം വെച്ചുള്ളതാണ് ബില്ലെന്നും, ഏക സിവില് കോഡ് നടപ്പാക്കുകയാണ് അതിന്റെ ആത്യന്തിക ലക്ഷ്യമെന്നും വിമര്ശനം വന്നു കഴിഞ്ഞു. ഇന്ത്യയില് നിലനില്ക്കുന്ന പല ഗോത്രാചാരങ്ങളും, ഉയര്ത്താന് പോകുന്ന പ്രായപരിധിയുമായി ഒത്തു പോകുന്നതല്ല. എന്നിട്ടും നിയമ നിര്മാണവുമായി സംഘ് പരിവാര് മുന്നോട്ട് പോകുന്നുണ്ടെങ്കില് അത് ചില രാഷ്ട്രീയ താല്പര്യങ്ങള് നേടിയെടുക്കുന്നതിന് വേണ്ടി തന്നെയാണ്.
Comments