സമയവും കാലവും ഖുര്‍ആനിലും ശാസ്ത്രത്തിലും
ജീവിതത്തിലുടനീളം നമുക്ക് അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണ് സമയം എന്നത്. ലോക് ഡൗണ്‍ കാലത്ത് നാം സമയത്തെക്കുറിച്ച് ധാരാളം ചര്‍ച്ച ചെയ്തു. പടച്ച റബ്ബിന്റെ വലിയ അനുഗ്രഹമാണ് സമയം. അതിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുമ്പോഴാണ് സമയത്തിന്റെ വിലയും നിലയും നമുക്ക് മനസ്സിലാവുക. അല്ലാഹു ഈ മഹാ പ്രപഞ്ചത്തില്‍ ഏര്‍പ്പെടുത്തിയ ആസൂത്രണ മികവും അനുഗ്രഹത്തികവും അപ്പോഴാണ് നാം അനുഭവിച്ചറിയുക.
ഓരോ ജീവനും സമയത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നു. സമയമില്ലാത്ത ജീവിതത്തെക്കുറിച്ച് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. വളരെ ക്ലേശകരമായിരിക്കും ആ ജീവിതം. ആ ഒരവസ്ഥയെക്കുറിച്ച് നാം ചിന്തിക്കുമ്പോഴാണ് സമയം എന്നത് പടച്ച റബ്ബിന്റെ വലിയ അനുഗ്രഹമാണെന്ന് നമുക്ക് മനസ്സിലാവുക. കഴിഞ്ഞ കാലത്തെ നമുക്ക് ഓര്‍ക്കാന്‍ സാധിക്കുന്നതും, വരാനിരിക്കുന്ന കാലത്തെ പദ്ധതികള്‍ കൃത്യമായി ആസൂത്രണം ചെയ്യുവാന്‍ കഴിയുന്നതുമൊക്കെ സമയക്രമം ജീവിതത്തില്‍ ഉള്ളത് കൊണ്ട് തന്നെയാണ്. ഇത്രത്തോളം മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു പ്രതിഭാസത്തെ കൃത്യമായി ആര്‍ക്കും നിര്‍വ്വചിക്കാന്‍ കഴിയുന്നുമില്ല!
വിശുദ്ധ ഖുര്‍ആനില്‍ വിവിധ അധ്യായങ്ങളിലായി വൈവിധ്യമാര്‍ന്ന ഉപമകളിലൂടെ സമയത്തെക്കുറിച്ച് അല്ലാഹു സൂചിപ്പിക്കുന്നത് കാണാം. കൃത്യമായ ഇടവേളകളില്‍ നിരന്തരമായി ആവര്‍ത്തിക്കുന്ന പ്രക്രിയകളെ ഉപയോഗിച്ചാണ് സമയം അളക്കാറുള്ളത്. നാം പൊതുവേ സമയം അളക്കുന്നത് ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമൊക്കെ വെച്ചാണ്. നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന സമയത്തിന്റെ അളവുകോലുകളാണ് ഇതെല്ലാം. 24 മണിക്കൂര്‍ ആണ് നമുക്ക് ഒരു ദിവസം. അതിനെ മണിക്കൂറുകളും മിനിറ്റുകളും സെക്കന്റുകളുമായി വിഭജിക്കുന്നു. ഇതാണ് നമ്മുടെ ഏറ്റവും അടിസ്ഥാനപരമായ സമയക്രമം. ഈ 24 മണിക്കൂര്‍ അഥവാ ഒരു ദിവസം നമുക്ക് ലഭിക്കുന്നത് ഭൂമി വളരെ കൃത്യമായി അതിന്റെ അച്ചുതണ്ടില്‍ ഒരു തവണ കറങ്ങുന്നത് കൊണ്ടാണ്. ഭൂമിയുടെ ഈ കറക്കം ചെറിയ വേഗതയിലൊന്നുമല്ല. അപാരമായ വേഗത എന്ന് തന്നെ പറയണം. ഓരോ മണിക്കൂറിലും അത് ഏകദേശം 1,600 കി.മി വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഞാനും നിങ്ങളും നില്‍ക്കുന്ന പ്രദേശം അത്രയും വേഗത്തില്‍ തിരിഞ്ഞുകൊണ്ടിരിക്കുന്നു. ഓരോ സെക്കന്റിലും മ്മ കി.മി വേഗത്തില്‍ നമ്മള്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. ഭൂമി സൂര്യനെ ചുറ്റുന്ന വേഗതയാകട്ടെ 1,08000 കി.മി ആണ്! ചുരുക്കത്തില്‍ ഈ രണ്ട് ഭയാനകമായ ചലനങ്ങള്‍ക്ക് ഞാനും നിങ്ങളം നില്‍ക്കുന്ന പ്രദേശം വിധേയമായിക്കൊണ്ടിരിക്കുകയാണ്! ഈ ഭീമമായ കറക്കത്തിന്റെ നേര്‍ത്ത സ്പര്‍ശം പോലും നമുക്കനുഭവപ്പെടാത്തത്, ഭൂമി സ്ഥിരമായി ഒരേ വേഗതയില്‍ കറങ്ങുന്നത് കൊും, നമ്മുടെ ചുറ്റുമുള്ള അന്തരീക്ഷം അതേ വേഗതയില്‍ കറങ്ങുന്നതിനാലുമാണ്. ഇതിന് കാരണം ഗുരുത്വാകര്‍ഷണ ബലമാണ്. എത്ര മനോഹരമായാണ് അല്ലാഹു ഇവയെ ക്രമീകരിച്ചിരിക്കുന്നത്!
വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ ഭൂമിയുടെ സൃഷ്ടിപ്പും അതിന്റെ വ്യവസ്ഥയും പരാമര്‍ശിക്കുന്നുണ്ട്. ഏകദേശം 461-ല്‍ പരം ആയത്തുകളില്‍ ഭൂമിയുടെ ആകൃതിയേയും ഉപരിതലത്തിലെ പാറകളെയും മണ്ണിനെയും കുറിച്ചെല്ലാം വിവരിക്കുന്നു. ഭൂമിശാസ്ത്രപരമായ തെളിവുകള്‍ നല്‍കുന്ന 110-ല്‍ അധികം സൂക്തങ്ങള്‍. ഈ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നത് നാം അവയെക്കുറിച്ച് മനനം ചെയ്യാനും ഗവേഷണ പഠനങ്ങള്‍ നടത്താനുമാണ്. ഓരോന്നിനും കൃത്യമായ വ്യവസ്ഥ അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. ഒന്നും ഒരണുവിട തെറ്റുകയില്ല. ഒന്നും തന്നെ അതിന്റെ സ്ഥാനത്തു നിന്നും തെന്നിമാറുകയില്ല.
'ഓരോന്നും അതിന്റെ ഭ്രമണപഥത്തില്‍ കൃത്യമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു' (അല്‍ അമ്പിയാഅ്: 33)
'അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്' (ത്വാഹ: 50)
ഇതെല്ലാം തന്നെ അല്ലാഹു നമുക്ക് തന്ന അനുഗ്രഹങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇനി ഭൂമിയുടെ തിരിച്ചിലെങ്ങാനും വേഗത കൂടുകയോ കുറയുകയോ ചെയ്താല്‍ സമയക്രമത്തില്‍ വലിയ മാറ്റം സംഭവിക്കും. ഭയാനകമായ പലതിനും നാം സാക്ഷിയാകേണ്ടിവരും. ഉദാഹരണത്തിന്, 1,600 കി.മി വേഗത്തില്‍ സഞ്ചരിക്കുന്ന ഭൂമി അതിന്റെ നേര്‍ ഇരട്ടി ആയാല്‍ അതായത്, 3,200 വേഗതയില്‍ ആയാല്‍ വെറും 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ദിവസം ആയിരിക്കും നമുക്ക് ലഭിക്കുക. പകല്‍ 6 മണിക്കൂറും രാത്രി 6 മണിക്കൂറുമായി ചുരുങ്ങും. എത്ര പ്രയാസകരമായിരിക്കും നമുക്കത്. ദിനചര്യകള്‍ നിര്‍വഹിക്കാന്‍ പോലും സമയമുണ്ടാകില്ല. ഇനി ഭൂമിയുടെ കറക്കത്തിന്റെ വേഗത നേര്‍പകുതിയായി ചുരുങ്ങിയാല്‍ അഥവാ, 800 കി.മിറ്ററിലേക്കായാല്‍ ഇതിനേക്കാള്‍ പ്രയാസകരമായിരിക്കും കാര്യങ്ങള്‍. 24 മണിക്കൂര്‍ പകലും 24 മണിക്കൂര്‍ രാത്രിയുമുള്ള 48മണിക്കൂര്‍ ദൈര്‍ഘ്യമേറിയ ഒരു ദിവസം.! ഇനി ഭൂമിയുടെ സഞ്ചാരം നിലച്ചാലോ! വളരെ അപകടകരമായ രംഗങ്ങള്‍ക്ക് നാം വിധേയമാകേണ്ടിവരും.! ഭൂമിയില്‍ സമയം നിശ്ചലമാവും. രാത്രിയും പകലും മാറി മാറി വരില്ല. ഒരു ഭാഗത്ത് എന്നും രാത്രിയും മറുഭാഗത്ത് എന്നും പകലും. എന്തെല്ലാം മാറ്റങ്ങളാണ് അത് ഭൂമിയില്‍ ഉണ്ടാക്കുക എന്നത് ഊഹിക്കാന്‍ പോലും സാധ്യമല്ല. ഇവിടെയാണ് പടച്ചറബ്ബിന്റെ അനുഗ്രഹത്തിന്റെ വലിപ്പവും, അവന്‍ ഒരോന്നിനും നിശ്ചയിച്ചു വെച്ചിരിക്കുന്ന വ്യവസ്ഥയും നമുക്ക് മനസ്സിലാവുക.
ഇതൊക്കെ മുന്നില്‍ക്കണ്ടു സൂറത്തുല്‍ ഖസ്വസിലെ 71, 72, 73 എന്നീ ആയത്തുകള്‍ വായിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ വലിപ്പമറിഞ്ഞു നാം സുജൂദില്‍ വീണു പോകും.
''നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ രാത്രിയെ ശാശ്വതമാക്കിത്തീര്‍ത്തിരുന്നെങ്കില്‍ അല്ലാഹു അല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വെളിച്ചം കൊണ്ട് വന്നു തരിക? എന്നിരിക്കെ നിങ്ങള്‍ കേട്ടുമനസ്സിലാക്കുന്നില്ലേ?''
''പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ പകലിനെ ശാശ്വതമാക്കിയിരുന്നുവെങ്കില്‍ അല്ലാഹുവല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വിശ്രമിക്കുവാന്‍ ഒരു രാത്രി കൊണ്ടുവന്ന് തരിക? എന്നിരിക്കെ നിങ്ങള്‍ കണ്ടുമനസ്സിലാക്കുന്നില്ലേ?''
ഈ സൂക്തങ്ങള്‍ക്കു മുന്നില്‍ അശക്തനായി ദുര്‍ബലനായി, നാഡീ ഞരമ്പുകള്‍ ക്ഷയിച്ചവനായി നാഥനെ ഓര്‍ത്ത് മിഴിനീരൊഴുക്കുവാനേ നമുക്ക് കഴിയൂ. ഈ ഒരവസ്ഥയെ തൂലിക കൊണ്ട് ആവിഷ്‌കരിക്കാന്‍ സാധ്യമല്ല. അല്ലാഹു കുറച്ചധികം കടന്നാണ് ഇവിടെ പറയുന്നത്. അതായത്, നേരത്തെ സൂചിപ്പിച്ചതിനേക്കാളും അപ്പുറം. ഖിയാമത്ത് നാള്‍ വരെ എന്നാണ് പ്രയോഗം. ഈ ചോദ്യങ്ങള്‍ക്കു ശേഷം പടച്ചറബ്ബ് പറയുന്നു;
''അവന്റെ കാരുണ്യത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിത്തന്നിരിക്കുന്നു, രാത്രിയില്‍ നിങ്ങള്‍ വിശ്രമിക്കുവാനും (പകല്‍ സമയത്ത്) അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടിക്കൊണ്ട് വരാനും, നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടി.''
എന്താണ് സമയം? അത് ശാസ്ത്രീയമായി ഏത് രൂപത്തിലാണ് വിശദീകരിക്കപ്പെട്ടിട്ടുള്ളത്? അത് ഖുര്‍ആന്‍ സൂക്തങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? അതാണ് ഇവിടെ സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. സമയത്തെക്കുറിച്ച് ആധികാരികമായ ഗണിത ശാസ്ത്ര വിശദീകരണം നല്‍കിയവരില്‍ ഒരാള്‍ തീര്‍ച്ചയായും സര്‍ ഐസക് ന്യൂട്ടനാണ്. 1687-ല്‍ പുറത്തിറങ്ങിയ തന്റെ Principia mathematica എന്ന പ്രസിദ്ധമായ ഗ്രന്ഥത്തില്‍ അദ്ദേഹം സമയത്തെ വിശദീകരിക്കുന്നുണ്ട്. ഒന്നാമതായി അദ്ദേഹം പറഞ്ഞത്, കാലം എന്നത് സ്വതന്ത്രമായ ഒന്നാണെന്നും, മറ്റൊന്നുമായും അതിനു യാതൊരു ബന്ധവുമില്ലെന്നുമാണ്. അതായത്, പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന സ്വതന്ത്രമായ ഒരു വസ്തുതയാണ് സമയം. രണ്ടാമതായി, കാലം ശാശ്വതമാണ്. പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പും കാലമുണ്ട്. കാലം റെയില്‍പാളം പോലെ ഇരു ദിശയിലേക്കും പരന്നുകിടക്കുന്ന ഒന്നാണ്, പ്രപഞ്ചത്തില്‍ എന്ത് സംഭവിച്ചാലും അതൊന്നും കാലത്തെ ബാധിക്കുകയില്ല, പ്രപഞ്ചം നശിക്കുകയാണെങ്കില്‍ പോലും കാലം നിലനില്‍ക്കും.
മൂന്നാമതായി, കാലം പ്രപഞ്ചത്തില്‍ എല്ലായിടത്തും ഒരുപോലെയാണ്. കാലത്തിന്റെ പ്രവാഹം പ്രപഞ്ചത്തിലുടനീളം ഒരുപോലെയാണെന്നര്‍ഥം. ന്യൂട്ടന്റെ ഈ വാദങ്ങളെല്ലാം മൂന്നു നൂറ്റാണ്ടു കാലം ശാസ്ത്ര ലോകം ചോദ്യം ചെയ്യാതെ അംഗീകരിച്ചു പോന്നു. ന്യൂട്ടോണിയന്‍ ഭൗതിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ദൈവനിഷേധികളായ ആളുകള്‍ മതവിശ്വാസികളെ പരിഹസിക്കാറുമുണ്ടായിരുന്നു. കാലത്തെക്കുറിച്ച ഈ വ്യാഖ്യാനം എടുത്തുകാട്ടി അന്നത്തെ പല ഭൗതികവാദികളും ചോദിക്കാറുണ്ടായിരുന്നു, 'കാലം ശാശ്വതമാണെങ്കില്‍ പ്രപഞ്ചം സൃഷ്ടിക്കുന്നതിന് മുമ്പ് ദൈവത്തിനു എന്തായിരുന്നു പണി' എന്ന്. ഇത്തരം പരിഹാസങ്ങള്‍ മതവിശ്വാസികള്‍ നേരിടേണ്ടി വന്നിരുന്നു. 1905-ലാണ് മറ്റു ചില ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. 1905 ശാസ്ത്ര ലോകത്ത് വലിയ ഒരു വിപ്ലവത്തിനു തുടക്കം കുറിക്കുകയായിരുന്നു എന്നു പറയാം. ആ വര്‍ഷം ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന ശാസ്ത്രജ്ഞന്‍ സമര്‍പ്പിച്ച മൂന്ന് പ്രബന്ധങ്ങളാണ് അതിന് നിദാനം. സമയത്തെയും കാലത്തെയും പ്രകാശത്തെയും കുറിച്ച് അദ്ദേഹം എഴുതിയ ആ പ്രബന്ധങ്ങള്‍ അതുവരെയുള്ള ശാസ്ത്ര സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിച്ചു. ഈ പ്രബന്ധങ്ങളിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്നത് സാമാന്യ ആപേക്ഷികതാ സിദ്ധാന്ത(Special Theory of Relativity)ത്തിലാണ്. പത്ത് വര്‍ഷത്തിനു ശേഷം ഗുരുത്വാകര്‍ഷണം കൂടി ഉള്‍പ്പെടുത്തി അദ്ദേഹം അത് നവീകരിക്കുകയുണ്ടായി. അതാണ് പിന്നീട് പൊതു ആപേക്ഷികതാ സിദ്ധാന്തം(General Theory of Relativity) ആയി അറിയപ്പെട്ടത്. ഈ രണ്ടു സിദ്ധാന്തങ്ങളും ഇന്നും നാം സ്ഥൂല പ്രപഞ്ചത്തെ വിശദീകരിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു. സൂക്ഷ്മ പ്രപഞ്ചത്തെ നാം വിശദീകരിക്കുക പ്രധാനമായും 'ക്വാണ്ടം മെക്കാനിസം' എന്ന ശാസ്ത്ര ശാഖയിലൂടെയാണ്.
ഐന്‍സ്റ്റീന്‍ പറയുന്നത്, സ്ഥലം എന്നത് സ്വതന്ത്രമായ ഒന്നല്ല എന്നതാണ്. ന്യൂട്ടനെ സംബന്ധിച്ചേടത്തോളം സ്ഥലം എന്നത് സ്വതന്ത്രമാണ്. അവിടെയാണ് ഐന്‍സ്റ്റീന്‍ വ്യക്തമാക്കിയത്, സ്ഥലത്തിനകത്തു തന്നെയാണ് കാലം എന്ന്. അതായത്, സ്ഥലത്തില്‍നിന്ന് ഒരിക്കലും കാലത്തെ വേര്‍തിരിക്കാന്‍ സാധ്യമല്ല. വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത കാലമാണെന്ന് നമുക്കറിയാം. Space time എന്നാണല്ലോ നാം പറയാറുള്ളത്. ഒരിക്കലും Space എന്ന് മാത്രം മാറ്റിനിര്‍ത്തി പറയാറില്ല. എന്ന് മാത്രമല്ല, സമയത്തിന് ആകൃതി ഉണ്ടെന്ന് പോലും പിന്നീട് വിശദീകരണമുണ്ടായി. ലോക പ്രശസ്ത ശാസ്തജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ വളരെ പ്രസിദ്ധമായ ഗ്രന്ഥമാണ് A Brief History of Time (സമയത്തിന്റെ സംക്ഷിപ്ത ചരിത്രം). ഈ ഗ്രന്ഥത്തില്‍ ഒരു അധ്യായം മുഴുവന്‍ കാലത്തിന്റെ ആകൃതിയെക്കുറിച്ചാണ്. യഥാര്‍ത്ഥത്തില്‍ സമയത്തിന്റെ ആകൃതി എന്നത് സ്ഥലത്തിന്റെ ആകൃതി തന്നെയാണ്. അപ്പോള്‍ സ്ഥലത്തിനകത്താണ് കാലം എന്നത് കൊണ്ട് തന്നെ, സ്ഥലത്തിന്റെ തുടക്കം, അതായത് പ്രപഞ്ചോല്‍പ്പത്തി തന്നെയാണ് സമയത്തിന്റെയും തുടക്കമെന്നാണ് പിന്നീട് ശാസ്ത്ര ലോകം ഒടുവില്‍ എത്തിച്ചേര്‍ന്ന നിഗമനം.
പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്ന് വിശുദ്ധ ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ ഉറച്ച് വിശ്വസിക്കുന്നു; കാലവും സമയവുമെല്ലാം പടച്ച റബ്ബിന്റെ അത്ഭുത സൃഷ്ടിയാണെന്നും. കാലത്തിന്റെ സ്രഷ്ടാവായ അല്ലാഹു കാലത്തിനും സമയത്തിനുമെല്ലാം മാറ്റം വരുത്താന്‍ കഴിവുള്ളവനുമാണ്. ഉദാഹരണമായി, സൂറത്തുല്‍ കഹ്ഫില്‍ ഗുഹാവാസികളായ ഒരു സംഘം യുവാക്കള്‍ ഉറങ്ങിയതിനെപ്പറ്റി പറയുന്നുണ്ട്. ഗാഢനിദ്രയില്‍നിന്ന് എണീറ്റതിനു ശേഷം അവര്‍ പരസ്പരം നടത്തുന്ന സംസാരം വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്:
'അവര്‍ പറഞ്ഞു: നാം ഒരു ദിവസമോ ഒരു ദിവസത്തിന്റെ അല്‍പഭാഗമോ ആണ് കഴിച്ചുകൂട്ടിയത്.' അല്ലാഹു അവരെ തിരുത്തുന്നു: 'അവര്‍ ഗുഹയില്‍ മുന്നൂറ് വര്‍ഷം താമസിച്ചിരിക്കുന്നു.'
ഇവിടെ രണ്ട് സമയങ്ങളുടെ അത്ഭുത പ്രതിഭാസമാണ് സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. അതായത്, അവരുടെ ഗുഹക്കകത്തുള്ള സമയത്തെ അല്ലാഹു നിശ്ചലമാക്കുകയും പുറത്തുള്ള സമയത്തെ തുറന്ന് വിടുകയും ചെയ്തിരിക്കുന്നു. മറ്റൊരു ഉദാഹരണം, സൂറത്തുല്‍ ബഖറയുടെ 259-ാം വചനത്തില്‍ പരാമര്‍ശിക്കുന്ന സംഭവമാണ്.
'അല്ലെങ്കിലിതാ, മറ്റൊരാളുടെ ഉദാഹരണം. മേല്‍ക്കൂരകളോടെ വീണടിഞ്ഞ് കിടക്കുകയായിരുന്ന ഒരു പട്ടണത്തിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. (അപ്പോള്‍) അദ്ദേഹം പറഞ്ഞു: നിര്‍ജീവമായിപ്പോയതിനു ശേഷം ഇതിനെ എങ്ങനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുന്നത്. തുടര്‍ന്ന് അല്ലാഹു അദ്ദേഹത്തെ നൂറു വര്‍ഷം നിര്‍ജീവാവസ്ഥയിലാക്കുകയും പിന്നീട് അദ്ദേഹത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം (നിര്‍ജീവാവസ്ഥയില്‍) കഴിച്ചുകൂട്ടി? ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അല്‍പഭാഗമോ (ആണ് ഞാന്‍ കഴിച്ചുകൂട്ടിയത്); അദ്ദേഹം മറുപടി പറഞ്ഞു: അല്ല, നീ നൂറു വര്‍ഷം കഴിച്ചുകൂട്ടിയിരിക്കുന്നു. നിന്റെ ആഹാരപാനീയങ്ങള്‍ നോക്കൂ, അവയ്ക്ക് മാറ്റം വന്നിട്ടില്ല. നിന്റെ കഴുതയുടെ നേര്‍ക്ക് നോക്കൂ. (അതെങ്ങനെയുണ്ടെന്ന്, അത് ദ്രവിച്ച് മണ്ണായിരിക്കുന്നു). നിന്നെ മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തമാക്കാന്‍ വേണ്ടിയാകുന്നു നാമിത് ചെയ്തത്.'
സൂറത്തുല്‍ കഹ്ഫിലെ ഗുഹാവാസികള്‍ പറഞ്ഞ അതേ കാര്യം തന്നെയാണ് ഇവിടെ ഇദ്ദേഹവും പറയുന്നത്. ഒരേ സ്ഥലത്ത് തന്നെ അല്ലാഹു രണ്ട് സമയ പ്രവാഹങ്ങള്‍ സൃഷ്ടിക്കുന്ന അത്ഭുത പ്രതിഭാസം നാം കാണുന്നു. അതായത്, അദ്ദേഹത്തിന്റെ ഭക്ഷണവും പാനീയവും വെച്ച സ്ഥലത്തുള്ള സമയത്തെ അല്ലാഹു നിശ്ചലമാക്കുകയും അതേ സമയം കഴുത നിന്ന സ്ഥലത്തുള്ള സമയത്തെ അല്ലാഹു സാധാരണ പോലെ സ്വതന്ത്രമാക്കുകയുമാണ് ചെയ്തത്! ഒരേ സമയത്തു തന്നെ രണ്ട് സമയ പ്രവാഹങ്ങള്‍! ഇത് തീര്‍ച്ചയായും ഒരാള്‍ക്കേ കഴിയൂ, പ്രപഞ്ച നാഥനു മാത്രം! ആ റബ്ബ് കാലത്തിനും സമയത്തിനും സ്ഥലത്തിനുമെല്ലാം അതീതനാണല്ലോ. ന്യൂട്ടന്റെ സിദ്ധാന്ത പ്രകാരം സമയം എന്നത് പ്രപഞ്ചത്തില്‍ എല്ലാ സ്ഥലത്തും ഒരുപോലെയാണ്. ഇതാണ് പിന്നീട് ഐന്‍സ്റ്റീര്‍ തിരുത്തിയത്. സമയമല്ല പ്രപഞ്ചത്തിലുള്ളത്, മറിച്ച് സമയങ്ങളാണ്. അതായത് സമയം എന്നത് ആപേക്ഷികമാണ്.
പുതിയ ശാസ്ത്രീയ കണ്ടെത്തലുകളെക്കുറിച്ച് ചില സൂചനകള്‍ മാത്രമാണ് നല്‍കിയത്. വിശുദ്ധ ഖുര്‍ആന്‍ ദൈവികമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടിയല്ല ഇവിടെ ശ്രമിച്ചത്. വിശുദ്ധ ഖുര്‍ആന്‍ ദൈവികമാണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവ് വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. മനുഷ്യരുടെ അധ്വാനഫലമായ ശാസ്ത്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഖുര്‍ആന് ആവശ്യമില്ല. എത്രത്തോളം ഈ ഗ്രന്ഥം കാലത്തെ അതിജയിച്ചിട്ടുണ്ടെന്ന് ആഴത്തില്‍ പഠിച്ചാല്‍ നമുക്ക് മനസ്സിലാകും. ഖുര്‍ആനെ കാലികമായി വ്യാഖ്യാനിക്കുമ്പോള്‍ അത് ശൈഖ് യൂസുഫുല്‍ ഖറദാവിയെപ്പോലെയുളള പണ്ഡിതന്മാര്‍ പറഞ്ഞത് പോലെ, 'അതെല്ലാം തന്നെ നമ്മുടെ തഖ്‌വയും ഈമാനും വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.'
Comments