Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 31

3233

1443 ജമാദുല്‍ അവ്വല്‍ 26

അത്ര നിഷ്‌കളങ്കമല്ല ഈ യൂനിഫോം

ടി.കെ.എം ഇഖ്ബാല്‍

ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കേരളത്തില്‍ ആദ്യമായി  'ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം' നടപ്പാക്കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും തുടരുകയാണ്. പുതിയ പരിഷ്‌കരണം വ്യാപകമായ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയതിനെ തുടര്‍ന്ന്, സ്‌കൂളിലെ ഒരു വിഭാഗം വിദ്യാര്‍ഥികളും പാരന്റ് ടീച്ചേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടതനുസരിച്ചാണ് അത് നടപ്പാക്കിയതെന്നും എല്ലാ സ്‌കൂളുകളിലേക്കും പുതിയ യൂനിഫോം വ്യാപിപ്പിക്കാന്‍ ഗവണ്‍മെന്റിന് ഉദ്ദേശ്യമില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇത്തരം പുതിയ  പരിഷ്‌കരണങ്ങളോട് സമൂഹം തുടക്കത്തില്‍ പുറംതിരിഞ്ഞു നില്‍ക്കുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ കാണുന്നു. പരിഷ്‌കരണം തെറ്റായത് കൊണ്ടല്ല, അത് സമൂഹം ഉള്‍ക്കൊള്ളാത്തത് കൊണ്ടാണ് ഒറ്റയടിക്ക് എല്ലാ സ്‌കൂളിലും നടപ്പിലാക്കാത്തത് എന്നു സാരം. സി.പി.എമ്മിന് സ്വാധീനമുള്ള പല സ്‌കൂളുകളുടെയും പി.ടി.എകളില്‍നിന്ന് ഇനിയും ഇത്തരം ആവശ്യങ്ങള്‍ ഉയരാന്‍ സാധ്യതയുള്ളത് കൊണ്ട് പരിഷ്‌കരണവുമായി അധികൃതര്‍ മുന്നോട്ടു പോവും എന്ന് മനസ്സിലാക്കുന്നതില്‍ തെറ്റില്ല.
ബാലുശ്ശേരി സ്‌കൂളിലെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് പുതിയ പരിഷ്‌കരണത്തിന്റെ ശക്തയായ വക്താവ് (ജെന്‍ഡര്‍ ന്യൂട്രാലിറ്റി തിയറിയനുസരിച്ച് 'ശക്തയായ' എന്ന പ്രയോഗം തെറ്റാണ്. ആണിനെയും പെണ്ണിനെയും വേര്‍തിരിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങള്‍ ഒഴിവാക്കണം എന്നാണ് നിയമം. പുതിയ പരിഷ്‌കരണം ഒരു ഗേള്‍സ് ഹൈസ്‌കൂളില്‍നിന്ന് തുടങ്ങി എന്നതില്‍ വൈരുധ്യമുണ്ട്. പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായുള്ള സ്‌കൂള്‍ എന്ന ആശയം ജെന്‍ഡര്‍ ന്യൂട്രാലിറ്റി തിയറിക്ക് എതിരാണ്).
'ജെന്‍ഡറുമായി ബന്ധപ്പെട്ട കളങ്കിതബോധങ്ങളില്‍നിന്ന് അഥവാ ഞാനും അവനും വ്യത്യസ്തരാണ് എന്ന ധാരണയില്‍നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടികളെ സഹായിക്കുന്ന തരത്തിലുള്ള ഒരു അന്തരീക്ഷം സ്‌കൂളുകള്‍ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും വേണം.  അതാണ് കൃത്യമായും ബാലുശ്ശേരി സ്‌കൂള്‍ ചെയ്തിരിക്കുന്നത്' എന്ന് മന്ത്രി ഇംഗ്ലീഷില്‍ ട്വീറ്റ് ചെയ്തു.
'അലിഖിതമായ ഒരുപറ്റം നിയമങ്ങളാലും നിയന്ത്രണങ്ങളാലും വലയം ചെയ്യപ്പെട്ടുകൊണ്ടാണ് നമ്മുടെ പെണ്‍കുട്ടികള്‍ വളരുന്നത്. ജെന്‍ഡര്‍ വിവേചനം സ്വയം പ്രകടിതമാവുന്ന പ്രധാനപ്പെട്ടതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ വഴികളിലൊന്ന് വസ്ത്ര സങ്കല്‍പങ്ങളുടെ അടിച്ചേല്‍പിക്കലാണ്'- മന്ത്രി എഴുതി.
ചില്ലറ പരിഷ്‌കരണമല്ല, സമൂലമായ സാമൂഹിക വിപ്ലവം തന്നെയാണ് അധികൃതര്‍ മനസ്സില്‍ കാണുന്നത് എന്നര്‍ഥം. അതിനിടെ പുതിയ യൂനിഫോമിനെക്കുറിച്ച് കേരളത്തിലെ കാലാവസ്ഥക്ക് കൂടുതല്‍ അനുയോജ്യമെന്നും പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ 'കണ്‍ഫര്‍ടബ്ള്‍' എന്നുമൊക്കെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിശേഷിപ്പിച്ചതും കണ്ടു. ചുരിദാറിനില്ലാത്ത എന്ത് കംഫര്‍ട്ടും കാലാവസ്ഥാ അനുകൂലതയുമാണ് പാന്റ്‌സിനും ഷര്‍ട്ടിനുമുള്ളത് എന്ന് വിശദീകരിക്കേണ്ടത് മന്ത്രിയാണ്. ഇറുകിയ പാന്റ്‌സും ഷര്‍ട്ടും പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ അസൗകര്യമാണ് സൃഷ്ടിക്കുക എന്ന് ഒരാള്‍ക്ക് ന്യായമായും വാദിക്കാവുന്നതുമാണ്.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

കണ്‍ഫര്‍ട്ടാണോ ജന്‍ഡര്‍ ന്യൂട്രാലിറ്റിയാണോ മന്ത്രി മുന്നോട്ടു വെക്കുന്നത് എന്നതാണ് അടിസ്ഥാന ചോദ്യം. 'ഞാനും അവനും വ്യത്യസ്തരാണ്' എന്ന മൂടുറച്ചു പോയ ധാരണയെ തിരുത്തലാണ് പുതിയ പരിഷ്‌കാരത്തിന്റെ ലക്ഷ്യം എന്നാണ് മന്ത്രി ഒരു അവ്യക്തതയും ഇല്ലാത്ത വിധം പറഞ്ഞത്. ഇതാണ് മഹത്തായ ഒരു ആശയത്തിന്റെ പരിവേഷമണിയിച്ചു കൊണ്ട് അവതരിപ്പിക്കപ്പെടുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി തിയറിയുടെ കാതല്‍. സ്ത്രീയെയും പുരുഷനെയും വ്യത്യസ്തതകളുള്ള രണ്ട് സ്വത്വങ്ങളായി കണ്ട് കൊണ്ടുള്ള എല്ലാതരം വേര്‍തിരിവുകളെയും വിവേചനങ്ങളെയും ഇല്ലാതാക്കുക. അതായത് വ്യക്തികളുടെ സെക്‌സും ജെന്‍ഡറും അടിസ്ഥാനമാക്കിയുള്ള ഭാഷാ പ്രയോഗങ്ങളും തൊഴില്‍ വിഭജനങ്ങളും പൊതു ഇടങ്ങളിലെ വേര്‍തിരിവുകളും പൂര്‍ണമായി ഇല്ലാതാക്കുക. ജെന്‍ഡര്‍ ന്യൂട്രല്‍ ഇരിപ്പിടങ്ങളും ടോയ്‌ലറ്റുകളും മുതല്‍ കളിപ്പാട്ടങ്ങള്‍ വരെ ഇതിന്റെ പരിധിയില്‍ പെടും.
ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീയെയും പുരുഷനെയും എല്ലാ അര്‍ഥത്തിലും തുല്യരാക്കുക. വിവേചനം നേരിടുന്നത് സ്ത്രീകള്‍ ആയത് കൊണ്ട്, പുരുഷന്‍ ആയിരിക്കും എപ്പോഴും തുല്യതയുടെ മാനദണ്ഡം. പുരുഷന് ലഭ്യമായതെല്ലാം സ്ത്രീപുരുഷ വേര്‍തിരിവുകള്‍ കൂടാതെ സ്ത്രീക്കും ലഭ്യമാക്കുന്നതിലൂടെ മാത്രമേ വിവേചനം അവസാനിപ്പിക്കാന്‍ കഴിയൂ എന്ന് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ വക്താക്കള്‍ വിശ്വസിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ വസ്ത്രം ധരിച്ചാല്‍ തങ്ങള്‍ ഒരു പോലെയാണ് എന്ന തോന്നല്‍ കുട്ടികളില്‍ വളരുകയും അത് പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് വാദം.
സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രകൃതിപരമായ അന്തരങ്ങള്‍ സാമാന്യബുദ്ധി കൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്നതും ശാസ്ത്രീയ പഠനങ്ങളിലൂടെ സ്ഥാപിക്കപ്പെട്ടതുമാണ്. ശാരീരികമായും മാനസികമായും ജീവശാസ്ത്രപരമായും സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യാസമുണ്ട്. സ്ത്രീ, പുരുഷ ദ്വന്ദ്വം (ബൈനറി) മനുഷ്യനില്‍ മാത്രമല്ല എല്ലാ ജീവജാലങ്ങളിലും കാണപ്പെടുന്നതാണ്. ജെന്‍ഡര്‍ ഇക്വാളിറ്റിയുടെ വക്താക്കള്‍ക്ക് പോലും ഇത് നിഷേധിക്കാന്‍ കഴിയില്ല. സ്ത്രീക്കും പുരുഷനും ചെയ്യാന്‍ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതേ സമയം സ്ത്രീക്ക് മാത്രം ചെയ്യാന്‍ കഴിയുന്നതും പുരുഷന് മാത്രം ചെയ്യാന്‍ കഴിയുന്നതുമായ കാര്യങ്ങളുണ്ട്. ഗര്‍ഭധാരണവും പ്രസവവും കുഞ്ഞുങ്ങളെ മുലയൂട്ടലും പ്രകൃത്യാ സ്ത്രീക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ്. ഈ ശാരീരിക ഘടനക്ക് അനുയോജ്യമായ രീതിയിലാണ് സ്ത്രീയുടെ മാനസിക ഘടനയും സജ്ജമാക്കപ്പെട്ടിരിക്കുന്നത്. സ്ത്രീയുടെയും പുരുഷന്റെയും ശാരീരിക, മാനസിക ഘടനയെ വേര്‍തിരിക്കുന്ന അടിസ്ഥാനപരമായ  വ്യത്യാസം പ്രത്യുല്‍പാദനവുമായി ബന്ധപ്പെട്ടതായത് കൊണ്ട് ആ വ്യത്യാസം കൂടി ഇല്ലാതാക്കി പ്രത്യുല്‍പാദനത്തിന് വേണ്ടിയുള്ള ലൈംഗികബന്ധം എന്ന നില മാറുകയും പുരുഷനും ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്ന ഒരു നല്ല നാളെയാണ് പോസ്റ്റ് ജെന്‍ഡറിസ്റ്റുകള്‍ സ്വപ്‌നം കാണുന്നത്. അതോടെ സമൂഹത്തില്‍ ജെന്‍ഡര്‍ അപ്രത്യക്ഷമാവും. കമ്യൂണിസത്തില്‍ വര്‍ഗരഹിത സമൂഹം വന്ന് ഭരണകൂടം കൊഴിഞ്ഞു വീഴുന്നത് പോലെ! കമ്യൂണിസ്റ്റ് സ്വപ്‌നങ്ങള്‍ സഫലമാവാതെ പോയ നിരാശയിലാവണം, ആണും പെണ്ണും ഒന്നായി മാറുന്ന ലിബറല്‍ കിനാവുകള്‍ കണ്ടുകൊണ്ടാണ് ഇപ്പോള്‍ കമ്യൂണിസ്റ്റ് നേതാക്കളും മന്ത്രിമാരും ഉറങ്ങുന്നതും ഉണരുന്നതും!
സ്ത്രീയുടെ പ്രകൃതത്തെയും കുടുംബത്തിലും സമൂഹത്തിലും അവളുടെ റോളിനെയും കുറിച്ച പരമ്പരാഗത ധാരണകള്‍ സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍നിന്ന് അവള്‍ മാറ്റിനിര്‍ത്തപ്പെടാന്‍ ഇടയായിട്ടുണ്ട് എന്നത് നേരാണ്.  സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ടാക്കിയെടുത്ത പൊതുബോധമാണ് അതിന് കാരണം. ഇത്തരം പൊതുബോധങ്ങള്‍ക്കെതിരെയാണ് ഫെമിനിസ്റ്റ് പ്രസ്ഥാനം രംഗത്ത് വന്നത്. പക്ഷേ, ഒരാത്യന്തികതയില്‍നിന്ന് കൂടുതല്‍ ആപല്‍ക്കരമായ മറ്റൊരു ആത്യന്തികതയിലേക്കാണ് ലിബറലിസത്തിന്റെ ഉല്‍പന്നമായ പുതിയ ജെന്‍ഡര്‍ തിയറികള്‍ സമൂഹത്തെ നയിക്കുന്നത്.
ജെന്‍ഡര്‍ ഇക്വാളിറ്റിയെയും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെയും കുറിച്ച സിദ്ധാന്തങ്ങള്‍ സെക്‌സും ജെന്‍ഡറും നിലനില്‍ക്കാത്ത ഒരു സങ്കല്‍പലോകത്ത് മാത്രം ബാധകമാക്കാന്‍ കഴിയുന്നതാണ് എന്നതാണ് അതിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാന വിമര്‍ശനം. ഉദാഹരണമായി, ബലാത്സംഗവുമായി ബന്ധപ്പെട്ട നിയമനിര്‍മാണങ്ങള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആക്കുന്നുവെന്ന് കരുതുക. നിയമത്തിന്റെ ദൃഷ്ടിയില്‍ സ്ത്രീയും പുരുഷനും ഒരേ പോലെ ബലാത്സംഗം ചെയ്യാന്‍ കഴിവുള്ളവരും ബലാത്സംഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളവരുമായിരിക്കും. ഇത് വസ്തുതകള്‍ക്ക് വിരുദ്ധമാണ്. ലോകത്തെവിടെയും കൂടുതല്‍ ബലാത്സംഗങ്ങള്‍ക്ക് ഇരയാവുന്നത് സ്ത്രീകളാണ്. സാമൂഹിക സാഹചര്യങ്ങള്‍ കൊണ്ട് മാത്രമല്ല, സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവുമായ അന്തരം കൊണ്ട് കൂടിയാണ് ഇത് സംഭവിക്കുന്നത്. ഇതേ കാരണത്താല്‍ തന്നെ ജെന്‍ഡര്‍ ന്യൂട്രല്‍ ടോയ്‌ലറ്റുകളിലും മറ്റു പൊതു ഇടങ്ങളിലും അരക്ഷിതത്വം അനുഭവിക്കുന്നത് സ്ത്രീകളായിരിക്കും. തൊഴിലിടങ്ങള്‍ സ്ത്രീപുരുഷ സമത്വം നേടിയെടുക്കാന്‍ വേണ്ടി ജെന്‍ഡര്‍ ന്യൂട്രല്‍ ആക്കിയാല്‍ കഷ്ടതയനുഭവിക്കുന്നത് സ്ത്രീകളായിരിക്കും. പ്രസവാവധിപോലും അവര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ല. കുഞ്ഞുങ്ങളെ മുലയൂട്ടാനും മറ്റും സൗകര്യമുള്ള സ്ത്രീസൗഹൃദ തൊഴിലിടങ്ങള്‍ എന്ന ആശയം തന്നെ അപ്രസക്തമായി മാറും. സ്ത്രീയും പുരുഷനും തമ്മിലുള്ള ജൈവികമായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം സ്ത്രീകളുടെ സ്വന്തമായ ഇടങ്ങള്‍ ഇല്ലാതാക്കുകയും പുരുഷന് മേധാവിത്തം ലഭിക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ ഇടങ്ങളിലേക്ക് കടന്നു ചെല്ലാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് അവര്‍ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുക. വാര്‍ത്തകളും സ്ഥിതി വിവരക്കണക്കുകളും ഈ യാഥാര്‍ഥ്യത്തിന് അടിവരയിടുകയാണ് ചെയ്യുന്നത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ തരത്തിലുള്ള വസ്ത്രം ധരിച്ചാല്‍ പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിക്കുമെന്നാണ് അധികൃതരുടെ അവകാശവാദം. നിലനില്‍ക്കുന്ന വസ്ത്ര സങ്കല്‍പങ്ങള്‍ ലിംഗവിവേചനം അടിച്ചേല്‍പിക്കുന്നു എന്നാണല്ലോ ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. അപ്പോള്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണം ആണ് പ്രശ്‌നം. അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ് ഈ നിലപാട്. പെണ്‍കുട്ടികള്‍ക്ക് തങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് തുല്യരാണെന്ന തോന്നല്‍ ഉണ്ടാവണമെങ്കില്‍ തങ്ങളുടെ സ്ത്രീ സ്വത്വം ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം കൊണ്ട് അവര്‍ മറച്ചു വെക്കണം! തങ്ങള്‍ ആണുങ്ങളെപ്പോലെയാണെന്ന മിഥ്യാബോധത്തില്‍ അഭിരമിക്കണം! അവര്‍ണനെ സവര്‍ണന്റെ വസ്ത്രമിടീച്ചാല്‍, അല്ലെങ്കില്‍ അവര്‍ണനും സവര്‍ണനും ഒരേ പോലെയുള്ള വസ്ത്രം ധരിച്ചാല്‍ ജാതിവിവേചനം ഇല്ലാതാവും എന്ന് കരുതുന്നത് പോലെ അപഹാസ്യമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം സ്ത്രീകള്‍ക്കെതിരായ വിവേചനം ഇല്ലാതാക്കുമെന്ന വാദം.

ജെന്‍ഡര്‍ ഫ്‌ളൂയിഡിറ്റി

ജെന്‍ഡര്‍ ഇക്വാളിറ്റി, ജെന്‍ഡര്‍ ന്യൂട്രാലിറ്റി, ജെന്‍ഡര്‍ ഫ്‌ലൂയിഡിറ്റി ഇതൊക്കെ പരസ്പരം ബന്ധപ്പെട്ട ആശയങ്ങളും പദപ്രയോഗങ്ങളുമാണ്. സെക്‌സും ജന്‍ഡറും രണ്ടാണെന്നും, ഓരോ വ്യക്തിയുടെയും ലൈംഗിക സ്വത്വവും (gender identity) ലൈംഗികാവിഷ്‌കാരവും (gender expression) ലൈംഗികാഭിനിവേശവും (gender orientation) അവരവര്‍ തന്നെ തെരഞ്ഞെടുക്കുന്നതുമാണെന്നുമുള്ള കാഴ്ചപ്പാടാണ് ജെന്‍ഡര്‍ ഫ്‌ളൂയിഡിറ്റി അര്‍ഥമാക്കുന്നത്. ലൈംഗിക സ്വത്വവും അഭിരുചികളും അഭിനിവേശങ്ങളുമൊക്കെ ഏത് നിമിഷവും മാറാവുന്ന വിധത്തില്‍ 'ഫ്‌ളൂയിഡ്' (ദ്രവരൂപത്തിലുള്ളത്) ആണ് എന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതല്‍. അതായത് ജീവശാസ്ത്രപരമായി എല്ലാ അര്‍ഥത്തിലും പുരുഷന്റെ സവിശേഷതകളുള്ള ഒരാള്‍ക്ക് ഒരു നിമിഷത്തില്‍ താന്‍ പെണ്ണാണെന്ന് തോന്നുകയോ അങ്ങനെ അവകാശപ്പെടുകയോ ചെയ്താല്‍ സമൂഹം അത് അംഗീകരിച്ചു കൊടുക്കണം എന്നാണ് വാദം. മറിച്ചും. സെക്‌സ് എന്നത് കൊണ്ട് ജീവശാസ്ത്രപരമായ ലിംഗത്തെയും (biological sex) ജെന്‍ഡര്‍ എന്നത് കൊണ്ട് ഒരു വ്യക്തിയുടെ  ലൈംഗികാവിഷ്‌കാരങ്ങളെയും  അഭിനിവേശങ്ങളെയും ഉള്‍ക്കൊള്ളുന്ന ലൈംഗിക സ്വത്വത്തെയുമാണ് ജെന്‍ഡര്‍ തിയറിയുടെ വക്താക്കള്‍ അര്‍ഥമാക്കുന്നത്. സെക്‌സ് ജന്മസിദ്ധവും ജെന്‍ഡര്‍ സമൂഹ നിര്‍മിതിയുമാണെന്ന വാദമാണ് ജെന്‍ഡര്‍ തിയറി മുന്നോട്ട് വെക്കുന്നത്. മുമ്പ് സൂചിപ്പിച്ചത് പോലെ കുടുംബത്തിലും സമൂഹത്തിലും സ്ത്രീയുടെയും പുരുഷന്റെയും റോളുകള്‍ നിര്‍ണയിക്കുന്നതില്‍ സമൂഹത്തിന്റെ പരമ്പരാഗത ധാരണകള്‍ക്ക് വലിയ പങ്കുണ്ട്. ഇതിനെതിരെയാണ്  ജെന്‍ഡര്‍ സമൂഹ നിര്‍മിതിയാണെന്ന കാഴ്ചപ്പാട് രൂപപ്പെട്ടത്. അവിടെ നിന്നും മുന്നോട്ടു പോയി ജീവശാസ്ത്രപരമായ സെക്‌സ് അല്ല ഒരാളുടെ ലൈംഗിക സ്വത്വത്തെ നിര്‍ണയിക്കുന്നത് എന്ന അതിവാദത്തിലേക്ക് എത്തിപ്പെട്ടത് അടുത്ത കാലത്താണ്. ഇതിന്റെ സൈദ്ധാന്തിക രൂപമാണ് ജെന്‍ഡര്‍ ഫ്‌ളൂയിഡിറ്റി.
പറഞ്ഞു വരുന്നത് മറ്റൊരു കാര്യമാണ്. ജെന്‍ഡര്‍ ഫ്‌ളൂയിഡിറ്റിയിലേക്കുള്ള ചുവടുവെപ്പാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ യൂനിഫോം അണിയുമ്പോള്‍ തുല്യതാ ബോധത്തെക്കാളുപരി, ജെന്‍ഡര്‍ ഐഡന്റിറ്റിയെക്കുറിച്ച ആശയക്കുഴപ്പമാണ് കുട്ടികളില്‍ സൃഷ്ടിക്കപ്പെടുന്നത്. ജീവശാസ്ത്രപരമായ സെക്‌സ് അടിസ്ഥാനമാക്കി ആണ്‍, പെണ്‍ ജെന്‍ഡര്‍ തീരുമാനിക്കരുതെന്നും കുട്ടികളെ ആണായോ പെണ്ണായോ വളര്‍ത്തരുതെന്നും പ്രായപൂര്‍ത്തിയെത്തുമ്പോള്‍ സ്വന്തം ജെന്‍ഡര്‍ സ്വയം തീരുമാനിക്കാന്‍ അവരെ അനുവദിക്കണമെന്നുമുള്ള വാദത്തില്‍നിന്നാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ ഉത്ഭവിക്കുന്നത്. ലിബറല്‍ യുക്തിയില്‍ ഉടലെടുക്കുന്നതും ശാസ്ത്രീയമായ പിന്‍ബലം പോലും ഇല്ലാത്തതുമായ വാദമുഖങ്ങളിലൂടെ ലൈംഗിക സ്വത്വത്തെക്കുറിച്ച ധാരണകളില്‍ കുഴമറിച്ചില്‍ സൃഷ്ടിക്കുകയും അതുവഴി കുടുംബത്തിലും സമൂഹത്തിലും അരാജകത്വം വിതക്കുകയും ചെയ്യുന്നുവെന്നതാണ്  ഇത്തരം സിദ്ധാന്തങ്ങളില്‍ അടങ്ങിയിരിക്കുന്ന അപകടം. അത്തരമൊരവസ്ഥ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞാല്‍ മാറിക്കൊണ്ടിരിക്കുന്ന ആണ്‍പെണ്‍ സ്വത്വബോധങ്ങളില്‍നിന്നാണ് പ്രണയവും ലൈംഗിക ബന്ധങ്ങളുമൊക്കെ രൂപപ്പെടുക. ലൈംഗിക സ്വത്വങ്ങളുടെ വര്‍ണ രാജിയില്‍ ഏതു തരം ലൈംഗിക വൈകൃതങ്ങളും ന്യായീകരിക്കപ്പെടുകയും മഹത്വവല്‍ക്കരിക്കപ്പെടുകയും ചെയ്യും. ഇതൊരു സാധ്യതയല്ല, പടിഞ്ഞാറന്‍ ലോകത്ത് സംഭവിച്ചു കഴിഞ്ഞതും ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ പടിഞ്ഞാറ് ആവേശപൂര്‍വം പണിയെടുത്തു കൊണ്ടിരിക്കുന്നതുമായ ലിബറല്‍ സാംസ്‌കാരിക അരാജകത്വത്തിന്റെ നേര്‍ചിത്രമാണ്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം എന്ന വാദവും ഉന്നയിക്കപ്പെടുന്നുണ്ട്. ഘഏആഠഝകഅ+ വര്‍ണ രാജിയില്‍ പെട്ട ട്രാന്‍സ്‌െജന്‍ഡറിന്റെ മറപിടിച്ചാണ് LGB ( Lesbian, Gay, Bisexual) പ്രതിനിധീകരിക്കുന്ന  സ്വവര്‍ഗലൈംഗികത പോലും വിറ്റഴിക്കപ്പെടുന്നത്. ഇന്റര്‍സെക്‌സ് കൊണ്ട് അര്‍ഥമാക്കുന്ന ഭിന്ന ലൈംഗികതയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. ജീവശാസ്ത്രപരമായിത്തന്നെ ആണ്‍, പെണ്‍ ലൈംഗിക സ്വഭാവങ്ങള്‍ സമ്മിശ്രമായി കാണപ്പെടുന്നവരെയാണ് ഇന്റര്‍സെക്‌സ് എന്ന് വിളിക്കുന്നത്. ജീവശാസ്ത്രപരമായ സെക്‌സും ജെന്‍ഡര്‍ എന്ന് വ്യവഹരിക്കുന്ന ലൈംഗികതയും ഭിന്നമായി നിലനില്‍ക്കുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍. ലളിതമായി പറഞ്ഞാല്‍ ആണിന്റെ ശരീരവും പെണ്ണിന്റെ മനസ്സും ഉള്ളവര്‍ (Transwomen). അല്ലെങ്കില്‍ പെണ്ണിന്റെ ശരീരവും ആണിന്റെ മനസ്സും ഉള്ളവര്‍ (Transmen). ഇത്തരം ആളുകള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ അസ്വസ്ഥതക്ക് പറയപ്പെടുന്ന പേരാണ് ജെന്‍ഡര്‍ ഡിസ്‌ഫോറിയ (Gender dysphoria). ഇത് ജനിതകമായി ലഭിക്കുന്നതോ വളര്‍ന്നു വരുന്ന സാഹചര്യങ്ങളില്‍നിന്ന് രൂപപ്പെടുന്നതോ ആവാം. സെക്‌സും ജെന്‍ഡറും ഒത്തുവരുന്ന ഒരാള്‍ക്ക് (cisgender) ഏത് നിമിഷവും ട്രാന്‍സ് ജന്‍ഡര്‍ ആയി മാറാം.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി, ജെന്‍ഡര്‍ ഫ്‌ളൂയിഡിറ്റി തുടങ്ങിയ പുതിയ പുതിയ സിദ്ധാന്തങ്ങളിലൂടെയും അവയുടെ പ്രയോഗവല്‍ക്കരണത്തിലൂടെയും ആണ്‍, പെണ്‍ ലൈംഗിക സ്വത്വത്തെക്കുറിച്ച് സൃഷ്ടിക്കപ്പെടുന്ന ആശയക്കുഴപ്പങ്ങള്‍ സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍സിന്റെ എണ്ണം കൂടാന്‍ കാരണമാവാം. ജനിതകമായിത്തന്നെ ജെന്‍ഡര്‍ ഡിസ്‌ഫോറിയ അനുഭവിക്കുന്ന ആളുകളുണ്ടാവാമെങ്കിലും, വളര്‍ന്ന് വരുന്ന ചുറ്റുപാടുകളില്‍നിന്നാണ് പലരും ഈ അവസ്ഥയില്‍ എത്തിച്ചേരുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം കൊണ്ട് പരിഹരിച്ചുകളയാവുന്ന പ്രശ്‌നമല്ല അവരുടേത്. എതിര്‍ലിംഗത്തിന്റെ വസ്ത്രത്തോട് ആകര്‍ഷണം തോന്നുന്ന ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ  അഭിരുചിയെ എങ്ങനെയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം തൃപ്തിപ്പെടുത്തുക?
ആണ്‍, പെണ്‍ ദ്വന്ദ്വങ്ങള്‍ ജൈവ പ്രകൃതിയുടെ ഭാഗമാണെന്നും അവര്‍ക്കിടയിലുള്ള പ്രണയത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും കെട്ടിപ്പടുക്കുന്ന കുടുംബ ബന്ധങ്ങള്‍ക്ക് മാത്രമേ സമൂഹത്തിന് സുഭദ്രമായ അടിത്തറ നല്‍കാന്‍ കഴിയൂ എന്നുമുള്ള യാഥാര്‍ഥ്യം നിഷേധിച്ചുകൊണ്ടുള്ള ഏത് സിദ്ധാന്തവും ഏത് പരിഷ്‌കരണവും സര്‍വനാശത്തിലാണ് കലാശിക്കുക എന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട. മനുഷ്യര്‍ എന്ന നിലയില്‍ സ്ത്രീയും പുരുഷനും തുല്യമായ പദവിയും സ്ഥാനവുമുള്ള അസ്തിത്വങ്ങളാണ്. അതേസമയം അവര്‍ക്കിടയില്‍ ശാരീരികവും മാനസികവുമായ നിരവധി വൈജാത്യങ്ങളുണ്ട്. ഇത് സ്ത്രീയുടെ ദൗര്‍ബല്യമോ പുരുഷന്റെ ശക്തിയോ ആയി കാണാതെ സ്ത്രീയുടെ സ്വത്വം പൂര്‍ണമായി അംഗീകരിച്ചു കൊടുത്തുകൊണ്ട് തുല്യനീതി ഉറപ്പു വരുത്തുകയാണ് വേണ്ടത്. മുതലാളിത്തത്തിന്റെ സെക്‌സ് ഇന്‍ഡസ്ട്രിക്ക് തടിച്ചുകൊഴുക്കണമെങ്കില്‍ പുതിയ പുതിയ ലൈംഗിക സാഹസങ്ങള്‍ക്ക് വിപണി കണ്ടെത്തേണ്ടതുണ്ട്. അതിന് സൈദ്ധാന്തിക പരിവേഷം നല്‍കുന്ന പണിയാണ് ലിബറലിസത്തിന്റേത്. മുതലാളിത്തമായാലും ലിബറലിസമായാലും മതത്തിന്റെ മൂല്യ സങ്കല്‍പങ്ങളെ തകര്‍ക്കുന്ന എന്തും കമ്യൂണിസ്റ്റുകള്‍ക്ക് പുരോഗമനപരവും അതുകൊണ്ടുതന്നെ പ്രിയങ്കരവുമാണ്. അധികൃതര്‍ അവകാശപ്പെടുന്നത് പോലെ അത്ര നിഷ്‌കളങ്കമോ വിമോചനപരമോ അല്ല ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-7-9
ടി.കെ ഉബൈദ്‌

ഹദീസ്‌

സൗമ്യതക്ക് വല്ലാത്ത വശീകരണ ശക്തിയാണ്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌