Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 31

3233

1443 ജമാദുല്‍ അവ്വല്‍ 26

സ്വത്വ രാഷ്ട്രീയമാണോ പരിഹാരം?

സയ്യിദ് സആദത്തുല്ലാ ഹുസൈനി

ഹിന്ദുത്വ രാഷ്ട്രീയവും അതിന്റെ ഗതിവിഗതികളും അവലോകനവിധേയമാക്കുന്നതിനിടയില്‍ മുസ്ലിം രാഷ്ട്രീയ വ്യവഹാരങ്ങളുടെ ഏറ്റവും വലിയ പരാജയം ക്രിയാത്മകവും പ്രവര്‍ത്തനക്ഷമവുമായ അജണ്ടകളുടെ അഭാവമാണെന്ന് ഇതിനു മുമ്പ് വ്യക്തമാക്കിയിരുന്നു. മുസ്ലിം സമൂഹത്തിന്റെ പദവിയും സ്ഥാനവും സംബന്ധിച്ച് പല കോണുകളില്‍നിന്നും സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളാണ് പോസിറ്റീവായ അജണ്ടകളുമായി ഈ വിഷയത്തെ സമീപിക്കുന്നതില്‍നിന്ന് സമുദായത്തെ പിറകോട്ട് തള്ളിവിടുന്നതില്‍ പങ്കു വഹിച്ച പ്രധാന കാരണമെന്ന് പറയേണ്ടിവരും. അതിനാല്‍ തന്നെ മുസ്ലിം ഉമ്മത്തിന്റെ യഥാര്‍ഥ അവസ്ഥയും അവരുടെ പദവിയും എന്താണെന്ന് ആദ്യമായി വ്യക്തത വരുത്തേണ്ടത് അനിവാര്യമാണ്. അവരില്‍ അര്‍പ്പിതമായ ഈ പദവി ഏതു തരത്തിലുള്ള രാഷ്ട്രീയ വിശദീകരണങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളുമാണ് അവരില്‍നിന്ന് ആവശ്യപ്പെടുന്നത്? ഈ വിശകലനത്തില്‍, മുസ്ലിം സമുദായത്തിന്റെ നിലയും വിലയും  നിര്‍ണയിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളും സുന്നത്തിന്റെ അധ്യാപനങ്ങളും പരിശോധിക്കേണ്ടതുണ്ട്. അതോടൊപ്പം ആധുനിക രാഷ്ട്രതന്ത്രത്തിന്റെ അടിസ്ഥാനങ്ങളുടെ വെളിച്ചത്തിലും ഈ വിഷയം അവലോകനവിധേയമാക്കേണ്ടതുണ്ട്. മുസ്ലിംകള്‍ വലിയ ന്യൂനപക്ഷമായ, ബഹുസ്വര സംസ്‌കാരമുള്ള ഇന്ത്യ എന്ന രാജ്യമാണ് ഈ സംവാദത്തിന്റെ പശ്ചാത്തലം എന്ന കാര്യവും പ്രത്യേകം  ശ്രദ്ധിക്കേണ്ടതാണ്. ഈ സംവാദത്തെ മേല്‍ സൂചിപ്പിച്ച അടിസ്ഥാന ഘടകങ്ങളെയെല്ലാം മുന്‍നിര്‍ത്തിയാണ് പരിശോധിക്കേണ്ടത്.

ദേശീയതയും 
ആധുനിക ദേശരാഷ്ട്രവും

യൂറോപ്യന്‍ നവോത്ഥാനം ജന്മം നല്‍കിയ ആധുനിക ആശയങ്ങളില്‍ (ഇതിനെയാണ് ആധുനികത /Modernity എന്ന് വിളിക്കുന്നത്) ഉള്‍പ്പെടുന്നവയാണ് യുക്തിവാദവും (Rationalism) അനുഭവവാദവും [Empiricism]. ഇവയോടൊപ്പം ചേര്‍ത്തു പറയാവുന്ന മറ്റൊരു പ്രധാന രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ദേശീയത (Nationalism). ക്രിസ്തുമതത്തിനും സഭക്കുമെതിരായ ശക്തമായ പ്രതികരണങ്ങളാണ് ആധുനികത സംഭാവന ചെയ്ത ഇത്തരം മുഴുവന്‍ ആശയങ്ങളുടെയും രൂപീകരണത്തിന് കാരണമായത്. അതുവഴി യൂറോപ്പില്‍ മതത്തിനുണ്ടായിരുന്ന, അഥവാ ക്രിസ്തുമതത്തിനുണ്ടായിരുന്ന  സ്വാധീനം വളരെയധികം കുറയുകയും മുഴുവന്‍ ജനങ്ങളെയും അണിനിരത്തുന്ന ഏകീകൃത ശക്തി എന്ന പദവി ക്രൈസ്തവതക്ക് നഷ്ടപ്പെടുകയും ചെയ്തു.
വ്യാവസായിക വികസനവും നഗരങ്ങളിലേക്കുള്ള ജനങ്ങളുടെ ഒഴുക്കും പരമ്പരാഗത ഗോത്ര ബന്ധങ്ങളെ ഇല്ലാതാക്കി. ഈ സാഹചര്യത്തില്‍ മനുഷ്യരെ സാമൂഹികമായി ഒന്നിപ്പിക്കുന്ന പുതിയ സ്വഭാവത്തിലുള്ള 'ആധുനിക അടിത്തറ' തേടിയുള്ള അന്വേഷണം തുടര്‍ന്നുകൊണ്ടിരുന്നു. ഈ അന്വേഷണമാണ്  ദേശീയതക്ക് ജന്മം നല്‍കിയത്. അങ്ങനെയാണ് പരമാധികാരം (Sovereignty), ജനാധിപത്യം (Democracy), മതേതരത്വം (Secularism) തുടങ്ങിയ ആശയ അടിത്തറകളിലൂന്നി ദേശീയത എന്ന ആധുനിക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് രൂപം നല്‍കിയത്.
വ്യക്തികളുടെ ഒത്തുചേരലിന്റെയും കൂട്ടായ നിലനില്‍പ്പിന്റെയും സ്വാഭാവിക അടിസ്ഥാനമാണ് ദേശീയത എന്നതാണ് ഈ സിദ്ധാന്തത്തിന്റെ സാരാംശം. ഒരു പ്രത്യേക വംശത്തില്‍പെട്ടവര്‍, ഭൂമിശാസ്ത്രപരമായി ഒരു പ്രത്യേക പ്രദേശത്ത് ദീര്‍ഘകാലം താമസിക്കുന്നവര്‍, പൊതുവായ ചരിത്രമോ സാംസ്‌കാരിക പൈതൃകമോ നിലനിര്‍ത്തുന്നവര്‍, പൊതുവായ ഭാഷയും പൊതുവായ ജീവിതരീതികളും പിന്തുടരുന്നവര്‍ തുടങ്ങി ഒരു സമുദായമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കാന്‍ താല്‍പ്പര്യമുള്ള ജനതയെയാണ് രാഷ്ട്രം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇങ്ങനെ രൂപപ്പെടുന്ന ഓരോ രാഷ്ട്രത്തിനും സ്വതന്ത്രമായ രാഷ്ട്രീയ അസ്തിത്വമുണ്ടായിരിക്കും. അവക്കെല്ലാം സ്വയംനിര്‍ണയാവകാശവും രാഷ്ട്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇഷ്ടാനുസരണം നടത്താനുള്ള അവകാശവുമുണ്ട്. രാഷ്ട്രത്തിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമുണ്ടായിരിക്കില്ല. കൂടാതെ, ഓരോ രാഷ്ട്രവും അതിന്റെ (ദേശരാഷ്ട്രം) ഭരണനിര്‍വഹണങ്ങള്‍ക്ക് സ്വതന്ത്ര സംവിധാനം രൂപകല്‍പ്പന ചെയ്യും. പ്രസ്തുത രാഷ്ട്രം രാജ്യത്തെ ജനങ്ങളിലൂടെ, അവരുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്തും പരിഗണന നല്‍കിയും ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഭരണനിര്‍വഹണം നടത്തുക. അതോടൊപ്പം സാമ്പത്തികമായി സ്വയംപര്യാപ്തത നേടാനും പരിശ്രമിച്ചുകൊണ്ടിരിക്കും. അതുവഴി, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിലും  പരമാധികാരത്തിലും ഒരു ബാഹ്യശക്തിക്കും സ്വാധീനിക്കാന്‍  കഴിയാത്ത വിധം അതിന്റെ ഭദ്രത ഉറപ്പുവരുത്തും.
ദേശരാഷ്ട്രത്തിലൂന്നിയ ദേശീയത എന്ന ദര്‍ശനത്തിനകത്ത്  മനുഷ്യന്റെ നിലനില്‍പ്പിന് രണ്ട് തലങ്ങള്‍ മാത്രമേയുള്ളൂ; ഒന്ന്, വ്യക്തിഗതമായി ലഭ്യമാക്കേണ്ട മുഴുവന്‍ അവകാശങ്ങളും അനുഭവിക്കുന്ന വ്യക്തി. രണ്ടാമത്തേത് സാമൂഹികപരമായി ജനങ്ങളെ ഒന്നിപ്പിക്കുന്ന രാഷ്ട്രമെന്ന കൂട്ടായ്മയും. രാഷ്ട്രത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ പൗരന്മാര്‍ക്ക് തുല്യ പങ്കാണ് നിര്‍വഹിക്കാനുള്ളത്. സാമൂഹികവും സാംസ്‌കാരികവുമായ അടിസ്ഥാനത്തിലല്ലാതെ രാഷ്ട്രത്തിനും വ്യക്തിക്കുമിടയില്‍ മറ്റേതെങ്കിലും വിധത്തില്‍  ഒത്തുചേരലിന് ഒരു സ്ഥാനവുമുണ്ടായിരിക്കില്ല. സാമൂഹിക താല്‍പര്യം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് രാഷ്ട്രത്തിന്റെ താല്‍പര്യങ്ങള്‍ മാത്രമാണ്. വ്യക്തികള്‍ ദേശീയ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായി പോരാടിക്കൊണ്ടിരിക്കും. ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതായിരിക്കും രാഷ്ട്രത്തിന്റെ ലക്ഷ്യം. രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനം എങ്ങനെ ഉറപ്പുവരുത്താം? മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് തങ്ങളുടെ രാഷ്ട്രത്തെ എങ്ങനെ ശക്തവും വികസിതവുമാക്കാം? ശത്രുരാജ്യങ്ങള്‍ക്കെതിരെ ഏതെല്ലാം മാര്‍ഗേണ പ്രതിരോധം തീര്‍ക്കാം? രാജ്യത്തിന്റെ വിഭവങ്ങള്‍ എങ്ങനെ വിതരണം ചെയ്യണം? ഇത്തരം ചോദ്യങ്ങളായിരിക്കും ദേശരാഷ്ട്രങ്ങളുടെ പ്രധാന വിഷയങ്ങള്‍. ഈ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.1 
ഇപ്രകാരം കഴിഞ്ഞ നൂറ്റാണ്ടില്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ മാതൃകയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തി രൂപംകൊണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ സാധാരണയായി രണ്ട് പക്ഷങ്ങളായാണ് അറിയപ്പെട്ടുവരുന്നത്: ഒന്ന്, 'വലതുപക്ഷ' പ്രവണത കാണിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍. വ്യാവസായിക വികസനം, സമ്പത്തിന്റെ ദ്രുതഗതിയിലുള്ള ഉല്‍പ്പാദനം, സ്വതന്ത്ര വിപണി എന്നിവക്കു വേണ്ടി നിലകൊള്ളുന്നവരാണ് പൊതുവെ വലതുപക്ഷ രാഷ്ട്രീയ കൂട്ടായ്മകള്‍.  മറ്റൊന്ന്  ഇടതുപക്ഷമാണ്. സമ്പത്തിന്റെ തുല്യ വിതരണവും തൊഴിലാളികളുടെയും കര്‍ഷകരുടെയും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പൊതുവെ ഇടതുപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ചുവന്നിരുന്നത്.2
യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി വംശം, ഭാഷ, സംസ്‌കാരം, ചരിത്രപരമായ പൈതൃകം എന്നിവയുടെ പങ്കുവെപ്പുകള്‍ ഇവിടെയില്ലാത്തതിനാല്‍ നമ്മുടെ രാജ്യത്ത് യൂറോപ്യന്‍ ദേശീയ പ്രത്യയശാസ്ത്രത്തിന് സ്ഥാനമില്ലായിരുന്നു. ഗാന്ധിജി, ടാഗോര്‍, അംബേദ്കര്‍3 പോലെയുള്ള ഇന്ത്യയിലെ ദേശീയ നേതാക്കളും ബുദ്ധിജീവികളും ഇതേക്കുറിച്ച് ബോധവാന്മാരായിരുന്നു. 'അഖണ്ഡഭാരത'ത്തിനായുള്ള ബദല്‍ ആശയങ്ങളും സിദ്ധാന്തങ്ങളും പലരും കൊണ്ടുവന്നുകൊണ്ടിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍, ഈ ബദല്‍ ആശയങ്ങള്‍ക്ക് ഇവിടെ വേരുപിടിക്കാനായില്ല (ഇന്ത്യയില്‍ നിലനില്‍ക്കുന്ന ദേശീയത എന്ന ഹിന്ദുത്വ സങ്കല്‍പ്പത്തെ സംബന്ധിച്ച് പിന്നീട് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതോടനുബന്ധിച്ച് ഇത്തരം വീക്ഷണങ്ങളും ചര്‍ച്ച ചെയ്യും). ചുരുക്കത്തില്‍ പ്രായോഗികമായി യൂറോപ്യന്‍ ദേശീയത ചില മാറ്റങ്ങളോടെ  ഇവിടെ സ്വീകരിക്കുകയും നടപ്പാക്കുകയുമാണ് ചെയ്തത്.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ലോകത്തിന്റെ പ്രകൃതവും സ്വഭാവവും വലിയ മാറ്റങ്ങള്‍ക്ക്  വിധേയമായി. സാങ്കേതികവിദ്യ ലോകത്തിലെ വിവിധ ജനവിഭാഗങ്ങളെ സവിശേഷമായ രീതിയില്‍ ഒരുമിച്ചു കൊണ്ടുവന്നു. ആഗോളവല്‍ക്കരണം ദേശരാഷ്ട്രത്തിന്റെ ഇരുമ്പുമതിലുകള്‍ തകര്‍ത്തു. വികസിത രാജ്യങ്ങളുടെ വ്യാവസായിക ആവശ്യങ്ങള്‍ കുടിയേറ്റത്തിന്റെ ശക്തമായ തരംഗം തന്നെയാണ് സൃഷ്ടിച്ചത്. ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍  ധാരാളമായി വികസിത രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കി. ഇതു കാരണം  സമ്പന്ന രാജ്യങ്ങളിലും വികസിത നഗരങ്ങളിലും ബഹുസാംസ്‌കാരിക സമൂഹങ്ങള്‍ രൂപപ്പെട്ടുവന്നു. ഓരോ രാജ്യവും മറ്റു രാജ്യങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ട സാഹചര്യമുണ്ടായി. ഏക വംശം, ഭാഷ, സാംസ്‌കാരം എന്നത് രാജ്യങ്ങള്‍ക്കുള്ളില്‍ നിലനില്‍ക്കാത്ത സാഹചര്യം ഇതുവഴി രൂപപ്പെട്ടു. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഈ അവസ്ഥ നേരത്തേതന്നെ ഉണ്ടായിരുന്നുവെങ്കിലും മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇപ്പോള്‍ അടുത്ത കാലത്താണ് ബഹുസാംസ്‌കാരിക സമൂഹം രൂപപ്പെട്ടത്.

സ്വത്വ രാഷ്ട്രീയം (Identity Politics) 

മുകളില്‍ സൂചിപ്പിച്ച പുതിയ രാഷ്ട്രീയ സാഹചര്യമാണ് അക്കാദമിക വ്യവഹാരങ്ങളില്‍ രൂപപ്പെട്ടുവന്ന സ്വത്വ രാഷ്ട്രീയം എന്നറിയപ്പെടുന്ന രാഷ്ട്രീയ ചിന്തക്ക് കാരണമായത്. ആധുനികതയുടെ ഉദരത്തില്‍നിന്നാണ് സ്വത്വ രാഷ്ട്രീയം പിറവിയെടുത്തത്. എന്നല്ല, ആധുനികത സൃഷ്ടിച്ച പുതിയ മനോഭാവങ്ങളുടെ അനിവാര്യവും യുക്തിസഹവുമായ അനന്തരഫലമായിരുന്നു അത് എന്നതാണ് വസ്തുത. സത്യത്തില്‍ ലോകത്തിലെ എല്ലാ മനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടികളും അവന്റെ ദാസന്മാരും ഒരേ മാതാപിതാക്കളുടെ മക്കളുമാണ് എന്നതാണ് മനുഷ്യസൃഷ്ടിപ്പിനെ സംബന്ധിച്ച ദൈവസങ്കല്‍പം. മനുഷ്യനെ 'രാഷ്ട്രങ്ങള്‍'ക്കിടയില്‍ വിഭജിച്ചു കാണാനുള്ള മാനസികാവസ്ഥ സൃഷ്ടിച്ചത് ആധുനികതയാണ്. മനുഷ്യനെ വിവിധ തട്ടുകളായി വിഭജിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ ഈ വിഭജനം അവസാനിപ്പിക്കാന്‍ സാധിക്കുകയില്ല. രാഷ്ട്രം മാത്രമല്ല ജാതി, വര്‍ഗം, ലിംഗം, പ്രദേശം തുടങ്ങി പലവിധ സ്വത്വങ്ങളും ഉയര്‍ന്നുവരാന്‍ തുടങ്ങും. അതുകൊണ്ടാണ് മനുഷ്യരെ ഭിന്നിപ്പിച്ച് അന്യോന്യം അന്യായവും നീതിരഹിതവുമായ മുന്‍ഗണനകള്‍ കല്‍പ്പിച്ചുനല്‍കുന്ന നിലപാടുകളെ ക്രൂരവും ധിക്കാരപരവുമായ പ്രവൃത്തിയെന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്: ''ഫറവോന്‍ രാജാവ് നാട്ടില്‍ ഗര്‍വിഷ്ഠനായി വാണു. അവന്‍ നാട്ടുകാരെ പല കക്ഷികളായി വിഭജിക്കുകയും അതിലൊരു കക്ഷിയെ അടിച്ചമര്‍ത്തി നിന്ദിക്കുകയും ചെയ്തു. അവരിലെ ആണ്‍സന്തതികളെ കൊന്നുകളയുകയും പെണ്‍സന്തതികളെ ജീവിക്കാന്‍ വിടുകയുമായിരുന്നു. തീര്‍ച്ചയായും അവന്‍ നാശകാരി തന്നെയായിരുന്നു'' (അല്‍ഖസ്വസ്വ് 3). സ്വത്വ രാഷ്ട്രീയവും രാഷ്ട്രീയത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന മറ്റെല്ലാ വിഭജന രൂപങ്ങളും ആധുനികത ഉല്‍പാദിപ്പിക്കുന്ന ഭൗതികവാദ ആശയങ്ങളില്‍ വേരൂന്നിയതാണ്. 
സ്വത്വ രാഷ്ട്രീയം രൂപപ്പെടാനുണ്ടായ ഈ പ്രത്യയശാസ്ത്രപരമായ കാരണത്തിനു പുറമേ, ആധുനിക ജനാധിപത്യ സമൂഹങ്ങളുടെ ശൈലിയും ഭാവവും അത്തരം രാഷ്ട്രീയത്തിന് പ്രചോദനവും  അവസരവുമൊരുക്കുന്നതുമായിരുന്നു. വ്യക്തിയുടെയും (Individual) രാഷ്ട്രത്തിന്റെയും (Nation) രണ്ട് തലകള്‍ക്ക് നടുവില്‍, മറ്റു പല തരത്തിലുള്ള സാമൂഹിക ഒത്തുചേരലുകള്‍ക്കുമുള്ള ധാരാളം അവസരങ്ങള്‍ സ്വാഭാവികമായും ഉണ്ടായിരുന്നു. ഇത്തരം കൂട്ടായ്മകളെയും അവരുടെ ഒത്തുചേരലുകളെയും  അവരുടെ താല്‍പ്പര്യങ്ങളെയും സംരക്ഷിക്കുന്ന കാഴ്ചപ്പാടും ആശയങ്ങളും മിക്ക ആധുനിക ജനാധിപത്യ രാഷ്ട്രീയ കൂട്ടായ്മകളിലും ഇല്ലായിരുന്നു. ആധുനിക ലിബറല്‍ ജനാധിപത്യത്തിന്, വലിയ അവകാശവാദങ്ങള്‍ ഉണ്ടായിരിക്കെത്തന്നെ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യ പരിഗണന നല്‍കാന്‍ കഴിഞ്ഞില്ല. വ്യക്തികള്‍ക്കിടയില്‍ തുല്യത ഉറപ്പുവരുത്തുന്നതിന് ചില രീതികള്‍ അവര്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും വിവിധ സമൂഹങ്ങളുടെയും വിഭാഗങ്ങളുടെയും അവകാശങ്ങള്‍ തുല്യമായി വകവെച്ചു നല്‍കുന്നതിന്  ആവശ്യമായ ശരിയായ സംവിധാനം വളരെ പരിമിതമായ അളവില്‍ മാത്രമേ അവര്‍ നടപ്പാക്കിയുള്ളൂ. തല്‍ഫലമായി, വ്യത്യസ്ത വിഭാഗങ്ങളുടെ മുറവിളികള്‍ പലനിലക്കും ഉയര്‍ന്നുവന്നു. ഒരേ രാജ്യത്തെ ശക്തരായ വിഭാഗങ്ങള്‍ ദുര്‍ബല വിഭാഗങ്ങളെ ചൂഷണം ചെയ്യാന്‍ തുടങ്ങി. ഉദാഹരണത്തിന്, അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ വളരെയധികം ചൂഷണം ചെയ്യപ്പെട്ടു. ഇത്തരം ചൂഷണങ്ങള്‍ വഴി ദുര്‍ബലരായ ജനവിഭാഗങ്ങള്‍ അപമാനവും നിന്ദ്യതയും പേറി ജീവിക്കേണ്ട സാഹചര്യം രൂപപ്പെട്ടു. ഈ സാഹചര്യത്തില്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്കും ആത്മാഭിമാനത്തിനും വേണ്ടി പോരാടാന്‍ രംഗത്തുവരികയാണുണ്ടായത്.4 
സ്വത്വ രാഷ്ട്രീയം എന്നത് ഒരു വിഭാഗത്തിന്റെ മനഃശാസ്ത്രപരമായ  തലമാണ്. പ്രശസ്ത അമേരിക്കന്‍ ചിന്തകനായ ഫ്രാന്‍സിസ് ഫുകുയാമ ഇതിനെ 'Isothymia' (ആദരവാഗ്രഹിക്കല്‍) എന്ന് വിശേഷിപ്പിക്കുന്നുണ്ട്. അഥവാ, ഒരു പ്രത്യേക വിഭാഗം തങ്ങളുടെ  ആത്മാഭിമാനം നേടിയെടുക്കാന്‍ കാണിക്കുന്ന ത്വര ആണത്.5 വ്യക്തികള്‍ക്ക് മാത്രമല്ല, വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്കും ആത്മാഭിമാനമുണ്ട്. അതാകട്ടെ, അവരുടെ സ്വത്വവുമായി അടുത്ത് ബന്ധപ്പെട്ടു കിടക്കുന്നതുമാണ്. ഒരു സാമൂഹിക വിഭാഗം അവരുടെ ഐഡന്റിറ്റി കാരണം തങ്ങള്‍ സമൂഹമധ്യത്തില്‍ വിലകുറച്ചുകാണപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍, തങ്ങളുടെ ആത്മാഭിമാനത്തിനേറ്റ വലിയ ക്ഷതമായി അവരതിനെ കാണും.  സമത്വവും ആത്മാഭിമാനവും കൈവരിക്കുക എന്നത് അവരുടെ  പരമോന്നത മുന്‍ഗണനയായി മാറുകയും മറ്റേത് കാര്യങ്ങളും അതിനേക്കാള്‍ ചെറിയ കാര്യമായി അവര്‍ക്കനുഭവപ്പെടുകയും ചെയ്യും. അതുവഴി ആത്മാഭിമാനം വീണ്ടെടുക്കുക എന്ന രാഷ്ട്രീയ പ്രവര്‍ത്തനം തങ്ങളുടെ രാഷ്ട്രീയത്തിന്റെയും സംഘടിത  പോരാട്ടങ്ങളുടെയും അടിസ്ഥാനമായി അവര്‍ നിശ്ചയിക്കുകയും ചെയ്യുന്നു.
അങ്ങനെയാണ് അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍ തങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ സമരം ആരംഭിച്ചത്. ഇന്ത്യയില്‍ ദലിത് രാഷ്ട്രീയം ഉടലെടുത്തതും ഈ സാഹചര്യത്തിലാണ്. വിവിധ സ്ത്രീ പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടതും ഇങ്ങനെത്തന്നെ. ഇവയെല്ലാം സ്വത്വ രാഷ്ട്രീയത്തിന്റെ വ്യത്യസ്ത പ്രകടനങ്ങളാണ്. സ്വത്വപ്രകടനത്തിലും സ്വത്വവാദത്തിലും [Identity Expression and Identity Assertion] സ്വത്വവുമായി ബന്ധപ്പെട്ട സംഘടിത താല്‍പ്പര്യങ്ങളിലും ഒരു വിഭാഗം തങ്ങളുടെ രാഷ്ട്രീയ പോരാട്ടം കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ പ്രക്രിയയാണിത് (നീതിയുടെയും സമത്വത്തിന്റെയും സാര്‍വത്രിക കാഴ്ചപ്പാടോടെ, കറുത്ത വര്‍ഗക്കാര്‍ക്ക് തുല്യാവകാശം നല്‍കാനോ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനോ വേണ്ടി ഉയര്‍ന്നുവന്ന പ്രസ്ഥാനങ്ങളെയല്ല ഇവിടെ വിമര്‍ശനവിധേയമാക്കുന്നത്. മറിച്ച്, സമൂഹത്തിലെ  പിന്നാക്കക്കാര്‍ക്കും അധഃസ്ഥിതര്‍ക്കും നീതി നിഷേധിക്കുന്നതിനായി സമൂഹത്തെ വിഭജിക്കുകയും, ചില വര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങളിലും മറ്റു ചില വിഭാഗങ്ങളോടുള്ള പ്രതികാരത്തിലും വെറുപ്പിലും  രാഷ്ട്രീയത്തെ രൂപപ്പെടുത്തിയെടുത്തുകയും ചെയ്യുന്നവരെയാണ്).
നേരത്തേ പറഞ്ഞതുപോലെ, ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയം പ്രധാനമായും പ്രത്യയശാസ്ത്രപരവും സൈദ്ധാന്തികവും സാമ്പത്തികവുമായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് മുന്നോട്ടുപോയത്. സമ്പത്തിന്റെ തുല്യ വിതരണത്തിനും തൊഴിലാളികളുടെയും കര്‍ഷകരുടെയും ദരിദ്രരുടെയും ക്ഷേമത്തിനും ഇടതുപക്ഷം ഊന്നല്‍ നല്‍കിയപ്പോള്‍ വലതുപക്ഷത്തിന്റെ ഊന്നല്‍ സാമ്പത്തിക ഉല്‍പ്പാദനത്തിലും ദേശീയ വികസനത്തിലും സ്വതന്ത്ര സമ്പദ്വ്യവസ്ഥയിലുമായിരുന്നു. എന്നാല്‍ സ്വത്വ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ഉത്തരാധുനിക രാഷ്ട്രീയ ഭൂമികയില്‍ ഇടതുപക്ഷമെന്നാല്‍ ന്യൂനപക്ഷങ്ങളുടെയും അഭയാര്‍ഥികളുടെയും അധഃസ്ഥിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രവണതയുടെ പേരാണെന്നാണ് കണക്കാക്കിവന്നത്. വലതുപക്ഷമെന്നാല്‍ ഭൂരിപക്ഷ (അറിയപ്പെടുന്ന) ദേശീയ സ്വത്വത്തെയും അവരുടെ അഭിലാഷങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നത്. സ്വത്വ രാഷ്ട്രീയമാകട്ടെ സാമ്പത്തിക താല്‍പ്പര്യങ്ങളേക്കാള്‍ അതത് ജനവിഭാഗങ്ങളുടെ ആദരവിന്റെയും പദവിയുടെയും പ്രശ്‌നമാണ് പ്രധാനമായും ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
21-ാം നൂറ്റാണ്ടിന്റെ ആദ്യപാദം അവസാനിക്കുമ്പോള്‍, സ്വത്വ രാഷ്ട്രീയം ലോകതലത്തില്‍ പ്രബലമായ പ്രവണതയായും മിക്ക രാജ്യങ്ങളിലെയും രാഷ്ട്രീയത്തിന്റെ പ്രധാന ചാലകശക്തിയുമായി മാറിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും ലാറ്റിനമേരിക്കയിലും പല ഏഷ്യന്‍ രാജ്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതി.6 നമ്മുടെ രാജ്യത്താകട്ടെ സ്വത്വ രാഷ്ട്രീയത്തിന്റെ പാരമ്പര്യം വളരെ പഴക്കം ചെന്നതാണ്.
അടിച്ചമര്‍ത്തലിനും അനീതിക്കുമെതിരായ സ്വാഭാവിക പ്രതികരണമാണ് സ്വത്വ രാഷ്ട്രീയം. ഒരു പ്രത്യേക ജനവിഭാഗത്തിന്റെ ആത്മാഭിമാനത്തിന് നിരന്തരമായി കോട്ടം തട്ടിക്കൊണ്ടിരിക്കുകയും അതിന്റെ തോത് പടിപടിയായി ഉയരുകയും അതുവഴി ആ ജനതയെ അപമാനിക്കുകയും ജീവിക്കാനുള്ള അവകാശം തന്നെ നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യം രൂപപ്പെട്ടാല്‍ പിന്നെ നാടിന്റെ വികസനവും അഭിവൃദ്ധിയും മറ്റുള്ളതൊക്കെയും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയാണ് ചെയ്യുക. ചില രാജ്യങ്ങളിലെങ്കിലും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതില്‍ സ്വത്വ രാഷ്ട്രീയ ശൈലി പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. നമ്മുടെ രാജ്യത്ത്, തമിഴ്‌നാട്ടിലെ ദ്രാവിഡരും മഹാരാഷ്ട്രയിലെ മറാഠികളും ഉത്തരേന്ത്യയിലെ യാദവരും മറ്റു ചില പിന്നാക്ക വിഭാഗങ്ങളും (ഒ.ബി.സി) അധികാരത്തില്‍ വന്നത് ഈ രീതിയിലുള്ള രാഷ്ട്രീയത്തിന്റെ ഫലമായാണ്. ഈ പറഞ്ഞതെല്ലാം യാഥാര്‍ഥ്യമായിരിക്കെ തന്നെ നമ്മുടെ യഥാര്‍ഥ സംവാദ വിഷയമായി നമ്മുടെ മുമ്പിലുള്ള മുസ്ലിം സമൂഹത്തിന്റെ നിലയും വിലയും നിര്‍ണയിക്കപ്പെടണമെങ്കില്‍  സ്വത്വ രാഷ്ട്രീയത്തിന്റെ ദോഷവശങ്ങള്‍ കൂടി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
സ്വത്വ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ശൈലിയുടെ ഏറ്റവും പ്രധാനപ്പെട്ട പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, സാമൂഹിക മാറ്റത്തിന് ആവശ്യമായ  സാര്‍വത്രിക ആശയം അവരുടെ കൈവശമില്ല എന്നതോ അല്ലെങ്കില്‍ അത് ഊന്നിപ്പറയുന്നില്ല എന്നതോ ആണ്. ഐഡന്റിറ്റി പൊളിറ്റിക്‌സ് നിര്‍ണയിച്ചിട്ടുള്ള രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നില്ല, മറിച്ച് സ്വന്തം സമുദായത്തിന്റെ/വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളില്‍ മാത്രം ഒതുങ്ങുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് സ്വത്വ രാഷ്ട്രീയത്തെ നിയോ ട്രൈബലിസം (neo-tribalism) എന്നുകൂടി വിശേഷിപ്പിക്കുന്നത്. ഒരു രാജ്യത്തിനകത്തെ മുഴുവന്‍ ജനസമൂഹങ്ങള്‍ക്കും  എങ്ങനെ വികസനമെത്തിക്കാം? എല്ലാവരോടും എങ്ങനെ നീതി പുലര്‍ത്താം? എല്ലാ മനുഷ്യര്‍ക്കും അനുയോജ്യമായ ഏറ്റവും നല്ല രാഷ്ട്രീയ പ്രത്യയശാസ്ത്രവും ജീവിതപാതയും ഏതായിരിക്കും? ഈ ചോദ്യങ്ങളുടെയും ഇതുമായി ബന്ധപ്പെട്ട സംവാദങ്ങളുടെയും മൂര്‍ച്ച സ്വത്വ രാഷ്ട്രീയത്തില്‍ വല്ലാതെ കുറഞ്ഞുപോകുന്നുണ്ട്.
വ്യത്യസ്ത സ്വത്വങ്ങളുടെയും വിഭാഗങ്ങളുടെയും പലവിധത്തിലുള്ള താല്‍പ്പര്യങ്ങളും അവക്കിടയില്‍ നിലനില്‍ക്കുന്ന വൈരുധ്യങ്ങളുമാണ് സ്വത്വ  രാഷ്ട്രീയ ചര്‍ച്ചകളുടെയും പ്രചാരണങ്ങളുടെയും പ്രധാന വിഷയങ്ങളായി കടന്നുവരിക. ദുര്‍ബലമായ ഏതെങ്കിലുമൊരു വിഭാഗമോ ന്യൂനപക്ഷമോ അതിന്റെ രാഷ്ട്രീയം സ്വന്തം വര്‍ഗ താല്‍പ്പര്യങ്ങളില്‍ മാത്രം പരിമിതപ്പെടുത്തുക വഴി അവശേഷിക്കുന്ന ജനവിഭാഗങ്ങളില്‍നിന്ന് അവര്‍ വിഛേദിക്കപ്പെടുകയാണ് ചെയ്യുക. അതിന്റെ നേതൃത്വം സ്വന്തം ജനവിഭാഗങ്ങളില്‍ മാത്രമൊതുങ്ങുന്നു. ഇവരുടെ നിലപാടുകളിലും അവതരണങ്ങളിലും ബാക്കിയുള്ള ജനവിഭാഗങ്ങള്‍ക്ക് ഒട്ടും താല്‍പ്പര്യമുണ്ടാവുകയില്ല. രാജ്യത്തിന്റെ പൊതുവായതും മുഴുവന്‍ ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ ഒരു കാഴ്ചപ്പാട് സമര്‍പ്പിക്കാനും അവര്‍ക്കുണ്ടാകില്ല. അവര്‍ സമര്‍പ്പിക്കുന്ന സിദ്ധാന്തങ്ങളും  പ്രത്യയശാസ്ത്രങ്ങളും രാജ്യത്തിന്റെയും മുഴുവന്‍ ജനങ്ങളുടെയും പൊതു താല്‍പ്പര്യങ്ങള്‍ പരിഗണിക്കുന്നതിനു പകരം തങ്ങള്‍ പ്രതിനിധീകരിക്കുന്ന പ്രത്യേക വിഭാഗത്തിന്റെ താല്‍പ്പര്യങ്ങളെ മാത്രമാണ് ഉള്‍ക്കൊള്ളുക. അവര്‍ ഒരുതരം എക്സ്‌ക്ലൂസിവിസ്റ്റുകള്‍ (Exclusivists) മാത്രമായിട്ടാണ് സമൂഹമധ്യത്തില്‍ പ്രത്യക്ഷപ്പെടുക.
ഐഡന്റിറ്റികള്‍ക്ക് പരിധിയില്ല എന്നതാണ് സ്വത്വ രാഷ്ട്രീയത്തിന്റെ രണ്ടാമത്തെ പ്രധാന പോരായ്മ. പുതിയ കാലത്ത് സമൂഹത്തില്‍ ഓരോ വ്യക്തിക്കും വ്യത്യസ്ത സ്വത്വങ്ങളുണ്ട്. സ്വത്വ രാഷ്ട്രീയം മുന്നോട്ടു പോകുമ്പോള്‍ ചെറിയ ചെറിയ ധാരാളം ഉപസ്വത്വങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കും. അവരെല്ലാം അവരവരുടെ സ്വത്വങ്ങളില്‍ നിലകൊണ്ട് സ്വന്തമായ  രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യും. ദലിത് സ്വത്വ രാഷ്ട്രീയം ദലിത് താല്‍പ്പര്യങ്ങളില്‍ അധിഷ്ഠിതമാണ്. അതോടൊപ്പം ദലിത് ജാതി സമുദായങ്ങളിലുള്ള വിവിധ ഉപജാതികളും തങ്ങളെ പ്രത്യേക സംഘടിത വിഭാഗങ്ങളായി പരിഗണിക്കാനുള്ള സ്വന്തം അസ്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന  ആവശ്യങ്ങളുമായി സ്വാഭാവികമായും രംഗത്തുവരും. ഉത്തര്‍പ്രദേശിലെ ദലിത് രാഷ്ട്രീയം ഇന്ന് ജാട്ട്, പാസി, വാല്‍മീകി എന്നിങ്ങനെ വിവിധ രാഷ്ട്രീയ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ ജാതികളില്‍ തന്നെ ഓരോന്നിനും നിരവധി ഉപജാതികളുണ്ട്. തെലങ്കാനയിലെയും ആന്ധ്രയിലെയും മാല, മാഡിഗ, മഹാര്‍ ജാതികളുടെ കാര്യവും ഇതുതന്നെയാണ്. മുസ്ലിം രാഷ്ട്രീയത്തില്‍ പൊതുവെയും യു.പിയിലും ബിഹാറിലും സവിശേഷമായും മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന വിവിധ ജാതിസമാനമായ വിഭാഗങ്ങളുടെ പങ്ക് കൂടുതല്‍ പ്രാധാന്യത്തോടെ വിലയിരുത്തപ്പെടുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുന്നു.
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരുടെ പ്രസ്ഥാനത്തിന് രൂപം നല്‍കിയതിന്റെ ചുവടുപിടിച്ച്  ഫെമിനിസ്റ്റ് പ്രസ്ഥാനവും  ഒരു സാധാരണ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രൂപഭാവത്തോടെ രംഗവേശം ചെയ്തിരിക്കുന്നു. ഏറ്റവുമൊടുവില്‍ സ്വവര്‍ഗാനുരാഗികളും ട്രാന്‍സ്ജെന്‍ഡറുകളും തങ്ങളുടെ 'ലൈംഗിക സ്വത്വം' ഉയര്‍ത്തിപ്പിടിച്ച് പുതിയ രാഷ്ട്രീയ ഭൂമിക രൂപപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും ലിംഗവ്യത്യാസത്തെ പ്രതിനിധീകരിക്കുന്ന അവന്‍, അവള്‍ എന്നീ വാക്കുകള്‍ പോലും തങ്ങളുടെ സ്വത്വബോധത്തിന് ഭീഷണിയും അപമാനവുമാണെന്ന് അവര്‍ കണക്കുകൂട്ടുന്നു എന്നതിലേക്കു വരെ പുതിയ കാലത്ത്  ചര്‍ച്ചകള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.8 ഇത്തരത്തില്‍ സമൂഹം വിവിധ വര്‍ഗങ്ങളും വിഭാഗങ്ങളുമായി വിഭജിക്കപ്പെടുകയും, അവരുടെ മുഴുവന്‍ രാഷ്ട്രീയ ഊര്‍ജവും എല്ലാവരുടെയും വികസനത്തിനോ നീതിക്കോ വേണ്ടി ഉപയോഗപ്പെടുത്തുന്നതിനു പകരം ചെറുസംഘങ്ങളുടെ കൊച്ചുകൊച്ചു താല്‍പ്പര്യങ്ങള്‍ക്കായി പാഴാക്കുകയുയാണ് ചെയ്യുന്നത്.
സ്വത്വ രാഷ്ട്രീയം എപ്പോഴും വൈരുധ്യാത്മകവും (Dialectic) ദ്വന്ദാത്മകവുമാണ് (Binary) എന്നതാണ് അതിന്റെ മൂന്നാമത്തേതും ഏറ്റവും വലിയതുമായ പോരായ്മ. പോപ്പുലിസമാണ് സ്വത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാന ഘടകമായി വര്‍ത്തിക്കുന്നത്.  നിരന്തരമായ പ്രതിഷേധങ്ങളും വെറുപ്പും പകയും വിദ്വേഷവും ശത്രുതയും കൂടിക്കലര്‍ന്ന വികാരങ്ങളുടെ മിശ്രിതമാണ് അതിനെ നയിക്കുന്നത്. തല്‍ഫലമായി, പ്രവര്‍ത്തനങ്ങളുടെയും പ്രതിപ്രവര്‍ത്തനങ്ങളുടെയും ഒരുതരം ചെയിന്‍ പ്രതികരണത്തിന് (Chain Reaction) തുടക്കം കുറിക്കുകയാണ് ചെയ്യുക. ഒരു കൂട്ടര്‍ തങ്ങളുടെ രാഷ്ട്രീയത്തെ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിമിതപ്പെടുത്തുമ്പോള്‍, മറുവശത്തുള്ളവര്‍ ഇടതടവില്ലാതെ അവരുടെ സ്വത്വത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തില്‍ ഒതുങ്ങാന്‍ ശ്രമിക്കും.
സാമ്പത്തിക മാന്ദ്യകാലത്ത്, അമേരിക്കന്‍ ഐക്യനാടുകളില്‍, കറുത്ത വര്‍ഗക്കാരായ കുടിയേറ്റക്കാര്‍ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്നുവെന്നും ഭരണകൂടത്തിന്റെ സഹായം കറുത്ത വര്‍ഗക്കാര്‍ക്ക് മാത്രമാണെന്നും അമേരിക്കയിലെ വെള്ളക്കാരായ മധ്യവര്‍ഗം തെറ്റിദ്ധരിക്കുകയും ആ നിലക്കുള്ള പ്രചാരണം വ്യാപകമായി നടത്തുകയും ചെയ്തിരുന്നു. വെള്ളക്കാരുടെ സാമ്പത്തിക സ്ഥിതി മോശമാവുകയാണെന്നും അവരുടെ പദവിയും സാമൂഹിക നിലയും അപകടത്തിലാവുകയാണെന്നുമായിരുന്നു പ്രചാരണം. ഈ വികാരം സത്യമായിരുന്നാലും ഇല്ലെങ്കിലും, വെള്ള വംശീയത പെട്ടെന്ന് സ്വത്വ രാഷ്ട്രീയത്തിന്റെ രൂപമെടുക്കുകയും, കഴിഞ്ഞ നൂറ്റാണ്ടിലായിരുന്നെങ്കില്‍ അമേരിക്കയില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ലാത്ത വിധം വലിയ തോതില്‍ ഓളം സൃഷ്ടിക്കുകയും ചെയ്തു. അതായത്, വെള്ള വംശീയതയുടെ ആള്‍രൂപമായ ഡൊണാള്‍ഡ് ട്രംപിനെപ്പോലൊരാള്‍ ആ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തി. നമ്മുടെ രാജ്യത്ത് ബി.ജെ.പി നടത്തിയ പ്രചാരണവും ഇതുതന്നെയായിരുന്നു. ഭരണകൂടങ്ങള്‍ ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്നും അവരുടെ മാത്രം വായ നിറയുന്നുവെന്നും ഹിന്ദുക്കള്‍ അപകടത്തിലാണെന്നും ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ധാരണ സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചു. സംഘ് പരിവാര്‍ അധികാരത്തിലേറിയത് ഈ പ്രചാരണങ്ങളുടെ കൂടി വിജയഫലമായിരുന്നു എന്നത് തര്‍ക്കമറ്റതാണ്.
മുകളില്‍ സൂചിപ്പിച്ച കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ്  സ്വത്വ രാഷ്ട്രീയം ആത്യന്തികമായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും  അധഃസ്ഥിത ജനതക്കും പരിക്കേല്‍പ്പിക്കുകയും അവരെ പ്രതിസന്ധിയിലാക്കുകയും ചെയ്യുമെന്നും ഇതിന്റെ ആത്യന്തിക നേട്ടം സമൂഹത്തിലെ ശക്തരും സ്വാധീനമുള്ളവരുമായ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കായിരിക്കുമെന്നും ചില വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സമൂഹത്തിലെ നില്‍നില്‍ക്കുന്ന ഭിന്നതകള്‍ ഇല്ലാതാക്കുക, മുന്‍വിധികള്‍ തിരുത്തുക, എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുക, വികസന സംരംഭങ്ങള്‍ നടപ്പിലാക്കുന്നത് വഴിയുണ്ടാകുന്ന പൊതു നേട്ടങ്ങളില്‍നിന്ന്  ഏതെങ്കിലും പ്രത്യേക വിഭാഗത്തെ ഒറ്റപ്പെടുത്തുകയും വേര്‍പെടുത്തുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ദുര്‍ബല ജനവിഭാഗങ്ങളുടെ യഥാര്‍ഥ താല്‍പ്പര്യമായി വര്‍ത്തിക്കുന്നത്. സ്വത്വ രാഷ്ട്രീയത്തിലൂടെയല്ല ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുക, എന്നല്ല സ്വത്വ രാഷ്ട്രീയ  ശൈലി ദുര്‍ബല വിഭാഗങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതിനാണ് കാരണമാവുകയെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.9
സ്വത്വ രാഷ്ട്രീയം സമൂഹത്തെ ഏകതാനതയുടെ (Homogeneity) അടിസ്ഥാനത്തില്‍ വിഭജിക്കുന്നു. ഏറ്റവും വലിയ ഏകതാനമായ (Homogeneous) വിഭാഗമാകട്ടെ എല്ലായ്‌പ്പോഴും ഭൂരിപക്ഷ വിഭാഗങ്ങളായിരിക്കും. ആയതിനാല്‍ ആത്യന്തികമായി  ഭൂരിപക്ഷ വിഭാഗങ്ങളുടെ പ്രബലത കൂടുതല്‍ ശക്തമാവുകയാണ് ചെയ്യുക. അധികാരവും വിഭവങ്ങളും എപ്പോഴും ഭൂരിപക്ഷത്തിന്റെ കൈകളിലായിരിക്കും. ഭൂരിപക്ഷ വിഭാഗം അവരുടെ സ്വന്തം താല്‍പ്പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ദുര്‍ബലതയും ഇല്ലായ്മയും കൂടുതല്‍ പ്രകടമാവും. ട്രംപിന്റെ ഭരണകാലത്ത് അമേരിക്കയില്‍ സംഭവിച്ചത് ഇതായിരുന്നു. നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. അഥവാ ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നു.
മുകളില്‍ സൂചിപ്പിച്ച വീക്ഷണങ്ങളോട് പൂര്‍ണമായും യോജിക്കാന്‍ നമുക്കാകില്ല. സ്വത്വ രാഷ്ട്രീയത്തിന് പല രൂപങ്ങളും രീതികളും ഉണ്ട് എന്നതാണ് യാഥാര്‍ഥ്യം. രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങള്‍ക്കനുസരിച്ച്, പരമാവധി നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയും കോട്ടങ്ങള്‍ കുറക്കുകയും ചെയ്യുന്ന രാഷ്ട്രീയ ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കുക എന്നതാണ് പ്രധാനം.10 ഇതുമായി ബന്ധപ്പെട്ട പുതിയൊരു സംവാദത്തിന് തുടക്കമിടാന്‍ ഇപ്പോള്‍ നാമാഗ്രഹിക്കുന്നില്ല. ഇന്ത്യയില്‍ മുസ്ലിംകളുടെ യഥാര്‍ഥ പദവിയും അവരുടെ നിലയും നിര്‍ണയിക്കുകയും അതിന് അനുയോജ്യമായ രാഷ്ട്രീയ ശൈലി കണ്ടെത്തുകയും ചെയ്യുക എന്നതാണ് നമ്മുടെ മുമ്പാകെയുള്ള ഏറ്റവും പ്രധാന ലക്ഷ്യം. മുസ്ലിംകളുടെ നിലവിലെ അവസ്ഥ എന്താണ് എന്നതാണ് മര്‍മപ്രധാനമായ ചോദ്യം. മുസ്ലിം സമൂഹത്തിന്റെ പദവിയോട്  ദേശീയതയിലൂന്നിയ രാഷ്ട്രീയത്തിനാണോ സ്വത്വ രാഷ്ട്രീയത്തിനാണോ കൂടുതല്‍ ബന്ധം എന്നതാണ് മറ്റൊരു ചോദ്യമായി ഇതിനെ തുടര്‍ന്ന് ഉയര്‍ന്നുവരിക. 

കുറിപ്പുകള്‍:
1. Sutch, P., Roberts, P. (2012). An Introduction to Political Thought: A Conceptual Toolkit. United Kingdom: Edinburgh University Press. 
- സആദത്തുല്ല ഹുസൈനി (2008), മാ ബഅ്ദ് ജദീദിയ്യത്ത് ക ചലഞ്ച്, മര്‍കസി മക്തബ
2. Benoit, K., and Laver, M. 2006. Party policy in modern democracies. London: Routledge
3. Irfan Habib [edited] (2017) Indian Nationalism: The Essential Writings; Aleph Book Company; New Delhi
4. Nicholson, L. (2008). Identity Before Identity Politics. (n.p.): Cambridge University Press.
5. Fukuyama, F. (2018). Identity: The Demand for Dignity and the Politics of Resentment. United States: Farrar, Straus and Giroux. Introduction (page xiii) and The Third Part of the Soul (Page 18)
6. Francis Fukuyama; Against Identity Politics, The New Tribalism and Crisis of Democracy; in Foreign Affairs; New York; September, October 2018.
7. ആധുനികതയുടെ പരാജയം ലോകത്ത് ഗോത്രവാദത്തിലേക്കുള്ള അതിവേഗ തിരിച്ചുവരവിന് കാരണമായെന്ന് ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനായ മിഷേല്‍ മോഫിസോളി പറയുന്നു. Michael Maffesoli (1995) The Times of The Tribe; Sage Publications; London
8. Festante, R. (2005). An Introduction to the Theory of Gender-neutral Language. Germany: GRIN Verlag.
9. അമേരിക്കന്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഈ ഗവേഷണ പ്രബന്ധത്തിലെ പല വിശകലനങ്ങളും നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയവുമായി പൊരുത്തപ്പെടുന്നതാണ്. Siltala Juha; 'In Search of the Missing Links Between Economic Insecurity and Political Protest' Frontiers in Sociology (Journal); Vol. 5; April 2020; page 28
10. Mc Gowan, T. (2020). Universality and Identity Politics. Germany: Columbia University Press. 
- Gutmann, Amy. Identity in Democracy. Core Textbook ed. Princeton University Press, 2009. Project MUSE

(തുടരും)
വിവ: അബ്ദുല്‍ ഹകീം നദ്‌വി


 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-7-9
ടി.കെ ഉബൈദ്‌

ഹദീസ്‌

സൗമ്യതക്ക് വല്ലാത്ത വശീകരണ ശക്തിയാണ്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌