വൈരുധ്യാത്മക മാന്ത്രിക വടി ചുഴറ്റി ആടിനെ പേപ്പട്ടിയാക്കുന്നു
വര്‍ഗരഹിതവും സമത്വ സുന്ദരവുമായ ഒരു കിനാശ്ശേരി സ്വപ്‌നം കണ്ട് കഴിയുകയായിരുന്ന വിപ്ലവ വിജയരാഘവന്മാര്‍ ഇപ്പോള്‍ ഇസ്ലാമിന്റെ അഖീദയും മുആമലാത്തും ഇഴപിരിച്ച് പഠിച്ച് കമ്യൂണിസമാണ് ഇസ്ലാം പറയുന്ന യഥാര്‍ഥ 'സിറാത്തുന്‍ മുസ്തഖീം' എന്ന് സമര്‍ഥിക്കാന്‍ പെടാപാട് പെട്ടുകൊണ്ടിരിക്കുമ്പോള്‍ 'അടിച്ചമര്‍ത്തപ്പെട്ടവന്റെ ദീര്‍ഘനിശ്വാസവും, ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവുമായ' മനുഷ്യന്റെ കറുപ്പിന് പുതുകാല മാര്‍ക്‌സിസ്റ്റ് വിപണിയില്‍ മൂല്യമേറിക്കൊണ്ടിരിക്കുകയാണ് എന്ന് വേണം മനസ്സിലാക്കാന്‍. ഒരു ഭാഗത്ത് 'യഥാര്‍ഥ' ഇസ്ലാമും ജമാഅത്തെ ഇസ്ലാമി പറയുന്ന ഇസ്ലാമും വിശദീകരിക്കാന്‍ പാര്‍ട്ടി ക്ലാസ് മുറികളും തെരുവോരങ്ങളും ഹൈ വോള്‍ട്ടേജില്‍ കത്തിനില്‍ക്കുമ്പോള്‍ മറുഭാഗത്ത് തെയ്യക്കോലം കെട്ടിയ സഖാവ് മുത്തപ്പനെ കളത്തിലിറക്കി ഹിന്ദുത്വത്തെ വെല്ലുമാറുള്ള വൈരുധ്യാത്മക ദ്വന്ദ്വമാന ഭൗതികവാദത്തില്‍ അഭിരമിക്കുകയാണ് കേരള കമ്യൂണിസം. മാര്‍ക്‌സിസ്റ്റ് ലോക വീക്ഷണത്തിന്റെ സൈദ്ധാന്തിക അടിത്തറയായ വൈരുധ്യാത്മക ഭൗതികവാദ(Dialectical Materialism)ത്തെ തന്നെ തള്ളിക്കളയുകയും നടേ പറഞ്ഞ 'മനുഷ്യന്റെ കറുപ്പി'നെ കൂട്ടുപിടിക്കുകയും ചെയ്തുകൊണ്ട് പുതിയൊരു ആശയപ്രപഞ്ചം പണിയാനാണ് സി.പി.എം ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
കമ്യൂണിസത്തിന്റെ ഈ ആശയദാരിദ്ര്യം ഒരു സര്‍വലോക പ്രതിഭാസമാണ്. ആഗോള കമ്യൂണിസം തന്നെ 'മനുഷ്യന്റെ കറുപ്പി'നെ വെടക്കാക്കി തനിക്കാക്കുന്ന തന്ത്രം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഓരോ നാട്ടിലേയും 'കറുപ്പി'നെ 'ചുവപ്പിച്ചു' കൊണ്ടാണ് മാര്‍ക്‌സിസം അടിവെച്ചു നീങ്ങുന്നത്. ഗ്ലാസ്‌നോസ്ത് - പെരിസ്ട്രോയിക്ക ഇരട്ട പ്രഹരത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന് തരിപ്പണമായ റഷ്യന്‍ ചെങ്കോട്ടയിലെ അവശേഷിക്കുന്ന ചെമ്മലര്‍ പൊടിക്കാര്‍ പോലും ഇപ്പോള്‍ സ്വപ്‌നം കാണുന്നത് വര്‍ഗ്ഗരഹിതമായ സമത്വസുന്ദര ഇഹലോകമല്ല, സ്വര്‍ഗീയ സാരംഗികളില്‍ നാദ ദുന്ദുഭിയുണരുന്ന ബിബ്ലിക്കല്‍ പരലോകമാണ്. ബൈബിളില്‍ ഉള്ളത് കമ്യൂണിസ്റ്റ് മുദ്രാവാക്യങ്ങളാണെന്നും, പാര്‍ട്ടി ഭരണഘടനയില്‍ മതങ്ങളെയും ദൈവങ്ങളെയും ഉള്‍പ്പെടുത്തണമെന്നുമുള്ള ആവശ്യവുമായി റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി ചെയര്‍മാന്‍ ഗെന്നഡി സ്യുഗാനോവ് രംഗത്ത് വന്നതിന് മറ്റൊരര്‍ഥമില്ല.
'മാര്‍ക്സിസം ഭൗതികവാദമാണ്. അത് വിട്ടുവീഴ്ചയില്ലാതെ മതത്തിനെതിരാണ്. നാം മതത്തോട് ഏറ്റുമുട്ടണം. എങ്ങനെ ഏറ്റുമുട്ടണമെന്ന് നമുക്ക് അറിഞ്ഞിരിക്കണം. മതത്തിന്റെ സാമൂഹിക വേരുകള്‍ പിഴുതുകളയലാണ് ഈ പ്രവര്‍ത്തനത്തിന്റ ഉദ്ദേശ്യം' എന്ന ഈയെമ്മെസ്സിയന്‍ മാര്‍ക്‌സിസ്റ്റ് പരിപ്രേക്ഷ്യം കോടിയേരി ജംഗ്ഷനില്‍ എത്തിനില്‍ക്കുമ്പോള്‍ വൈരുധ്യാത്മക ഭൗതികവാദം ഉറയൂരി ഊറക്കിട്ട അവസ്ഥയാണ് നമുക്ക് കാണേണ്ടി വരുന്നത്. 'വിശ്വാസത്തെയും അതിന്റെ അടിസ്ഥാനമായ ദൈവത്തെയും തള്ളിപ്പറഞ്ഞ് വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന ദാര്‍ശനിക പ്രപഞ്ചത്തെ മുന്നില്‍ നിറുത്തി ഇന്നത്തെ ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ കൊണ്ടുപോകാനാവില്ല. വൈരുധ്യാത്മക ഭൗതികവാദം അംഗീകരിക്കുന്നവരെ മാത്രം അണിനിരത്തി ഫ്യൂഡല്‍ മാടമ്പിത്തരത്തെയും അതിന്റെ മേലെ കെട്ടിപ്പടുത്ത മുതലാളിത്ത നിലപാടുകളെയും നേരിടാന്‍ കഴിയില്ലെന്നത് സത്യമാണ് ' എന്നാണല്ലോ എം.വി ഗോവിന്ദന്‍ എന്ന മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പാര്‍ട്ടി ക്ലാസ്സുകളില്‍ അടുത്ത കാലത്ത് നടത്തിയ ഉദ്ബോധനം. എന്നാല്‍ ഗോവിന്ദന്‍ പറഞ്ഞ ഫ്യൂഡല്‍ മാടമ്പിത്തരത്തെ അറുപതാണ്ടു മുമ്പ് തന്നെ പാര്‍ട്ടി നേരിട്ടവിധം അത്രയൊന്നും ക്ലിഷ്ടമല്ലാത്ത പച്ച മലയാളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അടുത്ത കാലത്ത് വിശദീകരിച്ചത്. 'മതത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ മെച്ചപ്പെട്ട സമൂഹത്തെ സൃഷ്ടിക്കും' എന്നായിരുന്നു പിണറായിയുടെ പ്രസ്താവന. ''പി. കൃഷ്ണപിള്ളയും എ.കെ.ജിയും അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഇടപെടല്‍ കാരണമാണ് ഗുരുവായൂര്‍ നടയില്‍ മാനവികത ഉണ്ടായത്. മതത്തെ ആധുനിക ദര്‍ശനങ്ങളോട് കൂടി നവീകരിക്കുന്നതിന് രാഷ്ട്രീയം വഹിച്ച പങ്കു ആര്‍ക്കും നിഷേധിക്കാനാകില്ല'' (കേരള കൗമുദി 2-11-2021). ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരനവതിയുടെ ഭാഗമായി ദേവസ്വം നടത്തുന്ന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പിണറായി ഇത് പറഞ്ഞത്. അപ്പോ പിന്നെ മതം രാഷ്ട്രീയത്തിലല്ലല്ലോ ഇടപെടുന്നത്; മറിച്ചാണല്ലോ സദാനന്ദാ എന്നൊന്നും തിരിച്ചു ചോദിക്കരുത്. കിട്ടാനുള്ളത് യു.എ.പി.എ ആണ്.
'മതമല്ല, മതമല്ല, മതമല്ല പ്രശ്‌നം എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം' എന്ന് പാടുകയും 'മതമില്ലാത്ത ജീവന്' വേണ്ടി ജീവന്മരണ പോരാട്ടം നടത്തുകയും ചെയ്ത വിപ്ലവ ചിങ്കങ്ങള്‍ മതമാണ് പ്രശ്‌നം, മതം തന്നെയാണ് ജീവന്‍ എന്ന മട്ടിലാണിപ്പോള്‍ കവലകളില്‍ കസാലകള്‍ നിരത്തുന്നത്. രാഷ്ട്രീയത്തില്‍ മതം കലര്‍ത്തല്‍, മതത്തില്‍ രാഷ്ട്രീയം കലര്‍ത്തല്‍, ഭക്ഷണത്തില്‍ മതം കലര്‍ത്തല്‍ തുടങ്ങി പലവിധ കലര്‍ത്തലുകളുടെയും പേരില്‍ കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന സംഘി സൃഗാല ബുദ്ധിയെ പോലും കടത്തി വെട്ടുമാറുള്ള ഇസ്ലാംഭീതിയാണ് സി.പി.എം ഇപ്പോള്‍ സര്‍വത്ര പരത്തിക്കൊണ്ടിരിക്കുന്നത്. 'മാശാ അല്ലാഹ്' സ്റ്റിക്കര്‍ മുതലിങ്ങോട്ട് മറഞ്ഞിരുന്ന് ഇസ്ലാമിനെ ആക്രമിക്കുന്ന പാര്‍ട്ടി നയരേഖയുടെ പരിഷ്‌കരിച്ച പതിപ്പില്‍ ജമാഅത്തെ ഇസ്ലാമിക്ക് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ നീര്‍നായത്തോല്‍ കുപ്പായമണിയിച്ച് ഇസ്‌ലാമിനെതിരെ ഒളിയസ്ത്രം തൊടുക്കുന്ന രീതിയാണ് സ്വീകരിച്ചു വരുന്നത് എന്നു മാത്രം. കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിം ലീഗ് പൊതുസമ്മേളനത്തില്‍ മന്ത്രി റിയാസിനെതിരെ ഉയര്‍ന്ന അധിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഫേസ്ബുക്ക് പോസ്റ്റുകളില്‍ പോലും മൗദൂദിയുടെ 'പൊളിറ്റിക്കല്‍ ഇസ്ലാമി'നെയാണല്ലോ ഇടത് ലിബറല്‍ പ്രമോദ് പുഴങ്കരകള്‍ പ്രതി ചേര്‍ത്തുകളഞ്ഞത്. ഇതേ സംഭവത്തെ ഇസ്ലാമിനെ കമ്യൂണിസത്തിനെതിരെയുള്ള ഒരു പ്രത്യയ ശാസ്ത്രമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന താലിബാനിസമാണെന്നും അത് അനുവദിക്കുകയില്ല എന്നുമാണ് കെ.ടി കുഞ്ഞിക്കണ്ണന്‍ എന്ന മാര്‍ക്‌സിസ്റ്റ് ഗവേഷക വിദൂഷകന്‍ അഭിപ്രായപ്പെട്ടത്.
ഇസ്ലാമിനെ ഗളഛേദം ചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങളെ ഏത് സംഘടന ചോദ്യം ചെയ്താലും ഭര്‍ത്സിക്കപ്പെടുന്നത് ജമാഅത്തെ ഇസ്ലാമി മാത്രമാവുമ്പോള്‍ ഇസ്ലാമിന്റെ പ്രതിനിധാനം നിര്‍വഹിക്കുന്നത് ജമാഅത്ത് മാത്രമാണ് എന്ന് സാക്ഷ്യപ്പെടുത്തുകയാണ് സഖാക്കള്‍ അറിയാതെയെങ്കിലും ചെയ്യുന്നത്. 'ഇസ്ലാമിക രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിനായി നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിം ലീഗില്‍ പ്രവേശിച്ചിരിക്കുകയാണ്' ('ഹിന്ദുത്വരാജ്യ നയത്തില്‍ മിണ്ടാട്ടമില്ലാത്ത ലീഗ്'- കോടിയേരി ബാലകൃഷ്ണന്‍ - ദേശാഭിമാനി 17-12-2021) എന്ന പാര്‍ട്ടി സെക്രട്ടറിയുടെ തന്നെ വാക്കുകള്‍ ഇതിനു ഉദാഹരണമാണ്. കമ്യൂണിസമടക്കമുള്ള സകല ഭൗതികവാദ പ്രത്യയശാസ്ത്രങ്ങള്‍ക്കുമുള്ള ബദലായി ഇസ്ലാമിനെ അവതരിപ്പിക്കുന്നതില്‍ ബൗദ്ധിക നായകത്വം വഹിക്കുന്ന ജമാഅത്തിനെ ഒറ്റപ്പെടുത്തി ആക്രമിച്ചാല്‍ ജമാഅത്ത് വിരോധ തിമിരം ബാധിച്ച ചില സാധുക്കളുടെ പിന്തുണ ഒപ്പിക്കാമെന്നും, അങ്ങനെ തഞ്ചത്തില്‍ ഇസ്ലാമിന്റെ കഥ കഴിക്കാമെന്നുമുള്ളത് ലക്ഷ്യം മാര്‍ഗത്തെ കുളമാക്കുന്ന മാര്‍ക്‌സിസ്റ്റ് തന്ത്രത്തിന്റെ ഭാഗമാണ്. അഥവാ 'രാഷ്ട്രത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും ഭരണനിര്‍വഹണപരവുമായ ജീവിതത്തില്‍ മതം ഏതു രൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ട്ടി പോരാടണം' എന്ന് പാര്‍ട്ടി പരിപാടിയില്‍ എഴുതിവെച്ച സി.പി.എം മതത്തിന്റെ പിന്‍വാതിലിലൂടെ തള്ളിക്കയറി മുന്‍സീറ്റില്‍ ഇരിക്കാനും മൗദൂദിപ്പേടി ഊതിക്കത്തിച്ചു സമുദായത്തെ പിളര്‍ത്തി അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പുതിയൊരു 'വൈരുധ്യാത്മക മന്‍ഹജ്' നിര്‍മിക്കാനുമാണ് ഇപ്പോള്‍ ഊക്കും ഊര്‍ജവും വിനിയോഗിക്കുന്നത്.
അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും എന്ത് നീക്കവും സ്വന്തം സമുദായത്തില്‍ നിന്നുണ്ടായാല്‍ പോലും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും പീഡിപ്പിക്കപ്പെട്ടവര്‍ക്ക് പിന്തുണയുമായി ആദ്യമെത്തുകയും ചെയ്യുന്ന പ്രസ്ഥാനം എന്ന് ഒരുകാലത്ത് സഖാക്കള്‍ പോലും വിശേഷിപ്പിച്ച ജമാഅത്തെ ഇസ്ലാമിയെ, മാറിയ സാഹചര്യത്തില്‍ പാര്‍ട്ടി മുഖപത്രം തന്നെ അത് മാറ്റി വരച്ച് വികൃതമാക്കുന്ന തിരക്കിലാണ്. ''വിമോചനസമരകാലത്ത് ഇല്ലാത്ത മറ്റൊരു കൂട്ടര്‍ ഇതിനിടയില്‍ രംഗത്തുണ്ട് എന്നതാണ് കേരളത്തിന്റെ ആധുനിക ദുര്യോഗം. മൗദൂദിസ്റ്റുകളെന്ന് സമുദായംതന്നെ വിളിക്കുന്ന മത തീവ്രവാദപ്രസ്ഥാനങ്ങള്‍. സംഘ് പരിവാറിനെപ്പോലെ അവര്‍ ഒരേ നിമിഷം വ്യത്യസ്ത വേഷത്തിലാണ് അവതരിക്കുക. മനുഷ്യാവകാശം, പരിസ്ഥിതി തുടങ്ങി അവര്‍ക്ക് വഴങ്ങാത്ത മേഖലയൊന്നുമില്ല. പക്ഷേ, താലിബാനെക്കുറിച്ച് പറഞ്ഞാല്‍ പ്രശ്‌നം ദീനിന്റേതാകും. മതമാണ് പ്രശ്‌നമെന്നുപറഞ്ഞ് കൈവെട്ടും'' (കേരളത്തിനെതിരെ വര്‍ഗീയ സഖ്യം- ദേശാഭിമാനി മുഖപ്രസംഗം 17-12-2021). ഇങ്ങനെ വൈരുധ്യാത്മക മാന്ത്രിക വടി ചുഴറ്റി എത്ര അനായാസമായാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആടിനെ പട്ടിയാക്കുന്നത്! പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നത്!!
'മാര്‍ക്സിസത്തിന്റെ താത്ത്വികാടിസ്ഥാനം ഭൗതികവാദപരവും സര്‍വമതങ്ങള്‍ക്കെതിരുമാണ്' (മാര്‍ക്സിസം-മാര്‍ക്സ് ഏംഗല്‍സ്, പേജ് 276) എന്ന് എഴുതിവെച്ച പ്രസ്ഥാനം മുസ്ലിംകളുടെ 'അട്ടിപ്പേറവകാശം' മുസ്ലിം സംഘടനകള്‍ ഏറ്റെടുക്കേണ്ടതില്ല എന്ന് കണ്ണുരുട്ടി ഇസ്‌ലാമിന്റെ കൈവശാധികാരം തങ്ങള്‍ക്കാണെന്നു പറയാതെ പറയുമ്പോള്‍ അതെല്ലാവരുമങ്ങ് അംഗീകരിച്ചു കൊടുക്കണമെങ്കില്‍ നാം ജീവിക്കുന്നത് തിരുവായ്ക്കെതിര്‍ വായ് ഇല്ലാതിരുന്ന കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലായിരിക്കണം.
Comments