Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 31

3233

1443 ജമാദുല്‍ അവ്വല്‍ 26

ഹദീസ്‌നിഷേധികളുടെ വിതണ്ഡ വാദങ്ങള്‍ - 4 ഹദീസുകള്‍ക്ക് ചരിത്രമൂല്യം മാത്രമോ?

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

ഹദീസുകള്‍ക്ക് തങ്ങള്‍ ചരിത്രപരമായ പരിഗണന മാത്രമേ നല്‍കുന്നുള്ളൂ, നിയമപരമായ (ശറഈ) പ്രാമാണ്യം കല്‍പിക്കുന്നില്ല എന്നാണ് ഹദീസ് നിഷേധികള്‍ പറയാറുള്ളത്. ഈ മാന്യന്മാര്‍ നബിയുടെ ചരിത്രത്തെ, ശരിയായാലും തെറ്റായാലും ഒരു വ്യത്യാസവുമില്ലാത്ത, പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ലാത്ത അലക്‌സാണ്ടറുടെയും നെപ്പോളിയന്റെയും ചരിത്രം പോലെയുള്ള ഒരു ചരിത്രം എന്നാണോ മനസ്സിലാക്കുന്നത്? പിന്‍പറ്റല്‍ നിര്‍ബന്ധവും അനുസരണം രക്ഷയുടെ മാനദണ്ഡവും ജീവിതം മുസ്‌ലിംകള്‍ക്ക് ഉത്തമമാതൃകയുമായ ഒരു വ്യക്തിയുടെ ചരിത്രമാണ് ഇതെന്നെങ്കിലും അവര്‍ മനസ്സിലാക്കിയിട്ടില്ലേ? ആ വിശുദ്ധ വ്യക്തിത്വത്തിന്റെ ചരിത്രത്തിന് രണ്ടാല്‍ ഒരവസ്ഥ മാത്രമേ സാധ്യമാകൂ. ഒന്നുകില്‍ ശരി; അല്ലെങ്കില്‍ തെറ്റ്. തെറ്റാണെങ്കില്‍ അത് സ്വീകരിക്കുന്നതിന് എന്തര്‍ഥമാണുള്ളത്, അത് കത്തിച്ചു ചാമ്പലാക്കുകയല്ലേ വേണ്ടത്? പ്രവാചകന്റെ മേല്‍ പെരുംകള്ളം പറയുന്നത് ചരിത്രപരമായ പരിഗണനയില്‍ നിങ്ങള്‍ സ്വീകരിക്കുമോ? ഇനി ശരിയാണെങ്കില്‍ അത് പിന്‍പറ്റല്‍ നിങ്ങളുടെ കടമയാണ്. മുസ്‌ലിമായിരിക്കെ അത് പിന്‍പറ്റുന്നതില്‍നിന്ന് നിങ്ങള്‍ക്കെങ്ങനെ ഒഴിഞ്ഞു മാറാന്‍ സാധിക്കും?

രണ്ട് ന്യായങ്ങള്‍
ഹദീസ് നിഷേധികളുടെ ലേഖനങ്ങള്‍ വായിച്ചാല്‍ ഹദീസ് നിഷേധത്തിന് അവര്‍ സമര്‍പ്പിക്കുന്നത് രണ്ട് ന്യായങ്ങളാണെന്ന് കാണാം. ഒന്ന്, ഇസ്‌ലാമിന്റെ ദീനീ വ്യവസ്ഥയില്‍ ഹദീസിന്റെ ആവശ്യകതയേയില്ല; ഖുര്‍ആന്‍ മാത്രം മതിയാകുന്നതാണ്. ഹദീസുകള്‍ അവലംബനീയവും വിശ്വസനീയവുമല്ലെന്നതാണ് രണ്ടാമത്തെ ന്യായം.
ഇതില്‍ ഒന്നാമത്തെ ന്യായത്തിന് നേരത്തേ മറുപടി നല്‍കി കഴിഞ്ഞു. രണ്ടാമത്തെ ന്യായത്തിന്റെ അബദ്ധത്തിലേക്കുള്ള സൂചനകളും കഴിഞ്ഞ പേജുകളില്‍ നല്‍കിയിട്ടുണ്ട്. എങ്കിലും ആ സംശയത്തിനും വിശദമായ നിവാരണം ആവശ്യമാണ്.
ഹദീസുകള്‍ ആശ്രയിക്കാന്‍ പറ്റിയതല്ല എന്ന് കരുതാനുള്ള യഥാര്‍ഥ കാരണം പരിധിവിട്ട് അധികരിച്ച സംശയവും മിഥ്യാധാരണയുമാണ്. മനുഷ്യ പ്രകൃതിയില്‍ സംശയത്തിന്റെ ഘടകം സംജാതമാക്കിയിട്ടുള്ളത് അവനില്‍ അന്വേഷണ വാഞ്ഛയും ഗവേഷണത്വരയും സൃഷ്ടിച്ച് അവന്‍ സത്യം കണ്ടെത്താനാണ്. പക്ഷേ, എല്ലാറ്റിനും ഒരു പരിധിയുണ്ട്. ആ പരിധി വിട്ടുകടക്കുകയോ കൂടുകയോ ചെയ്യുന്നത് അഭികാമ്യമല്ല. സംശയത്തിന്റെ ഘടകം തീരേ കുറഞ്ഞാല്‍ എന്തും അവന്‍ അന്വേഷണം കൂടാതെ അന്ധമായി വിശ്വസിച്ചു കളയും. അത് വിശ്വാസ ദൗര്‍ബല്യമാണ്. ഒരു ചീത്ത ഗുണമാണത്. ഇത് പോലെത്തന്നെ മനുഷ്യസാധ്യമായ അന്വേഷണ വഴികളിലൊന്നും തൃപ്തിവരാത്തത്ര സംശയം വര്‍ധിക്കുകയും അന്വേഷണത്തിന്റെ അസാധ്യമായ ഒരു മാനദണ്ഡവുമായി പൊരുത്തപ്പെടാത്ത സകലതും നിഷേധിക്കാന്‍ ഒരുമ്പെടുകയുമാണെങ്കില്‍ അതും ഒരു മോശം ഗുണമാണ്. ഇതിനാണ് നമ്മള്‍ ഉര്‍ദുഭാഷയില്‍ 'വഹ്മീപന്‍' (മിഥ്യാഭ്രമം) എന്ന് പറയുന്നത്.
ഒന്നാലോചിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. ഊഹിക്കാവുന്നതില്‍ ഏറ്റവും മികച്ച ഊഹത്തിലൂടെ നിഗമനത്തിലെത്തുന്ന അന്വേഷണ രീതിയാണ് ജീവിതത്തിന്റെ എല്ലാ വ്യവഹാരങ്ങളിലും മിക്ക ആളുകളും അവലംബിക്കുക. ഈ അന്വേഷണത്തില്‍ അവന്‍ സംശയിച്ചുകൊണ്ടേയിരിക്കുകയും ഉറച്ച ജ്ഞാനത്തിന്റെ അഭാവത്തില്‍ എല്ലാം അംഗീകരിക്കുന്നത് നിഷേധിക്കുകയുമാണെങ്കില്‍ പിന്നെ, അവന് യാതൊന്നും ചെയ്യാന്‍ സാധിക്കുകയില്ല, എന്നല്ല ചിലപ്പോള്‍ ജീവിക്കാന്‍ തന്നെ സാധിച്ചെന്നും വരില്ല. ഒരു ഉദാഹരണം പറയാം. ജീവിതത്തില്‍ ഒരിക്കലും പാമ്പ്കടിയേറ്റ് ഒരാള്‍ മരിച്ചത് ഞാന്‍ കണ്ടിട്ടില്ലെന്ന് വെക്കുക. അതിന്റെ ദംശനം മാരകമാണെന്ന് ദൃഢമായറിയാന്‍ പാമ്പ് എന്നെ കടിച്ചിട്ടുമില്ലെന്ന് വിചാരിക്കുക. പാമ്പ് കടിച്ചാല്‍ മനുഷ്യന്‍ മരിക്കും എന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കുക മാത്രമാണ് എന്റെ അനുഭവം. എന്നിട്ടും ഞാന്‍ ഈ റിപ്പോര്‍ട്ടില്‍ ഉറച്ചു വിശ്വസിക്കുകയും പാമ്പിനെ കാണുമ്പോള്‍ അതില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇനി ഞാന്‍ ഈ റിപ്പോര്‍ട്ടില്‍ സംശയിച്ചു നില്‍ക്കുകയാണെന്ന് സങ്കല്‍പിക്കുക. എന്നിട്ടു ഇങ്ങനെ പറയുകയാണ്: പാമ്പ് എന്റെ മുന്നില്‍ വച്ച് ഒരാളെ കടിക്കുകയും തദ്ഫലമായി അയാള്‍ എന്റെ മുന്നില്‍ വച്ച് മരിക്കുകയും ചെയ്യാത്ത കാലത്തോളം പാമ്പ് കടിയേറ്റാല്‍ മരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുകയില്ല. അല്ലെങ്കില്‍ പാമ്പ് എന്നെ കടിക്കുകയും വിഷബാധമൂലം ഞാന്‍ മരിക്കുകയും ചെയ്യുന്നത് വരെ പാമ്പ് ഒരു മാരക ജീവിയാണെന്ന് ഞാന്‍ വിശ്വസിക്കുകയില്ല. അപ്പോള്‍ എന്റെ ഈ സംശയത്തിന്റെ പരിണതി എന്തായിരിക്കുമെന്ന് വ്യക്തം!
ഉറച്ച വിശ്വാസം പ്രദാനം ചെയ്യുമെന്ന് പൊതുവെ സമ്മതിക്കപ്പെടുന്ന 'മുതവാതിറാ'യ റിപ്പോര്‍ട്ടിന്റെ ഉദാഹരണമാണിത്. എന്നാല്‍ ഒന്നോ രണ്ടോ ആളുകളില്‍നിന്ന് ലഭ്യമാകുന്ന വിവരങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നതാണ് നമ്മുടെ ജീവിതത്തിന്റെ ഒട്ടുമുക്കാല്‍ വ്യവഹാരങ്ങളും. അതിനെ ആധാരമാക്കിയാണ് നാം തീരുമാനങ്ങളെടുക്കുന്നത്. അതിനെയാണ് നാം നമ്മുടെ ജ്ഞാനകര്‍മങ്ങളുടെ അച്ചുതണ്ടാക്കുന്നത്. കേവല വൃത്താന്തമെന്ന നിലയില്‍ ഏത് വൃത്താന്തവും കളവാകാനും സത്യമാകാനുമുള്ള സാധ്യത ഒരുപോലെയാണ്. എന്നാല്‍, ഈ രണ്ട് വശങ്ങളില്‍ ഒന്നിന് പ്രാബല്യം നല്‍കാന്‍ അതിനെ കേവലം ഒരു വൃത്താന്തം എന്ന നിലയില്‍ മാത്രമല്ല നാം പരിഗണിക്കുക. പ്രത്യുത പൊതുവെ ബാഹ്യമായ തെളിവുകളുടെ സഹായം കൂടി തേടിക്കൊണ്ട് അതില്‍ സത്യത്തിന്റെയോ കളവിന്റെയോ ഏതെങ്കിലും ഒരു വശത്തിന് നാം മുന്‍ഗണന നല്‍കുകയാണ് ചെയ്യുന്നത്. മറുവശത്തിന്റെ സാധ്യത കൂടി സമ്മതിക്കാന്‍ തയാറാകാത്ത വിധം അത്രക്ക് ശക്തമായിരിക്കും നമ്മുടെ ഈ മുന്‍ഗണനയുടെ ശക്തി മിക്കപ്പോഴും. ഉദാഹരണത്തിന്, ഓരോ വ്യക്തിയും താന്‍ തന്റെ പിതാവിന്റെ നിയമാനുസൃത സന്തതിയാണെന്നതിനുള്ള തെളിവ് തന്റെ മാതാവില്‍നിന്നുള്ള റിപ്പോര്‍ട്ട് മാത്രമാണ്. ഈ ഏകാംഗ റിപ്പോര്‍ട്ടിന് മറ്റൊരു സാക്ഷിയെ കിട്ടുകയേയില്ല. അത്തരമൊരു വാര്‍ത്തയാകയാല്‍ അത് കളവാകാനും സത്യമാകാനുമുള്ള സാധ്യത ഒരുപോലെയാണ്. എന്നാല്‍ അന്തസ്സുള്ള ഒരു വ്യക്തിയും അതില്‍ വ്യാജവശത്തിന് മുന്‍ഗണന നല്‍കുന്നത് പോയിട്ടു ഒരു നിലക്കും അത് വ്യാജമാണെന്ന് അംഗീകരിക്കാന്‍ തന്നെ സന്നദ്ധനാവുകയില്ല. സംഭവിച്ചു കഴിഞ്ഞ ഒരു സംഗതി എന്ന നിലയില്‍ മാതാവിന്റെ വിവരണത്തില്‍ വിശ്വസിച്ചു കൊണ്ട് അത് ശരിവെക്കുകയേ അവന്‍ ചെയ്യുകയുള്ളൂ.
ഇതൊരു വൈകാരിക വിഷയമാണെന്ന് നിങ്ങള്‍ക്ക് പറയാവുന്നതാണ്. എന്നാല്‍, വൈകാരികതക്ക് ഇടമില്ലാത്ത വിഷയങ്ങളിലും ഒറ്റപ്പെട്ട വൃത്താന്ത (അഖ്ബാര്‍ ആഹാദ്) ങ്ങളുടെ മാറ്റുരച്ചു നോക്കി സത്യത്തിന്റെയോ കളവിന്റെയോ ഏതെങ്കിലും ഒരു വശത്തിന് മുന്‍ഗണന നല്‍കുകയാണു നാം ചെയ്യുക എന്നാണ് ഞാന്‍ പറയുക. ഈ മുന്‍ഗണനയില്‍ മികച്ച ഊഹം മാത്രമേ ലഭ്യമാവുകയുള്ളൂ എന്ന് വരികിലും ദൃഢജ്ഞാനം ലഭ്യമാകുന്ന വിഷയത്തില്‍ എപ്രകാരമാണോ നാം പ്രവര്‍ത്തിക്കുക അതേ രൂപത്തില്‍ തന്നെയാണ് ആ ഊഹത്തിലും നാം പ്രവര്‍ത്തിക്കുക. വൈകാരികതക്ക് ഒട്ടും പ്രവേശമില്ലാത്ത നീതിന്യായ വ്യവഹാരങ്ങളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണവും സുപ്രധാനവുമായ വ്യവഹാര മേഖല. മാത്രമല്ല, ശുദ്ധവും വ്യക്തവുമായ ബൗദ്ധിക പരിശോധനയാണ് അവിടെ വിധികളുടെ അടിസ്ഥാനം. ന്യായാധിപന്റെ മുമ്പാകെ വരുന്ന വ്യവഹാരങ്ങളുടെയൊക്കെയും ബന്ധം ഭൂതകാല സംഭവങ്ങളുമായിട്ടാണ്.
സാക്ഷ്യങ്ങള്‍ നിരവധി ശൃംഖലകളില്‍ (തവാതുര്‍) എത്തിച്ചേരുന്ന സംഭവങ്ങള്‍ വളരെ കുറവാണ്. എന്നല്ല, അവ ഒറ്റപ്പെട്ടതും അലഭ്യം തന്നെയുമാണെന്ന് വേണം പറയാന്‍. മിക്കവാറും വ്യവഹാരങ്ങളെല്ലാം ന്യായാധിപന്മാരുടെ മുന്നില്‍ വരുന്നത് ഒറ്റയൊറ്റ വൃത്താന്തങ്ങള്‍ (അഖ്ബാര്‍ ആഹാദ്) ആയിട്ടാണ്. അവ തെളിവുകളുടെയും ന്യായങ്ങളുടെയും നിരൂപണ വിമര്‍ശനങ്ങളുടെയും സാഹചര്യത്തെളിവുകളുടെയും ഉരക്കല്ലില്‍ മാറ്റ് പരിശോധിച്ചു സാധ്യമായ വശങ്ങളില്‍ ഏതെങ്കിലുമൊന്നിന് മുന്‍ഗണന നല്‍കുകയാണ് ന്യായാധിപന്മാര്‍ ചെയ്യാറുള്ളത്. ഏതെങ്കിലും ഒരു വശത്തിന് പ്രാബല്യമുള്ളതായി കാണുമ്പോള്‍ ഉറച്ച വിശ്വാസത്തിന്റെ പരിധിയോളം അത് തന്റെയടുക്കല്‍ സ്ഥാപിതമായി കഴിഞ്ഞു എന്നവണ്ണം അതില്‍ ന്യായാധിപന്‍ തീര്‍പ്പുകല്‍പിക്കുന്നു. ഇനി ഒരു ന്യായാധിപന്‍ എല്ലാ സാക്ഷികളെയും വ്യാജന്മാരും, സാക്ഷിമൊഴികള്‍ തെറ്റുമായി സങ്കല്‍പിച്ചുകൊണ്ടാണ് തന്റെ ജോലി തുടങ്ങുന്നതെന്ന് കരുതുക. സംഭവം നടന്നതായി അംഗീകരിക്കണമെങ്കില്‍ അത് തന്റെ കണ്‍വെട്ടത്ത് നടക്കണമെന്ന് അയാള്‍ വാശിപിടിക്കുകയാണ്. അല്ലെങ്കില്‍ നിരവധി നിവേദന ശൃംഖലകളിലൂടെ വേണം അത് തന്റെ മുമ്പില്‍ സമര്‍പ്പിക്കപ്പെടുക എന്ന നിലപാടിലാണ് അയാള്‍. എങ്കില്‍ ഏതാനും മണിക്കൂറുകള്‍ക്കകം അയാള്‍ ന്യായാസനം ഉപേക്ഷിക്കേണ്ടിവരും.
വ്യാപാരം, ഭരണാസൂത്രണം തുടങ്ങി ഇതര ലൗകിക വ്യവഹാരങ്ങളും ഇപ്രകാരം രാപ്പകല്‍ നടക്കുന്നത് ഒറ്റയൊറ്റ റിപ്പോര്‍ട്ടുകള്‍ (അഖ്ബാര്‍ ആഹാദ്) വഴിയാണ്. മാത്രമല്ല ഒട്ടനവധി വാര്‍ത്തകളും, കമ്പിവഴിയും പത്രങ്ങള്‍ വഴിയുമാണ് നമുക്ക് ലഭിക്കുന്നത്. അവയുടെ കൃത്യതയും നിജസ്ഥിതിയും ബൗദ്ധികമായി നോക്കിയാല്‍ സംശയിക്കാന്‍ ഇടനല്‍കുന്നതാണ്. നമുക്ക് കമ്പിയടിച്ച വ്യക്തി യഥാര്‍ഥത്തില്‍ അതില്‍ പേര് വെച്ച ആള്‍ തന്നെയാണോ എന്ന് നമുക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കുകയില്ല. ഇനി കമ്പി അയാളുടേതാണെന്ന് തന്നെ വെക്കുക. എന്നാലും അയാള്‍ അറിയിക്കുന്ന വിവരം എവിടെന്നാണ് അയാള്‍ക്ക് ലഭിച്ചിട്ടുണ്ടാവുക എന്ന് നമുക്ക് അറിയുകയില്ല. ആ വഴി പരിഗണിക്കാന്‍ പറ്റിയതാണോ അല്ലേ? ഇങ്ങനെയുള്ള പലവിധം സാധ്യതകളും ആ കമ്പിയെ ചുറ്റിപ്പറ്റി ഉണ്ട്. പക്ഷേ, ആ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഈ വശങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ വളരെ കുറവാണ്. ഏറ്റവും ബലപ്പെട്ട ഊഹം ഏതാണോ അതനുസരിച്ച് ലക്ഷക്കണക്കില്‍ രൂപ ചെലവഴിക്കാന്‍ അവര്‍ മടിക്കുകയില്ല.
ഇത് തന്നെയാണ് മതകാര്യങ്ങളുടെയും അവസ്ഥ. നമ്മുടെ വിശ്വാസ(ഈമാന്‍)ത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അച്ചുതണ്ട് ഖുര്‍ആന്‍ മജീദാണ്. അത് ദൈവവചനമാണെന്ന് നാം മനസ്സിലാക്കുന്നത് ഒരു സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. പ്രവാചകനാണ് ആ സാക്ഷി. ഒരു വിവരം എന്ന നില മാത്രം പരിഗണിച്ചാല്‍ ശരിയാകാനും തെറ്റാകാനും സാധ്യതയുള്ളതാണത്. പക്ഷേ, വിവരം കൊണ്ടുവന്ന സാക്ഷിയുടെ ആത്മാര്‍ഥതയും വിശ്വസ്തതയും സ്വഭാവ ശുദ്ധിയും കണ്ട്, ആ വാര്‍ത്തയുടെ യുക്തിസഹതയും സത്യഭാവവും പരിഗണിച്ചു സത്യാംശത്തിന് പ്രാബല്യം നല്‍കുകയാണ് നാം. പിന്നീട് അതേ പ്രബലത അതില്‍ കള്ളം സങ്കല്‍പിക്കാന്‍ പോലും സാധ്യമാകാത്തവിധം നമ്മുടെ ഹൃദയത്തില്‍ ഉറച്ച വിശ്വാസം (ഈമാന്‍) ആയി മാറുന്നു. മറുവശത്താകട്ടെ ഈ സാക്ഷികളുടെ സാക്ഷ്യത്തില്‍ സംശയിക്കുന്ന, ആ സംശയത്തിന്റെ അടിസ്ഥാനത്തില്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കാത്ത അനേകം ആളുകളുമുണ്ട്. അവരും നാമും തമ്മില്‍ വല്ല അന്തരവുമുണ്ടെങ്കില്‍ അതൊന്ന് മാത്രമാകുന്നു; നമ്മള്‍ ഒരു നിഷ്‌കളങ്കന്റെ സാക്ഷ്യം അംഗീകരിച്ചു മുസ്‌ലിംകളായി. അവരാകട്ടെ അദ്ദേഹത്തിന്റെ സാക്ഷ്യത്തില്‍ സംശയിച്ചു 'കുഫ്ര്‍' (സത്യനിഷേധത്തി)ല്‍ അകപ്പെട്ടു. അത്രമാത്രം. അല്ലെങ്കിലും വഹ്‌യ് (വെളിപാട്) ഇറങ്ങുന്നത് നമ്മളോ അവരോ കണ്ടിട്ടില്ലല്ലോ.

മധ്യനില
ഈ ഉദാഹരണങ്ങളില്‍നിന്ന് ഒരുകാര്യം മനസ്സിലാക്കാം. സാമാന്യേന മധ്യനിലയിലുള്ള ഒരു മനുഷ്യനും എല്ലാ വൃത്താന്തങ്ങളും യാതൊരു അന്വേഷണ പരിശോധനകളും കൂടാതെ അപ്പടി വിശ്വസിക്കാന്‍ മാത്രം ദുര്‍ബല വിശ്വാസിയല്ല; എല്ലാ വൃത്താന്തങ്ങളുടെയും കൃത്യതയിലും റിപ്പോര്‍ട്ടര്‍മാരുടെ സത്യസന്ധതയിലും സംശയിക്കുകയും, ഓരോ വിഷയത്തിലും അഭിപ്രായം രൂപവല്‍ക്കരിക്കാന്‍ നിരവധി ശൃംഖലകളി(തവാതുര്‍)ലൂടെയോ ദൃശ്യാനുഭവങ്ങളിലൂടെയോ മാത്രം ലഭ്യമാകുന്ന ദൃഢജ്ഞാനം വേണമെന്ന് ശഠിക്കുന്നവരുമല്ല. ഈ രണ്ട് ആത്യന്തികതകള്‍ക്കിടയില്‍ അന്യൂന ബുദ്ധിയും സന്തുലിത പ്രകൃതവുമുള്ളവരുടെ കര്‍മരീതി എന്തായിരിക്കും? അവര്‍ വിവരങ്ങളെയും അവയുടെ റിപ്പോര്‍ട്ടര്‍മാരെയും കുറിച്ച് സാധ്യമായ എല്ലാ മാര്‍ഗേണയും അന്വേഷണം നടത്തുന്നു. ആ പരിശോധനയില്‍ അവ തെറ്റാണെന്ന ഊഹമാണ് മികച്ചു നില്‍ക്കുന്നത് (ഉറപ്പല്ല) എങ്കില്‍ അവ തള്ളിക്കളയുന്നു. അവ ശരിയാകാനുള്ള സാധ്യതയുടെ നിഗമനമാണ് (ഉറപ്പല്ല) മികച്ചു നില്‍ക്കുന്നതെങ്കില്‍ അവ സ്വീകരിക്കുന്നു. അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അന്വേഷണത്തിന്റെയും പരിശോധനകളുടെയും ഫലമായുണ്ടാകുന്ന നിലവാരവും എല്ലാ വിവരങ്ങള്‍ക്കും ഒരുപോലെയായിരിക്കില്ല. പ്രത്യുത ആ വിവരവുമായി ബന്ധപ്പെട്ട വിഷയത്തിന്റെ പ്രാധാന്യവും ആ വിവരത്തിന്റെ സ്വഭാവവും അനുസരിച്ചു അവയുടെ ബലാബലവും വ്യത്യസ്ത നിലവാരങ്ങളിലുള്ളതായിരിക്കും.

ബുദ്ധിപരമായ തലം
ഇത്രയും പറഞ്ഞത് കര്‍മതലത്തെക്കുറിച്ചാണ്. ഇനി അതിന്റെ ബൗദ്ധിക തലത്തെക്കുറിച്ച് പര്യാലോചിക്കാം. അപ്പോള്‍ ഒരു കാര്യം നിങ്ങള്‍ക്ക് വ്യക്തമാകും. നേരത്തെ പറഞ്ഞ സന്തുലിതത്വത്തിന്റെ അതേ മാര്‍ഗം ബൗദ്ധിക തലവുമായും പൊരുത്തപ്പെടുന്നതാണെന്നതാണത്. ഇതില്‍നിന്ന് ഭിന്നമായി ദുര്‍ബല വിശ്വാസവും മിഥ്യാഭ്രമവും രണ്ടും ബുദ്ധിക്ക് എതിരാണ്. ബുദ്ധിയെ സംബന്ധിച്ചേടത്തോളം എന്തും സംശയിക്കുക എന്നതിന് സാധ്യതയുണ്ടെന്നത് ശരിതന്നെ. എത്രത്തോളമെന്നാല്‍ ഇന്ദ്രിയാനുഭവങ്ങളും ദൃശ്യാനുഭവങ്ങളും പോലും സംശയിക്കാവുന്നതാണ്. എന്നാല്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ പ്രവൃത്തിയും ചെയ്യുക എന്നത് ബുദ്ധിയെ സംബന്ധിച്ചേടത്തോളം ശരിയും അത്യുത്തമവുമാവുക എന്നത് അനിവാര്യമൊന്നുമല്ല. കൂടാതെ ഏത് വിവരത്തെക്കുറിച്ചും ബുദ്ധി വിധിക്കുക അത് സത്യമാകാനും കളവാകാനും ഒരുപോലെ സാധ്യതയുണ്ടെന്നാണ്. അതായത് കേവലം ഒരു വിവരം എന്ന നിലയില്‍ ശരിയാകാനും തെറ്റാകാനുമുള്ള അതിന്റെ സാധ്യത സമമാണ്. എന്തെങ്കിലും ന്യായമായ കാരണം ഇതില്‍ ഏതെങ്കിലും ഒരു വശത്തിന് പ്രാബല്യം നല്‍കാത്ത കാലത്തോളം അതിനെക്കുറിച്ചു സത്യമെന്നോ കളവെന്നോ പറയാന്‍ സാധ്യമല്ല. എന്നാല്‍ ഒരു വിവരവും വാര്‍ത്തയും കേവലം അതെന്ന നിലയില്‍ മാത്രമല്ല നമ്മുടെ അടുക്കല്‍ എത്തുന്നത്; അതോടൊപ്പം അതിനെ സത്യപ്പെടുത്തുന്നതിന്റെയും നിരാകരിക്കുന്നതിന്റെയും തട്ടുകള്‍ കനം തൂങ്ങുന്ന ധാരാളം സാഹചര്യ ഘടകങ്ങളും അനിവാര്യമായും അതോടൊപ്പമുണ്ടാകും. സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യാത്ത ശുദ്ധ സംശയാവസ്ഥ മനുഷ്യബുദ്ധിയില്‍ ഒരു നിമിഷം പോലും നിലനില്‍ക്കാന്‍ സാധ്യമല്ലാത്തതാണ്. അതിനാല്‍ ഏതൊരു വാര്‍ത്തയും വിവരവും കിട്ടുമ്പോഴേക്ക് സംശയാവസ്ഥയില്‍നിന്ന് സത്യപ്പെടുത്തുകയോ വ്യാജമായി തള്ളുകയോ ചെയ്യാന്‍ പറ്റിയ ന്യായങ്ങള്‍ തേടിപ്പിടിക്കാന്‍ ബുദ്ധി വ്യഗ്രമാവുകയായി. പിന്നെ, ആ രണ്ട് വശങ്ങളില്‍ ഏതെങ്കിലും ഒരു വശത്തിന് ന്യായമായതോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ ബുദ്ധി മുന്‍ഗണന നല്‍കുന്നത് അതിന്റെ ആരോഗ്യാവസ്ഥയെയും ആതുരാവസ്ഥയെയും ആസ്പദിച്ചിരിക്കും. ഏതെങ്കിലും ഒരു വൃത്താന്തം, അല്ലെങ്കില്‍ വിവരം മുതവാതിര്‍' (നിരവധി ശൃംഖലകളിലൂടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്) ആവാതിരിക്കുന്നതോ 'ഖബര്‍ വാഹിദ്' (ഏക റിപ്പോര്‍ട്ട്) ആയിരിക്കുന്നതോ ആ വിവരം തെറ്റാണെന്ന് വിധിക്കുന്നതിന് ആസ്പദമാകാന്‍ ബുദ്ധിപരമായി ഒരിക്കലും പര്യാപ്തമാവുകയില്ല. അതുപോലെ തന്നെ ഏതെങ്കിലും ഒരു സംഗതി വളരെ പുരാതനമായ കാലവുമായി ബന്ധപ്പെട്ടതാണെന്നതും, നമുക്കത് എത്തിക്കിട്ടിയത് ഒട്ടനേകം മാധ്യമങ്ങളിലൂടെയാണെന്നതും അതിനെ വ്യാജമായി തള്ളിക്കളയാന്‍ മതിയാവുകയില്ല; ന്യായമായ കാരണവുമാകുകയില്ല. എല്ലാ വാര്‍ത്താവാഹകരും വ്യാജന്മാരാണെന്നും, സമസ്ത വാര്‍ത്താ വാഹകരും വ്യാജവാര്‍ത്തകള്‍ നല്‍കാന്‍ പരസ്പരം യോജിച്ചിരിക്കുകയാണെന്നും ബുദ്ധിയുള്ള ആര്‍ക്കും സങ്കല്‍പിക്കാന്‍ സാധിക്കുകയില്ല. കളവാക്കല്‍മനഃസ്ഥിതിക്കാരായവരുടെ മനോമസ്തിഷ്‌കങ്ങളെ കീഴ്‌പ്പെടുത്തുകയും തദടിസ്ഥാനത്തില്‍ വിവരങ്ങള്‍ തള്ളിക്കളയുന്നതിലേക്ക് ചായുകയും ചെയ്യുന്ന ഇവ്വിധം സങ്കല്‍പനങ്ങളൊക്കെയും തീര്‍ത്തും ബുദ്ധിക്ക് വിപരീതമാണ്. അതുപോലെത്തന്നെ, അതില്‍നിന്ന് ഭിന്നമായി ഏത് സങ്കല്‍പനങ്ങളുടെ അടിസ്ഥാനത്തിലാണോ എല്ലാ വാര്‍ത്തകളും വിവരങ്ങളും വിശ്വസിക്കുന്നത് ആ സങ്കല്‍പനങ്ങളും ബുദ്ധിയുമായി പൊരുത്തപ്പെടുന്നതല്ല. ഈ രണ്ട് ആത്യന്തികതകള്‍ക്കിടയില്‍ ഒരു അവക്ര ബുദ്ധി തെരഞ്ഞെടുക്കുന്ന ശരിയായ പാത എല്ലാ വൃത്താന്തങ്ങളും അപ്പാടെ വിശ്വസിക്കുകയോ അപ്പാടെ തള്ളിക്കളയുകയോ ചെയ്യാതിരിക്കുക എന്നതത്രെ. അവ ഓരോന്നോരോന്നായി, അവയുടെ സവിശേഷാവസ്ഥകളൊക്കെ അന്വേഷണ പരിശോധനകള്‍ക്ക് വിധേയമാക്കി ഒരു നിര്‍ണിത മാനദണ്ഡവുമായി എത്രമാത്രം പൊരുത്തപ്പെടുന്നു എന്ന് ഉറപ്പുവരുത്താനായിരിക്കും അത്തരം ബുദ്ധികള്‍ ശ്രമിക്കുക. സത്യത്തിന്റെയും വ്യാജത്തിന്റെയും രണ്ട് വശങ്ങളില്‍ ഏതെങ്കിലും ഒരു വശത്തെക്കുറിച്ച ഊഹത്തിന് കനം തൂങ്ങിയാല്‍ ആ വശത്തിന് അത് മുന്‍ഗണന നല്‍കും. 
(തുടരും)
വിവ: വി.എ.കെ
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-7-9
ടി.കെ ഉബൈദ്‌

ഹദീസ്‌

സൗമ്യതക്ക് വല്ലാത്ത വശീകരണ ശക്തിയാണ്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌