Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 31

3233

1443 ജമാദുല്‍ അവ്വല്‍ 26

ഈ കാര്‍ക്കിച്ചുതുപ്പല്‍ ഒട്ടും ഗുണകരമല്ല

നസീര്‍ അലിയാര്‍

ഹലാല്‍ എന്നത് ഒരു 'മത'ത്തിന്റെ 'വാഗ്ബിംബം' ആയിപ്പോയതാണ് ഹലാല്‍വിരുദ്ധ അസ്വസ്ഥതകളുടെ മൂലഹേതു. ഹലാല്‍ എന്ന അറബി പദത്തിനു പകരം 'നല്ല ഭക്ഷണം', 'വൃത്തിയുള്ളത്' എന്നോ മറ്റുമുള്ള സൂചികകളാണ് പ്രദര്‍ശിപ്പിച്ചിരുന്നതെങ്കില്‍ ഇത്തരം  വിദ്വേഷ പ്രചാരണങ്ങള്‍ക്ക് വലിയ സ്‌കോപ്പുണ്ടാകുമായിരുന്നില്ല. അധികാര രാഷ്ട്രീയത്തിലേക്ക് കുറുക്കുവഴികള്‍ മാത്രം തേടുന്ന ബി.ജെ.പിക്കും സംഘ് പരിവാറിനും കൈവശമായി ആകെയുള്ളത് മുസ്‌ലിംവിരുദ്ധത പരമാവധി ആളിക്കത്തിക്കുക എന്നതു മാത്രമാകുന്നു. അത്തരം യജ്ഞങ്ങളിലെ ഏറ്റവും ഒടുവിലത്തേതാണ് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള സംഘ് സാരഥികളില്‍നിന്ന് നാം കേള്‍ക്കുന്നത്.
ഭക്ഷ്യശൃംഖല(ഫുഡ് ചെയിന്‍)യെ കുറിച്ച് യു.പി ക്ലാസ്സ് മുതല്‍ വിദ്യാര്‍ഥികളായിരിക്കെ നാം പഠിച്ചുപോന്നിട്ടുണ്ട്. പ്രകൃതിവിഭവങ്ങള്‍ സസ്യജന്തു ജീവജാലമന്യേ മനുഷ്യന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവയെല്ലാം മനുഷ്യര്‍ക്കു വേണ്ടിയും മനുഷ്യര്‍ ഇവക്കു വേണ്ടിയും എന്നതാണ് നില.
എഴുനൂറ്റമ്പത് കോടിയോളം വരുന്ന മനുഷ്യന് പശിയടക്കാന്‍ ഭൂലോകത്തുള്ള മുഴുവന്‍ കായ്കനികളും വൃക്ഷലതാദികളും കൊണ്ടു മാത്രമാകില്ല. ഇത്രയും മനുഷ്യര്‍ക്ക് പഴവും പച്ചക്കറികളുമൊരുക്കാന്‍ ഭൂമിയിലെ സമുദ്രഭാഗം കഴിച്ച് ഇടവുമില്ല. ഇതിനെ സന്തുലിതമാക്കുന്നത് സമുദ്രാഴങ്ങളിലുള്ള മത്സ്യങ്ങളും കരയിലെ ജീവികളുമാണ് (മനുഷ്യപ്രകൃതിക്കു യോജിച്ചവ). സസ്യാഹാരത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരുമുണ്ട്. അത്തരക്കാര്‍ സസ്യാഹാരികളായി നിലനില്‍ക്കണമെങ്കില്‍ ഏറെ മാംസാഹാരികള്‍ ഉണ്ടാകേണ്ടതും അനിവാര്യമാകുന്നു.
പക്ഷേ ജീവനുള്ളവ ആഹരിക്കാന്‍ പാടില്ല എന്നതാണ് ഒരു മാംസവര്‍ജകന്റെ ന്യായമെങ്കില്‍ ഉയിരുള്ള പാവക്കയുടെയും വെണ്ടക്കയുടെയും പയര്‍മണികളുടെയും ജീവനെടുത്താണ് നാം ഭക്ഷിക്കുന്നതെന്നും പറയേണ്ടിവരും. ഒരു വഴുതനയെ ശിഖരത്തില്‍നിന്ന് നുള്ളിയടര്‍ത്തുമ്പോള്‍ അതിന്റെ മാതൃചെടിക്കു വേദനിക്കുന്നുണ്ടാകണം. തന്റെ മടിത്തട്ടില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കുഞ്ഞു വഴുതനയെ ഒരു 'കശ്മലന്‍' കഴുത്തു ഞെരിച്ച് അടര്‍ത്തി ആഹരിക്കുന്നതിനെ ശപിക്കുന്നുമുണ്ടാകാം. പശു പാല്‍ ചുരത്തുന്നത് സത്യത്തില്‍ തന്റെ കിടാങ്ങള്‍ക്കു വേണ്ടിയാണ്, കോഴിയുടെ പ്രജനന അണ്ഡമാകുന്നു മുട്ട... പക്ഷേ ഇവയെല്ലാം മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണു താനും.
നല്ലതും വൃത്തിയുള്ളതുമായ ഭക്ഷ്യവിഭവങ്ങള്‍ മര്യാദപൂര്‍വം ഭുജിക്കാന്‍ പഠിപ്പിച്ചത് 'മത'മായിപ്പോയതാണ് പ്രശ്‌നം. കോഴിയുടെയോ ആടിന്റെയോ തല തല്ലിത്തകര്‍ത്തോ കഴുത്തു പിരിച്ചോ കൊല്ലുന്നതിനേക്കാള്‍ നല്ലതല്ലേ, അത് പ്രകൃതി തനിക്കനുവദിച്ചിട്ടുള്ളതാണെന്ന ബോധ്യത്തോടെ, അവസാനമായി ഒരിറക്ക് വെള്ളം നല്‍കി, കണ്ഠത്തില്‍ കത്തിയമര്‍ത്തി, അത് പിടഞ്ഞു ജീവന്‍ പൂര്‍ണമായും വെടിഞ്ഞ ശേഷം മാത്രം തൊലിയടര്‍ത്തി വേവിച്ചു ഭക്ഷിക്കുന്നത്.
വണ്ടി കയറിയരഞ്ഞതോ രോഗം മൂത്തു ചത്തതോ നിഷിദ്ധമാക്കി, പൂര്‍ണാരോഗ്യവും ശുദ്ധിയുള്ളതുമായതേ ഈ ഹോട്ടലില്‍ വിളമ്പൂ എന്നു മാത്രമാണ് 'ഹലാല്‍' ബോര്‍ഡ് തൂക്കിയ ഹോട്ടലുടമ മാലോകരോട് വിളംബരം ചെയ്യുന്നത്. അതിനെതിരെയായി 'നോണ്‍ ഹലാല്‍' ബോര്‍ഡ് വെച്ച ഹോട്ടല്‍ ദമ്പതികള്‍  വിളിച്ചു പറയുന്നത്, നല്ല ആഹാരം നിങ്ങള്‍ക്കൊരുക്കാന്‍ ഞങ്ങള്‍ക്കാവില്ല എന്നാണോ?
പതിറ്റാണ്ടുകളായി ഓരോ മതവിഭാഗങ്ങളിലെയും ദോഷമല്ലാത്തതും എന്നാല്‍ പൊതുവെ ഗുണപരവുമായ രീതികളും ശീലങ്ങളും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തുപോരുന്ന വിശാലമായ കൊടുക്കല്‍ - വാങ്ങല്‍ സൗഹൃദം നിലനില്‍ക്കുന്ന കേരളീയ സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കുക  മാത്രമാകും ഇത്തരം കുപ്രചാരണങ്ങള്‍ ഉളവാക്കുന്ന ഫലം.
കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ലോകത്തിനു തന്നെ മാതൃകയായ കേരളീയ മതസൗഹാര്‍ദ പരിസരങ്ങളിലേക്ക് വെറുപ്പിന്റെ, വിദ്വേഷത്തിന്റെ കാര്‍ക്കിച്ചുതുപ്പല്‍ ഒട്ടും ഗുണകരമല്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-7-9
ടി.കെ ഉബൈദ്‌

ഹദീസ്‌

സൗമ്യതക്ക് വല്ലാത്ത വശീകരണ ശക്തിയാണ്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌