പുരാനാ ദില്ലി വരച്ചുവെക്കുന്ന ദില്ലീനാമ
പുസ്തകം
മോഹിപ്പിക്കുന്ന നഗരമാണ് ദല്‍ഹി. വിനോദ സഞ്ചാരികളെയും ചരിത്രകാരന്മാരെയും സാഹിത്യകാരെയും വിദ്യാര്‍ഥികളെയും ഇതൊന്നുമല്ലാത്തവരെയും ഒരു പോലെ ആകര്‍ഷിക്കുന്ന എന്തോ ഒന്ന് ദില്ലിക്കു മാത്രം സ്വന്തമായുണ്ട്. കാഴ്ചകളുടെ, രുചിയുടെ, ഗസലിന്റെ, അറിവുകളുടെ കേന്ദ്രം. ഓരോ തെരുവിനും ചരിത്രം പറയാനുണ്ടാകുന്ന പ്രൗഢമായ പാരമ്പര്യത്തിന്റെ നഗരം.
ആ നഗരവീഥികളിലൂടെ വര്‍ഷങ്ങളോളം നടന്നുതീര്‍ത്ത, ചരിത്രാന്വേഷിയായ ഒരു ഗവേഷകന്റെ കുറിപ്പുകളാണ് സബാഹ് ആലുവ എഴുതിയ 'ദില്ലീനാമ' എന്ന പുസ്തകം.
തലസ്ഥാനത്തെക്കുറിച്ച് മുമ്പ് എഴുതപ്പെട്ട പുസ്തകങ്ങള്‍ പരിശോധിച്ചാല്‍ പുകള്‍പെറ്റ മുസ്‌ലിം രാജഭരണ പാരമ്പര്യത്തെ വികലമാക്കുകയോ പൂഴ്ത്തിവെക്കുകയോ ചരിത്രത്തെ അപഹരിച്ച് തങ്ങള്‍ക്കനുകൂലമാക്കുകയോ ചെയ്തതായി കാണാം. അവിടെയാണ് മറ്റു പുസ്തകങ്ങളില്‍ നിന്ന് ചരിത്രത്തോടുള്ള സത്യസന്ധത കൊണ്ട് ഈ പുസ്തകം വേറിട്ടു നില്‍ക്കുന്നത്.
രാജ്യത്തിന്റെ രാജധാനിയുടെ തെരുവിലൂടെ ഗ്രന്ഥകാരന്‍ നമ്മെയിതില്‍ വഴി നടത്തുന്നുണ്ട്. ലോകസഞ്ചാരിയായ ഇബ്‌നു ബത്തൂത്ത പുകഴ്ത്തിയെഴുതിയ പഴയ ദില്ലിയുടെ നഗരഭിത്തികള്‍, അതിസൂക്ഷ്മമായി ഭൂപ്രകൃതിക്കനുസരിച്ചു മാത്രം സജ്ജീകരിച്ച ഉദ്യാനങ്ങള്‍, തണല്‍മരങ്ങള്‍, പള്ളികള്‍, കോട്ടകള്‍ തുടങ്ങി അവിടെ നമ്മള്‍ കാണുന്ന ഓരോന്നിന്റെയും പിന്നാമ്പുറം പറഞ്ഞു തരുന്നുണ്ട്. തീര്‍ന്നില്ല, ആയിരത്തിലധികം ചെറുതും വലുതുമായ ചരിത്ര പ്രദേശങ്ങളുള്ള ദല്‍ഹി ഇതുവരെയും ലോക പൈതൃക പട്ടികയില്‍ നിന്ന് തഴയപ്പെട്ടതിന്റെ നീതികേടിലേക്കും നമ്മുടെ ചിന്തയെ നയിക്കുന്നുണ്ട്.
മനഃപൂര്‍വം വിസ്മരിക്കുകയോ വികലമാക്കുകയോ ചെയ്ത മുസ്‌ലിം ഭരണ പാരമ്പര്യത്തിന്റെ ശരിയായ കാഴ്ച ദില്ലീനാമയിലുണ്ട്. അതില്‍, രാജഭരണത്തിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യങ്ങളെ കുറിച്ചുള്ള അറിവ് പ്രത്യേകം എടുത്തു പറയേണ്ടതാണ്. കേവലം 17 വയസ്സുള്ളപ്പോള്‍ ഭരണത്തിലിടപെട്ടു തുടങ്ങിയ ജഹനാര രാജകുമാരിയാണ് ചാന്ദ്‌നി ചൗക് രൂപകല്‍പന ചെയ്തത് എന്നും മൂനിസുല്‍ അര്‍വാഹ് എന്ന ഗ്രന്ഥം രചിച്ചത് എന്നും അവര്‍ക്ക് സ്വന്തമായി കപ്പലുണ്ടായിരുന്നു എന്നുമൊക്കെ അറിവ് പങ്കുവെച്ച് വായനക്കാരനെ അതിശയിപ്പിക്കുന്നുണ്ട് ഈ പുസ്തകം.
അറിവിന്റെ നിറകുടമായിരുന്ന ഔറംഗസേബിന്റെ പുത്രി സേബുന്നിസയ്ക്കും ദില്ലീനാമ ഒരധ്യായം മാറ്റി വെച്ചിരിക്കുന്നു. ഇങ്ങനെ ചരിത്രത്തെ അറിയാനും അറിഞ്ഞത് മറ്റുള്ളവരോട് പങ്കുവെക്കാനുമുള്ള ഗ്രന്ഥകാരന്റെ ജ്ഞാനാവേശം ഉടനീളം പ്രകടമാണ്.
ഇത്രയൊക്കെയാണെങ്കിലും ദില്ലീനാമ വെറും ചരിത്ര പുസ്തകമല്ല. ആദ്യാവസാനം ഒരു ദല്‍ഹീപുസ്തകമാണ്. സമയ കാലങ്ങള്‍ക്കതീതമായി ദല്‍ഹിയെക്കുറിച്ചുള്ള അറിവുകളുടെയും വിശേഷങ്ങളുടെയും പുസ്തകം. അതു കൊണ്ടു തന്നെ ഗാലിബിന് എന്ന പോലെത്തന്നെ കലിഗ്രഫിയിലൂടെ ഇന്നിന്റെ യശസ്സുയര്‍ത്തിയ ഇര്‍ഷാദ് ഹുസൈന്‍ ഫാറൂഖിനും ഖമര്‍ദഗറിനും ശാഹ് വലിയുള്ളാഹ് ലൈബ്രറിയ്ക്കും റൂഹ് അഫ്‌സക്കും ഈ പുസ്തകത്തില്‍ അവരവരുടേതായ ഇടങ്ങളുണ്ട്.
നിറയെ സ്മാരകങ്ങളുള്ള ദല്‍ഹി നഗരത്തിന്റെ കാഴ്ചകളിലേക്ക് എത്തിച്ചേരാനുള്ള ട്രാവല്‍ അവൈലബിലിറ്റി ഓരോ അധ്യായത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സബാഹ് എഴുതിയ ദില്ലീനാമ വായിച്ച ദല്‍ഹീ യാത്രികര്‍ക്ക് ഇനി മുതല്‍ ഇന്നലെകളെ കുറിച്ച നേരായ അറിവിന്റെ കരുത്ത് കൂട്ടുണ്ടാവും.
Comments