Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 31

3233

1443 ജമാദുല്‍ അവ്വല്‍ 26

സ്ത്രീകളുടെ വസ്ത്രധാരണം ഇസ്‌ലാം എന്തുപറയുന്നു?

ഇല്‍യാസ് മൗലവി

ഒരാളുടെ വ്യക്തിത്വം മറ്റുള്ളവരെ പരിചയപ്പെടുത്തുന്ന പ്രഥമ ഉപാധിയാണ് വേഷം. ഒരാള്‍ ധരിച്ച വസ്ത്രം കണ്ടിട്ടാണ് മറ്റുള്ളവര്‍ പ്രഥമദൃഷ്ട്യാ അയാള്‍ ഏതുതരത്തിലുള്ള വ്യക്തിയാണെന്നു വിലയിരുത്തുക. രാജാക്കന്മാരുടെയും നവാബുമാരുടെയും വസ്ത്രം, മതാചാര്യന്മാരുടെ വസ്ത്രം, അഹങ്കാരികളുടെയും തെന്നപ്പൊക്കികളുടെയും വസ്ത്രം, അന്തസ്സാര ശൂന്യരുടെ വസ്ത്രം, തെമ്മാടികളുടെയും ദുര്‍വൃത്തരുടെയും വസ്ത്രം.... ഇതൊക്കെ അവ ധരിക്കുന്നവരുടെ സ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും സ്വഭാവം ഇത്തരത്തിലുള്ള എല്ലാവരില്‍നിന്നും പ്രകൃത്യാ വ്യത്യസ്തമാകുന്നു. അതുകൊണ്ട് അവരുടെ വേഷവും അനിവാര്യമായും മറ്റുള്ളവരുടേതില്‍നിന്നു ഭിന്നമായിരിക്കണം. നോക്കുന്ന ആരിലും അദ്ദേഹം ഒരുതരത്തിലുള്ള തിന്മയിലും അകപ്പെട്ടിട്ടില്ലാത്ത മാന്യനും സംസ്‌കാരസമ്പന്നനുമാണെന്ന തോന്നലുളവാക്കുന്ന വസ്ത്രമാണ് വേണ്ടത്.
ധാര്‍മിക സദാചാര രംഗം വഷളായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പോലും നല്ല നിലയില്‍ വസ്ത്രം ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളോട് മാന്യമായ സമീപനം സ്വീകരിക്കുന്നതാണ് സമൂഹത്തിലെ പൊതു പ്രവണത. മാന്യമായ വസ്ത്രം ധരിച്ച സ്ത്രീകളനുഭവിക്കുന്ന സുരക്ഷിതത്വ ബോധം മറ്റു സ്ത്രീകള്‍ക്ക് താരതമ്യേന കുറവായിരിക്കുമെന്നാണ് മനസ്സിലാവുന്നത്. ശരീര ഭാഗങ്ങള്‍ പുറത്ത് കാണിച്ച് പുരുഷന്മാരുടെ ശ്രദ്ധയാകര്‍ഷിക്കുംവിധം വസ്ത്രം ധരിക്കുകയും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ധാരാളമായി ഉപയോഗിച്ച് പുറത്തിറങ്ങുകയും ചെയ്യുന്ന അത്തരം സ്ത്രീകള്‍ക്ക് സുരക്ഷിതത്വബോധം കുറഞ്ഞ തോതിലേ അനുഭവപ്പെടൂ. കാമവെറിയന്മാരുടെയും പൂവാലന്മാരുടെയും തുറിച്ചുനോട്ടവും പരിഹാസം കലര്‍ന്ന വര്‍ത്തമാനങ്ങളും അവര്‍ നേരിടേണ്ടിവരുന്നു. സദാചാര ബോധമുള്ള സമൂഹത്തില്‍  ഇതിന്  കുറവുണ്ടാകാമെങ്കിലും സദാചാര രംഗം വഷളായ സമൂഹത്തില്‍ സ്ത്രീകള്‍ ഇതിന്റെ പ്രയാസം ശരിക്കും അനുഭവിക്കും. അതിനവര്‍ ഒടുക്കേണ്ടിവരുന്ന വില എത്രയാണെന്ന് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നവരോട് വിശദീകരിക്കേണ്ടതില്ല.
ഇത്തരം ചുറ്റുപാടുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട അമുസ്ലിം സ്ത്രീകള്‍ വരെ ഇസ്ലാമിക വസ്ത്ര ധാരണ രീതിയുടെ ഗുണവശങ്ങളെ സംബന്ധിച്ചും സ്ത്രീക്ക് അത് നല്‍കുന്ന സുരക്ഷിതത്വത്തെ കുറിച്ചും തുറന്ന് എഴുതിയിട്ടുണ്ട്. മനുഷ്യരുടെ നന്മയും ക്ഷേമവും മുന്‍നിര്‍ത്തി നല്‍കിയ നിയമശാസന ഇവിടെ എന്തുമാത്രം പ്രസക്തമാണ്! അല്ലാഹു പറയുന്നു: ''നബിയേ, സ്വപത്നിമാരോടും പുത്രിമാരോടും വിശ്വാസികളിലെ സ്ത്രീകളോടും പറയുക. അവര്‍ തങ്ങളുടെ മുഖപടങ്ങള്‍ താഴ്ത്തിയിടട്ടെ. അവര്‍ തിരിച്ചറിയപ്പെടുന്നതിനും ശല്യം ചെയ്യപ്പെടാതിരിക്കുന്നതിനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (അല്‍ അഹ്സാബ് 59).
സ്ത്രീയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതും അവള്‍ക്ക് സുരക്ഷിതത്വവും കുലീനതയും പകര്‍ന്നുനല്‍കുന്നതുമായ വസ്ത്രധാരണ രീതിയാണ് ഇസ്ലാം അനുശാസിക്കുന്നത്. പ്രത്യേക ഡ്രസ് കോഡ് നിശ്ചയിക്കാതെ, വസ്ത്രധാരണത്തില്‍ ഉന്നതമായൊരു സംസ്‌കാരം പഠിപ്പിക്കുകയാണ് ചെയ്തത്. നിര്‍ബന്ധമായും മറയ്‌ക്കേണ്ട ശരീരഭാഗങ്ങള്‍ ഏതൊക്കെയെന്നും അത് മറയ്‌ക്കേണ്ട രീതി എങ്ങനെയെന്നും വസ്ത്രത്തിന്റെ സ്വഭാവം എന്താണെന്നും ഇസ്ലാം പഠിപ്പിച്ചു. എന്നാല്‍, ഒരേയൊരു വസ്ത്രമേ സ്ത്രീകള്‍ ധരിക്കാവൂ, അതു മാത്രമേ ഇസ്ലാമിക വസ്ത്രമാകൂ എന്നൊന്നും ഇസ്ലാം അനുശാസിച്ചിട്ടില്ല. പക്ഷേ, ചിലരുടെ ധാരണ പര്‍ദ മാത്രമാണ് ഇസ്ലാമിക വസ്ത്രമെന്നാണ്. ചുരിദാര്‍-സാരി തുടങ്ങിയവ ഇസ്ലാമികമല്ല, പര്‍ദ ധരിച്ച സ്ത്രീകള്‍ അതുകൊണ്ട് തന്നെ മറ്റു വസ്ത്രങ്ങള്‍ ധരിക്കുന്നവരെക്കാള്‍ ഇസ്ലാമിക വിധികള്‍ പാലിക്കുന്നവരാണ് എന്നൊക്കെയുള്ള  തികച്ചും തെറ്റായ ധാരണകളാണ് അവര്‍ക്കുള്ളത്. യഥാര്‍ഥത്തില്‍ പുതിയ രൂപത്തിലും കോലത്തിലും പലതരം മോഡലുകള്‍ മറ്റെല്ലാ വസ്ത്രങ്ങളിലുമെന്ന പോലെ പര്‍ദയിലും വന്നു തുടങ്ങിയപ്പോള്‍ ഇസ്ലാമിക ചൈതന്യം പര്‍ദയിലും പലപ്പോഴും ഇല്ലാതായി പോകുന്നുണ്ടെന്ന യാഥാര്‍ഥ്യം പലരും അറിയുന്നില്ല, പര്‍ദയായാല്‍ എല്ലാമായി അവര്‍ക്ക്!
 
എന്താണ് ഇസ്ലാമിക വസ്ത്രധാരണം?
യഥാര്‍ഥത്തില്‍ 'ഇസ്ലാമിക വസ്ത്രം' എന്ന പേരില്‍ ഒരു വസ്ത്രം ഇല്ല. എന്നാല്‍ ഇസ്ലാമിക ദൃഷ്ട്യാ, വസ്ത്രം ധരിക്കുന്നതിന് ചില ലക്ഷ്യങ്ങളും അതിന് ചില വ്യവസ്ഥകളും നിബന്ധനകളും മര്യാദകളും ഉണ്ട്. അവ പാലിക്കപ്പെട്ടാല്‍ ഏത് നാട്ടിലായാലും ഏത് വസ്ത്രവും മുസ്ലിം സ്ത്രീക്ക് അണിയാവുന്നതാണ്. ധരിക്കുന്ന വസ്ത്രത്തിന്റെ പേരോ ബ്രാന്റോ അല്ല, മറിച്ച് ഇസ്ലാം നിശ്ചയിച്ച ഉപാധികളും നിബന്ധനകളും പാലിക്കപ്പെടുന്നുണ്ടോ, ഇസ്ലാം വസ്ത്ര ധാരണത്തിന്റെ ലക്ഷ്യമായി കണക്കാക്കുന്ന കാര്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനം. 
അല്ലാഹു പറയുന്നു: ''സത്യ വിശ്വാസിനികളോടും പറയുക, അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യ ഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം. തങ്ങളുടെ ശരീര സൗന്ദര്യം വെളിപ്പെടുത്തരുത്, സ്വയം വെളിവായത് ഒഴികെ. ശിരോവസ്ത്രം മാറിടത്തിനു മീതേ താഴ്ത്തിയിടണം... മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്'' (അന്നൂര്‍ 31). ഈ ആയത്തിന്റെ ഒരു വ്യാഖ്യാനം കാണുക:
''...... സമൂഹത്തിലെ അഴിഞ്ഞാട്ടക്കാരികളുടെ കൂട്ടത്തില്‍ ഗണിക്കപ്പെടരുതെന്നും, കുലീനതയുടെയും വിശുദ്ധിയുടെയും മണിദീപമായി അറിയപ്പെടണമെന്നും ആഗ്രഹിക്കുന്ന സുശീലകളായ വനിതകളോട് അല്ലാഹു പറയുകയാണ്, നിങ്ങള്‍ യഥാര്‍ഥത്തില്‍ ഈ നിലയില്‍ അറിയപ്പെടണമെന്നാഗ്രഹിക്കുന്നുണ്ടെങ്കില്‍ പരപുരുഷന്മാരുടെ ആശാഭരിതമായ നോട്ടങ്ങള്‍ വാസ്തവത്തില്‍ നിങ്ങളെ രസിപ്പിക്കുന്നില്ല, മറിച്ച് ശല്യപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനാല്‍, നോക്കുന്നവരിലൊക്കെ ആര്‍ത്തിയും ആശയും ജനിപ്പിക്കും മട്ടില്‍ ആദ്യരാത്രിയിലെ മണവാട്ടികളെപ്പോലെ ഉടുത്തൊരുങ്ങി സൗന്ദര്യം പ്രദര്‍ശിപ്പിച്ചുകൊണ്ട് പുറത്തിറങ്ങി നടക്കുന്നത് നിങ്ങള്‍ക്ക് ഭൂഷണമല്ല'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ അല്‍അഹ്സാബ് 111-ാം വ്യാഖ്യാനക്കുറിപ്പ്). 
''..... ജാഹിലിയ്യാ കാലത്ത് സ്ത്രീകള്‍ ഒരുതരം വസ്ത്രംകൊണ്ട് തല മറയ്ക്കുകയും അതിന്റെ ബാക്കി ഭാഗം പിറകിലേക്കുതന്നെ മടക്കിയിടുകയുമാണ് ചെയ്തിരുന്നുത്. മുന്നിലാകട്ടെ, നെഞ്ചിന്റെ മേല്‍ഭാഗം തുറന്നു കിടന്നിരുന്നു. തന്മൂലം കഴുത്തും നെഞ്ചിന്റെ മുകള്‍ഭാഗവും നല്ലവണ്ണം വെളിപ്പെടുമായിരുന്നു. ഈ സൂക്തം അവതരിച്ചശേഷം മുസ്ലിംസ്ത്രീകളില്‍ മേലാടകള്‍ നടപ്പായി'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, അന്നൂര്‍ 36-ാം വ്യാഖ്യാനക്കുറിപ്പ്).
ശിരോവസ്ത്രം ചുരുട്ടി കഴുത്തിലിടാനല്ല; അതുകൊണ്ട് പുതച്ച് തലയും അരയും മാറും നല്ലവണ്ണം മറയ്ക്കാനാണ് പറഞ്ഞത്. ഖുര്‍ആന്റെ ഈ ശാസന ശ്രവിച്ച മാത്രയില്‍ തന്നെ സത്യവിശ്വാസിനികളായ സ്ത്രീകള്‍ അത് ശ്രദ്ധിച്ചിരുന്നു. അവരെ അഭിനന്ദിച്ചുകൊണ്ട് ആഇശ(റ) പറയുന്നു: സൂറത്തുന്നൂര്‍ അവതരിച്ചപ്പോള്‍ ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിച്ചെന്ന് തങ്ങളുടെ ഭാര്യമാരെയും പെണ്‍കുട്ടികളെയും സഹോദരിമാരെയും പ്രസ്തുത സൂക്തങ്ങള്‍ കേള്‍പ്പിച്ചു. 'ശിരോവസ്ത്രം മാറിന് മീതെ താഴ്ത്തിയിടണം' എന്ന ആയത്ത് കേട്ട് സ്വസ്ഥാനത്ത് അടങ്ങിയിരുന്ന ഒരു വനിതയും അന്‍സ്വാറുകളില്‍ ഉണ്ടായിരുന്നില്ല. എല്ലാവരും എഴുന്നേറ്റ്, ചിലര്‍ തങ്ങളുടെ അരയിലെ വസ്ത്രങ്ങളും ചിലര്‍ തട്ടങ്ങളുമെടുത്ത് മക്കനയായുപയോഗിച്ചു. പിറ്റെ ദിവസം സുബ്ഹ് നമസ്‌കാരത്തിന് മസ്ജിദുന്നബവിയില്‍ വന്ന സ്ത്രീകളെല്ലാം മേല്‍പുടവകളുപയോഗിച്ചിരുന്നു. ഇവ്വിഷയകമായി വന്ന മറ്റൊരു നിവേദനത്തില്‍ ആഇശ(റ)യില്‍നിന്ന് ഈ വിവരണം കൂടിയുണ്ട്: ''സ്ത്രീകള്‍ നേരിയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും അവകൊണ്ട് ഉത്തരീയങ്ങളുണ്ടാക്കുകയും ചെയ്തു'' (ഇബ്നു കസീര്‍, അബൂദാവൂദ്, കിതാബുല്ലിബാസ്, ഫത്ഹുല്‍ ബാരി 3/406).
പൃഷ്ഠ ഭാഗം, അരഭാഗം, സ്തനങ്ങള്‍ തുടങ്ങി വികാരോത്തേജകങ്ങളായ ശരീര ഭാഗങ്ങള്‍ വേര്‍തിരിഞ്ഞ് മനസ്സിലാകത്തക്ക വിധം നിമ്നോന്നതകള്‍ പ്രകടമാവുകയും തെളിഞ്ഞു കാണുകയും ചെയ്യുന്ന വസ്ത്രങ്ങള്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നത് ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. നബി (സ) പറഞ്ഞു: ''രണ്ട് വിഭാഗം നരകാവകാശികളാണ്. ആ രണ്ട് കൂട്ടരെയും ഞാന്‍ കണ്ടിട്ടില്ല. കൂട്ടത്തില്‍ ഒരു വിഭാഗം ഇങ്ങനെയാണ്: ഉടുത്ത നഗ്‌നകളായ, ആടിക്കുഴയുന്ന, അങ്ങോട്ടുമിങ്ങോട്ടും ചായുന്ന ഒട്ടകത്തിന്റെ പൂഞ്ഞകളെ പോലെ ചരിയുന്ന തലയോടു കൂടിയ സ്ത്രീകള്‍, അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അതിന്റെ വാസന കൂറച്ചൊക്കെ ദൂരെ അനുഭവപ്പെടുന്നതാണ്'' (മുസ്ലിം: 5704).
ഇവിടെ അവരെപ്പറ്റി വസ്ത്രം അണിഞ്ഞവരെന്ന് പറഞ്ഞിരിക്കുന്നു. അതോടൊപ്പം അവര്‍ നഗ്‌നകളുമാണ്. കാരണം, അവരുടെ ശരീരത്തില്‍ വസ്ത്രങ്ങളുണ്ട്. പക്ഷേ, അവയുടെ ധര്‍മമായ ശരീരം മറയ്ക്കല്‍ അവ  നിര്‍വഹിക്കുന്നില്ല. ഇക്കാലത്ത് അധിക സ്ത്രീകളുടെയും വസ്ത്രം, ഉള്ളിലുള്ളത് വ്യക്തമാക്കുന്ന വിധം നേരിയതും നിഴലിച്ചു കാണുന്നതുമാണ്.

സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ സവിശേഷതകള്‍
1. ശരീരം മുഴുവനും (മുഖവും മുന്‍കൈയും ഒഴിച്ചുള്ള ഭാഗങ്ങള്‍) മുടുക. 
ആഇശ (റ) പറയുന്നു: ''അബൂബക്റിന്റെ മകള്‍ അസ്മാ നേരിയ വസ്ത്രവുമിട്ടുകൊണ്ട് നബി(സ)യുടെ അടുത്ത് വന്നു. അപ്പോള്‍ തിരുമേനി തിരിഞ്ഞു നിന്നു കളഞ്ഞു. എന്നിട്ട് മുഖവും മുന്‍കൈയും ചൂണ്ടിക്കൊണ്ട് പറഞ്ഞു: അസ്മാ, പെണ്ണ് പ്രായപൂര്‍ത്തിയെത്തിക്കഴിഞ്ഞാല്‍ പിന്നെ ഇതും ഇതുമല്ലാതെ പുറത്തു കാണാന്‍ പാടില്ല'' (അബൂദാവൂദ്: 4104). അല്‍ബാനി ഇത് സ്വഹീഹാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് (സ്വഹീഹ് അബീദാവൂദ്: 2/460).
2. ഉള്ളിലുള്ളത് നിഴലിച്ച് കാണുകയും വ്യക്തമാവുകയും ചെയ്യാതിരിക്കുക. 
നബി (സ) പറഞ്ഞിരിക്കുന്നു: ''വസ്ത്രം ധരിച്ച് നഗ്‌നത കാണിക്കുന്നവരും ആടിക്കുഴയുന്നവരും കൊഞ്ചിക്കുഴയുന്നവരുമായ സ്ത്രീകള്‍ നരകാവകാശികളില്‍ പെട്ടവരാണ്. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അതിന്റെ ഗന്ധം പോലും അനുഭവിക്കുകയില്ല'' (മുസ്ലിം 5704). 
ബനൂ തമീം ഗോത്രത്തിലെ ഏതാനും സ്ത്രീകള്‍ ആഇശ(റ)യുടെ അടുക്കല്‍ വന്നു. നേരിയ വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരുന്നത്. അപ്പോള്‍ ആഇശ(റ) പറഞ്ഞു: ''നിങ്ങള്‍ സത്യ വിശ്വാസിനികളെങ്കില്‍ ഇത് വിശ്വാസിനികളുടെ വസ്ത്രമല്ല'' (ഖുര്‍ത്വ്ബി: 14/244).
ഈയൊരു നിബന്ധന തങ്ങളുടെ പെണ്‍മക്കള്‍ക്ക് ഡ്രസ്സുകള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. നന്നെ ചെറിയ കുട്ടികളല്ല ഇവിടെ ഉദ്ദേശ്യം. മറിച്ച്, പ്രായപൂര്‍ത്തിയെത്തിയിട്ടില്ലെങ്കിലും കാമവെറിയന്മാരുടെ ശല്യത്തില്‍ നിന്ന് തങ്ങളുടെ മക്കളെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ കുട്ടികളുടെ ഡ്രസ്സുകള്‍ അവര്‍ ശല്യം ചെയ്യപ്പെടാനിടയാവാത്തതായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. 
3. ശരീര വടിവ് മുഴച്ചു കാണുകയും ഭംഗി പ്രകടമാവുകയും ചെയ്യാതിരിക്കുക. കാമാസക്തി ഉത്തേജിപ്പിക്കുന്ന ശരീര ഭാഗങ്ങള്‍ വളരെ വ്യക്തമായി കാണിക്കുന്ന ഇടുങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുന്നവരും നഗ്‌നത കാണിക്കുന്ന വസ്ത്ര ധാരിണികളിലുള്‍പ്പെടുന്നു. 
ഉസാമ ബിന്‍ സൈദ് പറയുന്നു: ''ദിഹ്യതുല്‍ കല്‍ബി നബിതിരുമേനിക്ക് സമ്മാനിച്ച ഈജിപ്ഷ്യന്‍ നിര്‍മിത വസ്ത്രം അവിടുന്ന് എന്നെ ഉടുപ്പിക്കുകയുണ്ടായി. ഞാനത് എന്റെ പെണ്ണിനെ അണിയിച്ചു. തിരുമേനി എന്നോട് ചോദിച്ചു: എന്തേ, നീയാ വസ്ത്രം ഇട്ടില്ലേ? ഞാന്‍ പറഞ്ഞു: ഞാനത് എന്റെ പെണ്ണിനെ ഉടുപ്പിച്ചിട്ടുണ്ട്. അന്നേരം തിരുമേനി പറഞ്ഞു: എങ്കില്‍ അവളോട് അതിന്റെ ഉള്ളില്‍ ഒരു അടിവസ്ത്രം കൂടി ധരിക്കാന്‍ പറഞ്ഞേക്കണം. കാരണം ഇടുങ്ങിയതാകയാല്‍ അതവളുടെ ശരീര വടിവ് മുഴപ്പിച്ചു കാണിച്ചേക്കുമെന്ന് ഞാന്‍ ആശങ്കിക്കുന്നു'' (അഹ്മദ്: 21786, അബൂദാവൂദ്: 4116).
ഇന്ന് ഓരോ ദിവസവും വിപണിയില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന വസ്ത്രങ്ങളുടെ ഫാഷന്‍ രീതികള്‍, ഏറ്റവും സുരക്ഷിതം എന്ന് പറയപ്പെട്ടിരുന്ന പര്‍ദയിലും അബായയിലും വരെ കണ്ടുതുടങ്ങിയിരിക്കുന്നു. ശരീര ഭാഗങ്ങള്‍ പരമാവധി മുഴപ്പിച്ച് കാണിക്കുന്ന രൂപത്തിലാണ് ഫാഷന്‍ വന്നുകൊണ്ടിരിക്കുന്നത്. ചുരിദാറും വളരെ സുരക്ഷിതവും മാന്യവുമായ ഒരു വസ്ത്രമാണ്. എന്നാല്‍ അതും സ്ലിറ്റുകള്‍ പരമാവധി മേലോട്ട് നീട്ടിയും, നടക്കുമ്പോഴും കാറ്റു വീശുമ്പോഴും അരക്കെട്ട് പ്രകടമാവുന്ന രീതിയിലുമായിട്ടുണ്ട്. സാരി ഉടുക്കുന്ന സഹോദരിമാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമുണ്ട്. ഇടുങ്ങിയതും വയറ് വെളിവാകുന്ന രൂപത്തില്‍ നീളം കുറഞ്ഞതുമായ ബ്ലൗസ് ധരിക്കുമ്പോള്‍ പൂര്‍ണമായും മാറിലേക്ക് മക്കന താഴ്ത്തിയിടുകയും വയറ് വെളിവാകാത്ത രൂപത്തില്‍ സാരി ഉടുക്കുകയും വേണം.  
4. പുരുഷന്മാര്‍ക്ക് പ്രത്യേകമായുള്ള വസ്ത്രങ്ങളാവാതിരിക്കുക. കാരണം സ്ത്രീകളോട് സാദൃശ്യം പുലര്‍ത്തുന്ന പുരുഷന്മാരെ ശപിച്ചത് പോലെത്തന്നെ പുരുഷന്മാരോട് സാദൃശ്യം പുലര്‍ത്തുന്ന സ്ത്രീകളെയും നബി(സ) ശപിച്ചിട്ടുണ്ട്. സ്ത്രീ പുരുഷന്റെയും, പുരുഷന്‍ സ്ത്രീയുടെയും വസ്ത്രം ധരിക്കുന്നത് അവിടുന്ന് നിരോധിക്കുകയും ചെയ്തിരിക്കുന്നു (അഹ്മദ്: 2006, 1982).
ഇബ്‌നു അബ്ബാസ് നിവേദനം ചെയ്യുന്നു. ''സ്ത്രീകളുടെ വസ്ത്രം ധരിക്കുന്ന പുരുഷനെയും പുരുഷവസ്ത്രം ധരിക്കുന്ന സ്ത്രീയെയും അല്ലാഹുവിന്റെ റസൂല്‍ ശപിച്ചിരിക്കുന്നു'' (അബൂദാവൂദ്: 4100).
ഇവിടെ സ്ത്രീകളുടെ വസ്ത്രം, പുരുഷവസ്ത്രം എന്നതൊക്കെ ഓരോ നാട്ടിലെയും വസ്ത്രധാരണരീതി നോക്കിയാണ്. ആപേക്ഷികമാണ് എന്നര്‍ഥം. ഒരു നാട്ടില്‍ പുരുഷന്മാര്‍ അണിയുന്ന വസ്ത്രം മറ്റൊരു നാട്ടില്‍ സ്ത്രീകള്‍ അണിയുന്ന വസ്ത്രമായേക്കാം, നേരെതിരിച്ചും സംഭവിക്കാം.
അറബ് രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായി തയാറാക്കപ്പെടുന്ന പാന്റ്സ് മോഡലുകള്‍ കാണാറുണ്ട്. ഇന്തോനേഷ്യ പോലുള്ള നാടുകളിലെയും സഹോദരിമാര്‍ അത്തരം പാന്റ്സുകള്‍ അണിയാറുണ്ട്. അവയൊക്കെ നല്ല ഒതുക്കമുള്ളവയും കാഴ്ചയില്‍ തന്നെ സ്ത്രീകളുടെ വസ്ത്രമാണെന്ന് തോന്നുന്നവയുമാണ്.
5. വിഗ്രഹാരാധകര്‍ക്കും മറ്റും പ്രത്യേകമായുള്ള വസ്ത്രം ആവാതിരിക്കുക. രൂപത്തിലും ഭാവത്തിലും മുസ്ലിം സ്ത്രീ- പുരുഷന്മാര്‍ക്ക് സ്വതന്ത്രവും സവിശേഷവുമായ വ്യക്തിത്വമുണ്ടാവണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഇസ്ലാമില്‍ അത്തരക്കാരുമായി സാദൃശ്യം പുലര്‍ത്തുന്നത് നിരോധിക്കപ്പെട്ട കാര്യമാണ്. അതുകൊണ്ടാണ് നിരവധി കാര്യങ്ങളില്‍ ഇസ്ലാം സത്യനിഷേധികളുമായി  ഭിന്നത പുലര്‍ത്താനാവശ്യപ്പെട്ടത്. നബി(സ) ഇങ്ങനെ പറഞ്ഞിരിക്കുന്നു. ' ആരെങ്കിലും ഒരു ജനതയുമായി സാദൃശ്യം പുലര്‍ത്തിയാല്‍ അയാള്‍ അവരില്‍ പെട്ടവനാണ്' -(അബൂ ദാവൂദ്: 4031). 
സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഇത്രയും നിബന്ധനകളാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഈ നിബന്ധനകള്‍ പാലിച്ചുകൊണ്ടുള്ള ഏതുതരം വസ്ത്രവും ഒരു മുസ്‌ലിംസ്ത്രീക്ക് ധരിക്കാവുന്നതാണ്. അതില്‍ പ്രാദേശിക വകഭേദങ്ങള്‍ ഇസ്‌ലാം മാനിക്കുന്നു. അറേബ്യന്‍ രീതി തന്നെ പിന്തുടരണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അങ്ങനെ പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിലും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-7-9
ടി.കെ ഉബൈദ്‌

ഹദീസ്‌

സൗമ്യതക്ക് വല്ലാത്ത വശീകരണ ശക്തിയാണ്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌