വഖ്്ഫുകള്‍ അന്യാധീനപ്പെടുന്നതിന് പലതുണ്ട് കാരണങ്ങള്‍
വഖ്ഫ് ബോര്‍ഡിലെ നിയമനം പി.എസ്.സിക്ക് വിടാനുള്ള ബില്‍ നിയമസഭ പാസ്സാക്കിയ സ്ഥിതിക്ക്, ഇനി അതേ വേദിയില്‍ തന്നെ തിരുത്തപ്പെട്ടില്ലെങ്കില്‍ അത് നടപ്പിലായേക്കും. താല്‍ക്കാലിക നിയമനം ലഭിക്കുന്നവര്‍ ഉള്‍പ്പെടെ 130-ല്‍ പരം തസ്തികകളാണ് വഖ്ഫ് ബോര്‍ഡിലുള്ളത്. അവര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാറല്ല. വഖ്ഫ് ബോര്‍ഡ് ആണ്. അതിലേക്ക് നിയമനം നടത്തിക്കൊണ്ടിരിക്കുന്നതും നടത്തേണ്ടതും വഖ്ഫ് ബോര്‍ഡ് തന്നെ. ഇന്ത്യയിലെല്ലായിടത്തും അങ്ങനെ തന്നെയാണ്. എന്‍.ആര്‍.സിക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നുള്ള മുഖ്യമന്ത്രി പിണറായിയുടെ പ്രസ്താവന യു.പി മുഖ്യമന്ത്രി യോഗി ഉള്‍പ്പെടെയുള്ള ഫാഷിസ്റ്റുകള്‍ ദുരുപയോഗം ചെയ്തു മുതലെടുക്കുകയുണ്ടായി. ഇതുപോലെ കേരളം അന്യായമായി തുടങ്ങിവെക്കുന്ന ഈ അബദ്ധ മാതൃക ഫാഷിസ്റ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അനുകരിക്കുകയാണെങ്കില്‍ അതിനുള്ള പ്രേരണ കേരളമാവുന്നത് സംസ്ഥാനത്തിന്റെ സദ്കീര്‍ത്തിക്ക് ഒട്ടും നിരക്കുന്നതല്ല. മുസ്‌ലിംകള്‍ക്ക് മാത്രം നിയമനമെന്നത് പി.എസ്.സിക്ക് നടത്താന്‍ പറ്റില്ല. ആയത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ഒടുവില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ അതേ ദുര്‍ഗതി വരികയും ചെയ്‌തേക്കും. മാത്രമല്ല, പി.എസ്.സി നിയമനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് കിട്ടേണ്ട സംവരണാനുകൂല്യത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
വഖ്ഫ് ബോര്‍ഡിനെ നന്നാക്കാനാണ് പി.എസ്.സി നിയമനമെന്നത് ഒട്ടും വിശ്വാസയോഗ്യമല്ല. മുസ്‌ലിം ലീഗിനോടുള്ള വിരോധം തീര്‍ക്കാന്‍ വഖ്ഫ് ബോര്‍ഡ് പോലുള്ള വേദിയെ ദുരുപയോഗം ചെയ്യുന്നതും ശരിയല്ല. മുസ്‌ലിം ലീഗിനോട് ആര്‍ക്കും വിയോജിക്കാം, വിമര്‍ശിക്കുകയും ചെയ്യാം. പക്ഷേ, നിലവില്‍ മുസ്‌ലിം ബഹുജനങ്ങളില്‍ നല്ല സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണത്. അതിന്റെ ഫലമായിട്ടാണ് വഖ്ഫ് ബോര്‍ഡിലെ മഹല്ല് ഭാരവാഹികളുടെ പ്രതിനിധികളായി മുസ്‌ലിം ലീഗ് നേതാക്കള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ജനാധിപത്യ രീതിയില്‍ 75 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയിട്ടാണവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അവരെ ആരെങ്കിലും പിന്നാമ്പുറത്ത് കൂടെ കയറ്റി വിട്ടതൊന്നുമല്ല. വഖ്ഫ് ബോര്‍ഡിന് പന്ത്രണ്ട് അധ്യക്ഷന്മാരുണ്ടായതില്‍ അഞ്ച് പേര്‍ എല്‍.ഡി.എഫ് കാലത്ത് വന്നവരാണ്. ആറ് ദശകക്കാലത്തെ വഖ്ഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകളുണ്ടെങ്കില്‍ അതില്‍ എല്‍.ഡി.എഫി
നും പങ്കുണ്ട്. ആയത് മൊത്തം മുസ്‌ലിം ലീഗിന്റെ പിരടിയില്‍ കെട്ടിവെക്കുന്നത് നീതിയല്ല. വഖ്ഫ് സ്വത്ത് അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍, പ്രവര്‍ത്തനങ്ങളില്‍ അബദ്ധങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ വഖ്ഫ് നിയമനങ്ങള്‍ ഉപയോഗിച്ച് തിരിച്ചു പിടിക്കേണ്ടത് തിരിച്ചുപിടിക്കുകയും തിരുത്തേണ്ടത് തിരുത്തുകയും ചെയ്യാം. തങ്ങളുടെ ഭരണ പരാജയങ്ങള്‍ മറച്ചുപിടിക്കാനും നിരവധി നീറുന്ന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനും മുസ്‌ലിം സമുദായത്തോട് പ്രത്യക്ഷമായും പരോക്ഷമായും ചെയ്യുന്ന പലവിധ അനീതികള്‍ സമുദായത്തിന്റെ ശ്രദ്ധയില്‍ വരാതിരിക്കാനും മറ്റും നടത്തുന്ന ഒരു സൂത്രം കൂടിയാണ് വഖ്ഫ് ബോര്‍ഡിനെ മുന്‍നിര്‍ത്തിയുള്ള ഈ കോലാഹലം. ഇതുവഴി നാനാജാതി മതസ്ഥര്‍ക്കിടയില്‍ വഖ്ഫ് ബോര്‍ഡിനെ വിലയിടിച്ചു കാണിക്കുകയാണ്. വഖ്ഫ് എന്ന മഹല്‍ കര്‍മത്തെയും വഖ്ഫ് സ്ഥാപനങ്ങളെയും സംവിധാനങ്ങളെയുമെല്ലാം വളരെ പുഛത്തോടെ കാണാനിടവരുത്തുന്നതാണ് കോലാഹലങ്ങള്‍. മതവിരുദ്ധരായ ആളുകള്‍ക്ക് ഇസ്‌ലാമിനെ പ്രഹരിക്കാന്‍ ഇത് അവസരം സൃഷ്ടിച്ചുകൊടുക്കുന്നുണ്ട്.
ബോര്‍ഡില്‍ അഴിമതികള്‍ നടന്നിട്ടുണ്ടെങ്കില്‍ ആയത് വസ്തുനിഷ്ഠമായി രേഖാസഹിതം നിയമ സംവിധാനങ്ങളുടെ മുന്നിലെത്തിച്ച്, അഴിമതി ഇല്ലാതാക്കാനുള്ള സത്വരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ വിഷയങ്ങള്‍ വക്രീകരിച്ചും പര്‍വതീകരിച്ചും അങ്ങാടിയിലിട്ട് അലക്കുകയല്ല. അഴിമതി അവസാനിപ്പിക്കാന്‍ പി.എസ്.സി ഒരു പരിഹാരമേ അല്ല. ഇങ്ങേയറ്റം വില്ലേജ് ആഫീസ് മുതല്‍ ഭരണകൂടത്തിന്റെ ഉന്നതങ്ങളില്‍ വരെ പലവിധ അഴിമതികള്‍ നിര്‍ബാധം നടത്തുന്നത് പി.എസ്.സി വഴി വന്ന ഉദ്യോഗസ്ഥരാണ്.
കേന്ദ്ര നിയമപ്രകാരം നിലവില്‍ വന്ന വഖ്ഫ് ബോര്‍ഡുകള്‍ക്ക് ആറ് ദശകത്തിന്റെ പഴക്കമുണ്ടാകും. എന്നാല്‍ പല വഖ്ഫുകള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാകും. കാലത്തിന്റെ കറക്കത്തില്‍ പല കാരണങ്ങളാല്‍ വന്നുചേര്‍ന്ന സങ്കീര്‍ണതകള്‍ക്കും അന്യാധീനപ്പെടലിനുമെല്ലാം വഖ്ഫ് ബോര്‍ഡിനെ അന്ധമായും രൂക്ഷമായും അധിക്ഷേപിക്കുന്നതില്‍ ശരികേടുണ്ട്. ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും വിലപ്പെട്ട അനേകം വഖ്ഫ് സ്വത്തുകള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. അവയൊക്കെ വീണ്ടെടുക്കാന്‍ പരമാവധി പരിശ്രമിക്കണം. ഇക്കാര്യത്തില്‍ സമുദായം ഒറ്റക്കെട്ടാണ്. പരസ്പരം കുറ്റപ്പെടുത്തുകയോ ആക്ഷേപിക്കുകയോ ചെയ്യുമ്പോള്‍ അത് വഖ്ഫുകള്‍ അപഹരിക്കുന്നവര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കലാകും. കേരളത്തിലും ചില വഖ്ഫുകള്‍ സങ്കീര്‍ണതകളില്‍ കുടുങ്ങിക്കഴിയുന്നുണ്ടാകാം, അന്യാധീനപ്പെട്ടിട്ടുണ്ടാകാം, പ്രയോജനരഹിതമായിട്ടുണ്ടാകാം. എല്ലാ വഖ്ഫുകളും ഒരുപോലെയല്ല. പലതിന്റെയും സ്വഭാവം പലതാണ്. വിഷയങ്ങള്‍ വിശദമായി പഠിക്കാതെ കാടടച്ച് വെടിവെക്കുന്ന ശൈലി ഒട്ടും രചനാത്മകമല്ല.
വഖ്ഫുകളെ പറ്റി പഠിക്കാന്‍ കേന്ദ്രം നിയമിച്ച നിലവിലുള്ള വഖ്ഫ് ചെയര്‍മാന്‍ കൂടി അംഗമായ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി കേരളത്തിലെ വഖ്ഫ് ബോര്‍ഡ് താരതമ്യേന ഭേദമാണെന്നാണ് കണ്ടത്തിയത്. മൂന്നര ദശകം മാര്‍ക്‌സിസ്റ്റുകള്‍ ഭരിച്ച പശ്ചിമബംഗാളില്‍ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ധാരാളം വഖ്ഫുകള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. ബംഗാളിലെ മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഒന്നും ചെയിതിട്ടില്ലെന്ന് മാത്രമല്ല, വഖ്ഫുകള്‍ അപഹരിച്ചവരില്‍ മാര്‍ക്‌സിസ്റ്റുകളും പെടുമെന്ന് കല്‍ക്കത്തയിലെ പ്രമുഖ എക്‌സ്‌പോര്‍ട്ടറും കേരള മുസ്‌ലിം അസോസിയേഷന്റെ നേതാവും പൗരപ്രമുഖനുമായിരുന്ന മര്‍ഹൂം കെ.എ മക്കാര്‍ സാഹിബ് (ആലുവ) കല്‍ക്കത്തയിലെ സന്ദര്‍ശനവേളയില്‍ നേരില്‍ എന്നോട് പറഞ്ഞതാണ്. വഖ്ഫ് ഉള്‍പ്പെടെ മുസ്‌ലിം പ്രശ്‌നങ്ങളില്‍ മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ സ്വീകരിച്ച മുസ്‌ലിംവിരുദ്ധവും പ്രതിലോമപരവുമായ നിലപാട് മറ്റൊരാളുടെയും വിശദീകരണം ആവശ്യമില്ലാത്ത വിധം നേരില്‍ അവിടെപ്പോയി മനസ്സിലാക്കിയതാണ് അദ്ദേഹം. മുസ്‌ലിംവിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ തിക്തഫലം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അവിടെ ഉപ്പു വെച്ച കലം പോലെയായി എന്നതാണ്. പകല്‍ മാര്‍ക്‌സിസ്റ്റും നിശാ വേളയില്‍ ബി.ജെ.പിയുമായിരുന്ന സവര്‍ണ മാര്‍ക്‌സിസ്റ്റുകളില്‍ ഗണ്യമായ വിഭാഗം പച്ചയായി, പരസ്യമായി ബി.ജെ.പിയുടെ പതാക വാഹകരായി മാറി. ബംഗാളിലെ അതേ ലൈനിലാണ് കേരളത്തിലെ പാര്‍ട്ടിയും നീങ്ങുന്നതെങ്കില്‍ അത് അവരുടെ നാശത്തിലാണ് കലാശിക്കുക. ഇവിടെ ഭരണത്തുടര്‍ച്ച ലഭിച്ചത് തന്നെ നാശഹേതുകമായി ഭവിച്ചേക്കുമോ എന്ന് പക്വമതികളായ പല സഖാക്കളും ഉള്ളാലെ ഭയപ്പെടുന്നുണ്ട്.
അനൈക്യം, ദീര്‍ഘദൃഷ്ടിയില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ ഇപ്പോഴും വഖ്ഫ് സ്വത്തുക്കള്‍ ഫലശൂന്യമാവുകയോ വിനഷ്ടമാവുകയോ ചെയ്യുന്നുണ്ട്. വലിയ ഭൂസ്വത്ത് വിറ്റ് പട്ടണങ്ങളില്‍ കെട്ടിടം വാങ്ങി വാടക വരുമാനമുണ്ടാക്കുക തുടങ്ങിയ വിഡ്ഢിത്തങ്ങള്‍ ചിലേടത്തെങ്കിലും നടക്കുന്നുണ്ട്. നഗരവികസന പരിപാടികള്‍ മൂലം പല കെട്ടിടങ്ങള്‍ക്കും വിലയിടിയാനും ചിലപ്പോള്‍ കെട്ടിടം തന്നെ തകരാനും വാടക കിട്ടുന്ന തുകക്ക് വലിയ തോതില്‍ മൂല്യശോഷണം സംഭവിക്കാനുമുള്ള സാധ്യത ധാരാളമാണ്. ഖബ്‌റിസ്ഥാനായി ഉപയോഗിക്കേണ്ട ഭൂമിയില്‍ വരുമാന മാര്‍ഗമെന്ന നിലയില്‍ കെട്ടിട നിര്‍മാണം നടത്തുന്നതും അവിവേകമാണ്. കുറച്ചധികം കാശുണ്ടെങ്കില്‍ കെട്ടിടങ്ങള്‍ വേറെ എവിടെയും ഉണ്ടാക്കാനോ വാങ്ങാനോ പറ്റിയേക്കാം. പുതിയ ഖബ്‌റിസ്ഥാന്‍ ഇനി വളരെ പ്രയാസമാണ്. പാര്‍പ്പിടങ്ങള്‍ തട്ടുകളായി മുകളിലോട്ട് പണിയാം. ഖബ്‌റുകള്‍ ഭൂമിയില്‍ തന്നെ വേണമല്ലോ.
സമുദായത്തിന്റെ കുറെ വഖ്ഫ് സ്വത്തുക്കള്‍ സമാന്തര പ്രവര്‍ത്തനങ്ങളില്‍ പാഴാകുന്നുണ്ട്. പല പള്ളികളും മദ്‌റസകളും തഖ്വയുടെ അസ്ഥിവാരങ്ങളിന്മേലല്ല, മറിച്ച് സംഘടനാ പക്ഷപാതിത്വങ്ങളിലും മാത്സര്യത്തിലുമാണ് പണിതുയര്‍ത്തപ്പെട്ടിട്ടുള്ളത്. സമാന്തര പ്രവര്‍ത്തനങ്ങളില്‍ പാഴാകുന്ന സമ്പത്തും ഊര്‍ജവും വളരെ വലുതാണ്. ഇതിന്റെ ഫലങ്ങള്‍ ഒട്ടും രചനാത്മകവുമല്ല.
Comments