Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 31

3233

1443 ജമാദുല്‍ അവ്വല്‍ 26

അബ്ദുല്‍മജീദ് കാഞ്ഞിരപ്പള്ളി

കെ.പി.എഫ് ഖാന്‍, കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി പുത്തന്‍ വീട്ടില്‍ അബ്ദുല്‍ മജീദ് തന്റെ എണ്‍പത്തൊമ്പതാം വയസ്സില്‍ നാഥങ്കലേക്ക് യാത്രയായി. താന്‍ വിശ്വസിച്ചു പ്രവര്‍ത്തിച്ചത് ഏതൊരാദര്‍ശത്തിലാണോ, അതേ ആദര്‍ശത്തില്‍ വളര്‍ന്ന ഒരു തലമുറയാണ് അദ്ദേഹത്തെ യാത്രയയക്കാനുള്ളതെന്ന  കൃതാര്‍ഥതയോടെയാണ് അദ്ദേഹം വിടപറഞ്ഞത്. കാഞ്ഞിരപ്പള്ളിയില്‍ പുത്തന്‍വീട്ടില്‍ ഇബ്‌റാഹീം മൗലവിയുടെ ദ്വിതീയ പുത്രനായി 1933-ല്‍ ജനനം. ഈരാറ്റുപേട്ടയിലെയും കാഞ്ഞിരപ്പള്ളിയിലെയും അറബിക്കോളേജുകളിലെ തഫ്‌സീര്‍ - മിശ്കാത്ത് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയതോടൊപ്പം സര്‍ക്കാരിന്റെ മുന്‍ഷി പരീക്ഷയും അദ്ദേഹം പാസ്സായി. വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അറബി അധ്യാപകനായി സേവനമനുഷ്ഠിച്ചു. ജോലിചെയ്ത പ്രദേശങ്ങളിലൊക്കെയും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി. സ്വന്തം നാട്ടിലേക്ക് സ്ഥലം മാറി വന്നശേഷം നാട്ടിലെ പ്രസ്ഥാനപ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്തു.
അധ്യാപകന്‍ ആയശേഷം സകലര്‍ക്കും അദ്ദേഹം മജീദ്‌സാര്‍ ആയിത്തീര്‍ന്നു. അദ്ദേഹം മുന്‍കൈ എടുത്തു സ്ഥാപിച്ചതാണ് കാഞ്ഞിരപ്പള്ളി മാനവസൗഹൃദവേദി. മുസ്‌ലിം സമുദായനേതാക്കള്‍, ഹൈന്ദവ പ്രമാണിമാര്‍, ക്രിസ്തീയ പുരോഹിത പ്രതിനിധികള്‍, ദലിത്‌നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നുള്ള വേദിയാണിത്. ഓണം, ക്രിസ്മസ്, ഈദ്മീറ്റുകള്‍ വഴി സാമുദായിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പുക്കുകയായിരുന്നു ലക്ഷ്യം.  സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിലെ സജീവസാന്നിധ്യം, അവിടെ കിട്ടിയിരുന്ന അവസരങ്ങളില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പ്രഭാഷണചാതുരി മൂലം എവിടെയും അദ്ദേഹം ആകര്‍ഷണ കേന്ദ്രമായിരുന്നു. ചെറുശ്ശേരി, വള്ളത്തോള്‍, ഉള്ളൂര്‍, കുമാരനാശാന്‍, ചങ്ങമ്പുഴ, കുഞ്ചന്‍നമ്പ്യാര്‍ തുടങ്ങിയവരുടെ കവിതകളില്‍ പലതും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. വയലാറിന്റെ ആയിഷ എന്ന ഖണ്ഡകാവ്യം മുഴുവനും അദ്ദേഹത്തിന് മന:പാഠമായിരുന്നു. അവസരോചിതമായി പ്രഭാഷണങ്ങള്‍ക്കിടയില്‍ ഇവ കടന്നുവരും.
മജീദ്‌സാര്‍ കാഞ്ഞിരപ്പള്ളിയിലേക്ക് സ്ഥലംമാറ്റം കിട്ടി വന്നശേഷമാണ് ഇവിടുത്തെ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഊഷ്മളത വന്നത്. അദ്ദേഹത്തിന്റെ ഖുര്‍ആന്‍, ഹദീസ് ക്ലാസുകള്‍ കേള്‍ക്കാനാണ് ചെറുപ്പക്കാര്‍ ആവേശത്തോടെ എത്തുമായിരുന്നു. നേതൃത്വത്തിലും അദ്ദേഹം ഉായിരുന്നു. പ്രാദേശിക ജമാഅത്ത് അമീറായും, കോട്ടയം ജില്ലാ പ്രസിഡന്റായും, കാഞ്ഞിരപ്പള്ളി ഇസ്‌ലാമിക് എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാനായും, ഹൈറേഞ്ച് ഇസ്‌ലാമിക് മിഷന്‍ സെക്രട്ടറിയായും, ഈരാറ്റുപേട്ട അല്‍മനാര്‍ പബ്ലിക് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയും, ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കോ ഓര്‍ഡിനേറ്റര്‍, അധ്യാപകന്‍ എന്നീനിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മധ്യസ്ഥനായും അദ്ദേഹത്തെ കാണാമായിരുന്നു.
കാഞ്ഞിരപ്പള്ളിയിലെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളും തബ്‌ലീഗ് നേതാവും ആയിരുന്ന ടി.എസ് അലികുഞ്ഞുമാസ്റ്ററെയും പുത്രന്‍ പി.എ അബ്ദുല്‍ഹകീമിനെയും പ്രസ്ഥാനത്തിലെത്തിച്ചത് മജീദ്‌സാറിന്റെ ഖുര്‍ആന്‍ ക്ലാസ്സുകളും വ്യക്തി സംഭാഷണങ്ങളുമാണ്. 1974-ല്‍ കാഞ്ഞിരപ്പള്ളിയില്‍ നടന്ന ദക്ഷിണ മേഖലാ സമ്മേളനം അലങ്കോലപ്പെടുത്താന്‍ ജമാഅത്ത് വിരുദ്ധര്‍ നടത്തിയ പ്രകോപനങ്ങളില്‍ പ്രസ്ഥാന വൃത്തത്തിലെ ചെറുപ്പക്കാര്‍ സാഹസങ്ങള്‍ക്ക് മുതിരാതെ സംയമനം പാലിച്ചുനിലകൊള്ളാന്‍ പ്രാപ്തരായത് മജീദ്‌സാറിന്റെ നേതൃപാടവംകൊണ്ട് മാത്രമാണ്.
മജീദ് സാറിന്റെ ജ്യേഷ്ഠന്‍ മര്‍ഹൂം അബ്ദുല്‍ സമദ് കാഞ്ഞിരപ്പള്ളിയിലെ ആദ്യത്തെ ജമാഅത്ത് അംഗമായിരുന്നു. അനുജന്‍ സെയ്ത് മുഹമ്മദ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍ ആയിരുന്നു. പാര്‍ട്ടിമെമ്പര്‍ഷിപ്പ് ഉപേക്ഷിച്ചാണ് അന്നത്തെ ഹംദര്‍ദ് ഹല്‍ഖ അംഗമായത്. ഏറ്റവും ഇളയ സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍ പ്രസ്ഥാന അംഗവും ഏരിയ പ്രസിഡന്റുമാണ്. 
മജീദ്‌സാറിന്റെ ആണ്‍മക്കളില്‍ മൂത്ത മകന്‍ നിസാം സോളിഡാരിറ്റിയില്‍ ജില്ലാ ഭാരവാഹി ആയിരുന്നു. ഇപ്പോള്‍ വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ ഭാരവാഹിയാണ്. ഇളയമകന്‍ അബ്ദുര്‍റഹീം ബംഗളൂരുവില്‍ മലയാളി ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനാണ്. പെണ്‍മക്കളില്‍ മൂത്തമകള്‍ കെനിയയില്‍ അധ്യാപിക ആയിരുന്നു. രണ്ടാമത്തെ മകള്‍ ഇസ്സ വനിതാ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകയാണ്. ഇളയമകള്‍ നസീമ കാഞ്ഞിരപ്പള്ളി നൂറുല്‍ഹുദാ യു.പി സ്‌കൂളില്‍ അറബി അധ്യാപികയാണ്.
 



ഇ.വി അലവി

കുടഗ് ജില്ലയിലെ മുതിര്‍ന്ന ജമാഅത്ത് അംഗം ഇല്ലത്ത് വളപ്പില്‍ അലവി എന്ന ഇ.വി അലവി ഡിസംബര്‍-8ന് നമ്മെ വിട്ട് പിരിഞ്ഞു. അലവി സാഹിബിന്റെ വേര്‍പാടോടെ ആത്മാര്‍ഥതയും കര്‍ത്തവ്യ നിഷ്ഠയുമുള്ള പ്രവര്‍ത്തകനെയാണ് കുടഗിലെ പ്രസ്ഥാനത്തിന് നഷ്ടപ്പെട്ടത്. രോഗബാധിതനായിരുന്നുവെങ്കിലും അദ്ദേഹം നാഥനിലേക്ക് മടങ്ങിയെന്ന വാര്‍ത്ത ഏറെ അവിശ്വസനീയതയോടെയും സങ്കടത്തോടെയുമാണ് സഹ പ്രവര്‍ത്തകരായ ഞങ്ങള്‍ കേട്ടത്. 
1969-'70 കാലയളവില്‍ മലപ്പുറം ജില്ലയില്‍ നിന്ന് കുടഗിലേക്ക് കുടിയേറിപ്പാര്‍ത്ത കുടുംബത്തിലെ അംഗമാണ്. 75-76 കാലയളവിലാണ് ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത് 2014-ല്‍ ആണ് ജമാഅത്ത് അംഗമായി. ദീര്‍ഘ കാലം ഇസ്‌ലാമിക പ്രസ്ഥാനത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു. വിരാജ്‌പേട്ട കാര്‍കുന്‍ ഹല്‍ഖയുടെ നാസിമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിരാജ്‌പേട്ട ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റ്, ഇമാം മുസ്‌ലിം ജുമാ മസ്ജിദ്, ബ്രൈറ്റ് പബ്ലിക് സ്‌കൂള്‍, അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ, ബൈത്തുസ്സകാത്ത് കമ്മിറ്റി എന്നിവ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം നിസ്തുലമായ പങ്ക് വഹിച്ചു. 
ഉപജീവനത്തിന് വേണ്ടി പല രീതിയിലുമുള്ള കച്ചവടത്തെ ആശ്രയിച്ചിരുന്ന അലവി സാഹിബ് പരമാവധി അല്ലാഹുവിനെ സൂക്ഷിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തി. സാമ്പത്തിക ഇടപാടുകളിലും അദ്ദേഹം അതീവ ജാഗ്രത പാലിച്ചു.
ഭാര്യയും മൂന്ന് ആണ്‍ മക്കളും നാല് പെണ്‍ മക്കളു്.
 

അബ്ദുര്‍റഹ്മാന്‍ വീരാജ്‌പേട്ട
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍-7-9
ടി.കെ ഉബൈദ്‌

ഹദീസ്‌

സൗമ്യതക്ക് വല്ലാത്ത വശീകരണ ശക്തിയാണ്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌