Prabodhanm Weekly

Pages

Search

2021 ജൂലൈ 16

3210

1442 ദുല്‍ഹജ്ജ് 06

പാപികള്‍ വിശുദ്ധരെ നോക്കി തെറി വിളിക്കുമ്പോള്‍

പി.ടി കുഞ്ഞാലി

ലോകത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന് എവിടെയാണ് സ്ഥാനം?  സോവിയറ്റ് റഷ്യ, ചൈന, ക്യൂബ, ഉത്തര കൊറിയ, കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തുടങ്ങി ഏതു രാജ്യത്താണ് ജനാധിപത്യ മാര്‍ഗത്തില്‍ കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നത്? കൊടിയ ഗൂഢാലോചനയിലൂടെയും ഭീതിദമായ അധിനിവേശങ്ങളിലൂടെയും പട്ടാള അട്ടിമറികളിലൂടെയുമല്ലാതെ അധികാരത്തിലെത്താന്‍ മാത്രമുള്ള പ്രത്യയശാസ്ത്ര വിമലത കമ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ആന്തരഘടനയില്‍ തന്നെയില്ല. ഇനി ഏതെങ്കിലും രാഷ്ട്രങ്ങളില്‍ കമ്യൂണിസം ഭരണസംവിധാനമായി നിലനിന്നിട്ടുണ്ടെങ്കില്‍ തന്നെ അവിടങ്ങളില്‍ എപ്പോഴെങ്കിലും തെരഞ്ഞെടുപ്പ് ജനാധിപത്യം പുലര്‍ന്നിട്ടുണ്ടോ? ഇല്ല.
കമ്യൂണിസം നിലവില്‍ വന്നത് ജനാഭിലാഷത്തിന്റെ ഭാഗമായല്ല. കമ്യൂണിസം നിലനിന്നേടത്തൊന്നും ജനാധിപത്യം പുലര്‍ന്നു കണ്ടിട്ടുമില്ല. എന്തിനേറെ,  കമ്യൂണിസ്റ്റ് സംഘങ്ങള്‍ക്ക് മേധാവിത്വമുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ കൂടി അരിയിട്ടുവാഴുക പാര്‍ട്ടി ഏകാധിപത്യവും പിന്നെ ഉന്മൂലനവുമാണ്. ഇങ്ങനെ കടുത്ത സമഗ്രാധിപത്യ മുഷ്‌കോടെ ജനജീവിതത്തിന്റെ സ്വഛതയിലേക്ക് ഏകപക്ഷീയമായി അധിനിവേശിച്ച് അവരെ ഭയത്തിന്റെ കമ്പളത്തിലേക്ക് നിര്‍ദയം തുരത്തിയവര്‍ ജനതക്ക് പകരം നല്‍കിയതോ ദാരിദ്ര്യവും പിന്നെ വിഷാദ ജീവിതവും. ഒടുവില്‍ ഗതിയടഞ്ഞ പൗരജനം തെരുവിലിറങ്ങിയാണ് പലേടത്തുനിന്നും ഈ മനുഷ്യവിരോധികളെ ദേശത്തിന്റെ അധികാരസോപാനങ്ങളില്‍നിന്നും തുരത്തി മണ്ടിച്ചത്.
അപ്പോഴാണ് ഈ ശാസ്ത്രീയ സോഷ്യലിസ്റ്റുകള്‍ സ്ഥാപിച്ചു നടത്തിയ തടവറ സ്വര്‍ഗത്തിലെ ബീഭത്സസത്യങ്ങള്‍ പുറംലോകമറിഞ്ഞത്. കൊന്നും കൊലവിളിച്ചും സൈബീരിയന്‍ 'സ്വപ്‌നഭൂമി'യിലേക്ക് നിര്‍ദയം തെളിച്ചും സ്വന്തം ജനതയെ ഉപചരിച്ച പ്രസ്ഥാനത്തിന്റെ മലയാളി വക്താക്കളാണിന്ന് പുരപ്പുറം കയറി മറ്റുള്ളവരെ പാര്‍ലമെന്ററി ജനാധിപത്യവും പൗരസ്വാതന്ത്ര്യവും പഠിപ്പിക്കാന്‍ പഴയ സാക്ഷരതാ ക്ലാസുമായിട്ടിറങ്ങിയിരിക്കുന്നത്. അത്തരമൊരു കോമാളി വേഷത്തെ അപ്പാടെ ജനസമക്ഷം വിചാരണക്ക് വെക്കുന്നൊരു പുസ്തകമാണ്   ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'സി.പി.എമ്മിന്റെ ഇസ്‌ലാം വിമര്‍ശനം ജമാഅത്തെ ഇസ്ലാമിയുടെ മേല്‍വിലാസത്തില്‍.'
സി.പി.എമ്മിന്റെ താര്‍ക്കിക സൈദ്ധാന്തികനായ  കെ.ടി കുഞ്ഞിക്കണ്ണന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ചെലവില്‍ നടത്തിയ ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്കപ്പാടെ തന്റെ പുസ്തകത്തിലൂടെ ശൈഖ് മുഹമ്മദ് യുക്തിസഹമായി മറുപടി പറഞ്ഞു പോകുന്നുണ്ട്. കേവലമായ മറുവാദം മാത്രമല്ല പുസ്തകത്തിലുള്ളത്. തിരിച്ച് പൊള്ളുന്ന ചില ചോദ്യങ്ങളും അദ്ദേഹം സി.പി.എമ്മിനോട് ചോദിക്കുന്നുമുണ്ട്. ഇസ്ലാം വിമര്‍ശനത്തിന്റെ ഭാഗമായി കുഞ്ഞിക്കണ്ണന്‍ തന്റെ പുസ്തകത്തില്‍ ഉന്നയിക്കുന്നൊരു ചോദ്യം മതപരിത്യാഗികള്‍ വധാര്‍ഹരാണെന്ന് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി പറഞ്ഞുകളഞ്ഞു എന്നതാണ്. വസ്തുതകളറിയാതെ ഇങ്ങനെ കയറും കൊണ്ടോടാന്‍ നിരവധി ബാധ്യസ്ഥതകള്‍ ഉള്ളതുകൊണ്ട് കുഞ്ഞിക്കണ്ണന്‍ നിര്‍ബന്ധിതനായിരിക്കാം. തന്റെ പുസ്തകത്തില്‍ ശൈഖ് മുഹമ്മദ് ഈയൊരു സമീക്ഷ വിശദീകരിക്കുന്നുണ്ട്. എന്നിട്ട് കമ്യൂണിസ്റ്റ് ഏകാധിപത്യം ഇല്ലാതാക്കിയ ഒമ്പതര കോടി കമ്യൂണിസ്റ്റ് മതപരിത്യാഗികള്‍ക്ക് ചരിത്രത്തില്‍ എന്തു പറ്റിയെന്ന സത്യവസ്തുതകള്‍ വിസ്താരത്തില്‍ വിശദീകരിക്കുന്നു.
ലെനിന്‍ മരിക്കുമ്പോള്‍ പോളിറ്റ് ബ്യൂറോയിലുണ്ടായിരുന്ന ഏഴ് അംഗങ്ങളും യുദ്ധകാര്യ കൗണ്‍സിലിലെ നിരവധി പ്രമുഖരും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത ആയിരങ്ങളും തുടങ്ങി ലക്ഷങ്ങളിലേക്ക് വികസിക്കുന്ന മുര്‍തദ്ദുക(മതപരിത്യാഗികള്‍)ളെ ഒറ്റയടിക്ക് മഴു കൊണ്ട്  വെട്ടിയും ശ്വാസം മുട്ടിച്ചും കൊന്ന് കൊലവിളിച്ച് നാടാകെ അധികാരദുരമൂത്തോടിയ സ്റ്റാലിനും പോള്‍ പോട്ടും ചെഷസ്‌ക്യൂവും ഉള്‍പ്പെട്ട കമ്യൂണിസ്റ്റ് ചക്രവര്‍ത്തിമാരെ നിര്‍ലജ്ജം വാഴ്ത്തിപ്പാടുന്ന കുഞ്ഞിക്കണ്ണന്‍ പാകിസ്താനില്‍ നിരവധി മതപരിത്യാഗികള്‍ ഉണ്ടായിട്ടും അവരുമായൊക്കെയും സഹകരിച്ചു പ്രവര്‍ത്തിച്ച സയ്യിദ് മൗദൂദിക്കെതിരെ മുര്‍തദ്ദ് ഫത്വയുമായി വന്നതിന്റെ രാഷ്ട്രീയ പരിഹാസ്യത ഗ്രന്ഥകാരന്‍ സ്ഥിതിവിവരക്കണക്കുകള്‍ നിരത്തിയാണ് വിസ്തരിക്കുന്നത്.
പല മുസ്‌ലിം രാഷ്ട്രങ്ങളിലും നിലനില്‍ക്കുന്ന രാജാധികാര പ്രവണതകളെ മുന്‍നിര്‍ത്തിയാണ് കുഞ്ഞിക്കണ്ണന്‍ മൗദൂദിക്കെതിരെ ജനാധിപത്യ വിരുദ്ധത ആരോപിക്കുന്നത്. ഭരണസന്നാഹങ്ങള്‍ക്ക് ഇസ്‌ലാം പ്രയോഗത്തില്‍ കാണിച്ച ഉദാത്ത മാതൃകകളൊന്നും വായനയില്‍ കാണാന്‍ ജമാഅത്തെ ഇസ്ലാമിയോടുള്ള രാഷ്ട്രീയ വിരോധം കൊണ്ട് ഇരിക്കപ്പൊറുതി കിട്ടാത്ത കുത്തിക്കണ്ണനാവുന്നില്ല. മുസ്‌ലിം രാജ്യങ്ങളിലെ ഏകഛത്രാധിപത്യങ്ങളൊന്നും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നിര്‍മിതികളോ സമ്മതികളോ അല്ല. മറിച്ച് അവയൊക്കെയും കുഞ്ഞിക്കണ്ണന്റെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെയും പിന്നെ മുതലാളിത്ത സാമ്രാട്ടുകളുടെയും സംയുക്ത സൃഷ്ടികളാണ്. അവര്‍ പരസ്പരം അടവെച്ചു വിരിയിച്ച ദുഷ്ട സാന്നിധ്യങ്ങള്‍; പാവ സര്‍ക്കാറുകള്‍. സ്വന്തം ദേശങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ഉന്മൂലനം നടത്തലാണ് ഇവരുടെയൊക്കെയും ചുമതലകള്‍. അത്തരം ദുഷ്ടതകളുടെ ഗുണഭോക്താക്കളാണ് ലോക കമ്യൂണിസം. ഇതൊക്കെയും കൂലിയെഴുത്തിന്റെ മൃഷിപ്പിനിടയില്‍ കുഞ്ഞിക്കണ്ണന്‍ കാണാതെ പോയതാകാമെന്ന് ശൈഖ് മുഹമ്മദ് പരിഹസിക്കുന്നു. തന്റെ ക്ഷുദ്രകൃതിയില്‍ സയ്യിദ് മൗദൂദിയെ കുഞ്ഞിക്കണ്ണന്‍ സമീകരിക്കുന്നത് ഹിറ്റ്‌ലറോടും മുസോളിനിയോടുമാണ്! എന്നിട്ട് സൗകര്യം പോലെ സ്വന്തം സ്റ്റാലിന്മാരെയും ചെഷസ്‌ക്യൂമാരെയും വാഴ്ത്തപ്പെട്ടവരാക്കുകയും ചെയ്യുന്നു! ഈയൊരു 'കമ്യൂണിസ്റ്റ് സുവര്‍ണകാലം' എത്ര സമര്‍ഥമായാണ്  കുഞ്ഞിക്കണ്ണന്‍ മറച്ചുപിടിക്കുന്നത്. കുഞ്ഞിക്കണ്ണന്റെ മറക്കുടകള്‍ പൊളിച്ചെറിഞ്ഞാണ് ഇക്കാലചരിത്രം ശൈഖ് മുഹമ്മദ് പൊതുമണ്ഡലത്തിലേക്ക് ഈ പുസ്തകത്തിലൂടെ ചര്‍ച്ചക്കെടുക്കുന്നത്.
ദേശീയത, സാമ്രാജ്യത്വം തുടങ്ങിയ പരികല്‍പനകളെ ലാളിക്കുന്നതില്‍ ഇസ്‌ലാമിക പ്രസ്ഥാനം പിന്തിരിപ്പനാണെന്ന് പറയുന്നത് ഇസ്‌ലാമിനു വേണ്ടി ആരും വിളിക്കാതെ കോട്ടിട്ട് ഹാജറാകുന്ന കുഞ്ഞിക്കണ്ണനാണ്. പോളണ്ടിന്റെ ദേശീയതയേക്കാള്‍ പ്രധാനമാണ് കമ്യൂണിസത്തിന്റെ സാര്‍വദേശീയത എന്ന് പ്രഖ്യാപിച്ച സോവിയറ്റ് ചക്രവര്‍ത്തിമാരെ എഴുത്തിലെവിടെയും കാണാതെ പോകുന്ന കുഞ്ഞിക്കണ്ണന് മുമ്പിലേക്ക് ശൈഖ് മുഹമ്മദ് എടുത്തിടുന്ന ചോദ്യങ്ങള്‍ ഇത്തരമൊരു സംവാദങ്ങളില്‍ ഏറ്റവും സാന്ദ്രതയുള്ളതാണ്.
ക്വിറ്റ് ഇന്ത്യാ സമരത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി പരസ്യമായി തള്ളിപ്പറഞ്ഞത് അന്നത്തെ പാര്‍ട്ടി പത്രമായ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിലുണ്ട്. ഇങ്ങനെ ദേശീയ സ്വാതന്ത്ര്യസമര കാലത്ത് ഒളിവില്‍ പോയ ദേശീയവാദികളെ ബ്രിട്ടീഷ് കൊളോണിയല്‍ ദുര്‍ഭരണത്തിനു വേണ്ടി ഒറ്റിക്കൊടുത്തും ആയിരത്തി തൊള്ളായിരത്തി നാല്‍പത്തി ഏഴ് കഴിഞ്ഞിട്ടും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്ന് പ്രഖ്യാപിച്ചും ജര്‍മനി പോളണ്ടിനെ നിര്‍ദയം ആക്രമിച്ചപ്പോള്‍ നിര്‍ലജ്ജം അത് ന്യായീകരിച്ചും നടന്ന ഒരു സംഘത്തിന് ദേശീയതയും പൗരജന സ്വാതന്ത്ര്യവും എളുപ്പത്തില്‍ മനസ്സിലായെന്നു വരില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് കമ്യൂണിസ്റ്റുകള്‍ക്ക് മനസ്സിലായത് സോവിയറ്റ് പ്രസിഡന്റായിരുന്ന ബ്രഷ്‌നേവ് ഇന്ത്യയില്‍ വന്ന് നെഹ്റുവിനെ കെട്ടിപ്പിടിച്ചപ്പോഴാണ്. ഇത്തരക്കാരാണ് ജമാഅത്തെ ഇസ്‌ലാമി ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തില്ലെന്ന ഭള്ള് പറയുന്നത്. ഇത്തരം ചരിത്രപരമായ നിരവധി വിവരക്കേടുകള്‍ മഹാജ്ഞാനമായി കൊണ്ടുനടക്കുന്നതുകൊണ്ടാണ് ഒരു കാലത്ത് ഇന്ത്യന്‍ പാര്‍ലമെന്റില്‍ പോലും വന്‍സാന്നിധ്യമായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് ഉത്തരമലബാറിലെ മാത്രം ദേശീയ പാര്‍ട്ടിയായി അന്യംനിന്നത്.
കൂലിയെഴുത്തുകാര്‍ക്കും വരത്തന്മാര്‍ക്കും ഈ ചരിത്രമൊന്നും അറിയണമെന്നില്ല. ഇവര്‍ക്ക് ജനാധിപത്യവും പൗരാവകാശങ്ങളും, പാര്‍ട്ടി ഗ്രാമങ്ങളില്‍ സ്വന്തമായി നടത്തുന്ന ഉന്മൂലനങ്ങളും  കുലംകുത്തി നിഗ്രഹങ്ങളുമാണ്; വെട്ടിയും കുത്തിയും എതിര്‍ ശബ്ദങ്ങളെ നിര്‍ദയം ഇല്ലാതാക്കുന്ന സ്റ്റാലിനിസമാണ്. ജനാധിപത്യം അകമേ വഴങ്ങുന്ന പ്രത്യയശാസ്ത്രമല്ല കമ്യൂണിസം. കാരണമത് വെറുപ്പിലും ഉന്മൂലന ധീരതയിലും ഊട്ടിയെടുത്ത ആശയ സംഹിതയാണ്. ഇങ്ങനെ അപര വിരോധത്തിന്റെ ഗോപുരത്തില്‍ കയറിനിന്നാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചെലവില്‍ ഇസ്‌ലാമിനെ തന്നെ തെറിപറയാന്‍ കുഞ്ഞിക്കണ്ണന്മാര്‍ അവതാരമെടുക്കുന്നത്. അത്തരം അവതാര ഘോഷങ്ങള്‍ക്കുള്ള കുലീനമായൊരു മറുപടിയാണ് ചെറുതെങ്കിലും ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ഈ പുസ്തകം. 
'സി.പി.എമ്മിന്റെ ഇസ്ലാം വിമര്‍ശനം
ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍വിലാസത്തില്‍'
ശൈഖ് മുഹമ്മദ് കാരകുന്ന്
പ്രസാധനം: വിചാരം ബുക്‌സ്, തൃശൂര്‍
പേജ്: 80, വില: 80 രൂപ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (44-47)
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടത്തിന്റെ നേരും നെറിയും
സി.പി മുസമ്മില്‍ കണ്ണൂര്‍