Prabodhanm Weekly

Pages

Search

2021 ജൂലൈ 16

3210

1442 ദുല്‍ഹജ്ജ് 06

വിടവാങ്ങല്‍ ഹജ്ജിന്റെ പ്രാരംഭക്കാഴ്ചകള്‍

വി.കെ ജലീല്‍

'ആസന്നമായ ഹജ്ജാരാധന നിര്‍വഹിപ്പാന്‍  ദൈവദൂതര്‍ പുറപ്പെടുകയാണ്. റസൂലിനെ അനുഗമിപ്പാന്‍ തല്‍പ്പരരായ ലിംഗഭേദമന്യേയുള്ള വിശ്വാസികള്‍ സര്‍വരും പരസ്പരം വിവരം പങ്കുവെച്ച് മദീനയിലേക്ക് വിളംബംവിനാ പുറപ്പെട്ടുകൊള്ളുക. ദുല്‍ഖഅദ് മാസം ഇരുപത്തിയഞ്ചാം തീയതി വെള്ളിയാഴ്ച അസ്തമയത്തോടെ അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി, ശനിയാഴ്ച മധ്യാഹ്ന പ്രാര്‍ഥന കഴിഞ്ഞ്  മദീനയില്‍നിന്ന് പുറപ്പെടാനാണ് തീരുമാനം. എന്നാല്‍, മദീനയില്‍നിന്ന് ഹജ്ജ് ഖാഫില പുറപ്പെട്ടതിനുശേഷവും മാര്‍ഗമധ്യേ എവിടെ വെച്ചും ആര്‍ക്കും സംഘത്തോടൊപ്പം ചേരാവുന്നതാണ്.'
തിരു പലായനത്തിന്റെ പത്താം വര്‍ഷം ദുല്‍ഖഅദ് മാസം, അതിന്റെ ഒടുവിലത്തെ പാതിയിലേക്ക് വഴുതിയ വേളയില്‍,  'തിരു സഖാക്കള്‍' ആവേശപൂര്‍വം നാടെങ്ങും പരത്തിയ തിരു തീര്‍ഥാടന വിളംബരം ആയിരുന്നു ഇത്. പിന്നെ കണ്ടതെല്ലാം അത്യതുല്യങ്ങളായ അതിശയങ്ങള്‍. തുടര്‍ന്ന് ഇതള്‍വിരിഞ്ഞ അനുഭവങ്ങള്‍ മുഴുവനും മാനവ സംസ്‌കൃതിയുടെ ചരിത്രത്തില്‍ അക്കാലത്തോ, പില്‍ക്കാലത്തോ പുനരാവര്‍ത്തനം ഉണ്ടായിട്ടില്ലാത്ത വിസ്മയ രംഗങ്ങള്‍. ഓരോ അനുഭവത്തിനും  മാതൃക ആ അനുഭവം മാത്രമായിരുന്നു. 
ഇളംകാറ്റില്‍ പൂമണം എന്ന പോലെ ഈ വിളംബരം എങ്ങനെയാണ് അഷ്ടദിക്കുകളിലേക്കും ക്ഷിപ്രനേരം കൊണ്ട് പരന്നെത്തിയത്? ഇന്നും ചരിത്രകുതുകികളെ വിസ്മയഭരിതരാക്കുന്ന സന്ദേഹമാണിത്. ആഴ്ചകളോളം സഞ്ചരിച്ചെത്തേണ്ട വിദൂരങ്ങളായ മരുമടക്കുകളില്‍നിന്നുപോലും വിശ്വാസികള്‍ വന്നെത്തി. അപ്പോഴേക്കും ഇസ്‌ലാം വ്യാപനം പൂര്‍ത്തിയായ അറേബ്യയുടെ ഉത്തര-ദക്ഷിണ ഗോത്രങ്ങളില്‍നിന്നെല്ലാം തീര്‍ഥാടകരുണ്ടായിരുന്നു. അങ്ങനെ, നാട്ടി ഉറപ്പിച്ച അതിരടയാളങ്ങളോടെ ദൃശ്യപ്പെട്ടുകിടന്ന മദീനാ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഏണുകോണുകളില്‍നിന്നും അറേബ്യന്‍ സൈകതാരണ്യത്തിന്റെ വിദൂരതകളില്‍നിന്നും തീര്‍ഥാടന വിളംബരത്തിനു തൊട്ടനന്തരമുള്ള ദിനരാത്രങ്ങളില്‍ പരശ്ശതം ഹജ്ജ് ഖാഫിലകള്‍ വിവിധങ്ങളായ പ്രയാണപഥങ്ങള്‍ അവലംബിച്ച് മദീനയെ ലക്ഷ്യമാക്കി, അവിരാമമായ പ്രവാഹമായി ഒഴുകി നീങ്ങിക്കൊണ്ടിരുന്നു. അവരില്‍ പലതരം മൃഗങ്ങളുടെ മുതുകിലേറി വന്നവരെപ്പോലെ, സഹസഞ്ചാരികളുടെ ഒട്ടകങ്ങളുടെ നിഴല്‍പറ്റി നീങ്ങിയ പദയാത്രികരായ ധാരാളം സ്ത്രീകളും പുരുഷാരങ്ങളും ഉണ്ടായിരുന്നു.  ഇവരിലെ ശതക്കണക്കായ ഗ്രാമീണ ജനത്തിന് അനുയോജ്യമാംവിധമുള്ള പാദരക്ഷ പോലും ഉണ്ടായിരുന്നില്ല. കിന്‍ദ ഗോത്രക്കാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഹളറമൗത്തിലെ തീരദേശങ്ങളില്‍നിന്ന് കരം വസൂലാക്കാന്‍ റസൂലിന്റെ പ്രതിനിധിയായി, പ്രമാണിയായ  മുആവിയ മദീനയില്‍നിന്ന് നഗ്നപാദനായി പോയത് ഏതാണ്ട് അതേ ദിവസങ്ങളില്‍ ആണല്ലോ.
ഈവിധം മദീനയില്‍ ഒത്തുചേര്‍ന്നവരുടെ സംഖ്യാ ബലം ഒരു നൂറായിരത്തിന് തൊട്ടു താഴെയോ സ്വല്‍പം മീതെയോ ആയിരുന്നു എന്നു വരുമ്പോള്‍ ആ മനുഷ്യപ്രയാണത്തിന്റെ ആകാശദൃശ്യം എന്തുമാത്രം ചേതോഹരമായിരുന്നിരിക്കണം! നിലാവ് ദുര്‍ബലമായ ആ രാത്രികളില്‍, ആകാശ നക്ഷത്രങ്ങളുടെ ദീപ്തിയില്‍ അവര്‍ മുന്നോട്ടു നീങ്ങി.
സീമാതീതമായ ആത്മീയാമോദങ്ങളോടെ മരുക്കടല്‍ നീന്തവെ, ഈ തീര്‍ഥാടക സഹസ്രങ്ങളുടെ മനോമുകുരങ്ങളില്‍ തത്തിയിരുന്ന വികാരവിചാരങ്ങള്‍, ഇസ്‌ലാം പഠനവേളയില്‍ വല്ലപ്പോഴും മനനം ചെയ്തു നോക്കിയിട്ടുണ്ടോ? ജീവിതത്തിലൊരിക്കലും തിരുമുഖം ദര്‍ശിച്ചിട്ടില്ലാത്ത കൂട്ടത്തിലെ ആയിരങ്ങള്‍ക്ക് കഅ്ബയുടെ ചാരത്തണയും മുമ്പേ റസൂലിനെ സന്ധിക്കാനായിരുന്നു നിറഞ്ഞ പൂതി. റസൂലിനെ കാണണം. ഹസ്തദാനം ചെയ്യണം. കൂടെ മദീനാ പള്ളിയില്‍ നമസ്‌കരിക്കണം. സാധ്യമാവുന്നത്ര ഇസ്‌ലാമിക ജ്ഞാനങ്ങള്‍ തിരുവക്ത്രത്തില്‍ നിന്നുതന്നെ സ്വായത്തമാക്കണം..... പിന്നെ  അവര്‍ക്ക് കാണാനും പരിചയപ്പെടാനും നിരവധി ഉജ്ജ്വല താരങ്ങള്‍ മദീനയില്‍ വേറെയും ഉണ്ടായിരുന്നു. റസൂലിന്റെ  മുതിര്‍ന്ന മന്ത്രിമാരായ അബൂബക്‌റും ഉമറും, പോരാളികളുടെ രോമാഞ്ചമായ അലി, ഉദാര ഹസ്തരായ ഉസ്മാനും അബ്ദുര്‍റഹ്മാനു ബ്‌നു ഔഫും. പിന്നെ, ജീവിക്കുന്ന രക്തസാക്ഷികളായ ബിലാലും അമ്മാറും. ഇസ്‌ലാംവിരുദ്ധരെ സര്‍ഗപ്പോരില്‍ നിരന്തരം തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിന്റെ ആസ്ഥാന മഹാകവി ഹസ്സാന്‍ അടക്കം  വേറെയും  ശ്രദ്ധേയരായ ഒട്ടേറെപ്പേര്‍. ആറു പതിറ്റാണ്ടാണ് കവിതയുടെ മാസ്മരാസ്ത്രം കൊണ്ട് ഇസ്ലാം വിമര്‍ശകരെ നൂറ്റി ഇരുപതു വയസ്സുവരെ സുബോധത്തോടെ ജീവിച്ച ഹസ്സാന്‍ പൊരുതി വീഴ്ത്തിയത്. അലിയുടെ ആയുധ വൈഭവം പോലെതന്നെ ഇസ്‌ലാമിനു ഏറെ ഉപകാരമായിരുന്നു ഇതും. കൂടാതെ, ആഇശ ഉള്‍പ്പെടെ വിശ്വാസികളുടെ പ്രിയ മാതാക്കളും റസൂല്‍ തിരുമേനിയുടെ ജീവിച്ചിരിക്കുന്ന ഏക പുത്രി ഫാത്വിമ അടക്കമുള്ള അനേകം ത്യാഗിനികളും.  ഉപര്യുക്ത വസ്തുതകള്‍ മനസ്സിലാക്കി തന്നെയാണ് റസൂല്‍ അന്ത്യ തീര്‍ഥാടനത്തിന്റെ ആമുഖം ഈവിധം ഗംഭീരമായി സംവിധാനിച്ചത്. താന്‍ വിടപറയും മുമ്പേ, തന്റെ സാന്നിധ്യമുള്ള പുണ്യമദീന, സമകാലീന വിശ്വാസികളായ ആയിരങ്ങള്‍ക്ക് ഹ്രസ്വ നേരത്തേക്കെങ്കിലും നേരിട്ടനുഭവിക്കാനും, ആ ചാരു ചിത്രങ്ങള്‍ വരും കാലത്തിന് കൈമാറാന്‍ ആയിരം മനസ്സകങ്ങളില്‍ വരച്ചുവെക്കാനും അവസരമൊരുക്കുകയായിരുന്നു ക്രാന്തദര്‍ശിയായ ദൈവദൂതന്‍. പ്രവാചക ദൗത്യനിര്‍വഹണത്തിന്റെ സമ്പൂര്‍ണതക്കും, വരും തലമുറകളിലേക്കുള്ള ഇസ്‌ലാമിന്റെ ശാസ്ത്രീയമായ വിനിമയത്തിനും ഈ ആസൂത്രണം എത്രമാത്രം അഴകു പകര്‍ന്നു എന്ന് പില്‍ക്കാല ചരിത്രം വാചാലമായി ഘോഷിക്കുന്നുമുണ്ടല്ലോ.
സമാന്തര ദിനങ്ങളില്‍, കര്‍മബഹുലതയാല്‍ കണ്ണൊന്ന് ചിമ്മി മിഴിക്കാന്‍ പോലും നേരം ലഭിക്കാത്ത ഇസ്‌ലാമിക മദീനയുടെ തിരക്കാളിയ അവസ്ഥ സങ്കല്‍പ്പിക്കാവുന്നതേയുള്ളു. റസൂലിന്റെ നായകത്വത്തില്‍ തീര്‍ഥാടക സഹസ്രങ്ങളെ സ്വാഗതം ചെയ്യാന്‍  മനുഷ്യസാധ്യമായ ഒരുക്കങ്ങള്‍ എല്ലാം ചെയ്തു. അന്നത്തെ പതിവനുസരിച്ച് മദീനയുടെ അതിരുകളിലെ ചെറു ഗിരികളുടെ ശിഖരങ്ങളില്‍, നിശാ യാത്രികര്‍ക്ക് ദിശാബോധം ലഭിക്കാനായി വെളിച്ചം തെളിയിച്ചു. സാധ്യമാകുന്നേടത്തോളം താല്‍ക്കാലിക വിശ്രമ ശിബിരങ്ങള്‍ പണിതു. ജലസംഭരണികള്‍ സംവിധാനിച്ചു. അനുഗമിച്ചെത്തുന്ന ഒട്ടകങ്ങള്‍ അടക്കമുള്ള നാല്‍ക്കാലികളെയും പരിഗണിക്കേണ്ടതുണ്ടായിരുന്നു. സര്‍വോപരി, ആഗതര്‍ക്ക് റസൂലിനെ കാണാനും കേള്‍ക്കാനും ഒന്നിച്ചു നമസ്‌കരിക്കാനും ക്രമീകരണങ്ങള്‍ വരുത്തി. സൂര്യന്‍ കെടുന്നതോടെ പരന്നു മേയുന്ന ഇരുളകറ്റാനായി പല കൗശലങ്ങളാല്‍ ചെറു തീനാളങ്ങള്‍ ജ്വലിപ്പിച്ചു. ആകപ്പാടെ വര്‍ണാഭമായ ഒരു മഹാസംഗമത്തിന്റെ ആവേശകരമായ അന്തരീക്ഷം. റസൂല്‍ തിരുമേനിയുടെ ഉജ്ജ്വലമായ സാന്നിധ്യം. 
ഈ സന്ദര്‍ഭത്തില്‍ ഇസ്‌ലാമിക മദീനയിലെ കര്‍മകുശലരായ നിരവധി പേര്‍ വിവിധ ദൗത്യങ്ങള്‍ ഏറ്റെടുത്ത് രാഷ്ട്ര തലസ്ഥാനത്തിനു പുറത്തായിരുന്നു. ഉദാഹരണത്തിന് അലിയും സമര്‍ഥരായ മുന്നൂറ് അശ്വഭടന്മാരും യമനില്‍ നിര്‍ണായക ജിഹാദിലായിരുന്നു. അന്തിമമായി ഇസ്‌ലാമിന്റെ വിജയ ധ്വജം അവിടെ നാട്ടി ഉറപ്പിച്ച ശഷമാണ് പൊരുതുന്ന യുവത്വത്തിന്റെ ശാശ്വതാവേശമായ അലി മാര്‍ഗമധ്യേ റസൂലിന്റെ സംഘത്തോട് ചാരിതാര്‍ഥ്യത്തോടെ ചേരുന്നത്. ഇങ്ങനെയുള്ള തിളങ്ങുന്ന പോര്‍വിജയങ്ങളാണ് അലിയോട് മറ്റാരോടുമില്ലാത്ത വീരപ്രണയം ജനിപ്പിക്കുന്നതും.
വെള്ളിയാഴ്ച റസൂല്‍ തീര്‍ഥാടകരെ വിശദമായി അഭിസംബോധന ചെയ്തു. ആവശ്യമായ അളവില്‍ ഹജ്ജും മറ്റ്  യാത്രാകാര്യങ്ങളും പഠിപ്പിച്ചു. പിറ്റേന്ന്, ക്രമീകരണങ്ങള്‍ ഒന്നുകൂടി അവലോകനം ചെയ്തുകൊണ്ടിരിക്കവെ ചില ദീനമുഖങ്ങള്‍ തിരു മുഖത്തേക്ക് സങ്കടക്കണ്ണുകള്‍ നീട്ടുന്നത്  അവിടുന്ന് കണ്ടു. ദിവസങ്ങള്‍ ദീര്‍ഘിച്ച യാത്രയുടെ ഫലമായിരിക്കാം, അവര്‍ക്ക് പനിച്ചു പൊള്ളുന്നുണ്ടായിരുന്നു. മേലാസകലം എന്തോ ചുകന്നു തിണര്‍ത്തു പൊങ്ങിയിരിക്കുന്നു. തുടര്‍യാത്ര ചെയ്യാന്‍ അവര്‍ക്ക് ഒട്ടും ശരീരബലം ഉണ്ടായിരുന്നില്ല. റസൂലിന്റെ മനമുരുകി. റസൂല്‍ അവരെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: 'വിശ്രമിക്കൂ, നിങ്ങള്‍ക്ക് റമദാനില്‍ ഒരു ഉംറ ചെയ്യാം. ഹജ്ജിനു സമമാണ് അതിന്റെ പ്രതിഫലം. അല്ല, എന്റെ കൂടെയുള്ള ഈ ഹജ്ജിന്റെ പ്രതിഫലം തന്നെയാണ് അതിനും.' ഈ സന്തോഷവാര്‍ത്ത അന്ന് ഹജ്ജ് മുടങ്ങിയവര്‍ക്ക് മാത്രമല്ല, ലോകാന്ത്യം വരെയുള്ള വിശ്വാസികള്‍ക്കഖിലം ഉള്ളതാണ്. 
മധ്യാഹ്ന പ്രാര്‍ഥനക്കു ശേഷം യാത്ര ആരംഭിച്ചു. നബിതിരുമേനിയുടെ എല്ലാ പത്‌നിമാരും പുത്രിയും വെവ്വേറെ വാഹനങ്ങളിലായി സംഘത്തെ അനുഗമിച്ചിരുന്നു. അങ്ങനെ മാനവരാശിയുടെ വിമോചനചരിത്രത്തെ ത്രസിപ്പിച്ച മുഹമ്മദീയ പ്രവാചകത്വ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങിന്റെ ആമുഖ സംരചന പൂര്‍ത്തിയായി. അപ്പോള്‍ ഏറെ ആസന്നമായി വരുന്ന തിരുദൂതരുടെ ജീവിതാന്ത്യ നിമിഷങ്ങളിലേക്ക് ആരുടെ ചിന്തയും തെന്നി പോയിട്ടുണ്ടാവില്ല. ഈ ഹജ്ജ് പൂര്‍ത്തിയാക്കി തൊണ്ണൂറു ദിവസം മാത്രമേ തിരുമേനി ജീവിച്ചിരുന്നുള്ളൂവല്ലോ.
തീര്‍ഥാടക സംഘം, അന്ന് ആളുകള്‍ കൂടുതലായി സഞ്ചരിക്കാറുണ്ടായിരുന്ന 'ശജറ വീഥി'യിലൂടെ നീങ്ങി വിശാലമായ 'അല്‍ അഖീഖ്' താഴ്വരയിലെത്തി. ഈ നാമം  ആ നിമിഷം തിരുമേനി ഭാവനാപൂര്‍വം നല്‍കിയതാണ്. സാമാന്യം വര്‍ഷപാതം ഉണ്ടായാല്‍ ദിവസങ്ങളോളം നദിസമാനമായ ജലപ്രവാഹം മുടങ്ങാതെ ഉണ്ടായിരുന്ന താഴ്‌വരയാണിത്. ഫലഭൂയിഷ്ഠമായ മണ്ണ്, നയനാഭിരാമികളായി കായ്ച്ചുനില്‍ക്കുന്ന ഈന്ത മരങ്ങള്‍. ജലപ്രവാഹ വീഥിയില്‍ മിനുസമാര്‍ന്ന, വൃത്തിയുള്ള ബഹുവര്‍ണ ചരല്‍ക്കല്ലുകള്‍. ഖലീഫ ഉമര്‍ ഇവിടെനിന്ന് ചരല്‍ക്കല്ലുകള്‍ ശേഖരിച്ചാണ് മദീനാ പള്ളിയുടെ നിലത്ത് പാകിയിരുന്നത്. പില്‍ക്കാലത്ത് ഇവിടം പ്രൗഢ ഭവനങ്ങളുടെ കേദാരമായി. 
സംഘം അവിടെ എത്തുമ്പോള്‍ സായാഹ്ന പ്രാര്‍ഥനയുടെ സമയമായിരുന്നു. എല്ലാവരും യാത്രക്കാര്‍ക്കുള്ള ആനുകൂല്യത്തോടെ നമസ്‌കരിച്ചു. പിന്നീട് മഗ്‌രിബ് ഇശാ നമസ്‌കാരങ്ങളും നിര്‍വഹിച്ചു. ആ രാത്രി അവിടെ തങ്ങി. കൂടെയുള്ളവരെയെല്ലാം ഒന്നുകൂടി ഭദ്രമായി അണിചേര്‍ത്തു, സുരക്ഷിതമായി മുന്നോട്ടു ഗമിക്കാനും കൂടിയായിരുന്നു ഈ നടപടി എന്നുവേണം കരുതാന്‍. സംഘ യാത്രകളില്‍ റസൂലിന്റെ പതിവാണത്. പുലര്‍ന്നപ്പോള്‍ അല്‍പം മുന്നിലുള്ള  ദുല്‍ഹുലൈഫ പള്ളിയില്‍ വെച്ച് പ്രഭാത- മധ്യാഹ്ന പ്രാര്‍ഥനകള്‍ നിര്‍വഹിച്ചു.
റസൂല്‍ നേരത്തേ പഠിപ്പിച്ച പ്രകാരം ഇഹ്‌റാമില്‍ പ്രവേശിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി. ആ സഹസ്രാവലിയിലെ പുരുഷന്മാരഖിലം നിസ്സാര വിലയുള്ള ഒരു ഉടുമുണ്ടിലേക്കും ഉത്തരീയത്തിലേക്കും വേഷം മാറി. അവരില്‍ അടിമകളും രാജതുല്യരായ ഗോത്രാധിപതികളും ഉണ്ടായിരുന്നു. പ്രവാചകന്നും വിശേഷാല്‍ ആടകള്‍ ഒന്നുമുണ്ടായിരുന്നില്ല. ആകാശത്തിനു ചുവട്ടില്‍ നടന്ന ആദ്യത്തെ ഏറ്റവും വിപുലമായ മാനവ സമതാ പ്രകടനം. അപ്പോഴാണ് അബൂബക്ര്‍, തന്റെ സഹധര്‍മിണി അസ്മാ ബിന്‍ത് ഉമൈസ്  ഈ മഹാരംഗ ഭൂമിയില്‍ വെച്ച് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി റസൂലിനെ അറിയിക്കുന്നത്. കുളിച്ചു വൃത്തിയായി, രക്തം പുറത്തു വരാത്തവിധം അടിയുടുപ്പണിഞ്ഞ് ഇഹ്‌റാമില്‍ പ്രവേശിച്ച് കൂടെ പോരാന്‍  റസൂല്‍ അവര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്രയും ആസന്നപ്രസവയായ ആ സഹോദരി എന്തിന് സംഘത്തെ അനുഗമിച്ചു എന്ന് അവരെ അറിയുന്ന ആരും സന്ദേഹം ഉന്നയിക്കുക ഇല്ല എന്നുറപ്പ്.  ആദ്യ  ഭര്‍ത്താവിന്റെ രക്തസാക്ഷിത്വത്തിനു ശേഷം, ഒന്നും നാലും ഖലീഫമാരുടെ പത്‌നീപദത്തില്‍ വന്ന ഈ വനിതാ രത്‌നത്തെ വേറിട്ടു തന്നെ പഠിക്കണം. ഇറാഖിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
റസൂല്‍ തന്റെ വാഹനമായ 'ഖസ്‌വ'യുടെ മുതുകിലെ കട്ടിലില്‍ ആരൂഢനായി. കേവലം നാല് ദിര്‍ഹം മാത്രം വിലയുള്ള വിരിപ്പായിരുന്നു ആ കട്ടിലിനെ അലങ്കരിച്ചിരുന്നത്. പിന്നെ കൈയുയര്‍ത്തി ഗദ്ഗദകണ്ഠനായി നബി പ്രാര്‍ഥിച്ചു: 'രക്ഷിതാവേ ഈ ഹജ്ജ് സ്വീകരിക്കേണമേ, ഇത് ആരെയും കാണിക്കാനല്ല, പ്രശസ്തിക്ക് വേണ്ടിയുമല്ല.' ശേഷം തല്‍ബിയത്തിന്റെ മുഴുവന്‍ വാചകങ്ങളും ഉച്ചത്തില്‍ ഉദ്‌ഘോഷിക്കാന്‍ തുടങ്ങി. തീര്‍ഥാടകര്‍ റസൂലിന്റെ വാചകങ്ങള്‍ ഏറ്റെടുത്ത് ഉച്ചത്തിലും താളത്തിലും ഉദ്‌ഘോഷിച്ചുകൊണ്ടിരുന്നു; ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബൈക്.' ആ നാദനിര്‍ഘോഷം, വാനഭുവനങ്ങളും അഖില ചരാചരങ്ങളും ഏറ്റുപറയുന്നതായി തോന്നി. അങ്ങനെയാ സംഘം ഒരു ദിവസം ശരാശരി അമ്പത് നാഴിക എന്ന തോതില്‍ താണ്ടി മക്കയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ഈ അവസരത്തില്‍, തന്റെ മുന്‍ഗാമികളായ ധാരാളം പ്രവാചകന്മാരുടെ സാക്ഷാല്‍ രൂപം തന്നെ മനസ്സില്‍ കാണുകയാണെന്ന് റസൂല്‍ അനുയായികളോട് പറഞ്ഞു.

ശേഷവിശേഷം
ശരീദുബ്‌നു സുവൈദ് പറയുന്നു: ഞാന്‍ ഹജ്ജ് സംഘത്തോടൊപ്പം നടക്കുകയായിരുന്നു. അപ്പോള്‍ ഒരു ഒട്ടകത്തിന്റെ പാദപതനസ്വരം. തിരിഞ്ഞുനോക്കുമ്പോള്‍ റസൂല്‍ തിരുമേനി! അവിടുന്ന് ചോദിച്ചു. 'കൂടെ വരുന്നോ?' ക്ഷീണിതനായിരുന്നെങ്കിലും റസൂലിന്റെ കൂടെ യാത്ര ചെയ്യാമല്ലോ എന്ന് കരുതി ആ ക്ഷണം സ്വീകരിച്ചു. മുന്നോട്ടുപോകവെ റസൂല്‍ ചോദിച്ചു: 'താങ്കള്‍ക്ക് ഉമയ്യത്തു ബ്‌നു അബിസ്സ്വല്‍ത്തിന്റെ കവിതകള്‍ അറിയാമോ?'
'അറിയാം.'
'എങ്കില്‍ ചൊല്ലൂ.'
ഞാന്‍ ഓരോ വരികളായി ചൊല്ലിക്കൊടുത്തു. റസൂല്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. നൂറു വരികള്‍ വരെ ഞാന്‍ ചൊല്ലി!
സഖീഫ് ഗോത്രക്കാരനായ ശരീദിനെ കണ്ടപ്പോള്‍ ഉമയ്യയുടെ ഓര്‍മകളുണര്‍ന്നതാവണം. ഉമയ്യ സഖീഫ് ഗോത്രക്കാരന്‍ ആയിരുന്നല്ലോ. ജാഹിലീ കവി ആയിരുന്നുവെങ്കിലും ഉമയ്യയുടെ കവിതകള്‍ സ്വഛമായ ഏകദൈവ വിശ്വാസം തുളുമ്പുന്നവയായിരുന്നു. നമ്മുടെ ധാരണകളില്‍നിന്നും എത്ര ഉത്തുംഗതകളിലായിരുന്നു മുഹമ്മദ് റസൂലുല്ലാഹ്.
നബിതിരുമേനി ഒട്ടകങ്ങളെ ബലിയര്‍പ്പിച്ചുകൊണ്ടിരിക്കെ, ബലിയറുക്കാനായി നീക്കി നിര്‍ത്തിയ, നാസികക്ക് വെള്ളി വളയമിട്ട ആ ഒട്ടകത്തെ പലരും വേഗത്തില്‍ തിരിച്ചറിഞ്ഞു. അബൂജഹ്‌ലിന്റെ പ്രൗഢിയുടെ ചിഹ്നമായിരുന്ന ഒട്ടകമായിരുന്നുവത്രെ അത്!
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (44-47)
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടത്തിന്റെ നേരും നെറിയും
സി.പി മുസമ്മില്‍ കണ്ണൂര്‍