'ആത്മാഭിമാനത്തോടെ യുവാക്കള്‍ക്കൊപ്പം പോരാട്ടവീഥിയിലുണ്ടാകും'
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പിറവിയെടുത്ത ശേഷം വ്യത്യസ്ത സാമൂഹിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി, അടിച്ചമര്‍ത്തപ്പെടുന്നവരുടെയും നീതി നിഷേധിക്കപ്പെടുന്നവരുടെയും രാഷ്ട്രീയത്തിന് കരുത്ത് പകര്‍ന്നിട്ടുണ്ട്. യുവജന പ്രതിരോധത്തിലൂടെയും പൗരരാഷ്ട്രീയത്തിലൂടെയും പുതിയൊരു കാഴ്ചപ്പാട് തന്നെ സോളിഡാരിറ്റിക്ക് മുന്നോട്ടു വെക്കാന്‍ സാധിച്ചു. ഒപ്പം പലവിധത്തിലുള്ള പരിവര്‍ത്തനങ്ങള്‍ക്ക് സോളിഡാരിറ്റി സ്വയം വിധേയപ്പെടുന്നുമുണ്ട്. ഈയൊരു നിരീക്ഷണത്തെ എങ്ങനെ നോക്കിക്കാണുന്നു?
തീര്‍ച്ചയായും സോളിഡാരിറ്റിയെ സംബന്ധിച്ചുള്ള ഈ നിരീക്ഷണത്തില്‍ ശരിയുണ്ട്. ഒരു യുവജന സാമൂഹിക പ്രസ്ഥാനം എന്നനിലയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സോളിഡാരിറ്റി മുന്നോട്ടു വെച്ച രാഷ്ട്രീയവും, സാമൂഹിക ഇടപെടല്‍ സംസ്‌കാരവും പല രീതിയില്‍ വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലും വിദേശത്തും യൂനിവേഴ്സിറ്റികളില്‍ സോളിഡാരിറ്റിയെ മുന്‍നിര്‍ത്തിയുള്ള പി.എച്ച്.ഡി ഗവേഷണങ്ങള്‍ വരെ നടക്കുന്നുണ്ട്. നമ്മുടെ പ്രക്ഷോഭങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും സാമൂഹിക ഇടപെടലുകളുടെയും രാഷ്ട്രീയ ഉള്ളടക്കവും, അതുണ്ടാക്കിയ പ്രതിഫലനങ്ങളും നിരന്തരം സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകണം എന്നു തന്നെയാണ് ഒരു മൂവ്മെന്റ് എന്ന നിലയില്‍ സോളിഡാരിറ്റി ആഗ്രഹിക്കുന്നത്.
ഒരു യുവജന പ്രസ്ഥാനം എന്ന് കേവലാര്‍ഥത്തില്‍ മനസ്സിലാക്കപ്പെടുമ്പോഴും അടിസ്ഥാനപരമായി ഇസ്ലാമിന്റെ വിമോചന രാഷ്ട്രീയ ഉള്ളടക്കമാണ് സോളിഡാരിറ്റിയെ നയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇസ്ലാം മുന്നോട്ടുവെക്കുന്ന സാമൂഹിക നീതിയുടെയും സമത്വത്തിന്റെയും തത്ത്വങ്ങള്‍ പ്രയോഗവല്‍ക്കരിക്കുക എന്ന ദൗത്യമാണ് നാളിതുവരെ നിര്‍വഹിച്ചത്. സോളിഡാരിറ്റിക്ക് ലഭിച്ചിട്ടുള്ള സാമൂഹിക പിന്തുണയുടെ ഒരു കാരണവും അതു തന്നെയായിരുന്നു.
ആധുനികത മതത്തെ നിര്‍വചിക്കാന്‍ ശ്രമിച്ചതുതന്നെ സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കമില്ലാത്ത ഒന്നായിട്ടായിരുന്നല്ലോ. എന്നാല്‍ അതിന് വിധേയപ്പെടാത്ത ഒന്നായി ഇസ്ലാം എപ്പോഴും കുതറിമാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. മതബോധം വേറെ, സാമൂഹിക അവബോധം വേറെ എന്ന നിലപാടില്‍ ജീവിതത്തെ നോക്കിക്കാണാനും രാഷ്ട്രീയത്തെ നിര്‍വചിക്കാനും വിസമ്മതിച്ച നിരവധി യുവാക്കളിലേക്ക് സോളിഡാരിറ്റി വളര്‍ന്നു. കേരളത്തിലെ പരമ്പരാഗത യുവജന രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ കക്ഷി രാഷ്ട്രീയ അജണ്ടകളില്‍ പരിമിതപ്പെട്ടപ്പോള്‍ അത് സോളിഡാരിറ്റിക്ക് തുറസ്സായ ഇടങ്ങളുണ്ടാക്കുകയായിരുന്നു. ആ ഇടങ്ങളില്‍ പൗരരാഷ്ട്രീയത്തിന്റെയും സാമൂഹികനീതിയുടെയും പുതിയ പ്രക്ഷോഭ മാതൃകകള്‍ ആവിഷ്‌കരിക്കാന്‍ സോളിഡാരിറ്റിക്ക് സാധിച്ചു. അതുകൊണ്ടുതന്നെയാണല്ലോ സോളിഡാരിറ്റിയുടെ പ്രത്യയശാസ്ത്ര ഉള്ളടക്കമുള്ള ഇടപെടലുകളും സാന്നിധ്യവും 'പൊതുമണ്ഡലത്തെ' അശ്ലീലമാക്കുന്നു എന്ന ആകുലത പല 'സാംസ്‌കാരിക പ്രമുഖരും' പങ്കുവെച്ചത്. സാമൂഹിക സാഹചര്യങ്ങളുടെ അനിവാര്യതകള്‍ മനസ്സിലാക്കി സ്വയം പുനരാവിഷ്‌കരിക്കാന്‍ ഒരു മൂവ്മെന്റ് എന്ന നിലയില്‍ സോളിഡാരിറ്റിക്ക് സാധിക്കുന്നുണ്ട് എന്നാണ് എന്റെ വിലയിരുത്തല്‍.
ഒരു സംഘടനക്ക് സാമൂഹികയിടങ്ങളില്‍ കൃത്യമായ അജണ്ടകളോടെ പ്രവര്‍ത്തനമാരംഭിക്കാം, അല്ലെങ്കില്‍ സാമൂഹിക സാഹചര്യങ്ങളുടെ തേട്ടമനുസരിച്ച് ആ മൂവ്മെന്റ് പ്രസക്തമായേക്കാം. എന്താണ് സോളിഡാരിറ്റിയുടെ ആവിര്‍ഭാവത്തിന്റെ കാരണം?
ഒരു സംഘടനയുടെ പ്രസക്തിയെയും സാധ്യതകളെയും ജയപരാജയങ്ങളെയും നിര്‍ണയിക്കുന്നതില്‍ അതിന്റെ രൂപീകരണ ഉദ്ദേശ്യത്തിന് വലിയ പ്രാധാന്യമുണ്ട്. ചോദ്യത്തില്‍ ഉന്നയിച്ച രണ്ട് കാരണങ്ങള്‍ കൊണ്ടും ഒരു മൂവ്മെന്റ് രൂപീകരിക്കാന്‍ സാധിക്കും. എന്നാല്‍ സോളിഡാരിറ്റിയുടെ ആവിര്‍ഭാവവും വളര്‍ച്ചയും സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുടെ തേട്ടമായിരുന്നു. അല്ലാതെ പ്രത്യേകമായ ചില അജണ്ടള്‍ നടപ്പിലാക്കിക്കളയാം എന്ന ഉദ്ദേശ്യത്താല്‍ ഉണ്ടാക്കപ്പെട്ടതല്ല. കേരളത്തില്‍ നിര്‍മാണാത്മകമായ സാമൂഹിക ഇടപെടലുകളുടെയും അജണ്ടകളുടെയും അഭാവം, മുഖ്യധാരാ മനുഷ്യാവകാശ-പൗരാവകാശ രാഷ്ട്രീയത്തിന്റെ പക്ഷപാതിത്വപരമായ സമീപനങ്ങള്‍ ഇതെല്ലാം ഒരു പുതിയ യുവജന സാമൂഹിക പ്രസ്ഥാനത്തെ ആവശ്യപ്പെടുന്നുണ്ടായിരുന്നു. മനുഷ്യാവകാശ പ്രശ്നങ്ങള്‍, തലതിരിഞ്ഞ വികസന കാഴ്ചപ്പാടുകള്‍, ഭരണകൂടത്തിന്റെ ന്യൂനപക്ഷങ്ങളോടുള്ള വിവേചനങ്ങള്‍, പരിസ്ഥിതിവിരുദ്ധ നയങ്ങള്‍ അങ്ങനെ തുടങ്ങി വ്യത്യസ്ത മേഖകളില്‍ സര്‍ഗാത്മക ഇടപെടലുകളുടെ അഭാവം ഉണ്ടായിരുന്നു. കേരളത്തിലെ പരമ്പരാഗത യുവജന പ്രസ്ഥാനങ്ങളാകട്ടെ ഭരണകൂട കക്ഷിരാഷ്ട്രീയ യുക്തിയിലൂടെ മാത്രമാണ് ഇത്തരം വിഷയങ്ങളെ സമീപിച്ചിരുന്നത്. ഈയൊരു സാമൂഹിക രാഷ്ട്രീയ സാഹചര്യം തന്നെയാണ് സോളിഡരിറ്റിയുടെ രൂപീകരണത്തെ പ്രസക്തമാക്കിയത്. ഇതിനര്‍ഥം കേരളത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്ന ആരും തന്നെയുണ്ടായിരുന്നില്ല എന്നല്ല. ഓരോ മേഖലയിലും വിഷയാധിഷ്ഠിതമായി ഇടപെടുന്ന ഒരുപാട് ഗ്രൂപ്പുകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു മൂവ്മെന്റിന്റെ എല്ലാ സാധ്യകളും ഉപയോഗിച്ചുകൊണ്ട് സമഗ്രമായ ഇടപെടല്‍ നടത്താന്‍ സാധിച്ചാല്‍ സാമൂഹിക പ്രക്ഷോഭത്തിന്റെ പുതിയൊരു ഭാവന കൂടി അടയാളപ്പെടുത്തപ്പെടുമായിരുന്നു. ആ സാധ്യതയിലൂന്നിയാണ് സോളിഡാരിറ്റി നിലയുറപ്പിച്ചത്. സോളിഡാരിറ്റി ഇടപെട്ട ഓരോ പ്രശ്നത്തിലും ആ വ്യതിരിക്തത കാണാന്‍ സാധിക്കും. സോളിഡാരിറ്റി എന്ന നാമത്തെ അന്വര്‍ഥമാക്കുന്ന ഐക്യദാര്‍ഢ്യത്തിന്റെ നവസംസ്‌കാരം, അടിച്ചമര്‍ത്തപ്പെടുന്നവരുടെ രാഷ്ട്രീയകര്‍തൃത്വത്തെ ഉറപ്പിക്കുന്ന മറുചോദ്യങ്ങളുടെ രാഷ്ട്രീയം തുടങ്ങി സിവില്‍ പൊളിറ്റിക്സിന്റെയും നവജനാധിപത്യത്തിന്റെയും പുതിയ ഭാഷയും ശൈലിയും രൂപപ്പെടുത്താന്‍ സോളിഡാരിറ്റി സാധ്യമാകുന്നത്ര പരിശ്രമിച്ചിട്ടുണ്ട്.
സോളിഡാരിറ്റിയുടെ പുതിയകാല പ്രവര്‍ത്തനങ്ങളെയും ഇടപെടലുകളെയും ഏതു രീതിയില്‍ അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്? കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രകടമാകുന്ന മാറ്റങ്ങളോട് വിമര്‍ശനാത്മകമായി സമീപിക്കുന്നവര്‍ ധാരാളമുണ്ട്. അതിനോട് ഏങ്ങനെ പ്രതികരിക്കുന്നു?
ശരിയാണ്. സോളിഡാരിറ്റിയില്‍ പ്രകടമാകുന്ന മാറ്റങ്ങളോട് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരുണ്ട്. എന്നാല്‍ അത് മുന്‍ഗണനാക്രമങ്ങളിലുള്ള മാറ്റങ്ങളോ അല്ലെങ്കില്‍ പ്രവര്‍ത്തന സംസ്‌കാരത്തിലുള്ള മാറ്റങ്ങളോ ആണ്. അതല്ലാതെ കഴിഞ്ഞകാല ചരിത്രത്തില്‍നിന്നും സമ്പൂര്‍ണമായ പിന്നോട്ടുപോക്കല്ല. പ്രധാനമായും രണ്ടു കാരണങ്ങളാണ് അതിന്റെ ഭാഗമായി ചൂണ്ടിക്കാണിക്കാനുള്ളത്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ സ്വീകരിക്കുന്ന നയനിലപാടുകളുടെ അനന്തരഫലമായിട്ടാണ് നമ്മുടെ നാട്ടിലെ ഒട്ടുമിക്ക പ്രശ്നങ്ങളും ഉണ്ടാകുന്നത്. അവയുടെ പരിഹാരം അതുകൊണ്ടുതന്നെ അവരുടെ അജണ്ടയിലുണ്ടാവുകയുമില്ല. വികസനം, ഭൂഅധികാരം, ഭരണകൂടവേട്ട, പരിസ്ഥിതിവിരുദ്ധ നയങ്ങള്‍, അഴിമതി, സര്‍ക്കാര്‍ സംവിധാനങ്ങളിലെ വിവേചനം തുടങ്ങി അനവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണകൂടങ്ങള്‍ക്കുമാണ് പ്രധാന പങ്ക്. ഈ പ്രശ്‌നങ്ങളെ അവകാശ രാഷ്ട്രീയത്തിന്റെയും സാമൂഹിക മുന്നേറ്റത്തിന്റെയും തലത്തില്‍ ഉന്നയിക്കുക എന്നതായിരുന്നു സോളിഡാരിറ്റി നിര്‍വഹിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇലക്ഷന്‍ രാഷ്ട്രീയത്തില്‍ ഒന്നിലധികം രാഷ്ട്രീയപാര്‍ട്ടികള്‍ വ്യത്യസ്ത അജണ്ടകളോടുകൂടി കേരളത്തില്‍ രൂപീകരിക്കപ്പെട്ടു. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകളില്‍നിന്ന് വ്യത്യസ്തമായി സിവില്‍ പൊളിറ്റിക്സും ഇലക്ഷന്‍ രാഷ്ട്രീയവും സമന്വയിപ്പിച്ച അത്തരം പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ കേരളത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്നുണ്ട്. സ്വാഭാവികമായും അതിനെ പിന്തുണക്കാനും കൂടെ നില്‍ക്കാനും സോളിഡാരിറ്റിക്കും ബാധ്യതയുണ്ട്.
സോളിഡാരിറ്റി ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ അധികാര രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ ശക്തമായി ഉന്നയിക്കാന്‍ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് ഏറക്കുറെ സാധിക്കുന്നുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ കുറച്ചുകൂടി ഇടപെടലുകള്‍ ആവശ്യമുള്ള പുതിയ മേഖലകളിലേക്ക് ശ്രദ്ധതിരിക്കാനും, അതിന്റെ ഭാഗമായി സോളിഡാരിറ്റിയുടെ മുന്‍ഗണനാക്രമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും തീരുമാനിക്കുകയായിരുന്നു. അതോടൊപ്പമാണ് ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അധികാര പ്രവേശം. ഇന്ത്യയിലെ ഏതൊരു മൂവ്മെന്റിന്റെയും സാമൂഹിക ഇടപെടലുകളുടെ മുന്‍ഗണനാക്രമങ്ങളെ നേര്‍ക്കുനേരെ സ്വാധീനിക്കുന്ന തരത്തില്‍ ഹിന്ദുത്വ ഫാഷിസം നമ്മുടെ മുന്നില്‍ നില്‍ക്കുന്നുണ്ട്. ചുരുക്കത്തില്‍, സാമൂഹികവും രാഷ്ട്രീയവുമായ അനിവാര്യതകളാണ് സോളിഡാരിറ്റിയിലും മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഒരു പ്രസ്ഥാനത്തിന്റെ ചലനാത്മകതയുടെ അടയാളം കൂടിയാണത്. അതിനെ പിന്നോട്ടുപോക്കായി കരുതേണ്ടതില്ല.
ഹിന്ദുത്വ ഫാഷിസത്തിന്റെ അധികാരപ്രവേശം സാമൂഹിക പ്രസ്ഥാനങ്ങളുടെ മുന്‍ഗണനകളില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് പറഞ്ഞു. അതൊന്ന് വിശദീകരിക്കാമോ?
ഹിന്ദുത്വ ഫാഷിസത്തിന്റെ നേരിട്ടുള്ള അധികാരപ്രവേശവും അവരുടെ നയങ്ങളും മുന്നോട്ടുവെക്കുന്നത് വംശഹത്യാ പദ്ധതികളാണ്. ഇന്ത്യയില്‍ അതിനാവശ്യമായ മണ്ണൊരുക്കിയ ശേഷമാണ് ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യകള്‍ക്ക് നേതൃത്വം നല്‍കിയവരെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമൊക്കെ അധികാരത്തിന്റെ ഉന്നത ശ്രേണികളില്‍ എത്തിക്കാന്‍ കഴിയുന്ന വിധത്തില്‍ ദുര്‍ബലമാണ് ഇന്ത്യയിലെ കൊട്ടിഘോഷിക്കപ്പെടുന്ന മഹത്തായ ജനാധിപത്യം. പൗരത്വ ഭേദഗതി നിയമം, കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയല്‍, മുത്ത്വലാഖ് ബില്ല് തുടങ്ങി അനവധി നിയമ പരിഷ്‌കാരങ്ങള്‍ വംശഹത്യാ പദ്ധതികള്‍ക്ക് നിയമസാധുത നല്‍കുന്നതിന്റെ ഉദാഹരണങ്ങളാണ്. എന്നാല്‍ ഇന്ത്യയിലെ മുഖ്യധാരാ ഫാഷിസ്റ്റ്വിരുദ്ധ രാഷ്ട്രീയം ഇതിനെ ആത്മാര്‍ഥമായി തന്നെയാണോ അഭിസംബോധന ചെയ്യുന്നതെന്ന് വിചാരണ ചെയ്യേണ്ടതുണ്ട്. ഇസ്ലാമോഫോബിയ ഉണ്ടാക്കുന്ന മുസ്ലിം വിരുദ്ധ മുന്‍വിധികളുടെ അകമ്പടിയോടു കൂടിയ ഫാഷിസ്റ്റ്‌വിരുദ്ധ രാഷ്ട്രീയമാണ് ഇന്ത്യയിലുള്ളത്. അതിനോടൊക്കെയുള്ള വിമര്‍ശനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സഹകരിക്കുക എന്നതാണ് സോളിഡാരിറ്റിയുടെ നയം.
കേരളത്തിലെ ഇടതുപക്ഷമടക്കമുള്ളവര്‍ സംഘ്പരിവാര്‍ വളര്‍ത്തിയെടുത്ത മുസ്ലിംവിരുദ്ധതയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. ദേശീയ തലത്തില്‍ സംഘ്പരിവാര്‍ മുസ്ലിംകളെ മൊത്തത്തില്‍ അപരവല്‍ക്കരിക്കുമ്പോള്‍ ഇടതുപക്ഷം മുസ്ലിംകളിലെ ചില വിഭാഗങ്ങളെ മുന്‍നിര്‍ത്തി ഇസ്ലാംപേടി പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പുകളിലടക്കം നേട്ടങ്ങളുണ്ടാക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് അമീര്‍-ഹസന്‍-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടാണ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നതു പോലുള്ള പ്രചാരണങ്ങള്‍ ഇടതുപക്ഷം നടത്തിയത്. മാത്രമല്ല തങ്ങള്‍ക്കെതിരെ വരുന്ന ഏതു വിമര്‍ശനത്തെയും ജമാഅത്ത് പോലുള്ള സംഘങ്ങളെ മുന്‍നിര്‍ത്തി മുസ്ലിംവിരുദ്ധത വളര്‍ത്തി പ്രതിരോധിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ അവസാന ഉദാഹരണമായിരുന്നു കെ റെയിലിനെ എതിര്‍ക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന് സി.പി.എം യുവനേതാവ് പറഞ്ഞത്. ഇടതുസഹയാത്രികരടക്കം എതിര്‍ത്ത പദ്ധതിക്കെതിരെയോ അനുകൂലമായോ ഒന്നും പറയാത്ത ജമാഅത്തിനെ വിഷയത്തിലേക്ക് കൊണ്ടുവരുന്നതുതന്നെ നിലവിലുള്ള മുസ്ലിംപേടിയെ ഉപയോഗപ്പെടുത്താനാണെന്നു വ്യക്തം.
ഹിന്ദുത്വ തങ്ങളുടെ ഏറ്റവും വലിയ ശത്രുക്കളായി പ്രഖ്യാപിച്ച മുസ്ലിം സമുദായത്തിന്റെ അതിജീവന പോരാട്ടങ്ങളെ സവിശേഷമായി ശക്തിപ്പെടുത്തുക എന്നതാണ് സോളിഡാരിറ്റിയുടെ നിലവിലെ പ്രധാന അജണ്ട. ഇസ്ലാമിന്റെ സാമൂഹിക വിമോചന ഉള്ളടക്കം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളത്തില്‍ തന്നെ നടന്നിട്ടുള്ള കൊളോണിയല്‍വിരുദ്ധ പോരാട്ടങ്ങള്‍ എന്നും നമ്മുടെ പ്രചോദനമാണ്. ഇസ്ലാമിനെ അവലംബമാക്കിയുള്ള മുസ്ലിംകളുടെ വിശ്വാസപരവും ആത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ ആവിഷ്‌കാരങ്ങളും ആത്മാഭിമാനത്തോടെ ഇവിടത്തെ പൊതുമണ്ഡലത്തില്‍ പ്രതിനിധാനം ചെയ്യാന്‍ സോളിഡാരിറ്റി പ്രതിജ്ഞാബദ്ധമാണ്. ജീവന്നും അഭിമാനത്തിനും വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന ഇസ്ലാമോഫോബിയയുടെ കാലത്ത് ഏറ്റവും വലിയ പ്രതിരോധവും അതുതന്നെയാണ്.
പുതിയ പ്രവര്‍ത്തന കാലയളവില്‍ ഇത്തരം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എന്തെല്ലാം പദ്ധതികളാണ് സോളിഡാരിറ്റി ആവിഷ്‌കരിച്ചിരിക്കുന്നത്?
ഏതു പ്രതികൂല സാഹചര്യത്തിലും തങ്ങളുടെ അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള ധീരത മുസ്‌ലിംയുവാക്കളില്‍ വളര്‍ത്താനാണ് സോളിഡാരിറ്റി കാര്യമായി ശ്രമിക്കുന്നത്. അതിന് അനിവാര്യമായും വേണ്ടതാണ് ഇസ്ലാമിനെ കുറിച്ചുള്ള അടിയുറച്ച ബോധ്യം. അതിനായി യുവാക്കള്‍ക്ക് ദീനീ വിജ്ഞാനീയങ്ങളില്‍ സാമാന്യ ധാരണയുണ്ടാക്കാനുള്ള സംവിധാനമെന്ന നിലയില്‍ ദാറുല്‍ അര്‍ഖം സ്റ്റഡി സെന്ററുകള്‍ സജീവമായി നടത്തുന്നുണ്ട്. ഓഫ്‌ലൈനായി തുടങ്ങിയ ഈ സംവിധാനം ഇപ്പോള്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി വികസിപ്പിച്ചിരിക്കുന്നു.
ആത്മീയ കരുത്തിനൊപ്പം ഭൗതികമായും യുവാക്കളെ ശക്തിപ്പെടുത്താനും അവരവരുടെ മേഖലയില്‍ അവരെ സംഘടിപ്പിക്കാനും സംരംഭങ്ങളില്‍ ലിങ്കുകള്‍ ഉണ്ടാക്കാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. നിര്‍മാണ മേഖലയിലെ കൂട്ടായ്മയായ കോഎര്‍ത്ത് ഫൗണ്ടേഷന്‍, ബിസിനസ് ക്ലബ്, ഫാര്‍മേഴ്സ് ക്ലബ് എന്നിവ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇനിയും വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മകള്‍ രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുമുണ്ട്.
അധികാര പങ്കാളിത്തത്തിന്റെ പ്രധാന മേഖലയാണല്ലോ രാജ്യത്തെ സിവില്‍ സര്‍വീസടക്കമുള്ള ഉദ്യോഗങ്ങള്‍. അവയിലേക്കുള്ള മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനങ്ങളും ഓറിയന്റേഷനുകളും നല്‍കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം സാമൂഹിക പിന്നാക്കാവസ്ഥയനുഭവിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അവരെ അധികാര പങ്കാളിത്തത്തിലേക്കും വിദ്യാഭ്യാസ പുരോഗതിയിലേക്കും നയിക്കാനുള്ള കമ്യൂണിറ്റി എംപവര്‍മെന്റ് പ്രോജക്ടുകള്‍ നടത്തുന്നുണ്ട്. യുവാക്കളുടെ സംസ്‌കരണം സാധ്യമാക്കുന്ന പള്ളി, മദ്‌റസ പോലുള്ള സംവിധാനങ്ങളും സോളിഡാരിറ്റി നടത്തുന്നുണ്ട്.
മുസ്ലിംവിരുദ്ധത ശക്തിപ്പെടുന്നതിന്റെ ഭാഗമായി യുവാക്കള്‍ വേട്ടയാടപ്പെടുന്ന അവസ്ഥയുണ്ട്. പൗരത്വ സമരത്തിലും മറ്റും സജീവമായിരുന്നവരെ ജയിലിലടക്കുകയും നിയമവ്യവസ്ഥ പോലും പലപ്പോഴും അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം നീതിനിഷേധങ്ങള്‍ക്കെതിരെ പോരാടാനും സോളിഡാരിറ്റി മുന്നിട്ടിറങ്ങുന്നുണ്ട്. എന്‍.ഐ.എക്കെതിരെ സോളിഡാരിറ്റി സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. യുവാക്കളുടെ അന്യായ ജയില്‍വാസത്തിന് പ്രധാന കാരണമായ യു.എ.പി.എക്കെതിരെ സകരിയ്യയുടെ ഉമ്മയെ മുന്‍നിര്‍ത്തി സോളിഡാരിറ്റി സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. പൗരാവകാശ സംരക്ഷണത്തിനായുള്ള നിയമ പോരാട്ടങ്ങള്‍ക്കൊപ്പം ജയിലിലുള്ളവരുടെ കുടുംബങ്ങളുടെ പുനരധിവാസത്തിനും സോളിഡാരിറ്റി ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഭരണകൂട ഭീകരതയുടെയും ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും ആസൂത്രിത വംശഹത്യയുടെയും കാലത്ത് യുവാക്കളെ ആത്മീയമായും ധാര്‍മികമായും പിന്തുണച്ച് നെഞ്ചുവിരിച്ച് പോരാടാന്‍ സോളിഡാരിറ്റി എന്നും കൂടെയുണ്ടാകും. അതിനായുള്ള സംഘടനാ പ്രവര്‍ത്തനങ്ങളാണ് സോളിഡാരിറ്റി ആവിഷ്‌കരിച്ചിരിക്കുന്നത്.
Comments