Prabodhanm Weekly

Pages

Search

2021 ജൂലൈ 16

3210

1442 ദുല്‍ഹജ്ജ് 06

മുസ്‌ലിം ലീഗ് പൊതു പ്ലാറ്റ്‌ഫോം ആകട്ടെ

കെ.പി ഉമര്‍

ജൂലൈ രണ്ട് ലക്കത്തില്‍ മുസ്‌ലിം രാഷ്ട്രീയ ഗതിവിഗതികള്‍ ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങള്‍ ശ്രദ്ധേയമായി. ഇസ്‌ലാം, മുസ്‌ലിം, ഇസ്‌ലാമിക രാഷ്ട്രം, ഇസ്‌ലാമിക രാഷ്ട്രീയം, ഇസ്‌ലാമിക് ബാങ്ക്... ഇങ്ങനെയുള്ള പദങ്ങള്‍ ചിലര്‍ക്ക് ഇഷ്ടമാകുന്നില്ല. വര്‍ഗീയതയുടെ പര്യായ പദങ്ങളായിട്ടാണ് അവര്‍ ഇതിനെയൊക്കെ കാണുന്നത്. എന്തിനാണ് നിങ്ങള്‍ ഇതൊക്കെ പറഞ്ഞുകൊണ്ട് നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നത് എന്ന് ഇത്തരക്കാര്‍ ചോദിക്കാറുണ്ട്. മുസ്‌ലിംകളിലും ഇങ്ങനെയുള്ളവരെ കാണാം. എങ്കില്‍ പിന്നെ ഈ അറബി പദങ്ങള്‍ തല്‍ക്കാലം മാറ്റിവെച്ച് പകരം മലയാള പദങ്ങള്‍ ആക്കിയാലോ?
ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇവിടെ ജീവിക്കാതെ പറ്റില്ല. ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യ എല്ലാ മതവിശ്വാസങ്ങളെയും ഉള്‍ക്കൊള്ളാവുന്ന ഉന്നതമായ ഒരു ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നു. പിന്നെ എന്താണ് പ്രശ്‌നം? ഒരു പ്രശ്‌നം മാത്രമേയുള്ളൂ. സവര്‍ണ മേധാവിത്വവും അതിന്റെ വംശീയതയും. അതിന്റെ വിപത്തുകള്‍ ഇന്ത്യന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുള്ള യഥാര്‍ഥ പരിഹാരം മനുഷ്യമഹത്വം ഉള്‍ക്കൊള്ളുന്ന ആശയം പ്രചരിപ്പിക്കുക എന്നതാണ്. ഇതാണ് ഇസ്‌ലാമിക രാഷ്ട്രീയം, അല്ലെങ്കില്‍ മുസ്‌ലിം രാഷ്ട്രീയം. 
ഉത്തമ സമുദായം, മധ്യമ സമുദായം എന്നീ വിശേഷണങ്ങള്‍ നല്‍കിക്കൊണ്ട് ഖുര്‍ആന്‍ മുസ്‌ലിംകളെ ഈ ഉത്തരവാദിത്തം ഏല്‍പിച്ചിരിക്കുന്നു. മുസ്‌ലിംകള്‍ ഭിന്നിക്കാതെ ഒന്നിച്ചു നിന്നുകൊണ്ട് ഒരു ആദര്‍ശ സമൂഹം എന്ന നിലയിലാണ് മുന്നോട്ടു പോകേണ്ടത്. ഇന്ത്യയില്‍, നിലവില്‍ മുസ്‌ലിം സമുദായം ഭിന്നിച്ചുകഴിഞ്ഞിരിക്കുന്നു. വിവിധ സംഘടനകളില്‍ നിലകൊണ്ടുകൊണ്ടു തന്നെ അവര്‍ക്ക് ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ ഒന്നിക്കാ
നും വിവിധ തെരഞ്ഞെടുപ്പുകളില്‍ വിവിധ മുന്നണികളില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ പങ്കാളികളാകാനും കഴിഞ്ഞാല്‍ ഇന്ത്യക്ക് പൊതുവില്‍ വലിയ പുരോഗതി കൈവരിക്കാന്‍ കഴിയും. മുസ്‌ലിംകള്‍ എന്ന ഉത്തമ സമുദായം ആടിയുലയാതെ നിലനില്‍ക്കുകയും ചെയ്യും. മുസ്‌ലിം ലീഗ് എന്ന പൊതു പ്ലാറ്റ്‌ഫോമില്‍ വ്യവസ്ഥകളോടുകൂടി എല്ലാവരും വന്നു ചേര്‍ന്ന് ആ ശക്തി രൂപപ്പെട്ടുകഴിഞ്ഞാല്‍ നാട്ടിലെ ഏറ്റവും അനുയോജ്യമായ രാഷ്ട്രീയ മുന്നണികളുമായി തത്ത്വാധിഷ്ഠിതമായ കരാറുകളുടെ അടിസ്ഥാനത്തില്‍ പങ്കാളിത്തം നല്‍കി കരുത്ത് നേടാന്‍ കഴിയും. ഈ കാര്യമാണ് സമുദായ നേതാക്കള്‍ കൂടിയാലോചിക്കേണ്ടത്.
 

 

നാസ്തികതയെ ഫാഷിസം വിഴുങ്ങുന്നു

ഇസ്മാഈല്‍ പതിയാരക്കര, ബഹ്‌റൈന്‍

നവനാസ്തികതയുടെ തരിശുഭൂമികളില്‍ ഫാഷിസം കൃഷിചെയ്യുന്ന സമകാലിക കേരളത്തെ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടുള്ള (ലക്കം 3207) പതിപ്പ് അവസരോചിതമായി. രാഷ്ട്രീയ, സാംസ്‌കാരിക, കലാ, സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഒരു മുസ്‌ലിമിന്റെ ഐഡന്റിറ്റി ചിലപ്പോഴൊക്കെ  പ്രശ്‌നമാകാറുണ്ടെന്ന കാര്യം പ്രശസ്തരായ പലരും ഒളിഞ്ഞും തെളിഞ്ഞും സമ്മതിച്ച വസ്തുതയാണെങ്കിലും, മതത്തെ ജീവിത വ്യവഹാരങ്ങള്‍ക്ക് തീണ്ടാപ്പാടകലെ നിര്‍ത്തി എന്നഭിമാനിക്കുന്ന യുക്തിവാദി സമൂഹത്തിലും അറബി പേരുള്ളവര്‍ വിവേചനം അനുഭവിക്കുന്നു എന്ന് വായിച്ചപ്പോള്‍ ഉള്ളില്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്ന സവര്‍ണ ബോധത്തിന്റെ പുറത്തണിഞ്ഞിരിക്കുന്ന ഉത്തരീയം മാത്രമാണ് ചിലര്‍ക്കെങ്കിലും യുക്തി ചിന്ത എന്ന് തോന്നിപ്പോയി.
കേരളത്തില്‍ നാസ്തികതയുടെ മറവില്‍ ഇസ്‌ലാം വിമര്‍ശനം നടത്തുന്ന യുക്തിവാദി നേതാക്കന്മാര്‍ക്കൊന്നും അങ്ങേയറ്റം പിന്തിരിപ്പന്‍ ആശയങ്ങള്‍ കൊണ്ടു നടക്കുന്ന സംഘ് പരിവാര്‍ വേദികളില്‍ നിറഞ്ഞാടാന്‍ യാതൊരു പ്രശ്‌നവുമില്ല എന്നതും ഇക്കൂട്ടരുടെ കാപട്യത്തിന്റെ  വലിയ ഉദാഹരണങ്ങളിലൊന്നാണ്.


പ്രബോധനം വായനാ രീതിയെക്കുറിച്ച്

എ.പി അലി, അയ്യലത്ത്, പറവൂര്‍

പ്രബോധനം വാരിക ആദ്യന്തം വായിക്കേണ്ടത് പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് വളരെ അനിവാര്യമാണ്.ഇസ്‌ലാമിക പ്രസ്ഥാനത്തെക്കുറിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യാന്‍, ലോക ഇസ്‌ലാമിക ചലനങ്ങളറിയാന്‍, ഓരോ ആഴ്ചയിലെയും കാലികപ്രധാന വിഷയങ്ങള്‍ പ്രാസ്ഥാനിക വീക്ഷണത്തില്‍ മനസ്സിലാക്കാന്‍, സര്‍വോപരി ഖുര്‍ആനും ഹദീസും പഠിക്കാന്‍ അത് നമ്മെ സഹായിക്കുന്നു.
മിക്കവരും പ്രബോധനം കൈയില്‍ കിട്ടിയാല്‍ ആദ്യം ഒന്ന് മൊത്തത്തില്‍ മറിച്ചുനോക്കി തനിക്കിഷ്ടപ്പെട്ട ലേഖനങ്ങള്‍ ആദ്യം വായിക്കുകയാണ് ചെയ്യുന്നത്. ഈ രീതി ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. കാരണം അവശേഷിക്കുന്നലേഖനങ്ങള്‍ വായിക്കാന്‍ മടുപ്പ് അനുഭവപ്പെടും. മറിച്ച് ആദ്യത്തെ മുഖക്കുറിപ്പ് മുതല്‍ ക്രമത്തില്‍ വായിച്ചുനോക്കു. അടുത്ത ലേഖനത്തിനായി നമുക്ക് ജിജ്ഞാസ തോന്നുകയും മടുപ്പില്ലാതെ പൂര്‍ണമായി വായിക്കാന്‍ കഴിയുകയും ചെയ്യും. 
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (44-47)
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടത്തിന്റെ നേരും നെറിയും
സി.പി മുസമ്മില്‍ കണ്ണൂര്‍