Prabodhanm Weekly

Pages

Search

2021 ജൂലൈ 16

3210

1442 ദുല്‍ഹജ്ജ് 06

അടിമസ്ത്രീകള്‍

ടി.കെ.എം ഇഖ്ബാല്‍

ഇസ്ലാമും അടിമത്തവും എന്ന ചര്‍ച്ചയിലെ ഏറ്റവും വിവാദപരമായ വശം ഒരുപക്ഷേ അടിമസ്ത്രീകളുമായി ബന്ധപ്പെട്ടതായിരിക്കും. അടിമസ്ത്രീകളെ വിവാഹം ചെയ്യാന്‍ പുരുഷന്മാരായ ഉടമകളെ പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാം, വിവാഹബന്ധത്തിലൂടെയും അല്ലാതെയും അവരുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ ഉടമകളെ അനുവദിക്കുന്നു എന്നതാണ് വിമര്‍ശനവിധേയമാവുന്നത്. ഇസ്ലാം എന്തുകൊണ്ട് അടിമത്തം നിരോധിച്ചില്ല എന്ന ചോദ്യത്തിലെന്ന പോലെ അടിമത്തത്തിന്റെ സ്വഭാവവും അടിമസ്ത്രീകളുടെ അവസ്ഥയും മനസ്സിലാക്കിക്കൊണ്ടു മാത്രമേ ഇതിന് ഉത്തരം കണ്ടെത്താന്‍ കഴിയൂ. വിവാഹം, സ്ത്രീ, കുടുംബം ഇവയെക്കുറിച്ച ഇസ്ലാമിന്റെ പൊതുവായ നിര്‍ദേശങ്ങള്‍ വെച്ചു കൊണ്ടോ സ്ത്രീ സ്വാതന്ത്ര്യത്തക്കുറിച്ച ആധുനിക പരികല്‍പനകള്‍ വെച്ചുകൊണ്ടോ ഈ വിഷയം മനസ്സിലാക്കാന്‍ കഴിയില്ല. നേരത്തേ പരാമര്‍ശിച്ചതു  പോലെ സമൂഹത്തില്‍ ഒരു നിലയും വിലയുമില്ലാത്ത പാഴ്ജന്മങ്ങളായിരുന്നു അടിമകള്‍; അടിമസ്ത്രീകള്‍ പ്രത്യേകിച്ചും. ലൈംഗിക ചൂഷണത്തിന്റെ ഏറ്റവും വലിയ ഇരകളായിരുന്നു അവര്‍. എത്ര പുരുഷന്മാര്‍ക്ക് വേണമെങ്കിലും അവരെ ലൈംഗികമായി ഉപയോഗിക്കാമായിരുന്നു. സ്വന്തം ലൈംഗികദാഹം ശമിപ്പിക്കാന്‍ അടിമസ്ത്രീകളെ ഉപയോഗിക്കുന്നതോടൊപ്പം ഉടമകള്‍ അവരെ വേശ്യകളാക്കി മറ്റു പുരുഷന്മാര്‍ക്ക് സമര്‍പ്പിക്കുന്ന സമ്പ്രദായം സാര്‍വത്രികമായിരുന്നു.  അടിമകളോ സ്വതന്ത്രരോ ആയ പുരുഷന്മാര്‍ക്ക് അടിമസ്ത്രീകളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ അടിമകളായിത്തന്നെ ജീവിക്കുകയും അടിമച്ചന്തകളില്‍ വിലപേശി വില്‍ക്കപ്പെടുകയും ചെയ്തു. അടിമകളായ മാതാപിതാക്കള്‍ക്കും അവരുടെ സന്തതിപരമ്പരകള്‍ക്കും സ്വാതന്ത്ര്യം എന്നും വിദൂര സ്വപ്‌നമായി അവശേഷിച്ചു.
ഈ അവസ്ഥാവിശേഷം അതേപടി തുടരാന്‍ അനുവദിക്കുന്നതിനു പകരം ഇസ്ലാം അതില്‍ ഇടപെടുകയും അതിനെ മാറ്റിമറിക്കുകയും ചെയ്തു. രണ്ട് വഴികളിലൂടെയായിരുന്നു അടിമകള്‍ ഇസ്ലാമിക സമൂഹത്തിലേക്ക് കടന്നുവന്നത്: ഒന്ന്, പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ട അടിമസ്ത്രീകളും പുരുഷന്മാരും. രണ്ട്, യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട് അടിമകളായി മാറുന്ന സ്ത്രീകളും പുരുഷന്മാരും. ഈ രണ്ട് വഴികളിലൂടെയും വന്നു ചേരുന്ന അടിമസ്ത്രീകളും അവരുടെ ഉടമകളും തമ്മിലുള്ള ബന്ധത്തെ ഇസ്ലാം വ്യവസ്ഥപ്പെടുത്തുകയും നിയമവിധേയമാക്കുകയും ചെയ്തു. ഉടമസ്ഥാവകാശമാണ് ഇസ്ലാമിക ശരീഅത്തില്‍ അടിമ-ഉടമ ബന്ധത്തിന്റെ നിയമപരമായ അടിസ്ഥാനം. അടിമകളെക്കുറിച്ച് 'വലംകൈ അധീനപ്പെടുത്തിയത്' എന്ന ഖുര്‍ആന്റെ പ്രയോഗം നിയമപരമായ ഈ ഉടമസ്ഥാവകാശത്തെയാണ് സൂചിപ്പിക്കുന്നത്. പരമ്പരാഗത അടിമകളെ ഉടമകള്‍ വിലയക്കു വാങ്ങുകയോ അവര്‍ക്ക് മറ്റാരെങ്കിലും സമ്മാനമായി സമര്‍പ്പിക്കുകയോ ചെയ്യുന്നു. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളെ ഇസ്ലാമിക ഭരണകൂടമാണ് സ്വതന്ത്രരായ പുരുഷന്മാര്‍ക്ക് നിയമവിധേയമായി ഏല്‍പ്പിച്ചു കൊടുക്കുന്നത്. ഇങ്ങനെ വന്നു ചേരുന്ന ഉടമസ്ഥാവകാശം വിവാഹം പോലെ ഒരു കരാറായി മറുന്നു. അതോടെ, അടിമസ്ത്രീയുടെ മേലുള്ള അധികാരവും അവകാശവും ഉടമയായ പുരുഷനില്‍ പരിമിതപ്പെടുന്നു. ഉടമയൊഴികെ വേറെ ഒരു പുരുഷനും അവളുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ അനുവാദമില്ല. ഉടമക്ക് അവളുടെ ഉടമാവകാശം വേറൊരാള്‍ക്ക് കൈമാറാം. പക്ഷേ, അയാളുടെ ഉടമസ്ഥതയിലായിരിക്കുന്ന കാലത്തോളം വേറൊരു പുരുഷന് ലൈംഗികാസ്വാദനത്തിനു വേണ്ടി അവളെ സമര്‍പ്പിക്കാന്‍ പാടില്ല. അടിമസ്ത്രീകളെ നിങ്ങള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത് എന്ന് ഖുര്‍ആന്‍ ഉടമകളോട് നിര്‍ദേശിച്ചത് അത്തരം ഒരു ഏര്‍പ്പാട് സമൂഹത്തില്‍ വ്യാപകമായി നിലവിലുണ്ടായിരുന്നതുകൊണ്ടാണ്.
അടിമസ്ത്രീ-ഉടമ ബന്ധത്തിന്റെ നിയമപരമായ അടിസ്ഥാനം ഉടമസ്ഥാവകാശമായിരിക്കെത്തന്നെ  വിവാഹബന്ധത്തെ അതിനു മുകളില്‍ ഇസ്ലാം പ്രതിഷ്ഠിച്ചു. ഉടമ അടിമസ്ത്രീയെ വിവാഹം ചെയ്താല്‍ ഭാര്യയുടെ എല്ലാ അവകാശങ്ങളും അവള്‍ക്ക് വകവെച്ചു കൊടുക്കണം. മറ്റൊരാള്‍ക്ക് അവളെ വിവാഹം ചെയ്തു കൊടുക്കുകയാണെങ്കില്‍, അവളുടെ ശാരീരികാധ്വാനത്തില്‍ തുടര്‍ന്നും ഉടമക്ക് അവകാശമുണ്ടാവുമെങ്കിലും, അവളുടെ മേലുള്ള അയാളുടെ ലൈംഗികമായ എല്ലാ അവകാശങ്ങളും അതോടെ അവസാനിക്കുന്നു. അവളുമായി പിന്നീട് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതു പോയിട്ട് അവളുടെ നഗ്‌നശരീരം കാണുന്നതു പോലും ഉടമക്ക് വിലക്കപ്പെട്ടതാണ്. അവളെ രാത്രിസമയം ഭര്‍ത്താവിന്റെ കൂടെ ചെലവഴിക്കുന്നതില്‍നിന്ന് തടയാന്‍ ഉടമക്ക് അധികാരമില്ല. അടിമകളെ അവര്‍ക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് നിര്‍ബന്ധിക്കാന്‍ ഉടമക്ക് അനുവാദമില്ല.  മേല്‍ പറഞ്ഞതെല്ലാം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഇസ്ലാമിക കര്‍മശാസ്ത്രകാരന്മാര്‍ അംഗീകരിച്ചതും ഇസ്ലാമിക നിയമത്തിന്റെ ഭാഗമായി മാറിയതുമായ കാര്യങ്ങളാണ്.
ലൈംഗികാസ്വാദനത്തിന്റെ കണ്ണിലൂടെ മാത്രം ഇസ്ലാമിലെ അടിമസ്ത്രീ- ഉടമ ബന്ധത്തെ കാണുന്നവര്‍ക്ക് ഇസ്ലാം വരുത്തിയ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ധാന്യക്കറ്റകള്‍ പോലെ ചവിട്ടിമെതിക്കപ്പെട്ടിരുന്ന അടിമസ്ത്രീ ജീവിതങ്ങള്‍ക്ക് ഇസ്ലാം തണലും സുരക്ഷിതത്വവും നല്‍കി. മാന്യമായ വിവാഹ ജീവിതത്തിന് അവര്‍ക്ക് അവസരമൊരുക്കി. വിവാഹിതരല്ലാത്ത അടിമസ്ത്രീകള്‍ക്ക് ഉടമയുടെ കീഴില്‍ ചൂഷണാത്മകമല്ലാത്ത ലൈംഗിക ജീവിതവും സാമ്പത്തികമായ സുരക്ഷിതത്വവും ലഭിച്ചു. വിവാഹത്തിലെന്ന പോലെ, അടിമസ്ത്രീ-ഉടമ ബന്ധത്തിലും ലൈംഗിക വേഴ്ചക്ക് സ്ത്രീയുടെ സമ്മതം (Consent) ഒരു ഉപാധിയായി ഇസ്ലാം നിശ്ചയിച്ചിട്ടില്ല. ഭാര്യയുമായും അടിമസ്ത്രീയുമായുള്ള ഊഷ്മളമായ മാനുഷിക, വൈകാരിക ബന്ധത്തിനാണ് ഇസ്ലാം ഊന്നല്‍ നല്‍കുന്നത്. ഭാര്യയുമായും അടിമകളുമായും നല്ല നിലയില്‍ വര്‍ത്തിക്കാനും അവരുടെ വികാരങ്ങളും ആവശ്യങ്ങളും മാനിക്കാനുമുള്ള പ്രവാചകന്റെ അധ്യാപനങ്ങളില്‍ ഇത് ഉള്‍ച്ചേര്‍ന്നിരിക്കുന്നു. തന്നോടുള്ള ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുന്ന ഭര്‍ത്താവിനെതിരെ ന്യായാധിപന്റെ മുമ്പിലോ ഭരണാധികാരിയുടെ മുമ്പിലോ പരാതി ബോധിപ്പിക്കാനും അനിവാര്യമായി വന്നാല്‍ വിവാഹമോചനം തേടാനും ഭാര്യക്ക് അനുവാദമുള്ളതു പോലെ, തന്നോട് മോശമായി പെരുമാറുന്ന ഉടമക്കെതിരെ പരാതി ബോധിപ്പിക്കാനും ഉടമയില്‍നിന്ന് മോചനം ആവശ്യപ്പെടാനും അടിമക്ക് ഇസ്ലാം അധികാരം നല്‍കുന്നു. ഇത്തരം ധാരാളം പരാതികളില്‍ ന്യായാധിപന്മാര്‍ അടിമകളായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനുകൂലമായി വിധി പറഞ്ഞത് ഇസ്ലാമിക ചരിത്രത്തില്‍ കാണാന്‍ കഴിയും. ഉടമകളുടെ അമിതമായ ലൈംഗികാവശ്യങ്ങള്‍ക്കെതിരെയുള്ള അടിമസ്ത്രീകളുടെ പരാതികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അടിമസ്ത്രീയെ അവള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനപ്പുറമുള്ള ലൈംഗിക വേഴ്ചക്ക് ഉടമ നിര്‍ബന്ധിച്ചാല്‍ അതിന്റെ പേരില്‍ അവളെ സ്വതന്ത്രയാക്കണം എന്നഭിപ്രായപ്പെട്ട ഒരു ഹനഫി പണ്ഡിതനെക്കുറിച്ച് ജോനാഥന്‍ എ.സി ബ്രൗണ്‍ കഹെമാ മിറ ടകമ്‌ലൃ്യ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.
അടിമസ്ത്രീകളുമായി ബന്ധപ്പെട്ട് ഇസ്ലാം നടപ്പില്‍ വരുത്തിയ ഏറ്റവും വിപ്ലവകരമായ പരിഷ്‌കരണം സ്വതന്ത്രരായ പുരുഷന്മാര്‍ക്ക് അടിമസ്ത്രീകളില്‍ ജനിക്കുന്ന കുട്ടികള്‍ സ്വതന്ത്രരായി മാറുന്നു എന്നതാണ്. കുട്ടികള്‍ ജനിക്കുന്നതോടെ അടിമസ്ത്രീയുടെ പദവി 'ഉമ്മുല്‍ വലദ്' (കുട്ടിയുടെ മാതാവ്) എന്നതിലേക്ക് ഉയരുന്നു. പിന്നീടവളെ വില്‍ക്കാന്‍ പാടില്ല. ഉടമയുടെ മരണത്തോടെ അവള്‍ സ്വതന്ത്രയായി മാറുന്നു. അവളുടെ കുട്ടികള്‍ക്ക്, ഭാര്യമാരില്‍ ജനിക്കുന്ന കുട്ടികളെപ്പോലെ ഉടമയുടെ സ്വത്തില്‍ അവകാശമുണ്ടായിരിക്കും. ഉടമയുടെ മരണത്തിനു ശേഷം അവളുടെ സംരക്ഷണച്ചുമതല  കുട്ടികള്‍ക്കായിരിക്കും. അടിമസ്ത്രീകളെ സമൂഹത്തിലേക്ക് സ്വതന്ത്രരാക്കി വിടാനും, സ്വതന്ത്രരാക്കിക്കൊണ്ട്  വിവാഹം ചെയ്യാനും ഇസ്ലാം നല്‍കിയ പ്രോത്സാഹനത്തിനു പുറമെയാണിത്. ഇങ്ങനെയുള്ള വിവാഹത്തിന് അല്ലാഹുവിങ്കല്‍ ഇരട്ടി പ്രതിഫലമുണ്ടെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. 'തന്റെ അടിമസ്ത്രീയെ സംസ്‌കാരസമ്പന്നയാക്കുകയും അവള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം  നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് വിവാഹം കഴിക്കുകയും ചെയ്തവന് ഇരട്ടി പ്രതിഫലമുണ്ട്' (ബുഖാരി, മുസ്ലിം). സ്വതന്ത്രയാക്കാതെയും അടിമസ്ത്രീയെ വിവാഹം ചെയ്യാന്‍ ഉടമക്ക് അനുവാദമുണ്ട്. അടിമസ്ത്രീയെ വിവാഹം ചെയ്യാന്‍ മാത്രമല്ല, അവളെ മാനസികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഉയര്‍ത്തിക്കൊണ്ടു വരാന്‍ കൂടിയാണ് പ്രവാചകന്‍ അനുയായികളെ ഉദ്‌ബോധിപ്പിക്കുന്നത്.
അടിമകളോ സ്വതന്ത്രരോ ആയ പുരുഷന്മാര്‍ക്ക് അടിമസ്ത്രീകളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ അടിമകളായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്. ഒരേസമയം നിരവധി പുരുഷന്മാര്‍ അടിമസ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതുകൊണ്ട് അവര്‍ക്ക് ജനിക്കുന്ന കുട്ടികളുടെ പിതൃത്വം നിര്‍ണയിക്കാന്‍ പോലും പ്രയാസമായിരുന്നു. അത്തരം കുട്ടികള്‍ അടിമസമൂഹത്തിന്റെ ഭാഗമായി മാറുന്നതുകൊണ്ട് അത്  നിര്‍ണയിക്കേണ്ടത് ഒരാവശ്യമായി കരുതപ്പെട്ടിരുന്നുമില്ല. ഇസ്ലാം അരാജകമായ ഈ സമ്പ്രദായത്തിന് അറുതി വരുത്തുകയും അടിമസ്ത്രീകളില്‍ ഉടമകള്‍ക്ക് ജനിക്കുന്ന കുട്ടികളെ  സ്വതന്ത്രരായി പരിഗണിച്ചുകൊണ്ട് അടിമകളുടെ വിമോചനത്തിനു വേണ്ടി നിര്‍ണായകമായ ഇടപെടല്‍ നടത്തുകയും  ചെയ്തു. അടിമസ്ത്രീകളുടെയും സ്വതന്ത്രരായ പുരുഷന്മാരുടെയും രക്തത്തെ ഇടകലര്‍ത്തിക്കൊണ്ട് സ്വതന്ത്രരായ മനുഷ്യരുടെ പുതിയ തലമുറയെ സൃഷ്ടിച്ചു. അതോടെ അടിമകള്‍ എല്ലാ കാലവും അടിമകളായി തുടരുന്ന സാമൂഹികാവസ്ഥ ഇല്ലാതായി. അടിമവ്യവസ്ഥയെ അതിനുള്ളില്‍ നിന്നു കൊണ്ട് തകര്‍ക്കാനും ക്രമപ്രവൃദ്ധമായി ഇല്ലാതാക്കാനുമുള്ള ഇസ്ലാമിന്റെ സാമൂഹിക ഇടപെടലിന്റെ ഭാഗമായിട്ടു വേണം ഇത് മനസ്സിലാക്കാന്‍. ഭാര്യമാരുടെ എണ്ണം നാലില്‍ പരിമിതപ്പെടുത്തിയതു പോലെ അടിമസ്ത്രീകളുടെ എണ്ണം പരിമിതപ്പെടുത്താതിരുന്നതിന്റെ യുക്തിയും ഇതു തന്നെയായിരിക്കാം.  ഉടമക്ക് തന്റെ കീഴിലുള്ള അടിമസ്ത്രീകളെ വിവാഹം കഴിക്കാനോ സ്വതന്ത്രരാക്കാനോ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാനോ കൂടി അവകാശമുണ്ട് എന്നോര്‍ക്കണം. അടിമസ്ത്രീകളുമായി ഇതൊന്നുമല്ലാത്ത തരത്തിലുള്ള ഒരു ബന്ധം അടിമത്തവ്യവസ്ഥക്കകത്ത് സാധ്യമായിരുന്നില്ല. അടിമസ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്താനുള്ള അനുവാദം അടിമത്തം നിലനില്‍ക്കുന്ന ഒരു ചരിത്ര, സാമൂഹിക പരിസരത്തു മാത്രമാണ് പ്രസക്തമാവുന്നത്. അതു തന്നെയും ഉടമകള്‍ക്ക് അനിയന്ത്രിതമായ ലൈംഗികാസ്വാദനത്തിന്  അവസരം നല്‍കാന്‍ വേണ്ടിയുള്ളതല്ല എന്ന് നാം കണ്ടു. അടിമസ്ത്രികള്‍ക്ക് മാന്യവും സുരക്ഷിതവുമായ ജീവിതം ഉറപ്പുവരുത്താന്‍ വേണ്ടിയും അടിമമോചനത്തിന് അവസരമൊരുക്കാന്‍ വേണ്ടിയും അതിലൂടെ അടിമവ്യവസ്ഥയെത്തന്നെ ക്രമത്തില്‍ ഇല്ലാതാക്കാന്‍ വേണ്ടിയുള്ളതുമാണ്. അടിമത്തം നിലവിലില്ലാത്ത ഒരു ലോക സാഹചര്യത്തില്‍ ഏതെങ്കിലും വ്യക്തിയോ ഭരണകൂടമോ സ്വതന്ത്രരായ സ്ത്രീകളെയോ പുരുഷന്മാരെയോ അടിമകളാക്കുന്നതിന് ഇസ്ലാമികമായ യാതൊരു ന്യായീകരണവുമില്ല. അടിമമോചനത്തിന് വമ്പിച്ച പ്രോത്സാഹനം നല്‍കിയ പ്രവാചകന്‍ സ്വതന്ത്രരായ മനുഷ്യരെ അടിമകളാക്കുന്നത് നിരോധിക്കുകയും ചെയ്തു. അടിമത്തം നിലവിലില്ലാത്ത ഒരു സാഹചര്യത്തില്‍ അത് തിരിച്ചുകൊണ്ടുവരാന്‍ ഒരു ഇസ്ലാമിക സമൂഹത്തിന് എങ്ങനെയാണ് അനുവാദമുണ്ടാവുക? 
(തുടരും)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (44-47)
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടത്തിന്റെ നേരും നെറിയും
സി.പി മുസമ്മില്‍ കണ്ണൂര്‍