സ്ത്രീ; ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ ഇനിയുമുണ്ട്
ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു നബിവചനമുണ്ട്; 'ഒരാള്‍ക്ക് ഒരു പെണ്‍കുട്ടി ജനിക്കുന്നു. അയാള്‍ അവളെ കുഴിച്ചുമൂടിയില്ല, നിന്ദിച്ചില്ല, അവളേക്കാള്‍ ആണ്‍കുട്ടിക്ക് പരിഗണന നല്‍കിയില്ല. എങ്കില്‍ സ്വര്‍ഗം അവനുള്ളതാണ്.'
ബോധതലത്തിലോ അബോധതലത്തിലോ സമൂഹത്തില്‍ വേരുറച്ചുപോയ സ്ത്രീവിരുദ്ധതയെ പൊളിച്ചടുക്കുന്ന സമാനമായ നബിവചനങ്ങള്‍ ഒരുപാടുണ്ട്. മതത്തിനകത്തും പുറത്തും നിലനില്‍ക്കുന്ന സ്ത്രീസൗഹൃദപരമായ ഇടങ്ങളെ റദ്ദു ചെയ്യുന്ന എല്ലാതരം മനോഘടനയെയും ഇങ്ങനെയുള്ള പ്രവാചക വചനങ്ങളുടെയും അവിടുത്തെ കര്‍മരേഖയുടെയും വെളിച്ചത്തില്‍ അതിസൂക്ഷ്മമായ വായനക്ക് വിധേയമാക്കേണ്ട സന്ദര്‍ഭവും കൂടിയാണിത്.
ലിംഗപരമായ വൈവിധ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ചരിത്രപരമായിത്തന്നെ പ്രത്യേകം രൂപപ്പെടുത്തിയെടുത്തിട്ടുള്ള / രൂപപ്പെട്ട ആര്‍ദ്രരഹിതമായ അധികാരരൂപം പൂണ്ട ആണ്‍ പ്രിവിലേജുകളുടെ കെട്ടുപാടുകളില്‍നിന്ന് സമൂഹം ഇനിയും വിമോചിപ്പിക്കപ്പെട്ടിട്ടില്ല. ലിംഗപരമായ വിവേചനങ്ങളെയും അനീതികളെയും തുടരെത്തുടരെ ചോദ്യം ചെയ്തും സ്ത്രീവിരുദ്ധ മനോഘടനയെ തിരുത്തിയും നവീകരിച്ചുമുള്ള നിരന്തര പ്രക്രിയയിലൂടെ മാത്രമേ മാറ്റങ്ങള്‍ സാധ്യമാകൂ.
അല്ലാഹു പ്രഖ്യാപിക്കുന്നത് മനുഷ്യരെ മുഴുവന്‍ നാം ആദരിച്ചിരിക്കുന്നു എന്നാണ്. അല്ലാഹു ആദരിച്ച എല്ലാ തരം മനുഷ്യരെയും ആദരിക്കാന്‍ അവന്റെ സൃഷ്ടികള്‍ക്കും ബാധ്യതയുണ്ട്. ഈ ആദരവ് (കറാമത്ത്/തക്‌രീം/ഞലുെലര)േ സ്ത്രീകള്‍ ഉള്‍പ്പെടെ ലിംഗപരമായ എല്ലാ സ്വത്വങ്ങളും അര്‍ഹിക്കുന്നുണ്ട്. ഇതാണ് ഖുര്‍ആന്റെ ഈ വിഷയത്തിലെ പൊതു തത്ത്വം.
അല്ലാഹുവിന്റെ ഈ പ്രഖ്യാപനത്തിന്റെ വിശദീകരണമായി മറ്റൊരു സൂക്തം കാണാം: ''ആണായാലും പെണ്ണായാലും അവരുടെ കര്‍മങ്ങളെ നാം നിഷ്ഫലമാക്കുകയില്ല. അവക്ക് പ്രതിഫലമായി സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നു.'' അല്ലാഹുവും പ്രവാചകനും അംഗീകരിക്കുകയോ വെച്ചുപൊറുപ്പിക്കുകയോ ചെയ്യാത്ത ആണ്‍-പെണ്‍ വിവേചനത്തെയും ലിംഗപരമായ അനീതികളെയും അലിഖിത നിയമം കണക്കെ നിലനിര്‍ത്താന്‍ സമൂഹത്തിന് ആരാണ് അധികാരം നല്‍കിയത്?
മതത്തിനകത്തെ സ്ത്രീവിരുദ്ധതയെക്കുറിച്ച സംവാദങ്ങളില്‍ ഇസ്ലാം പലപ്പോഴും പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടാറുള്ളത് താത്ത്വികമായ ശരികളേക്കാള്‍ പ്രായോഗികമായ ശരികേടുകള്‍ സമുദായത്തിനകത്ത് ഇളക്കം തട്ടാതെ നിലനില്‍ക്കുന്നതുകൊണ്ടു കൂടിയാണ്. സ്ത്രീവിരുദ്ധമായ പഴഞ്ചൊല്ലുകളും പരസ്യവാചകങ്ങളും സിനിമാ ഡയലോഗുകളുമെല്ലാം പൊതുബോധത്തിന്റെ താളത്തിനൊത്ത് ചൊല്ലുന്ന തരത്തിലേക്ക് നമ്മെ പാകപ്പെടുത്തുന്നത് മനുഷ്യാദരവിനെക്കുറിച്ച ദൈവിക വചനത്തെ ജീവിതത്തില്‍ പ്രാക്ടീസ് ചെയ്യാത്തതുകൊണ്ടു കൂടിയാണ്.
ഖുര്‍ആനിലെയും ഹദീസുകളിലെയും കൃത്യവും വ്യക്തവുമായ നസ്സ്വുകള്‍ മുന്‍നിര്‍ത്തി സ്ത്രീധനം നിഷിദ്ധമാണെന്ന് ഉറക്കെ പ്രഖ്യാപിക്കാനും മഹ്‌റിന്റെ അന്തസ്സ് ഉയര്‍ത്തിക്കാണിക്കാനും സമുദായം കാണിച്ച മെല്ലെപ്പോക്കു നയം മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ കുടുംബത്തിനകത്തെ പലതരം വയലന്‍സുകളെ ദൃശ്യതയിലും അദൃശ്യതയിലും നിലനിര്‍ത്തിയിട്ടുണ്ടെന്നതു നേരാണ്. മുത്ത്വലാഖിന്റെ കാര്യത്തിലും ഇദ്ദയുടെ കാര്യത്തിലുമെല്ലാം അല്ലാഹുവും റസൂലും സ്വഹാബിമാരും താബിഉകളായ പണ്ഡിതന്മാരും പറഞ്ഞുവെച്ചിട്ടുള്ള അങ്ങേയറ്റം സ്ത്രീസൗഹൃദപരമായ ഇടങ്ങളല്ല പ്രയോഗതലത്തില്‍ പലപ്പോഴും രൂപപ്പെട്ടുവന്നിട്ടുള്ളത്. ഇവ്വിഷയകമായി ഇസ്‌ലാമിന്റെ വിശാലവും മനുഷ്യത്വപരവുമായ കാഴ്ചപ്പാടുകളുയര്‍ത്തിപ്പിടിക്കുന്ന ഒരു വിഭാഗമുണ്ടെങ്കിലും പലപ്പോഴും കയ്പും കണ്ണീരും നിറഞ്ഞ അനുഭവ പരിസരങ്ങളായിരുന്നു ഏറെയും.
ഇദ്ദയുമായി ബന്ധപ്പെട്ട് സമുദായത്തില്‍ ഇന്നും നിലനില്‍ക്കുന്ന തീര്‍ത്തും അനിസ്‌ലാമികവും മനുഷ്യത്വരഹിതവുമായ വ്യവസ്ഥകളും ആചാരങ്ങളും സ്ത്രീകള്‍ക്കെതിരായ ഹിംസയായി മാറിയതില്‍ ഇതിനെതിരെ മൗനം പാലിച്ച മതപണ്ഡിതര്‍ക്കും പങ്കുണ്ട്. അടിസ്ഥാനപരമായി ഇദ്ദ, മുത്ത്വലാഖ്, ആര്‍ത്തവം തുടങ്ങിയവയുമായി ബന്ധപ്പെട്ട ശരീഅത്ത് നിയമങ്ങളെല്ലാം അങ്ങേയറ്റം സ്ത്രീസൗഹൃദപരവും റബ്ബിന്റെ കാരുണ്യത്തിന്റെ നിദര്‍ശനവുമാണ്. ഇദ്ദാ വേളയില്‍ നിങ്ങള്‍ വിവാഹ അഭിലാഷം സൂചിപ്പിക്കുകയോ അല്ലെങ്കില്‍ മറച്ചുവെക്കുകയോ ചെയ്യുന്നതില്‍ കുറ്റമൊന്നുമില്ല; എന്നാല്‍ നേരിട്ടുള്ള കരാറുകളില്‍ ഏര്‍പ്പെടരുത് (അല്‍ബഖറ 235) എന്ന് അല്ലാഹു പുരുഷന്മാരോട് കല്‍പിക്കുന്നു. ഇതു പോലുള്ള അടിസ്ഥാന പ്രമാണങ്ങളുടെ തെറ്റായ വായനയും ദുര്‍വ്യാഖ്യാനവും, ഇത്തരം നിയമങ്ങള്‍ ശരീഅത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് പ്രയോഗവല്‍ക്കരിക്കാത്തതും സ്ത്രീകള്‍ക്കെതിരായ നീതികേടുകള്‍ ആവര്‍ത്തിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇദ്ദയിരിക്കുന്നവളെ ഇതര മതത്തിലെ സുഹൃത്തുക്കള്‍ സന്ദര്‍ശിക്കുന്നത് വിലക്കുക, അത്യാവശ്യമെങ്കില്‍ അവള്‍ക്ക് ജോലിക്കു പോകാമെന്ന പണ്ഡിതന്മാരുടെ പോലും അഭിപ്രായത്തെ മുഖവിലയ്‌ക്കെടുക്കാതെ പല കാരണങ്ങള്‍ നിര്‍ത്തി അതിനെല്ലാം വിഘ്‌നം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉദാഹരണങ്ങളായെടുക്കാം.
വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെ തീര്‍ത്തും മനുഷ്യത്വപരമായ ഇദ്ദാ നിയമങ്ങളുടെ തെറ്റായ വ്യാഖ്യാനവും അതിന്റെ പ്രാക്ടീസിംഗും ഇതര മതങ്ങളിലേതു പോലെയോ അതിനേക്കാള്‍ സങ്കീര്‍ണമോ ആയ ഹിംസയാണ് ഇസ്‌ലാമിനകത്തെ വിധവാ ജീവിതം എന്ന പൊതു ധാരണ സൃഷ്ടിക്കുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. ഒരു മുസ്‌ലിം സ്ത്രീയുടെ ജീവിത നൈതികതയുടെ സ്വഛന്ദമായ ഒഴുക്കിനെ അത് സാരമായി ബാധിച്ചു. പുനര്‍വിവാഹത്തില്‍ മക്കളെ കുറിച്ചുള്ള ആശങ്കയാണ് പലപ്പോഴും സിംഗിള്‍ പാരന്റിംഗിന് സ്ത്രീകളെ പ്രേരിപ്പിക്കുന്നത്. അത് പലപ്പോഴും കുട്ടികളുടെ മാനസിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹബന്ധം ഹറാമാക്കപ്പെട്ട സ്ത്രീകളില്‍ ഭാര്യയുടെ മകള്‍ എന്ന് ഖുര്‍ആന്‍ പറഞ്ഞതിന്റെ അന്തസ്സത്ത ഇവിടെയാണ് നമ്മള്‍ പരിശോധനക്ക് വിധേയമാക്കേണ്ടത്.
മുസ്‌ലിം പെണ്ണിന് സ്വതന്ത്രമായി വിവാഹ മോചനത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശത്തെക്കുറിച്ച് സൂചന നല്‍കുന്ന ഖുല്‍ഇലെയും ഫസ്ഖിലെയും പ്രായോഗികമായ നടപടിക്രമങ്ങള്‍ സങ്കീര്‍ണമാക്കുക വഴി അത് കടുത്ത സ്ത്രീവിരുദ്ധ നിലപാടായി വ്യാഖ്യാനിക്കപ്പെട്ടു.
അന്‍സ്വാരികളില്‍ പെട്ട സഹ്‌ലിന്റെ മകള്‍ ഹബീബ ഭര്‍ത്താവായ സാബിത്തുബ്‌നു ഖൈസിന്റെ വിഷയത്തില്‍ നബിയോട് പരാതി ബോധിപ്പിക്കുന്ന ഒരു ചരിത്ര സന്ദര്‍ഭമുണ്ട്. വിരൂപനായ അദ്ദേഹത്തോടൊപ്പം ദാമ്പത്യ ജീവിതത്തില്‍ പൊരുത്തപ്പെട്ടുപോകാന്‍ പ്രയാസമുണ്ടെന്ന ഹബീബയുടെ വാദത്തെ നബി അംഗീകരിക്കുകയാണ് ചെയ്തത്. അദ്ദേഹം മഹ്‌റായി നല്‍കിയതെല്ലാം തിരിച്ചുനല്‍കണമെന്ന് ഹബീബയോടും അത് സ്വീകരിച്ച് അവളുമായുള്ള ദാമ്പത്യബന്ധം മാന്യമായി വേര്‍പ്പെടുത്തണമെന്ന് സാബിത്തിനോടും നബി കല്‍പ്പിക്കുന്നു. പലപ്പോഴും കുടുംബത്തിനകത്ത് തുല്യതയില്ലാത്ത ഹിംസ ഏറ്റുവാങ്ങേണ്ടിവരുന്ന സ്ത്രീക്ക് വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള ന്യായത്തെയും അവകാശത്തെയും എല്ലാ നടപടിക്രമങ്ങള്‍ക്കു ശേഷവും റദ്ദ് ചെയ്യാനനുവദിക്കുന്ന സങ്കീര്‍ണമായ ആണ്‍കോയ്മാ അലിഖിത നിയമങ്ങളെ മേല്‍ സൂചിപ്പിച്ച പ്രവാചക നടപടി തിരസ്‌കരിക്കുന്നുണ്ട്.
ഒരിക്കല്‍ പോലും പൊരുത്തപ്പെട്ടുപോകാന്‍ കഴിയാത്ത ദാമ്പത്യത്തെ സ്ത്രീ എന്തു വിലകൊടുത്തും സഹിച്ചും മുന്നോട്ടു കൊണ്ടുപോകണമെന്നാണ് കുടുംബവും സമൂഹവും ചില മതപുരോഹിതന്മാരും അവളെ ഉപദേശിക്കുന്നത്. തല്‍ഫലമായി ചിലരെങ്കിലും ഗുരുതരമായ ട്രോമകളിലകപ്പെടുന്നു. ചിലര്‍ മക്കളെയും കൂടെകൂട്ടി ജീവിതം തന്നെ അവസാനിപ്പിക്കുന്നു. അപ്പോള്‍ മാത്രമാണ് സമൂഹ മനസ്സാക്ഷിയും മത മനസ്സാക്ഷിയുമൊക്കെ ഉണരാറുള്ളത്.
സഹികെട്ട് ഗാര്‍ഹിക പീഡന നിയമപ്രകാരം പരാതി ബോധിപ്പിക്കുന്ന സ്ത്രീക്ക് പിന്നീട് പോകാന്‍ ഇടങ്ങളില്ലാതാകുന്നു. അവളുടെ കുടുംബം പോലും അവളെ 'തിരസ്‌കരിക്കുന്നു.'
സ്ത്രീകളല്ലേ എന്തും പറയാം, എന്തും ചെയ്യാം എന്ന മനോഭാവമാണ് അടിസ്ഥാന പ്രശ്‌നം. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ 'തമാശകള്‍' പോലും സ്ത്രീകളുള്‍പ്പെടുന്ന സമൂഹം ആഘോഷിക്കുന്നതിലേക്ക് കണ്ടീഷന്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തിനകത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പലപ്പോഴും പ്രതിസ്ഥാനത്ത് സ്ത്രീകളുണ്ടാകാറുമുണ്ട്. ഭര്‍ത്താവിന്റെ അമ്മയും നാത്തൂനുമെല്ലാം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട എത്രയോ സ്ത്രീധന മരണങ്ങളും ആത്മഹത്യകളും കേരളത്തിലുണ്ടായിട്ടുണ്ട്.
പെണ്ണായാല്‍ പൊന്നു വേണം, പൊന്നിന്‍ കുടമായിടേണം പോലുള്ള പരസ്യവാചകങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന സ്ത്രീത്വത്തെക്കുറിച്ച ചില വാര്‍പ്പുമാതൃകകള്‍ തച്ചുതകര്‍ക്കേണ്ടതുണ്ട്. പൊന്നില്ലാത്ത, ആഭരണമണിയാനിഷ്ടമില്ലാത്ത പെണ്ണിന്റെ ഇടമേതാണ്? സ്ത്രീതന്നെയാണ് ധനം എന്നതു പോലുള്ള ക്ലീഷേ ഡയലോഗുകള്‍ക്കു പോലും ക്ഷമാപണത്തിന്റെയും ഔദാര്യത്തിന്റെയും ചുവയുണ്ട്. അടുക്കളയിലും തീന്മേശയിലും തൊഴിലിടങ്ങളിലും നിയമ പോരാട്ട വേദികളിലും അവളനുഭവിക്കേണ്ടിവരുന്ന കടുത്ത ഇഛാഭംഗത്തിനു പിന്നിലെ കാരണങ്ങള്‍ നാം അന്വേഷിച്ചേ തീരൂ. ആണിനെ പോലെ അവളും ഒരു സ്വതന്ത്ര വ്യക്തിത്വമാണെന്നത് അംഗീകരിച്ചു നല്‍കാന്‍ ഇനി എന്നാണ് സമൂഹവും സമുദായവും പാകപ്പെടുക?
ഒരു നടിയുടെ സംസാരത്തില്‍ വന്ന പൊരിച്ച മീനിലെ ലിംഗവിവേചനത്തെക്കുറിച്ച പരാമര്‍ശം പോലും നിര്‍ദോഷകരമായ തമാശയായി കൊണ്ടാടുന്നവരുണ്ട്. ഫെമിനിസത്തെക്കുറിച്ചും തുല്യതയെക്കുറിച്ചുമെല്ലാം ആ നടി മുന്നോട്ടു വെക്കുന്ന വാദങ്ങളോട് സംവദിക്കുകയോ വിയോജിക്കുകയോ ചെയ്യാമെന്നിരിക്കെത്തന്നെ അവര്‍ പറഞ്ഞ ആ പൊരിച്ച മീനിലെ ലിംഗവിവേചനം പണ്ടുമുതലേ സമൂഹത്തില്‍ വേരുറച്ചുപോയ പെണ്‍കുട്ടികളോടുള്ള മനോഭാവത്തിന്റെ പ്രതീകമാണ്. അത്തരം ബഹുമുഖ മനോഭാവങള്‍ ചേര്‍ന്നാണ് സ്ത്രീവിരുദ്ധത കുടുംബത്തിലും സമൂഹത്തിലും ശക്തിയാര്‍ജിച്ചത്. അവ കൃത്യമായി ചൂണ്ടിക്കാണിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ഈ വിഷയത്തില്‍ പുരുഷന്മാരെയും സ്ത്രീകളെയും ബോധവല്‍ക്കരിക്കുകയുമാണ് പോംവഴി. ആരോഗ്യകരവും സൗഹൃദപരവുമായ ഡിബേറ്റുകളും പങ്കുവെക്കലുകളും സ്ത്രീസൗഹൃദ ഇടങ്ങളിലേക്കുള്ള ഗതിവേഗം കൂട്ടും.
ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തി ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ 'ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീത്വം' എന്ന തലക്കെട്ടില്‍ സംസ്ഥാന വ്യാപകമായി ജൂലൈ 4 മുതല്‍ 14 വരെ ഒരു കാമ്പയിന്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി എക്‌സ്‌പേര്‍ട്ട് ടോക്ക്, ക്ലബ് ഹൗസ് ചര്‍ച്ചകള്‍, ഗൃഹാങ്കണ യോഗങ്ങള്‍ തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്.
Comments