Prabodhanm Weekly

Pages

Search

2021 ജൂലൈ 16

3210

1442 ദുല്‍ഹജ്ജ് 06

പെണ്‍ജീവിതം ഇങ്ങനെയൊക്കെയാണ് പഠിപ്പിക്കപ്പെടുന്നത്

ഫൗസിയ ശംസ്


''പുരുഷന്റെ കാല്‍ചുവട്ടിലാണ്  ഞങ്ങളുടെ ജീവിതം. അവരുടെ സന്തോഷമാണ് നമ്മുടെ സന്തോഷം..''
അടുത്തിടെ വീണ്ടും കണ്ട മമ്മൂട്ടി നായകനായ 'മിന്നുകെട്ട്' എന്ന സിനിമയിലെ  നായികാ കഥാപാത്രം, ഭര്‍ത്താവിന്റെ ജാരജീവിതം കണ്ട് പിണങ്ങിപ്പോകുന്ന അനുജന്റെ ഭാര്യയോട്  പറയുന്ന വാക്കാണിത്. ദാമ്പത്യത്തെ കുറിച്ച് കേരളീയ പൊതുബോധ മനസ്സിന്റെ ഒരു അടയാളപ്പെടുത്തലായി വേണമെങ്കില്‍ നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും അനുസരണത്തിന്റെയും ബാലപാഠങ്ങള്‍ സ്ത്രീകളിലേക്ക്  മാത്രം ചേര്‍ത്തുവെച്ച് സര്‍വം സഹിച്ച് ജീവിക്കുക, ഇനി തീരെ നിവൃത്തിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുക. ഭാര്യയാകുന്നതോടുകൂടി പെണ്‍ജീവിതത്തിന്റെ ആകത്തുക ഇതാണെന്ന് തന്നെയാണ് കാലങ്ങളായി പെണ്ണായി പിറന്ന ഓരോ കുട്ടിയും പഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ദാമ്പത്യത്തില്‍ പരസ്പരം കീഴ്പ്പെട്ട് ക്ഷമിച്ച് സഹിച്ച് അന്യോന്യം പൊറുത്ത് ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് തന്നെയാണ് ജീവിക്കേണ്ടത്. എന്നാലേ ആ ദാമ്പത്യം മുന്നോട്ട് പോവുകയുള്ളൂ. പക്ഷേ അവിടെ അവള്‍ അടിമയോ അവന്‍ ഉടമയോ  അല്ല. അവരെ പരസ്പരം ബന്ധിപ്പിച്ചു നിര്‍ത്തേണ്ടത് സ്നേഹമെന്ന പാശമാണ്. വിവാഹകരാറിനെ ബലപ്പെടുത്തുന്നത് സ്നേഹമെന്ന മൂലധനമാണ്. മറ്റേത് കരാറില്‍നിന്നും വ്യത്യസ്തമായി സാമ്പത്തികം അവിടെ ഉപാധിയായി വരാനേ പാടില്ല എന്നതാണ് അതിന്റെ വിജയരഹസ്യം.  സാമ്പത്തികവും മറ്റുമായ നൂലാമാലകള്‍ ഉപാധിയായി വരുന്നതോടെ ആ കൂട്ടുജീവിതത്തിന്റെ  തറക്കല്ല് പിഴുതെടുക്കപ്പെടുകയാണ്. അതാണ് ആഴ്ചകള്‍ക്കു മുമ്പ് വേദനിക്കുന്ന ഓര്‍മയായി പത്രങ്ങളിലും ചാനലുകളിലും നാം കേട്ടും കണ്ടുമറിഞ്ഞത്.
നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കു പ്രകാരം, 2019-ല്‍  സ്ത്രീ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും  ക്രൂരതകള്‍ക്ക് ഇരയായ 2970 കേസുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ പേരില്‍ 10,381 കേസുകളും  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 457 ഗാര്‍ഹിക പീഡന കേസുകള്‍ കേരള വനിതാ കമീഷനും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. സ്ത്രീധന പീഡനം കാരണം 17 പേര്‍ 2018-ല്‍ കൊല്ലപ്പെട്ടു. 2019-ല്‍ അത് കണക്ക് പ്രകാരം  ആറാണ്. ഉയര്‍ന്ന വിദ്യാഭ്യാസവും സാംസ്‌കാരിക ബോധവുമുള്ള കേരളത്തിലാണ് ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായ ഇത്രയധികം സ്ത്രീധന പീഡനമരണങ്ങള്‍ സംഭവിക്കുന്നത്. വിസ്മയയുടെ മരണശേഷം രൂപീകരിക്കപ്പെട്ട കേരള പോലീസ് ഹെല്‍പ് ഡെസ്‌ക്കില്‍ ഒരു ദിവസം മാത്രം 108 പരാതികളാണ് എത്തിയത്.
കേരളത്തില്‍ പീഡനത്തിനിരയായ ചില പെണ്‍കുട്ടികള്‍ അവരുടെ സ്ഥലനാമങ്ങളിലേക്ക് ചേര്‍ത്താണ് ഇന്ന് അറിയപ്പെടുന്നത്. പക്ഷേ അവരിന്നും നീതികിട്ടാതെ വിസ്മൃതിയില്‍ തള്ളപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഉത്തര, ധന്യ, ഋതി, വിസ്മയ പോലുളള പേരുകള്‍ക്കൊപ്പം നാളെ മറ്റൊരു പേര് കൂടി  ചേര്‍ക്കപ്പെടാതിരിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ കേരളീയസമൂഹം ബാധ്യതയായി ഏറ്റെടുക്കേണ്ടതുണ്ട്. ചില ബോധ്യങ്ങളെ യാഥാര്‍ഥ്യത്തോടെ നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. കേരളം ഇപ്പോഴും അടഞ്ഞ സമുദായം തന്നെയാണ് എന്ന ബോധ്യമാണത്. പ്രത്യേകിച്ചും സ്ത്രീ വിദ്യാഭ്യാസ രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ സാമൂഹികബോധം അത്ര സുഖകരമല്ല എന്ന വലിയ യാഥാര്‍ഥ്യത്തെ കൂടി കോവിഡ് കാലം അനാവരണം ചെയ്തിട്ടുണ്ട്. നാം കൊട്ടിഘോഷിക്കുന്ന പവിത്രമായ കുടുംബ സങ്കല്‍പങ്ങള്‍ ഒന്നും നമ്മളിലില്ല എന്ന തിരിച്ചറിവാണ് അത് തന്നത്. വേദനിക്കുന്ന  സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈകാരികമായി  പ്രതികരിച്ച് ആ അധ്യായം അടച്ചുവെക്കുന്നതിനു പകരം,  യാഥാര്‍ഥ്യബോധത്തോടെ നമ്മുടെ ഓരോ കുടുംബത്തിനകത്തേക്കും സാമൂഹികശാസ്ത്രകാരന്മാരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.
1961-ല്‍ സ്ത്രീധന നിരോധന നിയമം വന്നിട്ടും ഉന്നത ബിരുദവും സൗന്ദര്യവും സാമ്പത്തിക സ്ഥിരതയുമുള്ള പെണ്‍കുട്ടികള്‍ക്കു പോലും ജീവനൊടുക്കേണ്ടിവരുന്നത് ഇത്തരം ആളുകളെ പൂട്ടാനുള്ള നിയമം ഇല്ലാത്തതുകൊണ്ടല്ല. നിയമസാക്ഷരതയേക്കാള്‍ ആദ്യമായി വേണ്ടത് സാമൂഹികമായ  ഉണര്‍വുകളാണ്. ഫ്യൂഡല്‍ പുരുഷാധികാര ഘടനയുടെ വെള്ളം കടക്കാത്ത കള്ളികള്‍ക്കകത്താണ് നമ്മുടെ കുടുംബ സംവിധാനം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിലെ കുടുംബ കോടതികളില്‍ പ്രതിദിനം രജിസ്റ്റര്‍ ചെയ്യുന്ന വിവാഹമോചന കണക്കുകള്‍ ഉയര്‍ന്നുവരികയാണ്. 2020 ഒക്‌ടോബറില്‍ തിരുവനന്തപുരത്തെ കുടുംബകോടതിയില്‍ മാത്രം 3633 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1,96,000 സ്ത്രീകള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയവരായും  ഉണ്ട്. ദേശീയ തലത്തിലുള്ള കണക്കിന്റെ 8.36 ശതമാനം വരുമിത്. സ്ത്രീധനം എന്നത്  ആഴത്തില്‍ പതിഞ്ഞ പുരുഷാധിപത്യ സാമൂഹിക പൊതുബോധമാണ്. ഏറ്റവും നീചമായ സ്ത്രീവിരുദ്ധത. സാമൂഹിക മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മാനസിക വൈകൃതം. അതുകൊണ്ടാണ് സാമ്പത്തിക സുരക്ഷിതത്വം ഉള്ളവര്‍ക്കും വിദ്യാസമ്പന്നരായവര്‍ക്കും തങ്ങളുടെ പെണ്‍കുട്ടികള്‍ ഭര്‍തൃവീടുകളില്‍നിന്ന് ഇറങ്ങേണ്ടിവരുമ്പോള്‍ അവരെ സംരക്ഷിക്കാനും ചേര്‍ത്തുനിര്‍ത്താനും കഴിയാത്തത്;  ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ വീട്ടുകാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെടുന്നതും.  പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ തങ്ങളുടെ പെണ്‍മക്കള്‍ക്ക് സൗന്ദര്യവും ആരോഗ്യവും ഉണ്ടായിട്ടും ഭാരിച്ച തുക സ്ത്രീധനമായി നല്‍കേണ്ടിവരുന്നതും ഭര്‍തൃവീട്ടിലെ പ്രശ്നങ്ങള്‍ ചൂണ്ടി പറയുമ്പോള്‍ സഹിച്ചോ ക്ഷമിച്ചോ എന്നു പറഞ്ഞ് വീണ്ടും വീണ്ടും അവിടേക്ക് തന്നെ തള്ളിവിടേണ്ടി വരുന്നതും മധ്യകാല ഫ്യൂഡല്‍ ജീര്‍ണിപ്പുകള്‍ സമൂഹത്തില്‍നിന്ന് തേഞ്ഞു മാഞ്ഞുപോകാത്തതുകൊണ്ടാണ്.
സ്ത്രീധനം കൊടുക്കുന്നത് വലിയ കുറ്റമല്ല എന്ന് തീര്‍പ്പ് കല്‍പിക്കേണ്ടിവരുന്നത് കയറിച്ചെല്ലുന്ന വീട്ടില്‍ മകള്‍ക്ക് മനസ്സമാധാനം കിട്ടുമല്ലോ എന്ന ആശ്വാസത്തിലാണ്. പണാധിപത്യം കുടുംബഘടനയെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന കാലത്ത് ലക്ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുക്കാന്‍ ആവുന്നതല്ല ദാമ്പത്യജീവിതമെന്ന യാഥാര്‍ഥ്യത്തെ കൂടിയാണ് വിസ്മയ നായരെ പോലെയുള്ള പെണ്‍കുട്ടിയുടെ ദാരുണമായ മരണം നമ്മെ ഓര്‍മിപ്പിക്കുന്നത്. ഇങ്ങനെ സ്വയം നിര്‍ണയാവകാശമില്ലാതെ സ്വത്വപ്രതിസന്ധി നേരിടുന്ന പെണ്‍കൂട്ടത്തിന്റെ പ്രതിനിധിയാണ് വിസ്മയ.  അവിവാഹിതര്‍, വിവാഹമോചിതര്‍, വിധവകള്‍ എന്നിവരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇനിയും നമ്മുടെ സാമൂഹികഘടന ആര്‍ജിച്ചിട്ടില്ല. ഈ പറഞ്ഞ വിശേഷണങ്ങള്‍ പേറി ജീവിക്കുന്നതിനേക്കാള്‍ നല്ലത്, അടിയും തൊഴിയും അവഗണനയും ഉണ്ടായാല്‍ പോലും 'വിവാഹിത'യായി ജീവിക്കലാണ്. വിവാഹത്തിലൂടെ മോക്ഷം ലഭിക്കുമല്ലോ എന്നാണ് പലരുടെയും ധാരണ. അതുകൊണ്ടു കൂടിയാണ് സ്ത്രീധനം കൊടുക്കുന്നത്,  കുറ്റമാണെന്നറിഞ്ഞിട്ടും കൊടുക്കാന്‍  നിവൃത്തി ഇല്ലാഞ്ഞിട്ടും യാചിച്ചും ഇരന്നുവാങ്ങിയും സ്ത്രീധനം ഒപ്പിച്ചുകൊടുത്ത് പെണ്‍മക്കളെ വിവാഹം ചെയ്തയക്കുന്നത്.
വിവാഹമോചനത്തെ വലിയ പാപമായും കുടുംബത്തകര്‍ച്ചയുടെ ലക്ഷണമായും കാണുകയും, സഹനവും ക്ഷമയുമാണ് നല്ലപാതിയുടെ ലക്ഷണമെന്നു ധ്വനിപ്പിക്കുകയുമാണ് നമ്മുടെ നാട്ടിലെ സാമൂഹിക സാഹചര്യം. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെങ്കിലും എല്ലാ വിവാഹവും നടത്തപ്പെടുന്നത് അതത് മത-ജാതി-സാമൂഹിക ഇടങ്ങളില്‍ തന്നെയാണ്. സ്വരച്ചേര്‍ച്ച ഇല്ലാഞ്ഞാലും ആദ്യമെത്തുക ഇവിടെത്തന്നെ. പക്ഷേ പ്രശ്‌നത്തെ ഗൗരവത്തില്‍ കാണുകയില്ല. സുന്ദരമായി പിരിയട്ടെ, സൗഹൃദങ്ങള്‍ സൂക്ഷിക്കട്ടെ എന്നു പറയുന്നതിനു പകരം സഹനത്തിന്റെയും ക്ഷമയുടെയും പാഠങ്ങളാണ് പെണ്ണിന് ചൊല്ലിക്കൊടുക്കുന്നത്. ചിലപ്പോള്‍ ആണിനോടും ഇതു തന്നെ പറയും. കൗണ്‍സലിംഗ് നടത്തുന്നവരും ഇങ്ങനെയൊക്കെ തന്നെയാവും പറയുക.  സങ്കുചിത മതവീക്ഷണങ്ങളില്‍നിന്നോ പുരുഷാധിപത്യചിന്തയില്‍നിന്നോ അവരും മോചിതരായിരിക്കില്ല. വിവാഹമോചനം ഏറിയ നാടുകള്‍ക്ക് അരാജകത്വത്തിന്റെ മുദ്ര ചാര്‍ത്തിക്കൊടുക്കുമ്പോള്‍, വിവാഹവുമായി ബന്ധപ്പെട്ട് നമ്മള്‍ അഭിമുഖീകരിക്കുന്ന സമ്മര്‍ദങ്ങളും അലോസരങ്ങളും അവിടെ ഇല്ലെന്നുകൂടി ഓര്‍ക്കണം.
ഒരു കൂട്ടരുടെ സാമൂഹിക അവബോധമില്ലായ്മയെയും അതിക്രമത്തെയും എല്ലാവരുടേതുമാക്കി സാമാന്യവല്‍ക്കരിക്കുകയല്ല. ഈ ജീര്‍ണ സംസ്‌കാരത്തെ ദൂരേക്ക് മാറ്റിനിര്‍ത്തിയ ഒട്ടേറെ പേരുണ്ട്.  സ്ത്രീധനരഹിത, ആചാര - ആര്‍ഭാടരഹിത വിവാഹങ്ങള്‍ക്ക് തയാറാകുന്ന ചെറുപ്പക്കാരെ വിസ്മരിക്കുന്നില്ല.
പക്ഷേ നിലവിലെ സാമൂഹിക അവസ്ഥകളെ അതേ നിലക്കു തന്നെ കാണണം. കോവിഡ് കാലത്ത് വന്ന ഗര്‍ഹിക പീഡന കണക്കുകള്‍ നമുക്കു മുന്നിലുണ്ട്. വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ആണിനോടും പെണ്ണിനോടും കയറിവരാന്‍ പറയുമ്പോള്‍ തന്നെ, വീട്ടില്‍ എല്ലാവരും ഒന്നിച്ചാകുമ്പോള്‍ അത് സ്ത്രീയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് കോവിഡ് കാലം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെയും രോഗമുള്ളവരുടെയും പരിചരണവും അടുക്കള പരിപാലനവും ഒറ്റക്ക് ഏറ്റെടുക്കേണ്ടി വരുമ്പോള്‍  പെണ്‍മനസ്സിനുണ്ടാകുന്ന ആഘാതങ്ങളെ കുറിച്ച് വലിയ പഠനങ്ങളൊന്നും നടന്നിട്ടില്ല. മക്കളെ കൊല്ലുന്ന മാതാക്കളും ഭര്‍ത്താവിനെ വിട്ട് കാമുകനോടൊപ്പം ഒളിച്ചോടുന്ന ഭാര്യയും വീടിനകത്ത് എങ്ങനെയാണ് രൂപംകൊള്ളുന്നത് എന്ന് കൃത്യമായ ആലോചനകള്‍ നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മൈലാഞ്ചിക്കും നെയില്‍ പോളിഷ് ചുവപ്പിനും പകരം മക്കളുടെ ഇളം ചോരകളാല്‍ കൈകള്‍ ചുവക്കുമ്പോള്‍ ഭൂമിയോളം ക്ഷമിക്കുന്ന അമ്മ മനസ്സിന്റെ നിര്‍മലതയും കാരുണ്യവും കൈവിട്ടുപോകുന്നതിനെ ഓര്‍മിപ്പിച്ചുകൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങള്‍.
വിവിധ രംഗങ്ങളില്‍ സ്ത്രീമുന്നേറ്റത്തെ ശക്തിപ്പെടുത്തുന്നത് സ്ത്രീശാക്തീകരണത്തെ ത്വരിതപ്പെടുത്തുമെങ്കിലും, സ്ത്രീപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ത്രീകള്‍ക്കു മാത്രമേ കഴിയുകയുള്ളൂ എന്നോ  അതിന്റെ തലപ്പത്ത് സ്ത്രീകള്‍ തന്നെ വരണമെന്നോ  വാദമില്ല. കാരണം അതിന്റെ മറുപടി, സമ്മര്‍ദത്തിനൊടുവില്‍ സ്ഥാനമൊഴിയേണ്ടി വന്ന ജോസഫൈന്‍ എന്ന മുന്‍ വനിതാ കമീഷന്‍ അധ്യക്ഷയുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിലുണ്ട്. പെണ്ണുങ്ങളെ കൊണ്ട് പെണ്ണുങ്ങളെ നിയന്ത്രിക്കുന്ന ഒരു ആണ്‍ അധികാര വ്യവസ്ഥയാണ് നമ്മുടെ സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്നത് എന്നതിന് തെളിവാണ് അത്. 1990-ല്‍ വനിതാ കമീഷന്‍ നിലവില്‍ വരുന്ന വേളയില്‍  കേരള നിയമസഭയില്‍ റോസമ്മ പുന്നൂസ് പറഞ്ഞ അഭിപ്രായങ്ങള്‍ പ്രസക്തമാകുന്നത് ഈ അര്‍ഥത്തിലാണ്. 'നമ്മുടെ രാജ്യത്ത് പല മതങ്ങളുമുണ്ട്. ഏത് മതസമുദായത്തിലായാലും സ്ത്രീ എന്നും പുരുഷന് കീഴ്‌പ്പെടണം എന്നാണ്  വ്യവസ്ഥ. ഞാനുള്‍പ്പെടുന്ന ക്രിസ്ത്യന്‍ സമുദായത്തില്‍ കല്യാണസമയത്ത് ആ സ്ത്രീയോട് പറയുന്ന വാക്ക് ഇനി എന്നും പുരുഷനെ കേള്‍ക്കണം, സ്‌നേഹിക്കണം എന്നാണ്. സഹകരിക്കണം എന്ന് പറയുന്നില്ല.' എട്ടാം കേരള നിയമസഭയില്‍ ആലപ്പുഴയില്‍നിന്ന് വിജയിച്ചു വന്ന റോസമ്മ പുന്നൂസ് അന്ന് പറഞ്ഞ വാക്കുകള്‍  തന്നെയാണ് ഇന്നും അധികാരഘടനയില്‍ പുലരുന്നത്. നേതൃനിരയിലേക്കുള്ള മുന്നേറ്റം സാധ്യമാകുമെങ്കിലും സ്ത്രീപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനും സ്ത്രീപ്രശ്‌നങ്ങള്‍ പരിഹരിക്കാനും നേതൃത്വം നല്‍കാനും സ്ത്രീ തന്നെ ആയിരിക്കണമെന്ന വാദഗതിയും ഇതോടെ ദുര്‍ബലപ്പെട്ടുപോവുകയാണ്. അധികാര കസേരയില്‍ ഇരിക്കുന്നവര്‍ക്ക് ഇഛാശക്തിയോടെ പ്രവര്‍ത്തിക്കാനുള്ള കെല്‍പ്പ് ഉണ്ടോ എന്നതാണ് കാര്യം. സര്‍ക്കാറും സംവിധാനങ്ങളും ഇത്തരമൊരു  ചുവടുവെപ്പാണ് നടത്തേണ്ടതും. പാര്‍ട്ടി കൂറും കൊടിക്കൂറയുമൊക്കെ നീതി നടത്തുന്ന കാര്യത്തില്‍  ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആണിനെ പോലെ തന്നെ പെണ്ണിനും അലോസരമുണ്ടാക്കും.
വ്യവസ്ഥാപിതമായ കുടുംബസംവിധാനത്തിലൂടെയാണ് ആരോഗ്യകരമായ സാമൂഹിക സംവിധാനത്തിനകത്തേക്ക് പ്രവേശിക്കാനാവുക. അതിലൂടെയാണ് രാഷ്ട്രീയ ഉദ്ഗ്രഥനവും സാധ്യമാവുക.  അതിനാല്‍ കുടുംബജീവിതത്തെക്കുറിച്ചും വിവാഹരീതിയെ കുറിച്ചുമുള്ള സങ്കല്‍പ്പങ്ങള്‍ മാറ്റിപ്പണിതേ പറ്റൂ. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല. വിദ്യാഭ്യാസം തൊഴിലധിഷ്ഠിതമായി മാറുകയും കമ്പോളവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നതാണ് കാരണം. ആദ്യ പാഠശാല വീടകങ്ങളാണ്. ആണും പെണ്ണും സാമ്പത്തിക ഉപാധികളില്ലാതെ പരസ്പരം മാനിക്കുന്ന, കുടുംബബന്ധത്തെ പവിത്രമായി കാണുന്ന, വിവാഹബന്ധത്തെ പൊന്നാക്കി മാറ്റുന്ന ആദര്‍ശങ്ങള്‍ പഠിപ്പിക്കപ്പെടേണ്ടത് ഇവിടെയാണ്. നവോത്ഥാനം സാധ്യമാക്കിയ  സാമൂഹിക പരിഷ്‌കരണവേദികളിലൂടെ തന്നെയാണ് രാഷ്ട്രീയ പ്രബുദ്ധ കേരളം കരുത്താര്‍ജിച്ചത്. ഓരോ പെണ്ണിനോടൊപ്പവും ജന്മം നല്‍കിയ പിതാവിന്റെ വേദനയും ഗര്‍ഭപാത്രം പങ്കിട്ട സഹോദരന്റെ വേദനയും കൂടിയുണ്ട് എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുമ്പോള്‍ നമുക്ക് ഇത്തരമൊരു നടത്തം അനിവാര്യമാണെന്ന് ബോധ്യപ്പെടും. അല്ലായെങ്കില്‍ മറുമരുന്ന് കാണാത്ത രോഗത്തിനു മുന്നില്‍ നാട് കേഴുന്നതിനിടയിലും പെണ്ണിനെക്കുറിച്ച് പറഞ്ഞിരിക്കേണ്ട ഗതികേടിലേക്ക് കേരളം മാറുന്നത് നവോത്ഥാനത്തിനു വേണ്ടി മതിലുകള്‍ തീര്‍ത്ത കേരളത്തിന് നാണക്കേടാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (44-47)
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടത്തിന്റെ നേരും നെറിയും
സി.പി മുസമ്മില്‍ കണ്ണൂര്‍