Prabodhanm Weekly

Pages

Search

2021 ജൂലൈ 16

3210

1442 ദുല്‍ഹജ്ജ് 06

വനിതാ വിമോചനത്തെക്കുറിച്ച് ഇനിയുമെത്ര പ്രസംഗിക്കാനുണ്ട്!

ശമീമ സക്കീര്‍

സ്ത്രീവിമോചനത്തെ കുറിച്ച ചര്‍ച്ചകള്‍ സാമൂഹിക  പരിപ്രേക്ഷ്യത്തിലൂടെയാണ് നടക്കേണ്ടത്. ബഹുമുഖ ദൗത്യങ്ങള്‍ നിര്‍വഹിക്കപ്പെടേണ്ട സമൂഹത്തില്‍ സ്ത്രീപുരുഷന്മാര്‍ പരസ്പരം പൂരകങ്ങളായി നിലകൊള്ളണം. നിര്‍വാഹക ക്ഷമതയെ അംഗീകരിച്ചും വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിച്ചും അഭിപ്രായാനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ടും മനോഹരമാക്കപ്പെടേണ്ട മനുഷ്യജീവിതപരിസരം പക്ഷേ കാലങ്ങളായി അരക്ഷിതയാക്കപ്പെടുന്ന സ്ത്രീയെ കുറിച്ച ചര്‍ച്ചകളാല്‍ മുഖരിതമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സമൂഹങ്ങളില്‍, സ്ത്രീകള്‍ക്കെതിരായ വംശീയ വിദ്വേഷം, ദുരഭിമാനക്കൊല, ഗാര്‍ഹിക പീഡനങ്ങള്‍, സ്ഥാപനവത്കൃത കൊലപാതകങ്ങള്‍, ലൈംഗിക അധിനിവേശം തുടങ്ങിയവ എല്ലാ കാലത്തും ചര്‍ച്ചാവിഷയങ്ങളായി വരുന്നത് എന്തുകൊണ്ടായിരിക്കാം?
എല്ലാ മനുഷ്യസമൂഹങ്ങളുടെ ചരിത്രത്തിലും  സംസ്‌കാരങ്ങളിലും മതങ്ങളിലും മിത്തോളജിയിലും, കലാരൂപങ്ങളിലും വരെ സ്ത്രീവിരുദ്ധതയുടെ അടയാളങ്ങള്‍ കാണാം; അത്രത്തോളം വ്യാപനമുള്ളതും ആഴത്തില്‍ വേരൂന്നിയതുമാണത്.
പൂര്‍ണമായും വനിതാ സംഘാടനത്തില്‍ നടത്തപ്പെട്ട ഒരു അക്കാദമിക് സെമിനാറില്‍ ഒരു പ്രബന്ധാവതാരകന്‍ ശാരീരികശേഷിയുടെയും ബൗദ്ധികശേഷിയുടെയും ഒക്കെ അടിസ്ഥാനത്തില്‍ ചരിത്രത്തില്‍ സ്ത്രീയുടെ സംഭാവനകളെയും ഇന്നത്തെ സമൂഹത്തിലെ അവളുടെ സാധ്യതകളെയും കഴിവുകളെയും സംബന്ധിക്കുന്ന ചോദ്യം ഉന്നയിക്കുന്നതിന് ഒരിക്കല്‍ ഞാന്‍ സാക്ഷിയായതാണ്. ഇതിന്റെ പരിഹാസ്യത അത് ഉന്നയിക്കുന്നവര്‍ക്ക് മനസ്സിലാകുന്നില്ല എന്നുറപ്പ്.
എല്ലാ ആവിഷ്‌ക്കാരങ്ങളും നിഷേധിച്ചുകൊണ്ട് മനുഷ്യരെ അടിമകളാക്കി  ഉപയോഗിക്കുന്ന അധീശത്വ വിഭാഗങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട ജനതകളോട് ഇവിടത്തെ എല്ലാ വികസനത്തിനും പുരോഗതിക്കും ഞങ്ങള്‍ മാത്രമാണ് കാരണം, ബൗദ്ധികമായി നിങ്ങള്‍ എന്ത് സംഭാവനയാണ് അര്‍പ്പിച്ചത് എന്ന് ചോദിക്കുന്നതുപോലെ പരിഹാസ്യമാണ് ഇതും.
സ്ത്രീവിമോചനത്തിനു വേണ്ടി നിരവധി ചിന്താധാരകളും സംഘടിത പ്രസ്ഥാനങ്ങളും  രൂപപ്പെട്ടിട്ടുണ്ട്.  സ്ത്രീ-പുരുഷ തുല്യത പ്രോത്സാഹിപ്പിക്കുന്ന സംഘടിത പ്രസ്ഥാനമായാണ് ഫെമിനിസം കടന്നുവരുന്നത്. പുരുഷാധിപത്യ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ലൈംഗികത കാരണം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് ഫെമിനിസ്റ്റുകള്‍ വിശ്വസിക്കുന്നു. പുരുഷാധിപത്യത്തെ ചെറുക്കുന്നത് സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, സ്വവര്‍ഗാനുരാഗികള്‍ എന്നിവരുടെ വിമോചനത്തിന് കാരണമാകും എന്നും അവര്‍ കരുതുന്നു. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സ്ഥാപനങ്ങളിലൂടെ പുരുഷാധിപത്യം സ്ത്രീകളെ അടിച്ചമര്‍ത്തുകയാണ് എന്ന് വാദിച്ച ഫെമിനിസ്റ്റുകള്‍  ചരിത്രത്തിലുടനീളം പൊതു, സ്വകാര്യ മേഖലകളില്‍ പുരുഷന്മാര്‍ കൂടുതല്‍ പ്രബലരാണെന്ന് ചൂണ്ടിക്കാട്ടി. ഈ അധികാരം നിലനിര്‍ത്താന്‍ പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് അതിരുകള്‍ സൃഷ്ടിച്ചു. അതുകൊണ്ട് സ്ത്രീകള്‍ക്ക് അധികാരം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണെന്നും  അവര്‍ വിശ്വസിച്ചുപോരുന്നു.
ആധുനിക ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം നാലു ഘട്ടങ്ങളായി തിരിക്കാവുന്നതാണ്. 19-ഉം 20-ഉം നൂറ്റാണ്ടുകളില്‍ സ്ത്രീകളുടെ വോട്ടവകാശ പ്രസ്ഥാനങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം.  പിന്നീട് വനിതാ വിമോചന പ്രസ്ഥാനം 1960-കളില്‍ ആരംഭിക്കുകയും സ്ത്രീകള്‍ക്ക് നിയമപരവും സാമൂഹികവുമായ തുല്യതക്കായി പ്രചാരണം നടത്തുകയും ചെയ്തു. 1992-നു ശേഷമുള്ള ചര്‍ച്ച  വ്യക്തിത്വത്തിലും വൈവിധ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.  2012 മുതല്‍ ലൈംഗിക പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ബലാത്സംഗ സംസ്‌കാരം എന്നിവക്കെതിരെ പോരാടുന്നതിന് ഫെമിനിസ്റ്റുകള്‍ സോഷ്യല്‍ മീഡിയ ശക്തമായ മാധ്യമമാക്കുന്നതായി കാണാം.
പലപ്പോഴും ടലഃൗമഹ ഘശയലൃമശേീി ടൃtuഴഴഹല  എന്ന കാഴ്ചപ്പാടാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. പുരുഷ സ്വത്വം സ്വീകരിക്കുമ്പോഴേ ശാക്തീകരണമുണ്ടാകൂ എന്ന നിലക്കുള്ള ഒരു ആഖ്യാനമാണിത്. സ്ത്രീ പുരുഷനെ പോലെ എല്ലാ തൊഴില്‍ മേഖലകളിലും സജീവമാകുന്നത്  ബദലായി മനസ്സിലാക്കുന്നവരും ധാരാളമാണ്. പക്ഷേ, പിന്നീട് അത്തരം തൊഴില്‍ മേഖലകള്‍ സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥകളുടെയും അസമത്വത്തിന്റെയും  ഇടങ്ങളായി മാറുന്നതായാണ് കാണാന്‍ കഴിയുക. താരതമ്യേനെ  തൊഴിലാളികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ സ്ത്രീ-പുരുഷ അന്തരം കുറവുള്ള ഇടങ്ങളില്‍ / സംവിധാനങ്ങളില്‍ വേതനത്തിന്റെ കാര്യത്തില്‍ ക്രൂരമായ അന്തരം കാണാനാവും. അധീശത്വപരമായ ചൂഷണങ്ങളും അടിച്ചമര്‍ത്തലുകളും വേറെയും.
സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷ മേധാവിത്വപരമായ  കാഴ്ചപ്പാട് തിരുത്തുന്നതിനു പകരം അതിനെ അടിസ്ഥാനമായി എടുത്ത് മറ്റുള്ള കാര്യങ്ങള്‍ തിരുത്തിക്കുറിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇത്തരം സ്ത്രീശാക്തീകരണവാദികള്‍ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്. അതുപോലെത്തന്നെ കേവലം പുരുഷാധിപത്യം എന്ന ലേബലില്‍ എല്ലാ സ്ത്രീവിരുദ്ധ ആശയങ്ങളെയും ഇന്ന് കൂട്ടിക്കെട്ടാനാവില്ല. തങ്ങളെ അടക്കി ഭരിക്കുന്ന വ്യവസ്ഥിതി ഏതാണെന്ന് തിരിച്ചറിയുക എന്നത് പ്രധാനമാണ്. സമൂഹത്തില്‍ സ്ത്രീയുടെ പദവി എന്താണെന്ന് നിശ്ചയിക്കുന്ന വ്യവഹാരങ്ങളെ സത്യസന്ധമായി സമീപിക്കുക എന്നതും പ്രധാനമാണ്.
തെരഞ്ഞെടുപ്പ് മുതല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റേതായ പലതരം ഇടപെടലുകളിലും വരെ അവര്‍ സമര്‍ഥമായി തഴയപ്പെടുന്നത് എങ്ങനെയാണ്? അവരുടെ രാഷ്ട്രീയ-വൈജ്ഞാനിക മുന്നേറ്റങ്ങളെ മറച്ചുപിടിക്കാനും മറ്റൊരു രീതിയില്‍ മുദ്രകുത്താനും ഇവിടെ ആളുകള്‍ ഉണ്ടായിരുന്നു. കേരളത്തില്‍  സ്ത്രീകളുടെ പൊതുപ്രവര്‍ത്തനം  ഒരു കാലത്ത് സൊസൈറ്റി ലേഡി എന്ന അധിക്ഷേപകരമായ വാക്കുമായി ബന്ധപ്പെട്ടാണ് നിലനിന്നത്. 1930-കളില്‍ തന്നെ ആദ്യ തലമുറ സ്ത്രീ മുന്നേറ്റങ്ങളിലുള്ളവര്‍ അധിക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തിരുന്നു.  സ്ത്രീയുടെ സാമൂഹിക-സാമ്പത്തിക-ബൗദ്ധിക മൂലധനത്തെ ഇല്ലാതാക്കാനുള്ള എളുപ്പമാര്‍ഗം എന്ന നിലയില്‍ തന്നെയാണ് സാമൂഹികക്രമം 'സ്‌പേസ്' എന്ന പ്രിവിലേജിനെ സ്ത്രീക്ക് നിഷേധിക്കുന്നത്. നന്നേ ചുരുങ്ങിയത് സാമൂഹിക -സാംസ്‌കാരിക രംഗങ്ങളിലുള്ള സ്ത്രീകള്‍ അവരുടെ ആപേക്ഷികമായ പ്രിവിലേജുകളില്‍ നിന്നുകൊണ്ട് വീടിനകത്ത് വായനക്കും എഴുത്തിനും അവരുടേതായ ഇടം ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ പോലും ആ ഇടങ്ങളൊന്നും അവരുടേത് മാത്രമാവുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പലതരം നിയന്ത്രണങ്ങളിലൂടെയും അതിനെ മറികടക്കാനുള്ള ശ്രമങ്ങളിലൂടെയും മാത്രമാണ് അവള്‍ക്ക് ഒരു കൊച്ചു ഇടത്തില്‍ പോലും തന്നെ 'സ്‌പേസ്' ചെയ്യാന്‍ സാധിക്കുന്നത്. പ്രതികരിക്കുന്നവള്‍ എന്നും കലഹക്കാരിയായി മുദ്രകുത്തപ്പെടുന്നു.
സ്ത്രീയുടെ വ്യക്തിത്വം, സ്വയംനിര്‍ണയാവകാശം, മനുഷ്യാവകാശങ്ങള്‍, സ്വകാര്യത, അന്തസ്സ്, സ്വത്വം എന്നിവക്ക് നേരെ ഉയരുന്ന അതിക്രമങ്ങളായി മാറുകയാണ് ഇത്തരം സാമൂഹിക  മനോഭാവങ്ങള്‍. അങ്ങനെയുള്ള മൂല്യബോധത്തെ പ്രോത്സാഹിപ്പിക്കുന്നിടത്തോളം, അതിന് സാമൂഹികാംഗീകാരം നല്‍കപ്പെടുന്നിടത്തോളം സ്ത്രീ എന്നും രണ്ടാം കിട വ്യക്തി തന്നെയായി അവശേഷിക്കും.
ഇന്ത്യയിലെ സ്ത്രീകള്‍ ഇന്നും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന പരിതാപകരമായ ജീവിതാവസ്ഥക്ക് ഒരുപരിധിവരെ കാരണം പുരാതന ഇന്ത്യന്‍ സാഹചര്യങ്ങളും അന്നത്തെ സാമൂഹിക-സാംസ്‌കാരിക സംവിധാനങ്ങളുമാണ്. അവള്‍ക്ക് ജ്ഞാനസമ്പാദനം നിഷേധിക്കുകയും നിരോധിക്കുകയും ചെയ്തിരുന്നു. അവളുടെ  രക്ഷാകര്‍തൃത്വം പുരുഷന്റെ കൈകളില്‍ ഭദ്രമാക്കുക എന്ന വ്യാജേന  സ്ത്രീ പ്രാതിനിധ്യത്തെ മൊത്തം ആണ്‍കോയ്മയിലേക്ക് ചുരുക്കി.
ഇന്ത്യന്‍ ജനാധിപത്യത്തെ അര്‍ഥരഹിതമാക്കി മാറ്റുന്ന വിവേചനങ്ങളാണ് ഇന്ത്യന്‍ സ്ത്രീ അനുഭവിക്കുന്നത്. അടിമത്തവും ജന്മിത്തവും മുതലാളിത്തവും സാമ്രാജ്യത്വവും കൂടിക്കലര്‍ന്ന ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ വര്‍ഗപരവും സാമൂഹികവുമായ കടുത്ത അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്ന സ്ത്രീകളുടെ ജീവിതം നവ ഉദാരവല്‍ക്കരണത്തിലൂടെ മറ്റൊരു തലത്തില്‍ കൂടി ദുരിതപൂര്‍ണമായിരിക്കുകയാണ്.
നല്ല വരുമാനമുള്ള തൊഴില്‍ ഒരു സ്ത്രീക്ക് നല്‍കേണ്ട സാമ്പത്തിക, സാമൂഹിക ശാക്തീകരണം സാധ്യമാകാത്തവിധം പാട്രിയാര്‍ക്കല്‍ മൂല്യവ്യവസ്ഥ വീട്ടിലും പൊതുസമൂഹത്തിലും ദൃഢമായിരിക്കുന്നു.
കേരളീയ സാഹചര്യം എടുക്കാം. ലിംഗാനുപാതം, ശിശുമരണനിരക്ക്, മാതൃമരണ നിരക്ക്, സാക്ഷരത, സ്ത്രീ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ പല വികസിത രാജ്യങ്ങളോടുമൊപ്പം കേരളം എത്തിയിട്ടുണ്ട്.  എന്നാല്‍ ലിംഗനീതി ഉറപ്പുവരുത്തുന്നതിന് മേല്‍ സൂചിപ്പിച്ച അഭിമാനാര്‍ഹമായ കണക്കുകള്‍ സഹായകമാവുന്നില്ല. 2009 മുതല്‍ 2020 വരെയുള്ള കണക്കുകളനുസരിച്ച് സ്ത്രീധനത്തിന്റെ പേരില്‍ മാത്രം കേരളത്തില്‍ മരണപ്പെട്ടത് 209 പേരാണ്. 
വരുമാനമുള്ള തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ ലഭിക്കുന്ന ഇടവുമല്ല കേരളം. കുടുംബത്തിനുള്ളില്‍ സ്ത്രീ ചെയ്യുന്ന തൊഴില്‍, നയരൂപീകരണ ചര്‍ച്ചകളില്‍ പോലും കടന്നുവരുന്നില്ല. വീടിനു പുറത്ത് വരുമാനമുള്ള തൊഴിലെടുക്കുന്ന സ്ത്രീയെ സംബന്ധിച്ചേടത്തോളം അധ്വാനം ഇരട്ടിയാകുന്നു. അരക്ഷിതമായ പൊതുയിടങ്ങളാണ് കേരളത്തിലുള്ളത്. പൊതുഗതാഗത സൗകര്യം വളരെ അപര്യാപ്തം. യാത്രകളില്‍ സ്ത്രീകള്‍ പല രൂപത്തില്‍ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നു. കൂടാതെ, പൊതു ടോയ്‌ലറ്റുകളുടെയും ഷോര്‍ട്ട് സ്റ്റേ ഹോമുകളുടെയും സുരക്ഷിതമായ വിശ്രമ മുറികളുടെയും അഭാവം സ്ത്രീകളുടെ യാത്രകള്‍ ദുഷ്‌കരമാക്കുന്നു. ഇക്കാരണങ്ങളാല്‍ വീട്ടില്‍നിന്ന് അകലെപ്പോയി ജോലി ചെയ്യാന്‍ കഴിയാതെ വീട്ടമ്മമാരായി ചുരുങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ട വിദ്യാസമ്പന്നരായ സ്ത്രീകള്‍ നിരവധിയാണിന്ന് കേരളത്തില്‍. പൊതുസമൂഹത്തില്‍ പ്രബലമായിരിക്കുന്ന സ്ത്രീവിരുദ്ധാശയങ്ങള്‍ തന്നെയാണ് ഇവിടത്തെ സ്ത്രീസമൂഹവും ആന്തരികവല്‍ക്കരിക്കുന്നത്.
ഒരുപാട് കാലമായി സ്ത്രീകള്‍ ഇരകളാക്കപ്പെടുന്ന  ചെറുതും വലുതുമായ സംഭവങ്ങളില്‍  ഇസ്ലാം നിരന്തരം പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുകയും തുടര്‍ച്ചയായി മാധ്യമ-രാഷ്ട്രീയ വിചാരണ നേരിടേണ്ടിവരികയും ചെയ്യുന്നുണ്ട്.  സ്ത്രീകള്‍ക്കു നേരെ എന്ത് കൈയേറ്റം ഉണ്ടായാലും അതിനെതിരെ സ്ത്രീവിമോചന പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍  ആദ്യം ചര്‍ച്ച ചെയ്യുക ഇസ്ലാമിലെ സ്ത്രീയെ കുറിച്ചാണ്.  ഭൗതികവാദികളുടെയും ഫെമിനിസ്റ്റുകളുടെയും മനസ്സില്‍ ആദ്യമായി തെളിയുന്നത് ഇസ്ലാം സ്ത്രീക്ക് സ്വാതന്ത്ര്യം നല്‍കാതെ അവളെ 'പ്രാകൃത അടിമത്തത്തിന്റെ മുഖമുദ്രയായ പര്‍ദക്കുള്ളില്‍ ഒളിപ്പിക്കുന്ന' ചിത്രമാണ്. ഇതാണ് സ്ത്രീവിമോചനത്തിന് വലിയ തടസ്സമായി അവര്‍ കാണുന്നത്.
എന്നാല്‍ സ്ത്രീയെ സമൂഹം എപ്രകാരമാണ് കണക്കാക്കിയിരുന്നത് എന്ന് ലോകചരിത്രത്തിന്റെ താളുകള്‍ നമുക്ക് പറഞ്ഞുതരും. സ്ത്രീ എന്നും സമൂഹത്തിലെ കച്ചവടച്ചരക്കായി കണക്കാക്കപ്പെടുന്നു എന്നതാണ് വാസ്തവം. പുരാതന റോമന്‍ നിയമം ഒരു പുരുഷന് തന്റെ ഭാര്യയെ മരണം വരെ ശക്തമായി പ്രഹരിക്കാനുള്ള അനുമതി നല്‍കിയിരുന്നു. ഇത്തരത്തില്‍ അടിക്കാനും തൊഴിക്കാനും പീഡിപ്പിക്കാനുമുള്ള അനുമതി ബ്രിട്ടനിലും അമേരിക്കയിലുമെല്ലാം പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഉണ്ടായിരുന്നു. സ്ത്രീകള്‍ക്കു വേണ്ടി അന്താരാഷ്ട്ര തലത്തില്‍ ഒരു നിയമം കൊണ്ടുവരാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. പുരുഷന് പാദസേവ ചെയ്യുന്ന കേവലമൊരു സ്വകാര്യസ്വത്ത് എന്നു മാത്രമായിരുന്നു സ്ത്രീയെക്കുറിച്ച് ചരിത്രപരമായി നിലനിന്നിരുന്ന വീക്ഷണം.  സ്വകാര്യസ്വത്തിനെ എങ്ങനെ വില്‍പനച്ചരക്കാക്കാന്‍ സാധിക്കുമെന്ന് ചിന്തിച്ച് സ്ത്രീയുടെ ശരീരത്തെയും സൗന്ദര്യത്തെയും പരമാവധി ചൂഷണം ചെയ്ത് കമ്പോളവത്കരിക്കാനാണ് ഭൂരിപക്ഷം സമൂഹങ്ങളും കാലാകാലങ്ങളായി ശ്രമിച്ചിട്ടുള്ളത്.
എന്നാല്‍ സ്ത്രീപുരുഷന്മാര്‍ തുല്യനിലക്ക് പരിഗണനീയരാണെന്ന തത്ത്വമാണ് ഖുര്‍ആന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങളും ചുമതലകളും പുരുഷന്മാരുടേതിനു തുല്യം തന്നെ;  എന്നാല്‍ അവ ഏകീഭാവത്തിലുള്ളതാകണമെന്നില്ല. സമത്വ(Equality)വും സ്വത്വ(Identity)വും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്. അതില്‍ സമത്വത്തെയാണ് ഇസ്‌ലാം കരണീയമായി കാണുന്നത്. ഇസ്‌ലാമിക പാരമ്പര്യം വിഭാവനം ചെയ്യുന്ന സമത്വസങ്കല്‍പ്പത്തിന്റെ ശരിയായ അര്‍ഥഗ്രഹണത്തിന് അതിനെ വിശാലമായ സാമൂഹിക പശ്ചാത്തലത്തോട് ചേര്‍ത്ത് പഠനവിധേയമാക്കണം. ഏകകാലത്ത് സ്ത്രീപുരുഷന്മാരുടെ ഒന്നായുള്ള ഉന്നമനം എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ഇസ്‌ലാം സമൂഹത്തെ സമഗ്രമായി വീക്ഷിക്കുന്നു എന്നതുകൊണ്ടാണത്. ഓരോന്നിന്റെയും ഉന്നമനം ഒരാളുടേതോ ഒരു വിഭാഗത്തിന്റേതോ മാത്രമല്ല; സമൂഹത്തിന്റെ മൊത്തം ആരോഗ്യകരമായ വളര്‍ച്ചക്ക് നിദാനമാവണമത്. ഇതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. സ്ത്രീക്കും പുരുഷന്നും സ്വന്തം സ്വത്വത്തെ പ്രതിഷ്ഠിക്കാനും സാമൂഹിക ഭദ്രത ഉണ്ടാക്കിയെടുക്കാനും ഉതകുന്ന ഇസ്‌ലാമികദര്‍ശനത്തിന്റെ കൃത്യമായ പ്രയോഗവത്കരണം കൊണ്ടേ സ്ത്രീകളുടെ യഥാര്‍ഥ ആത്മാഭിമാനം വീണ്ടെടുക്കാനാകൂ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (44-47)
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടത്തിന്റെ നേരും നെറിയും
സി.പി മുസമ്മില്‍ കണ്ണൂര്‍