ഹൃദയതാരകമായി ജമാഅത്ത്
സംഗമം മള്‍ട്ടി കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പ്രസിഡന്റും എഫ്.ഡി.സി.എ സംസ്ഥാന സെക്രട്ടറിയുമായ ടി.കെ ഹുസൈന്റെ ആത്മകഥ തുടരുന്നു. ദീര്‍ഘകാലം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിയും ഇ.എം.എഫ്, തനിമ, ജസ്റ്റീഷ്യ എന്നിവയുടെ രക്ഷാധികാരിയുമായിരുന്നു അദ്ദേഹം. എഴുത്ത്: ശമീര്‍ബാബു കൊടുവള്ളി
1960-കളുടെ മധ്യത്തില്‍ മറ്റു പലരെയുംപോലെ ഞാനും പരമ്പരാഗത സമൂഹത്തിന്റെ ശിക്ഷണശീലങ്ങള്‍ കണ്ടും അനുഭവിച്ചുമാണ് ജീവിതത്തിലേക്ക് പിച്ചവെക്കുന്നത്. യുവത്വത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, വ്യക്തിസമ്പര്‍ക്കത്തില്‍നിന്നും വായനയില്‍നിന്നും ഇസ്‌ലാമാണ് എന്റെ വഴിയെന്ന തിരിച്ചറിവ് എനിക്കുണ്ടായിരുന്നു. ഇസ്‌ലാം സമഗ്രവും സമ്പൂര്‍ണവുമായ ദര്‍ശനമാണ്; അത് മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്; എല്ലാ മനുഷ്യരുടെയും ജീവിതപ്രശ്‌നങ്ങള്‍ നമ്മുടെകൂടി പ്രശ്‌നങ്ങളാണ്; വിശുദ്ധവേദവും തിരുചര്യയുമാണ് ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം; ഇസ്‌ലാമിനെ ഉള്‍ക്കൊണ്ടപ്പോള്‍ എന്നിലുണര്‍ന്ന ചിന്തകള്‍.
ചെറുപ്പംമുതലേ നല്ല മതബോധമുണ്ട്. സ്വുബ്ഹിന് നേരത്തേ പള്ളിയിലെത്തും. നമസ്‌കാരശേഷം, പ്രാര്‍ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകും. മുജാഹിദ് സഹയാത്രികനായ ചേക്കുഞ്ഞി ഹാജിയുടെ ഖുത്വ്ബ കേള്‍ക്കാന്‍ പോകും. റമദാനിന്റെ ആഗമനം ജനങ്ങളറിയാറുള്ളത് അദ്ദേഹത്തിന്റെ പ്രഭാഷണപരമ്പര ആരംഭിക്കുമ്പോഴാണ്. പ്രഭാഷണം കുറച്ചുദിവസം നീണ്ടുനില്‍ക്കും. ചേക്കുഞ്ഞി ഹാജിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് റമദാനിലെ അവസാനപത്തില്‍ ഇഅ്തികാഫ് സ്ഥിരമായി അനുഷ്ഠിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തോടൊപ്പമുള്ള സഹവാസത്തിലൂടെയാണ് ഖുര്‍ആന്‍ പഠനവും ഇസ്‌ലാമികഗ്രന്ഥങ്ങളുടെ വായനയും മുന്നോട്ട് കൊണ്ടുപോകാനായത്.
ജമാഅത്തെ ഇസ്‌ലാമിയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്ന വഴികള്‍ പറയാം. ഐ.എസ്.വൈ.എ ഒരു സ്വതന്ത്രവേദിയാണെന്ന് പറഞ്ഞുവല്ലോ. എങ്കിലും, അതിലുള്ളവര്‍ ജമാഅത്തിനോട് അനുഭാവമുള്ളവരായിരുന്നു. ഐ.എസ്.വൈ.എയില്‍ ക്ലാസെടുക്കാനും പരിപാടികളില്‍ പ്രസംഗിക്കാനും അധികവും വരാറുള്ളത് ജമാഅത്ത് നേതാക്കളാണ്. തദവസരങ്ങളില്‍ അവരുമായി സഹവസിക്കാന്‍ സാധിച്ചു. അവരുമായുള്ള സൗഹൃദം ജമാഅത്തിലേക്കും അതിന്റെ ആദര്‍ശത്തിലേക്കും എന്നെ നയിച്ചു. ഐ.എസ്.വൈ.എ സംഘടിപ്പിച്ച ഇബാദത്ത് ചര്‍ച്ചക്കുശേഷമാണ് ജമാഅത്തിന് കൊച്ചിയില്‍ സൗകര്യപ്രദമായ കേന്ദ്രം ഉണ്ടാക്കാനായത്. ജമാഅത്തിനോടുള്ള താല്‍പര്യംമൂലം വീടുവിട്ടാല്‍ ജമാഅത്ത് ഓഫീസിലാണ് കൂടുതലും ഞാന്‍ ചെലവഴിക്കുക. അതേസമയം, ഐ.എസ്.വൈ.എ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്യും.
1972-ല്‍ ജമാഅത്തിന്റെ അനൗദ്യോഗിക വിദ്യാര്‍ഥി സംഘടന ഐഡിയല്‍ സ്റ്റുഡന്റ്‌സ് ലീഗ് (ഐ.എസ്.എല്‍) രൂപീകൃതമായപ്പോള്‍ അതിന്റെ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ബി.എസ്.സിക്ക് തേവര സേക്രട്ട് ഹാര്‍ട്ടില്‍ പഠിക്കുമ്പോള്‍, ഹാജി ഈസാ സേട്ട്‌സാഹിബിന്റെ മകനും നിലവില്‍ കെ.എന്‍.എം വൈസ് പ്രസിഡന്റുമായ എച്ച്.ഇ മുഹമ്മദ് ബാബു എനിക്കൊപ്പം ഐ.എസ്.എല്‍ പ്രവര്‍ത്തകനായി ഉണ്ടായിരുന്നു. സേട്ട് സാഹിബിന്റെ കസിന്‍ താഹിര്‍ സേട്ടും ഐ.എസ്.എല്ലിനോട് അനുഭാവം പ്രകടിപ്പിച്ചു. പിന്നെയാണവര്‍ ഐ.എസ്.എല്‍ വിട്ടു പോയത്. എച്ച്.ഇ മുഹമ്മദ് ബാബു ഇപ്പോഴും എന്നോട് സ്‌നേഹബന്ധം കാത്തുസൂക്ഷിക്കുന്നു. ഇസ്‌ലാമിക് സെന്ററിന്റെ പ്രവര്‍ത്തകനായിരുന്ന കാരശ്ശേരി സ്വദേശി കെ.കെ മുഹമ്മദ് ഇസ്‌ലാഹി ഐ.എസ്.എല്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് സെന്റ് ആല്‍ബര്‍ട്ട്‌സ്, സേക്രട്ട് ഹാര്‍ട്ട്, മഹാരാജാസ് കോളേജുകളില്‍ എന്നോടൊപ്പം സഹകരിച്ചിരുന്നു.
1982-ല്‍ ജമാഅത്ത് അംഗത്വത്തിന് അപേക്ഷിച്ചു. കെ.സി അബ്ദുല്ല മൗലവിയായിരുന്നു അമീര്‍. അദ്ദേഹം അംഗത്വാപേക്ഷ സ്വീകരിക്കുകയും 1984 മെയ് 5-ന് ഞാന്‍ ജമാഅത്തംഗമാവുകയും ചെയ്തു.
വായനയും എന്നെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ജമാഅത്തിന്റെ അടിസ്ഥാനസാഹിത്യങ്ങളില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് അബുല്‍ അഅ്‌ലാ മൗദൂദിയുടെ 'സത്യസാക്ഷ്യ'വും 'ഖുതുബാത്തും' 'ഇസ്‌ലാംമത'വും ആയിരുന്നു. അവയുടെ വായനയിലൂടെയാണ് ഇസ്‌ലാമിനെ ശരിയായി മനസ്സിലാക്കാനായത്. വായനയില്‍ കടന്നുവന്ന മറ്റു കൃതികളാണ് സയ്യിദ് ഖുത്വ്ബിന്റെ 'വഴിയടയാളങ്ങളും' സൈനബുല്‍ ഗസ്സാലിയുടെ 'ജയിലനുഭവങ്ങളും' മുഹമ്മദ് ഖുത്വ്ബിന്റെ 'തെറ്റിദ്ധരിക്കപ്പെട്ട മത'വും. 'ജയിലനുഭവങ്ങള്‍' വായിച്ചപ്പോള്‍ ഒരു സ്ത്രീ ഇത്രയേറെ പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ടാവുമോയെന്ന് സംശയിച്ചിട്ടുണ്ട്. അതും അതിലപ്പുറവും ഇവിടെ സംഭവിക്കുമെന്ന് പിന്നീട് ബോധ്യപ്പെട്ടു. മൗദൂദിയുടെ മാസ്റ്റര്‍ പീസ് 'തഫ്ഹീമുല്‍ ഖുര്‍ആനും' മുഹമ്മദ് മാര്‍മഡ്യൂക് പിക്താളിന്റെ 'ദി മീനിംഗ് ഓഫ് ദി ഗ്ലോറിയസ് ഖുര്‍ആനും' വായിച്ചു. വ്യാഖ്യാനഗ്രന്ഥങ്ങളുടെ വായനയിലൂടെയാണ് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ ആഴത്തില്‍ ഗ്രഹിക്കാനായത്. ഒരു റമദാന്‍ മാസം ഇഅ്തികാഫിലായിരിക്കെയാണ് കെ.സി അബ്ദുല്ല മൗലവിയുടെ 'പരലോകം ഖുര്‍ആനില്‍' വായിച്ചത്.
'പ്രബോധനം' വാരികയുടെ വായനയില്‍ ഒട്ടും മുടക്കം വന്നിട്ടില്ല. ജമാഅത്ത് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതനായപ്പോള്‍ വായന സ്വാഭാവികമായും കുറഞ്ഞു.
തലതാഴ്ത്തി ശാന്തനായി നടന്നുപോവുന്ന പ്രകൃതമാണെനിക്ക്. ഇതുകണ്ട് പ്രവാചകനതാ പോകുന്നുവെന്ന് സമപ്രായക്കാര്‍ അടക്കം പറയും. എന്നെ കളിയാക്കിയവര്‍ പില്‍ക്കാലത്ത് ജമാഅത്തില്‍ ചേര്‍ന്നിട്ടുണ്ട്. ഒ.എം സൈഫുദ്ദീന്‍, എം.എ അബൂബക്കര്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. കപ്പലില്‍നിന്ന് ചരക്കുകള്‍ ഇറക്കാനും കയറ്റാനും തൊഴിലാളികളെ നല്‍കുന്ന ഷിപ്പിംഗ് ആന്റ് ഫോര്‍വേഡിംഗ് ഏജന്റ് ജോലിയായിരുന്നു സൈഫുദ്ദീന്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ഒ.എം ഗഫൂര്‍ നേരത്തേ ജമാഅത്തില്‍ ചേര്‍ന്ന വ്യക്തിയാണ്. സൈഫുദ്ദീന്‍ ഇപ്പോള്‍ പ്രവര്‍ത്തകനാണ്. ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറിയില്‍ സതീര്‍ഥ്യനായിരുന്ന എം.എ അബൂബക്കറും ഞാനും മറ്റുള്ളവരും ചേര്‍ന്ന് ലേണേഴ്‌സ് കോളേജെന്ന പേരില്‍ ട്യൂട്ടോറിയല്‍ സ്ഥാപനം നടത്തിയിരുന്നു. സി.പി.എമ്മിനെ കൊച്ചിയില്‍ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങളുള്ള എം.എ അബൂബക്കര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍, കുടുംബശ്രീയുടെ റീജ്യനല്‍ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2019 ജൂലൈ 13-ന് മരിക്കുമ്പോള്‍, ജമാഅത്തിന്റെ സഹയാത്രികനായിരുന്നു അദ്ദേഹം. സൗമ്യത, വിനയം എന്നിവ എം.എയുടെ മുഖമുദ്രകളായിരുന്നു. പരന്ന വായനയിലൂടെ നേടിയ അറിവും സാംസ്‌കാരികലോകത്തെ തെളിച്ചവും പ്രിയപ്പെട്ടവരിലേക്ക് പ്രസരിപ്പിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു എം.എ.
ജമാഅത്ത് അംഗമാകും മുമ്പ്, ഗുരുതുല്യം സ്‌നേഹിക്കുന്ന മാര്‍ക്‌സിസ്റ്റ് നേതാവ് ടി. മുഹമ്മദിന്റെ സാന്നിധ്യത്തില്‍, സഹപാഠി പള്ളുരുത്തിയിലെ മുന്‍ഷി കോയയും ഞാനും തമ്മില്‍ നടന്ന സംവാദം ഓര്‍ത്തുപോവുകയാണ്. ടി.എമ്മിനെക്കുറിച്ച് രണ്ടു വാക്ക്. കമ്യൂണിസത്തെ ആദര്‍ശമായി സ്വീകരിച്ച ടി.എം. കൊച്ചിന്‍ കോര്‍പ്പറേഷന്‍ മേയറായിട്ടുണ്ട്. ഹവ്വാമയാണ് ഭാര്യ. കുട്ടികളില്ല. ഹൈസ്‌കൂള്‍ മുതല്‍ ഗ്രാജുവേഷന്‍ വരെയുള്ള എന്റെ പഠനസമയത്ത് ഉമ്മയുടെ പേരിലുള്ള വീട്ടിലായിരുന്നു വാടകക്ക് ടി. എമ്മിന്റെ താമസം. ഏറെ കാലം ഞാന്‍ ടി.എം-ഹവ്വാമ ദമ്പതികളുടെ വളര്‍ത്തുപുത്രനായിരുന്നു. ഇന്ത്യ-ചൈന യുദ്ധമുണ്ടായപ്പോള്‍ സഖാവിനെ ചൈനയുടെ ചാരനാണെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്തു. നിരക്ഷരയായ ഹവ്വാമ ജയിലിലേക്ക് കത്തയക്കാറുള്ളത് എന്റെ സഹായത്തോടെയായിരുന്നു. കമ്യൂണിസ്റ്റുകാരനെന്ന നിലയില്‍ മാതൃകാജീവിതമാണ് ടി.എം കാഴ്ചവെച്ചത്. ടി.എമ്മിനോടുള്ള ബന്ധം കമ്യൂണിസത്തോട് നേരിയ ചായ്‌വ് എന്നില്‍ ഉണ്ടാക്കിയിരുന്നു.
ഞാന്‍ ടി.എമ്മിന്റെ വീട്ടിലായിരിക്കെ ഒരിക്കല്‍ അദ്ദേഹത്തെ കാണാനായി മുന്‍ഷി കോയ വന്നു. പ്രീഡിഗ്രി രണ്ടാംവര്‍ഷ ക്ലാസ് കയറ്റം തടഞ്ഞുവെക്കപ്പെട്ട വ്യക്തിയാണ് കോയ. പിന്നീട്, അറബി പഠിച്ച് മുന്‍ഷിയായി. എന്റെ ജമാഅത്ത് അനുഭാവത്തെക്കുറിച്ച് ടി.എമ്മിനോട് സംസാരിക്കാന്‍ തുടങ്ങി കോയ. സംസാരം ആദ്യമൊന്നും ഗൗനിച്ചില്ല. സംസാരം നീണ്ടപ്പോള്‍ ഞാന്‍ വിഷയത്തിലിടപ്പെട്ടു. ഇതുവരെ ജമാഅത്തുകാരനായിട്ടില്ലെന്നും അതിന്റെ അംഗത്വം ലഭിക്കാന്‍ പ്രയാസമാണെന്നും ഞാന്‍ കോയയോട് പറഞ്ഞു. അംഗത്വത്തിനുള്ള കണിശത കേഡര്‍പ്രസ്ഥാനത്തിന്റെ സവിശേഷതയാണെന്നും കമ്യൂണിസവും അങ്ങനെയല്ലേയെന്നും ഇടക്ക് ഞാന്‍ ടി.എമ്മിനോട് തിരക്കി. അതേയെന്ന അര്‍ഥത്തില്‍ അദ്ദേഹം തലകുലുക്കി. അപ്പോഴാണ് എന്റെ ജമാഅത്ത് അനുഭാവത്തിന് ടി.എമ്മിന്റെ മൗനാനുവാദമുണ്ടെന്ന കാര്യം കോയ അറിയുന്നത്. ജമാഅത്തില്‍ ചേരാനുള്ള മാനദണ്ഡത്തെക്കുറിച്ചായി പിന്നീട്, കോയയുടെ സംസാരം. ജമാഅത്തിന് ഒരു ഭരണഘടനയുണ്ടെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഇന്ത്യന്‍പൗരന് ലിംഗഭേദമന്യേ അതില്‍ അംഗമാകാമെന്നും വിശദീകരിച്ചു. ജമാഅത്തിന്റെ ആദര്‍ശം, ലക്ഷ്യം, പ്രവര്‍ത്തനരീതി എന്നിവയും കോയക്ക് പറഞ്ഞുകൊടുത്തു. മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ കോയക്കും ജമാഅത്തുകാരനാകാമെന്നും പറഞ്ഞു. അതിനോട് പ്രതികൂലമായാണ് അദ്ദേഹം പ്രതികരിച്ചത്.
ജമാഅത്തിലേക്കുള്ള എന്റെ പ്രവേശത്തിന് മൗനാനുവാദം നല്‍കിയെങ്കിലും, ജമാഅത്ത് വിമര്‍ശനത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല ടി.എം. കോയയുമായുള്ള സംവാദത്തിനിടെ, ജമാഅത്ത് വര്‍ഗീയസംഘടനയാണെന്ന് ടി.എം ആരോപിച്ചു. 'ഉത്തരവാദപ്പെട്ട സ്ഥാനത്തുള്ള താങ്കളെപ്പോലുള്ളവര്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് വസ്തുതാപരവും സത്യസന്ധവുമാവണം', എന്റെ ശബ്ദം കനത്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ രക്തക്കളമാക്കിയ വര്‍ഗീയസംഘട്ടനങ്ങളെയായിരുന്നു സ്വാതന്ത്ര്യപ്പുലരിയില്‍ ഇന്ത്യ വരവേറ്റത്. അന്നുമുതല്‍ കലാപങ്ങള്‍ തുടരുന്നു. ആയിരക്കണക്കിന് കുടുംബങ്ങളാണ് നിരാലംബരായത്. കലാപബാധിത പ്രദേശങ്ങളില്‍ സഹായഹസ്തവുമായി ഓടിയെത്തി സഹായിച്ച ചരിത്രമാണ് ജമാഅത്തിനുള്ളത്. വെള്ളപ്പൊക്കം, വരള്‍ച്ച, കൊടുങ്കാറ്റ്, ഭൂമികുലുക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായപ്പോഴും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ജമാഅത്ത് രംഗത്തിറങ്ങി. അതുകൊണ്ട് അസത്യം പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കുകയാണ് ടി.എം - ഞാന്‍ പറഞ്ഞുനിര്‍ത്തി. ജമാഅത്തിനെക്കുറിച്ചുള്ള എന്റെ വിവരണം ഹവ്വാമയില്‍ അലോസരമുണ്ടാക്കി. എടോ നീ ആരോടാണ് ഈ കയര്‍ത്ത് സംസാരിക്കുന്നത്, നമ്മുടെ ഈ കൊച്ചുകുടിലില്‍ കുട്ടപ്പാമ്പോയെന്ന് അവര്‍ അലറി. ഇത് പാര്‍ട്ടി ചര്‍ച്ചയാണെന്നു പറഞ്ഞ് ഞാന്‍ ഹവ്വാമയെ സമാധാനിപ്പിച്ചു.
ജമാഅത്ത് അംഗമാവുന്നതിന് വളരെ മുമ്പുള്ള ജമാഅത്ത് പ്രവര്‍ത്തനത്തിന്റെ ആദ്യാനുഭവമായിരുന്നു 1971-ല്‍ നടന്ന ഇടുക്കി ഹൈറേഞ്ച് സന്ദേശയാത്ര. കെ.എന്‍ അബ്ദുല്ല മൗലവിയായിരുന്നു പത്തുദിനം നീണ്ട് യാത്രയുടെ അമീര്‍. യാത്രക്കുള്ള മറ്റാഡോര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ചാലക്കല്‍ യൂസുഫ് സാഹിബ്. എണ്‍പത് വയസ്സിലെത്തിയ സൗമ്യശീലനായ അദ്ദേഹം ഇപ്പോഴും സജീവപ്രവര്‍ത്തകന്‍ തന്നെ. അക്കാലത്ത് ചില പ്രശ്‌നങ്ങള്‍ മൂലം എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. സാഹചര്യം മാറി സജീവമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ഭം. അപ്പോഴാണ് യാത്രക്ക് അവസരം ലഭിക്കുന്നത്.
മുവാറ്റുപുഴ കാവുങ്കര മസ്ജിദ് പരിസരത്തുനിന്നാണ് യാത്രയുടെ ആരംഭം. പൗരപ്രമുഖനും ഹൈറേഞ്ച് മേഖലയില്‍ കച്ചവടബന്ധവുമുള്ള എ.പി മക്കാര്‍ ഹാജി, ആലുവ പള്ളിക്കരയിലെ മുഹമ്മദ് സാഹിബ്, പ്രഭാഷകനായ ലിബാസ് ഷോപ്പുടമ വി.എം അലി, പെരുമ്പാവൂരിലെ ഇബ്‌റാഹീം, നോര്‍ത്ത് പറവൂര്‍ സ്വദേശിയും പില്‍ക്കാലത്ത് ഐ.ആര്‍.ഡബ്ല്യുവിന്റെ സജീവസാന്നിധ്യവുമായ കെ.കെ ഇബ്‌റാഹീം, തേയില കച്ചവടക്കാരന്‍ ആലുവ ബാവ സാഹിബിന്റെ പുത്രന്‍ മുഹമ്മദലി, ഇരുമ്പ് കച്ചവടക്കാരന്‍ അബ്ദുല്‍കരീം, എഫ്.എ.സി.ടിയിലെ ഉദ്യോഗസ്ഥനും സമര്‍പ്പിതനുമായ അല്ലാ ബക്ഷ്, എടത്തല ഇബ്‌റാഹീം, പെരുമ്പാവൂരിലെ മൂസക്കുട്ടി എന്നിവരടക്കം 13 പേരാണ് സംഘാംഗങ്ങള്‍. കൂട്ടത്തില്‍ പ്രായംകുറഞ്ഞ കൊച്ചിക്കാരനായ ഈയുള്ളവനും. മുവാറ്റുപുഴയില്‍നിന്ന് തുടങ്ങി കോതമംഗലം, നേര്യമംഗലം, അടിമാലി, ആനച്ചാല്‍, കുഞ്ചിത്തണ്ണി, രാജകുമാരി, രാജക്കാട്, നെടുംകണ്ടം, തൂക്കുപാലം, വണ്ടിപ്പെരിയാര്‍, പത്താംമൈല്‍, കുമളി, കട്ടപ്പന, മുറിക്കാശ്ശേരി, കഞ്ഞിക്കുഴി, ചേലച്ചുവട്, മുണ്ടിയെരുമ, പുഴിയന്‍ മല, സന്യാസിയോട, ഉപ്പുതറ തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് യാത്ര.
വ്യക്തിസംഭാഷണം, ലഘുലേഖാ വിതരണം, അങ്ങാടികളില്‍ ഹ്രസ്വപ്രഭാഷണം, ടൗണുകളില്‍ ദീര്‍ഘപ്രഭാഷണം, സാഹിത്യവില്‍പന തുടങ്ങിയ പുത്തന്‍ പ്രവര്‍ത്തന രീതികള്‍ കാഴ്ചവെച്ച യാത്ര ആവേശകരമായിരുന്നു. ഉറക്കം സുഹൃദ്ഭവനങ്ങളിലും അടിമാലി ഉമര്‍ സാഹിബിന്റെ നിയന്ത്രണത്തിലുള്ള ജുമുഅ പള്ളിയിലും നെടുംകണ്ടം ജുമുഅ പള്ളിയിലും. നെടുംകണ്ടം പള്ളിയില്‍ ഒരു പ്രശ്‌നമുണ്ടായി. രാവിലെ താമസത്തിനുള്ള അനുവാദം വാങ്ങിയിരുന്നെങ്കിലും, ഞങ്ങളുടെ സംഘടന ഏതെന്ന് അറിഞ്ഞപ്പോള്‍ പള്ളി ഭാരവാഹികളുടെ ഭാവംമാറി. നേരം ഇരുട്ടിയതോടെ നെടുംകണ്ടം പള്ളിയില്‍ പ്രതീക്ഷിച്ചതിനു വിപരീതമായ അനുഭവങ്ങള്‍. പിന്നീട്, ഉറങ്ങാന്‍ പുറംപള്ളിയിലെ വരാന്തയിലും ചാര്‍പ്പിലുമാണ് സ്ഥലം കിട്ടിയത്. ഫജ്ര്‍ നമസ്‌കാരത്തിനുമുമ്പ് എല്ലാവരും പ്രാര്‍ഥനയിലും സുജൂദിലും മുഴുകി. ഫജ്ര്‍ നമസ്‌കാരത്തിനുശേഷം കെ.എന്നിന്റെ ഖുര്‍ആന്‍ ക്ലാസ്. കുറച്ചുകഴിഞ്ഞതോടെ മുഅദ്ദിന്റെ മട്ടുമാറി. 'പോ കഴുതേ, ഓടിപ്പോ കഴുതേ' പോലുള്ള ആക്രോശങ്ങള്‍. വൈകാതെ ജമാഅത്ത് ഗോബാക്ക് ബോര്‍ഡുകള്‍ പള്ളിയങ്കണത്തില്‍ പ്രത്യക്ഷപ്പെട്ടു. നന്ദി പറഞ്ഞും പ്രാര്‍ഥനകളുരുവിട്ടും അവിടെനിന്ന് ഇറങ്ങി.
നെടുംകണ്ടം പള്ളിക്കു സമീപമുള്ള പാരിഷ് ഹോട്ടലില്‍ യാത്രയുടെ ഭാഗമായി നടന്ന പ്രസംഗം താല്‍പര്യപൂര്‍വം കേട്ടുനിന്ന ഒരാളുണ്ടായിരുന്നു, എസ്.ഇ മക്കാര്‍ മുസ്‌ലിയാര്‍. വണ്ടിപ്പെരിയാറിലും മുണ്ടിയെരുമയിലും പള്ളിയില്‍ ജോലി ചെയ്തുപോന്നു അദ്ദേഹം. മുസ്‌ലിയാര്‍ പിന്നീട് കെ. അബ്ദുസ്സലാം മൗലവിയുമായി സൗഹൃദത്തിലായി. ആ സൗഹൃദത്തിന്റെ പേരില്‍, സ്വന്തം മകനെ ആലുവ അസ്ഹറില്‍ പഠിപ്പിച്ചു മക്കാര്‍ മുസ്‌ലിയാര്‍. ഡോ. മുഹ്‌യിദ്ദീന്‍ ആലുവായി സുന്നി ധാരയിലുള്ള മൗലവിമാരുടെ വലിയ അഭിമാനമായിരുന്നുവെന്നതും മകനെ അസ്ഹറില്‍ ചേര്‍ക്കാന്‍ കാരണമായിരുന്നു. അങ്ങനെ പഠിച്ചുവളര്‍ന്ന് സോളിഡാരിറ്റി കേരള ദക്ഷിണമേഖലയുടെ ചുമതലയുള്ള വൈസ് പ്രസിഡന്റും പ്രഭാഷകനും എഴുത്തുകാരനുമായിത്തീര്‍ന്ന യുവപണ്ഡിതനാണ് എസ്.എം സൈനുദ്ദീന്‍ അസ്ഹരി. ഇപ്പോള്‍ അസ്ഹറിലെ അധ്യാപകനായി എസ്.എം ജോലി ചെയ്യുന്നു.
തബ്‌ലീഗ് ജമാഅത്തിന്റെ പ്രമുഖനേതാവ് മൂസാ മൗലാനയുടെ പ്രദേശവും ദക്ഷിണേന്ത്യയിലെ തബ്‌ലീഗിന്റെ പ്രഭവകേന്ദ്രവുമായ കാഞ്ഞാറിലായിരുന്നു സന്ദേശയാത്രയുടെ സമാപനം. മഗ്‌രിബ് നമസ്‌കാരത്തിനുശേഷമാണ് പരിപാടി. പരിപാടിക്കെത്തിയ ശുഭ്രവസ്ത്രധാരികളായ ജമാഅത്ത് ചെറുപ്പക്കാരെ നാട്ടുകാര്‍ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. നമസ്‌കാരാനന്തരം സമാപനയോഗത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. പ്രദേശവാസിയായ ഇസ്മാഈല്‍ സാഹിബ് മേശയും കസേരയും ചുമന്നുകൊണ്ട് വരുന്നു. ഐ.പി.എച്ച് സാഹിത്യത്തിലൂടെ ജമാഅത്തില്‍ ചേര്‍ന്ന വ്യക്തിയാണ്, നേരത്തേ നിരീശ്വരവാദത്തോട് ആഭിമുഖ്യമുണ്ടായിരുന്ന ഇസ്മാഈല്‍ സാഹിബ്. പത്തുവയസ്സ് തോന്നിക്കുന്ന പൊക്കംകുറഞ്ഞ സുമുഖനായ ഒരു ബാലന്റെ കൈയില്‍ ഇസ്മാഈല്‍ സാഹിബ് കസേര കൊടുത്തു. കസേര നിരത്തി സീറ്റുകള്‍ ക്രമീകരിച്ച ബാലന്‍, പില്‍ക്കാലത്ത് ഉമറാബാദില്‍ പഠിച്ച് പി.പി ഖാസിം മൗലവിയായി. വൈകാതെ ജമാഅത്തംഗവുമായി. അന്ന് യൂസുഫ് ഉമരി ഉമറാബാദില്‍ വിദ്യാര്‍ഥിയായിരുന്നു.
യോഗം ആരംഭിക്കുംമുമ്പ് കാഞ്ഞാറില്‍ കച്ചവടബന്ധങ്ങളുള്ള എ.പി മക്കാര്‍ ഹാജിയെ കെ.എന്‍ അബ്ദുല്ല മൗലവി അധ്യക്ഷത ഏല്‍പ്പിച്ചു. കെ.എന്‍ പ്രസംഗമാരംഭിച്ചതോടെ അപശബ്ദങ്ങള്‍, കൂക്കുവിളികള്‍..... കെ.എന്‍ സ്വതഃസിദ്ധമായ വാഗ്‌വിലാസത്തിലൂടെ മെല്ലെമെല്ലെ വികാരാവേശത്തിലേക്ക് കടന്നു. 'സമസ്ത കേരള, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമകള്‍, നദ്‌വത്തുല്‍ മുജാഹിദീന്‍, തബ്‌ലീഗ് ജമാഅത്ത്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങി ഓരോ സംഘടനയും ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുന്നു. എല്ലാവരും ഒത്തുചേര്‍ന്ന് ഐക്യപ്പെട്ട് ഗ്രാമത്തിന്റെ മുഖഛായ മാറ്റാന്‍ ശ്രമിക്കുന്നു. നാടിനെ ബാധിച്ചിരിക്കുന്ന മദ്യപാനം, പലിശ, മയക്കുമരുന്ന്, ചൂതാട്ടം എന്നിവ ഇല്ലാതാക്കാന്‍ വിശ്വാസികള്‍ ഒത്തൊരുമിച്ച് ശ്രമിക്കുക. അഭിപ്രായഭേദങ്ങള്‍ മറന്ന് സ്‌നേഹക്കൂട്ടായ്മകളിലൂടെ സ്വര്‍ഗവാസികളായിത്തീരുക', കെ.എന്നിന്റെ പ്രസംഗം കത്തിക്കയറി. അകന്നുനിന്ന് പ്രസംഗം ശ്രവിച്ചവര്‍ സ്റ്റേജിനടുത്തേക്ക് വന്നു. പ്രഭാഷണം അവസാനിച്ചപ്പോള്‍, ശത്രുതാഭാവം സ്‌നേഹസൗഭാത്രത്തിന് വഴിമാറുകയായിരുന്നു.
സന്ദേശയാത്ര അവസാനിച്ചതോടെ ഓരോരുത്തരും അവരവരുടെ വീടുകളിലേക്ക് മടങ്ങി. പിന്നീടുള്ള വര്‍ഷങ്ങളില്‍ കാഞ്ഞിരപ്പള്ളിയിലെ അബ്ദുല്‍മജീദ് സാഹിബും കെ.പി.എഫ് ഖാന്‍ സാഹിബും നിരന്തരം യാത്രചെയ്ത് സന്ദേശയാത്രാ പ്രദേശങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങി. ഇഖ്ബാല്‍ മെമ്മോറിയല്‍ ലൈബ്രറി സ്ഥാപിച്ചു. അതിലെ വായനയിലൂടെ അനുഭാവികളും പ്രവര്‍ത്തകരും വര്‍ധിച്ചു.
(തുടരും)
Comments