Prabodhanm Weekly

Pages

Search

2021 ജൂലൈ 16

3210

1442 ദുല്‍ഹജ്ജ് 06

ഹജ്ജ് - പെരുന്നാള്‍ കാലത്ത് നമുക്കൊത്തിരി ചെയ്യാനുണ്ട്


ഹജ്ജ് അനുഷ്ഠാനവും ബലിപെരുന്നാള്‍ ആഘോഷവും ഇത്തവണയും കഴിഞ്ഞ വര്‍ഷത്തെപ്പോലെ പലവിധ നിയന്ത്രണങ്ങളാല്‍ പരിമിതപ്പെടുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകള്‍. സുഊദി അറേബ്യ ഈ വര്‍ഷം ഇതര രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഹജ്ജ്  ചെയ്യാന്‍ അനുവാദം നല്‍കുന്നില്ല. സുഊദി പൗരന്മാര്‍ക്കും ജോലി ആവശ്യാര്‍ഥവും മറ്റും സുഊദിയില്‍ താമസിക്കുന്നവര്‍ക്കും മാത്രമേ ഇത്തവണ ഹജ്ജ് ചെയ്യാനാവൂ. അതുതന്നെ 18-നും 65-നും ഇടക്ക് പ്രായമുള്ള അറുപതിനായിരം പേര്‍ക്ക് മാത്രം. ഹജ്ജിന് വരുന്നവര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഒരുപക്ഷേ ഹജ്ജ് രണ്ട് വര്‍ഷം തുടര്‍ച്ചയായി ഈ വിധത്തില്‍ തടസ്സപ്പെടുന്നതും  പരിമിതപ്പെടുന്നതും ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും. ജീവിതത്തിന്റെ സായംസന്ധ്യയില്‍ ഹജ്ജിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ഇതുണ്ടാക്കുന്ന ഹൃദയവേദന നമുക്ക് ഊഹിക്കാനാവും. ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമായ ഹജ്ജ് നിര്‍വഹിക്കാനാവാതെ ഈ ലോകത്തോട് വിടപറയേണ്ടിവരുമോ എന്ന ഉത്കണ്ഠ അവശരും രോഗികളുമായ ആ വിശ്വാസികളെ വല്ലാതെ അലട്ടുമെന്ന് തീര്‍ച്ച. പക്ഷേ ഇതുപോലുള്ള സന്ദര്‍ഭങ്ങളെ ശുഭാപ്തിയോടെ അഭിമുഖീകരിക്കണമെന്നാണ് ദൈവദൂതന്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ജീവിതത്തോട് വിടവാങ്ങുന്നതിന് തൊട്ടു മുമ്പ് റസൂല്‍ കരീം നടത്തിയ ഹജ്ജ് (വിദാഅ്) യാത്രയില്‍, സമാനമായ ചില സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഹജ്ജത്തുല്‍ വിദാഅ് നബി നടത്തിയ ഒരേയൊരു ഹജ്ജാണ്. എന്ത് ത്യാഗം സഹിച്ചും ആ ഹജ്ജ് യാത്രയില്‍ അണിചേരാന്‍ അറേബ്യയുടെ നാനാ ഭാഗങ്ങളില്‍നിന്നും വിശ്വാസികള്‍ ഒഴുകിയെത്തി. യാത്രാ ക്ഷീണവും ഉഷ്ണവുമെല്ലാം കാരണമായി പലരും തളര്‍ന്നു. ചിലര്‍ക്ക് തൊലിപ്പുറം തിണര്‍ത്തു ചുവന്നു. പറ്റേ ക്ഷീണിതരായ അവര്‍ക്ക് യാത്ര തുടരാന്‍ സാധ്യമായിരുന്നില്ല. ഇത് കണ്ടറിഞ്ഞ തിരുദൂതന്‍ അവരോട് യാത്ര മതിയാക്കി തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. ഹജ്ജില്‍ പങ്കെടുത്തതിന്റെ എല്ലാ പുണ്യവും അവര്‍ക്ക് ലഭിക്കുമെന്ന് സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്തു.
ഹജ്ജിനു വേണ്ടി എത്രയോ കാലമായി മാനസികമായി തയാറെടുത്തു നില്‍ക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ സംഭവം. ഹജ്ജിന് പോകാന്‍ കഴിയാതിരിക്കുന്നത് മഹാമാരി കാരണമാണ്; അവരുടെ വീഴ്ച കൊണ്ടോ അലംഭാവം കൊണ്ടോ അല്ല. ഹജ്ജ് എന്നത് ഒരാളുടെ മക്കയിലെ ശാരീരിക സാന്നിധ്യമാണ് എന്നതുപോലെ അതൊരു മാനസിക സാന്നിധ്യവുമാണ്. ഹജ്ജിന് പോകാന്‍ കഴിയാത്തവര്‍ മനസ്സു കൊണ്ട് ഹാജിയാവുക എന്നൊരു ഉയര്‍ന്ന ആധ്യാത്മികതലം കൂടി ആ അനുഷ്ഠാനത്തിനുണ്ട്. അതുകൊണ്ടാണ് ഹജ്ജിന് പോകാത്തവര്‍ സാമ്പത്തികശേഷിയുണ്ടെങ്കില്‍ ഹാജി ചെയ്യുന്നതുപോലെ ബലിയറുക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഒരിക്കല്‍ ഹജ്ജ് ചെയ്തവര്‍ക്ക് ഓരോ ഹജ്ജ് വേളയിലും താന്‍ ചെയ്ത ഹജ്ജിനെ മനസ്സില്‍ പുനഃസൃഷ്ടിക്കാന്‍ കഴിയണം. അന്ന് അല്ലാഹുവുമായുണ്ടാക്കിയ കരാര്‍ പുതുക്കാനും അതു പ്രകാരം തന്നെയാണോ തന്റെ ജീവിതമെന്ന് വിചാരണ ചെയ്യാനും കഴിയണം. അല്ലാഹുവുമായി അന്നുണ്ടായിരുന്ന അടുപ്പവും ഖുര്‍ആന്‍ പാരായണവും ഇബാദാത്തുകളിലെ ആധിക്യവും നിഷ്ഠയുമൊക്കെ തിരിച്ചുപിടിക്കണം. അപ്പോള്‍ അയാള്‍ ഓരോ വര്‍ഷവും ഹാജിയായി മാറുകയാണ്. അതിന് രണ്ടാമതൊരിക്കല്‍ അയാള്‍ ഹജ്ജിന് പോകണമെന്നില്ല.
ഇങ്ങനെ ഹജ്ജിന് പോകാതെ തന്നെ എല്ലാ വിശ്വാസികളും ഹാജിമാരാകുന്ന ഈ സന്ദര്‍ഭം പാവങ്ങള്‍ക്കും അഗതികള്‍ക്കും താങ്ങും തണലുമാവേണ്ട സന്ദര്‍ഭം കൂടിയാണ്. ഉദ്ഹിയ്യത്തിന്റെ/ ബലിയുടെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നായി ഖുര്‍ആന്‍ അത് എണ്ണിപ്പറയുകയും ചെയ്തിരിക്കുന്നു. ആ ബലിമാംസത്തിന് ഏറ്റവും അര്‍ഹരായി ഇന്ത്യയില്‍, കേരളത്തിനു പുറത്ത് ലക്ഷങ്ങളുണ്ട്. അര്‍ഹരിലേക്കത് യഥാസമയം എത്തിക്കാനുള്ള സംവിധാനവും ഇന്ന് നമുക്കുണ്ട്. അതിനാല്‍ ഈ ഹജ്ജ് - ബലിപെരുന്നാള്‍ കാലത്ത് ആലസ്യവും നിരാശയും കൈവെടിഞ്ഞ് നമ്മുടെ ഇസ്‌ലാമിക ജീവിതത്തെ നാം ഒന്നുകൂടി തേച്ചുമിനുക്കുക; മഹാമാരി മനുഷ്യരുടെ ജീവിതായോധന മാര്‍ഗങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കുന്ന ഈ ദുരിതകാലത്ത് അവര്‍ക്ക് കൈത്താങ്ങാവുക.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (44-47)
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടത്തിന്റെ നേരും നെറിയും
സി.പി മുസമ്മില്‍ കണ്ണൂര്‍