അനുസ്മരണം
വി.പി ഫാത്തിമ
ഇസ്ലാമിക പ്രസ്ഥാനത്തെയും നേതാക്കളെയും പ്രവര്‍ത്തകരെയും അതിയായി സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു വി.പി ഫാത്തിമ സ്വാഹിബ(94). കേരള ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവും പ്രഥമ അമീറുമായ വി.പി മുഹമ്മദലിയുടെ(ഹാജിസാഹിബ്) സഹോദരിയായ അവര്‍ സഹോദരന്റെ പാത പിന്‍പറ്റി ഇസ്ലാമിക പ്രസ്ഥാനത്തില്‍ ആകൃഷ്ടയാവുകയും അതിന്റെ സഹായികളില്‍ ഒരാളാവുകയുമായിരുന്നു. സഹോദരനെപ്പോലെ വൈജ്ഞാനിക രംഗത്ത് വളര്‍ന്നില്ലെങ്കിലും പ്രസ്ഥാന മാര്‍ഗത്തില്‍ കഴിയുന്ന സേവനങ്ങള്‍ അര്‍പ്പിക്കാനും മക്കളെ ആ മാര്‍ഗത്തില്‍ വളര്‍ത്താനും അവര്‍ക്ക് സാധിച്ചു.
തൊണ്ണൂറ്റി രണ്ട് വയസ്സുള്ളപ്പോള്‍ കുറ്റിപ്പുറം സഫാ നഗറില്‍ ചേര്‍ന്ന വനിതാ സമ്മേളന നഗരിയില്‍ തന്നെക്കൊണ്ടാവുന്ന സേവനങ്ങള്‍ ചെയ്യാന്‍ വാര്‍ധക്യ കാലത്തും അവര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഹല്‍ഖാ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും പ്രബോധനവും മാധ്യമവും ആരാമവും പതിവായി വായിക്കുന്നതിനും പ്രായാധിക്യവും പ്രതിബന്ധമായിരുന്നില്ല. മൂന്ന് പെണ്‍മക്കളടക്കം ഏഴ് മക്കളാണുള്ളത്.
സല്‍മാ ഹുസൈന്‍
അടാട്ടില്‍ കുഞ്ഞഹമ്മദ്കുട്ടി ഹാജി
കോട്ടക്കല്‍ പറപ്പൂര്‍ പ്രദേശങ്ങളില്‍ ഇസ്ലാമിക പ്രസ്ഥാനം വേരുപിടിക്കുന്ന ഘട്ടം മുതലേ പ്രസ്ഥാനത്തോടൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണ് 2011 ഡിസംബര്‍ 8ന് മരണപ്പെട്ട അടാട്ടില്‍ കുഞ്ഞഹമ്മദ്കുട്ടി ഹാജി. വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഞങ്ങളുടെ മേഖലയില്‍ പ്രസ്ഥാനത്തിന്റെ കീഴില്‍ പറപ്പൂര്‍ ഇസ്ലാമിയാ കോളേജ് ആന്റ് ഓര്‍ഫനേജ് എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. സ്ഥാപനം പലഘട്ടങ്ങളിലും സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ അദ്ദേഹം പ്രകടിപ്പിച്ച ഇഛാശക്തി സ്ഥാപനത്തിന് തുണയായി.
പറപ്പൂരിലെ മലബാര്‍ എഡ്യുക്കേഷണല്‍ ട്രസ്റ് വൈസ് ചെയര്‍മാന്‍, കോട്ടക്കല്‍ മസ്ജിദ് മനാര്‍ വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും സേവനം അര്‍പ്പിച്ചു.
വി. പോക്കു മാസ്റര്‍ പറപ്പൂര്‍
പി.എം അബ്ദുല്ല
പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചവരിലൊരാളാണ് പി.എം അബ്ദുല്ല സാഹിബ്. ഇസ്ലാമിക് സ്റഡി സര്‍ക്കിള്‍ എന്ന പേരില്‍ അദ്ദേഹം മുന്‍കൈയെടുത്ത് ആരംഭിച്ച വേദിയാണ്, പിന്നീട് പ്രശാന്തി ലൈബ്രറി ആന്റ് റീഡിംഗ് റൂം ആയും ശേഷം മുത്തഫിഖ് ഹല്‍ഖയും തുടര്‍ന്ന് കാര്‍കുന്‍ ഹല്‍ഖയായും മാറിയത്.
പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും താങ്ങും തണലുമായിരുന്നു അദ്ദേഹം. ചാലിശ്ശേരി മെയിന്‍റോഡ് സെന്ററില്‍ തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ഒരു മുറി വര്‍ഷങ്ങളോളം പ്രസ്ഥാനത്തിന്റെ ഓഫീസായി പ്രവര്‍ത്തിക്കാന്‍ സൌജന്യമായി വിട്ടുതരികയായിരുന്നു. ജനസേവന പ്രവര്‍ത്തനങ്ങളില്‍ അത്യധികം തല്‍പരനായിരുന്ന അദ്ദേഹം പ്രദേശത്തെ ഒട്ടനവധി കുടുംബങ്ങള്‍ക്ക് അത്താണിയായി മാറിയിട്ടുണ്ട്.
ഭാര്യയും രണ്ട് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമടങ്ങുന്ന കുടുംബം പൂര്‍ണമായും പ്രസ്ഥാന പ്രവര്‍ത്തകരാണ്. മരുമക്കളും സജീവ പ്രവര്‍ത്തകരാണ്.
സി.എം റഫീഖ് കോക്കൂര്‍
സി.പി അഹ്മദ് കോയ
ജമാഅത്തെ ഇസ്ലാമി മൂഴിക്കല്‍ ഘടകത്തിലെ കാര്‍കുന്‍ ആയിരുന്ന സി.പി അഹ്മദ്കോയ(82)അല്ലാഹുവിലേക്ക് യാത്രയായി. നാട്ടില്‍ കോയാമുട്ടി എന്നാണ് അറിയപ്പെട്ടിരുന്നതെങ്കില്‍, ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം കോയ സാഹിബ് ആയിരുന്നു. 30 വര്‍ഷത്തിലധികം പ്രബോധനം പ്രസ് ജീവനക്കാരനായിരുന്നു. കോഴിക്കോട്ടെ നോര്‍മല്‍ പ്രിന്റിംഗ് ബ്യൂറോ പ്രസില്‍നിന്ന് ബൈന്റിംഗും പ്രിന്റിംഗും പഠിച്ച ശേഷമാണ് എടയൂരിലെ പ്രബോധനം പ്രസില്‍ ജോലിക്കെത്തുന്നത്.
1959ല്‍ പ്രബോധനം പ്രസ് വെള്ളിമാട്കുന്നിലേക്ക് മാറിയപ്പോഴാണ് അദ്ദേഹവും സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. പ്രബോധനം പ്രസില്‍ ദീര്‍ഘകാലം ലെറ്റര്‍ കംപോസിംഗ് ആന്റ് പ്രിന്റിംഗ് ഇന്‍ചാര്‍ജ് കോയ സാഹിബായിരുന്നു. ഈ രംഗത്ത് പ്രസില്‍ പലരുടെയും ഗുരുവും അദ്ദേഹമായിരുന്നു. പിന്നീട് 17 വര്‍ഷം യു.എ.ഇയില്‍ ജോലി ചെയ്തു. അവിടെനിന്ന് മടങ്ങിയ ശേഷം 5 വര്‍ഷം ഐ.പി.എച്ച് പുസ്തകങ്ങള്‍, പ്രബോധനം എന്നിവയുടെ ബൈന്റിംഗ് ജോലികള്‍ ഏറ്റെടുത്തു. ആറ് മക്കളുണ്ട്. എല്ലാവരും പ്രസ്ഥാനപ്രവര്‍ത്തകരോ അനുഭാവികളോ ആണ്.
മലോല്‍ അബൂബക്കര്‍ മൂഴിക്കല്‍
Comments