Prabodhanm Weekly

Pages

Search

2012 മാര്‍ച്ച് 31

ഇഖ്‌വാനികളും സലഫികളും വീണ്ടുവിചാരം ചെയ്തില്ലെങ്കില്‍

വീക്ഷണം - ഗാസി അത്തൗബ

1928-ലാണ് ഇമാം ഹസനുല്‍ ബന്ന ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ സ്ഥാപിക്കുന്നത്. ഈ പ്രസ്ഥാനം അതിന്റെ ഇത്രയുംകാലത്തെ പ്രയാണത്തിനിടയില്‍ നിരവധി പണ്ഡിതന്മാരെ സംഭാവന ചെയ്തിട്ടുണ്ട്. മുഹമ്മദുല്‍ ഗസ്സാലി, അബ്ദുല്‍ ഖാദിര്‍ ഔദ, അല്‍-ബഹി അല്‍ ഖൂലി, മുസ്ത്വഫ സിബാഇ, അബ്ദുല്‍ കരീം സൈദാന്‍ തുടങ്ങി നിരവധി പേരെ. എന്നാല്‍ ഇഖ്‌വാന്റെ ചിന്താരീതികളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് കളമൊരുക്കിയ പണ്ഡിതന്‍ സയ്യിദ് ഖുത്വ്ബ് തന്നെയാണ്. ദേശീയത, സ്വദേശീയത, ജനാധിപത്യം, ഭരണം, അറബ്-ഇസ്‌ലാമിക ലോകത്തിന്റെ സമകാലിക അവസ്ഥ എന്നിവയെക്കുറിച്ച് ഒട്ടേറെ ചിന്താ വൈവിധ്യങ്ങള്‍ സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയുണ്ടായി.
'സമൂഹത്തെ കാഫിറാക്കുക' എന്ന ചിന്താധാര വളര്‍ന്നുവന്നത് സയ്യിദ് ഖുത്വ്ബിന്റെ ചില വരികളില്‍ നിന്നാണെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. അക്കാര്യത്തില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. അതൊഴിവാക്കി ചിന്തിച്ചാല്‍ തന്നെ, അക്കാലത്ത് ഈജിപ്തില്‍ പ്രചാരത്തിലുള്ള ദേശീയത, സ്വദേശീയത (വത്വനിയ്യ), ജനാധിപത്യം എന്നീ വിഷയങ്ങളില്‍ ഇമാം ബന്ന സ്വീകരിച്ച നിലപാടുകളുടെ തിരുത്തും വിപുലനവും എന്ന നിലക്ക് സയ്യിദ് ഖുത്വ്ബിന്റെ ചിന്തകളെ കാണാനാവുന്നതാണ്. ദേശീയതയും സ്വദേശീയതയും ആധുനിക വിഗ്രഹങ്ങളാണെന്നായിരുന്നു സയ്യിദ് ഖുത്വ്ബിന്റെ നിലപാട്. ചില ദേശങ്ങളെയും വര്‍ഗങ്ങളെയും അത് മഹത്വപ്പെടുത്തുന്നു. അതിലേക്ക് മനുഷ്യന്റെ സ്‌നേഹവികാരങ്ങളെ പരിമിതപ്പെടുത്തുന്നു. ഇതിന് പകരം വിശ്വാസ സാഹോദര്യമാണ് ഉണ്ടാവേണ്ടതെന്ന് സയ്യിദ് ഖുത്വ്ബ് സിദ്ധാന്തിച്ചു. ഈ നിലപാട് ഇമാം ബന്നയുടെ നിലപാടിനെ തിരുത്തുന്നതായിരുന്നു എന്നു പറയാന്‍ കാരണമുണ്ട്. ദേശീയതയും സ്വദേശീയതയുമൊക്കെയാണ് നിയമനിര്‍മാണത്തിന് അടിസ്ഥാനമാവേണ്ടതെന്ന ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്ന ധാരണയെ ഇമാം ബന്ന അനുകൂലിച്ചിരുന്നില്ലെങ്കിലും, ദേശീയതയിലും സ്വദേശീയതയിലും തള്ളേണ്ട വശങ്ങള്‍ ഉള്ളത് പോലെ തന്നെ സ്വീകരിക്കാവുന്ന വശങ്ങളും ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
സലഫികളെക്കുറിച്ച് പറയുകയാണെങ്കില്‍, സലഫിസം ഒരു ചിന്താവഴിയാണ്. ഇസ്‌ലാമികലോകത്തിന്റെ എല്ലാ ഭാഗത്തും അതിന്റെ വിത്തുകള്‍ മുളപൊട്ടിയിട്ടുണ്ട്. അവിടെയൊക്കെയും അതിന് അനുയായികളുമുണ്ട്. പാരമ്പര്യ വിജ്ഞാനീയങ്ങളെക്കുറിച്ച സൂക്ഷ്മമായ അറിവ്, വിശ്വാസ പ്രമാണത്തെ കലര്‍പ്പുകളില്‍ നിന്ന് ശുദ്ധി ചെയ്‌തെടുക്കല്‍, നബിചര്യ അനുധാവനം ചെയ്യുന്നതോടൊപ്പം പ്രബല ഹദീസുകള്‍ മാത്രം സ്വീകരിച്ച് ദുര്‍ബലമായ ഹദീസുകളില്‍ നിന്ന് അകന്നുനില്‍ക്കല്‍-ഇതൊക്കെ സലഫിസത്തിന്റെ ശക്തിബിന്ദുക്കളാണ്. സംഭവലോകത്തെക്കുറിച്ച ഉപരിപ്ലവമായ ധാരണയാണ് സലഫിസത്തിന്റെ ദൗര്‍ബല്യമെന്ന് പറയാം. തീര്‍ത്തും വിരുദ്ധമായ ഒരു സന്ദര്‍ഭത്തില്‍ ഇസ്‌ലാമിന്റെ സുബദ്ധമായ നിയമവിധികളെ കൊണ്ട് വെക്കുക എന്ന അനൗചിത്യം വന്നുപോകാന്‍ ഇത് ഇടവരുത്തുന്നു. ഇതവര്‍ക്കും സംഭവലോകത്തിനുമിടയില്‍ വിടവുകള്‍ തീര്‍ക്കുന്നു. അതുമൂലം മുസ്‌ലിം ലോകത്തിന്റെ യഥാര്‍ഥ പ്രയാണപഥങ്ങളെ തൊട്ടറിയാനോ അവയുമായി സംവദിക്കാനോ അവര്‍ക്ക് കഴിയാതെ വരുന്നു. ചില ഗവണ്‍മെന്റുകളും ഭരണാധികാരികളും ഈ ദൗര്‍ബല്യത്തെ മുതലെടുക്കുകയും ചെയ്യുന്നു.
ഏതാനും വര്‍ഷങ്ങളായി ഈ ദൗര്‍ബല്യത്തില്‍ നിന്ന് പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ് സലഫി പ്രസ്ഥാനം. സംഭവലോകത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുന്നതില്‍ അവര്‍ വിജയിക്കുന്നുവെന്നാണ് ഈജിപ്തില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന സൂചന. അവര്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും 25 ശതമാനം വോട്ടുകള്‍ നേടുകയും ചെയ്തു.
ഇഖ്‌വാനികള്‍ക്കും സലഫികള്‍ക്കും ഇത് കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്കുള്ള ഒരു പരിവര്‍ത്തന ദശയാണ്. ഇരു സംഘടനകളെ സംബന്ധിച്ച്, അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, സ്വയം മാറുന്നതിനെയും ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയുന്നതിനെയും കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഇവിടെ ബാക്കിയാവുന്നുണ്ട്. ചില നിരീക്ഷണങ്ങള്‍ ഇവിടെ പങ്കുവെക്കുകയാണ്.
1. കഴിഞ്ഞ ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇഖ്‌വാന്ന് 47 ശതമാനവും സലഫികള്‍ക്ക് 25 ശതമാനവും വോട്ട് ലഭിക്കുന്നു. തുനീഷ്യയില്‍ അന്നഹ്ദയും മൊറോക്കോയില്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയും ഭൂരിപക്ഷം നേടുന്നു. ഇസ്‌ലാം അറബ് സമൂഹത്തില്‍ ഇപ്പോഴും ആഴത്തില്‍ വേരോടി നില്‍ക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെയും അതിന്റെ ചരിത്രത്തെയും മഹാരഥന്മാരെയും വികലമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഒന്നാം ലോകയുദ്ധാനന്തരം കഴിഞ്ഞ ഒരു നൂറ്റാണ്ടായി നിരന്തരം നടന്നുവരുന്നതിനിടയിലാണ് ഈ വിജയങ്ങള്‍. ത്വാഹാ ഹുസൈന്റെയും അലി അബ്ദുര്‍റാസിഖിന്റെയും പ്രബന്ധങ്ങള്‍, ഹബീബ് ബൂറഖീബയുടെ സെക്യുലരിസം, ജമാല്‍ അബ്ദുന്നാസറിന്റെ സോഷ്യലിസം, മുഹമ്മദ് അര്‍കൂന്‍-അഡോണിസ്-മുഹമ്മദ് ശഹ്‌രൂര്‍ പ്രഭൃതികളുടെ രചനകള്‍ തുടങ്ങിയ പ്രതിബന്ധങ്ങളെയെല്ലാം മറികടന്നാണ് ഈ വിജയമുണ്ടായിട്ടുള്ളത്.
2. ഈയടുത്ത് അറബ് നാടുകളില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ ഒരു കാര്യം അസന്ദിഗ്ധമായി വെളിപ്പെടുത്തി. മുസ്‌ലിം സമൂഹം ഇസ്‌ലാമിസ്റ്റുകളിലേക്കാണ് ചായുന്നത്. സ്വതന്ത്ര സമ്മതിദാനാവകാശം നല്‍കിയാല്‍ അവര്‍ തെരഞ്ഞെടുക്കുന്നത് ഇസ്‌ലാമിസ്റ്റുകളെയായിരിക്കും. കാരണം മുസ്‌ലിം സമൂഹത്തിന്റെ സ്വത്വത്തെയും വേവലാതികളെയും പ്രതീക്ഷകളെയും ഏറ്റവും നന്നായി പ്രതിഫലിപ്പിക്കാനാവുക അവര്‍ക്കാണ്. അതിനാല്‍ തങ്ങളുടെ വിജയത്തിന്റെ ഒന്നാമത്തെ ക്രെഡിറ്റ് നല്‍കേണ്ടത് ഇസ്‌ലാമിക സമൂഹത്തിനാണെന്ന് ഇഖ്‌വാനികളും സലഫികളും മനസ്സിലാക്കണം. തെരഞ്ഞെടുപ്പ് വിജയത്തിലല്ല കാര്യം. തങ്ങളെ പിന്തുണച്ച ഈ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍വ മേഖലകളിലും ഈ സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും ഈ രണ്ട് സംഘടനകളും എന്തു ചെയ്യുന്നു-ഇതിലാണ് അവര്‍ തങ്ങളുടെ മാറ്റ് തെളിയിക്കേണ്ടത്. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. പിതാവ് മരിച്ചപ്പോള്‍ ഒരാള്‍ക്ക് ഒരു മില്യന്‍ ദീനാര്‍ അനന്തരമായി കിട്ടി. ഇത് അയാളുടെ പിതാവ് സമ്പാദിച്ച പണത്തിന്റെ മൂല്യമാണ്. ഈ ധനത്തെ ഒന്നര മില്യന്‍ ആക്കാന്‍ കഴിയുമ്പോഴാണ് തന്റേതായ മൂല്യം/വിഹിതം അതിലേക്ക് ചേര്‍ത്തു എന്ന് പറയാന്‍ പറ്റുകയുള്ളൂ.
3. സലഫികളും ഇഖ്‌വാനികളും അവരുടെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്തെ പരീക്ഷണങ്ങള്‍ അവലോകനം ചെയ്യണം. അവയുടെ നന്മകളും പോരായ്മകളും തിരിച്ചറിയണം. സുഡാനില്‍ ഹസന്‍ തുറാബി നടത്തിയ പരീക്ഷണം, അഫ്ഗാന്‍ ജിഹാദിന്റെ അനുഭവങ്ങള്‍ പോലുള്ളവ.
സുഡാനില്‍ തുറാബിയുടെ കൈകളിലേക്ക് അധികാരം വരുന്നത് 1989-ല്‍ ആണ്. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ സുഡാന്‍ പുതിയ ഭരണത്തില്‍ ഒരു പ്രകാശഗോപുരമായിത്തീരുന്നൂമെന്നും ഇസ്‌ലാമിക നവോത്ഥാനത്തിന് വഴികാട്ടുമെന്നുമൊക്കെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഈ പ്രതീക്ഷകളൊന്നും പൂവണിഞ്ഞില്ല. മാത്രമല്ല, തുറാബി ഭരണം സുഡാനെ തകര്‍ക്കുകയാണുണ്ടായത്. ഇന്നിപ്പോള്‍ സുഡാന്‍ തെക്കും വടക്കുമായി വെട്ടിമുറിക്കപ്പെട്ടു. പടിഞ്ഞാറ് ദാര്‍ഫൂര്‍ സംസ്ഥാനം കൈവിട്ടുപോകാനുള്ള സാധ്യത നിലനില്‍ക്കുന്നു. സുഡാന്റെ സാമ്പത്തികം, മതപരം, വംശീയം, സാമൂഹികം, സാംസ്‌കാരികം ഇതിലേത് മേഖലയെടുത്തും നിങ്ങള്‍ പരിശോധിച്ചു നോക്കൂ. തുറാബി അധികാരമേല്‍ക്കുന്നതിനു മുമ്പുള്ള അവസ്ഥയേക്കാള്‍ ശോചനീയമാണ് ഇന്നത്തെ അവസ്ഥ എന്ന് കണ്ടെത്താനാവും. ഈ തകര്‍ച്ചയുടെ ഒന്നാമത്തെ ഉത്തരവാദി ഹസന്‍ തുറാബി തന്നെയാണ്. തുറാബിയോടൊപ്പം 'ഇന്‍ഖാദ്' മുന്നണിയെ നയിച്ചവരും ഇതില്‍ ഉത്തരവാദികളാണ്; അവരുടെ ഉത്തരവാദിത്വം തുറാബിയോളം വരില്ലെങ്കിലും.
മറ്റൊരു സമീപകാല അനുഭവമാണ് അഫ്ഗാന്‍ ജിഹാദ്. റബ്ബാനി, സയ്യാഫ്, ഹിക്മതിയാര്‍ തുടങ്ങി അഫ്ഗാന്‍ ജിഹാദിന് നേതൃത്വം നല്‍കിയവരെയെല്ലാം ഇസ്‌ലാമിക സമൂഹം സര്‍വാത്മനാ പിന്തുണച്ചു. ആ പിന്തുണ പൂര്‍ണമായിരുന്നു. ആളും അര്‍ഥവും നല്‍കി ആ പോരാട്ടത്തെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇസ്‌ലാമിക സമൂഹം ഒരു പിശുക്കും കാണിച്ചില്ല. ഒടുവില്‍ എന്തായി? അമേരിക്കയുടെയും കൂട്ടാളികളുടെയും കളിപ്പാവയായി അഫ്ഗാന്‍ മാറി. എല്ലാ രംഗത്തും ആ നാട് തകര്‍ന്നു തരിപ്പണമായി. നമ്മള്‍ ചോദിക്കേണ്ടത് ഇതാണ്: ഈ രണ്ട് പരീക്ഷണങ്ങളില്‍ നിന്ന് ഇഖ്‌വാനികള്‍ക്കും സലഫികള്‍ക്കും എന്താണ് പഠിക്കാനുള്ളത്?
മുഖ്യ പാഠം ഇതാണ്: സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെല്ലാം സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ ഈ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. ഇസ്‌ലാമിക സമൂഹത്തിന്റെ ധാര്‍മികതയും ഐക്യവും അഭിമാനവും സംരക്ഷിക്കാന്‍ സാധിക്കണം. അങ്ങനെ പുതിയൊരു നാഗരികതയുടെ നിര്‍മാണം നടക്കണം. അധികാരത്തിലെത്തുക എന്നത് മാത്രമാവരുത് ലക്ഷ്യം. ഭരണപരാജയം ഇസ്‌ലാമിക സമൂഹത്തിന്റെ മുഴുവന്‍ മേഖലകളിലും പ്രതിഫലിക്കും. അതിന് സമൂഹം കൊടുക്കേണ്ട വില കനത്തതായിരിക്കും. അതിന്റെ പരിക്ക് ഈ രണ്ട് സംഘടനകളില്‍ ഒതുങ്ങി നില്‍ക്കുകയില്ല.
4. തങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിയോഗികള്‍ ശ്രമിക്കൂവെന്ന കാര്യവും സലഫികളും ഇഖ്‌വാനികളും മനസ്സിലാക്കിയിരിക്കണം. ആ ഭിന്നിപ്പിന്റെ ആഴം കൂട്ടാന്‍ അവര്‍ ശ്രമിക്കുന്നത് ഇരുകൂട്ടരെയും തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. ഭിന്നത അടിസ്ഥാനപരമല്ലെന്നും വീക്ഷണപരമാണെന്നും അവര്‍ തിരിച്ചറിയണം. ഇരു വിഭാഗവും ഒരേ സമൂഹത്തിന്റെ ഭാഗമാണ്. ഒരേ കുടുംബത്തിലെ വ്യക്തികള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയായേ അതിനെ കാണേണ്ടതുള്ളൂ.
5. ഇരു സംഘടനകളുടെയും മുമ്പിലെ ഭാരിച്ച ഒരു വെല്ലുവിളി, സമകാലിക മുസ്‌ലിമിനെ ശരിയായ നിലയില്‍ ബോധവത്കരിക്കുക എന്നതാണ്. സുബദ്ധമായ ബോധ്യത്തിലേക്കും ഗ്രാഹ്യത്തിലേക്കും അവനെ കൊണ്ട് വരേണ്ടതുണ്ട്. പോരായ്മകളും പിഴവുകളും എങ്ങനെ പരിഹരിക്കാമെന്ന നിര്‍ദേശങ്ങളും ലഭിക്കണം. ഒരു പോരായ്മ മാത്രം ഇവിടെ ചൂണ്ടിക്കാട്ടാം. കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലയളവില്‍ ഇസ്‌ലാമിക വൈജ്ഞാനിക, നവോത്ഥാന, പ്രബോധന, കര്‍മശാസ്ത്ര, സാമ്പത്തിക മേഖലകളിലും മറ്റും ഉണ്ടായിട്ടുള്ള സംരംഭങ്ങളെയും ഇസ്‌ലാമിക സംഘടനകളുടെ പരീക്ഷണങ്ങളെയും നിരൂപണാത്മകമായി വിലയിരുത്തുന്ന, പിഴവുകള്‍ ചൂണ്ടിക്കാട്ടി പരിഹാരം നിര്‍ദേശിക്കുന്ന പഠനങ്ങള്‍ വളരെ കുറവാണ്. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ജമാഅത്തെ ഇസ്‌ലാമി, ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, തുര്‍ക്കിയിലെ ജമാഅത്തുന്നൂര്‍, ഇന്ത്യയിലെ തബ്‌ലീഗ് ജമാഅത്ത് തുടങ്ങിയ സംഘടനകളുടെയും മുഹമ്മദുല്‍ ഗസ്സാലി, അബ്ദുല്‍ ഖാദിര്‍ ഔദ, മുഹമ്മദ് അബൂസഹ്‌റ, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, സയ്യിദ് ഖുത്വ്ബ്, മുസ്ത്വഫ സിബാഇ തുടങ്ങിയ പണ്ഡിതന്മാരുടെയും പ്രവര്‍ത്തനങ്ങള്‍ ഈ വിധത്തില്‍ നിരൂപണം ചെയ്യപ്പെടണം.
ദീനിന് രണ്ട് ചിറകാണല്ലോ ഉള്ളത്. പ്രമാണ(നഖ്ല്‍)വും ധിഷണ
(അഖ്ല്‍)യും. പ്രമാണത്തിന് പൂര്‍ണതയുണ്ട്, അത് എക്കാലവും പരിരക്ഷിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ന്യൂനതയും പോരായ്മയും ഉണ്ടാകുന്നത് പ്രമാണത്തെ വ്യാഖ്യാനിക്കുന്ന ധിഷണക്കാണ്. ഈ വിഷയത്തില്‍ ഇസ്‌ലാമിക ചരിത്രത്തിലെ തന്നെ ഏറ്റവും ഗംഭീരമായ നിരൂപണമാണ് ഇമാം ഇബ്‌നുതൈമിയ്യ നടത്തിയത്. 'പ്രമാണ-ധിഷണ വൈരുധ്യത്തെ എങ്ങനെ തടുക്കാം' (ദര്‍ഉ തനാഖുളില്‍ അഖ്‌ലി വന്നഖ്ല്‍) എന്ന അദ്ദേഹത്തിന്റെ കൃതിയില്‍ അത്തരമൊരു നിരൂപണമാണ് നാം വായിക്കുന്നത്. പ്രമാണവും ധിഷണയും തമ്മില്‍ വൈരുധ്യമില്ല എന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. വൈരുധ്യമുണ്ടെങ്കില്‍ ഒന്നുകില്‍ പ്രമാണം പിഴക്കണം, അല്ലെങ്കില്‍ ധിഷണ പിഴക്കണം (പ്രമാണം മനസ്സിലാക്കുന്നതില്‍ ധിഷണക്ക് പിഴക്കുന്നു എന്ന് സൂചന).
ഈയൊരു പോരായ്മ പരിഹരിക്കാന്‍ ഇരു സംഘടനകളും മുന്നോട്ട് വരണം. ഇതുവരെയുള്ള മത സാംസ്‌കാരിക സംഭാവനകളെയും പ്രാസ്ഥാനിക പരീക്ഷണങ്ങളെയും നിരൂപണം ചെയ്യാനും പോരായ്മ ഉണ്ടെങ്കില്‍ നേരെയാക്കാനും തയാറാകണം. ഫിഖ്ഹ്, ഉസ്വൂല്‍ ഫിഖ്ഹ്, ഉലൂമുല്‍ ഖുര്‍ആന്‍ തുടങ്ങിയ വൈജ്ഞാനിക മേഖലകള്‍ക്കും ബാധകമാണിത്.
(പ്രഗത്ഭ ഫലസ്ത്വീനി എഴുത്തുകാരനും ഗ്രന്ഥകാരനുമാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം