Prabodhanm Weekly

Pages

Search

2012 മാര്‍ച്ച് 31

കേന്ദ്ര ബജറ്റിലെ കേന്ദ്രീകരണം

ബജറ്റ് - ഒ.കെ ഫാരിസ്

സാമ്പത്തികമായ ഇത്രയേറെ പ്രയാസങ്ങള്‍ക്കിടയില്‍ ഇങ്ങനെ ഒരു ബജറ്റവതരിപ്പിക്കാന്‍ കാണിച്ച മിടുക്ക് സമ്മതിക്കണം. അടുത്ത വര്‍ഷം വരാനിരിക്കുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാവുമെന്നതിനാല്‍ ഈ വര്‍ഷം വല്ലാതെ പിടിമുറുക്കിയതായി കാണാം. 'കാരുണ്യവാനായിരിക്കാന്‍ വേണ്ടി ഇപ്പോള്‍ ക്രൂരനാകുന്നു' എന്ന 'ഹാംലെറ്റി'ലെ പ്രയോഗം കടമെടുത്ത് പ്രണബ് അതാകാം ധ്വനിപ്പിച്ചത്.

2012-13 കാലയളവിലേക്കുള്ള കേന്ദ്ര ബജറ്റ് മാര്‍ച്ച് 16-ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 36 പേജ് വരുന്ന ബജറ്റ് ഒറ്റ നോട്ടത്തില്‍ എല്ലാ മേഖലയെയും തഴുകുന്നതായി കാണാം. യൂറോ സോണിലെ കടപ്രതിസന്ധി, മിഡിലീസ്റിലെ രാഷ്ട്രീയ മാറ്റങ്ങള്‍, ജപ്പാനിലെ ഭൂകമ്പം, ക്രൂഡ് ഓയിലിന്റെ വില തുടങ്ങി ആഗോള സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ ഇന്ത്യയെയും ബാധിച്ചതായി ഓര്‍മപ്പെടുത്തിയ ശേഷമാണ് ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. സാമ്പത്തികമായ ഇത്രയേറെ പ്രയാസങ്ങള്‍ക്കിടയില്‍ ഇങ്ങനെ ഒരു ബജറ്റവതരിപ്പിക്കാന്‍ കാണിച്ച മിടുക്ക് സമ്മതിക്കണം. അടുത്ത വര്‍ഷം വരാനിരിക്കുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാവുമെന്നതിനാല്‍ ഈ വര്‍ഷം വല്ലാതെ പിടിമുറുക്കിയതായി കാണാം. 'കാരുണ്യവാനായിരിക്കാന്‍ വേണ്ടി ഇപ്പോള്‍ ക്രൂരനാകുന്നു' എന്ന 'ഹാംലെറ്റി'ലെ പ്രയോഗം കടമെടുത്ത് പ്രണബ് അതാകാം ധ്വനിപ്പിച്ചത്. രാഷ്ട്രത്തെക്കാള്‍ രാഷ്ട്രീയമാണല്ലോ പ്രധാനം!
ഈ വര്‍ഷത്തെ ബജറ്റ് ജനങ്ങള്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കികൊടുത്തത്? നല്‍കാനുള്ളതൊക്കെ അടുത്ത ബജറ്റിലേക്ക് മാറ്റി വെച്ച്, ഈ വര്‍ഷം കിട്ടാവുന്ന എന്തും വാരിക്കൂട്ടാനുള്ള ശ്രമമാണ് നടത്തിയത്.

ഖജനാവ് നിറക്കുന്ന രീതികള്‍
നികുതി വര്‍ധിപ്പിക്കല്‍, കള്ളപ്പണം തിരിച്ചു പിടിക്കല്‍, ഓഹരി വിറ്റഴിക്കല്‍, സബ്സിഡി വെട്ടിക്കുറക്കല്‍ തുടങ്ങിയ നീക്കങ്ങളിലൂടെയാണ് പ്രധാനമായും ഖജനാവിലേക്ക് പണം കണ്ടെത്തുന്നത്. അടിസ്ഥാന എക്സൈസ് തീരുവ, സേവന നികുതി എന്നിവ 12 ശതമാനം ആയി ഉയര്‍ത്തി. ഓഹരി വിറ്റഴിക്കലിലൂടെ 30,000 കോടി രൂപ ലക്ഷ്യമിടുന്നു. സബ്സിഡി ജി.ഡി.പിയുടെ 2 ശതമാനത്തില്‍ താഴെ മാത്രമാക്കി പരിമിതപ്പെടുത്തി. ഇതിനു പുറമെ വില വര്‍ധിക്കുന്ന ഓരോ ഉല്‍പന്നത്തിന്നും വര്‍ധനവിന്റെ തോതനുസരിച്ച് നികുതിയും വര്‍ധിക്കുന്നു. പ്രത്യക്ഷ നികുതിയില്‍ തൊടാതെ പരോക്ഷ നികുതി വിഭാഗത്തിലെ എക്സൈസ് ഡ്യൂട്ടി ഉയര്‍ത്താനുള്ള ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ ബജറ്റ് നിര്‍ദേശം സമര്‍ഥമായ നീക്കമാണെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ അഭിപ്രായപ്പെട്ടത്.
ശുദ്ധീകരിച്ച സ്വര്‍ണത്തിന്റെ കസ്റംസ് തീരുവ ഇരട്ടിയാക്കിയത് ഒരു പക്ഷേ, അതിലും സമര്‍ഥമായ കളിയായിരുന്നു. കാരണം, ലോകത്ത് ഉല്‍പാദിപ്പിക്കുന്ന സ്വര്‍ണത്തിന്റെ 25 ശതമാനം വാങ്ങുന്നത് ഇന്ത്യക്കാരാണ്. അഥവാ കസ്റംസ് തീരുവ ഇരട്ടിയാക്കുന്നതിലൂടെ കോടികളാണ് ഖജനാവിലെത്തുക. ഇതിന് പകരമായി മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെയും, എല്‍.ഇ.ഡി, എല്‍.സി.ഡി പാനലുകളുടെയും കസ്റംസ് തീരുവ ഇല്ലാതാക്കി. പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ ഒന്ന് ഇരട്ടിയാക്കിയപ്പോള്‍ രണ്ടെണ്ണം ഇല്ലാതാക്കി. പക്ഷേ, പ്രയോഗത്തില്‍ ഖജനാവിന് ഏതാണ്ട് 80 ശതമാനം മിച്ചം അതില്‍ തന്നെ ലഭിക്കും. വളരെ കൌശലത്തോടെയുള്ള നീക്കം തന്നെയാണിത്.

ജനങ്ങളുടെ വിഹിതം
വാര്‍ത്താ മാധ്യമങ്ങള്‍ പ്രാധാന്യം കല്‍പിച്ച മറ്റൊരു കാര്യം, 1.80 ലക്ഷം മുതല്‍ നല്‍കേണ്ടിയിരുന്ന ആദായ നികുതി പരിധി 2 ലക്ഷമാക്കി ഉയര്‍ത്തി എന്നതാണ്. അഥവാ 10 ശതമാനം കയറ്റി നിശ്ചയിച്ചു. എന്നാല്‍ 7 ശതമാനത്തിന് മുകളില്‍ പണപ്പെരുപ്പം എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് 3 ശതമാനം മാത്രമേ ഖജനാവിനെ ബാധിക്കാന്‍ സാധ്യതയുള്ളൂ. എന്ന് മാത്രമല്ല വര്‍ഷം 2 ലക്ഷം വരുമാനമുള്ള വ്യക്തികളെ മാത്രം ബാധിക്കുന്ന വിഷയമാണിത്. യു.എന്‍ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ 2010ലെ കണക്ക് പ്രകാരം, ജനസംഖ്യയുടെ 37.2 ശതമാനം ദാരിദ്യ്ര രേഖക്ക് താഴെയുള്ള രാജ്യമാണ് നമ്മുടേതെന്ന് ഓര്‍ക്കണം. ആദായ നികുതി പരിധി 10 ശതമാനം വര്‍ധിപ്പിച്ചത് വളരെ ചെറിയ ഒരു വിഭാഗത്തെ മാത്രമേ ബാധിക്കുകയുള്ളൂ.
വിദ്യാഭ്യാസ മേഖലയെ സേവന നികുതിയില്‍നിന്ന് ഒഴിവാക്കിയത്, കാന്‍സര്‍, എച്ച്.ഐ.വി മരുന്നുകള്‍ക്ക് വില കുറച്ചത്, ഭവന വായ്പയില്‍ 1 ശതമാനം പലിശ ഇളവ്, ഓഹരിയില്‍ 50,000 രൂപ വരെ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ്, ചില്ലറ നിക്ഷേപ മേഖലയില്‍ 50,000 രൂപ വരെ നികുതിയിളവ് തുടങ്ങിയവ പൊതുവെ സാധാരണക്കാരന് അല്‍പം ആശ്വാസം നല്‍കുന്ന തീരുമാനങ്ങളാണ്.
അടിസ്ഥാന സൌകര്യ വികസനത്തിന് 50 ലക്ഷം കോടി രൂപയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതില്‍ പകുതിയും സ്വകാര്യ മേഖലയില്‍നിന്ന് കണ്ടെത്താനാണ് തീരുമാനം. പൊതു-സ്വകാര്യ പങ്കാളിത്ത(Public Private Partnership- PPP) രീതിയില്‍ അടിസ്ഥാന സൌകര്യ വികസനം നടത്തും എന്നാണ് ബജറ്റ് പറയുന്നത്. അടിസ്ഥാന സൌകര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് റോഡ്. ഈ രീതിയില്‍ റോഡ് വികസിപ്പിക്കുമ്പോള്‍ വാഹന ഉടമകളുടെ മേല്‍ ടോളുകള്‍ കെട്ടിവെക്കുകയാണ് ചെയ്യുന്നത്. വാഹന ഉടമകള്‍ നികുതി ഇനത്തില്‍ തന്നെ വലിയൊരു സംഖ്യ നല്‍കുന്നുണ്ട്. വാഹനം വാങ്ങുമ്പോള്‍ നല്‍കുന്ന ആഡംബര നികുതി, റോഡ് നികുതി, ഇന്ധനം നിറക്കുമ്പോള്‍ അതില്‍ വരുന്ന നികുതി, എന്തിന് പാര്‍ട്സ് വാങ്ങുന്നതിലും സര്‍വീസിന് കൊണ്ടുപോകുമ്പോഴൊക്കെ നല്‍കുന്ന നികുതിക്ക് പുറമെ റോഡില്‍ യാത്ര ചെയ്യാന്‍ ജജജ/ആഛഠ കമ്പനികള്‍ക്ക് ടോളും നല്‍കേണ്ടിവരുന്നു.
2011ലെ സെന്‍സസ് പ്രകാരം 121 കോടി ജനങ്ങളില്‍ 83 കോടിയും(69 ശതമാനം) ജീവിക്കുന്നത് ഗ്രാമീണ മേഖലയില്‍ ആയിരുന്നിട്ട് പോലും ഗ്രാമീണ അടിസ്ഥാന സൌകര്യ വികസനത്തിന് ഒരു പരിഗണനയും നല്‍കിയിട്ടില്ല.
50 ലക്ഷം കോടി രൂപ അടിസ്ഥാന സൌകര്യ വികസനത്തിന് നീക്കിവെക്കുമ്പോള്‍ തന്നെ ഗ്രാമീണ അടിസ്ഥാന സൌകര്യ വികസനത്തിന് മാറ്റിവെച്ചത് വെറും 20,000 കോടി. അഥവാ അടിസ്ഥാന സൌകര്യ വികസനത്തിന് നീക്കി വെച്ച തുകയുടെ 250ല്‍ ഒരംശം മാത്രം. ഗ്രാമീണ മേഖലയോട് തികഞ്ഞ അവഗണന ഇതില്‍ പ്രകടമാണ്.
താഴെ തട്ടിലെ ജനവിഭാഗത്തെ നേരിട്ട് ബാധിക്കുന്നതാണ് കാര്‍ഷിക രംഗം. കാര്‍ഷിക വായ്പ അഞ്ചേ മുക്കാല്‍ ലക്ഷം കോടി രൂപ അനുവദിച്ചത് നല്ലത് തന്നെ. പക്ഷേ, ഇത് ഖജനാവിന് ഒരു നഷ്ടവും വരുത്തുന്നില്ല. മറിച്ച്, പലിശയടക്കം തിരിച്ചു ലഭിക്കുന്ന നിക്ഷേപമായാണ് അത് കാണേണ്ടത്. എന്നാല്‍ കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കുന്ന സബ്സിഡി വെട്ടിക്കുറക്കുകയും ചെയ്തു. നെല്ലുല്‍പാദനത്തിന് 400 കോടി, ജലസേചനത്തിന് 300 കോടി, പാലുല്‍പാദനത്തിന് 242 കോടി, സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 884 കോടി, ഗ്രാമീണ ബാങ്കുകള്‍ക്ക് 10,000 കോടി തുടങ്ങിയവ താഴെക്കിടയിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. കൃഷിയും അനുബന്ധ മേഖലക്കുമായി ആകെ ബജറ്റിലെ നീക്കിയിരിപ്പ് വെറും 17,692 കോടി മാത്രമാണ്. മൊത്തം ചെലവിടുന്ന 14.90 ലക്ഷം കോടി രൂപയുടെ 84ല്‍ ഒരംശം മാത്രം.
പ്രതിരോധ ആവശ്യങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ചത് 1.95 ലക്ഷം കോടി രൂപയാണ്. ഇതില്‍ മുഖ്യ പങ്കും അമേരിക്ക പോലുള്ള ആയുധക്കച്ചവട ഭീമന്മാര്‍ക്കുള്ളതാണ്. അതോടൊപ്പം കള്ളപ്പണം തിരിച്ചു പിടിക്കാനും അഴിമതി ഇല്ലാതാക്കാനും നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റ് പറയുന്നു. അതിന് സാധിക്കുമെങ്കില്‍ ഫണ്ടിനായി വേറെ എവിടെയും പോകേണ്ടി വരില്ല.
നവ ഉദാരവല്‍ക്കരണത്തിന് വെള്ളവും വളവും നല്‍കുക കൂടി ചെയ്യുന്നുണ്ട് ബജറ്റ്. കോര്‍പറേറ്റുകളെ ബാധിക്കുന്ന ഒരു കടുത്ത തീരുമാനവും ഉണ്ടായില്ല. രാജ്യനിവാസികളില്‍ മേലേത്തട്ടിലുള്ള 20 ശതമാനം വരുന്ന വിഭാഗത്തിനാകും ബജറ്റിന്റെ കാര്യമായ നേട്ടം. ബാക്കി വരുന്ന 80 ശതമാനവും ബജറ്റിന്റെ ഓരങ്ങളില്‍ കിട്ടിയതും നുണഞ്ഞിരിക്കേണ്ടി വരും. കൊച്ചി മെട്രോക്ക് 60 കോടി, കേരള കാര്‍ഷിക സര്‍വകലാശാലക്ക് 100 കോടി എന്നിവ മാത്രമാണ് ബജറ്റില്‍ കേരളത്തിന് ലഭിച്ചത്. ബാക്കി സര്‍വമേഖലകളിലും അവഗണന മാത്രം മിച്ചം.
12-ാം പഞ്ചവത്സര പദ്ധതിയിലേക്കുള്ള കവാടം കൂടിയായിരുന്നു ഈ ബജറ്റ്. ബജറ്റിന്റെ തുടക്കത്തില്‍ തന്നെ ധനമന്ത്രി അത് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 'വേഗമേറിയ, സുസ്ഥിരമായ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച' (faster, sustainable and more inclusive growth) എന്നതാണ് 12-ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം. ഈ ബജറ്റിലൂടെ അത് സാധ്യമാക്കാന്‍ അഞ്ച് നിര്‍ദേശങ്ങളും ബജറ്റിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. പക്ഷേ, രാഷ്ട്രത്തിലെ പരമാവധി ജനങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള വികസനം (More Inclusive growth) ഇത് പോലുള്ള ബജറ്റ് അവതരിപ്പിച്ചാല്‍ സാധ്യമാകില്ലെന്നതില്‍ സംശയമില്ല.


കേരളത്തിന്റെ ഇളനീര് ബജറ്റ്

പൌരന്റെ സ്വന്തം കീശയെ ബാധിക്കുമെങ്കിലും ഇളനീര്‍ പോലെ രുചികരമായിരുന്നു കെ.എം മാണിയുടെ 2012-'13 കേരള ബജറ്റ്. കൃഷിക്കും അടിസ്ഥാന സൌകര്യ വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റ് ഒരുപാട് പ്രഖ്യാപനങ്ങള്‍ അടങ്ങുന്നതാണ്. എന്നാല്‍ അവശ്യവസ്തുക്കളടക്കം എല്ലാ സാധനങ്ങളുടെയും മൂല്യവര്‍ധിത നികുതി കൂട്ടിയത് സാധാരണക്കാരെ കാര്യമായി ബാധിക്കും. തുക താരതമ്യേനെ കുറവാണെങ്കിലും ഭൂനികുതി വര്‍ധിപ്പിച്ചത് എല്ലാവരെയും ബാധിക്കും. വാഹനങ്ങളുടെ വിലയ്ക്കനുസരിച്ച് സ്വകാര്യ വാഹനങ്ങളുടെയും കാറുകളുടെയും നികുതി ഇരട്ടിയാക്കിയത് ഇടത്തരക്കാരെയും ധനികരെയും പിഴിഞ്ഞ് ഖജനാവ് നിറക്കുന്നതിനാണ്. ഏതാനും ചില ഭക്ഷ്യ വസ്തുക്കള്‍ക്ക് മാത്രമേ നികുതി കുറയുന്നുള്ളൂ.
കൊച്ചി മെട്രോക്ക് 150 കോടി, അതിവേഗ റെയില്‍ പദ്ധതിക്ക് 50 കോടി, വിഴിഞ്ഞം പദ്ധതിക്ക് 224 കോടി, കോഴിക്കോട്-തിരുവനന്തപുരം മോണോ റെയിലുകള്‍ക്ക് 20 കോടി, ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളങ്ങള്‍, കണ്ണൂര്‍ വിമാനത്താവളത്തിന് 50 കോടി തുടങ്ങി അടിസ്ഥാന സൌകര്യ വികസനത്തിന് ബജറ്റില്‍ ഏറെ നീക്കിയിരിപ്പുണ്ട്. നാളികേര ബയോ പാര്‍ക്ക്, റൈസ് ബയോ പാര്‍ക്ക്, ഹൈടെക്ക് കൃഷി രീതി, കാര്‍ഷിക മേഖലക്ക് 100 കോടി, നെല്‍കൃഷിക്ക് 50 കോടി, വയനാട്ടിലെ കര്‍ഷകര്‍ക്ക് 25 കോടി തുടങ്ങി കാര്‍ഷിക മേഖലയിലും ധാരാളം പ്രഖ്യാപനങ്ങളുണ്ട്.
ഇവക്കു പുറമെ മലയോര വികസനം, കെ.എസ്.ആര്‍.ടി.സി, എസ്.സി, എസ്.ടി, ചെറു ജലവൈദ്യുത പദ്ധതികള്‍, മാലിന്യ സംസ്കരണം, തുറമുഖം, മത്സ്യത്തൊഴിലാളി, ചേരി നിര്‍മാര്‍ജനം, വിധവ-വികലാംഗ പെന്‍ഷനുകള്‍, ആരോഗ്യ മേഖല, വിദ്യാഭ്യാസം, സ്റേഡിയം തുടങ്ങി കേരളത്തിന്റെ സകല മേഖലയെയും ബജറ്റ് പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ പെന്‍ഷന്‍ പ്രായം 56 ആക്കി വര്‍ധിപ്പിച്ചത് യുവാക്കളെ ചൊടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയെ കാര്യമായി പരിഗണിക്കാത്തത് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനും ഇടയാക്കി.
വിമാനത്താവളങ്ങള്‍ ഇല്ലാത്ത എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍, ഓരോ പഞ്ചായത്തിലും മൂന്ന് ഗ്രീന്‍ ഹൌസുകള്‍, ഓരോ മണ്ഡലത്തിലും 5 വര്‍ഷത്തിനുള്ളില്‍ 25 കോടിയുടെ വികസന പദ്ധതികള്‍, മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍, ഓരോ പഞ്ചായത്തിലും ഓരോ കുളം നവീകരിക്കുന്ന പദ്ധതിക്ക് 47 കോടി, എല്ലാ ജില്ലകളിലും കെ.എസ്.ആര്‍.ടി.സിയുടെ ടൌണ്‍സിറ്റി ബസ്സുകള്‍, എല്ലാ സ്കൂളിലും സ്മാര്‍ട്ട് ക്ളാസുകള്‍, എല്ലാ മണ്ഡലത്തിലും മാതൃകാ അംഗനവാടി പദ്ധതിക്ക് 5 കോടി എന്നീ പ്രഖ്യാപനങ്ങള്‍ ഭൂമി ശാസ്ത്രപരമായി സംസ്ഥാനത്തിന്റെ എല്ലാ മേഖലയോടും നീതി പുലര്‍ത്താനുള്ള ശ്രമമാണ്. മലബാര്‍ അവഗണനക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളാവാം ഇത്തരം ഒരു രീതി സ്വീകരിക്കാനുണ്ടായ പ്രചോദനം. എന്നാല്‍ മലബാറിന് പ്രത്യേക പാക്കേജുകള്‍ ഒന്നും തന്നെ ഉണ്ടായില്ല. മാത്രമല്ല എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍ പ്രഖ്യാപിച്ചെങ്കിലും ഈ വര്‍ഷം നടപ്പില്‍ വരുത്തുന്നത് കൊല്ലത്തും കോട്ടയത്തും മാത്രമാണ്. അതിവേഗ ട്രെയിനും ആദ്യ ഘട്ടം തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ്. അഥവാ ഏത് വികസനവും തെക്കു നിന്നു തന്നെയാണ് എപ്പോഴും ആരംഭിക്കുന്നത്. കഴിഞ്ഞ ബജറ്റിലെ അത്ര പ്രകടമല്ലെങ്കിലും മാണിയുടെ സ്വന്തം കോട്ടയത്തിന് ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കി.
വലിയ സാമ്പത്തിക ഭാരം ജനങ്ങള്‍ പേറേണ്ടി വരുമ്പോഴും കാര്യമായ പ്രധിഷേധങ്ങള്‍ ഉണ്ടാകാത്തത് ബജറ്റിലെ പ്രഖ്യാപനങ്ങളിലെ പ്രതീക്ഷ വെച്ചാണ്. പ്രഖ്യാപനങ്ങള്‍ സമയ ബന്ധിതമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ആശിക്കാം....

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം