Prabodhanm Weekly

Pages

Search

2012 മാര്‍ച്ച് 31

കത്തുകള്‍

മാതാപിതാക്കളെ പരിഗണിക്കുക
അബൂ അമീന്‍ ഷാര്‍ജ

'കുടുംബം' പംക്തിയില്‍ വന്ന മാതാപിതാക്കളോടുള്ള കടപ്പാടിനെക്കുറിച്ച ലേഖനം ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. മാതാപിതാക്കളുമായി നല്ല ബന്ധത്തിലാണെങ്കിലും അത് വായിച്ചത് കൊണ്ട് മാത്രം ഒന്നുകൂടി വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിക്കുകയുണ്ടായി. മനസ്സിനെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം ലേഖനങ്ങള്‍ എന്നും പ്രബോധനത്തില്‍ ഉണ്ടാകേണ്ടതുണ്ട്. ചിലപ്പോഴൊക്കെ മാതാപിതാക്കളില്‍ നിന്നുണ്ടാകുന്ന ദുഃഖകരമായ അനുഭവങ്ങള്‍ പോലും നമ്മള്‍ വേണ്ട വിധം അവരെ പരിഗണിക്കാത്തത് കൊണ്ടല്ലേ എന്ന് തോന്നിപ്പോയി. മാസാന്തം അവര്‍ക്ക് വേണ്ട പണം അയച്ചുകൊടുത്താല്‍ തീരുന്നതല്ല ആ കടപ്പാട്. അവരെ തന്റെ എല്ലാ കാര്യങ്ങളും അറിയിക്കുക എന്നതും അനിവാര്യമാണ്. സ്വന്തം കുടുംബജീവിതത്തില്‍ അതീവ ശ്രദ്ധ ചെലുത്തുകയും എന്നാല്‍ തന്നെ പോറ്റിവളര്‍ത്തിയ മാതാപിതാക്കളുടെ കാര്യത്തില്‍ അശ്രദ്ധ പുലര്‍ത്തുകയും ചെയ്യുകയാണ് നമ്മള്‍ പലപ്പോഴും. വ്യക്തിപരമായ കാര്യങ്ങള്‍ അവരെ ഒന്നറിയിക്കുക പോലും ചെയ്യാറില്ല. ജോലിയില്‍ പ്രമോഷന്‍ കിട്ടിയത്, ശമ്പളം കൂടിയത്, ജോലി മാറിയത് ഒന്നും ഒന്നും. അതൊക്കെ അവരെ എന്തിനറിയിക്കണം എന്ന ചിന്തയാണ് നമുക്ക്. പക്ഷേ, ലേഖനത്തില്‍ പറഞ്ഞതുപോലെ എന്റെ മോന്‍ എന്നെ പരിഗണിക്കുന്നു എന്ന തോന്നല്‍ മാതാപിതാക്കളുടെ ഹൃദയത്തില്‍ ഒരു വസന്തം തന്നെ സൃഷ്ടിക്കും. അതിനേക്കാള്‍ പുണ്യം മറ്റെന്താണ്?

മുസ്‌ലിം ലീഗ് ന്യൂനപക്ഷ രാഷ്ട്രീയത്തെ റദ്ദ് ചെയ്യുകയാണ് എന്ന ടി. മുഹമ്മദ് വേളത്തിന്റെ വീക്ഷണം (ലക്കം 40) ശരിയല്ല. സമുദായത്തിന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങളില്‍ മറ്റു സമുദായ സംഘടനകള്‍ ഇടപെടുന്നതിനേക്കാളുപരിയായി ലീഗ് ഇടപെടുന്നുണ്ട്. ഭരണത്തിലിരിക്കുമ്പോള്‍ ലീഗിന് പല പോരായ്മകളുണ്ടാവാറുണ്ടെന്ന യാഥാര്‍ഥ്യം സമ്മതിക്കുന്നു.
മുജീബുര്‍റഹ്മാന്‍ / പുല്ലാര

ഇസ്‌ലാം പേടിക്കാലത്തെ പേരുകള്‍
അബൂ അഭയ് ഷാര്‍ജ

കെ. നജാത്തുല്ല എഴുതിയ 'ഇസ്‌ലാം പേടിക്കാലത്തെ പേരുകള്‍' (ലക്കം 40) എന്ന പ്രതികരണമാണ് ഈ കുറിപ്പിന്നാധാരം. വര്‍ത്തമാനകാലത്തെ ഇരകളെന്ന നിലയില്‍ സ്വത്വം വെളിപ്പെടുത്തുന്ന പേരുകള്‍ സ്വീകരിച്ച് സമരരംഗത്ത് തന്നെ നിലനില്‍ക്കണമെന്ന കുറിപ്പുകാരന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. സ്വത്വം വെളിപ്പെടുത്തുന്ന പേരുകള്‍ നിലനിര്‍ത്തണമെന്നും പേരിലൂടെ തന്നെ സ്വത്വം വെളിപ്പെടുമെന്നും അതോടൊപ്പം സാഹോദര്യത്തോടെ (മതങ്ങള്‍ക്കിടയില്‍) സഹവസിക്കണമെന്നുമുള്ള വാദത്തെയും പൂര്‍ണമായും നിരാകരിക്കുന്നില്ല. പക്ഷേ, എന്നും ഇരകളായി തന്നെ ഇരിക്കുമെന്ന പ്രതീക്ഷയില്ലായ്മയെ ചോദ്യം ചെയ്യാതെ വയ്യ. ശൈഖ് അഹ്മദ് യാസീനും ഡോ. അബ്ദുല്‍ അസീസ് റന്‍തീസിയും ഹസനുല്‍ ബന്നയുമൊക്കെ നിരവധി ഉണ്ടായാലും ഇന്നത്തെ ഇരകള്‍ എന്നും ഇരകളായി തന്നെ നിലനില്‍ക്കുമെന്ന സൂചനയുണ്ട് കുറിപ്പില്‍. ലേഖനത്തിലെ ഒരു വാദം കാണുക: ''മേല്‍ പറഞ്ഞ പേരുള്ളവര്‍ വളര്‍ന്നു വലുതാകുമെന്നത് പോലെ തന്നെ സുനിശ്ചിതമായ കാര്യമാണ് അവരുടെ മെയിലുകള്‍ ചോര്‍ത്തപ്പെടുമെന്നതും പാസ്‌പോര്‍ട്ടും വിമാനയാത്രയും തടസ്സപ്പെടുമെന്നതും ലൗ ജിഹാദിന്റെ പേരില്‍ കുറ്റം ചുമത്തപ്പെടുമെന്നതും.'' അതായത് മേല്‍ സൂചിപ്പിക്കപ്പെട്ട രീതിയിലുള്ള പേരുകള്‍ എത്ര ഇട്ടാലും അവര്‍ എന്തൊക്കെ പ്രവര്‍ത്തിച്ചാലും 'ഇസ്‌ലാം പേടിക്കാലം' ഒരിക്കലും മാറില്ലെന്ന നിരുത്തരവാദപരമായ പേടി/ പ്രതീക്ഷയില്ലായ്മ. ജീവിക്കുന്ന സമൂഹത്തില്‍ നിന്ന് വേറിട്ട് കാണപ്പെടുന്ന രീതിയില്‍ അനാവശ്യ രൂപ/ഭാവ/പേരുകള്‍ സ്വീകരിച്ചുകൊണ്ടുള്ള സ്വത്വാവിഷ്‌കാരങ്ങള്‍ വിപരീത ഫലമാണ് ചെയ്യുക. കേരളത്തിനു പരിചിതമല്ലാത്ത കുര്‍ത്തയും പൈജാമയും ധരിച്ച് പ്രത്യക്ഷപ്പെടുന്ന മതാന്തര വിഭാഗവും പ്രത്യേക രീതിയില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്ന ബോറികളും (പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍) ഈ അകലം സൃഷ്ടിക്കുന്നതിന് ഉദാഹരണങ്ങളാണ്. പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ലാത്ത ഇത്തരം കാര്യങ്ങളില്‍ കാണിക്കുന്ന അനാവശ്യ വാശി പ്രബോധിത സമൂഹത്തില്‍ നിന്ന് അകലുന്നതിനേ കാരണമാകൂ. അത് പേരിലായാലും ശരി, വസ്ത്രത്തിലായും മറ്റെന്തിലായാലും ശരി. മാത്രമല്ല, മതമേതെന്ന് തിരിച്ചറിയാനാവാത്ത പേരുകള്‍ സ്വീകരിക്കുന്നത് 'ഏകശില' സംസ്‌കാരത്തെ പുല്‍കാനുള്ള വ്യഗ്രതയെയാണ് സൂചിപ്പിക്കുന്നത് എന്ന വാദം യഥാര്‍ഥത്തില്‍ തിരിച്ചടിക്കുന്നത് കുറിപ്പുകാരന്റെ വാദത്തെ തന്നെയാണ്. എല്ലാ പ്രാദേശിക/ഭാഷ വൈജാത്യങ്ങളെയും നിരാകരിച്ച് 'അറബിത്വം' എന്ന ഏകശില വാദമല്ലേ ലേഖകന്‍ സമര്‍ഥിക്കുന്നത്? ഇവിടെ ആരാണ് ശരിയായ ഏകശിലാ വാദി?

മദ്യവിരുദ്ധ  പോരാട്ടവും മയ്യഴി മുസ്‌ലിംകളും
പി.പി.എ പെരിങ്ങാടി

''മയ്യഴിയുടെ 'മദ്യാ'ഹ്നങ്ങള്‍'' എന്ന തലക്കെട്ടില്‍ മയ്യഴിയുടെ തൊട്ടടുത്ത നാട്ടുകാരനും പ്രമുഖ പത്രപ്രവര്‍ത്തകനുമായ കെ.പി കുഞ്ഞിമ്മൂസ എഴുതിയതിന് അനുബന്ധമായി (ലക്കം 31) ചിലത് കുറിക്കുകയാണ്.
മാഹിയെ മദ്യത്തില്‍ കുളിപ്പിച്ചതില്‍ കോണ്‍ഗ്രസ്സിന്റെ പങ്ക് അനിഷേധ്യമാണ്. മാഹി എം.എല്‍.എമാര്‍ എന്നും കോണ്‍ഗ്രസ്സുകാരായിരുന്നു. കഴിഞ്ഞ നാല് ദശകത്തിനുള്ളില്‍ ഒരിക്കല്‍ മാത്രമാണ് ഒരു ഇടതുപക്ഷ സ്ഥാനാര്‍ഥി (കെ.വി രാഘവന്‍) എം.എല്‍.എ ആയത്. മാഹിയിലെ കോണ്‍ഗ്രസ് വിജയത്തിന് മുസ്‌ലിം ലീഗിന്റെ സജീവ പിന്തുണയുണ്ടായിരുന്നു. മദ്യവ്യാപാരികളുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് കോണ്‍ഗ്രസ് മാഹിയില്‍ അതിന്റെ സമ്പൂര്‍ണാധിപത്യം തുടര്‍ന്നുവരുന്നത്. മാഹിയിലെ കോണ്‍ഗ്രസ്സിനും എം.എല്‍.എക്കും മദ്യലോബിയുമായുള്ള ബന്ധം വളരെ പ്രകടമാണ്. നാള്‍ക്കുനാള്‍ ഈ ബന്ധം ദൃഢമാവുകയും വ്യാപിക്കുകയുമാണ്. മാഹി മദ്യത്തിന്റെ പറുദീസയായതിന്റെ പലവിധ ദുരിതങ്ങള്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ വളരെയേറെ അനുഭവിക്കേണ്ടിവരുന്നുമുണ്ട്.
മാഹി നിവാസികളില്‍ മുപ്പതു ശതമാനം മുസ്‌ലിംകളാണ്. ഇവരില്‍ പലര്‍ക്കും കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ല. ഉള്ളവര്‍ പല പാര്‍ട്ടികളില്‍ ചിതറിക്കിടക്കുകയാണ്. ഇവര്‍ പൊതുവെ മദ്യവിരുദ്ധരുമാണ്. സഹോദര സമുദായങ്ങളിലും ധാരാളം മദ്യവിരുദ്ധരുണ്ട് (ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകള്‍ മദ്യത്തെ അങ്ങേയറ്റം വെറുക്കുന്നവരാണെന്നത് മറക്കാതിരിക്കുക). ഇവരെല്ലാവരും ചേര്‍ന്ന് മദ്യവിരുദ്ധ നിലപാട് സ്വീകരിച്ചാല്‍ 'ദുര്‍ഗുണങ്ങളുടെ മാതാവ്' എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച ഈ തിന്മക്ക് അറുതിവരുത്താനായേക്കും. മദ്യത്തിനെതിരെ ഉറച്ച നിലപാടെടുക്കാന്‍ ബാധ്യസ്ഥരായ മുസ്‌ലിംകള്‍, വിശിഷ്യാ പണ്ഡിതരും നേതാക്കളും മദ്യലോബിയെ തങ്ങളുടെ നിസ്സംഗത കൊണ്ടും മൗനം കൊണ്ടും ഫലത്തില്‍ പിന്തുണക്കുകയാണ്.

പ്രബോധനം ലക്കം 40-ലെ 'ആരാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി?' എന്ന മൗലാനാ അഹ്മദ് ഉറൂജ് ഖാദിരിയുടെ ലേഖനം വായിച്ചപ്പോള്‍ ജീലാനി നടത്തിയ സാമൂഹിക പരിഷ്‌കരണം ഏറെ ആവേശം പകര്‍ന്നു. കുട്ടിക്കാലത്ത് ശൈഖിന്റെ സത്യസന്ധതയുടെ കഥ പഠിച്ചിരുന്നു എന്നതല്ലാതെ അധികം പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ ലേഖനം ഏറെ പ്രയോജനപ്പെട്ടു. മുസ്‌ലിം സമൂഹത്തിനു മാത്രമല്ല, മുഴു ജനത്തിനും മാതൃകയായിരുന്നു അദ്ദേഹം. ശൈഖിനെ വിളിച്ചു തേടുന്നവര്‍ക്ക് ശൈഖിന്റെ ജീവിതം കാണാന്‍ കഴിയേണ്ടതുണ്ട്. ഭരണാധിപന്മാരുടെ അക്രമത്തിനും അനീതിക്കുമെതിരെ യാതൊരു ഭയപ്പാടുമില്ലാതെ തുറന്ന പോരാട്ടത്തിന് തയാറായതും മതകാര്യവും ഭരണകാര്യവും ആത്മീയതയുടെ ഭാഗമായി ഗണിച്ചതും ശൈഖ് ജീലാനിയുടെ ജീവിതത്തെ വിപ്ലവാത്മകമാക്കുന്നു.
ഷഫീഖ് അജ്മല്‍ / അബൂദബി

ഭൂമി കച്ചവടം: മറുപടി ശരിയോ?
മുഹമ്മദ് ശമീം പാപ്പിനിശ്ശേരി, കണ്ണൂര്‍

പ്രബോധനത്തിലെ പ്രശ്‌നവും വീക്ഷണവും പംക്തി ഈയടുത്ത കാലത്ത് കൂടുതല്‍ പ്രസക്തവും പുരോഗമനപരവുമായിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. അതാകട്ടെ, ദഅ്‌വാ രംഗത്തും മറ്റും കൂടുതല്‍ സാധ്യതകള്‍ സൃഷ്ടിക്കുമെന്നും തോന്നിയിട്ടുണ്ട്.
എന്നാല്‍, മാര്‍ച്ച് 24-ലെ വാരികയില്‍ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ടു വന്ന ചോദ്യത്തിന്റെ ഉത്തരം കാലത്തെ വായിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട ഒന്നായി തോന്നി. മാത്രവുമല്ല, അത് ധാര്‍മികമായോ നിയമപരമായോ യുക്തിസഹവുമല്ല. ചോദ്യത്തിലെ രണ്ടാമത്തെ ഇനം സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി മറിച്ചു വില്‍ക്കുന്നതിനെക്കുറിച്ചാണ്. അതിനു നല്‍കിയ മറുപടി അല്‍പം വിചിത്രമായിത്തന്നെ തോന്നുന്നു. അതില്‍ പറയുന്നത്, സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാതെ ഭൂമി വില്‍ക്കാമെന്നും വില്‍പനക്ക് ഇസ്‌ലാം നിശ്ചയിച്ച നിബന്ധന കൈവശമുള്ള സ്വത്താവുക എന്നതാണെന്നുമാണ്. എന്നാല്‍, കൈവശമുള്ള സ്വത്താവുന്നതിന്റെ മാനദണ്ഡമെന്താണ്? സ്വത്ത് എന്റെ കൈവശമാണെന്ന് സമൂഹവും നിയമവും അംഗീകരിക്കുന്നത് അത് എന്റെ പേരില്‍ രജിസ്റ്റര്‍ ആകുമ്പോള്‍ മാത്രമാണ്. രജിസ്റ്റര്‍ ചെയ്യാത്ത ഭൂമിയെ എന്റെ ഭൂമിയായി പരിഗണിക്കുന്നത് തന്നെ ശരിയല്ല. കൈവശമുള്ള സ്വത്ത് വില്‍ക്കുന്നത് തെറ്റല്ല. എന്നാല്‍, ഭൂമിയുടെ കൈവശാവകാശത്തിന്റെ മാനദണ്ഡം കൈവശ രേഖയാണ്. കൈവശ രേഖ കൈയിലില്ലാത്തവന്റെ സ്വത്തല്ല ഒരു ഭൂമിയും. അതല്ലാത്ത അവകാശവാദങ്ങള്‍ അവകാശ വാദങ്ങള്‍ മാത്രമാണ്. യാതൊരു വിലയും അതിന് കല്‍പിക്കാന്‍ പറ്റില്ല. അത്തരം അവകാശ വാദങ്ങള്‍ ആര്‍ക്കും ഉന്നയിക്കാവുന്നതല്ലേയുള്ളൂ.
പി.എഫ് തുകയില്‍ തൊഴിലാളിയില്‍ നിന്ന് പിടിക്കുന്നത്, തൊഴില്‍ ദാതാവ് നല്‍കുന്നത്, തൊഴിലാളി ക്ഷേമത്തിനായി സര്‍ക്കാര്‍ നല്‍കുന്നത് എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് ചേരുന്നത് എന്നാണ് എന്റെ അറിവ്. പലിശയുമുണ്ടാകാം. എന്നാല്‍, സര്‍ക്കാര്‍ അതില്‍ നിക്ഷേപിക്കുന്ന തുക മുഴുവന്‍ പലിശയിനത്തില്‍പ്പെടുത്തി നിഷിദ്ധമാക്കുന്നതിലെ സൂക്ഷ്മത അംഗീകരിക്കാമെന്നു വെച്ചാല്‍പോലും അത് തൊഴിലാളിയെ ബാധിക്കുന്ന പ്രശ്‌നമാണ്. ഇവിടെ കര്‍ക്കശക്കാരനാകുന്ന ലേഖകന്‍ ഇക്കാലത്ത് ഒരു മാഫിയാ പ്രവര്‍ത്തനമായി മാറിക്കഴിഞ്ഞ റിയല്‍ എസ്റ്റേറ്റുകാരോട് മൃദുവായ സമീപനം സ്വീകരിക്കുന്നതിലെ മാനുഷികത മനസ്സിലാവുന്നില്ല.
ഒരു കാര്യം തറപ്പിച്ചു പറയട്ടെ. പ്രമാണത്തെ കാലത്തിന്റെ ആവശ്യങ്ങള്‍ക്കും സ്ഥിതികള്‍ക്കും അനുസൃതമായി വിപ്ലവാത്മകമായി വികസിപ്പിക്കുകയും വ്യാഖ്യാനിക്കുകയുമാണ്, അതല്ലാതെ കാലത്തെ പ്രമാണങ്ങളുടെ അക്ഷരങ്ങളിലേക്ക്, നിര്‍ജീവമായ വരകളിലേക്ക് ചുരുക്കുക എന്നതല്ല പണ്ഡിതന്മാരുടെ ചുമതല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം