Prabodhanm Weekly

Pages

Search

2012 മാര്‍ച്ച് 31

ശൈഖ് മുഹ്‌യിദ്ദീനും മിത്തുകളും

ലേഖനം ഖാദര്‍ ഫൈസി

ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ കൃതികള്‍ വായിക്കുന്ന ഏതൊരു സഹൃദയനിലും ഉയര്‍ന്നു വന്നേക്കാവുന്ന ഒരു സംശയമുണ്ട്: ഈ മഹാത്മാവിന്റെ ആശയങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും കടക വിരുദ്ധമായ ധാരാളം മിത്തുകള്‍ അദ്ദേഹത്തിന്റെ പേരില്‍ പ്രചരിക്കാന്‍ കാരണമെന്ത്? ഇവ എവിടെ നിന്ന് വന്നു? ആര് കൊണ്ടുവന്നു?
തികച്ചും സ്വാഭാവികമായ ഈ സംശയത്തിന്റെ മറുപടി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ താഴെ വരികളില്‍ ഒളിഞ്ഞു കിടക്കുന്നുവെന്നാണ് തോന്നുന്നത്:
''ക്രിസ്തുമതം വളര്‍ന്നു വന്നതോടെ യേശുവിന്റെ ദിവ്യത്വത്തെക്കുറിച്ചു വലിയ തര്‍ക്കങ്ങള്‍ ഉത്ഭവിച്ചു. യാതൊരു ദിവ്യത്വവും അവകാശപ്പെട്ടിട്ടില്ലാത്ത ഗൗതമ ബുദ്ധന്‍ എപ്രകാരം ഈശ്വരനായും അവതാരമായും പൂജിക്കപ്പെട്ടുവെന്ന് നാം കണ്ടതാണ്. അത് പോലെ, യേശുവും യാതൊരു ദിവ്യത്വവും അവകാശപ്പെട്ടില്ല. എന്നാല്‍, തങ്ങളുടെ മഹാ പുരുഷന്മാരെ ഈശ്വരന്മാരായി കല്‍പിക്കാന്‍ മനുഷ്യന് എപ്പോഴും ഇഷ്ടമാണ്. എങ്കിലും അങ്ങനെ സങ്കല്‍പിച്ചു വെക്കുകയല്ലാതെ അവരെ അനുസരിക്കാന്‍ അവര്‍ ഒരുക്കമല്ല താനും. പിന്നീട്, അറുനൂറു കൊല്ലങ്ങള്‍ക്ക് ശേഷം മുഹമ്മദ് പ്രവാചകന്‍ മറ്റൊരു മഹാമതം ആവിഷ്‌കരിച്ചു. എന്നാല്‍ ഇവയില്‍നിന്ന് പഠിച്ച പാഠങ്ങളെ മുന്‍ നിറുത്തിയായിരിക്കണം, അദ്ദേഹം താന്‍ കേവലമൊരു മനുഷ്യനാണ്, ദൈവമല്ലാ എന്ന് ആദ്യം മുതല്‍ തന്നെ വ്യക്തമായി പ്രസ്താവിക്കുകയും പിന്നീട് പലവുരു ആവര്‍ത്തിക്കുകയും ചെയ്തത്.''1
ശൈഖ് മുഹ്‌യിദ്ദീന്റെ കാര്യത്തില്‍ സംഭവിച്ചതും ഇതു തന്നെ. ബഹു ദൈവത്വത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ സമരം നടത്തുന്നതിനായി ജീവിതം ഉഴിഞ്ഞു വെച്ച ആ മഹാന്റെ അനുയായികളെന്നവകാശപ്പെടുന്ന വലിയൊരു വിഭാഗം, അദ്ദേഹത്തെ തന്നെ ദൈവിക പദവിയിലവരോധിക്കുന്ന വിരോധാഭാസമാണ് നാം കാണുന്നത്. ദൈവികത പരസ്യമായി പ്രഖ്യാപിക്കുന്നില്ലെങ്കിലും, ഇവരുടെ പ്രഭാഷണങ്ങള്‍, കഥാകഥനങ്ങള്‍, വിശ്വാസാചാരങ്ങള്‍ എന്നിവയില്‍ നിന്നത് വ്യക്തമാകും. ഒരു ഉദാഹരണം: ശൈഖിന്റെ മരണപ്പെട്ട ഒരു മുരീദിനെ ചോദ്യം ചെയ്യാന്‍ മുന്‍കര്‍ നകീര്‍ എത്തി. 'നിന്റെ റബ്ബ് ആര്, നിന്റെ പ്രവാചകന്‍ ആര്?, നിന്റെ ഇമാം ഏത്' എന്നീ മലക്കുകളുടെ ചോദ്യങ്ങള്‍ക്ക് ഇയാള്‍ക്ക് ഒറ്റ മറുപടിയാണുണ്ടായിരുന്നത്. 'ശൈഖ് മുഹ്‌യിദ്ദീന്‍!' മലക്കുകള്‍ ഇയാളെ അടിക്കാനായി ദണ്ഡുകള്‍ ഉയര്‍ത്തി. അത്ഭുതം, ദണ്ഡ് അപ്രത്യക്ഷമായി!
ശൈഖിന്റെ അപദാനങ്ങള്‍ എണ്ണിപ്പറയുന്ന ഒരു ഗ്രന്ഥത്തില്‍ ഉദ്ധരിച്ചതാണീ കഥ. 'അനുയായികള്‍' യാതൊരു വൈമനസ്യവുമില്ലാതെ, പൊതുജനങ്ങളുടെ മുമ്പില്‍ ഈ അത്ഭുത 'കറാമത്ത്' വാചാലമായവതരിപ്പിക്കുന്നു. അഹ്‌ലുസ്സുന്നയുടെ വിശ്വാസങ്ങളുമായി ഈ കഥ ഒട്ടും പൊരുത്തപ്പെടുന്നില്ലെന്ന് തെളിവുകളുദ്ധരിച്ച് വിവരിക്കേണ്ട കാര്യമില്ല. ശൈഖ് മുഹ്‌യിദ്ദീനെ യഥാര്‍ഥ റബ്ബായി തന്നെ അവതരിപ്പിച്ചിരിക്കുകയാണല്ലോ ഇവിടെ.
ഈ 'അനുയായികള്‍'ക്ക് എവിടെ നിന്ന് കിട്ടി ഈ കഥ? മുസ്‌ലിംകളില്‍ 'അഹ്‌ലുസ്സുന്നത്ത് വല്‍ജമാഅത്ത്' എന്ന പേരില്‍ ഒരു പ്രത്യേക ചേരി രൂപം കൊള്ളുമ്പോഴുണ്ടായിരുന്ന നൂതനാശയക്കാരുടെ വിശ്വാസാചാരങ്ങള്‍ പരിശോധിച്ചാല്‍ ഉറവിടം കണ്ടെത്താന്‍ പ്രയാസപ്പെടേണ്ടിവരില്ല. അവരില്‍ സുപ്രധാനമായൊരു ചേരിയായിരുന്നു ശീഈ. ഈ വിഭാഗത്തിന്റെ വിശ്വാസ വൈകല്യങ്ങളായിരുന്നു 'അഹ്‌ലുസ്സുന്ന'യുടെ ഉയിര്‍ത്തെഴുന്നേല്‍പിന് നിമിത്തമായത്. തങ്ങളുടെ ഹിഡന്‍ അജണ്ട നടപ്പില്‍ വരുത്താന്‍ ശീഈകള്‍ ഉയര്‍ത്തിപ്പിടിച്ച കവചമായിരുന്നു അഹ്‌ലുബൈത്ത് പ്രേമം. അങ്ങനെ, അഹ്‌ലുബൈത്തിലും തങ്ങളുടെ ഇമാമുകളിലും അതിശയോക്തി കലര്‍ന്ന ഗുണങ്ങളാരോപിക്കുകയും അവസാനം ദൈവികതയിലേക്ക് വരെ അവരെ ഉയര്‍ത്തുകയുമാണുണ്ടായത്. ഇവര്‍ തങ്ങളുടെ മഹാന്മാരെ കുറിച്ച് വെച്ചു പുലര്‍ത്തുന്ന ചില വിശ്വാസങ്ങള്‍ കാണുക:
സദൂഖില്‍ നിന്ന് സഞ്ചാനി നിവേദനം ചെയ്യുന്നു: ''പ്രവാചകന്മാര്‍, നബിമാര്‍, ഇമാമുകള്‍ എന്നിവര്‍ അപ്രമാദിതരാണെന്നാണ് നമ്മുടെ വിശ്വാസം. അവര്‍ സകലമാന മാലിന്യങ്ങളില്‍ നിന്നും വിശുദ്ധീകരിക്കപ്പെട്ടവരാണ്. ചെറുതോ വലുതോ ആയ യാതൊരു പാപവും അവരില്‍ നിന്നുണ്ടാവുകയില്ല.''2
ഇവിടെ ഇമാമുകളെ പ്രവാചകന്മാര്‍ക്ക് സമാനരാക്കിയിരിക്കുകയാണ്. നിലവിലെ ശീഈകള്‍ക്കും ഈ കാഴ്ചപ്പാട് തന്നെയാണുള്ളത്.3 അദൃശ്യ ജ്ഞാനം പോലുള്ള ദൈവിക ഗുണങ്ങള്‍ അവരിലാരോപിക്കാനും ഇവര്‍ ധൈര്യപ്പെട്ടു. അബൂ അബ്ദില്ലയില്‍ നിന്നുദ്ധരിക്കപ്പെടുന്ന ഒരു വചനമിങ്ങനെ:
''ആകാശഭൂമികളിലുള്ളതെനിക്കറിയാം; സ്വര്‍ഗ-നരകങ്ങളിലുള്ളതുമെനിക്കറിയാം; കഴിഞ്ഞതും വരാനിരിക്കുന്നതും എനിക്കറിയാം.'' 4
ഇതുസംബന്ധമായ ശീഈ ഗ്രന്ഥങ്ങള്‍ പരതുമ്പോള്‍ ഞെട്ടിക്കുന്ന ഒരു വസ്തുത നമ്മുടെ മുമ്പില്‍ അനാവരണം ചെയ്യപ്പെടും. ശൈഖ് മുഹ്‌യിദ്ദീനില്‍ 'അനുയായികള്‍' ആരോപിക്കുന്ന ഗുണങ്ങളില്‍ ബഹുഭൂരിഭാഗവും ശീഈകള്‍ തങ്ങളുടെ ഇമാമുകളില്‍ ആരോപിച്ചതാണ്! ഉവൈസുല്‍ ഖര്‍നി സംഭവം ഈ സത്യം പച്ചയായി തന്നെ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. നബി(സ)യുടെ നിര്‍ദേശപ്രകാരം, ഉമറും അലിയും(റ) യമനിലെത്തി ഈ പുണ്യവാളനെ കാണുകയും ഉമ്മത്തിന് വേണ്ടി പ്രാര്‍ഥിക്കാനാവശ്യപ്പെടുകയും ചെയ്തു. തദാനുസാരം അദ്ദേഹം സുജൂദില്‍ വീണു പ്രാര്‍ഥിക്കുകയും ചെയ്തു. ഈയവസരത്തില്‍, അല്ലാഹുവില്‍ നിന്നൊരു 'ഇല്‍ഹാം' ഇങ്ങനെയുണ്ടായി: നിങ്ങളുടെ പ്രാര്‍ഥനഫലമായി, പകുതി ഉമ്മത്തിനു ഞാന്‍ പൊറുത്തു കൊടുത്തിരിക്കുന്നു. നിങ്ങള്‍ക്ക് ശേഷം വരുന്ന 'അല്‍ ഗൗസുല്‍ അഅ്ഥമി'ന്റെ പ്രാര്‍ഥന ഫലമായി ബാക്കിയുള്ളവര്‍ക്കും ഞാന്‍ പൊറുത്തുകൊടുക്കും.''
ഈ സന്ദേശത്തില്‍ അല്ലാഹു ഇത്രയും കൂടി പറഞ്ഞു: എന്റെ മഹ്ബൂബായ ഗൗസുല്‍ അഅ്ഥമിന്റെ കാല്‍, മുന്‍ഗാമികളും പിന്‍ഗാമികളുമായ എല്ലാ ഔലിയാഇന്റെയും ചുമലിലാണ്. സ്വഹാബത്തും മഅ്‌സൂമുകളായ ഇമാമുകളുമൊഴികെ.'5
അല്ലാഹു 'പറയുന്ന' ഈ മഅ്‌സൂമുകളായ (അപ്രമാദിതരായ) ഇമാമുകളാരാണ്? അഹ്‌ലുസ്സുന്നയുടെ വീക്ഷണത്തില്‍ ഇങ്ങനെയൊരു സങ്കല്‍പം തന്നെയില്ല. പ്രവാചകന്മാര്‍ക്ക് മാത്രമാണ് 'പാപ സുരക്ഷ' അഥവാ അപ്രമാദിത്വം എന്ന ഗുണമുള്ളൂ എന്നാണവര്‍ വിശ്വസിക്കുന്നത്. പിന്നെങ്ങനെ, അല്ലാഹുവില്‍ നിന്ന്(?) ഇങ്ങനെയൊരു പ്രസ്താവമുണ്ടായി?
സത്യത്തില്‍, ഇതിന്റെ ഉറവിടം നമുക്ക് കണ്ടെത്താന്‍ കഴിയുന്നത് ശീഈസത്തിലാണ്. ഇസ്മത്തുല്‍ ഇമാം (ഇമാമിന്റെ അപ്രമാദിത്വം) അവരുടെ ഒരടിസ്ഥാന വിശ്വാസമാണ്. ഇതിന്റെ അഭാവത്തില്‍ അവരുടെ വിശ്വാസം തന്നെ നഷ്ടപ്പെടുന്നു. ശീഈ പണ്ഡിതന്മാര്‍ ഐകകണ്‌ഠ്യേന അംഗീകരിച്ച ഒരു കാര്യമത്രെ ഇത്. അതിനാല്‍ തന്നെ, ശീഇസത്തിന്റെ സംഭാവന തന്നെയാണീ കഥയിലെ വലിയൊരു ഭാഗമെന്ന് മനസ്സിലാക്കാം. ശൈഖ് മുഹ്‌യിദ്ദീന്റെ അപദാനങ്ങള്‍ വിവരിക്കുന്ന പല ഗ്രന്ഥങ്ങളും അഹ്‌ലുസ്സുന്നക്ക് വിരുദ്ധമായ ഇത്തരം ആശയങ്ങളാല്‍ നിര്‍ഭരമാണെന്ന് കാണാം. എന്നാല്‍, അഹ്‌ലുസ്സുന്നയുടെ അനുയായികളെന്നവകാശപ്പെടുന്നവരിലൂടെത്തന്നെയാണ് ഇവ കടന്നുകൂടിയതെന്നത് ചരിത്രത്തിന്റെ തനി ആവര്‍ത്തനം മാത്രമായേ കാണാന്‍ കഴിയുകയുള്ളൂ. ഡോ. അലി ശരീഅത്തി പറയുന്നത് പോലെ, ''ഏക ദൈവ മതത്തിന്റെ പ്രവാചകര്‍ രംഗത്ത് വന്നപ്പോഴെല്ലാം ബഹു ദൈവവാദികള്‍ അവര്‍ക്കെതിരില്‍ നിലയുറപ്പിച്ചിരുന്നു. ഇവര്‍ പ്രവാചകരോട് പരാജയപ്പെടുകയും നിഷ്‌ക്രമിക്കുകയും ചെയ്തുവെന്നിരിക്കട്ടെ, പിന്നീട് ഇവരുടെ പിന്മുറക്കാര്‍ ഏക ദൈവ വിശ്വാസത്തിന്റെ വേഷമണിഞ്ഞാണ് പ്രത്യക്ഷപ്പെടുക.''6 തൗഹീദിന് വേണ്ടി ജീവിതം സമര്‍പ്പിച്ച പല പുണ്യവാളന്മാരുടെയും കാര്യത്തില്‍ പിന്നീട് സംഭവിച്ചതും ഇത് തന്നെയാണ്.

കുറിപ്പുകള്‍
1. ജവഹര്‍ലാല്‍ നെഹ്‌റു: വിശ്വ ചരിത്രാവലോകം. (മാതൃഭൂമി) വാള്യം ഒന്ന്. പേ. 118,119
2. ഇബ്‌റാഹീം മൂസാ സഞ്ചാനി: അഖാഇദുല്‍ ഇഥ്‌നൈ അശരിയ്യ. 2/ 157
3. മുദഫ്ഫര്‍: അഖാഇദുല്‍ ഇമാമിയ്യ: പേ. 104 നോക്കുക.
4. കുലൈനി: ഉസൂലുല്‍ കാഫി: 1/ 261; ബിഹാറുല്‍ അന്‍ വാര്‍: 26/ 28
5. തഫ്‌രീജുല്‍ ഖാതിര്‍. പേ. 35 (ഉദ്ധ: മുസ്തഫല്‍ ഫൈസി: സമ്പൂര്‍ണ മുഹ്‌യിദ്ദീന്‍ മാല വ്യാഖ്യാനം. പേ. 220, 221, 222, 231)
6. ഡോ. അലി ശരീഅത്തി, മതം മതത്തിന്നെതിരെ. പേ. 41, 42 (വിവ: എം. എം. കാരപ്പഞ്ചേരി) ഇസ്‌ലാമിക് ഫൗണ്ടേഷന്‍. അരീക്കോട്




Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം