Prabodhanm Weekly

Pages

Search

2012 മാര്‍ച്ച് 31

മലേഷ്യയും കണ്‍പാര്‍ക്കുന്നത് വസന്തോദയത്തിന്

അഭിമുഖം അന്‍വര്‍ ഇബ്‌റാഹീം | വിവ: ഹുസൈന്‍ കടന്നമണ്ണ

ധുനിക മലേഷ്യയുടെ മുന്നേറ്റത്തില്‍ മഹാതീര്‍ മുഹമ്മദിനുള്ള പങ്ക് അനിഷേധ്യം. പക്ഷേ, അദ്ദേഹം ഒറ്റക്കായിരുന്നില്ല. കൂടെ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായിരുന്ന അന്‍വര്‍ ഇബ്‌റാഹീമുമുണ്ടായിരുന്നു. രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ മഹാതീറിനൊപ്പം അന്‍വറും പ്രശസ്തിയിലേക്കുയര്‍ന്നു. 1997-ല്‍ ദക്ഷിണ പൂര്‍വേഷ്യയെ പിടിച്ചുകുലുക്കിയ സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിന് ധനകാര്യ മന്ത്രിയെന്ന നിലയില്‍ അന്‍വര്‍ സ്വീകരിച്ച നടപടികള്‍ ലോക വ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദേശ നിക്ഷേപകര്‍ക്കായി അവസരങ്ങള്‍ തുറന്നുകൊടുത്തതും സര്‍ക്കാറിന്റെ പൊതുചെലവില്‍നിന്ന് 18 ശതമാനം വെട്ടിക്കുറച്ചതുമെല്ലാം അവയില്‍ ചിലതാണ്. മന്ത്രിമാരുടെ ശമ്പളവും 'വന്‍ പദ്ധതി'യെന്ന പേരിലറിയപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമെല്ലാം ചെലവു ചുരുക്കല്‍ വിഭാഗത്തിലുള്‍പ്പെടുത്തിയിരുന്നു.
അങ്ങനെ രാജ്യത്തിന്റെ ധ്രുതവികസനത്തിന് പദ്ധതിയൊരുക്കിക്കൊണ്ടിരിക്കെയാണ് മഹാതീറുമായി തെറ്റിയത്; 1998-ല്‍. വിപരീത സ്വരമുയര്‍ത്തിയ അന്‍വര്‍ നിമിഷങ്ങള്‍ക്കകം 'അഴിമതിക്കാരനും സ്വഭാവ ദൂഷ്യത്തിനുടമയു'മായി ഇരുമ്പഴികള്‍ക്കകത്തായി. അഴിമതിക്കേസില്‍ 1999 ഏപ്രില്‍ 14-ന് കോടതി അദ്ദേഹത്തിന് ആറു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചു. 2000 ആഗസ്റ്റ് എട്ടിന് സ്വവര്‍ഗരതിക്കേസില്‍ ഒമ്പത് വര്‍ഷത്തെ തടവ് വേറെയും. കേസ് അപ്പീല്‍ കോടതിയിലെത്തിയപ്പോള്‍ വാദം കേട്ട മൂന്നംഗ ബെഞ്ച് 2004 സെപ്റ്റംബര്‍ 2-ന് അദ്ദേഹത്തെ നിരപരാധിയായിക്കണ്ട് വെറുതെ വിട്ടു. പക്ഷേ, ഭരണകൂടം വെറുതെ വിടാന്‍ ഒരുക്കമല്ലായിരുന്നു. 2010-ല്‍ കേസില്‍ പുനര്‍വിചാരണ തുടങ്ങി. കഴിഞ്ഞ ജനുവരിയില്‍ കോടതി അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന് അടിവരയിട്ടുകൊണ്ട് ഒരിക്കല്‍ കൂടി വിധി പുറപ്പെടുവിച്ചതോടെ പൂര്‍വാധികം ശക്തിയോടെ ദേശീയ രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കുന്ന അന്‍വര്‍ 'മലേഷ്യയിലെ മണ്ടേല' എന്ന പേരില്‍ പ്രശസ്തനായി കഴിഞ്ഞു. ആരോപണങ്ങളുടെ പുകമറയില്‍ നിന്ന് അഗ്നിശുദ്ധി വരുത്തി പുറത്തുകടന്നപ്പോള്‍ അറബ് വസന്തത്തിന്റെ ആരവങ്ങള്‍ അദ്ദേഹത്തെ ആവേശഭരിതനാക്കുന്നു. ഈയിടെ ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയ അന്‍വറുമായി അശ്ശര്‍ഖ് പത്രത്തിന്റെ പ്രതിനിധികള്‍ നടത്തിയ അഭിമുഖമാണ് താഴെ:

ആദ്യമായി താങ്കള്‍ ജയില്‍മോചിതനായതില്‍ ആഹ്ലാദം രേഖപ്പെടുത്തട്ടെ. അന്നേദിനം ഞങ്ങള്‍ പ്രത്യേകം നിരീക്ഷിച്ചിരുന്നു. താങ്കളുടെ മോചനത്തില്‍ സന്തോഷം രേഖപ്പെടുത്തിയും തിരിച്ചുവരവില്‍ പ്രതീക്ഷയര്‍പ്പിച്ചും ശൈഖ് യൂസുഫുല്‍ ഖറദാവി അന്ന് പ്രസംഗിക്കുകയുണ്ടായി. ഏറ്റവും ഒടുവിലത്തെ ജയിലനുഭവം എങ്ങനെ? എന്തൊക്കെ തീരുമാനങ്ങളോടെയാണ് പുറത്തുവന്നത്?
ശൈഖ് ഖറദാവി ഞങ്ങളുടെ ഗുരുവാണ്. മലേഷ്യയിലെ മുസ്‌ലിം യുവതയുടെ ആവേശമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാനേറെ വിലമതിക്കുന്നു.
സത്യസ്വരത്തെ എങ്ങനെയാണ് മലേഷ്യന്‍ സര്‍ക്കാര്‍ നിശ്ശബ്ദമാക്കിയതെന്ന് എന്റെ ജയില്‍വാസം വെളിപ്പെടുത്തി. മലേഷ്യയിലും 'അറബ് വസന്തം' പുലരേണ്ടതിന്റെ ആവശ്യകതയെ അത് അടിവരയിടുന്നു. അനുഭവിച്ച സര്‍വ പീഡനങ്ങള്‍ക്കുമപരി വിപ്ലവത്തിന്റെ ചൈതന്യം ഞങ്ങളിലേക്കു കൂടി പകരുന്നത് ഉറ്റുനോക്കുകയാണ് ഞാന്‍.

മലേഷ്യയില്‍ അറബ് വസന്തത്തിന്റെ പകര്‍പ്പെടുക്കാനാണോ താങ്കളാഗ്രഹിക്കുന്നത്? അറബ് രാജ്യങ്ങളിലെ അഴിമതിയും സ്വാതന്ത്ര്യ നിഷേധവും നിങ്ങളുടെ രാജ്യത്തുണ്ടോ?
സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ഉല്‍ക്കടമായ അഭിലാഷമാണ് അറബ് വസന്തത്തെ പ്രോജ്വലിപ്പിക്കുന്നത്. നാം ആഗ്രഹിക്കുന്ന വസന്തമാണത്. അതിനു വേണ്ടിയാണ് നാം അധ്വാനിക്കുന്നത്. അതാണ് ഇസ്‌ലാമും മനുഷ്യത്വവും ജനാധിപത്യവുമെല്ലാം ആവശ്യപ്പെടുന്നത്. പക്ഷേ, മാറ്റവും പരിഷ്‌കരണവും സമാധാനപരമായ മാര്‍ഗത്തിലൂടെ, സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പുകളിലൂടെ സാക്ഷാത്കരിക്കാനാണ് ഞങ്ങളുടെ ശ്രമം. അടുത്ത വര്‍ഷം മധ്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. അറിയാമല്ലോ, ഈജിപ്തിലും തുനീഷ്യയിലും സ്ഥിതിഗതികള്‍ ആശങ്കാകുലമാണ്. അത്തരമൊരവസ്ഥ കഴിയുന്നതും ഒഴിവാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. തുര്‍ക്കിയിലെ ജനാധിപത്യ പരീക്ഷണം അല്ലെങ്കില്‍, ഇന്തോനേഷ്യയില്‍ 'റിഫോര്‍മസി' എന്നു വിളിക്കപ്പെടുന്ന പരിഷ്‌കരണം ആവര്‍ത്തിക്കാന്‍ മലേഷ്യക്ക് പ്രാപ്തിയുണ്ടെന്ന് ഞാന്‍ കരുതുന്നു. അതുവഴി രക്തരഹിതമായി, പാര്‍ശ്വഫലങ്ങളില്ലാതെ മാറ്റം ഉണ്ടാക്കാനാവും.

അഴിമതിയും അടിച്ചമര്‍ത്തലും ജയില്‍ പീഡനവും കൊലയുമൊക്കെയാണ് അറബ് വസന്തത്തിന് ജന്മം നല്‍കിയത്. അത്തരമൊരനുഭവം മലേഷ്യയിലുണ്ടോ?
ശരിയാണ്, മലേഷ്യയിലെ സ്ഥിതി ഇത്തിരി വ്യത്യസ്തം തന്നെ. പല രാജ്യങ്ങളിലുമുള്ളത്ര അടിച്ചമര്‍ത്തലും കൊലയും ഞങ്ങളുടെ നാട്ടിലില്ല. പക്ഷേ, രാഷ്ട്രം അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ്. സ്വതന്ത്ര വാര്‍ത്താ മാധ്യമങ്ങളുമില്ല. പര്‍വേസ് മുശര്‍റഫിന്റെ പട്ടാളം വാണിരുന്ന പാകിസ്താനില്‍ വരെ ഒരുതരത്തിലുള്ള മാധ്യമ സ്വാതന്ത്ര്യമുണ്ടായിരുന്നു. പാകിസ്താന്‍ ഗവണ്‍മെന്റ് ടിവി ചാനലുകളിലടക്കം വിമര്‍ശിക്കപ്പെട്ടിരുന്നു. മലേഷ്യയിലോ? ജനുവരിയില്‍ ഞാന്‍ മോചിതനായപ്പോള്‍ ബി.ബി.സി, സി.എന്‍.എന്‍, അല്‍ജസീറ തുടങ്ങിയ ആഗോള ചാനലുകളും ചില തുര്‍ക്കി ചാനലുകളും ഞാനുമായി അഭിമുഖം നടത്തുകയുണ്ടായി. അതേസമയം ഏതെങ്കിലും ദേശീയ മാധ്യമം ഒരു മിനിറ്റ് നേരത്തെ അഭിമുഖത്തിനു പോലും തയാറായില്ല. മലേഷ്യയില്‍ സ്വതന്ത്ര മാധ്യമങ്ങളേയില്ല. ജുഡീഷ്യറിയും സ്വതന്ത്രമല്ല. മറ്റു ഏകാധിപത്യ രാജ്യങ്ങളിലുള്ളത്ര അടിച്ചമര്‍ത്തലുകളില്ലെങ്കിലും സ്വതന്ത്ര ശബ്ദങ്ങള്‍ വിലക്കപ്പെടുകയും പ്രാഥമിക മനുഷ്യാവകാശങ്ങള്‍ വരെ ലംഘിക്കപ്പെടുകയും ചെയ്യുന്നു.

താങ്കള്‍ മഹാതീറിന്റെ പിന്‍ഗാമിയായിരുന്നു. അദ്ദേഹം താങ്കളെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്ന ഘട്ടത്തില്‍ വേര്‍പിരിയാന്‍ ധൃതിപ്പെട്ടതിന്റെ കാരണം?
അതെ, ഞാന്‍ രണ്ടാമനായിരുന്നു. തന്നെ പോലെ എല്ലാമറിയുന്ന, നിയമത്തിനതീതനായി തന്നെ കാണുന്ന, തന്നിഷ്ടപ്രകാരം പൊതുമുതല്‍ കൈകാര്യം ചെയ്യുന്ന, തന്റെ മക്കള്‍ക്ക് ദശലക്ഷങ്ങള്‍ നല്‍കുന്ന ഒരു നായകനായി എന്നെ വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഒരു മകന് പെട്രോളിയം കമ്പനികളുമായി ബില്യന്‍ കണക്കിന് ഡോളറിന്റെ കരാറുകള്‍ സ്വന്തം. മറ്റൊരു മകനാണ് രാജ്യത്തെ ആല്‍ക്കഹോള്‍ ഫാക്ടറികളുടെ ഉടമസ്ഥാവകാശം. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ആല്‍ക്കഹോള്‍ ഫാക്ടറികളാണവ.
അദ്ദേഹം രാജ്യം ഭരിച്ചപ്പോള്‍ ഞാന്‍ സാമ്പത്തിക രംഗം ഭരിച്ചു. അദ്ദേഹം കഠിനാധ്വാനം ചെയ്തപ്പോള്‍ ഞാനും കഠിനാധ്വാനം ചെയ്തു. അദ്ദേഹം അംബര ചുംബികളായ ഗോപുരങ്ങള്‍ നിര്‍മിച്ചപ്പോള്‍ ഞാന്‍ സാധാരണക്കാര്‍ക്ക് വീടുകളും ആതുരാലയങ്ങളും കലാലയങ്ങളും നിര്‍മിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ശ്രമിച്ചു. പിന്നിട്ട നിയോഗം ഒരിക്കല്‍ കൂടി ഏറ്റെടുക്കാന്‍ അവസരം കൈവന്നാല്‍ ഞാനതിന് ഒരുക്കം. അന്നേരം ഞാന്‍ ആളൊഴിഞ്ഞ ആകാശഗോപുരങ്ങളുണ്ടാക്കി ആഘോഷിക്കുകയില്ല. വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയുമായിരിക്കും എന്റെ ലക്ഷ്യം.
ഞാന്‍ വേര്‍പിരിയാന്‍ ധൃതിപ്പെട്ടതിന്റെ കാരണം താങ്കള്‍ ചോദിച്ചു. പറഞ്ഞല്ലോ, അദ്ദേഹം തന്റെ മകന് പൊതുഖജനാവില്‍ നിന്ന് ദശലക്ഷങ്ങള്‍ നല്‍കാന്‍ എന്നോട് കല്‍പിച്ചു. ഞാന്‍ അനുസരിച്ചില്ല. ഉടനെ വന്നു അറസ്റ്റും മര്‍ദനവും. മാധ്യമങ്ങളിലൂടെ എന്നെ സ്വഭാവഹത്യ നടത്തി. പക്ഷേ, ജനങ്ങള്‍ക്ക് യാഥാര്‍ഥ്യമറിയാമായിരുന്നു. അവര്‍ അന്ധരല്ലല്ലോ. അന്‍വര്‍ ഇബ്‌റാഹീം മഹാതീറിന്റെ ഡെപ്യൂട്ടിയാണെങ്കിലും മഹാതീറിനെപ്പോലെയല്ല അന്‍വര്‍ എന്ന് ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു.

അറബ് വസന്തം പിറന്ന നാടുകളില്‍ അമേരിക്കന്‍ സ്വാധീനം വ്യക്തം. താങ്കളുടെ കരിസ്മാറ്റിക് വ്യക്തിത്വം വൈദേശിക സ്വാധീനത്തിന് ഭീഷണിയാണ് താനും. കരിസ്മാറ്റിക് ലീഡര്‍ വിദേശ സ്വാധീനത്തെ അവഗണിച്ച് ജനസ്വാധീനത്തെ ആശ്രയിക്കുന്നു. അന്താരാഷ്ട്ര ബാങ്കിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്തതും രാഷ്ട്രീയ ചതുരംഗത്തിലെ വഴക്കമില്ലായ്മയുമാണ് താങ്കളെ ഈയവസ്ഥയിലെത്തിച്ചതെന്ന് കരുതുന്നുണ്ടോ?
ഞാന്‍ അമേരിക്കയുമായി ഏറ്റുമുട്ടലിന്റെ പാതയിലല്ല. അതേസമയം അമേരിക്കന്‍ നയങ്ങളില്‍ പലതിനോടും എനിക്ക് വിയോജിപ്പുണ്ട്. ഇറാഖിനെയും അഫ്ഗാനിസ്താനെയും ആക്രമിച്ചത്, ഫലസ്ത്വീനികളോടുള്ള ഇരട്ടത്താപ്പ് തുടങ്ങിയവ ഉദാഹരണം. ഹുസ്‌നി മുബാറകിനെപ്പോലുള്ളവര്‍ അമേരിക്കയുടെ ഇഷ്ടഭാജനങ്ങളായിരിക്കാം. നേരത്തെ ഞാന്‍ അമേരിക്കന്‍ പക്ഷപാതിയായി മുദ്രകുത്തപ്പെട്ടിട്ടുണ്ട്. ഞാന്‍ ലോക ബാങ്കിലെ വികസന സമിതി ചെയര്‍മാനായിരിക്കെ പരമ ദരിദ്രരായ ആഫ്രിക്കന്‍ രാജ്യങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്.
1990-ല്‍ മലേഷ്യന്‍ ധനകാര്യമന്ത്രിയായപ്പോള്‍ ബജറ്റിലെ കമ്മിയില്ലാതാക്കാനും വികസനം സാധ്യമാക്കാനും ശ്രമിച്ചതിന്റെ ഫലമായി രണ്ട് വര്‍ഷം കൊണ്ട് സാമ്പത്തിക രംഗം സ്ഥിരത കൈവരിക്കുകയും ബജറ്റ് മിച്ചമാവുകയും ചെയ്തു. ഇനി മുതല്‍ ഞങ്ങള്‍ക്ക് കടം വേണ്ട എന്ന് ഞാന്‍ ലോക ബാങ്കിനെ അറിയിച്ചു. ക്ഷേമം കളിയാടിയ ഏഴു വര്‍ഷങ്ങളിലെ മിച്ചം കൊണ്ട് പിന്നീട് വന്ന ഏഴു പഞ്ഞ വര്‍ഷങ്ങളെ നേരിട്ട പ്രവാചകന്‍ യൂസുഫിന്റെ കഥപോലെ ബജറ്റില്‍ കൈവന്ന മിച്ചമെടുത്ത് ലോക ബാങ്കിന് അടച്ചുതീര്‍ക്കാന്‍ ബാക്കിയുണ്ടായിരുന്ന 12 ദശലക്ഷം റിങ്കിറ്റ് ഞാന്‍ നേരത്തെയടച്ചു. 1998-ല്‍ ഞാന്‍ ജയിലിലടക്കപ്പെട്ടു. എന്നാല്‍ 1999-ല്‍ മലേഷ്യന്‍ സര്‍ക്കാര്‍ വീണ്ടും ലോക ബാങ്കില്‍ നിന്ന് കടമെടുക്കുന്നതാണ് ലോകം കണ്ടത്.
2004-ല്‍ ഞാന്‍ ജയില്‍ മോചിതനായി. 2005-ല്‍ ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റി സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ ലോക ബാങ്കില്‍ ചെന്ന് അവിടത്തെ രേഖകള്‍ നേരിട്ട് കാണുകയുണ്ടായി. 1993-ല്‍ ഞാന്‍ ലോക ബാങ്കില്‍നിന്ന് കടം വാങ്ങുന്നത് നിര്‍ത്തിയിരുന്നു. എന്നാല്‍ 1999-ല്‍ മഹാതീര്‍ വീണ്ടും കടം വാങ്ങിത്തുടങ്ങി. എന്നിട്ടും നിങ്ങള്‍ പറയുന്നു, മഹാതീര്‍ നല്ലവനാണെന്ന്. കാരണം അദ്ദേഹം ലോക ബാങ്കിനെ വിമര്‍ശിച്ചിരിക്കുന്നു! അന്‍വര്‍ ഇബ്‌റാഹീം മോശക്കാരനാണ്, കാരണം അദ്ദേഹം വീണ്ടും ലോക ബാങ്കില്‍ ചെന്നിരിക്കുന്നു!

പെട്രോളിയം മേഖലയില്‍ നിങ്ങള്‍ ചെന്നുകയറിയത് കടന്നല്‍കൂട്ടിലാണ്. രാഷ്ട്രങ്ങളേക്കാള്‍ ശക്തിയുള്ള എണ്ണക്കമ്പനികളോട് മത്സരിച്ചു. എണ്ണയുടെ ഖനനത്തില്‍ അവരുമായി ഏറ്റുമുട്ടി. താങ്കള്‍ക്കെതിരെ ഗൂഢാലോചന രൂപപ്പെടുന്നതില്‍ ഈ മത്സരം പങ്കുവഹിച്ചതായി കരുതുന്നുണ്ടോ?
അല്ലാഹുവിനറിയാം. എനിക്കെതിരെ ഗൂഢാലോചന നടത്തിയവരുണ്ടെന്നതിന് എന്റെ പക്കല്‍ തെളിവില്ല. എന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ സംതൃപ്തരല്ലെന്ന് അറിയാം. പടിഞ്ഞാറുമായുള്ള എന്റെ ബന്ധം നല്ല നിലയിലാണ്. അതേസമയം ഞാന്‍ സ്വതന്ത്രനാണ്. 'എല്ലാവരോടും സ്‌നേഹം' എന്ന അടിസ്ഥാന ബിന്ദുവിലൂന്നിയായിരിക്കണം വിദേശനയം രൂപപ്പെടുത്തേണ്ടതെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. ശത്രുത സൃഷ്ടിക്കരുത്. അതിനാല്‍ നാം അമേരിക്കക്കാരോടും പാശ്ചാത്യരോടും ചൈനക്കാരോടും റഷ്യക്കാരോടുമെല്ലാം സ്‌നേഹബന്ധം പുലര്‍ത്തുന്നു. ഒരുവശത്ത് അമേരിക്കയെ കടന്നാക്രമിക്കുക; പിന്നെ സ്വകാര്യമായി കൂട്ടുകൂടുക; പ്രസിഡന്റ് ബുഷിനെ കാണുന്നതിനുവേണ്ടി അമേരിക്കയില്‍ പോവുക; അല്ലെങ്കില്‍ സദ്ദാം ഹുസൈനും ഖദ്ദാഫിയും ചെയ്തപോലെ അമേരിക്കന്‍ നയങ്ങളെ വിമര്‍ശിച്ച് സ്വന്തം ജനതയെ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുക. ഇങ്ങനെ കപടന്മാരാവാന്‍ നമുക്കാവില്ല. അദ്ദേഹം (മഹാതീര്‍) അവരെപ്പോലെയാണ്.
നല്ല ബന്ധങ്ങളുണ്ടാക്കി മാതൃരാജ്യത്തിന്റെ നിലപാടുതറയെ ശക്തിപ്പെടുത്തുകയെന്ന അടിസ്ഥാനത്തിലാണ് നയതന്ത്രം നിലകൊള്ളുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്കെതിരെ ചില കോണുകളില്‍ നിന്ന് ഗൂഢാലോചനകള്‍ രൂപപ്പെടുമെന്നുള്ള പ്രവചനങ്ങള്‍ ഞാന്‍ കുറെ വായിക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. ഏതായാലും മഹാതീര്‍ സ്വജനതക്കു സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് നന്നായി അറിയാം. മാധ്യമ സ്വാതന്ത്ര്യവും ഒപ്പം നീതിപൂര്‍വവും സുതാര്യവുമായ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലുള്ള നിയമനിര്‍മാണ സഭയും അദ്ദേഹം ജനങ്ങള്‍ക്ക് നിഷേധിക്കുന്നു. അതിനാല്‍ മലേഷ്യയില്‍ മാറ്റത്തിന്റെ സമയമായിരിക്കുന്നു. അമേരിക്കയും മറ്റും പറയുന്നത് അവഗണിക്കാം. നാം സ്വതന്ത്ര സ്വത്വമായി നില്‍ക്കുകയാണ് പ്രധാനം. ഇസ്‌ലാമിക ലോകത്ത് തുര്‍ക്കി മോഡലാണ് എനിക്ക് അഭികാമ്യമായി തോന്നുന്നത്. അഥവാ വ്യക്തമായ ജനാധിപത്യ സാമ്പത്തിക പദ്ധതികളുള്ള സ്വതന്ത്ര രാഷ്ട്രം.

രാജ്യം ഇതുവരെ ഭരിച്ച ഏക കക്ഷിയെന്ന 'ഉംനോ' (യുനൈറ്റഡ് മലയ് നാഷനല്‍ ഓര്‍ഗനൈസേഷന്‍) ആണോ മലേഷ്യ ഇന്നഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് പിന്നില്‍? സിറിയയിലെ ഏകകക്ഷി ഭരണം നാം കാണുന്നുണ്ടല്ലോ. യു.എം.എന്‍.ഒ എന്താണ് ജനങ്ങളോട് ചെയ്യുന്നത്?
ഏകകക്ഷി ഭരണമോ ബഹുകക്ഷി സാന്നിധ്യമോ അല്ല മലേഷ്യയുടെ പ്രശ്‌നം, സ്വാതന്ത്ര്യ നിഷേധവും അഴിമതിയും സ്വജനപക്ഷപാതവുമാണ്. ബന്ധുക്കള്‍ക്ക് വഴിവിട്ട് പൊതുമുതലും സൗകര്യങ്ങളും നല്‍കുന്നു. രാജാവിനെ പുറത്താക്കി തല്‍സ്ഥാനത്ത് രാജകുടംബത്തെ പ്രതിഷ്ഠിക്കുന്ന വിപ്ലവം കൊണ്ടെന്തു കാര്യം? ഫാറൂഖ് രാജാവിന്റെ കഥ കഴിച്ച് പകരം ഹുസ്‌നി മുബാറകിനെ കൊണ്ടുവരുന്നതുകൊണ്ടെന്തു മെച്ചം? അഴിമതിയില്ലാതാകണമെങ്കില്‍ യഥാര്‍ഥ ജനാധിപത്യം വേണം. അതിനാല്‍ ഒറ്റക്കക്ഷിയുടെ സാന്നിധ്യമല്ല പ്രശ്‌നം. ഒറ്റകക്ഷിയില്‍ ഒറ്റ വ്യക്തിയുടെ ആധിപത്യമാണ് പ്രശ്‌നം. ഏകകക്ഷി ഭരണത്തിലൂടെ ജനാധിപത്യം ഒരിക്കലും പുലരില്ലെന്നത് പ്രത്യേകം പറയേണ്ടതില്ല. അതിന് ബഹുകക്ഷി വ്യവസ്ഥ തന്നെ വേണം. ഒറ്റ പാര്‍ട്ടി മാധ്യമങ്ങളെയും ജുഡീഷ്യറിയെയും ചൊല്‍പടിയിലൊതുക്കുന്നു. ദൈവാനുഗ്രഹത്താല്‍, വരുന്ന ഏതാനും മാസങ്ങളില്‍ എല്ലാറ്റിനും മാറ്റമുണ്ടാകും.

താങ്കള്‍ ജയിലിലായപ്പോള്‍ മുന്നണി രൂപപ്പെടുത്തുന്നതിലും രാഷ്ട്രീയ ജീവിതത്തെ സജീവമാക്കി നിര്‍ത്തുന്നതിലും താങ്കളുടെ ഭാര്യയുടെ റോള്‍ എന്തായിരുന്നു?
ശക്തിയും കൂറും കാര്യശേഷിയുമുള്ള ഭാര്യയെ തന്ന് ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ദൈവത്തിനു സ്തുതി! ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ എന്റെ മക്കളെ ഇതര മന്ത്രിപുത്രന്മാര്‍ പോകുന്ന സ്വകാര്യ വിദ്യാലയത്തിലേക്കു പറഞ്ഞയക്കാന്‍ ഭാര്യ ആഗ്രഹിച്ചില്ല. പകരം സാധാരണ വിദ്യാലയത്തിലാണ് അവര്‍ പഠിച്ചത്. ജസ്റ്റിസ് പാര്‍ട്ടിയും ഡമോക്രാറ്റിക് പാര്‍ട്ടി എന്ന ചൈനീസ് വംശജരുടെ പാര്‍ട്ടിയും ഇസ്‌ലാമിക് പാര്‍ട്ടിയും ചേര്‍ന്ന ത്രികക്ഷി സഖ്യം രൂപപ്പെടുത്തുന്നതില്‍ ഭാര്യ വിജയിച്ചു. കേവല തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ചുള്ള സഖ്യമല്ലത്. ചില തത്ത്വങ്ങളില്‍ ഊന്നിയുള്ളതാണ്. ഞങ്ങള്‍ ഭരണഘടനയെ വിമര്‍ശിക്കുകയും ഇസ്‌ലാമിനെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും ചെയ്തു. അഴിമതി തുടച്ചുനീക്കി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യനീതി സാധ്യമാക്കുന്നതിനാണ് ഞങ്ങള്‍ മുന്നണിയുണ്ടാക്കിയിട്ടുള്ളത്.

അറബ് വസന്തത്തില്‍ നിലംപതിച്ച ഭരണകൂടങ്ങളുടെ സ്ഥാനത്ത് അധികാരമേറ്റുകൊണ്ടിരിക്കുന്നത് ഇസ്‌ലാമിസ്റ്റുകളാണല്ലോ. മികച്ച ഭരണ മാതൃക കാഴ്ചവെക്കാന്‍ അവര്‍ക്കാവുമെന്ന് കരുതുന്നുണ്ടോ?
ഞാന്‍ ജനാധിപത്യത്തിലും സ്വതന്ത്ര തെരഞ്ഞെടുപ്പുകളിലും വിശ്വസിക്കുന്നു. തുനീഷ്യയില്‍ റാശിദുല്‍ ഗനൂശിക്കുള്ള സ്വാധീനത്തില്‍നിന്ന് ഏറെ കാര്യങ്ങള്‍ മനസ്സിലാക്കാനാവുന്നുണ്ട്. അതുപോലെ തുര്‍ക്കി മോഡലും നമ്മുടെ മുമ്പിലുണ്ട്. അര്‍ബാകാന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിസ്റ്റുകളെന്ന പോലെ മറ്റു പല പേരുകളിലും അവര്‍ അറിയപ്പെടുന്നുണ്ട്. ഏതായാലും അന്തിമമായി പ്രാധാന്യം ജനാധിപത്യത്തിനാണ്. മലേഷ്യയില്‍ ഭൂരിപക്ഷം ജനങ്ങളുടെയും മതം ഇസ്‌ലാമാണ്. ഇസ്‌ലാം അവരില്‍നിന്ന് അടര്‍ത്തിയെടുക്കാനാവാത്ത ചൈതന്യവും സ്വത്വാംശവുമാണ്. എന്തിനാണ് പടിഞ്ഞാറ് ഇസ്‌ലാമിസ്റ്റുകളെ ഇത്രയേറെ ഭയപ്പെടുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. അവരുടെ ഭരണം സര്‍വാധിപത്യമോ രാജാധിപത്യമോ ഏകാധിപത്യമോ അല്ല. മുസ്‌ലിമിതരരെ ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ക്ക് വഴങ്ങണമെന്ന് നിര്‍ബന്ധിക്കുന്നില്ല. പിന്നെന്തിനാണ് പേടി? നമുക്ക് റാശിദുല്‍ ഗനൂശിയിലേക്ക് തിരിച്ചുവരാം. മുസ്‌ലിംകളും അമുസ്‌ലികളുമുള്‍പ്പെടെയുള്ള എല്ലാവരെയും സര്‍ക്കാര്‍ ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യണമെന്ന പാഠം അദ്ദേഹത്തില്‍നിന്ന് ലഭിക്കുന്നു. മലേഷ്യയില്‍ ഏതാണ്ട് നാല്‍പത് ശതമാനം അമുസ്‌ലിംകളാണ്. ചൈനീസ്, ഇന്ത്യന്‍, കണ്‍ഫ്യൂഷ്യസ് വംശജരാണവര്‍. നാം ഇവരെയെല്ലാവരെയും ഉള്‍ക്കൊള്ളണം. വിവിധ ആഭിമുഖ്യങ്ങള്‍ പുലര്‍ത്തുന്ന ഇസ്‌ലാമിസ്റ്റുകളെയും ഒപ്പം അമുസ്‌ലിംകളെയും നാം സ്വീകരിക്കുന്നു. ഇസ്‌ലാമികവിദ്യാഭ്യാസത്തെയും ഇസ്‌ലാമിക യുവജന സംഘടനകളെയും ഒപ്പം ഇതര മതസ്ഥരെയും അവരുടെ മതനിയമങ്ങളെയും നാം പരിരക്ഷിക്കുന്നു.
ഭരണം കുത്തകയാക്കുകയില്ലെന്നും മറ്റുള്ളവരെ പരിഗണിക്കാതെ ഇസ്‌ലാമിക നിയമങ്ങള്‍ അടിച്ചേല്‍പിക്കുകയില്ലെന്നും മുസ്‌ലിം രാജ്യങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സാന്ത്വന സന്ദേശങ്ങള്‍ നല്‍കാനാരംഭിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന ഇസ്‌ലാംപേടിയുടെ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയും പാര്‍ട്ടികളുടെയും നേതാക്കള്‍ മിതത്വം പാലിക്കേണ്ടത് അനിവാര്യം. ഞാന്‍ മിതവാദിയാണ് എന്നതിനര്‍ഥം ഞാന്‍ മദ്യപാനിയാണ് എന്നല്ല. ഞാന്‍ മിതവാദിയാണ് എന്നതിനര്‍ഥം ഞാന്‍ ആരാധനാനുഷ്ഠാനങ്ങള്‍ ഉപേക്ഷിക്കുന്നവനാണ് എന്നല്ല. ''സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നവജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് അല്ലാഹുവും പ്രവാചകനും ക്ഷണിച്ചാല്‍ നിങ്ങള്‍ ക്ഷണം സ്വീകരിക്കുക'' എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലെത്തിയാല്‍ പിന്നെ എവിടെയാണ് പ്രശ്‌നം? ഇസ്‌ലാമിക പാര്‍ട്ടി, ഇസ്‌ലാമിക ഗവണ്‍മെന്റ് തുടങ്ങിയ പേരുകളല്ല പ്രധാനം. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളും അവയുടെ പ്രത്യാഘാതങ്ങളുമാണ് പ്രധാനം.

മലേഷ്യന്‍ ജനത നിങ്ങളെ ഭരണത്തിലേറ്റാന്‍ ഒരുക്കമാണെന്ന് കരുതുന്നുണ്ടോ? തുര്‍ക്കി, തുനീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെപ്പോലെ ഇസ്‌ലാമിക് മോഡല്‍ മലേഷ്യക്കാരും ആഗ്രഹിക്കുന്നവോ?
അത് ജനങ്ങളാണ് പറയേണ്ടത്. അരനൂറ്റാണ്ട് കാലമായി ജനങ്ങളതിനു ഒരുക്കമാണ്. പക്ഷേ, അവര്‍ക്കതിനു അവസരം ലഭിച്ചില്ല. അതെ, ജനങ്ങള്‍ ഒരുക്കമാണ്. പക്ഷേ, ഏകാധിപതി ഒരുക്കമല്ല.
ചോദ്യത്തിലെ രണ്ടാം ഭാഗം തുര്‍ക്കി മോഡല്‍ അനുകരിക്കുന്നതിനെക്കുറിച്ചാണ്. എന്റെ ടര്‍ക്കിഷ് സുഹൃത്തുക്കളെ സന്ദര്‍ശിച്ചപ്പോഴെല്ലാം അവരുടെ മാതൃകയില്‍ ഞാന്‍ മതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ കൈവരിച്ച വിജയവും രാജ്യത്ത് നടപ്പാക്കുന്ന പദ്ധതികളും എന്നെ ആകര്‍ഷിക്കുകയുണ്ടായി. പല കാര്യങ്ങളിലും ഞാനവരോട് യോജിക്കുന്നു. അതേസമയം പല കാര്യങ്ങളിലും അവരോട് സംവാദം നടത്തുകയും ചെയ്യുന്നു.
തുര്‍ക്കി പരിഗണനാര്‍ഹവും അനുകരണാര്‍ഹവുമായ അനുഭവവും മാതൃകയും തന്നെ. പക്ഷേ രാജ്യത്തിന്റെ ചരിത്രപരമായ പ്രത്യേകതകളും കണക്കിലെടുക്കേണ്ടതുണ്ടല്ലോ. തുര്‍ക്കിയില്‍ തീവ്ര മതേതരത്വം ഏറെ സെന്‍സിറ്റീവായ പ്രശ്‌നമാണ്. തുര്‍ക്കിക്കുണ്ടായ ദുരനുഭവങ്ങള്‍ ലോകത്ത് മറ്റൊരു മുസ്‌ലിം രാജ്യത്തിനുമുണ്ടായിട്ടില്ല. ഇത്തരമൊരു അനുഭവം ഞങ്ങള്‍ മലേഷ്യക്കാര്‍ക്കില്ല. മുസ്ത്വഫ കമാല്‍ സ്ഥാപിച്ച ആധുനിക തുര്‍ക്കി തീര്‍ത്തും തീവ്ര മതേതരത്വാധിഷ്ഠിതമായിരുന്നു. മലേഷ്യ മതേതരമാണെങ്കിലും അവിടത്തെ മതേതരത്വം മിതവും മൃദുലവുമാണ്. ആത്യന്തികമായി മുസ്‌ലിം രാജ്യമായ മലേഷ്യയിലെ പ്രശ്‌നം അഴിമതിയും സ്വജനപക്ഷപാതവുമാണ്. സ്വാഭാവികമായും ഞങ്ങള്‍ മറ്റുള്ളവരുടെ അനുഭവങ്ങള്‍ പഠിക്കുകയും നല്ലത് നടപ്പാക്കുകയും ചെയ്യും.

അടുത്ത തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ജനങ്ങള്‍ക്ക് നല്‍കാനിരിക്കുന്ന വാഗ്ദാനങ്ങളെന്തൊക്കെ? താങ്കളുടെ വിജയസാധ്യത?
ഞങ്ങളുടെ മുന്നണി നടപ്പാക്കാനാഗ്രഹിക്കുന്ന രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക പദ്ധതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച് പെട്രോളിന്റെയും വാതകത്തിന്റെയും വരുമാനത്തിന്റെ പോക്കുവരവ് നിരീക്ഷിക്കാന്‍ പാര്‍ലമെന്റ് സമിതിയുണ്ടാവേണ്ടതുണ്ട്. മുമ്പും ഇപ്പോഴും നടക്കുന്നതുപോലെ കരാറുകള്‍ പ്രധാനമന്ത്രിയുടെ പുത്രന്മാര്‍ കുത്തകയാക്കുന്ന അവസ്ഥ പാടില്ല. സ്വതന്ത്ര വിപണിയുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തികക്രമം ഉണ്ടാവണം. പക്ഷേ, അമേരിക്കന്‍ മാതൃകയിലല്ല. പകരം വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ദരിദ്രരുടെയും നിര്‍ധനരുടെയും സ്ഥിതി മെച്ചപ്പെടുത്തുന്ന തരത്തിലായിരിക്കണം. അവിടെ വംശീയമോ മതപരമോ ആയ വേര്‍തിരിവുകളുണ്ടാവില്ല. നല്ലൊരു വിദ്യാഭ്യാസ നയത്തിനും ഞങ്ങള്‍ രൂപം നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസത്തില്‍ മലേഷ്യ വളരെ മുന്നിലായിരുന്നു. പക്ഷേ, പിന്നീട് പിന്നോട്ടടിച്ചു. രാജ്യത്തെ മസ്തിഷ്‌ക ചോര്‍ച്ച നിര്‍ത്തി വിദേശത്തുള്ള മലേഷ്യന്‍ ധിഷണകളെ തിരിച്ചുകൊണ്ടുവരാന്‍ യത്‌നിക്കും. കഴിവുറ്റ പ്രഫസര്‍മാരും ഡോക്ടര്‍മാരും എഞ്ചിനീയറുമാരുമെല്ലാം കൂട്ടത്തിലുണ്ട്. ന്യൂനപക്ഷങ്ങളുടെ കാര്യം ഊന്നിപ്പറയാന്‍ ഞാനാഗ്രഹിക്കുന്നു. അവര്‍ക്ക് നാം ആത്മവിശ്വാസം പകരണം. അവരും അന്തിമമായി മലേഷ്യക്കാരാണ്. ന്യൂനപക്ഷമാണെന്നതിന്റെ പേരില്‍ അവരെ രണ്ടാംതരം പൗരന്മാരായി കാണാന്‍ പാടില്ല. അതേസമയം ഏറ്റവും കൂടുതല്‍ ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമുള്ളത് മുസ്‌ലിംകളിലാണെന്നത് പല വിരോധാഭാസങ്ങളിലൊന്നു മാത്രം.

അല്‍ജസീറക്ക് അറബ് വസന്തത്തില്‍ വലിയ പങ്കുണ്ടായിരുന്നു. മലേഷ്യന്‍ വസന്തത്തിന് ഒരു അല്‍ജസീറ ആവശ്യമുണ്ടോ?
അതെന്റെ അടങ്ങാത്ത മോഹമാണ്. സ്വതന്ത്രമായൊരു മീഡിയാ നെറ്റ് വര്‍ക്ക് ഞങ്ങള്‍ക്ക് അത്യാവശ്യം. അല്‍ജസീറ പോലൊന്ന് സ്ഥാപിക്കാനുള്ള ശേഷി ഞങ്ങള്‍ക്കുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും ദൈവാനുഗ്രഹത്താല്‍ സര്‍ക്കാറുണ്ടാക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ സ്വതന്ത്രവും സുതാര്യവുമായ മാധ്യമ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കും. നാം യോജിച്ചാലും വിയോജിച്ചാലും സ്വതന്ത്ര മീഡിയ അനിവാര്യം. അല്‍ജസീറ അറബിയിലും ഇംഗ്ലീഷിലും സംപ്രേക്ഷണം ചെയ്യുന്നു. അധിക മലേഷ്യക്കാര്‍ക്കും മലായ് ഭാഷയല്ലാതെ മനസ്സിലാവില്ല. ഒരിക്കല്‍ 'അതിരുകളില്ലാതെ' (ബിലാ ഹുദൂദ്) എന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകനായ അഹ്മദ് മന്‍സൂര്‍ ഞാനുമായി ഒരു അഭിമുഖം നടത്തുകയുണ്ടായി. മലേഷ്യയിലത് ഒരിക്കല്‍ മാത്രമേ സംപ്രേക്ഷണം ചെയ്തുള്ളൂ. പുനഃസംപ്രേക്ഷണം തടസ്സപ്പെട്ടു. അപ്രകാരം തന്നെയാണ് ബി.ബി.സി ഞാനുമായി നടത്തിയ അഭിമുഖത്തിന്റെ കഥയും. ഒരിക്കല്‍ മാത്രമേ അതും കാണിച്ചുള്ളൂ. പുനഃസംപ്രേക്ഷണമുണ്ടാകുമെന്ന് പരസ്യം ചെയ്‌തെങ്കിലും ആ സമയത്ത് വാണിജ്യ പരസ്യങ്ങളാണ് സ്‌ക്രീനില്‍ തെളിഞ്ഞത്. നിയന്ത്രിത മാധ്യമരംഗം എങ്ങനെയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.



Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം