അധ്വാനം, മൂലധനം, കാര്യസ്ഥത -സാമ്പത്തിക സംഘാടനത്തിന്റെ ലക്ഷ്യങ്ങള്‍-4
ഇസ്ലാമില്‍ സാമ്പത്തിക വ്യവഹാരത്തിന്റെ മറ്റൊരു രൂപമാണ് അനന്തരവകാശ നിയമം. മരിച്ചയാളുടെ സ്വത്ത് കഴിയുന്നത്ര അനന്തരവകാശികള്‍ക്ക് വിതരണം ചെയ്യുക എന്നതാണ് ഇതിന് ആധാരമായ തത്ത്വം. മരിച്ചയാളുടെ മാതാപിതാക്കള്‍, ഭാര്യ, സന്താനങ്ങള്‍ ഇവരാണ് അനന്തരവകാശികളുടെ ആദ്യ ശ്രേണി. രണ്ടാമത്തെ ശ്രേണിയില്‍ സഹോദരന്മാരും സഹോദരികളും. മൂന്നാമത്തെ ശ്രേണിയിലാണ് മരിച്ചയാളുടെ മറ്റു അടുത്ത ബന്ധുക്കള്‍ വരുന്നത്. മരിച്ചയാള്‍ക്ക് ബന്ധുക്കളൊന്നുമില്ലെങ്കില്‍ അയാളുടെ സ്വത്ത് പൊതുമുതലായി കണക്കാക്കി ഗവണ്‍മെന്റ് ട്രഷറിയിലേക്ക് നീക്കും.
നാമിതുവരെ സംസാരിച്ച് വന്നത് സാമ്പത്തിക ക്രമീകരണത്തിന് വേണ്ടി ഇസ്‌ലാം മുന്നോട്ടുവെക്കുന്ന തത്ത്വങ്ങളെക്കുറിച്ചാണ്. ഇവയുടെ പരിധിയില്‍ നിന്നുകൊണ്ട് ഏതുതരം സാമ്പത്തിക സംവിധാനവും നിങ്ങള്‍ക്ക് ആവിഷ്‌കരിച്ചു നോക്കാം. മാറുന്ന കാലത്തിന്റെ ആവശ്യങ്ങള്‍ക്കൊത്ത് ഇതിലേക്ക് എന്തൊക്കെ വിശദാംശങ്ങള്‍ ചേര്‍ക്കണം എന്ന് തീരുമാനിക്കേണ്ടത് അതത് കാലത്തെ ജനവിഭാഗങ്ങളാണ്. ഒരു നിയന്ത്രണവും ബാധകമല്ലാത്ത മുതലാളിത്തത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനമോ, സകല ഉല്‍പാദനോപാധികളെയും ദേശസാല്‍ക്കരിക്കുന്ന കമ്യൂണിസ്റ്റ് രീതിയോ ആയിരിക്കരുത് അത് എന്ന കര്‍ശന വ്യവസ്ഥ പാലിച്ചുകൊണ്ടേ വിശദാംശങ്ങളെക്കുറിച്ച ചര്‍ച്ചയിലേക്ക് കടക്കാവൂ. തുറന്നതും എന്നാല്‍ ചില നിയന്ത്രണങ്ങള്‍ക്ക് വിധേയവുമായ സാമ്പത്തിക പ്രവര്‍ത്തനമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ഒരാളുടെ ധാര്‍മിക വളര്‍ച്ചക്ക് വേണ്ടി എല്ലാ പ്രോത്സാഹനവും അവസരവും അതില്‍ നല്‍കിയിരിക്കും. പൊതു ഫണ്ടിലേക്ക് പണം കൊടുക്കാന്‍ തങ്ങളെ നിര്‍ബന്ധിക്കുന്ന നിയമങ്ങളൊന്നും ഇല്ലെങ്കില്‍ തന്നെ വ്യക്തികള്‍ ആ ധര്‍മം സ്വമേധയാ നിറവേറ്റിയിരിക്കും. അന്യായമായ വഴികളിലൂടെ കൃത്രിമ വര്‍ഗങ്ങള്‍ ഉയര്‍ന്നുവരിക എന്ന പ്രശ്‌നം ഈ സംവിധാനത്തില്‍ ഉണ്ടാവില്ല. ഇനി സമൂഹത്തിലെ സ്വാഭാവിക വര്‍ഗങ്ങള്‍ തമ്മിലുള്ള ബന്ധമാകട്ടെ സംഘര്‍ഷത്തിന്റേതായിരിക്കില്ല, സഹകരണത്തിന്റേതായിരിക്കും.
നിശ്ചിത അതിര്‍ത്തികള്‍ക്കകത്ത് സ്വതന്ത്ര സാമ്പത്തിക പ്രവര്‍ത്തനത്തിനുള്ള അനുവാദം ഇസ്‌ലാം നല്‍കുന്നു. വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന ഒരു നിയമവും ആവിഷ്‌കരിക്കപ്പെടുകയില്ല. നീതിക്കും ന്യായത്തിനും നിരക്കുന്നതാണ് വ്യക്തിയുടെ സാമ്പത്തിക പ്രവര്‍ത്തനമെങ്കില്‍ ഒരു തരത്തിലുള്ള ഇടപെടലും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. എന്നാല്‍, നിയമലംഘനം നടത്തുകയും അന്യായമായ രീതിയില്‍ കുത്തകവത്കരണത്തിന് ശ്രമിക്കുകയുമൊക്കെ ചെയ്താല്‍ നിയമവ്യവസ്ഥ ഇടപെടും. അതൊരിക്കലും വ്യക്തിയുടെ മൗലിക സ്വാതന്ത്ര്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനായിരിക്കില്ല; വ്യക്തിയെ നീതിയുടെ ട്രാക്കില്‍ ഉറപ്പിച്ചു നിര്‍ത്താനും അതിര്‍ത്തികള്‍ മറികടക്കുന്നത് തടയാനുമായിരിക്കും.
ആദ്യ ചോദ്യത്തിനാണ് ഞാനിത് വരെ മറുപടി പറഞ്ഞുകൊണ്ടിരുന്നത്. ഇനി ഭൂമി, അധ്വാനം, മൂലധനം, കാര്യസ്ഥത എന്നിവക്ക് ഈ സംവിധാനത്തിലുള്ള പങ്കെന്ത് എന്ന കാര്യം അന്വേഷിക്കാം.
അധ്വാനം, മൂലധനം, കാര്യസ്ഥത
ഈ വിഷയം ശരിക്ക് ഗ്രഹിക്കാന്‍ നിങ്ങള്‍ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ പറയുന്ന പാട്ട-പങ്കാളിത്ത (Tenancy and Partnership) നിയമങ്ങള്‍ പഠിക്കണം. ഭൂമി, അധ്വാനം, മൂലധനം, സംഘാടനം എന്നിവയെക്കുറിച്ച് ആധുനിക സാമ്പത്തിക ശാസ്ത്രം ചര്‍ച്ച ചെയ്യുന്നത് പോലെ ആ ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യുന്നില്ല. ഈ വിഷയത്തെക്കുറിച്ച് പ്രത്യേക കൃതികളും നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. അതേസമയം ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ വിവിധ അധ്യായങ്ങളിലായി ഈ വിഷയം ചര്‍ച്ചചെയ്തിട്ടുമുണ്ട്. ആധുനിക സാമ്പത്തിക ശാസ്ത്ര സംജ്ഞകളല്ല അവര്‍ ഉപയോഗിച്ചിരുന്നതെന്ന് മാത്രം. ഒരാള്‍ സംജ്ഞകളുടെ തടവുകാരനല്ലെങ്കില്‍, ആ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ഉള്ളടങ്ങിയ സാമ്പത്തിക തത്ത്വങ്ങള്‍ ഗ്രഹിച്ചെടുക്കുന്നതില്‍ പ്രയാസം നേരിടുകയില്ല. ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ആവിഷ്‌കരിച്ച പാട്ട-പങ്കാളിത്ത നിയമങ്ങള്‍ വിശദീകരിക്കുന്നേടത്താണ് ഭൂമി, അധ്വാനം, മൂലധനം, കാര്യസ്ഥത എന്നിവയെക്കുറിച്ച ഇസ്‌ലാമിക വീക്ഷണങ്ങള്‍ വ്യക്തമാക്കപ്പെടുക.
പാട്ടം, കുടിയായ്മ എന്നൊക്കെപ്പറഞ്ഞാല്‍ ആശയം ഇതാണ്: ഭൂമിയുടെ ഉടമാവകാശം ഒരാള്‍ക്കായിരിക്കും. പക്ഷേ, അതില്‍ കൃഷി ചെയ്യുക മറ്റൊരാളായിരിക്കും. ആ ഭൂമിയില്‍ വിളയുന്ന ഉല്‍പന്നങ്ങളില്‍ ഇരുവരും ഓഹരി പങ്കാളികളായിരിക്കും. പങ്കാളിത്തം എന്നു പറഞ്ഞാല്‍, ഒരാള്‍ മൂലധനം നല്‍കുന്നു. മറ്റൊരാള്‍ അതൊരു ബിസിനസ് സംരംഭത്തില്‍ മുടക്കുന്നു. ലാഭത്തില്‍ ഇരുവരും പങ്കാളികളാവുകയും ചെയ്യുന്നു. ഇവിടെ ഇസ്‌ലാം ഭൂവുടമയുടെയും മൂലധനദായകന്റെയും മാത്രമല്ല, കൃഷി ചെയ്യുന്നവന്റെയും ബിസിനസ് സംരംഭകന്റെയും കൂടി അവകാശങ്ങള്‍ അംഗീകരിക്കുന്നു. ഭൂമിക്കും അധ്വാനത്തിനും അതിന്റേതായ ഇടം നല്‍കുന്നു എന്നാണല്ലോ ഇതിന്റെ അര്‍ഥം.
മൂലധനം, മനുഷ്യാധ്വാനം, കൈകാര്യം ചെയ്യാനുള്ള കഴിവ് തുടങ്ങിയവയെയൊക്കെ സാമ്പത്തിക ഘടകങ്ങളായി പരിഗണിക്കുന്നു. ഇവയിലോരോന്നിനും ലാഭത്തില്‍ നിശ്ചിതമായ വിഹിതവുമുണ്ട്. ഓരോ ഘടകത്തിനും എത്ര വിഹിതം എന്ന് ഓരോ കാലത്തെയും നാട്ടുനടപ്പിന് വിട്ടിരിക്കുകയാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ ന്യായപൂര്‍വമാണ് കാര്യങ്ങള്‍ നീക്കുന്നതെങ്കില്‍ പിന്നെ അക്കാര്യത്തിലൊന്നും ഇസ്‌ലാം ഇടപെടാന്‍ വരികയില്ല. ഇടപാടില്‍ അന്യായം കടന്നുവരുമ്പോള്‍ നിയമം ഇടപെടുകയും ചെയ്യും. ഉദാഹരണത്തിന്, ഞാനൊരു ഭൂവുടമയാണെങ്കില്‍, ഞാന്‍ ഭൂമി പാട്ടത്തിന് നല്‍കുകയോ ലാഭനഷ്ടപങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരാള്‍ക്ക് കൃഷി നടത്താന്‍ നല്‍കുകയോ തൊഴിലാളികളെ വെച്ച് നിലമുഴുത് കൃഷി ചെയ്യാനുള്ള സംവിധാനമൊരുക്കുകയോ ചെയ്യുന്നു. ഇതിലോരോന്നിലും നാട്ട് നടപ്പനുസരിച്ചുള്ള ന്യായമായ വിഹിതങ്ങളുണ്ട്. അത് ഞാന്‍ പാലിക്കാന്‍ തയാറാണെങ്കില്‍ നിയമം എന്റെ ബിസിനസ്സില്‍ ഇടപെടാന്‍ വരില്ല; അന്യായം പ്രവര്‍ത്തിച്ചാല്‍ ഇടപെടുകയും ചെയ്യും. ഇത് സംബന്ധിച്ചുള്ള നിയമവ്യവസ്ഥയില്‍ രണ്ട് പേരുടെയും - ഭൂവുടമയുടെയും കൃഷി ചെയ്യുന്നവന്റെയും - അവകാശങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തിയിരിക്കും.
ഇതുപോലെ തന്നെയാണ് വ്യാപാര ഇടപാടുകളിലും. മൂലധനം, തൊഴില്‍, കാര്യസ്ഥത എന്നിവയിന്മേലുള്ള ഇടപാടുകള്‍ ന്യായമാണെങ്കില്‍, ഒരു കക്ഷിയുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുന്നില്ലെങ്കില്‍ നിയമം ഇടപെടാന്‍ വരികയില്ല. ഇടപാടുകളില്‍ അന്യായം കടന്നുവരുമ്പോഴാകട്ടെ നിയമം ഇടപെടുക മാത്രമല്ല മൂലധനം, അധ്വാനം, കാര്യസ്ഥത എന്നീ ഘടകങ്ങള്‍ക്കായി ലാഭം ന്യായമായി പങ്കുവെക്കാനുള്ള സംവിധാനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യും.
ഇനി രണ്ടാമത്തെ ചോദ്യം നോക്കാം. സകാത്ത്-സ്വദഖ ഫണ്ടുകള്‍ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്ക് വഴിതിരിച്ചുവിടാന്‍ പറ്റുമോ?
സകാത്തും സ്വദഖയും സാമൂഹിക ക്ഷേമം ലക്ഷ്യം വെച്ചുള്ളത് തന്നെയാണ് എന്നാണതിന് മറുപടി. എന്നാല്‍, സാമൂഹിക ക്ഷേമം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഒരു രാഷ്ട്രത്തിന്റെ മൊത്തം സാമ്പത്തിക വികസനം എന്നാണെങ്കില്‍ ആ നിലക്കത് ചെലവഴിക്കുന്നത് നിയമവിരുദ്ധമാണ് എന്നും മനസ്സിലാക്കണം. നേരത്തെ ഞാന്‍ വിശദീകരിച്ചത് പോലെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വൈദ്യ സഹായം, വിദ്യാഭ്യാസം പോലുള്ള പൗരന്റെ ജീവിതാവശ്യ നിര്‍വഹണത്തിനാണ് സകാത്ത് ഉപയോഗിക്കേണ്ടത്. ജീവിതമാര്‍ഗം കണ്ടെത്താന്‍ അശക്തരായ അനാഥകള്‍, വൃദ്ധര്‍, അംഗവൈകല്യമുള്ളവര്‍ എന്നീ വിഭാഗങ്ങള്‍ക്കോ, ജീവിതമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തവര്‍ക്കോ, ചെറിയൊരു സഹായം ലഭിച്ചാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുന്നവര്‍ക്കോ, ജീവിതത്തില്‍ അപ്രതീക്ഷിത തിരിച്ചടികള്‍ നേരിട്ടവര്‍ക്കോ ആണ് സകാത്ത്-സ്വദഖ ഫണ്ടുകള്‍ നല്‍കേണ്ടത്. ഈ വിഭാഗങ്ങള്‍ക്കേ അത് നല്‍കാവൂ. രാഷ്ട്രത്തിന്റെ പൊതു സാമ്പത്തിക വികസനത്തിനും മറ്റും ഫണ്ട് വേറെ വഴികളിലൂടെ തന്നെ കണ്ടെത്തേണ്ടതാണ്.
പലിശരഹിത സാമ്പത്തിക ഘടന
മൂന്നാമത്തെ ചോദ്യം: നമുക്ക് ഒരു പലിശരഹിത സാമ്പത്തിക സംവിധാനം കെട്ടിപ്പടുക്കാന്‍ കഴിയുമോ? തീര്‍ച്ചയായും കഴിയും എന്നാണ് എന്റെ ഉത്തരം. നൂറ്റാണ്ടുകളോളം ഈ സംവിധാനം ചരിത്രത്തില്‍ നിലനിന്നിരുന്നു എന്ന് നാം ഓര്‍ക്കണം. അത് സ്ഥാപിക്കുമെന്ന നിശ്ചയദാര്‍ഢ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍, വൈദേശിക ആശയങ്ങളോടുള്ള വിധേയത്വം നിങ്ങള്‍ അവസാനിപ്പിക്കുമെങ്കില്‍ ഈ ദൗത്യം അത്ര പ്രയാസകരമായിരിക്കില്ല.
മുഹമ്മദ് നബി(സ) ആഗതനാവുന്നതിന് മുമ്പ് ലോക സാമ്പത്തിക ഘടന പ്രവര്‍ത്തിച്ചിരുന്നത് പലിശാധിഷ്ഠിതമായിട്ടായിരുന്നു; ഇന്നത്തെപ്പോലെ തന്നെ. ഇസ്‌ലാം ഈ സംവിധാനത്തെ മാറ്റുകയും പലിശ നിഷ്‌കാസനം ചെയ്യുകയും ചെയ്തു. തുടക്കത്തില്‍ അറേബ്യയിലായിരുന്നു പലിശ നിരോധിക്കപ്പെട്ടിരുന്നത്. പിന്നെ ഇസ്‌ലാം ചെന്നെത്തിയ നാടുകളില്‍ നിന്നെല്ലാം പലിശയെ തുരത്തി. അങ്ങനെ പലിശയില്ലാതെ നിരവധി നൂറ്റാണ്ടുകള്‍ തന്നെ ഈ സാമ്പത്തിക സംവിധാനം പ്രവര്‍ത്തനക്ഷമമായി. എങ്കില്‍ അത് ഇപ്പോള്‍ ശരിയാകില്ലെന്ന് പറയാന്‍ എന്തുണ്ട് ന്യായം? അന്വേഷണ പഠനങ്ങള്‍ (ഇജ്തിഹാദ്)ക്കുള്ള യോഗ്യത നാം നേടുകയും വിശ്വാസത്തിന്റെ ശക്തി വീണ്ടെടുക്കുകയും ദൈവം നിരോധിച്ചതൊക്കെ തള്ളിക്കളയുമെന്ന ഇഛാശക്തി ആര്‍ജിക്കുകയും ചെയ്താല്‍ പലിശരഹിത ധനകാര്യ സംവിധാനം നമുക്ക് കൊണ്ടുനടത്താവുന്നതേയുള്ളൂ. ഈ ലക്ഷ്യം നേടിയെടുക്കുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന തോന്നല്‍ നാം മാറ്റേണ്ടതുണ്ടെന്ന് 'പലിശ' (സൂദ്) എന്ന കൃതിയില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്.
പ്രശ്‌നം വളരെ വ്യക്തവും ലളിതവുമാണ്. മൂലധനം കടത്തിന്റെ രൂപമാര്‍ജിക്കുക, അത് വാങ്ങിയവന് നഷ്ടമാണോ ലാഭമാണോ എന്നൊന്നും നോക്കാതെ അതിന് നിശ്ചിത ശതമാനം പലിശ ചുമത്തുക-ഇതിലൊരു ന്യായവുമില്ല. വ്യവസായം, കച്ചവടം, കൃഷി തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് കടത്തിന്റെ രൂപത്തില്‍ മൂലധനം നല്‍കുന്നത്. എന്നിട്ട് മുന്‍കൂട്ടി ഒരു പലിശ നിരക്കും തീരുമാനിക്കുന്നു. പ്രോജക്ട് ലാഭത്തിലാണോ നഷ്ടത്തിലാണോ എന്നത് കടം കൊടുത്തവന് വിഷയമല്ല. അവന് മാസാമാസം, വര്‍ഷാവര്‍ഷം ലാഭം കിട്ടിക്കൊണ്ടിരിക്കണം; മൂലധനത്തിന്റെ ഉടമസ്ഥതയില്‍ ഒരു കുറവും വരാതെ തന്നെ. ഈ സമ്പ്രദായത്തെ തൂത്തെറിയണമെന്നാണ് നാം പറയുന്നത്. ലോകത്തൊരാള്‍ക്കും ഒരു നിലക്കും ഈ രീതിയെ ന്യായീകരിക്കാനാവില്ല.
ഇതിന് ഇസ്‌ലാം സമര്‍പ്പിക്കുന്ന ബദല്‍ എന്താണെന്ന് നോക്കൂ. നിങ്ങള്‍ മൂലധനമായി എന്തെങ്കിലും നല്‍കുന്നുണ്ടെങ്കില്‍ ആ മൂലധനം മാത്രമേ നിങ്ങള്‍ക്ക് തിരിച്ചു വാങ്ങാന്‍ അവകാശമുള്ളൂ. ഇനി നിങ്ങള്‍ക്ക് ലാഭം വേണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒന്നുകില്‍ മൂലധനം സ്വീകരിക്കുന്നവനുമായി പങ്കാളിത്ത വ്യവസ്ഥയില്‍ കരാറുണ്ടാക്കണം, അല്ലെങ്കില്‍ പ്രോജക്ടിലെ ഓഹരി ഉടമയായി മാറണം. നിങ്ങളുടെ മൂലധനം കൃഷിയിലോ വ്യാപാരത്തിലോ വ്യവസായത്തിലോ നിക്ഷേപിക്കണം. എന്നിട്ട് സംരംഭകനുമായി നിശ്ചിത അനുപാതത്തില്‍ ലാഭം വീതിക്കാമെന്ന വ്യവസ്ഥയുണ്ടാക്കണം. ഇതാണ് ന്യായവും നീതിയും. ഇതിലൂടെ മാത്രമേ സാമ്പത്തിക ജീവിതം പുഷ്ടിപ്പെടൂ. ഇതിനൊക്കെ എന്താണ് തടസ്സം എന്നാണ് മനസ്സിലാവാത്തത്.
(അവസാനിച്ചു)
Comments