Prabodhanm Weekly

Pages

Search

2012 മാര്‍ച്ച് 31

പിറവം പിന്നിട്ടു, ഇനി നെയ്യാറ്റിന്‍കര

പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം അപ്രതീക്ഷിതമല്ല. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണത്. കഴിഞ്ഞ തവണ ഭൂരിപക്ഷം കേവലം 157 ആയിരുന്നുവെന്നതും ഈ പ്രാവശ്യത്തെ ഫലം സംസ്ഥാന സര്‍ക്കാറിന്റെ നിലനില്‍പിനെ ബാധിക്കുമെന്നതും മത്സരത്തെ വാശിയേറിയതാക്കി. നേരിയ ഭൂരിപക്ഷത്തിന് അനൂപ് ജേക്കബ് ജയിക്കുമെന്നായിരുന്നു പൊതുവായ കണക്കുകൂട്ടല്‍. ഭൂരിപക്ഷം 12070 ആയി ഉയര്‍ന്നത് യു.ഡി.എഫ് നേതാക്കളുടെ പ്രതീക്ഷയെപ്പോലും മറികടന്ന തകര്‍പ്പന്‍ വിജയമായി. കഴിഞ്ഞ തവണ യു.ഡി.എഫ് നേടിയ ഭൂരിപക്ഷത്തെ ഒന്നാഞ്ഞു കുതിച്ചാല്‍ കവച്ചുവെക്കാമെന്നായിരുന്നു എല്‍.ഡി.എഫിന്റെ പ്രതീക്ഷ. അവര്‍ കുതിച്ചു നോക്കിയതുമാണ്. വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും മണ്ഡലത്തിലെ ഭൂരിപക്ഷമായ ക്രൈസ്തവര്‍ക്കിടയിലെ സഭാ തര്‍ക്കവും തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നു അവര്‍ മോഹിച്ചു. അതൊക്കെ വെറും വ്യാമോഹമായിരുന്നുവെന്നാണ് ഫലപ്രഖ്യാപനം തെളിയിച്ചത്.
പിറവം തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ പത്തു മാസം പ്രായമായ യു.ഡി.എഫ് ഭരണത്തിന്റെ വിലയിരുത്തലാണെന്ന് ഇടതു നേതാക്കള്‍ പ്രസ്താവിച്ചിരുന്നു. അതൊരു വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ടാണ് ഭരണപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. കേന്ദ്ര-സംസ്ഥാന മന്ത്രിമാരടക്കമുള്ള നേതാക്കള്‍ മണ്ഡലത്തില്‍ തമ്പടിച്ച് വോട്ടര്‍മാരുമായി സംവദിച്ചു. കഴിഞ്ഞ തവണ ടി.എം ജേക്കബിന് എതിരായി മറിഞ്ഞ ഏഴായിരത്തില്‍ പരം കേണ്‍ഗ്രസ് വോട്ടുകള്‍ ഇക്കുറി അനൂപ് ജേക്കബിനു കിട്ടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉറപ്പാക്കി. പിറവത്തിന്റെ പ്രതിനിധിയും മന്ത്രിയുമായിരിക്കെ അന്തരിച്ച പ്രഗത്ഭ പാര്‍ലമെന്റേറിയനും യു.ഡി.എഫിന്റെ പ്രമുഖ നേതാവുമായിരുന്ന ടി.എം ജേക്കബിന്റെ പുത്രന്‍ സ്ഥാനാര്‍ഥിയായതും വോട്ടര്‍മാരെ നന്നായി സ്വാധീനിച്ച ഘടകമാണ്. അനൂപാകട്ടെ വിദ്യാര്‍ഥി ജീവിതത്തിലേ രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ച വിദ്യാസമ്പന്നനായ ചെറുപ്പക്കാരന്‍. അദ്ദേഹം ജയിച്ചാല്‍ അഛന്റെ മന്ത്രിപദവിക്കുടമയാകുമെന്ന് യു.ഡി.എഫിന്റെ വാഗ്ദാനം നാട്ടുകാര്‍ക്ക് നല്ല പ്രലോഭനവുമായി. അതിന്റെയൊക്കെ ഫലമാണ് പിറവത്ത് യു.ഡി.എഫിന്റെ ഉജ്ജ്വല വിജയമായി പ്രത്യക്ഷപ്പെട്ടത്.
മറുവശത്ത് വോട്ടര്‍മാരുടെ വര്‍ധനവ് എല്‍.ഡി.എഫിനെ തുണച്ചില്ല. ക്രൈസ്തവ സഭകള്‍ യു.ഡി.എഫിനോടൊപ്പം പാറ പോലെ ഉറച്ചുനിന്നു. ഒപ്പം എന്‍.എസ്.എസ്സിന്റെയും എസ്.എന്‍.ഡി.പിയുടെയും പിന്തുണയും അവര്‍ക്ക് തന്നെ ലഭിച്ചു. ബി.ജെ.പിയുടെ സാന്നിധ്യത്തിന് ഹൈന്ദവ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാനായില്ല. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ആയിരത്തോളം വോട്ടുകള്‍ കുറച്ച് നേടിക്കൊണ്ട് തങ്ങള്‍ കേരളത്തില്‍ കൂടുതല്‍ ക്ഷയോന്മുഖമാണെന്ന് തെളിയിക്കാനേ ആ പാര്‍ട്ടിക്ക് കഴിഞ്ഞുള്ളൂ. സി.പി.എമ്മിന്റെ നെയ്യാറ്റിന്‍കര എം.എല്‍.എ ശെല്‍വരാജിന്റെ രാജി പിറവം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ധന്യ ദശയില്‍ എല്‍.ഡി.എഫിന് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു. തെരഞ്ഞെടുപ്പിന്റെ നടുക്കടലിലായിരിക്കെ സി.പി.എം കപ്പലില്‍ വീണ വിഭാഗീയതയുടെ അടക്കാനാവാത്ത തുളയാണത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് കനത്ത മേല്‍ക്കൈ ഉണ്ടായിരുന്ന പഞ്ചായത്തുകളില്‍ പോലും ഇക്കുറി ദയനീയമാംവണ്ണം പിന്നോട്ടടിക്കാന്‍ അതും കാരണമായിരിക്കണം.
യു.ഡി.എഫ് അതിന്റെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയതില്‍ അത്ഭുതപ്പെടാനില്ല. ജാതി-മത സാമുദായിക സംഘങ്ങളെ പ്രീണിപ്പിച്ചും, പണവും മദ്യവും നിര്‍ലോഭം ഒഴുക്കിയുമാണ് അവരത് നിലനിര്‍ത്തിയത്. ആ വിജയത്തില്‍ ആഹ്ലാദിക്കാനോ അഭിമാനിക്കാനോ യാതൊന്നുമില്ല. യു.ഡി.എഫിലെ ഘടകകക്ഷികള്‍ പരസ്പരം കാലുവാരിയപ്പോഴാണ് മുമ്പ് പിറവത്ത് എല്‍.ഡി.എഫ് ജയിച്ചിട്ടുള്ളത്. ഇക്കുറി അവര്‍ ഒറ്റക്കെട്ടായി നിന്നതുകൊണ്ട് ഞങ്ങള്‍ക്ക് ജയിക്കാനായില്ല. എങ്കിലും സി.പി.എമ്മിന്റെ അടിത്തറ ഭദ്രമായിരിക്കുകയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ നാലായിരത്തില്‍ പരം വോട്ടുകള്‍ ഇക്കുറി പാര്‍ട്ടി കൂടുതല്‍ നേടിയിട്ടുണ്ട്... ഇങ്ങനെ പോകുന്നു സി.പി.എമ്മിന്റെ വിമര്‍ശനവും ന്യായീകരണവും.
അണികളുടെ നൈരാശ്യമകറ്റാനുള്ള സാന്ത്വന വചനങ്ങള്‍ എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും ഈ വിശദീകരണങ്ങള്‍ക്കില്ല. എല്‍.ഡി.എഫും ഒറ്റക്കെട്ടായി തന്നെയാണ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. കള്ളും കാശും കൊടുത്താല്‍ വോട്ടു കിട്ടുമെങ്കില്‍ അതു കൊടുക്കാന്‍ ഇരുമുന്നണിയും മടിക്കാറില്ല. ജാതി-മത വിഭാഗങ്ങളുടെ പിന്തുണ നേടാന്‍ എല്‍.ഡി.എഫും അവര്‍ക്കാവും മട്ടില്‍ ശ്രമിച്ചിരുന്നു. അതില്‍ വിജയിച്ചത് യു.ഡി.എഫ് ആണെന്ന് മാത്രം. പിന്നെ വോട്ടുകള്‍ വര്‍ധിച്ചകാര്യം, എല്‍.ഡി.എഫിനു വര്‍ധിച്ചതിനേക്കാള്‍ രണ്ടിരട്ടിയിലേറെ വോട്ടുകള്‍ യുഡി.എഫിനും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ യു.ഡി.എഫില്‍ പടലപ്പിണക്കമില്ലാതിരുന്നത് എല്‍.ഡി.എഫിന്റെ തോല്‍വിക്കു കാരണമായി എന്ന വിലയിരുത്തല്‍ സത്യമാണ്.
പിറവം വിജയത്തെ സംസ്ഥാന ഭരണത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമായി വിലയിരുത്താന്‍ യു.ഡി.എഫിന് അവകാശമുണ്ട്. ആ അവകാശം എല്‍.ഡി.എഫ് നേരത്തെ തന്നെ സമ്മതിച്ചുകൊടുത്തതാണല്ലോ. എങ്കിലും അതേക്കുറിച്ച് യു.ഡി.എഫ് ഒരാത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും. കുറെ പ്രകടനാത്മക ജനപ്രിയ പരിപാടികളല്ലാതെ കാര്യമായ ജനക്ഷേമ നടപടികള്‍ എന്താണ് യു.ഡി.എഫ് സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടുള്ളത്? ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ, ഉദ്യോഗസ്ഥ രംഗത്തെ അഴിമതി, ക്രമസമാധാനത്തകര്‍ച്ച എല്ലാം പഴയപടി തുടരുകയാണ്. കേന്ദ്രത്തില്‍ നിന്ന് കേരളത്തിനു കിട്ടേണ്ട വിഹിതങ്ങള്‍- റെയില്‍വേ മേഖലയില്‍ വിശേഷിച്ചും നേടിയെടുക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടിരിക്കുന്നു. ഇത്തരം വിഷയങ്ങള്‍ പിറവത്ത് കാര്യമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല. പഴയ ലാവ്‌ലിന്‍-പാമോലിന്‍ കേസുകള്‍, പ്രതിപക്ഷ നേതാവിനെയും മകനെയും ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍, ശെല്‍വരാജിന്റെ രാജി, അതില്‍ നടന്നതായി പറയപ്പെടുന്ന രഹസ്യ ഇടപാടുകള്‍, ഇരുമുന്നണിയിലെയും നേതാക്കളുടെ വിവാദ പ്രസ്താവനകള്‍ ഇതൊക്കെയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍. ഇനി നെയ്യാറ്റിന്‍കര വരാനിരിക്കുന്നു. പിറവത്തെ വിജയം നെയ്യാറ്റിന്‍കരയെ നേരിടാന്‍ യു.ഡി.എഫിന് തീര്‍ച്ചയായും കൂടുതല്‍ ആവേശവും ആത്മവിശ്വാസവും പകരുന്നുണ്ട്. എന്നാല്‍ അവിടെ ജനജീവിതത്തെ സാരമായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വിചാരണാ വിഷയമായാല്‍ കാര്യം എളുപ്പമാവില്ല. ഈ യാഥാര്‍ഥ്യം മുന്നില്‍ കണ്ട് ഇനിയുള്ള നാളുകളില്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് ജനജീവിതത്തിന് ആശ്വാസമാകുന്ന ഊര്‍ജ്വസ്വലമായ നടപടികളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം