Prabodhanm Weekly

Pages

Search

2012 മാര്‍ച്ച് 31

അധര്‍മങ്ങള്‍ക്കെതിരെ സംസാരിച്ച പ്രവാചകന്‍

പ്രഭാഷണം - വാണിദാസ് എളയാവൂര്‍ | തയാറാക്കിയത് - ജമാല്‍ കടന്നപ്പള്ളി

ല്ലാ പ്രവാചകന്മാരും വിപ്ലവകാരികളായിരുന്നു. തമസ്സിന്റെ ഗര്‍ത്തങ്ങളില്‍ നിന്ന് വെളിച്ചത്തിന്റെ ശാദ്വലങ്ങളിലേക്ക് അവര്‍ മനുഷ്യരെ വിമോചിപ്പിച്ചെടുത്തു. പ്രവാചകന്മാരില്‍ ചിലരെ മാത്രം മാറ്റിനിര്‍ത്തി വിപ്ലവപ്പട്ടം ചാര്‍ത്തുന്നത് ശരിയല്ല. മുഹമ്മദ് നബിക്ക് മുമ്പുള്ള പ്രവാചകന്മാര്‍ അവരുടെ കാലത്തെയും പ്രദേശത്തെയും പ്രശ്‌നങ്ങള്‍ പരിഹരിച്ച പ്രാദേശിക പ്രവാചകന്മാരായിരുന്നു. മുഹമ്മദ് നബിയാവട്ടെ പ്രദേശത്തെയും ദേശത്തെയും അതിജയിച്ച് വിശ്വം മുഴുവന്‍ നിയോഗിക്കപ്പെട്ട ദൈവത്തിന്റെ അന്തിമ ദൂതനായിരുന്നു. അതുകൊണ്ടാണ് മുഹമ്മദ് നബി മഹാ വിപ്ലവകാരിയാവുന്നത്.
കല്‍പാന്തകാലം വരെയുള്ള മനുഷ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദൈവം മുഹമ്മദിനു നല്‍കിയ മാര്‍ഗദര്‍ശനമത്രെ വിശുദ്ധ ഖുര്‍ആന്‍. മനുഷ്യത്വത്തിലും മാനവികതയിലും വല്ലാതെ ഊന്നിനില്‍ക്കുന്നതാണ് ഖുര്‍ആന്റെ കേന്ദ്ര പ്രമേയം. ഖുര്‍ആന്‍ ദൈവത്തെക്കുറിച്ച് കുറച്ചു മാത്രമേ പറയുന്നുള്ളൂ. കൂടുതല്‍ സംസാരിക്കുന്നത് മനുഷ്യനെ പറ്റിയാണ്. പരസ്പര സ്‌നേഹവും സാഹോദര്യവും വഴിഞ്ഞൊഴുകുന്നതാണ് ദിവ്യ സൂക്തികളെല്ലാം.
ദൈവവിശ്വാസം ഇന്നു പക്ഷേ ഉച്ചസൂര്യനെപ്പോലെ വ്യക്തമാണ്. മഹാ ശാസ്ത്ര പ്രതിഭയായ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരെ വല്ലാതെ ശ്ലാഘിച്ചുകൊണ്ട് ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തിന് ഒരു കത്തെഴുതി. മാധവന്‍ നായര്‍ പക്ഷേ എഴുതിയ മറുപടിയില്‍ ദൈവത്തെമാത്രം വാഴ്ത്താനാണ് അദ്ദേഹം എന്നെ ഉണര്‍ത്തിയത്. ''ഓരോ ശാസ്ത്രീയ കാല്‍വെപ്പിലും ദൈവമെന്ന മഹഛക്തിയുടെ അനിഷേധ്യവും അപരിമേയവുമായ സാന്നിധ്യമാണ് തെളിഞ്ഞുവരുന്നത്. ആ ശക്തിക്കു മുമ്പിലാണ് നാം ദണ്ഡ നമസ്‌കാരം ചെയ്യേണ്ടത്. പ്രപഞ്ച വിസ്തൃതി പോയിട്ട് മനുഷ്യനെ പറ്റിത്തന്നെ വെറും പത്തു ശതമാനമേ നമുക്കറിയൂ..... ബാക്കി തൊണ്ണൂറു ശതമാനവും നമുക്കജ്ഞാതമാണ്...''- മാധവന്‍ നായര്‍ വിശദീകരിച്ചു.
അധര്‍മങ്ങള്‍ക്കെതിരെയാണ് മുഹമ്മദ് നബി ശബ്ദിച്ചത്. കുടുംബവും സാമൂഹിക രംഗവും ധര്‍മച്യുതിയില്‍ ആപതിക്കുമ്പോഴാണ് ദൈവം പ്രവാചകന്മാരെ നിയോഗിക്കുന്നത്. പ്രവാചകനു ശേഷം ഈ ദൗത്യം നിര്‍വഹിക്കേണ്ടത് അദ്ദേഹത്തെ അനുധാവനം ചെയ്യുന്നവരാണ്. ആ അര്‍ഥത്തില്‍ മുസ്‌ലിംകള്‍ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടതുണ്ട്. ലോകത്തിന്റെ തെറ്റിയ താളം പുനഃക്രമീകരിക്കുകയെന്നതായിരുന്നുവല്ലോ പ്രവാചക ദൗത്യം. എങ്കില്‍ വിശ്വാസികളുടെ ദൗത്യവും അതുതന്നെ.
മുഹമ്മദ് പ്രവാചകന്‍ ലോകത്തിനു മുഴുവന്‍ മാതൃകയായിരുന്നു. അതുകൊണ്ടാണ് മൈക്കിള്‍ എച്ച് ഹാര്‍ട്ട് തന്റെ 'നൂറ് ലോക ഹീറോ'കളില്‍ ഒന്നാം സ്ഥാനം മുഹമ്മദ് നബിക്ക് നല്‍കിയത്. അതുകൊണ്ടാണ് മഹാന്മാരൊക്കെയും പ്രവാചകനെ വാഴ്ത്തിയത്.
''മനുജാകൃതി പൂണ്ട ധര്‍മമോ
നരന്‍ ദിവ്യാകൃതി പൂണ്ട ദൈവമോ
പരമേശാ...
കരുണാവന്‍ നബി മുത്ത് രത്‌നമോ...''
എന്ന് ശ്രീനാരായണ ഗുരു പ്രവാചകനെ അത്ഭുതാതികേരത്തോടെ സ്തുതിച്ചു. മഹാ കവി വള്ളത്തോളും തേജോമയമായ പ്രവാചക ജീവിതത്തെ ആദരപൂര്‍വം നോക്കിക്കണ്ടു. നിറഞ്ഞൊഴുകുന്ന കരുണാരസത്തിന്റെ ഉടമയായിരുന്നു തിരുദൂതര്‍. കരുണയും ദയയും സഹാനുഭൂതിയും സ്‌നേഹവും സാഹോദര്യവും ആ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു.
പ്രവാചക ജീവിതത്തിന്റെ ഏറ്റവും വലിയ സവിശേഷത ആത്മീയ-ഭൗതിക സമന്വയമാണ്. ഇസ്‌ലാം ജീവിതത്തിന്റെ പച്ചപ്പില്‍ നിന്ന് മാറി നില്‍ക്കുന്നതിന്റെ പേരല്ല. ജീവിതം മുഴുവന്‍ ആത്മീയത പടര്‍ത്തുന്ന ഒരുതരം ഭൗതികതയിലാണ് ഇസ്‌ലാമിന്റെ ശക്തി സൗന്ദര്യം തുളുമ്പുന്നത്. ഇതാണ് ഇസ്‌ലാമിലെ 'ഇബാദത്ത്'. ആരാധനയില്‍ മാത്രം ഒതുങ്ങുന്ന ഒരു ഇബാദത്ത് ഖുര്‍ആനോ പ്രവാചകനോ പഠിപ്പിച്ചിട്ടില്ല. ഇസ്‌ലാം എപ്പോഴും പൊതുജീവിതത്തെ ചലിപ്പിക്കുന്നു. ആത്മാവിനെ വിശുദ്ധമാക്കുന്നതുപോലെതന്നെ സമൂഹ ജീവിതത്തെയും അതു ശുദ്ധമാക്കുന്നു. വ്യക്തിയുടെ അകം മാത്രമല്ല പുറവും അത് ചികിത്സിക്കുന്നു ('മുഹമ്മദ് നബി ജീവിതവും സന്ദേശവും' കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടത്തിയ പ്രഭാഷണം).




Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം