Prabodhanm Weekly

Pages

Search

2012 മാര്‍ച്ച് 31

വാര്‍ത്തകള്‍ വിശേഷങ്ങള്‍

മൂസക്കുട്ടി വെട്ടിക്കാട്ടിരി

'ഷെനൂദ മൂന്നാമന്‍'
മത സൌഹാര്‍ദത്തിനുവേണ്ടി നിലകൊണ്ട ചര്‍ച്ച് മേധാവി

കഴിഞ്ഞ മാര്‍ച്ച് 17ന് ഈജിപ്തിലെ കയ്റോയില്‍ നിര്യാതനായ കോപ്റ്റിക് ഓര്‍ത്ത്ഡോക്സ് ചര്‍ച്ച് അധ്യക്ഷന്‍ പോപ് ഷെനൂദ മൂന്നാമന്‍ (88) മത സൌഹാര്‍ദത്തിനുവേണ്ടി നിലകൊണ്ട നേതാവായിരുന്നു. നാലു പതിറ്റാണ്ടുകാലം ഈജിപ്തിലെ ഓര്‍ത്ത്ഡോക്സ് വിഭാഗത്തിനുവേണ്ടി യത്നിച്ച അദ്ദേഹം കോപ്റ്റിക് ചര്‍ച്ചിന്റെ യശസ്സ് ഉയര്‍ത്തുന്നതില്‍ അനിഷേധ്യ പങ്കുവഹിച്ചു. കുറച്ചു വര്‍ഷങ്ങളായി അര്‍ബുദവും കരള്‍ സംബന്ധമായ രോഗവും കാരണം ചികിത്സയിലായിരുന്നുവെങ്കിലും സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരിക്കെ പെട്ടെന്നാണ് മരണം സംഭവിച്ചത്.
1981 ല്‍ മുന്‍ പ്രസിഡന്റ് അന്‍വര്‍ സാദാത്തിന്റെ ഭരണത്തില്‍ കോപ്റ്റിക് വിഭാഗം പീഡിപ്പിക്കപ്പെടുന്നുവെന്ന് പരാതി ഉന്നയിച്ചതിന് അദ്ദേഹത്തെ പ്രസിഡന്റ് വീട്ടുതടങ്കലിലാക്കുകയുണ്ടായി. ഹുസ്നി മുബാറക് അധികാരത്തില്‍ വന്നശേഷം 1985ല്‍ മോചിതനായി. ഹുസ്നി മുബാറക്കുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഷെനൂദ മൂന്നാമന്‍, ഹുസ്നി മുബാറക്കിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കരുതെന്ന് കോപ്റ്റിക് വിഭാഗത്തോട് ആഹ്വാനം നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഹുസ്നി മുബാറക്കിന്റെ പതനത്തിനു ശേഷം നടന്ന ഈജിപ്ഷ്യന്‍ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക പാര്‍ട്ടികള്‍ ഭൂരിപക്ഷം നേടിയത് രാജ്യത്തെ കോപ്റ്റിക് വിഭാഗത്തിന്റെ നിലനില്‍പിനെ പ്രതികൂലമായി ബാധിക്കുമെന്ന മാധ്യമ കുപ്രചാരണങ്ങളെ തിരുത്തുന്നതായിരുന്നു മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളും ഷെനൂദയുമായി തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം പരസ്പരം നടത്തിയ സൌഹൃദ സന്ദര്‍ശനങ്ങളും സംഭാഷണങ്ങളും. ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ 'ഫ്രീഡം ആന്റ് ജസ്റിസ്' പാര്‍ട്ടിയുടെ ആസ്ഥാനം കോപ്റ്റിക് പ്രതിനിധികള്‍ സന്ദര്‍ശിക്കുകയും സഹകരിച്ച് നീങ്ങാന്‍ ധാരണയിലെത്തുകയും ചെയ്തിരുന്നു. 'ഫ്രീഡം ആന്റ് ജസ്റിസ്' പാര്‍ട്ടി ഓഫീസ് സന്ദര്‍ശിച്ച ക്രൈസ്തവ നേതാക്കളെ വളരെ ഹൃദ്യമായി സ്വീകരിച്ച മുസ്ലിം ബ്രദര്‍ഹുഡ് സാരഥികള്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കി. മരിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് പോപ് ഷെനൂദ മൂന്നാമനെ സന്ദര്‍ശിച്ച മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് ഡോ. മുഹമ്മദ് ബദീഅ് അദ്ദേഹവുമായി ദീര്‍ഘ നേരം സംസാരിക്കുകയും സ്നേഹാദരങ്ങള്‍ കൈമാറുകയും ചെയ്തു. ജനുവരി വിപ്ളവം രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ക്ഷേമം പ്രദാനം ചെയ്യുന്നതാകുമെന്നും മുസ്ലിംകളെന്നോ ക്രിസ്ത്യാനികളെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സമാധാനത്തോടെ കഴിയാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും ഉറപ്പു നല്‍കി. അറബ് മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇസ്ലാമിസ്റുകള്‍ അധികാരത്തില്‍ വരുന്നത് ഈജിപ്തിന്റെ ബഹുസ്വരതയെ തകര്‍ക്കുമെന്നും ഇസ്ലാമിക ഭരണ ക്രമം സ്വാതന്ത്യ്രത്തെ ഹനിക്കുമെന്നും മറ്റുമുള്ള അന്ധമായ കുപ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളും കോപ്റ്റിക് വിഭാഗവും കാത്തുസൂക്ഷിക്കുന്ന സുദൃഢമായ വ്യക്തി ബന്ധങ്ങള്‍. ഫലസ്ത്വീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുകയും ഇസ്രയേല്‍ അധിനിവേശ ക്രൂരതകളെ എതിര്‍ക്കുകയും ചെയ്തിരുന്ന ഷെനൂദയുടെ നിര്യാണത്തില്‍ ഹമാസ് നേതാക്കളും അനുശോചനം രേഖപ്പെടുത്തി.


സ്പെയിനില്‍ പരിഷ്ക്കരണങ്ങള്‍ക്കെതിരെ പ്രതിഷേധ പ്രകടനം

സ്പെയിനില്‍ ഈയിടെ ഭരണകൂടം കൊണ്ടുവന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെ രാജ്യത്തെ വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. സ്പെയിനിലെ പ്രധാനപ്പെട്ട 60 ഓളം വിവിധ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന് വേണ്ടത് ഭേദപ്പെട്ട വേതനത്തോടുകൂടിയ തൊഴിലവസരങ്ങളും അഴിമതി നിര്‍മാര്‍ജനവുമാണെന്ന് പൊതു പണിമുടക്ക് പ്രഖ്യാപിച്ച ട്രേഡ് യൂനിയന്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്പെയില്‍ പ്രസിഡന്റ് മാരിയാനോ ഏര്‍പ്പെടുത്തിയതാണ് പുതിയ പരിഷ്ക്കരണങ്ങള്‍. ഇതാദ്യമായി രാജ്യത്ത് തൊഴിലില്ലായ്മ 22 ശതമാനത്തിനു മുകളിലാണ്. 25 വയസിനു താഴെയുള്ളവരില്‍ 48 ശതമാനത്തിലധിവും.
എന്നാല്‍ പുതിയ തൊഴില്‍ പരിഷ്ക്കരണങ്ങള്‍ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ തൊഴിലുടമകളെ സഹായിക്കുന്നതാണെന്ന് ട്രേഡ് യൂനിയന്‍ സംഘടനകള്‍ കുറ്റപ്പെടുത്തി. ഏതാണ്ട് 15 ലക്ഷത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തതായി ട്രേഡ് യൂനിയന്‍ നേതാക്കള്‍ അവകാശപ്പെടുമ്പോള്‍ കേവലം ഒന്നര ലക്ഷത്തോളം പേര്‍ മാത്രമേ സമരം ചെയ്തുള്ളുവെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.



'അസദി'ന്റെ പതനം ആസന്നമെന്ന്
തവക്കല്‍ കിര്‍മാന്‍

സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ അക്രമ ഭരണം ഉടനെ അവസാനിക്കുമെന്നും സിറിയന്‍ ജനതക്ക് സ്വാതന്ത്യ്രം ലഭിക്കുമെന്നും നോബല്‍ സമ്മാന ജേത്രിയും യമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തവക്കല്‍ കിര്‍മാന്‍ പറഞ്ഞു. സിറിയ - തുര്‍ക്കി അതിര്‍ത്തിയില്‍ പതിനയ്യായിരത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ കഴിയുന്ന 'ബോയിനൊ യോഗണ്‍' അഭയാര്‍ഥി കേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു അവര്‍. ബശ്ശാറുല്‍ അസദ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കയറേണ്ടിവരുമെന്നും സിറിയന്‍ രക്തസാക്ഷികളുടെ രക്തത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്നും തവക്കല്‍ കിര്‍മാന്‍ പറഞ്ഞു. യമന്‍ പ്രസിഡന്റായിരുന്ന അലി അബ്ദുല്ല സ്വാലിഹിനേക്കാള്‍ കനത്ത തിരിച്ചടിയാണ് അസദിനെ കാത്തിരിക്കുന്നതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. സിറിയന്‍ ജനതയുടെ സ്വാതന്ത്യ്രം കൊണ്ട് കളിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ലോകത്തെ സമാധാന പ്രേമികളായ എല്ലാവരും സിറിയന്‍ ജനതയുടെ മോചനം ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് അബ്ദുല്ല ഗുല്ലിനേയും പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനേയും തവക്കല്‍ കിര്‍മാന്‍ സന്ദര്‍ശിച്ചു. തുര്‍ക്കി വിദേശകാര്യ മന്ത്രി അഹ്മദ് ദാവൂദ് ഓഗ്ലു കിര്‍മാനിക്ക് തുര്‍ക്കി പൌരത്വം വാഗ്ദാനം ചെയ്തു.
കിര്‍മാന്‍ സന്ദര്‍ശനം കഴിഞ്ഞ് അഭയാര്‍ഥി കേന്ദ്രം വിട്ട ഉടനെ അസദിനുവേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് മൂന്നുപേരെ തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗം അറസ്റ് ചെയ്തു. സിറിയന്‍ സര്‍ക്കാറിന്റെ ചാരക്കണ്ണുകള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ഊരുചുറ്റുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബശ്ശാറുല്‍ അസദിനെ പുറത്താക്കുന്ന കാര്യത്തില്‍ ലോക വന്‍ ശക്തികള്‍ക്കിടയില്‍ കടുത്ത ഭിന്നിപ്പ് നിലനില്‍ക്കുന്നതോടൊപ്പം ഇറാന്‍ ഭരണകൂടത്തിന്റെ പിന്തുണയും സിറിയന്‍ എകാധിപതിക്കുള്ളതുകൊണ്ട് പുറത്താക്കല്‍ എളുപ്പമാകില്ല എന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ സിറിയയില്‍ സ്വാതന്ത്യ്രത്തിന് വേണ്ടി ഇനിയും അനേകം പേര്‍ക്ക് ജീവന്‍ ബലി നല്‍കേണ്ടിവരുമെന്നാണ് വര്‍ത്തമാനകാല സിറിയന്‍ സാഹചര്യം നമ്മെ ബോധ്യപ്പെടുത്തുന്നത്.




കനേഡിയന്‍ കാമ്പസുകളില്‍ ഇസ്ലാം ബോധവല്‍ക്കരണ വാരം

കനഡയിലെ ക്വീന്‍ യൂനിവേഴ്സിറ്റി മുസ്ലിം വിദ്യാര്‍ഥികള്‍ 'സ്നേഹം' (ലൌ) എന്ന തലക്കെട്ടില്‍ ഇസ്ലാം ബോധവല്‍ക്കരണ വാരം നടത്തിയതായി 'ദ ജേര്‍ണല്‍' റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമിനെക്കുറിച്ച് തീരെ അറിയാത്തവരും തെറ്റിദ്ധാരണ വെച്ചുപുലര്‍ത്തുന്നവരുമായ സഹപാഠികള്‍ക്ക് ഇസ്ലാമിനെ അറിയാനുള്ള മാര്‍ഗമായാണ് ബോധവല്‍ക്കരണ വാരം സംഘടിപ്പിച്ചിട്ടുള്ളതെന്ന് ക്വീന്‍ യൂനിവേഴ്സിറ്റി മുസ്ലിം സ്റുഡന്റ്സ് അസോസിയേഷന്‍ (ഝഡങടഅ) ചെയര്‍മാന്‍ അംറ് എവയ്സ് പറഞ്ഞു. യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളുമായി സംവദിക്കുകയും ഇസ്ലാം മതവിശ്വാസം തങ്ങളെ നല്ല മനുഷ്യരാക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന് അവരെ അനുഭവിപ്പിക്കുകയുമാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
32.8 ദശലക്ഷം വരുന്ന കനേഡിയന്‍ ജനസംഖ്യയുടെ 1.9 ശതമാനം മുസ്ലിംകളാണ്. ക്രിസ്തുമത വിശ്വാസികള്‍ കഴിഞ്ഞാല്‍ ഇസ്ലാമാണ് ഏറ്റവുമധികം വിശ്വാസികളുള്ള രണ്ടാമത്തെ മതം. എന്നാല്‍ 9/11 ശേഷം കനേഡിയന്‍ മുസ്ലിംകള്‍ തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥ ഇപ്പോഴും തുടരുന്നതായി അസോസിയേഷന്‍ ഫോര്‍ കനേഡിയന്‍ സ്റഡീസ് (അഇട) പുറത്തുവിട്ട ഒരു സര്‍വേ വ്യക്തമാക്കുന്നു.



കിര്‍ഗിസ്താന്റെ പിന്നാലെ ഉസ്ബക്കും

കിര്‍ഗിസ്താനില്‍ ഹിജാബ് നിരോധിച്ചപ്പോള്‍ അയല്‍ രാഷ്ട്രമായ ഉസ്ബകിസ്താന്‍ ഇസ്ലാമിക രീതിയില്‍ ശരീരം മറക്കുന്ന വസ്ത്രങ്ങളുടെ വില്‍പന തന്നെ നിരോധിച്ചാണ് മതേതരത്തോടുള്ള 'യജമാന ഭക്തി' തെളിയിച്ചത്. ഹിജാബ്, മുടിമറക്കുന്ന രീതിയിലുള്ള ശിരോവസ്ത്രം എന്നിവ നിരോധിച്ചതുമൂലം താഷ്ക്കന്റിലെ മാര്‍ക്കറ്റുകളില്‍ നിന്ന് ഇത്തരം വസ്ത്രങ്ങള്‍ പിന്‍വലിച്ചുതുടങ്ങിയതായി 'യുറോഏഷ്യ നെറ്റ്' റിപ്പോര്‍ട്ട് ചെയ്തു. നിരോധംമൂലം ഇസ്ലാമിക വസ്ത്രങ്ങള്‍ 'പുറം വാതിലിലൂടെ'യാണ് വില്‍പ്പന നടത്തുന്നതെന്ന് താഷ്ക്കന്റിലെ വനിത വ്യവസായിയായ മുതബ്ബര്‍ പറഞ്ഞു. തുര്‍ക്കി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് മുതബ്ബര്‍ ഹിജാബും ശിരോവസ്ത്രങ്ങളും ഇറക്കുമതി ചെയ്യുന്നത്. ഇസ്ലാമിക രീതിയില്‍ ശരീരം മറക്കുന്ന വസ്ത്രങ്ങളുടെ വില്‍പന നിരോധം വാക്കാല്‍ അറിയിച്ചിരിക്കുകയാണെന്ന് കടയുടമകള്‍ പറഞ്ഞു. അധികൃതര്‍ ഷോപ്പുകള്‍ റെയ്ഡ് ചെയ്ത് ഇസ്ലാമിക വസ്ത്രങ്ങള്‍ കണ്ടുകെട്ടുന്നുവെങ്കിലും നിരോധം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
മൂന്നുകോടിയോളം വരുന്ന ഉസ്ബക്ക് ജനസംഖ്യയുടെ 88 ശതമാനം മുസ്ലിംകളാണ്. ഇസ്ലാമിക ചിട്ടകള്‍ പാലിക്കുന്ന മുസ്ലിംകള്‍ ഉസ്ബക്ക് അധികൃതരാല്‍ കടുത്ത പീഡനത്തിന് വിധേയരാകാറുണ്ട്. 'ഭീകരവാദ'ആരോപണം എല്ലാ ക്രൂരതകള്‍ക്കും മറയായി ഉപയോഗിക്കുകയെന്ന തന്ത്രമാണ് ഉസ്ബക്ക് തീവ്ര സെക്യുലര്‍ ഭരണകൂടവും പ്രയോഗിക്കുന്നത്.




ഫലസ്ത്വീനില്‍ അമേരിക്കന്‍ 'കളി'യുടെ
കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്

ഫലസ്ത്വീനില്‍ നിരായുധരായ നിരപരാധികളെ കൊന്നൊടുക്കാനും മറ്റും അമേരിക്ക ചെലവഴിക്കുന്നത് ശതകോടികള്‍. ഇസ്രയേലിനെ ആയുധമണിയിക്കാന്‍ അമേരിക്ക ചെലവിടുന്ന അതേ തുക രാജ്യത്തെ മറ്റു ആവശ്യങ്ങള്‍ക്കായുപയോഗിച്ചാല്‍ മൂന്നര ലക്ഷം താഴ്ന്ന വരുമാനക്കാരായ അമേരിക്കക്കാര്‍ക്ക് താമസ സൌകര്യമൊരുക്കുകയോ അഞ്ച് ലക്ഷം തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ സഹായിക്കുകയോ 24 ദശലക്ഷം പേര്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ലാതെ തന്നെ പ്രാഥമിക ആരോഗ്യ പരിരക്ഷ നല്‍കുകയോ ചെയ്യാമെന്ന് അമേരിക്കയിലെ ഒരു മനുഷ്യാവകാശ ഫോറം പുറത്തിറക്കിയ 'പോളിസി പേപ്പര്‍'വ്യക്തമാക്കുന്നു. അനിയന്ത്രിതമായി തുടരുന്ന ഇസ്രയേലിനുള്ള അമേരിക്കന്‍ സഹായം പുനരാലോചനക്ക് വിധേയമാക്കണമെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ മേധാവിയും 'പോളിസി പേപ്പര്‍' കര്‍ത്താവുമായ ജോഷ് റബ്നര്‍ പറഞ്ഞു. അമേരിക്കന്‍ വിദേശ നയത്തിന്റെ ഭാഗമായ 'ഇസ്രയേല്‍ കുടിയേറ്റ വ്യാപനം തടയുക', 'സായുധ അധിനിവേശം അവസാനിപ്പിക്കുക', 'ഫലസ്ത്വീനുമായി നീതിയിലധിഷ്ഠിതവും സുസ്ഥിരവുമായ സമാധാന കരാറുണ്ടാക്കുക' തുടങ്ങിയ നയങ്ങള്‍ക്കെതിരാണിതെന്നും ജോഷ് റബ്നര്‍ പറഞ്ഞു.
2000നും 2009നുമിടക്ക് അമേരിക്ക ഇസ്രയേലിന് കൈമാറിയ ബോംബും ബുള്ളറ്റുകളുമടക്കമുള്ള നശീകരണായുധങ്ങള്‍ക്ക് 670 ദശലക്ഷം ഡോളര്‍ വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ കാലയളവില്‍ ഇസ്രയേല്‍ കൊന്നൊടുക്കിയത് 2696 നിരായുധരായ ഫലസ്ത്വീനികളെയാണ്.
ഇതേ കാലയളവില്‍ അമേരിക്കന്‍ സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇസ്രയേലി പട്ടാളത്തിന് 595000 ടിയര്‍ ഗ്യാസ് കാനിസ്ററുകളും മറ്റു 'കലാപം നിന്ത്രിക്കാനുള്ള' ആയുധങ്ങളും കയറ്റുമതിക്കായി അനുമതി നല്‍കി. 20 ദശലക്ഷത്തിലേറെ ഡോളര്‍ വില വരുന്ന പ്രസ്തുത ആയുധങ്ങളും അമേരിക്കന്‍ നികുതി ദായകരുടെ ചെലവിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.




Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം