Prabodhanm Weekly

Pages

Search

2012 മാര്‍ച്ച് 31

പ്രസ്ഥാനം കുറ്റ്യാടിയില്‍

ടി.കെ അബ്ദുല്ല / സദ്റുദ്ദീന്‍ വാഴക്കാട്

കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും ജമാഅത്തെ ഇസ്ലാമി എന്ന ഇസ്ലാമിക പ്രസ്ഥാനം കടന്നുവന്നത് അതിന്റെ സ്വാഭാവിക പ്രവര്‍ത്തന രീതികളിലൂടെയല്ല. അസാധാരണ രീതിയിലും പ്രത്യേക സാഹചര്യത്തിലുമാണ്. ഈ അസാധാരണത്വവും പ്രത്യേകതയുമാണ് ഇവിടെ ചര്‍ച്ചാ വിഷയമാകുന്നത്.
വടകരയില്‍നിന്ന് 26 കി.മീ കിഴക്ക് മാറി കുറ്റ്യാടി ചുരങ്ങളുടെ താഴ്വാരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ പ്രദേശമാണ് കുറ്റ്യാടി. വയനാടന്‍ മലകളില്‍നിന്ന് ആര്‍ത്തലച്ച് വരുന്ന രണ്ട് പുഴകള്‍, പ്രകൃതി രമണീയമായ കുറ്റ്യാടി കൊയ്ലോത്തും കടവത്ത് സംഗമിച്ച് കോരപ്പുഴ കടന്ന് കടലമ്മയില്‍ ലയിച്ച് ചേരുന്നു. പഴശ്ശിരാജയുടെയും ടിപ്പുസുല്‍ത്താന്റെയും പാദസ്പര്‍ശം ഏറ്റുവാങ്ങിയ ഭൂപ്രദേശമെന്ന പ്രശസ്തിയും കുറ്റ്യാടിക്ക് അവകാശപ്പെട്ടതാണ്. പഴശ്ശിരാജ കോട്ടക്ക് 'കുറ്റി അടിച്ച'തിന്റെ സ്മരണയിലാണത്രെ കുറ്റ്യാടിയെന്ന പേര് വന്നത്. കുറ്റ്യാടി മഹല്ല് ജുമാ മസ്ജിദിനും ശ്മശാനത്തിനും സ്ഥലം കല്‍പിച്ചനുവദിച്ചതും പഴശ്ശിരാജയാണെന്ന് ഐതിഹ്യം.
കുറ്റ്യാടി മലയോരങ്ങള്‍ മുക്കാല്‍ നൂറ്റാണ്ട് മുമ്പുവരെ ഈട്ടി, തേക്ക്, ഇരുള്‍, ആഞ്ഞിലം, ഇരുമ്പകം, വെണ്ടേക്ക്, വെള്ളകില്‍ തുടങ്ങി മുന്തിയ ജനുസില്‍ പെട്ട വന്‍മരങ്ങള്‍ ഇടതൂര്‍ന്ന് വളര്‍ന്ന വനംപ്രദേശങ്ങളായിരുന്നു. ആയിരക്കണക്കിന് ഏക്കറുകളില്‍ പടര്‍ന്നു പന്തലിച്ചുനിന്ന സര്‍കാര്‍ ഫോറസ്റില്‍നിന്നും സ്വകാര്യ വനഭൂമികളില്‍ നിന്നും നിശ്ചിത വ്യവസ്ഥയില്‍ തടിമരങ്ങള്‍ അറുത്തെടുത്ത് കമ്പോളത്തില്‍ വില്‍പന നടത്തുന്നതിന് അക്കാലത്ത് നിരോധനമില്ലായിരുന്നു. ക്ളിയര്‍ ഫെല്ലിംഗ്, സെലക്ഷന്‍ ഫെല്ലിംഗ് എന്നീ രണ്ട് വിധമായിരുന്നു മരംമുറി. ബ്രിട്ടീഷ് ഭരണകാലത്തെന്നപോലെ സ്വാതന്ത്യ്രത്തിന്റെ ആദ്യ ദശകങ്ങളിലും ഈ സ്ഥിതി തുടര്‍ന്നു. നിശ്ചിത സംഖ്യ കെട്ടിവെച്ച്, കൂപ്പുകള്‍ ലേലത്തില്‍ പിടിച്ച്, തടിമുറിക്കച്ചവടം നടത്താന്‍ കാശും സാമര്‍ഥ്യവുമുള്ള ആര്‍ക്കും അവസരമുണ്ടായിരുന്നു. മരങ്ങള്‍ അനധികൃതമായി വെട്ടിമാറ്റുന്നത് നോക്കാന്‍ ഫോറസ്റര്‍മാരും കീഴ് ജീവനക്കാരുമുണ്ടാകും. അതൊക്കെ, പക്ഷേ, ഒരു ഒത്തുകളിയാണ്. 2 ജി സ്പെക്ട്രം പോലെയോ യദിയൂരപ്പ ഭൂമി കുംഭകോണം പോലെയോ അത്ര വലുതൊന്നുമല്ലെങ്കിലും അഴിമതി എക്കാലത്തും അധികാരത്തിന്റെ കൂടപ്പിറപ്പാണല്ലോ.
കൂപ്പ് ലേലത്തില്‍ വെട്ടിയെടുക്കുന്ന മരത്തടികള്‍ ലോറി എത്തുന്നേടത്ത് ലോറിവഴിയും അതിനപ്പുറത്ത് ആനകളെകൊണ്ട് വലിപ്പിച്ചും പുഴക്കരകളിലെത്തിക്കുന്നു. കോട്ടക്കല്‍ സ്വദേശിയായ താമത്ത് സൂപ്പി എന്നയാള്‍ നൂറോളം ആനകളും നൂറുകണക്കില്‍ തൊഴിലാളികളുമായി കുറ്റ്യാടിയില്‍ വന്‍ മരത്തടിക്കച്ചവടം നടത്തിയ സംഭവം കെ. മൊയ്തുമൌലവി രേഖപ്പെടുത്തിയിട്ടുണ്ട്. (ഓര്‍മകളിലെ കുറ്റ്യാടി. പേ: 104). അധികവും പുഴമാര്‍ഗമാണ് തടികള്‍, ആന്തലും പൊന്തലും, ചങ്ങാടം പോലെ കെട്ടി കോഴിക്കോട് കല്ലായി കമ്പോളത്തിലെത്തിക്കുന്നത്. ലോക പ്രസിദ്ധിയുള്ള വന്‍ തടിമരക്കമ്പോളമായിരുന്നു അക്കാലത്ത് കല്ലായ്. കമ്പോളത്തിലെത്തിയ മരത്തടികള്‍ ഈര്‍ച്ചമില്ലുടമകളും വിദേശ കയറ്റുമതിക്കാരും കച്ചവടമുറപ്പിക്കുന്നു. ജനങ്ങളും ജനനായകന്മാരും ബോധവാന്മാരല്ലാതിരുന്ന കാലത്ത് നമ്മുടെ വനവും വനസമ്പത്തും വിറ്റ് കാശാക്കിയ ഇതേ 'ബുദ്ധി സാമര്‍ഥ്യ'മാണ് ഇപ്പോള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മലേഷ്യ മുതലായ വിദേശ രാജ്യങ്ങളിലും ആഘോഷിക്കുന്നതെന്ന് തോന്നുന്നു. നിലമ്പൂര്‍ കാടുകളിലേക്ക് ബ്രിട്ടീഷ് സായിപ്പ് റെയില്‍പാത വെട്ടിയതും വിദേശത്തേക്ക് തടിക്കയറ്റുമതി ലക്ഷ്യമിട്ടാകണം. മരവും കാടും വെട്ടി വെളുപ്പിച്ച കന്യാവനങ്ങളില്‍ തുടര്‍ന്ന് തെങ്ങുള്‍പ്പെടെയുള്ള നാണ്യവിള കൃഷികളായിരുന്നു. ഇന്നിപ്പോള്‍ ആ പ്രതാപകാലവും പൊലിഞ്ഞു.
കുറ്റ്യാടിയുടെ സാംസ്കാരീകരണം ഓര്‍ക്കുമ്പോള്‍, മര്‍ഹൂം എം. അബ്ദുല്ലക്കുട്ടി മൌലവിയില്‍നിന്ന് തുടങ്ങി അദ്ദേഹത്തിലൂടെ വളര്‍ന്നതാണ് പ്രദേശത്തിന്റെ പൂര്‍വകാല മുസ്ലിം ചരിത്രം. മലബാര്‍ കലാപത്തെ തുടര്‍ന്നാണ് വാഴക്കാട് സ്വദേശിയായ മുസ്ലിയാരകത്ത് അബ്ദല്ലക്കുട്ടി മൌലവി വടക്കേ മലബാറിലേക്ക് താമസം മാറാന്‍ ഇടയായത്. ബ്രിട്ടീഷ് വിരുദ്ധ കലാപത്തെ പിന്തുണച്ച് പ്രസംഗിച്ച ധീരനായ മൌലവിയെ കണ്ടാല്‍ വെടിവെച്ചു കൊല്ലാന്‍ സര്‍ക്കാര്‍ കല്‍പനയുണ്ടായിരുന്നുവത്രെ. ഈ സാഹചര്യത്തില്‍ മൌലവി വളപട്ടണത്തേക്ക് സ്ഥലം മാറുകയായിരുന്നു. അവിടെനിന്ന് കോഴിക്കോട്ടും മറ്റുമുള്ള അഭ്യുദയകാംക്ഷികളും കുറ്റ്യാടിയിലെ മുക്കത്ത് മൊയ്തീന്‍ഹാജിയും ചേര്‍ന്ന് മൌലവിയെ കുറ്റ്യാടിയിലേക്ക് ക്ഷണിച്ച് കൊണ്ടുവരികയായിരുന്നു.
മറ്റേത് പ്രദേശത്തെയും പോലെ കുറ്റ്യാടി മേഖലയിലെ മുസ്ലിംകളും അന്ധവിശ്വാസാനാചാരങ്ങളില്‍ ആണ്ടുകിടന്ന കാലമായിരുന്നു അത്. ഉല്‍പതിഷ്ണുവായ മൌലവി സാഹിബും അദ്ദേഹത്തിന്റെ കരുത്തരായ യുവ ശിഷ്യഗണവും, നാടിനെ മൂടിയ അന്ധകാരത്തിനെതിരെ നടത്തിയ പോരാട്ടം ഈ മേഖലയുടെ രോമാഞ്ചജനകമായ ഒരു അധ്യായമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തൂത്തുമാറ്റുന്നതില്‍ ആദ്യകാല ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ ത്യാഗോജ്വലമായ ഏടുകളില്‍ ഒന്നാണ് ഇതും. മതപരിഷ്കരണ രംഗത്തെന്നതുപോലെ കുറ്റ്യാടിയുടെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിലും മൌലവിയുടെ സംഭാവനകള്‍ വിലപ്പെട്ടതാണ്. കുറ്റ്യാടി എം.ഐ.യു.പി സ്കൂളിന്റെ സ്ഥാപനം, മൌലവിയുടെ കാര്‍മികത്വത്തിലാണ് നടന്നത്. പില്‍കാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ 'അല്‍ മദ്റസതുല്‍ ഇസ്ലാമിയ്യ' ഇസ്ലാമിയാ കോളേജായി വളര്‍ന്ന സംരംഭത്തിലും മൌലവിയുടെ പൂര്‍ണ സഹകരണവും പിന്തുണയും ഉണ്ടായിരുന്നു. സ്ഥാപനത്തിലെ ആദ്യകാല അധ്യാപകരില്‍ പ്രമുഖന്‍ അബ്ദുല്ലക്കുട്ടി മൌലവിയായിരുന്നു. കുറ്റ്യാടി ഹൈസ്കൂള്‍ ഉള്‍പ്പെടെ മേഖലയിലെ എല്ലാ പുരോഗമന സംരംഭങ്ങളിലും മൌലവി സാഹിബിന്റെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്.
അവസാന കാലത്ത് ശയ്യാവലംബിയായപ്പോള്‍ അര്‍ഹമായ ആദരവും പരിഗണനയും നല്‍കാന്‍ ശിഷ്യഗണങ്ങള്‍ക്കും പ്രസ്ഥാനത്തിനും നാട്ടുകാര്‍ക്കും വേണ്ടവിധത്തില്‍ കഴിയാതെ പോയോ എന്ന് തോന്നാം.
സലഫിസത്തിന്റെ ത്യാഗോജ്വലമായ ഭൂതകാലം അനുസ്മരിക്കുമ്പോഴും, സമീപനം നിഷേധാത്മകമായിരുന്നു എന്ന ഒരു പരിമിതി പണ്ടുമുതല്‍ക്കേ സലഫി രീതിയിലുള്ള പരിഷ്കരണ സംരംഭങ്ങള്‍ക്കുണ്ടായിരുന്നു എന്ന് സമ്മതിക്കേണ്ടിവരും. വിശ്വാസപരവും ആചാരപരവുമായ മേഖലക്കപ്പുറത്ത് പരിഷ്കരണം കടന്നു ചെന്നില്ല എന്നത് വലിയ പോരായ്മയായിരുന്നു. ജീവിതത്തിന്റെ മിക്ക വശങ്ങളിലും ദീനുല്‍ ഇസ്ലാമിന്റെ ചിട്ടവട്ടങ്ങളില്‍നിന്ന് അകന്ന് കഴിയുന്ന മുസ്ലിം സമൂഹത്തെ, കര്‍മപരമായും ധാര്‍മികമായും ഇസ്ലാമികവല്‍ക്കരിക്കുക എന്ന ദൌത്യം പൂര്‍ത്തീകരിക്കപ്പെടാതെ കിടന്നു. വിശദീകരണം ഒഴിവാക്കി, നേരമ്പോക്കുള്ള ഒരു സംഭവകഥയിലൂടെ ഇത് മനസിലാക്കുന്നതാണെളുപ്പം. പഴയ കഥയാണ്. പറഞ്ഞത് കെ.എസ് കുഞ്ഞബ്ദുല്ല ഹാജി. കുറ്റ്യാടി അങ്ങാടിയില്‍ ഒരു മതപ്രഭാഷണ-വഅ്ള്-പരമ്പര നടക്കുന്നു. പ്രതീക്ഷിച്ച പോലെ ആള്‍കൂട്ടമില്ല. സദസ് വളരെ ശുഷ്കം. നാട്ടുകാരണവര്‍ കുഞ്ഞിത്തറുവായ്ക്ക ഉള്‍പ്പെടെ ഭാരവാഹികള്‍ വളരെ അസ്വസ്ഥര്‍. സംഗതി അന്വേഷിച്ചപ്പോഴല്ലേ മനസിലായത്, നടോല്‍ തിറഉത്സവം നടക്കുന്നു. മാപ്പിളമാരധികവും അവിടെയാണ്. എന്തുകൊണ്ടെന്നല്ലേ, 'നമ്മുടെ' വകയാണ് ചട്ടികളി; (ചീട്ടുകളിയുടെ ഒരു പ്രാദേശിക രൂപം). ഭാരവാഹികള്‍ക്ക് കാര്യം ബോധ്യമായി. പരിഹാരം ആലോചിക്കുന്നതിനിടയില്‍ 'പ്രായോഗികമായ' ഒരു നിര്‍ദേശം വന്നുവത്രെ. അവന്‍മാരോട് ചട്ടി ഇങ്ങോട്ട്, വഅ്ളിന്റെ മജ്ലിസിലേക്ക് എടുക്കാന്‍ പറയാം: ആള്‍ക്കൂട്ടവും ഇങ്ങോട്ട് നീങ്ങിക്കൊള്ളും. ചട്ടികളിക്കുന്നവര്‍ ചട്ടികളിക്കട്ടെ, വഅ്ള് കേള്‍ക്കുന്നവര്‍ വഅള് കേള്‍ക്കട്ടെ.' ഒരു ജനതയുടെ മതബോധത്തെപറ്റി മനസിലാക്കേണ്ടതെല്ലാം ഇതില്‍നിന്ന് മനസിലാകുന്നുണ്ട്. ജുമുഅ നമസ്കാരത്തിനു നാല്‍പതാള്‍ തികയാതെ വന്നത്കൊണ്ട് മുക്റിക്ക അങ്ങാടിയില്‍വന്ന് ആളെ വിളിച്ചപ്പോള്‍, ഇക്കാ അങ്ങോട്ട് പോയിട്ടുണ്ടെന്ന് മറുപടി കിട്ടിയതിന്റെ പോരിശയും കുറ്റ്യാടിക്ക് അവകാശപ്പെട്ടതാണ്. ശരിയല്ലേ, രണ്ടാളും പള്ളീല്‍ പോയാല്‍ കടപൂട്ടേണ്ടിവരുമല്ലോ!
ഇവിടെയാണ് ജമാഅത്തെ ഇസ്ലാമിയുടെ രംഗപ്രവേശം. ജീവിതത്തെ കഴിയാവുന്നത്ര ഇസ്ലാമീകരിക്കുക, മുഴു ജീവിതത്തിനും വേണ്ടിയുള്ളതാണ് ഇസ്ലാം എന്ന ബോധം സമുദായത്തില്‍ ശക്തിയായി വളര്‍ത്തിയെടുക്കുക എന്ന സന്ദേശവുമായി ഈ ശൂന്യതയിലേക്കാണ് ജമാഅത്ത് കുറ്റ്യാടിയിലെത്തുന്നത്. എന്നാല്‍ ഇതിലുമുണ്ട് ഒരു യാദൃഛികത. പ്രദേശത്തെ പ്രമുഖ മരത്തടി വ്യാപാരികളും തൊഴിലാളികളും തൊഴില്‍-വാണിജ്യാവശ്യങ്ങള്‍ക്കായി കോഴിക്കോട്ട് സ്ഥിരം സന്ദര്‍ശകരാണ്. അവരില്‍ മിക്കപേരും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മലയാളത്തില്‍ ഖുത്വ്ബയുള്ള പട്ടാളപള്ളിയിലാണ് പോവുക. ആയിടെ പട്ടാളപള്ളിയില്‍ പുതിയൊരു ഖത്വീബ് വന്നു. അദ്ദേഹത്തിന്റെ ഖുത്വ്ബ ശ്രോതാക്കളെ പിടിച്ചിരുത്തി. ഉള്ളില്‍ തട്ടുന്ന എന്തോ ഒരു ശക്തി അതിലുള്ളതായി അവര്‍ക്ക് അനുഭവപ്പെട്ടു. ജുമുഅക്ക് ശേഷം കുറ്റ്യാടി സുഹൃത്തുക്കള്‍ ഖത്വീബിനെ കണ്ട് സംസാരിക്കുക പതിവായി. ഇതിനിടെയാണ് അവര്‍ക്ക് ബോധ്യമാവുന്നത്, ഹാജി വി.പി മുഹമ്മദലി സാഹിബാണ് ഖത്വീബെന്നും ജമാഅത്തെ ഇസ്ലാമിയെന്ന പുതിയ പ്രസ്ഥാനത്തിന്റെ അമീര്‍ അദ്ദേഹമാണെന്നുമൊക്കെ. പരിചയം ഒരാത്മ ബന്ധമായി വളര്‍ന്നു. അറിഞ്ഞ കാര്യങ്ങളെല്ലാം അബ്ദുല്ലക്കുട്ടി മൌലവിയുടെ ശിഷ്യന്മാരായ അവര്‍ ഗുരുവര്യനെ അറിയിച്ചുകൊണ്ടുമിരുന്നു. എങ്കില്‍, നമുക്ക് ഹാജിസാഹിബിനെ കുറ്റ്യാടിയിലേക്ക് ക്ഷണിക്കണമെന്നും മൌലവിയും ശിഷ്യഗണങ്ങളും ധാരണയായി. ഈ ക്ഷണം സ്വീകരിച്ചാണ്, ഹാജി വി.പി മുഹമ്മദലി സാഹിബ് കുറ്റ്യാടി സന്ദര്‍ശിക്കാന്‍ സന്ദര്‍ഭമുണ്ടാകുന്നത്. സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ തന്നെ മറ്റൊരു സംഭവവും യാദൃഛികമായി ഉണ്ടായി.
പ്രമുഖ ജന്മിയും ആയിരക്കണക്കില്‍ ഏക്കര്‍ മലവാരങ്ങളുടെ ഉടമയുമായ മുക്കത്ത് മൊയ്തീന്‍ ഹാജിയുടെ വീരപുത്രന്‍ മുക്കത്ത് ആലിക്കുട്ടി സാഹിബ് കുറ്റ്യാടി മേഖലയിലെ കിരീടം വെക്കാത്ത രാജാവായിരുന്നു. അദ്ദേഹത്തിന്റെ വാക്കിന് എതിര്‍വാക്കുണ്ടായിരുന്നില്ല. മുഖാമുഖം സംസാരിക്കാന്‍ ധൈര്യപ്പെടുന്നവര്‍ തന്നെ വിരളം. അത്രക്ക് ശൂരത്വം സ്ഫുരിക്കുന്നതായിരുന്നു ആ മുഖഭാവം. ആലിക്കുട്ടി സാഹിബിന്റെ ഒരു പതിവ് ഹോബിയാണ്, പുതിയ മൌലവി-മുസ്ലിയാന്‍മാര്‍ ആരെങ്കിലും സ്ഥലത്ത് വന്നിറങ്ങിയാല്‍ അവരെ ക്ഷണിച്ചുവരുത്തി- അഥവാ അവര്‍ ചെന്നു കണ്ട്- വര്‍ത്തമാനം പറയുകയെന്നത്. തര്‍ക്കുത്തരങ്ങളും കുടുക്ക് മസ്അലകളും ആവശ്യത്തിന് പരിഹാസവുമൊക്കെ കലര്‍ന്നതായിരിക്കും അദ്ദേഹത്തിന്റെ വര്‍ത്തമാനരീതി. പാവം മൌലവി/മുസ്ലിയാന്മാര്‍ ചൂളിപ്പോകും! നാക്കില്‍ വെള്ളം വറ്റും. അവസാനം ഒരു കൈമടക്കും കൊടുത്ത് മതപണ്ഡിതനെ യാത്രയയക്കുകയും ചെയ്യും. നവാഗതനായ ഹാജി സാഹിബിനെ കുറിച്ചും വേറിട്ടൊരു ചിത്രം ആലിക്കുട്ടി സാഹിബിന്റെ മുമ്പിലുണ്ടായിരുന്നില്ല. അദ്ദേഹം പതിവായി ഇരിക്കുന്ന കെട്ടിടത്തിലേക്ക് ഹാജി സാഹിബ് ക്ഷണിക്കപ്പെട്ടു. ക്ഷണം താല്‍പര്യപൂര്‍വം സ്വീകരിക്കപ്പെടുകയും ചെയ്തു. വേണ്ടപ്പെട്ടവരും നാട്ടുപ്രധാനികളും ജിജ്ഞാസുക്കളുമായി ഹാളിന് അകത്തും പുറത്തും ശ്രോതാക്കളുടെ നല്ലൊരു കൂട്ടം ഉണ്ടായിരുന്നു. ചോദ്യങ്ങള്‍ക്ക് ഹാജി സാഹിബ് ഉത്തരം പറയുന്ന രീതി മുമ്പ് സൂചിപ്പിച്ചിരുന്നതാണല്ലോ. ആലിക്കുട്ടി സാഹിബിന്റെ എല്ലാ സങ്കല്‍പങ്ങള്‍ക്കും അപ്പുറത്തായിരുന്നു ഹാജിസാഹിബിന്റെ തന്റേടവും കുറിക്ക് കൊള്ളുന്ന മറുപടികളും. 'ഇത് ഞാന്‍ വിചാരിച്ച മൌലവിയൊന്നുമല്ല' എന്ന ബോധ്യം ആലിക്കുട്ടി സാഹിബിന് ഉണ്ടാകാന്‍ അധികം വൈകിയില്ല. അദ്ദേഹം കൂടുതല്‍ തളരാതെ സംഭാഷണം എങ്ങനെയും മതിയാക്കണമെന്നായി അബ്ദുല്ലകുട്ടി മൌലവിക്കും മധ്യസ്ഥന്മാര്‍ക്കും. നമസ്കാരത്തിന്റെയും ഭക്ഷണത്തിന്റെയും കാരണം പറഞ്ഞ് സംഭാഷണം തല്‍ക്കാലം നിര്‍ത്തിവെക്കാമെന്നായി. പിന്നീടത് തുടര്‍ന്നില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഈ സംഭവം ആലിക്കുട്ടി സാഹിബിന്റെ കുറ്റ്യാടി നാടിനെ സംബന്ധിച്ച് അവിശ്വസനീയവും ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളതുമായിരുന്നു. ഇത്ര ധീരനും ചടുല വാഗ്മിയുമായ ഒരു മതമൌലവിയെ ആദ്യമായാണ് അവര്‍ കാണുന്നത്. ഇലക്ട്രോണിക് മീഡിയകളൊന്നുമില്ലാതിരുന്നിട്ടും വാര്‍ത്ത ചുറ്റുവട്ടങ്ങളിലൊക്കെയും അതിവേഗം പരന്നെത്തി. ഇതും, പട്ടാളപള്ളി ഖുത്വ്ബയും ഒത്തു ചേര്‍ന്നതോടെ കുറ്റ്യാടിയുടെ മനസും മനസാക്ഷിയും ഹാജി സാഹിബിനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും സ്വയമേ കീഴ്പ്പെടുകയായിരുന്നു. രണ്ട് സംഭവങ്ങളിലും സ്ഥലത്തെ പ്രധാനികളും പ്രമുഖ കുടുംബാംഗങ്ങളും മുന്‍പന്തിയിലുണ്ടായിരുന്നതിനാല്‍ ജനങ്ങളില്‍ നല്ലൊരു വിഭാഗം കൂട്ടത്തോടെ പ്രസ്ഥാനത്തില്‍ ആകൃഷ്ടരായി. കമ്യൂണിസ്റ് ആശയഗതിക്കാരായ എം. മൂസ്സ മാസ്റര്‍, ടി.പി അബ്ദുല്ല മാസ്റര്‍ മുതല്‍ പേരും കൂട്ടത്തിലുണ്ടായിരുന്നു. മൂര്‍ച്ചയുള്ള പ്രസംഗശൈലിയുടെ ഉടമയായിരുന്നു മൂസ മാസ്റര്‍.
1950കളുടെ ആദ്യത്തില്‍ നടന്ന ഈ സംഭവം നേരില്‍ കണ്ട ഒരാളേ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളൂ. 90 പിന്നിടുന്ന ജനാബ് കൂരി സൂപ്പി. സ്ഥലത്തെ സാമൂഹിക വിഷയങ്ങളില്‍ തല്‍പരനായ സൂപ്പി സാഹിബ് എല്ലാ പ്രധാന പരിപാടികളിലും- പ്രത്യേകിച്ച് ജമാഅത്ത് പരിപാടികളില്‍- മുന്‍നിരയില്‍തന്നെ ഉണ്ടാകും. സാധാരണക്കാരനാണെങ്കിലും പരിപാടികളെയും പ്രസംഗങ്ങളെയും കുറിച്ച് ചോദിച്ചാല്‍ മണിമണിയായി മറുപടി കിട്ടും. എന്നാല്‍ പ്രായത്തിന്റെ പ്രാരാബ്ധങ്ങളും മറവിയും സൂപ്പി സാഹിബിനെയും ബാധിച്ചുകഴിഞ്ഞു. ഹാജി സാഹിബ്-ആലിക്കുട്ടി സാഹിബ് സംവാദത്തിന്റെ വിശദാംശങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഇപ്പോള്‍ അദ്ദേഹത്തിനു പറ്റുന്നില്ല. ഒടുവിലത്തെ ഒരു ചോദ്യോത്തരം മാത്രം ഒരുവിധം ഓര്‍മയില്‍നിന്ന് തപ്പിയെടുക്കുന്നു. അതിപ്രകാരം:
ആലിക്കുട്ടി സാഹിബ്: അവസാന നാളില്‍ അല്ലാഹു ഒഴികെ എല്ലാം നശിച്ചു പോകും എന്നുണ്ടല്ലോ. ഖുര്‍ആനും നശിച്ചുപോകുമോ മൌലവി സാഹിബേ?
ഹാജി സാഹിബ്: കടലാസും മഷിയും നശിച്ചുപോകും. ഖുര്‍ആന്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടും.'' ഞാന്‍ മുസ്ലിമല്ലേ എന്ന് ചോദിച്ചപ്പോള്‍, അല്ലാഹുവും റസൂലും കല്‍പിച്ചത് പ്രകാരം നടന്നില്ലെങ്കില്‍ താങ്കളും മുസ്ലിമല്ല എന്ന മറുപടി ആലിക്കുട്ടി സാഹിബിനെ ഞെട്ടിച്ചു കളഞ്ഞുവത്രെ!
ഞാനുമായുള്ള വര്‍ത്തമാന മധ്യേ സൂപ്പി സാഹിബിന്റെ കമന്റ്: "നടന്നു തീരാത്ത വഴികളില്‍ പറഞ്ഞുതീരാത്ത കഥകള്‍ പലതും ഉണ്ടായിരുന്നു. വൈകിപ്പോയി.'' കൂട്ടത്തില്‍ 90 കാരനായ ഈ 'സാധാരണക്കാര'ന്റെ ഒരു 'രാഷ്ട്രീയ ദാര്‍ശനിക' വിലയിരുത്തല്‍ എന്നെ അല്‍പം ചിന്താകുലനാക്കി. അദ്ദേഹം പറഞ്ഞു: മൌദൂദി സാഹിബിന്റെ പ്രസ്ഥാനം പതിനഞ്ച് കൊല്ലം മുമ്പേ (1925ല്‍) ആരംഭിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ പാകിസ്താന്‍ വാദം തലപൊക്കുമായിരുന്നില്ല. പാകിസ്താന്‍ അവര്‍ക്കോ നമുക്കോ ഒരു ഗുണവും ചെയ്തില്ല.''
(തുടരും)
[email protected]



Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം